യഥാർഥ സ്നേഹം നേടാനാകുന്ന വിധം
യഥാർഥ സ്നേഹം നേടാനാകുന്ന വിധം
സ്നേഹിക്കപ്പെടാനും ഏറെ പ്രിയങ്കരരായിത്തീരാനും നിങ്ങൾ എന്തു ചെയ്യണം? സമ്പന്നരാകണമോ? അതോ ശാരീരിക സൗന്ദര്യം മെച്ചപ്പെടുത്തണമോ?
പരസ്യങ്ങളാൽ വശീകരിക്കപ്പെടുകയും മാധ്യമങ്ങളാൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാർ സ്നേഹം പിടിച്ചുപറ്റാൻ പലപ്പോഴും മേൽപ്പറഞ്ഞിരിക്കുന്ന മാർഗങ്ങൾ അവലംബിക്കുന്നു. നമ്മുടെ ബാഹ്യാകാരത്തിന് ശ്രദ്ധനൽകുന്നതു സ്വാഭാവികവും ഉചിതവുമാണ്. എന്നാൽ സൗന്ദര്യം തികച്ചും താത്കാലികമാണ്. അത് നിലനിൽക്കുന്ന ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നില്ല. സമ്പത്തും അങ്ങനെതന്നെ. മറ്റുള്ളവരോടു നിസ്സ്വാർഥ സ്നേഹം പ്രകടിപ്പിക്കുന്നതാണ് അവരുടെ സ്നേഹത്തിനു പാത്രമാകാനുള്ള വഴി. യേശു ഇപ്രകാരം പഠിപ്പിച്ചു, “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും.” (ലൂക്കൊസ് 6:38) ചുരുക്കിപ്പറഞ്ഞാൽ സ്നേഹിക്കപ്പെടണമെങ്കിൽ നാം അങ്ങോട്ടു സ്നേഹിക്കണം.
സ്നേഹിക്കാനാകുന്നത് എങ്ങനെയാണ്? ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ അപ്പൊസ്തലനായ പൗലൊസ് ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. സ്നേഹം പ്രവർത്തനോത്സുകമാണെന്ന് അവൻ വെളിപ്പെടുത്തി. അതിനെ മുഖ്യമായി തിരിച്ചറിയിക്കുന്നതു വികാരങ്ങളല്ല മറിച്ച്, മറ്റുള്ളവർക്കുവേണ്ടി അത് എന്തു ചെയ്യുന്നു, എന്തു ചെയ്യുന്നതിൽനിന്നു വിട്ടുനിൽക്കുന്നു എന്നതാണ്. പൗലൊസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.”—1 കൊരിന്ത്യർ 13:4-7.
ആരെങ്കിലും നിങ്ങളോടു ദയാപൂർവം ഇടപെടുകയോ നിസ്സാരമെങ്കിലും അസ്വസ്ഥമാക്കുന്ന നിങ്ങളുടെ വാക്കുകളോ പ്രവൃത്തികളോ കാര്യമാക്കാതെ നിങ്ങളുമായി സഹകരിച്ചുപോകുകയോ ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് എന്തു തോന്നും? നിങ്ങളിൽ ആത്മാർഥമായ താത്പര്യമെടുക്കുന്ന, പെട്ടെന്നു ദേഷ്യപ്പെടാത്ത, ക്ഷമയും സത്യസന്ധതയും പ്രകടമാക്കുന്നത് എളുപ്പമല്ലാത്തപ്പോൾപ്പോലും അവ പ്രകടമാക്കുന്ന ഒരാളോട് നിങ്ങൾക്ക് അടുപ്പം തോന്നുകയില്ലേ?
