ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
കുഴപ്പത്തിലാകുന്ന കൗമാരക്കാരെ സഹായിക്കൽ (2005 മേയ് 8) ഈ പരമ്പര വിവരസമ്പുഷ്ടമായിരുന്നു. കൗമാരപ്രായത്തിലായിരിക്കുന്നത് ചിലപ്പോൾ വെല്ലുവിളി ഉയർത്താറുണ്ട്, എന്നാൽ പ്രോത്സാഹജനകമായ ഇത്തരം ലേഖനങ്ങൾ അതിന്റെ സമ്മർദം തെല്ലൊന്നു കുറയ്ക്കുന്നു. ഇടപെടാൻ പ്രയാസമുള്ള ഈ “ദുർഘടസമയങ്ങ”ളിൽ ഞങ്ങളെ പ്രബുദ്ധരാക്കാൻ ഇതുപോലുള്ള വിവരങ്ങൾ തന്നെയാണ് ആവശ്യമായിരിക്കുന്നത്. (2 തിമൊഥെയൊസ് 3:1) ഈ ലേഖനത്തിലെ ഓർമിപ്പിക്കലുകൾ “പിശാചിന്റെ തന്ത്രങ്ങ”ൾക്ക് ഇരയാകാതിരിക്കാൻ ഞങ്ങളെ സഹായിക്കും. (എഫെസ്യർ 6:11) തക്കസമയത്ത് ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നതിനു നന്ദി.
കെ. എസ്., ഐക്യനാടുകൾ
വൃത്തിയുള്ള ഒരു ഭവനം—നാമെല്ലാം വഹിക്കുന്ന പങ്ക് (2005 ജൂലൈ 8) എന്റെ കുട്ടിക്കാലത്തും കൗമാരപ്രായത്തിലും, മാതാപിതാക്കൾ ജോലിക്കാരായിരുന്നു. ഞങ്ങൾ മൂന്നു കുട്ടികൾ എപ്പോഴും വീട്ടിനുള്ളിൽ കളിച്ച് വീടെല്ലാം അലങ്കോലപ്പെടുത്തുമായിരുന്നു. വൃത്തിയാക്കുന്നത് ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ ഈ ലേഖനം വായിച്ചപ്പോൾ വൃത്തിയാക്കേണ്ട വിധം എന്റെ അമ്മ ദയാപൂർവം എന്നെ പഠിപ്പിക്കുന്നതുപോലെ തോന്നി. എനിക്ക് ഇപ്പോൾ മുതിർന്ന മക്കളുണ്ട്, അവർക്കും ഈ പണി ഇഷ്ടമല്ല. പല കാര്യങ്ങളും ഞാൻ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഈ ലേഖനം എനിക്കു പ്രോത്സാഹനമേകി.
വൈ. ഇ., ജപ്പാൻ
കുടുംബ പുനരവലോകനത്തിന് (2005 ജൂൺ 8) ഈ ഭാഗം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അതു ഞാൻ എന്റെ മകളെ കാണിച്ചു. മുറിവേറ്റ കുരുവിയെ സംബന്ധിച്ചുള്ള ലേഖനം അവൾ നേരത്തേതന്നെ വായിച്ചിരുന്നെന്നും “കുടുംബ പുനരവലോകനത്തിന്” എന്ന ഭാഗത്തിലെ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം കണ്ടുപിടിച്ചെന്നും അവൾ പറഞ്ഞു.
എൽ. എസ്., ഐക്യനാടുകൾ
ഗ്രന്ഥശാലകൾ—അറിവിന്റെ ലോകത്തിലേക്കുള്ള വാതായനങ്ങൾ (2005 ജൂൺ 8) 16-ാം പേജിൽ അസീറിയൻ രാജാവായ അശൂർബാനിപ്പാലിന്റേതെന്നു പറഞ്ഞ് കാണിച്ചിരുന്ന ചിത്രം വാസ്തവത്തിൽ അസീറിയൻ രാജാവായ ഏസെർ-ഹദ്ദോന്റെതായിരുന്നു എന്നു ചൂണ്ടിക്കാണിക്കട്ടെ.
