വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘മരിക്കുംമുമ്പ്‌ എനിക്കു ദൈവത്തെ സേവിക്കണം’

‘മരിക്കുംമുമ്പ്‌ എനിക്കു ദൈവത്തെ സേവിക്കണം’

‘മരിക്കും​മുമ്പ്‌ എനിക്കു ദൈവത്തെ സേവി​ക്കണം’

മാമി ഫ്രീയു​ടെ കഥ

ലൈബീ​രി​യ​യിൽ 1990-ൽ ആഭ്യന്തര യുദ്ധം പൊട്ടി​പ്പു​റ​പ്പെട്ടു. പോരാ​ട്ടം ശക്തി​പ്പെ​ട്ട​തോ​ടെ ക്രാൻ ഗോ​ത്ര​ക്കാ​രി​യായ 12 വയസ്സു​കാ​രി മാമി​യും അവളുടെ കുടും​ബ​വും തലസ്ഥാ​ന​മായ മൊൺറോ​വി​യ​യി​ലുള്ള അവരുടെ വീട്ടിൽ കുടു​ങ്ങി​പ്പോ​യി. മാമി പറയുന്നു: “അടുത്ത വീട്ടിൽ ഒരു സ്‌ഫോ​ടനം കേട്ടു. അവിടെ ഒരു മിസൈൽ പതിച്ച്‌ വീട്‌ കത്തിയ​മ​രു​ന്ന​താ​ണു ഞങ്ങൾ കണ്ടത്‌. തീ ഞങ്ങളുടെ വീട്ടി​ലേ​ക്കും പടർന്ന്‌ ആളിക്ക​ത്താൻ തുടങ്ങി.” പുറത്ത്‌ പൊരിഞ്ഞ പോരാ​ട്ടം നടക്കു​ക​യാ​യി​രു​ന്നു. അതിനി​ട​യി​ലൂ​ടെ മാമി​യും അവളുടെ അമ്മയും അമ്മയുടെ ഇളയ സഹോ​ദ​ര​നും പ്രാണ​ര​ക്ഷാർഥം ഓടി.

“പെട്ടെന്ന്‌ എന്റെ ശരീര​ത്തിൽ എന്തോ തറച്ചു​ക​യറി,” മാമി ഓർമി​ക്കു​ന്നു.

“‘എന്തുപറ്റി?’ എന്ന്‌ അമ്മ അപ്പോൾ ചോദി​ച്ചു”.

“എന്തോ എന്റെ ശരീര​ത്തിൽ തുളച്ചു​ക​യറി! ഒരു വെടി​യു​ണ്ട​യാ​ണെന്നു തോന്നു​ന്നു,” ഞാൻ പറഞ്ഞു.

വേദന​കൊ​ണ്ടു പുളഞ്ഞ മാമി നിലത്തു​വീ​ണു. അവൾ ഇങ്ങനെ പ്രാർഥി​ച്ചു: “ദൈവമേ, എന്റെ പ്രാർഥന കേൾക്കേ​ണമേ. ഞാൻ മരിക്കാൻ പോകു​ക​യാ​ണെന്നു തോന്നു​ന്നു, പക്ഷേ മരിക്കു​ന്ന​തി​നു​മുമ്പ്‌ എനിക്ക്‌ അങ്ങയെ സേവി​ക്കണം.” അതിനു​ശേഷം അവളുടെ ബോധം മറഞ്ഞു.

