ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ വളർത്തുമ്പോൾ
ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ വളർത്തുമ്പോൾ
ഫിൻലൻഡിലെ ഉണരുക! ലേഖകൻ
20 വയസ്സുകാരൻ മാർക്കുസിന് (ഇടത്ത്) പരസഹായമില്ലാതെ ആഹാരം കഴിക്കാനോ കുളിക്കാനോ കഴിയില്ല. ഉറക്കം തീരെ കുറവായതിനാൽ രാത്രിയിൽ ഉടനീളം അവനു ശ്രദ്ധ ആവശ്യമാണ്. കൂടെക്കൂടെ അപകടം സംഭവിക്കുന്നതിനാൽ അപ്പോഴെല്ലാം പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്. പക്ഷേ മാർക്കുസിന്റെ മാതാപിതാക്കൾ അവനെ ജീവനു തുല്യം സ്നേഹിക്കുന്നു. അവന്റെ സൗമ്യവും ദയാർദ്രവുമായ രീതികൾ അവർക്കു ഹൃദയാനന്ദം പകരുന്നു. അവനു വൈകല്യങ്ങൾ ഉണ്ടെങ്കിൽപ്പോലും അവനെക്കുറിച്ച് അവർ അഭിമാനംകൊള്ളുന്നു.
ലോകത്തിൽ 3 ശതമാനത്തോളം ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമാന്ദ്യമുണ്ടെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു. ജനിതക വൈകല്യങ്ങൾ, ജനന സമയത്തുണ്ടാകുന്ന ക്ഷതങ്ങൾ, ശൈശവത്തിൽ തലച്ചോറിലുണ്ടാകുന്ന അണുബാധ, പോഷണക്കുറവ്, മരുന്നുകൾ, മദ്യം, രാസവസ്തുക്കളുമായുള്ള സമ്പർക്കം എന്നിവയെല്ലാം മാനസിക പ്രാപ്തികളുടെ തകരാറിനു കാരണമാകാറുണ്ട്. ഭൂരിഭാഗം കേസുകളിലും, കാരണം അജ്ഞാതമാണ്. ഇങ്ങനെയുള്ള കുട്ടികളുടെ മാതാപിതാക്കൾ ഏതെല്ലാം അനുഭവങ്ങളിലൂടെയാണു കടന്നുപോകുന്നത്? അത്തരം മാതാപിതാക്കളെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും?
ഹൃദയഭേദകമായ വാർത്ത അറിയുമ്പോൾ
കുഞ്ഞിന് മാനസിക വൈകല്യമുണ്ടെന്നു മാതാപിതാക്കൾ മനസ്സിലാക്കുന്ന ആ നിമിഷംതന്നെ വെല്ലുവിളി ആരംഭിക്കുകയായി. “ഞങ്ങളുടെ മകൾക്ക് ഡോൻസ് സിൻഡ്രം ആണെന്നു ഞാനും ഭർത്താവും മനസ്സിലാക്കിയപ്പോൾ, വീട് ഞങ്ങളുടെമേൽ ഇടിഞ്ഞു വീണ് അതിനടിയിൽപ്പെട്ടുപോയ പ്രതീതിയാണ് ഉണ്ടായത്” എന്ന് സിർക്ക പറയുന്നു. ഇനി, മാർക്കുസിന്റെ അമ്മ ആനി പറയുന്നതു കേൾക്കുക: “അവനു മാനസിക വൈകല്യമുണ്ടായിരിക്കും എന്നു കേട്ടപ്പോൾ, മറ്റുള്ളവർ അവനെ എങ്ങനെ വീക്ഷിക്കുമെന്നു ഞാൻ ചിന്തിച്ചു. പക്ഷേ താമസിയാതെതന്നെ, ആ ചിന്തയ്ക്കു കടിഞ്ഞാണിടാൻ എനിക്കു സാധിച്ചു. ഞാൻ അവന്റെ ആവശ്യങ്ങളിലും അവനുവേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.” ഇംഗാഡിന്റെ പ്രതികരണവും സമാനമായിരുന്നു. അവർ പറയുന്നു: “എന്റെ മകൾ യൂനിക്കിന്റെ വൈകല്യത്തെക്കുറിച്ചു ഡോക്ടർ ഞങ്ങളെ അറിയിച്ചപ്പോൾ, അവളെ സഹായിക്കാനാകുന്ന വിധങ്ങളെക്കുറിച്ചു മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ.” അത്തരമൊരു രോഗനിർണയത്തിനു ശേഷം സിർക്ക, ആനി, ഇംഗാഡ് എന്നിവരെപ്പോലുള്ള മാതാപിതാക്കളുടെ മുന്നിൽ ഏതെല്ലാം തിരഞ്ഞെടുപ്പുകളാണുള്ളത്?
