സ്കൂളിലെ സെക്സ്—എനിക്ക് എങ്ങനെ വിട്ടുനിൽക്കാം?
യുവജനങ്ങൾ ചോദിക്കുന്നു . . .
സ്കൂളിലെ സെക്സ്—എനിക്ക് എങ്ങനെ വിട്ടുനിൽക്കാം?
“കുട്ടികൾ എല്ലാ ദിവസവും സെക്സിനെപ്പറ്റി സംസാരിക്കുന്നു. എന്തിന്, പെൺകുട്ടികൾ ആ ഉദ്ദേശ്യത്തോടെതന്നെ ആൺകുട്ടികളെ സമീപിച്ച് സ്കൂളിൽവെച്ചുതന്നെ അവർ സെക്സിൽ ഏർപ്പെടുന്നു.”—ഐലിൻ, 16.
“എന്റെ സ്കൂളിൽ, സ്വവർഗസംഭോഗികൾ എല്ലാ കുട്ടികളും കാൺകെ അധാർമിക കാര്യങ്ങൾ ചെയ്യുന്നു, അതിൽ അവർക്കു യാതൊരു കൂസലുമില്ല.”—മൈക്കൽ, 15. a
നിങ്ങളുടെ സഹപാഠികളുടെ സ്ഥിരം സംസാരവിഷയം ലൈംഗികതയാണോ? അവരിൽ ചിലർ സംസാരത്തിനും അപ്പുറം പോകാറുണ്ടോ? അങ്ങനെയെങ്കിൽ, സ്കൂളിലായിരിക്കുന്നതിനെ “ഒരു ‘എ’ പടത്തിന്റെ സെറ്റിൽ ജോലി ചെയ്യുന്ന”തിനോടു താരതമ്യപ്പെടുത്തിയ ഒരു കൗമാരപ്രായക്കാരിയുടെ അതേ വികാരമായിരിക്കും നിങ്ങൾക്കും. സ്കൂളിലായിരിക്കുമ്പോൾ, ലൈംഗികതയെപ്പറ്റി ചർച്ചചെയ്യാൻ അല്ലെങ്കിൽ അതിൽ ഏർപ്പെടാൻപോലുമുള്ള അവസരങ്ങളുടെ ഒരു പ്രളയംതന്നെ പല യുവജനങ്ങളും അഭിമുഖീകരിക്കുന്നു എന്നുള്ളതാണു വസ്തുത.
സഹപാഠികൾ ‘ഹുക്കിങ്-അപ്പ്’ എന്നതിനെക്കുറിച്ചു ചർച്ച ചെയ്യുന്നത് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. വൈകാരികമായി യാതൊരു പ്രതിബദ്ധതയുമില്ലാതെ ലൈംഗികതയിൽ ഏർപ്പെടുന്നതിനെയാണ് ആ പദപ്രയോഗം അർഥമാക്കുന്നത്. ചില കേസുകളിൽ കുട്ടികൾ തങ്ങൾക്ക് അധികമൊന്നും പരിചയമില്ലാത്തവരുമായി ഹുക്ക്-അപ്പ് നടത്തുന്നു. മറ്റു ചില കേസുകളിൽ ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട തികച്ചും അപരിചിതരായ ആളുകളുമായി അവർ ലൈംഗികതയിൽ ഏർപ്പെടുന്നു. രണ്ടു സാഹചര്യങ്ങളിലും സ്നേഹത്തെ പടിക്കുപുറത്തു നിറുത്തുക എന്നതാണ് ഹുക്കിങ്-അപ്പ് എന്നതിന്റെ ലക്ഷ്യം. “രണ്ടു വ്യക്തികൾ തങ്ങളുടെ ശാരീരിക തൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നു എന്നതിൽ കവിഞ്ഞ അർഥമൊന്നും അതിനില്ല” എന്ന് 19 വയസ്സുകാരി ഡാൻയെൽ പറയുന്നു.
