ചെർണോബിലിൽ ഒരു ദിവസം
ചെർണോബിലിൽ ഒരു ദിവസം
യൂക്രെയിനിലെ ഉണരുക! ലേഖകൻ
20 വർഷം മുമ്പ് ചെർണോബിലിലെ ആണവോർജനിലയത്തിൽ ഉണ്ടായതുപോലൊരു അപകടം മുമ്പുണ്ടായിട്ടില്ല. 1986 ഏപ്രിൽ 26-ന്, അവിടെയുണ്ടായിരുന്ന നാലു റിയാക്ടറുകളിൽ ഒന്നിന് ദ്രവീകരണം സംഭവിച്ചു. വൻനാശം വിതച്ച ദുരന്തമായിരുന്നു അത്. പ്രകൃത്യാലുള്ളതോ അല്ലാത്തതോ ആണെങ്കിലും ശരി, മിക്ക ദുരന്തങ്ങളെ തുടർന്നും മാലിന്യ നിർമാർജനവും പുനർനിർമാണവും സാധ്യമാണ്. എന്നാൽ ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉളവാക്കുന്ന മാലിന്യങ്ങളാണ് ഈ അത്യാഹിതം അവശേഷിപ്പിച്ചത്.
ഏതാനും വർഷങ്ങളായി, എല്ലാ മേയ് 9-നും, സംഭവസ്ഥലത്തിന് അടുത്തുള്ള പട്ടണങ്ങളിൽ മുമ്പ് താമസിച്ചിരുന്നവർ—ചിലപ്പോൾ അവരുടെ ബന്ധുമിത്രാദികളോടൊപ്പം—ഉപേക്ഷിക്കപ്പെട്ട തങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു. മറ്റു ചിലപ്പോൾ അവിടത്തെ മുൻനിവാസികൾ ശവസംസ്കാരത്തിനായി അവിടെ എത്തുന്നു. വികിരണത്തിന്റെ ഫലങ്ങളെക്കുറിച്ചു പഠിക്കാൻ ശാസ്ത്രജ്ഞന്മാരും അവിടം സന്ദർശിക്കാറുണ്ട്. കൂടാതെ, ഒരു വഴികാട്ടിയുടെ നേതൃത്വത്തിൽ ഒരൊറ്റ ദിവസംകൊണ്ട് ആ പ്രദേശം ചുറ്റിക്കാണാൻ യൂക്രെനിയൻ കമ്പനികൾ ഈയിടെ ആളുകൾക്ക് അവസരമുണ്ടാക്കിക്കൊടുക്കുന്നുണ്ട്.
“ഗൈഡിന്റെ അകമ്പടിയോടെ” പ്രിപ്പറ്റിലേക്ക് നടത്തുന്ന ഹ്രസ്വ “യാത്രകൾ ആരോഗ്യം അപകടത്തിലാക്കുന്നില്ല” എന്ന വാർത്ത 2005 ജൂണിൽ ദ ന്യൂയോർക്ക് ടൈംസിന്റെ മുൻപേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. a റിയാക്ടറുകളിൽനിന്നു മൂന്നു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന, 45,000 നിവാസികളുണ്ടായിരുന്ന പ്രിപ്പറ്റ് നഗരം സ്ഥാപിക്കപ്പെട്ടത് 1970-ലാണ്. എന്നാൽ ആണവ ദുരന്തത്തെ തുടർന്നു മറ്റു പല നഗരങ്ങളെയുംപോലെ അതും ഉപേക്ഷിക്കപ്പെട്ടു. റേഡിയോ ആക്ടീവത കാരണം ഈ സ്ഥലങ്ങളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വിക്ടർ റുഡ്നിക്കും ഭാര്യ അന്നയും പ്രിപ്പറ്റിലേക്കു താമസംമാറി ഏകദേശം ഒരു വർഷമായപ്പോഴാണ് ദുരന്തം ഉണ്ടായത്. b
റിയാക്ടറുകളിൽനിന്നു 15 കിലോമീറ്റർ മാറിയാണ് ചെർണോബിൽ (ആണവോർജനിലയത്തിന്റെ പേരും ഇതുതന്നെയാണ്) സ്ഥിതിചെയ്യുന്നത്. തീരെ ചെറിയ ഒരു പട്ടണമാണിത്. വർഷത്തിൽ ഒരിക്കൽ ചെർണോബിൽ സന്ദർശിക്കാനുള്ള അനുവാദം അവിടത്തെ മുൻതാമസക്കാർക്ക് കുറെ വർഷം മുമ്പ് ലഭിച്ചു. വിക്ടർ, അന്ന ദമ്പതികളുടെ ജന്മനാട് ചെർണോബിൽ ആയതിനാൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം അവർ അവിടം സന്ദർശിച്ചു. ഏതാനും വർഷം മുമ്പ് അവരോടൊപ്പം ഞാനും ഭാര്യയും നടത്തിയ ചെർണോബിൽ സന്ദർശനത്തെക്കുറിച്ചു കേട്ടോളൂ.
