മുഫ്ളോണിനെ തേടി
മുഫ്ളോണിനെ തേടി
ഭൂപടങ്ങൾ, ക്യാമറകൾ, തൊപ്പികൾ, ബൂട്ടുകൾ എന്നിങ്ങനെ സർവ സന്നാഹങ്ങളുമായി ഒരു വസന്തകാല പ്രഭാതത്തിൽ ഞങ്ങൾ യാത്ര പുറപ്പെട്ടു. ഏതു ഭൂപ്രദേശത്തും ഓടിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു വാഹനത്തിലാണ് യാത്ര. സൈപ്രസ് ദ്വീപിലുള്ള ഒളിമ്പസ് പർവതനിരകളുടെ മുകളിൽ സ്ഥിതിചെയ്യുന്ന പാഫോസ് വനമാണ് ഞങ്ങളുടെ ലക്ഷ്യം. എളുപ്പമൊന്നും കാണാൻ കിട്ടാത്ത മുഫ്ളോണിനെ അവിടെ കാണാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഏതിനം മൃഗമാണിത്?
മുഫ്ളോണുകൾ ഒരിനം കാട്ടുചെമ്മരിയാടുകളാണ്. അതിന്റെ ബന്ധുക്കളെ മെഡിറ്ററേനിയൻ പ്രദേശത്തുടനീളം കാണാൻ കഴിയും. ഞങ്ങളുടെ കൗതുകമുണർത്തിയ ഈ പ്രത്യേകതരം മുഫ്ളോൺ സൈപ്രസ് സ്വദേശിയാണ്. മാനിന്റെ സൗന്ദര്യവും കോലാടിന്റെ ചടുലതയും ഒത്തുചേർന്നതാണ് ഈ മൃഗമെന്നു പറയപ്പെടുന്നു. ജന്തുശാസ്ത്രജ്ഞർ അതിനെ ഓവിസ് ഗ്മെലിനി ഒപ്ഹിയോൺ എന്നു വിളിക്കുമ്പോൾ സൈപ്രസുകാർ അതിനെ ആഗ്രിനോ എന്നാണു വിളിക്കുന്നത്. വിദൂരസ്ഥമായ മലമ്പ്രദേശങ്ങളിൽ മാത്രമേ അതിനെ കാണാൻ സാധിക്കുകയുള്ളൂ.
ഞങ്ങൾ ഹൈവേയിൽനിന്നു തിരിഞ്ഞ് മലകളുടെ അടിവാരത്തിലുള്ള ചെറു കുന്നുകളിലൂടെയും പിന്നീട് മനോഹരമായ ഒരു താഴ്വരയിലൂടെയും ഓടിച്ചുപോകുകയാണ്. മലയോരങ്ങളെ തൊട്ടുരുമ്മിനിൽക്കുന്ന ഗ്രാമങ്ങൾ, താഴ്വരകളിൽ ഫലവൃക്ഷത്തോട്ടങ്ങൾ. പക്ഷേ, പെട്ടെന്നുതന്നെ യാത്ര സുഗമമല്ലാതാകുകയാണ്. ചില സ്ഥലങ്ങളിൽ ഞങ്ങളുടെ വാഹനം അത്യഗാധമായ കൊക്കകളുടെ വക്കോടു ചേർന്നാണു പോകുന്നത്, അത് അപകടംപിടിച്ചതാണെന്നു പറയേണ്ടതില്ലല്ലോ. അവസാനം ഇതാ ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി, അവിടത്തെ ഫോറസ്റ്റ് സ്റ്റേഷനിൽ. പൈൻ മരങ്ങളും ദേവദാരുക്കളും ഇടതൂർന്നു വളർന്നുനിൽക്കുന്ന 1,50,000 ഏക്കർ വിസ്തൃതിയുള്ള പാഫോസ് വനത്തിന്റെ ഉള്ളിലാണ് ഞങ്ങളിപ്പോൾ. കാപ്പിക്ക് ഓർഡർ ചെയ്തതിനുശേഷം, ഞങ്ങൾ ആന്ത്രിയാസ് എന്നുപേരുള്ള, പച്ച യൂണിഫോം ധരിച്ച വനപാലകനുമായി സംസാരിച്ചിരിക്കുകയാണ്. മുഫ്ളോണുകളെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ആളാണ് ആന്ത്രിയാസ്.