വൈകല്യമുള്ള കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്ന യു.എസ്. നാഷണൽ ഡിസ്എമിനേഷൻ കേന്ദ്രം പിൻവരുന്ന ഉപദേശം നൽകുന്നു: “നിങ്ങൾക്ക് ആദ്യം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ഒന്ന് . . . നിങ്ങളുടെ കുട്ടിയുടെ വൈകല്യത്തെയും ലഭ്യമായ സഹായങ്ങളെയും സാധ്യമായിരിക്കുന്നിടത്തോളം വികാസം പ്രാപിക്കാൻ കുട്ടിയെ സഹായിക്കുന്നതിനു നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന നിർദിഷ്ട കാര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നതാണ്.” ഈ വിവരങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ പരിചരണത്തിന് ഉദ്ദേശ്യവും ദിശാബോധവും നൽകും. സഞ്ചരിച്ച ദൂരവും കടന്നുപോയ ഭൂപ്രദേശങ്ങളും ഒരു ഭൂപടത്തിൽ അടയാളപ്പെടുത്തിക്കൊണ്ട് യാത്രയുടെ പുരോഗതി രേഖപ്പെടുത്തുന്നതിനോടു സമാനമായിരിക്കും അത്.
പ്രത്യാശയുടെ കിരണം
ഈ പ്രശ്നം അഭിമുഖീകരിക്കുന്ന മാതാപിതാക്കളുടെ
സാഹചര്യം വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും ആശയറ്റതല്ല. അത് എന്തുകൊണ്ടാണ്?ഒന്നാമതായി, മാനസിക വൈകല്യമുള്ള മിക്ക കുട്ടികളും ദുരിതം അനുഭവിക്കുന്നില്ലെന്നതുതന്നെ മാതാപിതാക്കൾക്ക് ആശ്വാസത്തിനുള്ള വകയാണ്. ബുദ്ധിമാന്ദ്യമുള്ള കുട്ടി (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡോ. റോബർട്ട് ഐസക്സൺ ഇപ്രകാരം എഴുതി: “സന്തുഷ്ടരായിരിക്കാനും മറ്റുള്ളവരുടെ സഹവാസം, സംഗീതം, ചിലതരം കളികൾ, രുചികരമായ ഭക്ഷണം, കൂട്ടുകാരുടെ സാമീപ്യം എന്നിവയൊക്കെ ആസ്വദിക്കാനും മിക്ക കുട്ടികൾക്കും കഴിയുന്നു.” അവർ കൈവരിക്കുന്ന നേട്ടങ്ങൾ കുറവായിരിക്കാമെങ്കിലും, അവരുടെ ലോകം സാധാരണ കുട്ടികളുടേതിനെക്കാൾ ചെറുതായിരിക്കാമെങ്കിലും, മിക്കപ്പോഴും ഇത്തരം കുട്ടികൾ “കൊട്ടാരങ്ങളി”ലുള്ള സാധാരണ കുട്ടികളെക്കാൾ തങ്ങളുടെ “കുടിലിൽ” സന്തുഷ്ടരാണ്.