ചെർണോബിൽ സന്ദർശനം
യൂക്രെയിനിന്റെ തലസ്ഥാന നഗരമായ കീവ് വിട്ട് ഞങ്ങൾ വടക്കോട്ടു യാത്ര ചെയ്തു. കൊച്ചുകൊച്ചു പട്ടണങ്ങളിലൂടെയായിരുന്നു യാത്ര. റോഡിന്റെ ഇരുവശവും നിരനിരയായി വീടുകളുണ്ട്. അവയുടെ അങ്കണങ്ങളെ അലങ്കരിച്ചുകൊണ്ട് ട്യൂലിപ്പ് ചെടികൾ പൂത്തുലഞ്ഞു നിന്നിരുന്നു. ആളുകൾ പച്ചക്കറിത്തോട്ടങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ടായിരുന്നു. പട്ടണങ്ങൾക്ക് ഇടയിൽ ചോളം, ഗോതമ്പ്, സൂര്യകാന്തി എന്നിവയുടെ വയലുകൾ കണ്ണെത്താദൂരത്ത് പരന്നു കിടന്നിരുന്നു.
എന്നാൽ ഒരു പ്രത്യേക സ്ഥലത്ത് എത്തിയപ്പോൾ, ഒരു അതിർത്തി മുറിച്ചുകടന്നതുപോലെ ഞങ്ങൾക്കു തോന്നി—അതിർത്തിയെ സൂചിപ്പിക്കുന്ന റോഡടയാളങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും. വഴിയിലുള്ള പട്ടണങ്ങളിലെല്ലാം ശ്മശാന മൂകതയായിരുന്നു. വീടുകളെല്ലാം ആകെപ്പാടെ നശിച്ചിരിക്കുന്നു, ജനാലകൾ പൊട്ടിപ്പൊളിഞ്ഞ് വാതിലുകൾ പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. വീട്ടുമുറ്റത്ത് നിറയെ കളകൾ വളർന്നിരിക്കുന്നു, ചെടികളൊന്നും വെട്ടി നിറുത്തിയിട്ടില്ല.
പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന മേഖലയിലേക്ക് ഞങ്ങൾ കടന്നിരുന്നു. ഇവിടെനിന്നു റിയാക്ടറുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ഏകദേശം 30 കിലോമീറ്റർ ദൂരമേയുള്ളൂ. “ഈ മേഖലയ്ക്കുള്ളിലെ പട്ടണങ്ങളിൽ വികിരണത്തിന്റെ അളവ് കൂടുതലാണ്,” അന്ന ഞങ്ങളോടു പറഞ്ഞു. “ഇവിടെയുള്ള അനേകം പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും 1,50,000-ത്തിലധികം ആളുകളെ മുൻ സോവിയറ്റ് യൂണിയനിലെമ്പാടുമുള്ള പുതിയ ഭവനങ്ങളിലേക്കു മാറ്റി താമസിപ്പിച്ചു.”
യാത്ര തുടർന്ന ഞങ്ങൾ അധികം താമസിയാതെ മറ്റൊരു മേഖലയിൽ എത്തിച്ചേർന്നു. വളരെ ഉയരമുള്ള ഒരു കമ്പിവേലി ആ മേഖലയെ പുറംലോകത്തിൽനിന്നു വേർപെടുത്തിയിരുന്നു.