മാമി മരി​ച്ചെന്നു കരുതിയ അയൽക്കാർ അവളെ അടുത്തുള്ള കടലോ​രത്ത്‌ സംസ്‌ക​രി​ക്കാൻ ശ്രമിച്ചു. എന്നാൽ അവളെ സമീപ​ത്തുള്ള ആശുപ​ത്രി​യിൽ കൊണ്ടു​പോ​ക​ണ​മെന്ന്‌ അവളുടെ അമ്മ ശഠിച്ചു. സങ്കടക​ര​മെന്നു പറയട്ടെ, ആശുപ​ത്രി​യി​ലേക്കു പ്രവഹി​ച്ചു​കൊ​ണ്ടി​രുന്ന മുറി​വേറ്റ സ്‌ത്രീ​പു​രു​ഷ​ന്മാർക്കും കുട്ടി​കൾക്കും ആവശ്യ​മായ വൈദ്യ​സ​ഹാ​യം നൽകാൻ തക്കവണ്ണം സുസജ്ജ​മാ​യി​രു​ന്നില്ല ആശുപ​ത്രി. മാമി​യു​ടെ അമ്മാവ​നും മുറി​വേ​റ്റി​രു​ന്നു, അദ്ദേഹം ആ രാത്രി മരിച്ചു, എന്നാൽ മാമി രക്ഷപ്പെട്ടു, പക്ഷേ അവളുടെ അരയ്‌ക്കു കീഴ്‌പോ​ട്ടു തളർന്നു​പോ​യി.

അവൾക്ക്‌ തുടർന്നും ആന്തരിക രക്തസ്രാ​വ​മു​ണ്ടാ​കു​ക​യും ദുസ്സഹ​മായ വേദന അനുഭ​വ​പ്പെ​ടു​ക​യും ചെയ്‌തു. നാലു മാസങ്ങൾക്കു​ശേഷം, വെടി​യുണ്ട തറച്ചി​രി​ക്കുന്ന കൃത്യ​സ്ഥാ​ന​മ​റി​യാൻ ഡോക്ടർമാർ എക്‌സ്‌റേ എടുത്തു. അത്‌ അവളുടെ ഹൃദയ​ത്തി​നും ശ്വാസ​കോ​ശ​ങ്ങൾക്കും ഇടയി​ലാ​ണെന്നു കണ്ടുപി​ടി​ച്ചു. ഒരു ശസ്‌ത്ര​ക്രിയ വളരെ അപകട​ക​ര​മാ​യി​രി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവളുടെ അമ്മ അവളെ ഒരു പരമ്പരാ​ഗത പച്ചമരുന്ന്‌ ചികി​ത്സ​കന്റെ അടുക്കൽ കൊണ്ടു​പോ​യി. മാമി ഓർമി​ക്കു​ന്നു, “അയാൾ ഒരു ബ്ലേഡ്‌ ഉപയോ​ഗിച്ച്‌ എന്റെ ശരീരത്ത്‌ മുറി​വു​ണ്ടാ​ക്കി. എന്നിട്ട്‌ അയാളു​ടെ വായ്‌ മുറി​വിൽ അടുപ്പിച്ച്‌ വെടി​യുണ്ട വലി​ച്ചെ​ടു​ക്കാൻ ശ്രമിച്ചു. വായിൽനിന്ന്‌ ഒരു വെടി​യുണ്ട പുറ​ത്തേ​ക്കെ​ടു​ത്തു​കൊണ്ട്‌ ‘കിട്ടി​പ്പോ​യി’ എന്ന്‌ അയാൾ പറഞ്ഞു. ഞങ്ങൾ അയാൾക്കു പണം കൊടു​ത്തിട്ട്‌ അവി​ടെ​നി​ന്നു പോന്നു.”