രണ്ടാമതായി, തങ്ങളുടെ കുട്ടി കഷ്ടപ്പെട്ട് കൈവരിക്കുന്ന നേട്ടങ്ങളെപ്രതി മാതാപിതാക്കൾക്ക് അഭിമാനംകൊള്ളാനാകും. പുതിയതായി ഓരോ ജോലി പഠിച്ചെടുക്കുമ്പോഴും, ഉയരമുള്ള ഒരു കുന്നു കയറിയതുപോലെയാണത്. മുകളിൽനിന്നു താഴോട്ടു നോക്കുമ്പോൾ മാതാപിതാക്കളും അതുപോലെതന്നെ കുട്ടിയും ചാരിതാർഥ്യമടയുന്നു. ഉദാഹരണത്തിന് ബ്രയൻ എന്ന കുട്ടിക്ക് ട്യൂബറസ് സ്ക്ലീറോസിസ്, ദിവാസ്വപ്നപ്രകൃതി, അപസ്മാരം എന്നീ രോഗങ്ങളുണ്ട്. ബുദ്ധിമാനാണെങ്കിലും അവനു സംസാരിക്കാനോ കൈകളെ നിയന്ത്രിക്കാനോ ഉള്ള ശേഷിയില്ല. എന്നിട്ടും, കപ്പിൽ അരക്കപ്പ് പാനീയം എടുത്ത് അതു തൂകിപ്പോകാതെ കുടിക്കാൻ അവൻ പഠിച്ചിരിക്കുന്നു. ശരീരവും മനസ്സും തമ്മിലുള്ള ഏകോപനം ഇത്രത്തോളം നേടിയെടുത്തത് ഇഷ്ടപാനീയമായ പാൽ തനിയെ കുടിക്കാൻ അവനെ പ്രാപ്തനാക്കുന്നു.
വൈകല്യങ്ങളുടെ മേലുള്ള മറ്റൊരു ചെറിയ വിജയമായാണ് ബ്രയന്റെ മാതാപിതാക്കൾ ഈ നേട്ടത്തെ കാണുന്നത്. അവന്റെ അമ്മ ലാറി പറയുന്നു: “ഞങ്ങൾ അവനെ കാട്ടിലെ ആരടുപ്പമുള്ള തടിവൃക്ഷമായാണ് കാണുന്നത്. ഈ വൃക്ഷങ്ങൾ മറ്റുള്ളവയുടെ അത്രയും വേഗത്തിൽ വളരുകയില്ലെങ്കിലും, അത് അങ്ങേയറ്റം മൂല്യമുള്ള തടി ഉത്പാദിപ്പിക്കുന്നു. സമാനമായി വൈകല്യമുള്ള കുട്ടികൾ സാവധാനമേ വളർച്ച പ്രാപിക്കുകയുള്ളൂ. പക്ഷേ അവരുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവർ നിലനിൽക്കുന്ന മൂല്യമുള്ള കൊച്ചു കരുവേലകങ്ങളും തേക്കു മരങ്ങളുമായി തീരുന്നു.”
മൂന്നാമതായി, തങ്ങളുടെ കുഞ്ഞിന്റെ സ്നേഹം തുളുമ്പുന്ന പ്രകൃതം പല മാതാപിതാക്കളുടെയും മനസ്സു കുളിർപ്പിക്കുന്നു. ഇംഗാഡ് പറയുന്നു: “യൂനിക്കിന് നേരത്തേ ഉറങ്ങാൻ പോകുന്നതാണ് ഇഷ്ടം. എന്നും ഉറങ്ങുന്നതിനു മുമ്പ് കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കും അവൾ മുത്തം കൊടുക്കും. ഞങ്ങൾ വീട്ടിൽ എത്തുന്നതിനുമുമ്പ് അവൾ ഉറങ്ങിപ്പോകുകയാണെങ്കിൽ, ഉണർന്നിരിക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു ചെറിയ കുറിപ്പ് അവൾ എഴുതിവെച്ചിരിക്കും. ഞങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും രാവിലെ ഞങ്ങളെ കാണാൻ അതിയായി ആശിക്കുന്നെന്നുംകൂടെ അവൾ അതിൽ എഴുതിയിരിക്കും.”