പല സ്കൂളുകളിലും ഹുക്കിങ്-അപ്പ് ചൂടുപിടിച്ച ഒരു ചർച്ചാവിഷയമായി മാറിയിരിക്കുന്നു. “ഓരോ വാരാന്തത്തിനു ശേഷവും, ഏറ്റവും പുതിയ ഹുക്ക്-അപ്പിനെക്കുറിച്ചുള്ള പച്ചയായ വിവരണങ്ങളെല്ലാം ആവേശഭരിതരായി കൂട്ടുകാരോടു മന്ത്രിക്കുന്ന വിദ്യാർഥികളെക്കൊണ്ട് ഇടനാഴികൾ നിറഞ്ഞിരിക്കും” എന്ന് തന്റെ സ്കൂൾ പത്രത്തിൽ ഒരു 17 വയസ്സുകാരി എഴുതുകയുണ്ടായി.
ലൈംഗികതയെക്കുറിച്ചല്ലാതെ മറ്റൊന്നും സംസാരിക്കാനില്ലാത്തവരുടെ ഇടയിലായിരിക്കുമ്പോൾ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്നത് നിങ്ങളെ ഒറ്റപ്പെടുത്തിയേക്കാം. ഇനി കൂട്ടത്തോടൊപ്പം ചേരുന്നില്ലെങ്കിൽ നിങ്ങൾ പരിഹാസപാത്രമാകാനും ഇടയുണ്ട്. ഒരു പരിധിവരെ ഇത് പ്രതീക്ഷിക്കേണ്ടതാണ്, കാരണം മറ്റുള്ളവർക്കു നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചു മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ നിങ്ങളെ “ദുഷി”ച്ചു പറഞ്ഞുകൊണ്ട് അവർ പ്രതികരിച്ചേക്കാമെന്നു ബൈബിൾ പറയുന്നു. (1 പത്രൊസ് 4:3, 4) എന്നിരുന്നാലും ആരും പരിഹാസപാത്രമാകാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് സ്കൂളിലായിരിക്കുമ്പോൾ ലൈംഗികതയെ തിരസ്കരിക്കാനും നിങ്ങളുടെ നിലപാടിനെ പ്രതി ഉചിതമായ ആത്മാഭിമാനം നിലനിറുത്താനും എങ്ങനെ കഴിയും? ആദ്യംതന്നെ, ലൈംഗിക പ്രലോഭനങ്ങൾ ഇത്രയും ശക്തമായിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കേണ്ടതുണ്ട്.
നിങ്ങളെത്തന്നെ മനസ്സിലാക്കുക
കൗമാരപ്രായത്തിൽ നിങ്ങൾക്കു ദ്രുതഗതിയിൽ ശാരീരികവും മാനസികവുമായ വ്യതിയാനങ്ങൾ സംഭവിക്കുന്നു. ഈ കാലയളവിൽ നിങ്ങൾക്കു തീവ്രമായ ലൈംഗിക ഉത്തേജനം അനുഭവപ്പെടും, അതു തികച്ചും സ്വാഭാവികമാണുതാനും. അതുകൊണ്ട് സ്കൂളിൽ വിപരീത ലിംഗവർഗത്തിൽപ്പെട്ടവരോടു ശക്തമായ ആകർഷണം തോന്നുകയാണെങ്കിൽ, നിങ്ങൾക്കു സ്വഭാവദൂഷ്യം ഉണ്ടെന്നോ ധാർമികശുദ്ധി നിലനിറുത്താനുള്ള സ്വാഭാവികമായ പ്രാപ്തി ഇല്ലെന്നോ നിഗമനം ചെയ്യാതിരിക്കുക. നിർമലരായിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് അതിനു കഴിയും!
കൗമാര വർഷങ്ങളിൽ ഒരു ആന്തരിക പോരാട്ടമുണ്ടെന്ന വസ്തുതയ്ക്കു പുറമേ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. അപൂർണരായതിനാൽ, എല്ലാ മനുഷ്യരും ദോഷത്തിലേക്കു ചായ്വുള്ളവരാണെന്ന കാര്യം. അപ്പൊസ്തലനായ പൗലൊസ് പോലും ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” തന്റെ അപൂർണതകൾ തന്നെ “അരിഷ്ടമനുഷ്യൻ” ആക്കിത്തീർക്കുന്നു എന്നു പൗലൊസ് പറഞ്ഞു. (റോമർ 7:23, 24) എന്നിരുന്നാലും അവൻ പോരാട്ടത്തിൽ വിജയിച്ചു, നിങ്ങൾക്കും അതിനു കഴിയും!
