സ്നേഹത്തിനായുള്ള ദാഹം
സ്നേഹത്തിനായുള്ള ദാഹം
ഇന്നു ടർക്കി എന്നറിയപ്പെടുന്ന ദേശത്തുള്ള ഒരു നഗരത്തിൽ പണ്ടുപണ്ട് ലേയ എന്നു പേരുള്ള ഒരു പെൺകുട്ടി ജീവിച്ചിരുന്നു. ലേയ കാഴ്ചയിൽ അത്ര സുമുഖിയൊന്നും ആയിരുന്നില്ല, എന്നാൽ അവളുടെ അനുജത്തി റാഹേൽ സുന്ദരിയായിരുന്നു.
റാഹേൽ കണ്ടുമുട്ടിയ ഒരു പുരുഷൻ അവളിൽ അനുരക്തനായി. അവളെ സ്വന്തമാക്കാനായി അവളുടെ പിതാവിനുവേണ്ടി ഏഴു വർഷം വേലചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ വിവാഹരാത്രിയിൽ ആ പെൺകുട്ടികളുടെ പിതാവ് റാഹേലിനു പകരം ലേയയെ ആ മനുഷ്യനു ഭാര്യയായി കൊടുത്തു. തന്റെ പിതാവിന്റെ തന്ത്രത്തെക്കുറിച്ചു ലേയയ്ക്ക് എന്തു തോന്നിയെന്നു നമുക്ക് അറിയില്ലെങ്കിലും അതു തന്റെ ദാമ്പത്യജീവിതത്തിനു നല്ലൊരു തുടക്കമാകുകയില്ലെന്ന് അവൾ ചിന്തിച്ചുകാണണം.
എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കിയപ്പോൾ നവവരൻ ക്ഷുഭിതനായി. മൂത്ത മകളുടെ വിവാഹം ആദ്യം നടത്തുക എന്നതാണ് അവിടത്തെ സമ്പ്രദായമെന്നു പിതാവു വിശദീകരിച്ചു. ലേയ അങ്ങനെ ചതിയിൽപെട്ട്, തന്റെ അനുജത്തിയോട് ആദ്യാനുരാഗം തോന്നിയ പുരുഷന്റെ ഭാര്യയായി. പിന്നീട് അനുജത്തി റാഹേലും ആ മനുഷ്യന്റെ ഭാര്യയായി. സ്നേഹത്തിന്റെ അധികപങ്കും തന്റെ സഹോദരിക്കു ലഭിക്കുന്നതു കണ്ടപ്പോൾ ലേയയ്ക്ക് എത്രയധികം നിരാശ തോന്നിയിരിക്കണം. പ്രണയസല്ലാപങ്ങളുടെ നിറച്ചാർത്തുള്ള കഥകളൊന്നുമില്ലായിരുന്നു ലേയയ്ക്കു പറയാൻ, ഇനി ഉണ്ടെങ്കിൽത്തന്നെ അത് അവളുടെ വിവാഹദിനത്തിന്റെ ഏതാനും മധുരസ്മരണകൾ മാത്രമായിരുന്നു. റാഹേലിനു ലഭിക്കുന്നത്രയും സ്നേഹം തനിക്കും ലഭിച്ചിരുന്നെങ്കിലെന്ന് അവൾ എത്രയധികം വാഞ്ഛിച്ചുകാണണം. അതുകൊണ്ടുതന്നെ താൻ അനിഷ്ടയും വേണ്ടാത്തവളും ആണെന്ന് പലപ്പോഴും ലേയയ്ക്കു തോന്നിയിരിക്കണം. അവളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളായിരുന്നു ഭാഗികമായി അതിനു കാരണം. a
ഒരു പരിധിവരെ, ഇന്നു പലരുടെയും അവസ്ഥ ലേയയുടേതിനു സമാനമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള രൂഢമൂലമായ ആഗ്രഹം നമ്മിൽ എല്ലാവരിലുമുണ്ട്. ഒരുപക്ഷേ സ്നേഹമയിയായ ഒരു ഇണയ്ക്കായി നാം വാഞ്ഛിക്കുന്നുണ്ടാകാം. മാതാപിതാക്കൾ, കുട്ടികൾ, കൂടെപ്പിറപ്പുകൾ, സുഹൃത്തുക്കൾ എന്നിവരുടെ സ്നേഹത്തിനു പാത്രമാകാനും നാം ആഗ്രഹിക്കുന്നു. നമുക്ക് കിട്ടാത്ത സ്നേഹം മറ്റുള്ളവർക്കു കിട്ടുന്നത് ലേയയെപ്പോലെ നാമും കാണുന്നുണ്ടായിരിക്കാം.
രൂപലാവണ്യമുള്ള സ്ത്രീപുരുഷന്മാർ പ്രേമബദ്ധരാകുകയും ശിഷ്ടകാലം സുഖമായി ജീവിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രണയകഥകൾ നാം ചെറുപ്പം മുതൽ കേൾക്കുന്നു. ഗായകർ വികാരവായ്പോടെ പ്രണയത്തെക്കുറിച്ചു പാടുന്നു; കവികൾ അതിനെ പ്രകീർത്തിക്കുന്നു. എന്നിരുന്നാലും ഈ വിഷയത്തിൽ പഠനം നടത്തുന്ന ഒരാൾ ഇപ്രകാരം എഴുതി: “പ്രണയം പോലെ, വളരെയധികം സ്വപ്നങ്ങളും പ്രതീക്ഷകളുമായി തുടങ്ങുകയും എന്നാൽ തുടർച്ചയായി പരാജയപ്പെടുകയും ചെയ്യുന്ന ഒരു പ്രവർത്തനമോ സംരംഭമോ ഇല്ല.” മിക്കപ്പോഴും നമ്മുടെ ഉറ്റ ബന്ധങ്ങൾ തന്നെയാണ് നമ്മെ ഏറ്റവുമധികം നിരാശപ്പെടുത്തുന്നത്, നിലനിൽക്കുന്ന സന്തോഷത്തിനു പകരം അവ തീവ്രവേദന സമ്മാനിക്കുന്നു. അനേകം രാജ്യങ്ങളിൽ, 40 ശതമാനത്തോളം വിവാഹങ്ങൾ ഇപ്പോൾ വിവാഹമോചനത്തിൽ കലാശിക്കുന്നു. വിവാഹമോചനം നേടാത്ത അനേകം ദമ്പതികൾ അസന്തുഷ്ടരുമാണ്.
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ളതും അതുപോലെതന്നെ ബന്ധങ്ങളിൽ ഇഴയടുപ്പമില്ലാത്തതുമായ കുടുംബങ്ങളുടെ എണ്ണം പല രാജ്യങ്ങളിലും വർധിച്ചുവരുന്നു. ഇത്തരം കുടുംബങ്ങളിൽ കുട്ടികളും ദുരിതത്തിന് ഇരയാകുന്നു. കരുതലും സ്നേഹവും നിറഞ്ഞുനിൽക്കുന്ന ഒരു കുടുംബാന്തരീക്ഷം നൽകുന്ന വൈകാരിക സുരക്ഷിതത്വം കുട്ടികൾക്കു വിശേഷാൽ ആവശ്യമാണ്. എന്നാൽ സ്നേഹത്തിന് എന്തു സംഭവിച്ചിരിക്കുന്നു? അമൂല്യമായ ഈ ഗുണത്തെക്കുറിച്ച് നമുക്ക് എവിടെനിന്നു പഠിക്കാനാകും? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ 29, 30 അധ്യായങ്ങളിലാണ് ഈ വിവരണമുള്ളത്.