മാർക്കുസിന് സംസാരശേഷിയില്ല. എന്നിരുന്നാലും മാതാപിതാക്കളോട് താൻ അവരെ സ്നേഹിക്കുന്നുവെന്നു പറയാൻ തക്കവണ്ണം ആംഗ്യഭാഷയിലെ ഏതാനും വാക്കുകൾ അവൻ പ്രയാസപ്പെട്ടു പഠിച്ചെടുത്തു. മാനസിക മാന്ദ്യമുള്ള റ്റീയയുടെ മാതാപിതാക്കൾ തങ്ങളുടെ വികാരം ഇപ്രകാരം പ്രകടിപ്പിച്ചു: “സ്നേഹം, ഊഷ്മളത, ആർദ്രത, കെട്ടിപ്പിടുത്തങ്ങൾ, ഉമ്മകൾ എല്ലാംകൊണ്ട് അവൾ ഞങ്ങളുടെ ജീവിതം സമ്പുഷ്ടമാക്കിയിരിക്കുന്നു.” മാതാപിതാക്കൾ ഇത്തരം കുട്ടികൾക്ക് വാക്കുകളിലൂടെയും മറ്റു രീതിയിലും വളരെയധികം സ്നേഹവും വാത്സല്യവും ചൊരിയണം എന്നുള്ളതു പറയാതെതന്നെ വ്യക്തമാണ്.
നാലാമതായി, കുട്ടി ദൈവത്തിലുള്ള വിശ്വാസം പ്രകടമാക്കുമ്പോൾ ക്രിസ്തീയ മാതാപിതാക്കൾക്ക് ആഴമായ സംതൃപ്തി അനുഭവപ്പെടുന്നു. അതിന് നല്ലൊരു ഉദാഹരണമാണ് യൂഹാ. തന്റെ പിതാവിന്റെ ശവസംസ്കാര സമയത്ത്, ‘ഒന്നു പ്രാർഥിച്ചോട്ടേ’ എന്നു ചോദിച്ചുകൊണ്ട് അവൻ എല്ലാവരെയും അമ്പരപ്പിച്ചു. ഹ്രസ്വമായ പ്രാർഥനയിൽ, തന്റെ പിതാവ് ദൈവത്തിന്റെ ഓർമയിലുണ്ടെന്നും തക്കസമയത്ത് ദൈവം അദ്ദേഹത്തെ ഉയിർപ്പിക്കുമെന്നുമുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് അവൻ പരാമർശിച്ചു. എന്നിട്ട് അവൻ കുടുംബാംഗങ്ങളുടെ ഓരോരുത്തരുടെയും പേരു പരാമർശിച്ചുകൊണ്ട് അവരെയെല്ലാം സഹായിക്കണമേയെന്ന് ദൈവത്തോടു യാചിച്ചു.
സമാനമായി ദൈവത്തിലുള്ള യൂനിക്കിന്റെ ആശ്രയവും അവളുടെ മാതാപിതാക്കളെ സന്തുഷ്ടരാക്കുന്നു. പഠിക്കുന്ന കാര്യങ്ങൾ എല്ലാമൊന്നും യൂനിക്കിനു മനസ്സിലാകാറില്ല. ഉദാഹരണത്തിന്, പല ബൈബിൾ കഥാപാത്രങ്ങളെയും അവൾക്ക് അറിയാം, പക്ഷേ ആ കഥാപാത്രങ്ങളെ മറ്റു വസ്തുതകളുമായോ അവൾക്ക് അറിയാവുന്ന മറ്റു വിവരങ്ങളുമായോ ബന്ധപ്പെടുത്തി മനസ്സിൽ ഒരു പൂർണ ചിത്രം രൂപപ്പെടുത്തിയെടുക്കാൻ അവൾക്കു കഴിയില്ല. എന്നിരുന്നാലും ഒരുനാൾ സർവശക്തനായ ദൈവം ഭൂമിയിലെ പ്രശ്നങ്ങളെല്ലാം നീക്കം ചെയ്യുമെന്നുള്ള ആശയം അവൾ ഗ്രഹിച്ചിരിക്കുന്നു. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ഭൂമിയിൽ താൻ പൂർണ മാനസിക പ്രാപ്തികളോടെ ജീവിക്കുന്ന കാലത്തിനായി യൂനിക്ക് നോക്കിപ്പാർത്തിരിക്കുന്നു.
സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക
മാനസിക വൈകല്യമുള്ള കുട്ടികൾ എന്നും കുട്ടികളായിരിക്കില്ല. അവർ മാനസിക വൈകല്യമുള്ള മുതിർന്നവരായി
വളരും. അതുകൊണ്ട് ആവശ്യമായതിലും അധികം പരാശ്രയത്വം വളർത്തിയെടുക്കാതിരിക്കാൻ ഇങ്ങനെയുള്ള കുട്ടികളെ മാതാപിതാക്കൾ സഹായിക്കുന്നത് ഉചിതമാണ്. മാർക്കുസിന്റെ അമ്മ ആനി പറയുന്നു: “മാർക്കുസിന് ആവശ്യമായതെല്ലാം ഞങ്ങൾതന്നെ ചെയ്തുകൊടുക്കുന്നതാണു കൂടുതൽ എളുപ്പം. പക്ഷേ കഴിയുന്നിടത്തോളം കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ അവനെ പ്രാപ്തനാക്കാനാണു ഞങ്ങൾ പരമാവധി ശ്രമിച്ചത്.” യൂനിക്കിന്റെ അമ്മ കൂട്ടിച്ചേർക്കുന്നു: “യൂനിക്കിന് ആകർഷകമായ പല ഗുണങ്ങളുമുണ്ട്, പക്ഷേ ചില സമയത്ത് അവൾ വാശിപിടിക്കും. അവൾക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും അവളെക്കൊണ്ടു ചെയ്യിക്കണമെങ്കിൽ, ഞങ്ങളെ സന്തോഷിപ്പിക്കാനുള്ള അവളുടെ ആഗ്രഹത്തെക്കുറിച്ച് അവളെ ഓർമിപ്പിക്കേണ്ടി വരും. ഒരു കാര്യം ചെയ്യാമെന്ന് അവൾ സമ്മതിച്ചാൽപ്പോലും അതു പൂർത്തിയാക്കുന്നതുവരെ പുറകേനടന്ന് അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കണം.”ബ്രയന്റെ അമ്മ ലാറി അവന്റെ ജീവിതം കൂടുതൽ സംതൃപ്തികരമാക്കാനുള്ള വഴികൾ നിരന്തരം തേടുന്നു. മൂന്നു വർഷംകൊണ്ട്, ലാറിയും അവളുടെ ഭർത്താവും കമ്പ്യൂട്ടറിൽ ടൈപ്പു ചെയ്യാൻ പഠിക്കുന്നതിന് ബ്രയനെ സഹായിച്ചിരിക്കുന്നു. നിറഞ്ഞ സംതൃപ്തിയോടെ ബ്രയൻ ഇപ്പോൾ കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും ഇ-മെയിലുകൾ അയയ്ക്കുന്നു. പക്ഷേ ടൈപ്പു ചെയ്യുമ്പോൾ ആരെങ്കിലും അവന്റെ കണങ്കൈക്കു താങ്ങു കൊടുക്കണം. എന്നാൽ കൈമുട്ടിനു മാത്രം താങ്ങു കൊടുത്താൽ മതി എന്ന അവസ്ഥയിലേക്കു പുരോഗമിക്കാൻ അവന്റെ മാതാപിതാക്കൾ അവനെ സഹായിക്കുന്നു. ആ സഹായം മാത്രം ചെയ്തുകൊടുക്കുന്നതിനാൽ, വർധിച്ച അളവിലുള്ള സ്വാശ്രയശീലം വളർത്തിയെടുക്കാൻ അവനു കഴിയുമെന്ന് അവർക്ക് അറിയാം.
എന്നിരുന്നാലും മാതാപിതാക്കൾ കുട്ടികളിൽ അമിതമായ പ്രതീക്ഷ വെച്ചുപുലർത്തുകയോ പുരോഗമിക്കാൻ തക്കവണ്ണം അവരുടെമേൽ കൂടുതൽ സമ്മർദം ചെലുത്തുകയോ ചെയ്യരുത്. ഓരോ കുട്ടിയുടെയും പ്രാപ്തി വ്യത്യസ്തമാണ്. ദ സ്പെഷ്യൽ ചൈൽഡ് എന്ന പുസ്തകം അഭിപ്രായപ്പെടുന്നു: “നിരാശ ഒഴിവാക്കുന്നതിനായി, സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതും ആവശ്യമായ സഹായം പ്രദാനം ചെയ്യുന്നതും തമ്മിൽ ഒരു സമനില കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക എന്നതാണ് പിൻപറ്റാവുന്ന ഒരു നല്ല പൊതുതത്ത്വം.”