നിങ്ങളുടെ സഹപാഠികളെ മനസ്സിലാക്കുക
നേരത്തേ സൂചിപ്പിച്ചതുപോലെ, നിങ്ങളുടെ സഹപാഠികൾ എപ്പോഴും ലൈംഗികതയെപ്പറ്റി സംസാരിക്കുകയോ തങ്ങൾ നടത്തിയതായി അവകാശപ്പെടുന്ന ലൈംഗികകേളികളെപ്പറ്റി വീമ്പിളക്കുകയോ ചെയ്തേക്കാം. അവരുടെ അനാരോഗ്യകരമായ സ്വാധീനത്തിനെതിരെ നിങ്ങൾ ജാഗ്രത പുലർത്തണം. (1 കൊരിന്ത്യർ 15:33) എന്നാൽ സഹപാഠികളെ നിങ്ങൾ ശത്രുക്കളായി വീക്ഷിക്കേണ്ടതില്ല. എന്തുകൊണ്ട്?
നിങ്ങൾക്കുള്ള അതേ കൗമാരമോഹങ്ങൾ തന്നെയാണ് നിങ്ങളുടെ സഹപാഠികൾക്കുമുള്ളത്. ദോഷം പ്രവർത്തിക്കാനുള്ള ചായ്വ് അവർക്കുമുണ്ട്. എന്നാൽ നിങ്ങളിൽനിന്നു വ്യത്യസ്തരായി അവരിൽ ചിലർ “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരാ”യിരിക്കാം. അല്ലെങ്കിൽ കുടുംബാംഗങ്ങൾക്ക് ഇടയിൽ “വാത്സല്യമില്ലാത്ത” ഭവനങ്ങളിൽനിന്ന് ഉള്ളവരായിരിക്കാം. (2 തിമൊഥെയൊസ് 3:1-4) വാത്സല്യമുള്ള മാതാപിതാക്കൾ മക്കൾക്കു നൽകുന്ന സ്നേഹനിർഭരമായ ശിക്ഷണവും ധാർമിക പരിശീലനവും ലഭിക്കാത്തവരായിരിക്കാം നിങ്ങളുടെ ചില സഹപാഠികൾ.—എഫെസ്യർ 6:4.
ജ്ഞാനത്തിന്റെ ഉന്നത ഉറവായ ദൈവവചനമായ ബൈബിളിൽനിന്നുള്ള ജ്ഞാനം നിങ്ങൾക്കു വിരൽത്തുമ്പിൽ ലഭ്യമാണ്. എന്നാൽ അതില്ലാത്ത നിങ്ങളുടെ സഹപാഠികൾ ആഗ്രഹങ്ങൾക്ക് എളുപ്പം വഴിപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അജ്ഞരായിരുന്നേക്കാം. (റോമർ 1:26, 27) അത് അവരുടെ മാതാപിതാക്കൾ അവർക്ക് ഒരു കാർ കൊടുത്തിട്ട് അത് എങ്ങനെ ഓടിക്കണമെന്നു പഠിപ്പിക്കാതെ തിരക്കുപിടിച്ച ഒരു ഹൈവേയിലേക്ക് അവരെ പറഞ്ഞുവിടുന്നതിനു തുല്യമായിരിക്കും. വാഹനം ഓടിക്കുന്നത് താത്കാലികമായി ഹരം പകരുമെങ്കിലും അപകടം ഉറപ്പാണ്. അതുകൊണ്ട് നിങ്ങളുടെ സാന്നിധ്യത്തിൽ സഹപാഠികൾ ലൈംഗികതയെപ്പറ്റി സംസാരിക്കാൻ തുടങ്ങുകയോ അല്ലെങ്കിൽ അവരുടെ അധാർമിക പ്രവൃത്തികളിൽ പങ്കുചേരാൻ നിങ്ങളെ നിർബന്ധിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
അശ്ലീല സംസാരത്തിൽനിന്ന് ഒഴിഞ്ഞുമാറുക
സഹപാഠികൾ ലൈംഗിക അധാർമികതയെപ്പറ്റി സംസാരിക്കാൻ തുടങ്ങുകയാണെങ്കിൽ അതു കേൾക്കാനും വ്യത്യസ്തരായി വീക്ഷിക്കപ്പെടാതിരിക്കേണ്ടതിന് അവരോടൊപ്പം കൂടാൻപോലും നിങ്ങൾ പ്രലോഭിതരായേക്കാം. പക്ഷേ നിങ്ങളെക്കുറിച്ച് അതു നൽകുന്ന സന്ദേശം എന്തായിരിക്കുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ? അവരുടെ സംഭാഷണത്തിലുള്ള നിങ്ങളുടെ താത്പര്യം നിങ്ങൾ ഏതുതരം വ്യക്തിയാണ് അല്ലെങ്കിൽ ഏതുതരം വ്യക്തിയായിരിക്കാൻ ആഗ്രഹിക്കുന്നു എന്നതിനു സൂചന നൽകുകയില്ലേ?