അതിനടുത്ത്, തടികൊണ്ടുള്ള ഒരു കെട്ടിടത്തിൽനിന്ന് ഗാർഡുകൾ ഗതാഗതം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ഗാർഡ് ഞങ്ങളുടെ പാസ്പോർട്ടുകൾ പരിശോധിച്ചു, വാഹനത്തിന്റെ നമ്പർ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം അയാൾ ഞങ്ങൾക്കു ഗേറ്റ് തുറന്നുതന്നു.ഞങ്ങൾ നിരോധിത മേഖലയിൽ പ്രവേശിച്ചു. റോഡിനു മുകളിൽ പച്ച മേലാപ്പു തീർക്കുന്ന മരത്തളിരുകൾ. നിബിഡമായ അടിക്കാടുകൾ വനഭൂമിയെ മൂടിയിരുന്നു. കത്തിക്കരിഞ്ഞ മരങ്ങളും മുരടിച്ചുനിൽക്കുന്ന കുറ്റിച്ചെടികളുമാണ് ഞാൻ ഭാവനയിൽ കണ്ടിരുന്നത്. എന്നാൽ അതിൽനിന്ന് എത്രയോ വ്യത്യസ്തമായ കാഴ്ച. മുന്നോട്ടു പോയപ്പോൾ ഇഷ്ടികകൊണ്ടു നിർമിച്ച വെള്ള നിറത്തിലുള്ള ഒരു സ്ഥലസൂചികാടയാളം കണ്ടു. അതിൽ നീല അക്ഷരങ്ങളിൽ ചെർണോബിൽ എന്നെഴുതിയിരുന്നു.
ചെർണോബിലിന്റെ അതിർത്തിയിൽ ഒരു മരുന്നുകടയുണ്ടായിരുന്നു. വിക്ടറിന്റെ അമ്മ ഒരുകാലത്ത് അവിടെയാണത്രേ ജോലി ചെയ്തിരുന്നത്. കടയുടെ പ്രവർത്തനസമയം കാണിക്കുന്ന മങ്ങിയ ഒരു ബോർഡ്, പൊടിപിടിച്ച് വൃത്തികേടായ ജനാലയിൽ അപ്പോഴും തൂങ്ങിക്കിടന്നിരുന്നു. പട്ടണമധ്യേയുള്ള പാർക്കിന്റെ സമീപത്തായി കലാപരിപാടികൾ നടത്തിയിരുന്ന ഒരു കെട്ടിടമുണ്ട്. താനും മറ്റു പട്ടണവാസികളും ജോലി കഴിഞ്ഞ് അൽപ്പം ഉല്ലാസത്തിനായി അവിടെ പോകുമായിരുന്നെന്ന് അന്ന പറഞ്ഞു. വിവിധ കലാകാരന്മാർ അവിടെ പരിപാടികൾ അവതരിപ്പിക്കാറുണ്ടായിരുന്നു. യൂക്രെയിന എന്നു പേരുള്ള സിനിമാശാലയും അടുത്തു തന്നെയുണ്ട്. ഏറ്റവും പുതിയ സിനിമകൾ കാണുന്നതിനായി കുട്ടികൾ ആ സിനിമാശാലയിൽ എത്തിയിരുന്നു. സിനിമാശാലയിലെ കുളിർമ പകരുന്ന അന്തരീക്ഷം, പുറത്തെ അസഹനീയമായ ചൂടിൽനിന്ന് അവർക്ക് ആശ്വാസം നൽകിയിരുന്നു. ആ ഇരുണ്ട ഓഡിറ്റോറിയത്തിൽനിന്ന് ഉയർന്നുകേട്ടിരുന്ന ചിരിയുടെ ശബ്ദം നിലച്ചിട്ട് കാലം ഏറെയായി. അന്നയും വിക്ടറും ഞങ്ങളെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. പട്ടണമധ്യത്തിൽനിന്ന് അൽപ്പം നടന്നാൽ മതി അവിടെയെത്താൻ. വെട്ടിയൊതുക്കിയിട്ടില്ലാത്ത മരങ്ങൾ മുൻവശത്തെ വാതിലിന്റെ അടുത്തെത്തുന്നതിനു തടസ്സം സൃഷ്ടിച്ചു, അതുകൊണ്ട് വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ ഞങ്ങൾ ഓരോരുത്തരായി പിൻവാതിലിന് അടുത്തെത്തി. എന്നാൽ ഭിത്തിയിൽ വാതിലിന്റെ സ്ഥാനത്ത് ഒരു വലിയ വിടവു മാത്രമാണ് ഉണ്ടായിരുന്നത്.
അകത്ത് എല്ലാം പൂർണമായി നശിച്ചിരുന്നു. തുരുമ്പിച്ച കട്ടിലിൽ പൂപ്പൽ പിടിച്ച ഒരു മെത്ത കിടക്കുന്നു. അഴുക്കു പിടിച്ച വാൾപേപ്പറിന്റെ നീണ്ട കഷണങ്ങൾ തൂങ്ങിക്കിടന്നിരുന്നു. മുറിയിൽ ഉടനീളം ചിതറിക്കിടന്നിരുന്ന പാഴ്വസ്തുക്കളിൽനിന്ന് അന്ന ഒരു പഴയ ഫോട്ടോ കുനിഞ്ഞെടുത്തു. “മടങ്ങിവരുമ്പോൾ എല്ലാം പഴയപടി ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഞാൻ ആശിച്ചുപോകുന്നു,” അന്നയുടെ ശബ്ദത്തിൽ ദുഃഖം നിഴലിച്ചിരുന്നു. “ഞങ്ങളുടെ വീട് പാഴായി കിടക്കുന്നതു കാണുന്നത് അങ്ങേയറ്റം ഹൃദയവേദന ഉളവാക്കുന്നു; വർഷങ്ങൾകൊണ്ട് ഞങ്ങളുടെ സമ്പാദ്യമെല്ലാം മോഷ്ടിക്കപ്പെട്ടു!”
