യഥാർഥ സ്നേഹം വിരളമായിരിക്കുന്നത് എന്തുകൊണ്ട്?
യഥാർഥ സ്നേഹം വിരളമായിരിക്കുന്നത് എന്തുകൊണ്ട്?
പ്രണയസംബന്ധമായ ഉപദേശങ്ങൾക്കു യാതൊരു ക്ഷാമവുമില്ല. ചികിത്സകരും ഉപദേഷ്ടാക്കളും മാർഗനിർദേശം നൽകുന്നു, ടിവി പരിപാടികളിൽ പ്രണയം കൂടെക്കൂടെ ചർച്ചാവിഷയമാകുന്നു.
എങ്ങനെ സ്നേഹം പിടിച്ചുപറ്റാം എന്നതു സംബന്ധിച്ച് ഉപദേശങ്ങൾ നൽകുന്നതായി ഇന്റർനെറ്റിലെ അസംഖ്യം വെബ്സൈറ്റുകൾ അവകാശപ്പെടുന്നു. “മനംകവരുന്നതും അവിശ്വസനീയവുമായ രഹസ്യങ്ങൾ” നിങ്ങൾ കണ്ടെത്തുമെന്നും മനോരോഗ ചികിത്സകർ, മനശ്ശാസ്ത്രജ്ഞർ, ജോത്സ്യന്മാർ എന്നിവർ നൽകുന്ന ഉപദേശങ്ങൾക്കു പുറമേ “ജോഡികളെ ഇണക്കിക്കൊടുക്കുന്നവർ” “ബന്ധം കെട്ടുറപ്പുള്ളതാക്കുന്നവർ” “പ്രണയ ചികിത്സകർ” എന്നിവരിൽനിന്നും പഠിക്കാനാകുമെന്നും അവ നിങ്ങളോടു പറഞ്ഞേക്കാം.
പ്രണയം എന്ന വിഷയത്തെ ആസ്പദമാക്കി പുസ്തകങ്ങളും മാസികകളും വിറ്റഴിക്കപ്പെടുന്നു. അവയിൽ ചിലതിന്റെ വാഗ്ദാനങ്ങൾ ഊതിപ്പെരുപ്പിച്ചവയാണ്. ഉദാഹരണത്തിന്, “ആർക്കും നിങ്ങളോടു പ്രണയം തോന്നാനുള്ള വിദ്യ” പറഞ്ഞുതരാമെന്ന് ഒരു പുസ്തകം അവകാശപ്പെടുന്നു. മറ്റൊരു പുസ്തകം “അത്യുത്തമ പങ്കാളിയെ കേവലം ഒരു മാസത്തിനകം” കണ്ടെത്താൻ കഴിയുന്ന വിധം വെളിപ്പെടുത്താമെന്നു വാഗ്ദാനം ചെയ്യുന്നു. ഇനി, ഒരു മാസം അൽപ്പം നീണ്ടുപോയി എന്നു തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ വേറൊരു പുസ്തകമുണ്ട്. “90 മിനിട്ടുകൊണ്ട് അല്ലെങ്കിൽ അതിൽ താഴെ” സമയംകൊണ്ട് ഒരാളെ നിങ്ങളുടെ നിത്യപ്രണയിതാവാക്കാൻ കഴിയുന്നത് എങ്ങനെയെന്ന് അതിലുണ്ട്.
വാഗ്ദാനം ചെയ്യപ്പെടുന്ന ഉപദേശങ്ങളിൽ അധികത്തിനും വിലയുണ്ട്. പലരും രണ്ടു പ്രാവശ്യം വിലകൊടുക്കുന്നു. വിലകൊടുത്ത് അവർ ഉപദേശം വാങ്ങിക്കുന്നു. പിന്നെ മിക്കപ്പോഴും സംഭവിക്കാറുള്ളതുപോലെ ആ ഉപദേശങ്ങൾ പരാജയപ്പെടുമ്പോൾ അതായത് തങ്ങൾ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ അവർ വൈകാരികമായും വിലയൊടുക്കുന്നു.