ലൈംഗിക അധാർമികതയെന്ന വിഷയം സംഭാഷണത്തിലേക്കു കടന്നുവരുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? നിങ്ങൾ അവിടെനിന്നു മാറിപ്പോകണമോ? തീർച്ചയായും! (എഫെസ്യർ 5:3, 4) ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) അതുകൊണ്ട് അത്തരം സംഭാഷണത്തിൽനിന്ന് ഒഴിഞ്ഞു മാറുമ്പോൾ നിങ്ങൾ അപമര്യാദയായി പെരുമാറുകയല്ല മറിച്ച് വിവേകം പ്രകടമാക്കുകയാണ്.
സഭ്യമല്ലാത്ത സംസാരത്തിൽനിന്ന് ഒഴിഞ്ഞുമാറുമ്പോൾ നിങ്ങൾക്കു സങ്കോചം തോന്നേണ്ട കാര്യമില്ല. യാതൊരു സങ്കോചവുമില്ലാതെ നിങ്ങൾ ഒഴിഞ്ഞുമാറിയേക്കാവുന്ന മറ്റു പലതരം സംഭാഷണങ്ങളുണ്ട്, പ്രത്യേകിച്ച് ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളിൽ നിങ്ങൾക്കു താത്പര്യമൊന്നും ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ അതിൽ ഉൾപ്പെടാൻ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുമ്പോൾ. ദൃഷ്ടാന്തത്തിന്, ഒരു കൂട്ടം സഹപാഠികൾ ഒരു സായുധകൊള്ള നടത്തുന്നതിനെപ്പറ്റി സംസാരിക്കാൻ തുടങ്ങിയെന്നു കരുതുക. നിങ്ങൾ അവിടെ ചുറ്റിപ്പറ്റിനിന്ന് ആ പദ്ധതിയെക്കുറിച്ചു കേൾക്കുമോ? നിങ്ങൾ അതു കേട്ടുനിൽക്കുന്നെങ്കിൽ നിങ്ങളും അതിലൊരു കൂട്ടാളിയായി
വീക്ഷിക്കപ്പെടാനിടയുണ്ട്. അതുകൊണ്ട് ജ്ഞാനപൂർവം നിങ്ങൾ അവിടെനിന്നു മാറിപ്പോകും. സംഭാഷണത്തിലേക്ക് അധാർമിക ലൈംഗികവിഷയങ്ങൾ കടന്നുവരുമ്പോഴും അതുതന്നെ ചെയ്യുക. സ്വയം നീതിമാനായി കാണിക്കാതെയും പരിഹാസം ക്ഷണിച്ചു വരുത്താതെയും അവിടെനിന്നു പോകാൻ മിക്കപ്പോഴും നിങ്ങൾക്ക് ഒരു വഴി കണ്ടെത്താനാകും.എന്നിരുന്നാലും ഇത്തരമൊരു സാഹചര്യത്തിൽനിന്നു മാറിപ്പോകാൻ എല്ലായ്പോഴും സാധിച്ചെന്നു വരില്ല. ഉദാഹരണത്തിന്, ക്ലാസ്സിൽ നിങ്ങളുടെ അടുത്ത് ഇരിക്കുന്ന കുട്ടികൾ ലൈംഗിക സംബന്ധമായ സംഭാഷണങ്ങളിൽ നിങ്ങളെയും ഉൾപ്പെടുത്താൻ ശ്രമിച്ചെന്നുവരാം. അങ്ങനെയാണെങ്കിൽ നിങ്ങൾക്കു ശ്രദ്ധാശൈഥില്യമുണ്ടാക്കരുതെന്നു ദൃഢമായി എന്നാൽ മര്യാദയോടെ അവരോടു പറയാവുന്നതാണ്. അതു വിജയിക്കുന്നില്ലെങ്കിൽ ബ്രെൻഡ ചെയ്തതുപോലെ നിങ്ങൾക്കു ചെയ്യാവുന്നതാണ്. അവൾ പറയുന്നു: “ഞാൻ വിവേചനയോടെ ടീച്ചറിനെ സമീപിച്ച് എന്നെ മറ്റൊരു സ്ഥാനത്ത് ഇരുത്താൻ അഭ്യർഥിച്ചു.”