ആ വീടു വിട്ട് ഞങ്ങൾ നിരത്തിലേക്കിറങ്ങി. ഒരു മൂലയിൽ ഒരു കൂട്ടം ആളുകൾ സജീവമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. നിരത്തിലൂടെ അര കിലോമീറ്റർ നടന്നപ്പോൾ എത്തിച്ചേർന്നത് നദീതീരത്തുള്ള പാർക്കിലാണ്. നദി ശാന്തമായി ഒഴുകുന്നു. ചെസ്റ്റ്നട്ട് മരത്തിന്റെ വെള്ളപ്പൂക്കൾ ഇളങ്കാറ്റിൽ ഉലഞ്ഞാടി. പാർക്കിൽനിന്ന് ബോട്ടു ജെട്ടിയിലേക്ക് ഇറങ്ങുന്ന വളഞ്ഞ
ഗോവണിയുണ്ട്, 1986-ൽ നൂറുകണക്കിന് ആളുകൾ അവിടെനിന്ന് ബോട്ടുമാർഗം രക്ഷപ്പെടുന്നതിന് ആ ഗോവണിയിൽ കാത്തുനിന്നിരുന്നു.കഴിഞ്ഞ വർഷമാണ് വിക്ടറും അന്നയും ആദ്യമായി പ്രിപ്പറ്റിലുള്ള തങ്ങളുടെ പഴയ വീട് സന്ദർശിച്ചത്. 19 വർഷം മുമ്പ് ആണവറിയാക്ടറിന്റെ ദ്രവീകരണത്തെ തുടർന്ന് അവർ ആ നഗരത്തിൽനിന്നു പലായനം ചെയ്തതാണ്.
വിചിന്തനത്തിനുള്ള സമയം
2006 ഏപ്രിലിൽ, ഈ ആണവദുരന്തത്തിന്റെ 20-ാം വാർഷികം വ്യത്യസ്ത രീതികളിൽ അനുസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എത്ര ആത്മാർഥമായി ശ്രമിച്ചാലും, ദൈവിക മാർഗനിർദേശമില്ലാതെ ഭൗമിക കാര്യാദികളെ വിജയകരമായി കൈകാര്യം ചെയ്യാൻ മനുഷ്യർക്കു കഴിയില്ല എന്നതിന്റെ ഗൗരവമായ ഓർമിപ്പിക്കലായി ഈ ആചരണങ്ങൾ ഉതകുന്നു.—യിരെമ്യാവു 10:23.
ദുരന്തത്തെ ഒന്നുകൂടി വിലയിരുത്തിയ ഒരു ശാസ്ത്രീയ റിപ്പോർട്ടിന്റെ ഫലങ്ങൾ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവന്നു. ഐക്യരാഷ്ട്ര സംഘടന നിയമിച്ച അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടായിരുന്നു അത്. അത്യാഹിതത്തെ തുടർന്ന് ഉടനെ 56 പേർ കൊല്ലപ്പെട്ടുവെന്നു പറഞ്ഞ റിപ്പോർട്ട് അണുപ്രസരണം മൂലമുണ്ടാകുന്ന രോഗങ്ങൾ ഹേതുവായി 4,000 പേർ മാത്രമേ ആത്യന്തികമായി മരിക്കുകയുള്ളു എന്നു പ്രവചിച്ചു. 15,000-ത്തിനും 30,000-ത്തിനും ഇടയ്ക്കായിരിക്കും മരണസംഖ്യ എന്നാണ് മുമ്പു പ്രവചിച്ചിരുന്നത്. ഈ യുഎൻ റിപ്പോർട്ട് “ആണവോർജത്തിന്റെ അപകടസാധ്യതകളുടെമേൽ വെള്ളപൂശാനുള്ള വികലമായ ശ്രമമാണ്” എന്നു പറഞ്ഞുകൊണ്ട് “വിവിധ പരിസ്ഥിതി സംരക്ഷക സംഘങ്ങൾ രംഗത്തുവന്നു” എന്ന് 2005 സെപ്റ്റംബർ 8-ലെ ന്യൂയോർക്ക് ടൈംസിന്റെ മുഖപ്രസംഗം പ്രസ്താവിച്ചു.