എന്നിരുന്നാലും, പ്രവൃത്തിപഥത്തിൽ വരുത്തുമ്പോൾ ഒരിക്കലും പരാജയപ്പെടാത്ത ഉപദേശങ്ങൾ അടങ്ങിയ ഒരു പുസ്തകമുണ്ട്. തന്നെയുമല്ല അയഥാർഥമായ അവകാശവാദങ്ങളോ പൊള്ളയായ വാഗ്ദാനങ്ങളോ നിരത്താതെ അത് വിഷയങ്ങളെക്കുറിച്ചു സത്യസന്ധമായി ചർച്ചചെയ്യുന്നു. വളരെക്കാലം മുമ്പ് എഴുതപ്പെട്ടതാണെങ്കിലും
അതിന്റെ ഉപദേശങ്ങൾ ഒരിക്കലും കാലഹരണപ്പെടുന്നില്ല. അതിന്റെ ഗ്രന്ഥകർത്താവ് ജ്ഞാനത്തിൽ അതുല്യനും സ്നേഹത്തിൽ അനുപമനുമാണ്. ഒരുപക്ഷേ ആ വിശിഷ്ട സമ്മാനത്തിന്റെ ഒരു പ്രതി ഇപ്പോൾത്തന്നെ നിങ്ങൾക്കു സ്വന്തമായിട്ടുണ്ടായിരിക്കും, അത് വിശുദ്ധ ബൈബിളാണ്. നമ്മുടെ സാഹചര്യങ്ങളോ പശ്ചാത്തലമോ എന്തുതന്നെയായാലും സ്നേഹം സംബന്ധിച്ചു നാം അറിഞ്ഞിരിക്കേണ്ടതെല്ലാം ബൈബിൾ പഠിപ്പിക്കുന്നു. അതിന്റെ ഉപദേശങ്ങൾ സൗജന്യവുമാണ്.എല്ലാവരുമായി നല്ല ബന്ധം നിലനിറുത്താൻ ബൈബിൾ നമ്മെ പ്രാപ്തരാക്കുമോ? ഇല്ല. നാം എത്രതന്നെ ശ്രമിച്ചാലും ചിലർ നമ്മിൽ ആകൃഷ്ടരായെന്നു വരില്ല. ആത്മാർഥ സ്നേഹം പിടിച്ചുവാങ്ങാൻ പറ്റുന്നതല്ല. (ഉത്തമഗീതം 8:4) എന്നിരുന്നാലും ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ മറ്റുള്ളവരുമായി സ്നേഹബന്ധങ്ങൾ സ്ഥാപിക്കാനുള്ള നിരവധി അവസരങ്ങൾ നമുക്കു ലഭിക്കും, അതിന് സമയവും ശ്രമവും ആവശ്യമായിരുന്നേക്കാമെങ്കിലും. സ്നേഹത്തിന്റെ ഈ വശത്തെപ്പറ്റി അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും. എന്നാൽ ആദ്യം, യഥാർഥ സ്നേഹം ഇക്കാലത്ത് വിരളമായിരിക്കുന്നതിന്റെ കാരണം പരിചിന്തിക്കുക.
സ്നേഹം “തണുത്തുപോകും”
“ലോകാവസാന”ത്തെക്കുറിച്ചുള്ള തന്റെ മഹത്തായ പ്രവചനത്തിൽ, നമ്മുടെ നാളിലെ അവസ്ഥകളും മനോഭാവങ്ങളും എന്തായിരിക്കുമെന്ന് യേശു കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:3-12) അധർമവും യുദ്ധങ്ങളും ലോകത്തു കൊടികുത്തിവാഴുമെന്ന് അവൻ പറഞ്ഞു; സ്നേഹത്തിന് എത്ര കടകവിരുദ്ധം! “പലരും . . . അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യു”മെന്നും “അനേകരുടെ സ്നേഹം തണുത്തുപോകു”മെന്നും അവൻ പറഞ്ഞു. (മത്തായി 24:3-12) സ്നേഹത്തിന്റെ കാര്യത്തിൽ ലോകം തണുത്തുപോയിരിക്കുന്നു, കുടുംബങ്ങളിൽപ്പോലും യഥാർഥ സ്നേഹം വിരളമായിരിക്കുന്നു. ഈ വസ്തുതകളോടു നിങ്ങൾ യോജിക്കുകയില്ലേ?