അതുകൊണ്ട്, മറ്റുള്ളവരോടും അതുപോലെതന്നെ ഇടപെടുക. യേശു ഇപ്രകാരം പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” (മത്തായി 7:12) സ്നേഹം പ്രകടമാക്കുന്നത് എല്ലായ്പോഴും എളുപ്പമല്ലെങ്കിലും അതു ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്. നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ വിവാഹ ഇണയോ അല്ലെങ്കിൽ ഭാവി വരനോ വധുവോ നിങ്ങളെ കൂടുതലായി സ്നേഹിക്കാനിടയാകും എന്നതാണ് അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രയോജനം. കൂടാതെ, മറ്റുള്ളവർക്കുവേണ്ടി നിങ്ങളെത്തന്നെ വിട്ടുകൊടുക്കുമ്പോൾ ശരിയായതു ചെയ്യുന്നതിന്റേതായ സന്തോഷവും നിങ്ങൾക്ക് അനുഭവവേദ്യമാകും. അതേ, “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
സ്നേഹിക്കാൻ പഠിക്കുക—ഏറ്റവും ഉയർന്ന ഉറവിൽനിന്ന്
യഹോവ സ്നേഹത്തിന്റെ ദൈവമാണ്. അതുകൊണ്ടുതന്നെ സ്നേഹത്തെപ്പറ്റി ഏറ്റവും ആധികാരികമായി പറയാൻ കഴിയുന്നതും അവനുതന്നെ ആയിരിക്കും. (1 യോഹന്നാൻ 4:8) സ്നേഹത്തെപ്പറ്റി പഠിക്കാൻ മനസ്സൊരുക്കമുള്ള ഏവരെയും അതു പഠിപ്പിക്കാൻ അവന്റെ സ്നേഹം അവനെ പ്രേരിപ്പിക്കുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നമ്മെ സഹായിക്കുന്ന ബൈബിൾ തത്ത്വങ്ങളുടെ ഏതാനും ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
“കേൾപ്പാൻ വേഗതയും പറവാൻ . . . താമസവുമുള്ളവൻ ആയിരി”ക്കുക. (യാക്കോബ് 1:19) നല്ല ശ്രോതാക്കളായ ഇണകൾ ഉള്ളവരാണ് ഏറ്റവും സന്തുഷ്ടരായ ആളുകളെന്ന് 20,000 ദമ്പതികൾ ഉൾപ്പെട്ട ഒരു സർവേ കണ്ടെത്തി. നല്ല ബന്ധത്തിന് അർഥവത്തായ ആശയവിനിമയം അത്യന്താപേക്ഷിതമാണ്. ഒരു സോഷ്യോളജി പ്രൊഫസർ ഇപ്രകാരം എഴുതി: “നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് യാതൊന്നും അറിയാത്ത ഒരാളാണ് നിങ്ങളുടെ ഇണയെങ്കിൽ നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടും. എന്നാൽ നിങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിവുണ്ടായിരിക്കുകയും അതേസമയം നിങ്ങളുടെ ഹൃദയനൊമ്പരത്തിന്റെ തീവ്രത മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന ഒരാളോടൊപ്പമാണെങ്കിൽ നിങ്ങളുടെ അവസ്ഥ അതിലും കഷ്ടമായിരിക്കും.” രണ്ടു വ്യക്തികൾ നിരവധി കാര്യങ്ങളിൽ വ്യത്യസ്തത പുലർത്തുന്നവരാണെങ്കിൽപ്പോലും, “മറ്റേയാൾ നിങ്ങളുടെ വീക്ഷണങ്ങളെയും ജീവിതാനുഭവങ്ങളെയും പരിഗണനയോടെയാണു നോക്കിക്കാണുന്നതെങ്കിൽ, അത്തരം വ്യത്യാസങ്ങളൊക്കെ നിസ്സാരമായിരിക്കും” എന്ന് അവർ കൂട്ടിച്ചേർക്കുന്നു.
“നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു. . . . വിശാലതയുള്ളവരായിരിപ്പിൻ.” (2 കൊരിന്ത്യർ 6:12, 13) മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ വിശാലതയുള്ളവർ ആയിരിക്കുമ്പോൾ നാം അതിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ഒരു പ്രസിദ്ധീകരണം ഇപ്രകാരം പ്രസ്താവിക്കുന്നു: “സാമൂഹിക പിന്തുണയുള്ളവർ അതായത് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സമുദായ അംഗങ്ങൾ എന്നിവരുമായി സംതൃപ്തികരമായ ബന്ധങ്ങളുള്ളവർ സന്തുഷ്ടരും അധികം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരുമാണ്. അവർ കൂടുതൽ കാലം ജീവിച്ചിരിക്കുന്നു” എന്ന് അസംഖ്യം പഠനങ്ങൾ കാണിക്കുന്നു.
“സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക.” (എബ്രായർ 10:24, 25) നമ്മുടെ സഹകാരികളാൽ നാം സ്വാധീനിക്കപ്പെടുന്നു. ആത്മാർഥമായ ക്രിസ്തീയ സ്നേഹം പ്രകടിപ്പിക്കുന്നവരോടൊത്തു സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ ഗുണം നേരിട്ട് അനുഭവിച്ചറിയാനാകും. ജീവിതത്തിൽ ഈ ഗുണം പ്രകടിപ്പിക്കാനാകുന്ന വിധവും നിങ്ങൾക്കു പഠിക്കാനാകും. യേശുവിന്റെ യഥാർഥ ശിഷ്യന്മാരെ തിരിച്ചറിയിക്കുന്ന അടയാളം സ്നേഹമാണെന്നു മനസ്സിലാക്കിക്കൊണ്ട് യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഇടയിൽ അത്തരം സ്നേഹം പ്രകടമാക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു. (യോഹന്നാൻ 13:35) അവരുടെ ക്രിസ്തീയ സഭായോഗങ്ങളിലേക്കു നിങ്ങൾക്കു സ്വാഗതമുണ്ട്.
സ്നേഹിക്കപ്പെടുന്നില്ലെന്നു തോന്നുന്നെങ്കിൽ നിരുത്സാഹിതരാകുകയോ നിർദയം സ്വയം കുറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കുക. നിങ്ങളുടെ അവസ്ഥ യഹോവ കാണുന്നുണ്ടെന്നു മനസ്സിൽപ്പിടിക്കുക. ഈ പരമ്പരയിലെ ആദ്യ ലേഖനത്തിൽ പരാമർശിച്ച ലേയയെ നിങ്ങൾ ഓർക്കുന്നുണ്ടോ? യഹോവയ്ക്ക് അവളുടെ സാഹചര്യം അറിയാമായിരുന്നു. അവൾ ആറു പുത്രന്മാർക്കും ഒരു പുത്രിക്കും ജന്മം നൽകി. മക്കളെ അമൂല്യ സമ്പത്തായി വീക്ഷിച്ചിരുന്ന ആ കാലഘട്ടത്തിൽ അതൊരു വിലപ്പെട്ട അനുഗ്രഹമായിരുന്നു. കൂടാതെ, ലേയയുടെ എല്ലാ പുത്രന്മാരും ഇസ്രായേലിലെ ഗോത്രപിതാക്കന്മാർ ആയിത്തീർന്നു. (ഉല്പത്തി 29:30-35; 30:16-21) ദൈവത്തിന്റെ സ്നേഹപൂർവകമായ കരുതൽ ലേയയ്ക്ക് എത്രമാത്രം ആശ്വാസം കൈവരുത്തിയിരിക്കണം!
തിരുവെഴുത്തുകളിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ ലോകത്തിൽ, താൻ സ്നേഹിക്കപ്പെടുന്നില്ലെന്ന് ഒരാൾക്കുപോലും തോന്നുകയില്ല. മറിച്ച് മാനവസമുദായത്തിൽ യഥാർഥ സ്നേഹം നിറഞ്ഞുതുളുമ്പും. (യെശയ്യാവു 11:9; 1 യോഹന്നാൻ 4:7-12) അതുകൊണ്ട് ബൈബിൾ പഠിപ്പിക്കുന്ന തരത്തിലുള്ളതും അതിന്റെ ഗ്രന്ഥകർത്താവ് പ്രകടിപ്പിച്ചു കാണിച്ചതുമായ സ്നേഹം നട്ടുവളർത്തിക്കൊണ്ട് ആ പുതിയ ലോകത്തിൽ ആയിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നമുക്ക് ഇപ്പോൾത്തന്നെ പ്രകടമാക്കാം. അതേ, യഥാർഥ സന്തോഷം ലഭിക്കുന്നത് സ്നേഹിക്കപ്പെടുമ്പോൾ മാത്രമല്ല മറിച്ച് മറ്റുള്ളവരോടു നിസ്സ്വാർഥ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴാണ്.—മത്തായി 5:46-48; 1 പത്രൊസ് 1:22.
[8-ാം പേജിലെ ആകർഷക വാക്യം]
“സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
[8-ാം പേജിലെ ചിത്രം]
സ്നേഹിക്കപ്പെടണമെങ്കിൽ സ്നേഹിക്കുക