സഹായത്തിന്റെ ഏറ്റവും വലിയ ഉറവിടം
വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് അങ്ങേയറ്റം ക്ഷമയും സഹിഷ്ണുതയും ആവശ്യമാണ്. പ്രശ്നങ്ങൾ ഒന്നിനു പുറകേ ഒന്നായി വരുമ്പോൾ, പല മാതാപിതാക്കളും ഭഗ്നാശരാകുന്നു. തളർന്നുപോകുന്നത് അവസ്ഥ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. മാതാപിതാക്കൾ കണ്ണീർ പൊഴിക്കുകയും തങ്ങളോടുതന്നെ സഹതപിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ എന്തു ചെയ്യാൻ സാധിക്കും?
മാതാപിതാക്കൾക്ക് “പ്രാർത്ഥന കേൾക്കുന്നവനായ” ദൈവത്തെ വിളിച്ചപേക്ഷിക്കാൻ സാധിക്കും. (സങ്കീർത്തനം 65:2) സഹിച്ചുനിൽക്കാനുള്ള ധൈര്യവും പ്രത്യാശയും ശക്തിയും അവൻ നൽകും. (1 ദിനവൃത്താന്തം 29:12; സങ്കീർത്തനം 27:14) അവൻ നമ്മുടെ വേദനിക്കുന്ന ഹൃദയങ്ങൾക്കു സാന്ത്വനമേകും. നാം ബൈബിൾ പ്രദാനം ചെയ്യുന്ന “ആശയിൽ സന്തോഷി”ക്കാൻ അവൻ ആഗ്രഹിക്കുന്നു. (റോമർ 12:12; റോമർ 15:4, 5; 2 കൊരിന്ത്യർ 1:3, 4) “കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും” എന്നുള്ള ബൈബിൾ പ്രവചനം ഭാവിയിൽ നിവൃത്തിയേറുമ്പോൾ തങ്ങളുടെ കുഞ്ഞും മാനസികവും ശാരീരികവുമായ പൂർണാരോഗ്യം ആസ്വദിക്കുമെന്ന് ദൈവത്തിൽ ആശ്രയിക്കുന്ന മാതാപിതാക്കൾക്ക് ഉറപ്പുണ്ടായിരിക്കാനാകും.—യെശയ്യാവു 35:5, 6; സങ്കീർത്തനം 103:2, 3.
മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്നത്
◼ കുഞ്ഞിന്റെ വൈകല്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരിക്കുക.
◼ ക്രിയാത്മകമായ വീക്ഷണം വെച്ചുപുലർത്തുക.
◼ കഴിയുന്നിടത്തോളം സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കുട്ടിയെ സഹായിക്കുക.
◼ ധൈര്യത്തിനും പ്രത്യാശയ്ക്കും ശക്തിക്കുമായി ദൈവത്തോട് അപേക്ഷിക്കുക.
മറ്റുള്ളവർക്കു ചെയ്യാൻ കഴിയുന്നത്
◼ കുട്ടിയുടെ പ്രായത്തിനനുസൃതമായും ആത്മാർഥതയോടെയും അവനോടു സംസാരിക്കുക.
◼ മാതാപിതാക്കളോടു കുട്ടിയെപ്പറ്റി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുക.
◼ മാതാപിതാക്കളുടെ വികാരങ്ങൾ മനസ്സിലാക്കുകയും പരിഗണന കാണിക്കുകയും ചെയ്യുക.
◼ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പ്രവർത്തനങ്ങളിൽ പങ്കുചേരുക.