സൈപ്രസിലെ വന്യജീവികളിൽവെച്ച് ഏറ്റവും വലിയ സസ്തനിയാണ് മുഫ്ളോൺ എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞകാലത്ത് അസംഖ്യം മുഫ്ളോണുകൾ ദ്വീപിൽ വിഹരിച്ചിരുന്നു. നിരവധി ഗ്രീക്ക്-റോമൻ മൊസെയ്ക്കുകളിൽ ഈ കാട്ടാടിനെ ചിത്രീകരിച്ചിട്ടുണ്ട്. മധ്യ കാലഘട്ടത്തിലെ ലിഖിതങ്ങളിൽ, കുലീനവർഗത്തിൽപ്പെട്ടവർ പാഫോസ് കാട്ടിൽവെച്ച് ഇവയെ വേട്ടയാടി രസിച്ചതിനെപ്പറ്റിയുള്ള വർണനയുണ്ട്.
ഒരു വളപ്പിനകത്തേക്കു നയിക്കവേ, ആന്ത്രിയാസ് ഞങ്ങളോടു മുഫ്ളോണുകളുടെ ചരിത്രത്തെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ പറയുന്നു. ഉദാഹരണത്തിന്, നായാട്ടുതോക്ക് കണ്ടുപിടിച്ചതോടെ ഈ മൃഗത്തിന്റെ എണ്ണത്തിൽ ദ്രുതഗതിയിൽ കുറവു വന്നതായി ഞങ്ങൾ മനസ്സിലാക്കി. 1938-ൽ മാത്രമാണ് ഈ ജീവിയെ സംരക്ഷിക്കത്തക്ക വിധത്തിൽ സൈപ്രസിലെ നായാട്ടു നിയമങ്ങൾക്കു ഭേദഗതി വരുത്തിയത്. വനപാലകരും പോലീസുകാരും ഒളിവേട്ടയ്ക്കു കടിഞ്ഞാണിടാൻ സഹകരിച്ചു. ഒരു വർഷത്തിനുശേഷം, നായാട്ടുകാർ വനത്തിൽ പ്രവേശിക്കരുതെന്ന് ഉത്തരവായി. ഈ മാറ്റങ്ങളും അതോടൊപ്പം 1960-കൾ മുതൽ സ്വീകരിച്ച കൂടുതലായ നടപടികളും മുഫ്ളോണുകളുടെ എണ്ണം വർധിക്കുന്നതിന് ഇടയാക്കി.