പക്ഷേ ആ മനുഷ്യൻ കബളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട്‌ എടുത്ത എക്‌സ്‌റേ​ക​ളിൽനിന്ന്‌ വെടി​യുണ്ട അവി​ടെ​ത്ത​ന്നെ​യു​ണ്ടെന്നു മനസ്സി​ലാ​യി. അതു​കൊണ്ട്‌ മാമി​യും അവളുടെ അമ്മയും പച്ചമരുന്ന്‌ ചികി​ത്സ​കന്റെ അടുക്കൽ തിരി​ച്ചെത്തി. വെടി​യുണ്ട നീക്കം​ചെ​യ്യ​പ്പെ​ട്ട​താ​യി എക്‌സ്‌റേ​ക​ളിൽ തെളി​യ​ണ​മെ​ങ്കിൽ വീണ്ടും ഒമ്പതു മാസ​മെ​ടു​ക്കു​മെന്ന്‌ അയാൾ അവരെ വിശ്വ​സി​പ്പി​ച്ചു. വീട്ടി​ലേക്കു മടങ്ങിയ അവർ ക്ഷമയോ​ടെ കാത്തി​രു​ന്നു. ഇക്കാല​മ​ത്ര​യും വേദന തരണം​ചെ​യ്യാൻ അവൾ പല മരുന്നു​ക​ളും കഴിച്ചു. ഒമ്പതു മാസങ്ങൾക്കു​ശേഷം കൂടുതൽ എക്‌സ്‌റേകൾ എടുത്തു. വെടി​യുണ്ട അപ്പോ​ഴും അവി​ടെ​ത്തന്നെ ഉണ്ടായി​രു​ന്നു. പച്ചമരു​ന്നു ചികി​ത്സകൻ സ്ഥലംവി​ട്ടി​രു​ന്നു.

വെടി​യു​ണ്ട മാമി​യു​ടെ ശരീര​ത്തിൽ തുളച്ചു​ക​യ​റി​യിട്ട്‌ അപ്പോൾ 18 മാസം കഴിഞ്ഞി​രു​ന്നു. ഒരു ബന്ധു അവളെ ഒരു മന്ത്രവാ​ദി​നി​യു​ടെ അടുക്കൽ കൊണ്ടു​പോ​യി. സഹായി​ക്കു​ന്ന​തി​നു പകരം, മാമി​യോ അല്ലെങ്കിൽ അവളുടെ അമ്മയോ ഒരു നിശ്ചിത ദിവസം മരിക്കു​മെന്ന്‌ അവർ പറഞ്ഞു. മാമിക്ക്‌ അപ്പോൾ 13 വയസ്സാ​യി​രു​ന്നു പ്രായം. “ഞാൻ കരച്ചി​ലോ​ടു കരച്ചി​ലാ​യി​രു​ന്നു,” മാമി പറയുന്നു. “എന്നിരു​ന്നാ​ലും ആ ദിവസം വന്നെത്തി​യ​പ്പോൾ, ആരും മരിച്ചില്ല.”

പിന്നീട്‌ മറ്റൊരു ബന്ധു മാമിയെ ഒരു സഭാ​നേ​താ​വി​ന്റെ അടുക്കൽ കൊണ്ടു​പോ​യി. മാമി​യു​ടെ തളർവാ​ത​ത്തി​നു കാരണം വെടി​യു​ണ്ടയല്ല മറിച്ച്‌ ഒരു മന്ത്ര​പ്ര​യോ​ഗ​മാ​ണെന്നു സൂചി​പ്പി​ക്കുന്ന ഒരു ദർശനം തനിക്കു ലഭിച്ച​താ​യി അയാൾ അവകാ​ശ​പ്പെ​ട്ടി​രു​ന്നു. താൻ നിർദേ​ശി​ക്കുന്ന ആചാരങ്ങൾ പിൻപ​റ്റു​ക​യാ​ണെ​ങ്കിൽ ഒരാഴ്‌ച​യ്‌ക്കകം മാമി നടക്കു​മെന്ന്‌ അയാൾ ഉറപ്പു​കൊ​ടു​ത്തു. മാമി വിശദീ​ക​രി​ക്കു​ന്നു: “സമു​ദ്ര​ജ​ല​ത്തിൽ ഞാൻ നിരവധി പ്രാവ​ശ്യം ആചാര​പ​ര​മാ​യി കുളിച്ചു, ഉപവസി​ച്ചു, ദിവസ​വും പാതി​രാ​ത്രി മണിക്കൂ​റു​ക​ളോ​ളം ഞാൻ തറയിൽ കിടന്നു​രു​ണ്ടു. എന്നാൽ ഈ ശ്രമങ്ങ​ളെ​ല്ലാം വൃഥാ​വി​ലാ​യി. എന്റെ അവസ്ഥയ്‌ക്കു യാതൊ​രു മാറ്റവു​മു​ണ്ടാ​യില്ല.”