[26-ാം പേജിലെ ചതുരം/ചിത്രം]
മറ്റുള്ളവർക്കു സഹായിക്കാനാകുന്ന വിധം
മാരത്തോൺ ഓട്ടക്കാരുടെ സഹിഷ്ണുത കാണികളെ അതിശയിപ്പിക്കുന്നതുപോലെ, ദിവസത്തിലെ 24 മണിക്കൂറും ആഴ്ചയിലെ ഏഴു ദിവസവും വൈകല്യമുള്ള കുട്ടിയെ പരിപാലിക്കുന്ന മാതാപിതാക്കളുടെ സഹിഷ്ണുത നിങ്ങളെ വിസ്മയംകൊള്ളിക്കും. മാരത്തോൺ നടക്കുന്ന വഴിയിലുടനീളം കാണികൾ, ദാഹിച്ചു തളർന്നുപോകാതിരിക്കാൻ തക്കവണ്ണം ഓട്ടക്കാർക്കു വെള്ളം കൊടുക്കുന്ന രീതിയുണ്ട്. വൈകല്യമുള്ള കുട്ടിയെ ജീവിതകാലം മുഴുവൻ പരിചരിക്കുന്ന മാതാപിതാക്കൾക്ക് ആശ്വാസപ്രദമായ പിന്തുണ നൽകാൻ നിങ്ങൾക്കു സാധിക്കുമോ?
അവരുടെ മകനോടോ മകളോടോ വെറുതെ സംസാരിക്കുന്നതാണ് അവരെ സഹായിക്കാൻ കഴിയുന്ന ഒരു വിധം. കുട്ടി അധികമൊന്നും അല്ലെങ്കിൽ ഒട്ടുംതന്നെ പ്രതികരിക്കാതെ വരുമ്പോൾ ആദ്യമൊക്കെ നിങ്ങൾക്ക് അൽപ്പം അസ്വസ്ഥത അനുഭവപ്പെടാം. എന്നിരുന്നാലും, അത്തരത്തിലുള്ള പല കുട്ടികളും ശ്രദ്ധിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും സാധ്യതയനുസരിച്ച് നിങ്ങൾ പറയുന്നതിനെക്കുറിച്ച് ഗഹനമായി ചിന്തിക്കുമെന്നും മനസ്സിൽപ്പിടിക്കുക. സമുദ്രത്തിന്റെ മുകൾപ്പരപ്പിനു വളരെ താഴെയായി ഒഴുകിനടക്കുന്ന ഹിമക്കുന്നുകൾപോലെയാണ് ചിലരുടെ മനസ്സ്, ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ അവരുടെ മുഖത്തു പ്രതിഫലിച്ചെന്നു വരില്ല. a
സംഭാഷണം കൂടുതൽ എളുപ്പമാക്കാൻ ശിശു-നാഡീരോഗ വിദഗ്ധയായ ഡോ. ആന്നിക്കി കൊയിസ്റ്റിനെൻ ചില നിർദേശങ്ങൾ നൽകുന്നു: “ആദ്യം അവരുടെ കുടുംബത്തെയും ഹോബികളെയും കുറിച്ചു നിങ്ങൾക്കു സംസാരിക്കാവുന്നതാണ്. തീരെ ചെറിയ കുട്ടികളോടു സംസാരിക്കുന്നതുപോലെയല്ല മറിച്ച് അവരുടെ യഥാർഥ പ്രായത്തിനനുസൃതമായി അവരോടു സംസാരിക്കുക. ചെറിയ വാചകങ്ങൾ ഉപയോഗിച്ച് ഒരു സമയത്ത് ഒരു വിഷയത്തെക്കുറിച്ചു മാത്രം സംസാരിക്കുക. നിങ്ങൾ സംസാരിക്കുന്നതു ഗ്രഹിക്കാൻ അവർക്കു സമയം നൽകുക.”