യേശുവിന്റെ വാക്കുകൾക്കു പുറമേ, “അന്ത്യകാലത്ത്” ആളുകളുടെ പെരുമാറ്റരീതി എങ്ങനെയുള്ളതായിരിക്കുമെന്ന് അപ്പൊസ്തലനായ പൗലൊസ് വിശദീകരിച്ചു. “മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി”രിക്കുമെന്ന് അവൻ എഴുതി. (2 തിമൊഥെയൊസ് 3:1-4) പല രാജ്യങ്ങളിലും ഇത്തരം പെരുമാറ്റരീതികൾ സർവസാധാരണമായിരിക്കുന്നു.
പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുക: അഹങ്കാരികളും നന്ദികെട്ടവരും അശുദ്ധരും ഏഷണിക്കാരും ദ്രോഹികളുമായ ആളുകളിലേക്കു നിങ്ങൾ ആകർഷിക്കപ്പെടുമോ? സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും ഉല്ലാസപ്രിയരുമായ ആളുകളോടു നിങ്ങൾക്ക് ഇഷ്ടം തോന്നുമോ? സ്വന്തം താത്പര്യങ്ങൾ നോക്കുന്നവരുടെ ബന്ധങ്ങൾ അത്യാഗ്രഹവും വ്യക്തിപരമായ താത്പര്യങ്ങളും മുൻനിറുത്തിയുള്ളതായിരിക്കുന്നതിനാൽ മറ്റുള്ളവരിൽ അവർ കാണിക്കുന്ന താത്പര്യം സ്വാർഥപരമായിരിക്കാനാണു സാധ്യത. അതുകൊണ്ട് തിരുവെഴുത്തുകൾ ജ്ഞാനപൂർവം ബുദ്ധിയുപദേശിക്കുന്നു: “അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”—2 തിമൊഥെയൊസ് 3:5.
അന്ത്യകാലത്തു ജീവിക്കുന്ന ആളുകൾ “വാത്സല്യ”മില്ലാത്തവരായിരിക്കും അല്ലെങ്കിൽ മറ്റൊരു ഭാഷാന്തരം പറയുന്നതുപോലെ അവർക്ക് “കുടുംബത്തോടു സ്വാഭാവികപ്രിയം ഇല്ലായിരിക്കും” എന്ന പ്രസ്താവനയും ശ്രദ്ധിക്കുക. സങ്കടകരമെന്നു പറയട്ടെ, അത്തരം കുടുംബങ്ങളിൽ വളരുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. ഈ കുരുന്നുകൾ മിക്കപ്പോഴും മാധ്യമങ്ങളിൽനിന്നാണു സ്നേഹത്തെപ്പറ്റി മനസ്സിലാക്കുന്നത്. എന്നാൽ മെച്ചപ്പെട്ട ബന്ധങ്ങൾ സൃഷ്ടിക്കുന്ന സ്നേഹത്തിന്റെ ഒരു യഥാർഥ ചിത്രമാണോ മാധ്യമങ്ങൾ വരച്ചുകാട്ടുന്നത്?
സ്നേഹം—കാൽപ്പനികമോ യഥാർഥമോ?