പിന്നീട്‌ കൂടുതൽ ചികിത്സാ സൗകര്യ​ങ്ങൾ ലഭ്യമാ​കാൻ തുടങ്ങി. നീണ്ട കാലത്തെ കാത്തി​രി​പ്പി​നു​ശേഷം മാമി​യു​ടെ ശരീര​ത്തിൽനി​ന്നു വെടി​യുണ്ട നീക്കം​ചെ​യ്യ​പ്പെട്ടു. രണ്ടു വർഷത്തി​ല​ധി​കം ശമനമി​ല്ലാത്ത വേദന​യു​മാ​യി അവൾ മല്ലിട്ടി​രു​ന്നു. അവൾ ഓർമി​ക്കു​ന്നു, “ശസ്‌ത്ര​ക്രി​യ​യ്‌ക്കു​ശേഷം, വേദന ഒട്ടുമു​ക്കാ​ലും ശമിച്ചു, ശ്വസനം കൂടുതൽ എളുപ്പ​മാ​യി​ത്തീർന്നു. എന്റെ ശരീരം ഭാഗി​ക​മാ​യി തളർന്നു​പോ​യെ​ങ്കി​ലും, ഒരു വാക്കറി​ന്റെ സഹായ​ത്താൽ എനിക്ക്‌ എഴു​ന്നേറ്റു നിൽക്കാ​നാ​യി.”

മാമി യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടു​ന്നു

ശസ്‌ത്ര​ക്രി​യ​യ്‌ക്ക്‌ ഏതാനും ആഴ്‌ച​കൾക്കു​ശേഷം, മാമി​യു​ടെ അമ്മ യഹോ​വ​യു​ടെ സാക്ഷി​ക​ളായ രണ്ടു​പേരെ കണ്ടുമു​ട്ടി. ബൈബിൾ വായി​ക്കു​ന്നത്‌ തന്റെ മകൾ ആസ്വദി​ച്ചി​രു​ന്നെന്ന്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ അവർ സാക്ഷി​കളെ വീട്ടി​ലേക്കു ക്ഷണിച്ചു. മാമി ഉടൻതന്നെ ഒരു ബൈബി​ള​ധ്യ​യനം സ്വീക​രി​ച്ചു. എന്നിരു​ന്നാ​ലും കുറെ മാസങ്ങൾക്കു​ശേഷം മാമിക്ക്‌ ആശുപ​ത്രി​യി​ലേക്കു മടങ്ങേ​ണ്ടി​വ​ന്ന​തി​നാൽ സാക്ഷി​ക​ളു​മാ​യുള്ള സമ്പർക്കം നഷ്ടപ്പെട്ടു.

എന്നിരു​ന്നാ​ലും ബൈബിൾ പരിജ്ഞാ​ന​ത്തി​നാ​യുള്ള ദാഹം അപ്പോ​ഴും അവൾക്കു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഒരു സഭയിലെ മതനേ​താവ്‌ അവളെ സഹായി​ക്കാ​മെന്നു പറഞ്ഞ​പ്പോൾ അവൾ ആ വാഗ്‌ദാ​നം സ്വീക​രി​ച്ചു. വേദപാ​ഠ​ക്ലാസ്‌ നടന്നു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഒരു സഹപാഠി അധ്യാ​പ​ക​നോ​ടു ചോദി​ച്ചു, “യേശു ദൈവ​ത്തോ​ടു തുല്യ​നാ​ണോ?”

“അതേ,” അധ്യാ​പകൻ പറഞ്ഞു. “അവർ തുല്യ​രാണ്‌. പക്ഷേ തീർത്തും തുല്യരല്ല.”

‘തീർത്തും തുല്യ​ര​ല്ലെ​ന്നോ?’ മാമി ചിന്തിച്ചു. ‘അതു യുക്തിക്കു നിരക്കു​ന്നതല്ല. അതിൽ എന്തോ തെറ്റുണ്ട്‌.’ താൻ പഠിക്കു​ന്നത്‌ ബൈബിൾ സത്യമ​ല്ലെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ മാമി ആ സഭയു​മാ​യി സഹവസി​ക്കു​ന്നതു ക്രമേണ നിറുത്തി.