വിവേചന പ്രകടമാക്കുക
അവരുടെ വൃത്തികെട്ട സംഭാഷണങ്ങളിൽ നിങ്ങൾ പങ്കുചേരാത്തത് എന്തുകൊണ്ടാണെന്ന് അറിയാൻ ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ സഹപാഠികളിൽ ചിലർ ആകാംക്ഷ പ്രകടിപ്പിച്ചേക്കും. നിങ്ങളുടെ ധാർമിക മൂല്യങ്ങളെപ്പറ്റി അവർ ചോദിക്കുമ്പോൾ ഉത്തരം പറയുന്നതിൽ വിവേചന പ്രകടമാക്കുക. നിങ്ങളുടെ വീക്ഷണത്തെക്കുറിച്ചു മനസ്സിലാക്കുന്നതിനു പകരം നിങ്ങളെ വെറുതേ കളിയാക്കുന്നതിനു വേണ്ടിയായിരിക്കാം ചിലർ ചോദിക്കുന്നത്. എന്നാൽ ശുദ്ധമായ ആന്തരത്തോടെയാണ് ഒരാൾ ചോദിക്കുന്നതെങ്കിൽ നിങ്ങളുടെ വിശ്വാസങ്ങളെപ്പറ്റി അഭിമാനത്തോടെ തുറന്നു സംസാരിക്കുക. ബൈബിൾ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുന്നതിന്റെ പ്രയോജനങ്ങൾ മനസ്സിലാക്കാൻ തങ്ങളുടെ സഹപാഠികളെ സഹായിക്കേണ്ടതിന് പല യുവജനങ്ങളും യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗിക ഉത്തരങ്ങളും എന്ന പുസ്തകം ഉപയോഗിച്ചിരിക്കുന്നു. b
ദൃഢചിത്തരായിരിക്കുക
ഒരു സഹപാഠി നിങ്ങളെ സ്പർശിക്കാനോ ചുംബിക്കാനോ ധൈര്യപ്പെടുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? അതു ചെയ്യാൻ അയാളെ അനുവദിക്കുകയാണെങ്കിൽ, തെറ്റായ കാര്യങ്ങൾ തുടർന്നും ചെയ്യാൻ നിങ്ങൾ അയാളെ പ്രോത്സാഹിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. തന്നെ കടന്നുപിടിക്കാനും ചുംബിക്കാനും ഒരു അധാർമിക സ്ത്രീയെ അനുവദിച്ച ഒരു യുവാവിനെപ്പറ്റി ബൈബിൾ വിവരിക്കുന്നു. തന്നോടു ശൃംഗാരഭാവത്തോടെ സംസാരിക്കാനും അവൻ അവളെ അനുവദിച്ചു. ഫലമെന്തായിരുന്നു? “അറുക്കുന്നേടത്തേക്കു കാള . . . പോകുന്നതുപോലെ . . . അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.”—സദൃശവാക്യങ്ങൾ 7:13-23.