ഞങ്ങളുടെ പ്രഥമ ദർശനം
ഞങ്ങൾ ആന്ത്രിയാസിനെ അനുഗമിച്ച് വേലികെട്ടിത്തിരിച്ച ഒരു വളപ്പിനകത്തേക്കു കടന്ന് കുറ്റിച്ചെടികളുടെയും മരങ്ങളുടെയും ഇടയിലൂടെ നോക്കി. നിശ്ശബ്ദരാകാൻ
ആംഗ്യം കാണിച്ച ആന്ത്രിയാസ് ഞങ്ങളെയുംകൊണ്ട് ചെരിവിലൂടെ അൽപ്പം മുകളിലേക്കു കയറുകയാണ്. അതാ അവിടെ വളർച്ചയെത്തിയ മൂന്ന് പെണ്ണാടുകളും നവജാതരായ രണ്ട് ആട്ടിൻകുട്ടികളും. അവ വെയിലുള്ള തുറസ്സായ സ്ഥലത്തു മേയുകയാണ്. വളർച്ചയെത്തിയ ആടുകൾക്ക് 90 സെന്റിമീറ്ററോളം ഉയരമുണ്ട്. അവയുടെ രോമക്കുപ്പായത്തിന് ഇളം തവിട്ടുനിറവും വയറിന്റെ ഭാഗത്തേക്കു വരുമ്പോൾ നരച്ച നിറവുമാണ്.വർഷത്തിന്റെ ഈ സമയത്ത്, അവ ഇഷ്ടംപോലെ കാട്ടുചെടികൾ അകത്താക്കുന്നു. തിരക്കിട്ടു മേയുന്നതിനാൽ വലിയ ആടുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നതേയില്ല. എന്നിരുന്നാലും ആട്ടിൻകുട്ടികൾ കളിയൊക്കെ മതിയാക്കി ഞങ്ങളുടെ നേരെ ഏതാനും ചുവടുകൾ വെച്ചു. അത് കാണാൻ എന്തു രസമായിരുന്നെന്നോ! പക്ഷേ ഞങ്ങൾ ക്യാമറയൊന്നു ക്ലിക്കുചെയ്തപ്പോൾ അവ പേടിച്ചുപോയി. കണ്ണിമയ്ക്കുന്ന നേരംകൊണ്ട് അതാ മുഴു കൂട്ടവും കാട്ടിലേക്കു മറഞ്ഞു.
ഇതു കണ്ട് ആവേശഭരിതരായ ഞങ്ങൾ, മുഫ്ളോണുകളെ കാണാൻവേണ്ടി കാൽനടയായി കാട്ടിലൂടെ പര്യടനം നടത്താൻ പദ്ധതിയിട്ടു. നേരം പുലരുമ്പോൾ അങ്ങനെ ചെയ്യാമെന്ന് ആന്ത്രിയാസ് പറഞ്ഞു. ആ സമയത്ത് ചിലപ്പോഴൊക്കെ അവ തീറ്റ തേടി വനത്തിന്റെ അരികിൽ എത്താറുണ്ട്. രാത്രിയിൽ താഴ്വാരത്തിൽ തമ്പടിക്കുന്നതിനെക്കുറിച്ചു ഞങ്ങൾ ആലോചിച്ചു. താഴ്വരയ്ക്കുമീതെ തലയുയർത്തിനിൽക്കുന്ന പർവതം അന്വേഷണത്തിനു പറ്റിയ സ്ഥലമായിരിക്കുമെന്നു തോന്നി. മുഫ്ളോണുകൾ ഉഷ്ണകാലത്ത് ഉയർന്ന ചെരിവുകളിൽ കഴിഞ്ഞുകൂടുന്നു, എന്നാൽ കൊടുമുടികൾ ഹിമാവൃതമാകുന്ന ശൈത്യകാലത്ത് താഴെയുള്ള ചെരിവുകളിൽ, തുറസ്സായ സ്ഥലങ്ങളിൽപ്പോലും ഭക്ഷ്യയോഗ്യമായ ചെടികൾ തേടി അവ എത്താറുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കി.
ശരത്കാലത്താണ് ഇണചേരൽ നടക്കുന്നത്. ശീതകാലത്ത് മുഫ്ളോണുകൾ 10 മുതൽ 20 വരെ എണ്ണമുള്ള പറ്റങ്ങളായി നീങ്ങുന്നു. ഏപ്രിലിൽ അല്ലെങ്കിൽ മേയിൽ പ്രസവകാലം തുടങ്ങുന്നതോടെ, പറ്റങ്ങൾ ചെറിയ കൂട്ടങ്ങളായി വേർപിരിയുന്നു. അത്തരത്തിലുള്ള ഒരു കൂട്ടത്തെയാണ് ഞങ്ങൾ വളപ്പിൽ കണ്ടത്. വളർച്ചയെത്തിയ ആട്ടുകൊറ്റന്മാർ സാധാരണ ഒറ്റയ്ക്കാണു മേയുന്നത്.