ഒരു പരിധിവരെ നമ്മിൽ മിക്കവരും മാധ്യമങ്ങളാൽ സ്വാധീനിക്കപ്പെടുന്നുണ്ട്. ഒരു ഗവേഷക ഇപ്രകാരം എഴുതി: “കുഞ്ഞുന്നാൾ മുതൽ മുത്തശ്ശിക്കഥകൾ കേട്ടും വായിച്ചുമാണു നാം വളരുന്നത്. ലൈംഗികത, സ്നേഹം, പ്രണയം എന്നിവ സംബന്ധിച്ച് ചലച്ചിത്രങ്ങൾ, ടിവി, പുസ്തകങ്ങൾ, മാസികകൾ, റേഡിയോ, റെക്കോർഡുചെയ്ത സംഗീതം, പരസ്യങ്ങൾ എന്നിവയിൽനിന്ന്, എന്തിന് വാർത്തകളുടെപോലും സ്വാധീനത്തിൽനിന്ന് ഉരുത്തിരിയുന്ന ധാരണകൾ എളുപ്പം പിഴുതെറിയാനാവാതെ സമൂഹത്തിൽ രൂഢമൂലമായിരിക്കുന്നു. ഇവ ഇടതടവില്ലാതെ നമ്മുടെ കണ്ണിലും കാതിലും വന്നലയ്ക്കുന്നു.” അവർ ഇങ്ങനെയും കൂട്ടിച്ചേർത്തു: “നമ്മിൽ മിക്കവർക്കും പൂർണമായി തള്ളിക്കളയാനാവാത്ത ന്യായയുക്തമല്ലാത്ത പ്രതീക്ഷകൾ മനസ്സിൽ രൂപപ്പെടുത്തുകയോ രൂഢമൂലമാക്കുകയോ ചെയ്യുന്ന വിധത്തിലാണ് ലൈംഗികത,
സ്നേഹം, പ്രണയം എന്നിവയെ മിക്ക മാധ്യമങ്ങളും അവതരിപ്പിക്കുന്നത്. നമ്മോടുതന്നെയും നമ്മുടെ വിവാഹിത ഇണയോടും അസംതൃപ്തി തോന്നുന്നതിന് അത് ഇടയാക്കുന്നു.”അതേ, പുസ്തകങ്ങളും ചലച്ചിത്രങ്ങളും ഗാനങ്ങളും സ്നേഹത്തിന്റെ ഒരു യഥാർഥ ചിത്രം അവതരിപ്പിക്കുന്നില്ലെന്നു പറയാം. അവയുടെ മുഖ്യ ഉദ്ദേശ്യം വിനോദിപ്പിക്കുക എന്നതാണ് അല്ലാതെ വിജ്ഞാനം പകരുക എന്നതല്ല. അങ്ങനെ, ഭാവനയും പ്രണയവും കൂട്ടിക്കലർത്തിയ രചനകൾ വൻതോതിൽ ഉത്പാദിപ്പിച്ചുകൊണ്ട് എഴുത്തുകാർ പണം വാരിക്കൂട്ടുന്നു. സങ്കടകരമെന്നു പറയട്ടെ, അത്തരം ഭാവന യാഥാർഥ്യമാണെന്നു തെറ്റിദ്ധരിക്കുക എളുപ്പമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ബന്ധങ്ങൾ കഥയിലെ നായികാനായകന്മാരുടേതുപോലെ അല്ലാതെവരുമ്പോൾ ആളുകൾ നിരാശിതരാകുന്നു. അതുകൊണ്ട് ഭാവനയും യാഥാർഥ്യവും, മാധ്യമങ്ങൾ ചിത്രീകരിക്കുന്ന പ്രണയവും യഥാർഥ സ്നേഹവും തമ്മിലുള്ള വ്യത്യാസം നമുക്ക് എങ്ങനെ തിരിച്ചറിയാനാകും? പിൻവരുന്ന താരതമ്യങ്ങൾ പരിചിന്തിക്കുക.
പ്രണയകഥകളിലെ സ്നേഹവും യഥാർഥ സ്നേഹവും
പുസ്തകങ്ങളിലും സിനിമകളിലും നാടകങ്ങളിലും അവതരിപ്പിച്ചിരിക്കുന്ന പ്രണയകഥകൾ വ്യത്യസ്തമായിരിക്കാമെങ്കിലും അവയുടെ ചട്ടക്കൂടും സൂത്രവാക്യവും ഏതാണ്ട് ഒന്നുതന്നെ ആയിരിക്കും. റൈറ്റർ മാസിക ഇപ്രകാരം പ്രസ്താവിക്കുന്നു: “പ്രണയരചനകളിൽ അധികവും തനിയാവർത്തനമാണ്. നായകൻ നായികയെ കണ്ടുമുട്ടുന്നു, നായകനു നായികയെ നഷ്ടപ്പെടുന്നു, നായകനു നായികയെ തിരികെ കിട്ടുന്നു എന്ന പതിവു സൂത്രവാക്യം, പശ്ചാത്തലവും കാലഘട്ടവും എന്തുതന്നെയായാലും വായനക്കാർ വീണ്ടുംവീണ്ടും വായിക്കാൻ ഇഷ്ടപ്പെടുന്ന, പരീക്ഷിച്ചു ഫലപ്രദമെന്നു തെളിഞ്ഞ ഒന്നാണ് എന്നതാണ് അതിനു കാരണം.” ജനരഞ്ജകമായ ഈ സൂത്രവാക്യം നമുക്കൊന്ന് അടുത്തു പരിശോധിക്കാം.