ദുരന്തത്തിനു ശേഷം തന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തെക്കുറിച്ച് പഠിക്കാനിടയായ വിക്ടർ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ ഇപ്പോൾ വിഷാദത്തിനടിപ്പെട്ട അവസ്ഥയിലല്ല, കാരണം ദൈവരാജ്യം വരുമ്പോൾ ദാരുണമായ ഇത്തരം അത്യാഹിതങ്ങൾ വീണ്ടും ഒരിക്കലും സംഭവിക്കുകയില്ലെന്നു ഞങ്ങൾക്ക് അറിയാം. ചെർണോബിലിനടുത്തു സ്ഥിതിചെയ്യുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വീടിനു ചുറ്റുമുള്ള ഗ്രാമത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു മാറ്റം വരുകയും അത് മനോഹരമായ പറുദീസയുടെ ഭാഗമാകുകയും ചെയ്യുന്ന കാലത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു.”
ആദ്യം ഭൂമിയിലുണ്ടായിരുന്ന പറുദീസ വീണ്ടും സ്ഥാപിതമായി മുഴു ഭൂമിയിലും വ്യാപിക്കുമെന്നുള്ള ബൈബിൾ വാഗ്ദാനം ചെർണോബിൽ ദുരന്തത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകളുടെ ഉറച്ച ബോധ്യമായിത്തീർന്നിരിക്കുന്നു. (ഉല്പത്തി 2:8, 9; വെളിപ്പാടു 21:3, 4) കഴിഞ്ഞ 20 വർഷത്തിൽ യൂക്രെയിനിൽ മാത്രം 1,00,000-ത്തിലധികം വ്യക്തികൾ ഈ പ്രത്യാശ സസന്തോഷം സ്വീകരിച്ചിരിക്കുന്നു! ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു പഠിക്കാൻ താത്പര്യപ്പെടുന്നവർക്കായി വാഗ്ദാനം ചെയ്തിരിക്കുന്ന ശോഭനമായ ഭാവിയെക്കുറിച്ചു പരിചിന്തിക്കാൻ നിങ്ങളും പ്രേരിതരായിത്തീരട്ടെ.
[അടിക്കുറിപ്പുകൾ]
a ഇത്തരം ഹ്രസ്വ സന്ദർശനങ്ങൾ സുരക്ഷിതമാണെന്നു പല കേന്ദ്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ പ്രദേശം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിപരമായ പദ്ധതിയെ ഉണരുക! ശുപാർശ ചെയ്യുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല.
[16-ാം പേജിലെ ചതുരം/ചിത്രം]
ലിക്വിഡേറ്റർമാർക്ക് ഒരു സ്മാരകം
ഈ അസാധാരണ സ്മാരകം, ചെർണോബിൽ ദുരന്തത്തെ തുടർന്ന് ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടവരുടെ ബഹുമാനാർഥമുള്ളതാണ്. ലിക്വിഡേറ്റർമാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. അവരാണ് തീ കെടുത്തിയതും എരിഞ്ഞുകൊണ്ടിരുന്ന ആണവറിയാക്ടർ മൂടിയതും മാലിന്യം നിർമാർജനം ചെയ്തതും. ഇവരുടെ എണ്ണം ലക്ഷക്കണക്കിനു വരുമായിരുന്നു. അത്യാഹിതത്തിന്റെ നേരിട്ടുള്ള ഫലമായി 4,000 മരണങ്ങളുണ്ടാകുമെന്നു പ്രവചിക്കപ്പെട്ടിരിക്കുന്നു. അതിൽ ഭൂരിഭാഗവും ഈ പ്രവർത്തകരുടേതായിരിക്കും.
[15-ാം പേജിലെ ചിത്രങ്ങൾ]
ചെർണോബിൽ പട്ടണത്തെ സൂചിപ്പിക്കുന്ന അടയാളവും സിനിമാശാലയും
[15-ാം പേജിലെ ചിത്രങ്ങൾ]
വിക്ടറും അന്നയും ചെർണോബിലിലെ അവരുടെ വീടും
[16-ാം പേജിലെ ചിത്രങ്ങൾ]
ദ്രവീകരണം സംഭവിച്ച ഊർജനിലയം, വിക്ടറിന്റെ പ്രിപ്പറ്റിലെ വീട്ടിൽനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെ (ഉൾച്ചിത്രം)