അതിനു വിപരീതമായി, സമാനമായ സാഹചര്യത്തെ യോസേഫ് കൈകാര്യം ചെയ്തത് എങ്ങനെയെന്നു പരിചിന്തിക്കുക. അവനെ വശീകരിക്കാൻ യജമാനന്റെ ഭാര്യ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു, എന്നാൽ അവൻ അവളുടെ പ്രലോഭനങ്ങളെ ദൃഢമായി ചെറുത്തുനിന്നു. അവസാനം അവനെ കടന്നുപിടിക്കാൻ അവൾ ശ്രമിച്ചപ്പോൾ അവൻ നിർണായക നടപടി എടുക്കുകയും അവിടെനിന്ന് ഓടിപ്പോകുകയും ചെയ്തു.—ഉല്പത്തി 39:7-12.
ഒരു സഹപാഠിയോ അല്ലെങ്കിൽ പരിചയത്തിലുള്ള ആരെങ്കിലുമോ നിങ്ങളെ അനുചിതമായ രീതിയിൽ സ്പർശിക്കാൻ ശ്രമിക്കുകയാണെങ്കിൽ യോസേഫിനെപ്പോലെ നിങ്ങളും ശക്തമായ നടപടികൾ എടുക്കേണ്ടി വന്നേക്കാം. ഐലീൻ പറയുന്നു, “ഒരാൾ എന്നെ സ്പർശിക്കാൻ ശ്രമിക്കുകയാണെങ്കിൽ, വേണ്ട എന്നു ഞാൻ അവനു താക്കീതു നൽകും. അവൻ അതു വകവെക്കുന്നില്ലെങ്കിൽ കൈയെടുക്കൂ എന്നു പറഞ്ഞ് ഞാൻ അവന്റെ നേരെ ആക്രോശിക്കും.” തന്റെ സ്കൂളിലെ യുവാക്കളെക്കുറിച്ച് ഐലീൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിങ്ങളെ ബഹുമാനിക്കാൻ അവരെ നിർബന്ധിതരാക്കുന്ന വിധത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ അവർ നിങ്ങളെ ബഹുമാനിക്കുകയുള്ളൂ.”
അശ്ലീല സംസാരം കേൾക്കാൻ വിസമ്മതിക്കുകയും ഉചിതമായിരിക്കുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ ധാർമിക നിലപാടിനെപ്പറ്റി ആദരപൂർവം വിശദീകരിക്കുകയും അധാർമിക സമീപനങ്ങളെ ശക്തമായി ചെറുത്തുനിൽക്കുകയും ചെയ്യുന്നപക്ഷം നിങ്ങൾക്കും നിങ്ങളുടെ സഹപാഠികളുടെ ആദരവ് നേടിയെടുക്കാം. ഇതിനു കൂടുതലായ ഒരു പ്രയോജനം കൂടിയുണ്ട്, നിങ്ങൾക്ക് എന്തെന്നില്ലാത്ത ചാരിതാർഥ്യം തോന്നും. സർവോപരി, നിങ്ങൾക്ക് യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കും.—സദൃശവാക്യങ്ങൾ 27:11.
ചിന്തിക്കാൻ:
◼ എന്തു പറഞ്ഞുകൊണ്ട് നിങ്ങൾക്ക് അശ്ലീല സംഭാഷണത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയും?
◼ ഒരു സഹപാഠി നിങ്ങളോട് സഭ്യമല്ലാത്ത വിധത്തിൽ പെരുമാറിയാൽ നിങ്ങൾ എന്തു പറയും, എന്തു ചെയ്യും?
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[27-ാം പേജിലെ ചിത്രം]
സംഭാഷണം ലൈംഗിക അധാർമികതയിലേക്കു കടക്കുകയാണെങ്കിൽ, അവിടംവിടുക
[28-ാം പേജിലെ ചിത്രം]
അധാർമിക സമീപനങ്ങളെ ശക്തമായി ചെറുക്കുക