നായകൻ നായികയെ കണ്ടുമുട്ടുന്നു: സുമുഖനായ ഒരു രാജകുമാരൻ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും അവർ പ്രണയബദ്ധരാകുകയും ചെയ്യുന്നു. പ്രണയകഥകൾ എഴുതി വിജയം കൊയ്ത ഒരു എഴുത്തുകാരി പ്രണയകഥാകൃത്തുക്കളാകാൻ ആഗ്രഹിക്കുന്നവർക്കു പിൻവരുന്ന ഉപദേശം നൽകുന്നു: “[ജോഡികൾ] തമ്മിൽ ആദ്യം കണ്ടുമുട്ടുമ്പോൾത്തന്നെ അവർ ഒന്നിക്കാനുള്ളവരാണെന്നു വായനക്കാർക്കു തോന്നണം.”
പ്രഥമദർശനത്തിൽത്തന്നെയുള്ള അനുരാഗം എന്ന ആശയം യഥാർഥ സ്നേഹം വെറുമൊരു വികാരം, നിങ്ങൾക്കു ചേരുന്ന ഒരാളെ കണ്ടുമുട്ടുമ്പോൾ നിങ്ങളെ കീഴടക്കുന്ന അപ്രതിരോധ്യമായ ഒരു വികാരം, ആണെന്ന സന്ദേശമാണു നൽകുന്നത്—അത്തരം സ്നേഹം പൊടുന്നനെ പൊട്ടിമുളയ്ക്കുന്നതാണ്. അതിന് അൽപ്പംപോലും ശ്രമമോ മറ്റേ വ്യക്തിയെക്കുറിച്ചുള്ള അറിവോ ആവശ്യമില്ല. എന്നിരുന്നാലും യഥാർഥ സ്നേഹം ഒരു വികാരത്തെക്കാൾ കവിഞ്ഞതാണ്. വികാരങ്ങൾ ഉൾപ്പെടുന്നുണ്ട് എന്നുള്ളതു ശരിയാണ്, എന്നാൽ അതോടൊപ്പം തത്ത്വങ്ങളും മൂല്യങ്ങളും കൂടി ഉൾപ്പെടുന്ന ഗാഢമായ ഒരു ആത്മബന്ധമാണ് സ്നേഹം. ഉചിതമാംവണ്ണം ഊട്ടിവളർത്തുകയും നിലനിറുത്തുകയും ചെയ്യുന്നിടത്തോളം ആ ബന്ധം വളർന്നുകൊണ്ടിരിക്കും.—കൊലൊസ്സ്യർ 3:14.
കൂടാതെ മറ്റേ വ്യക്തിയെ അടുത്തറിയാൻ സമയം ആവശ്യമാണ്. ഉത്തമ പങ്കാളിയെ ആദ്യദർശനത്തിൽത്തന്നെ കണ്ടെത്താനായെന്നു വിചാരിക്കുന്നത് തികഞ്ഞ മിഥ്യാധാരണയും മിക്കപ്പോഴും നിരാശയിലേക്കു നയിക്കുന്നതുമാണ്. കൂടാതെ യഥാർഥ സ്നേഹം കണ്ടെത്തിയിരിക്കുന്നെന്നു പെട്ടെന്നു നിഗമനം ചെയ്യുമ്പോൾ, യഥാർഥ സ്നേഹമായിരിക്കാൻ ഇടയില്ലെന്നു സൂചിപ്പിക്കുന്ന വസ്തുതകളുടെ നേരെ നിങ്ങൾ മനസ്സു കൊട്ടിയടയ്ക്കുകയായിരിക്കും ചെയ്യുന്നത്. യോജിച്ച ഇണയെ തിരഞ്ഞെടുക്കുമ്പോൾ യുക്തിസഹമല്ലാത്ത അഭിനിവേശത്തിന്റെ തിരത്തള്ളലിനാൽ രൂപംകൊള്ളുന്ന വികാരം മാത്രം കണക്കിലെടുത്താൽ പോരാ. അതുകൊണ്ട് ധൃതികൂട്ടാതിരിക്കുക. ഇണയുടെ കാര്യത്തിൽ ബുദ്ധിശൂന്യമായ തിരഞ്ഞെടുപ്പ് ജോലിയുടെ കാര്യക്ഷമതയെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ആയുസ്സിനെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് അസംഖ്യം പഠനങ്ങൾ കാണിക്കുന്നു.