1996-ൽ മൊൺറോ​വി​യ​യിൽ പിന്നെ​യും കലാപം പൊട്ടി​പ്പു​റ​പ്പെട്ടു. മാമിക്ക്‌ രണ്ടു കുടും​ബാം​ഗ​ങ്ങ​ളെ​ക്കൂ​ടി നഷ്ടമായി. അവളുടെ വീട്‌ രണ്ടാമ​തും അഗ്നിക്കി​ര​യാ​യി. ഏതാനും മാസങ്ങൾക്കു​ശേഷം വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രി​ക്കെ രണ്ടു സാക്ഷികൾ മാമിയെ കണ്ടുമു​ട്ടി. മാമി തന്റെ ബൈബിൾ പഠനം പുനരാ​രം​ഭി​ച്ചു. അവൾ ആദ്യമാ​യി സഭാ​യോ​ഗ​ത്തിൽ സംബന്ധി​ച്ച​പ്പോൾ, മേൽവി​ചാ​ര​ക​ന്മാർ ഉൾപ്പെടെ സഭയിലെ എല്ലാവ​രും രാജ്യ​ഹാ​ളി​ന്റെ ശുചീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നതു കണ്ടത്‌ അവളെ അതിശ​യി​പ്പി​ച്ചു. ആ വർഷത്തി​ന്റെ ഒടുവിൽ “ദൈവ​സ​മാ​ധാന സന്ദേശ​വാ​ഹകർ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ ഒന്നിൽ സംബന്ധി​ക്കാ​നാ​യത്‌ അവളെ പുളകം​കൊ​ള്ളി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അത്ര വലി​യൊ​രു കൂടി​വ​ര​വിൽ അവൾ ആദ്യമാ​യി പങ്കെടു​ക്കു​ക​യാ​യി​രു​ന്നു.

“അത്‌ എന്നിൽ അങ്ങേയറ്റം മതിപ്പു​ള​വാ​ക്കി,” മാമി പറയുന്നു. “വ്യത്യസ്‌ത ഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ ഉള്ളവരാ​യി​രു​ന്നെ​ങ്കി​ലും സാക്ഷി​കൾക്കി​ട​യിൽ ആത്മാർഥ സ്‌നേഹം ഉണ്ടായി​രു​ന്നു. എല്ലാം കാര്യ​ങ്ങ​ളും സുസം​ഘ​ടി​ത​മാ​യി​രു​ന്നു.”

ദൈവത്തെ സേവി​ക്ക​ണ​മെ​ന്നുള്ള ആഗ്രഹം സഫലമാ​കു​ന്നു

1998-ൽ പോരാ​ട്ടം ശക്തി​പ്പെ​ട്ട​തോ​ടെ അയൽരാ​ജ്യ​മായ കോറ്റ്‌ ഡീവ്വോ​റി​ലേക്കു പലായനം ചെയ്യാൻ മാമി​യും അവളുടെ അമ്മയും നിർബ​ന്ധി​ത​രാ​യി. അവി​ടെ​യുള്ള പീസ്‌ ടൗൺ അഭയാർഥി ക്യാമ്പിൽ 6,000-ത്തോളം ലൈബീ​രി​യ​ക്കാ​രോ​ടൊ​പ്പം അവർ താമസി​ച്ചു. മാമി സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കു​ന്നത്‌ തുടരു​ക​യും ദ്രുത​ഗ​തി​യിൽ പുരോ​ഗതി വരുത്തു​ക​യും ചെയ്‌തു. അധികം താമസി​യാ​തെ, തന്റെ വിശ്വാ​സങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​നുള്ള ആഗ്രഹം അവൾ പ്രകടി​പ്പി​ച്ചു. പരസ്യ​ശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ കഴി​യേ​ണ്ട​തിന്‌ അവളുടെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അവളെ വീൽച്ചെ​യ​റി​ലി​രു​ത്തി തള്ളി​ക്കൊ​ണ്ടു പോകു​മാ​യി​രു​ന്നു. ഈ വിധത്തിൽ മറ്റുള്ള അഭയാർഥി​കൾക്ക്‌ ഒരു നല്ല സാക്ഷ്യം നൽകാൻ മാമിക്കു കഴിഞ്ഞു.