എ. ഡബ്ല്യൂ., ജർമനി
“ഉണരുക!”യുടെ പ്രതികരണം: ഇതു ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി. ബൈബിൾ പരാമർശ ഗ്രന്ഥമായ “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച”യുടെ (ഇംഗ്ലീഷ്) ഒന്നാം വാല്യത്തിന്റെ 757-ാം പേജിൽ പരാമർശിച്ചിരിക്കുന്നതുപോലെ അസീറിയൻ രാജാവായ സൻഹേരീബിന്റെ ഇളയ മകനും കിരീടാവകാശിയുമാണ് ഏസെർ-ഹദ്ദോൻ. a
മായകളുടെ വിസ്മയകരമായ കലണ്ടർ (2005 മേയ് 8) ഇന്റർനെറ്റിൽ ഗവേഷണം നടത്താൻ ഈ ലേഖനം എന്നെ പ്രേരിപ്പിച്ചു. മായകളുടെ കലണ്ടറും ജ്യോതിഷവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു ഞാൻ കണ്ടെത്തി. ഇത്തരത്തിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് വായനക്കാർക്കു ജ്യോതിഷത്തിലും മാന്ത്രികവിദ്യയിലും താത്പര്യം തോന്നാൻ ഇടയാക്കുമെന്ന് എനിക്കു തോന്നുന്നു.
ജെ. കെ., പോളണ്ട്
“ഉണരുക!”യുടെ പ്രതികരണം: “ഉണരുക!”യുടെ 4-ാം പേജിൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ ഈ പത്രിക “പ്രധാന സംഭവങ്ങളെക്കുറിച്ചു പ്രതിപാദിക്കുകയും അനേകം രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിച്ചു പറയുകയും മതത്തെയും ശാസ്ത്രത്തെയും പറ്റി അപഗ്രഥനം നടത്തുകയും ചെയ്യുന്നു.” അതിന്റെ അർഥം ഈ മേഖലകളിൽ നടക്കുന്ന എല്ലാ കാര്യങ്ങളെയും ഞങ്ങൾ ശുപാർശ ചെയ്യുന്നുവെന്നല്ല. നിങ്ങൾ പരാമർശിക്കുന്ന ലേഖനത്തിൽ, സമയത്തെപ്പറ്റിയുള്ള വിദഗ്ധമായ കണക്കുകൂട്ടൽ പുരാതന മായന്മാരെ അസാധാരണമാംവിധം പിഴവറ്റ ഒരു കലണ്ടറിനു രൂപംകൊടുക്കാൻ സഹായിച്ചുവെന്നാണ് ഞങ്ങൾ റിപ്പോർട്ടു ചെയ്തത്. ഈ കലണ്ടർ ഭാവികഥനത്തിനായി ഉപയോഗിച്ചിരുന്നു എന്ന വസ്തുത—ഇതു ലേഖനത്തിൽ പ്രതിപാദിച്ചിരുന്നു—ഒരു തരത്തിലും ജ്യോതിഷത്തെപ്പറ്റി പഠിക്കാനുള്ള താത്പര്യം വായനക്കാരിൽ ഉളവാക്കരുത്.
ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഞങ്ങൾക്ക് ഇടയ്ക്കൊക്കെ ലഭിക്കാറുണ്ട്. വിഗ്രഹങ്ങൾ, മതപരമായ ചിഹ്നങ്ങൾ, ആത്മവിദ്യയുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയുടെ ചിത്രങ്ങൾ കൗതുകമുണർത്തുന്നതിനു വേണ്ടിയല്ല മറിച്ച് ഇത്തരം വസ്തുക്കളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത അകറ്റാനും അവയുമായി യാതൊരു ബന്ധവും പുലർത്തരുതെന്നു ഞങ്ങളുടെ വായനക്കാർക്കു മുന്നറിയിപ്പു നൽകാനും വേണ്ടിയാണ് കാണിച്ചിരിക്കുന്നത്. ഞങ്ങളുടെ ലേഖനങ്ങൾക്കും ചിത്രങ്ങൾക്കും അത്തരം പ്രയോജനകരമായ ഫലമുണ്ടെന്നു തന്നെയാണ് ഞങ്ങൾക്കു ലഭിക്കുന്ന പല അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത്.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.