കാട്ടിലെ ആട്ടുകൊറ്റൻ!
പിറ്റേന്ന് നേരം വെളുത്തപ്പോൾ വണ്ടിയോടിച്ചു കുന്നിൻമുകളിലേക്കു പോയ ഞങ്ങൾ തുറസ്സായ ഒരു സ്ഥലത്തു വണ്ടി പാർക്കു ചെയ്തിട്ട് വെയിൽ മൂക്കുന്നതിനുമുമ്പ് കാൽനടയായി കാട്ടിലേക്കു കയറി. വനം ഇപ്പോഴും ശാന്തമാണ്. മരങ്ങൾക്കിടയിലൂടെ മൂടൽമഞ്ഞ് കിനിഞ്ഞിറങ്ങുന്നു. വനത്തിന്റെ നിശ്ശബ്ദത ആസ്വദിക്കാൻ ഞങ്ങൾ ഒന്നു നിൽക്കുമ്പോൾ, അതാ അവൻ—ഗാംഭീര്യമുണർത്തുന്ന ഒരു ആട്ടുകൊറ്റൻ. ശൈത്യകാലത്തെ അവന്റെ കട്ടിയുള്ള രോമക്കുപ്പായത്തിലെ രോമത്തിലധികവും കൊഴിഞ്ഞുപോയിരിക്കുന്നു. കഴുത്തിനു കീഴ്വശം ഇരുണ്ട നിറത്തിലുള്ള രോമങ്ങളുടെ ആവരണമുണ്ട്. ഗാംഭീര്യത്തോടെ തല ചെരിച്ച് തന്റെ ഇരുണ്ട കൺപീലികൾക്കിടയിലൂടെ അവൻ ഞങ്ങളെ സൂക്ഷിച്ചുനോക്കുകയും ഞങ്ങളുടെ ഗന്ധത്തിനായി മണപ്പിക്കുകയും ചെയ്യുന്നു. അവന്റെ കട്ടിയുള്ള, വളഞ്ഞ കൊമ്പുകൾക്ക് 40 സെന്റിമീറ്ററെങ്കിലും നീളം കാണും! ഞങ്ങൾ തലേദിവസം കണ്ട പെണ്ണാടുകളെക്കാൾ തൂക്കമുള്ള അവന് 35 കിലോഗ്രാമെങ്കിലും ഭാരമുണ്ടായിരിക്കണം.
സ്തബ്ധരായി, ശ്വാസം അടക്കിപ്പിടിച്ചു ഞങ്ങൾ നിന്നു. എന്തായാലും ജാഗ്രതയുള്ള ഈ ജീവി ഞങ്ങളുടെ ഗന്ധം പിടിച്ചെടുത്തെന്നു തോന്നുന്നു. തല മേലോട്ടും കീഴോട്ടും കുലുക്കിയിട്ട് അവൻ കുന്നിൻചെരുവിലൂടെ പാഞ്ഞു. രണ്ടു ദിവസം ഞങ്ങൾ കണ്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ഞങ്ങളിൽ തികച്ചും മതിപ്പുളവാക്കി. “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു” എന്നു പറഞ്ഞ സ്രഷ്ടാവിനോടുള്ള ഞങ്ങളുടെ വിലമതിപ്പും വർധിച്ചു.—സങ്കീർത്തനം 50:10.
[24, 25 പേജുകളിലെ ചിത്രങ്ങൾ]
സൈപ്രസ് മുഫ്ളോണും (പശ്ചാത്തലം) യൂറോപ്യൻ മുഫ്ളോണും
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിൽ വലത്ത്: Oxford Scientific/photolibrary/Niall Benvie; യൂറോപ്യൻ മുഫ്ളോൺ: Oxford Scientific/photolibrary