മാമി താമസി​ക്കുന്ന സ്ഥലത്തു​നിന്ന്‌ ആറു കിലോ​മീ​റ്റർ അകലെ​യാണ്‌ രാജ്യ​ഹാൾ. ശാരീ​രിക പരിമി​തി​കൾ നിമിത്തം അവിടെ എത്തി​ച്ചേ​രു​ന്നത്‌ ബുദ്ധി​മു​ട്ടാ​ണെ​ങ്കി​ലും അവൾ എല്ലാ സഭാ​യോ​ഗ​ങ്ങ​ളി​ലും സംബന്ധി​ച്ചു. 2000 മേയ്‌ 14-ാം തീയതി ഒരു പ്രത്യേ​ക​ദിന സമ്മേള​ന​ത്തിൽ പങ്കെടു​ക്കാ​നും ജലസ്‌നാ​പ​ന​ത്താൽ ദൈവ​ത്തോ​ടുള്ള തന്റെ സമർപ്പണം പ്രതീ​ക​പ്പെ​ടു​ത്താ​നും അവൾ 190 കിലോ​മീ​റ്റ​റി​ല​ധി​കം യാത്ര ചെയ്‌തു. (മത്തായി 28:19, 20) സ്‌നാ​പ​ന​മേൽക്കു​ന്ന​തി​നാ​യി മാമിയെ ഒരു അരുവി​യി​ലേക്ക്‌ എടുത്തു​കൊ​ണ്ടു​പോ​യി. നിറക​ണ്ണു​ക​ളോ​ടെ നിരവധി പേർ അവളുടെ സ്‌നാ​പ​ന​ത്തി​നു സാക്ഷ്യം വഹിച്ചു. വെള്ളത്തിൽനി​ന്നു പുറത്തു​വ​ന്ന​പ്പോൾ അവളുടെ മുഖം ശോഭി​ക്കു​ക​യാ​യി​രു​ന്നു.

ഇപ്പോൾ ഘാനയി​ലെ ഒരു അഭയാർഥി ക്യാമ്പി​ലാ​യി​രി​ക്കുന്ന മാമി​യു​ടെ ലക്ഷ്യം ഒരു സാധാരണ പയനിയർ അഥവാ മുഴു​സമയ ശുശ്രൂ​ഷക ആകുക​യെ​ന്ന​താണ്‌. അവളുടെ അമ്മയും യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കു​ക​യും താൻ പഠിച്ച കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയു​ക​യും ചെയ്യുന്നു. “അന്നു മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷി​ക്കും” എന്നു ദൈവ​വ​ച​ന​ത്തിൽ വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന കാലത്തി​നാ​യി അവർ ഇരുവ​രും ആകാം​ക്ഷാ​പൂർവം നോക്കി​പ്പാർത്തി​രി​ക്കു​ന്നു.—യെശയ്യാ​വു 35:5-7.

[22-ാം പേജിലെ ചിത്രം]

മാമിയുടെ ശരീര​ത്തിൽനി​ന്നു നീക്കം​ചെയ്‌ത വെടി​യു​ണ്ട

[23-ാം പേജിലെ ചിത്രം]

സ്‌നാപനമേൽക്കുന്നതിനായി മാമിയെ അരുവി​യി​ലേക്ക്‌ എടുത്തു​കൊ​ണ്ടു പോകു​ന്നു

[23-ാം പേജിലെ ചിത്രം]

അമ്മ എമ്മയു​മൊത്ത്‌ ഒരു ബൈബിളധ്യയനം നടത്തുന്നു