നായകനു നായികയെ നഷ്ടപ്പെടുന്നു: ദുഷ്ടനായ ഒരു പ്രഭു സുന്ദരിയായ പെൺകുട്ടിയെ അപഹരിച്ച് കൊട്ടാരത്തിൽനിന്നു രക്ഷപ്പെടുന്നു. അവളെയുംതേടി രാജകുമാരൻ അപകടങ്ങൾനിറഞ്ഞ യാത്ര തുടങ്ങുന്നു. റൊമാൻസ് റൈറ്റേഴ്സ് ഓഫ് അമേരിക്ക എന്ന സംഘടനയുടെ വക്താവ് പറയുന്നു: “രണ്ടു വ്യക്തികൾ പ്രണയബദ്ധരാകുകയും തങ്ങളുടെ ബന്ധം വിജയകരമാക്കാൻ
പൊരുതുകയും ചെയ്യുന്നതായിരിക്കണം ഒരു പ്രണയകഥയുടെ മുഖ്യകഥാംശം.” മിക്ക നോവലുകളിലും ബന്ധം വിജയിക്കുകതന്നെ ചെയ്യും, വായനക്കാർക്ക് അത് അറിയാം. ബന്ധത്തിനു പുറത്തുനിന്നു വരുന്ന തടസ്സങ്ങളെ പ്രണയിതാക്കൾ മിക്കപ്പോഴും അതിജീവിക്കുന്നു.യഥാർഥ ജീവിതത്തിൽ സാധാരണമായി ബന്ധത്തിനു പുറത്തുനിന്നും അകത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ പണവും ജോലിയും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഉൾപ്പെട്ടേക്കാം. ഒരാൾ മറ്റേയാളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാതെ വരുമ്പോഴും പ്രശ്നങ്ങൾ പൊന്തിവന്നേക്കാം. കഥകളിലെയും മറ്റും നായികാനായകന്മാർക്കു സാധാരണമായി തെറ്റുകുറ്റങ്ങളൊക്കെ തീരെ കുറവായിരിക്കും. എന്നാൽ ജീവിതത്തിൽ അത് എല്ലായ്പോഴും അങ്ങനെയായിരിക്കണമെന്നില്ല. കൂടാതെ ജീവിതക്ലേശങ്ങളെയോ വീക്ഷണങ്ങൾ, പശ്ചാത്തലങ്ങൾ, ആഗ്രഹങ്ങൾ, വ്യക്തിത്വങ്ങൾ എന്നിവയിലുള്ള വ്യത്യാസങ്ങളെയോ തരണംചെയ്യണമെങ്കിൽ യഥാർഥ സ്നേഹം ഉള്ളതുകൊണ്ടു മാത്രമായില്ല, നമ്മുടെ ഭാഗത്ത് നല്ല ശ്രമവും ആവശ്യമാണ്. നിഷ്പ്രയാസം അല്ലെങ്കിൽ സ്വാഭാവികമായി ഉളവാകാത്ത ഗുണങ്ങളായ സഹകരണവും താഴ്മയും സൗമ്യതയും ക്ഷമയും ദീർഘക്ഷമയും സ്നേഹത്തിൽ ഉൾപ്പെടുന്നു.—1 കൊരിന്ത്യർ 13:4-7.