നിങ്ങൾ മാതാപിതാക്കളോടും സംസാരിക്കേണ്ടത് ആവശ്യമാണ്. അവർ നേരിടുന്ന വൈകാരിക വെല്ലുവിളികളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുമ്പോൾ അവരോടുള്ള നിങ്ങളുടെ സഹാനുഭൂതിയും വർധിക്കും. ഉദാഹരണത്തിന് മാർക്കുസിന്റെ അമ്മ ആനി, തന്റെ പ്രിയ മകനെ അടുത്തറിയാൻ വാഞ്ഛിക്കുന്നു. സംസാരിക്കാനോ മനസ്സിലുള്ളത് എന്താണെന്നു വിശദീകരിക്കാനോ അവനു കഴിയാത്തതിൽ അവർക്കു വിഷമമുണ്ട്. താൻ മരിച്ചാൽ അവന് അമ്മയില്ലാതാകുമല്ലോ എന്നോർത്ത് അവർ വേവലാതിപ്പെടുന്നു.
മാനസിക വൈകല്യമുള്ള കുട്ടിയെ പരിപാലിക്കുന്നതിനായി മാതാപിതാക്കൾ എന്തെല്ലാം ചെയ്താലും ശരി, ഇനിയും കൂടുതൽ ചെയ്യേണ്ടതുണ്ടെന്ന് അവർക്കു ചിലപ്പോഴൊക്കെ തോന്നുന്നു. ബ്രയന്റെ അമ്മ ലാറി, അവനെ പരിപാലിക്കുന്നതിൽ താൻ വരുത്തുന്ന ഓരോ ചെറിയ പിഴവിനും സ്വയം കുറ്റപ്പെടുത്തുന്നു. മറ്റു കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകാൻ കഴിയാത്തതിലും അവൾക്കു കുറ്റബോധമുണ്ട്. അത്തരം മാതാപിതാക്കളോടും അവരുടെ വികാരങ്ങളോടും നിങ്ങൾ പ്രകടമാക്കുന്ന താത്പര്യവും ആദരവും അവർക്കും കുട്ടികൾക്കും ആത്മാഭിമാനം തോന്നാൻ ഇടയാക്കുന്നു. ഇതിനോടുള്ള ബന്ധത്തിൽ ഇംഗാഡ് പറയുന്നു: “എന്റെ മകളെക്കുറിച്ചു സംസാരിക്കാൻ എനിക്കിഷ്ടമാണ്. യൂനിക്കുമൊത്തുള്ള എന്റെ ജീവിതത്തിലെ സന്തോഷത്തിലും സന്താപത്തിലും പങ്കുചേരാൻ സന്നദ്ധത കാണിക്കുന്നവരോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നുന്നു.”
നിങ്ങൾക്കു സഹായിക്കാൻ കഴിയുന്ന ചെറുതും വലുതുമായ മറ്റനേകം വിധങ്ങളുണ്ട്. ഒരുപക്ഷേ മാതാപിതാക്കളെയും കുട്ടിയെയും വീട്ടിലേക്കു ക്ഷണിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ അവരോടു പറയുകയോ ചെയ്യാവുന്നതാണ്. മാതാപിതാക്കൾ വിശ്രമിക്കുന്ന സമയത്ത് ഏതാനും മണിക്കൂർ കുട്ടിയോടൊത്തു ചെലവഴിക്കാനും നിങ്ങൾക്കു സാധിച്ചേക്കും.
[അടിക്കുറിപ്പ്]
a 2000 മേയ് 8 ലക്കം ഉണരുക!യിൽ “നിശ്ശബ്ദ ലോകത്തിൽനിന്നുള്ള ലോയിഡയുടെ യാത്ര” എന്ന ലേഖനം കാണുക.
[26-ാം പേജിലെ ചിത്രം]
ആത്മാർഥമായ താത്പര്യം കാണിക്കുന്നത് മാതാപിതാക്കളുടെയും കുട്ടിയുടെയും ആത്മാഭിമാനം വർധിപ്പിക്കുന്നു
[27-ാം പേജിലെ ചിത്രം]
യൂനിക്കിനെപ്പോലെ, ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക് വളർന്നുവരവേ സ്നേഹം ലഭിക്കേണ്ടതുണ്ട്
[28-ാം പേജിലെ ചിത്രം]
സ്വാശ്രയശീലം വളർത്തിയെടുക്കുന്നതിന്, ലാറി തന്റെ മകൻ ബ്രയനെ ടൈപ്പു ചെയ്യാൻ പഠിപ്പിച്ചിരിക്കുന്നു