നായകന് നായികയെ തിരികെ കിട്ടുന്നു. രാജകുമാരൻ സുന്ദരിയായ പെൺകുട്ടിയെ രക്ഷിക്കുകയും പ്രഭുവിനെ തുരത്തുകയും ചെയ്യുന്നു. രാജകുമാരൻ അവളെ വിവാഹം കഴിക്കുന്നു. പിന്നീട് എന്നേക്കും അവർ സുഖമായി ജീവിക്കുന്നു. പ്രണയനോവലുകളുടെ ഒരു രചയിതാവ് അത്തരം കഥകളുടെ എഴുത്തുകാരാകാൻ ആഗ്രഹിക്കുന്നവർക്കു പിൻവരുന്ന ഉപദേശം നൽകുന്നു: “പിന്നീടുള്ള കാലം അവർ സുഖമായി ജീവിച്ചെന്ന ശുഭാന്ത്യം കൂടിയേതീരൂ . . . പ്രണയിതാക്കൾ ഒന്നിച്ചു, അവർ സന്തുഷ്ടരാണ് എന്നുള്ളതിൽ വായനക്കാർ സംതൃപ്തിയടയണം.” വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം കഥാപാത്രങ്ങൾക്ക് എന്തു സംഭവിക്കുന്നുവെന്ന് പ്രണയനോവലുകൾ സാധാരണ പ്രതിപാദിക്കാറില്ല. ആ സമയത്ത് അഭിപ്രായവ്യത്യാസങ്ങളും പലതരം വെല്ലുവിളികളും ബുദ്ധിമുട്ടുകളും അവരുടെ ബന്ധത്തിന്റെ മാറ്റുരച്ചിട്ടുണ്ടാവാം. അത്തരം പരീക്ഷകളിൽ പല വിവാഹങ്ങളും പരാജയപ്പെടുന്നുവെന്നാണ് വിവാഹമോചന സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്.
അതേ, കഥകളിലെ പ്രണയം താരതമ്യേന എളുപ്പമാണ്, എന്നാൽ യഥാർഥ സ്നേഹത്തിനു ശ്രമം ആവശ്യമാണ്. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് യുക്തിരഹിതവും യഥാർഥ്യബോധമില്ലാത്തതുമായ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നതിൽനിന്നു നിങ്ങളെ സംരക്ഷിക്കും. എടുത്തുചാടി വാഗ്ദാനങ്ങൾ ചെയ്ത് പിന്നീട് ഖേദിക്കുന്നതിൽനിന്ന് അതു നിങ്ങളെ തടയും. യഥാർഥവും നിസ്സ്വാർഥവുമായ സ്നേഹം വളർത്തിയെടുക്കാൻ കഴിയുന്ന വിധത്തെക്കുറിച്ചും മറ്റുള്ളവർക്ക് ഏറെ പ്രിയങ്കരരായിത്തീരാൻ കഴിയുന്നത് എങ്ങനെയെന്നും അടുത്ത ലേഖനം ചർച്ച ചെയ്യുന്നു.
[5-ാം പേജിലെ ആകർഷക വാക്യം]
അധികം സ്നേഹിക്കാത്ത ആളുകൾ അധികം സ്നേഹിക്കപ്പെടുന്നില്ല
[7-ാം പേജിലെ ആകർഷക വാക്യം]
കഥകളിലെ സ്നേഹം താരതമ്യേന എളുപ്പമാണ്; യഥാർഥ സ്നേഹത്തിനു ശ്രമം ആവശ്യമാണ്
[6-ാം പേജിലെ ചതുരം/ചിത്രം]
പ്രണയകഥകളിലെ നായികാനായകന്മാർ
ഐക്യനാടുകളിൽ ഓരോ വർഷവും 4,500 കോടിയിലധികം രൂപയ്ക്ക് പ്രണയനോവലുകൾ വിറ്റഴിക്കപ്പെടുന്നു. ആ രാജ്യത്തു വിൽക്കപ്പെടുന്ന കട്ടിബയൻഡിടാത്ത നോവലുകളിൽ പകുതിയോളം പ്രണയനോവലുകളാണ്. റൊമാൻസ് റൈറ്റേഴ്സ് ഓഫ് അമേരിക്ക എന്ന സംഘടന പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് നായകന്റെ കായികബലം, സൗന്ദര്യം, ബുദ്ധി എന്നിങ്ങനെ മുഖ്യമായി മൂന്ന് സവിശേഷതകളെക്കുറിച്ചു വായിക്കാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. ഈ വായനക്കാരിൽ 90 ശതമാനവും സ്ത്രീകളാണ്. നായികമാരിലാകട്ടെ ഏറ്റവും ജനരഞ്ജകമായ ഗുണങ്ങൾ ബുദ്ധി, ധാർമികബലം, ആകർഷണീയത എന്നിവയും.
[6, 7 പേജുകളിലെ ചിത്രങ്ങൾ]
മാധ്യമങ്ങൾ വിരളമായേ സ്നേഹത്തിന്റെ യഥാർഥ ചിത്രം അവതരിപ്പിക്കുന്നുള്ളൂ