യഥാർഥ സന്തുഷ്ടിയുടെ ചേരുവകൾ
യഥാർഥ സന്തുഷ്ടിയുടെ ചേരുവകൾ
രുചികരമായ ഭക്ഷണം തയ്യാറാക്കാൻ ശരിയായ ചേരുവകളും സമർഥനായ ഒരു പാചകക്കാരനും ആവശ്യമാണ്! സന്തുഷ്ടിയുടെ കാര്യവും അങ്ങനെതന്നെയാണ്. ഒരൊറ്റ ഘടകമല്ല, മറിച്ച് പല കാര്യങ്ങൾ കൂടിച്ചേർന്നാണ് നമ്മുടെ ജീവിതം സന്തുഷ്ടമാക്കുന്നത്. തൊഴിൽ, വിനോദം, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കുന്ന സമയം, ആത്മീയ പ്രവർത്തനങ്ങൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. എന്നാൽ മനോഭാവം, അഭിലാഷങ്ങൾ, ജീവിത ലക്ഷ്യങ്ങൾ എന്നിങ്ങനെ അത്ര വ്യക്തമല്ലാത്ത ഘടകങ്ങളും പ്രധാനമാണ്.
സന്തോഷകരമെന്നു പറയട്ടെ, യഥാർഥ സന്തുഷ്ടിക്കുള്ള ചേരുവകൾ നാം സ്വന്തമായി അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, നമ്മുടെ സ്രഷ്ടാവ് അത്യുത്തമമായ പ്രബോധനങ്ങൾ അടങ്ങിയ ഒരു പുസ്തകം—ബൈബിൾ—നമുക്കു പ്രദാനം ചെയ്തിട്ടുണ്ട്. 2,377 ഭാഷകളിലും ഭാഷാഭേദങ്ങളിലുമായി മുഴുവനായോ ഭാഗികമായോ അത് ഇന്നു ലഭ്യമാണ്. ലോകത്തിലെ മറ്റൊരു പ്രസിദ്ധീകരണവും ഇത്രയും പ്രചാരം നേടിയിട്ടില്ല!
ഇതു പ്രതിഫലിപ്പിക്കുന്നത് സകല മനുഷ്യരുടെയും സന്തുഷ്ടിയിലും ആത്മീയ ക്ഷേമത്തിലുമുള്ള ദൈവത്തിന്റെ താത്പര്യത്തെയാണ്. (പ്രവൃത്തികൾ 10:34, 35; 17:26, 27) ‘ശുഭകരമായി പ്രവർത്തിക്കാൻ നിന്നെ അഭ്യസിപ്പിക്കുന്നവൻ ഞാൻ തന്നെ’ എന്നു ദൈവം പറയുന്നു. അവന്റെ കൽപ്പനകൾ അനുസരിക്കുന്നപക്ഷം, നമ്മുടെ സമാധാനവും ശാന്തിയും “നദിപോലെ” ആയിത്തീരുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു.—യെശയ്യാവു 48:17, 18.
ആ വാഗ്ദാനം, മുൻ ലേഖനത്തിൽ ഉദ്ധരിച്ച, യേശുവിന്റെ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടർ.” (മത്തായി 5:3, NW) ഇവിടെ പറയപ്പെട്ടിരിക്കുന്ന ആത്മീയത ഭക്തിയുടെ വെറുമൊരു പുറംപൂച്ചല്ല. മറിച്ച് അതു നമ്മുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുന്നു. നമുക്കു നമ്മെക്കുറിച്ച് അറിയാവുന്നതിനെക്കാൾ വളരെ മെച്ചമായി ദൈവത്തിനു നമ്മെ അറിയാമെന്നു തിരിച്ചറിഞ്ഞുകൊണ്ട് അവനെ ശ്രദ്ധിക്കാനും അവനാൽ പഠിപ്പിക്കപ്പെടാനുമുള്ള മനസ്സൊരുക്കമാണ് ഇവിടെ നിഴലിക്കുന്നത്. 50-ലധികം വർഷമായി ബൈബിൾ പഠിക്കുന്ന എറൽ ഇങ്ങനെ പറയുന്നു: “ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥമാണെന്ന് എന്നെ ഏറ്റവുമധികമായി ബോധ്യപ്പെടുത്തുന്ന വസ്തുത അതിന്റെ പ്രബോധനങ്ങളുടെ ഫലപ്രദത്വമാണ്.” ഉദാഹരണത്തിന്, ധനവും ഉല്ലാസവും തേടുന്നതുപോലുള്ള കാര്യങ്ങൾ സംബന്ധിച്ച് ബൈബിൾ നൽകുന്ന മികച്ച ബുദ്ധിയുപദേശം പരിചിന്തിക്കുക.
പണം സംബന്ധിച്ച ജ്ഞാനപൂർവകമായ മാർഗനിർദേശം
“ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നത്,” യേശു പറഞ്ഞു. (ലൂക്കൊസ് 12:15) അതേ, ഒരു വ്യക്തി എന്ന നിലയിലുള്ള നിങ്ങളുടെ യഥാർഥ മൂല്യത്തിന് നിങ്ങളുടെ ബാങ്കു നിക്ഷേപവുമായി യാതൊരു ബന്ധവുമില്ല, പ്രത്യേകിച്ച് ദൈവത്തിന്റെ വീക്ഷണത്തിൽ. ധനസമ്പാദനം മിക്കപ്പോഴും ഉത്കണ്ഠകൾ വർധിപ്പിക്കുന്നു എന്നതാണ് യാഥാർഥ്യം. അതു നമ്മുടെ സന്തോഷവും ഏറെ പ്രധാനപ്പെട്ട കാര്യങ്ങൾക്കു ചെലവഴിക്കേണ്ട സമയവും കവർന്നെടുക്കുന്നു.—മർക്കൊസ് 10:25; 1 തിമൊഥെയൊസ് 6:10.
ഭൗതിക വസ്തുവകകളുടെ സഹായത്താൽ സംതൃപ്തി കണ്ടെത്താൻ ആളുകൾ എത്രത്തോളം ശ്രമിക്കുന്നുവോ അത്രകണ്ട് അവർക്കത് കൈവിട്ടുപോകുന്നുവെന്ന് ഐക്യനാടുകളിലെ മനഃശാസ്ത്ര പ്രൊഫസറായ റിച്ചർഡ് റൈയൻ അഭിപ്രായപ്പെടുന്നു. അതു സംബന്ധിച്ച്, ബൈബിളെഴുത്തുകാരനായ ശലോമോൻ ഇങ്ങനെ പറഞ്ഞു: “പണത്തെ സ്നേഹിക്കുന്നവന് ഒരിക്കലും മതിയാവോളം പണം ഉണ്ടാകുന്നില്ല; സമ്പത്തിനെ സ്നേഹിക്കുന്നവൻ അവന്റെ വരുമാനംകൊണ്ട് ഒരിക്കലും തൃപ്തനാകുന്നുമില്ല.” (സഭാപ്രസംഗി 5:10, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഈ സാഹചര്യത്തെ കൊതുകു കുത്തുമ്പോഴുണ്ടാകുന്ന ചൊറിച്ചിലിനോടു താരതമ്യപ്പെടുത്താവുന്നതാണ്—ചൊറിയുന്തോറും ചൊറിച്ചിൽ കൂടിവരുകയും ഒടുവിൽ അവിടം ഒരു വ്രണമായിത്തീരുകയും ചെയ്യുന്നു.
കഠിനാധ്വാനം ചെയ്ത് അതിന്റെ ഫലം ആസ്വദിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സഭാപ്രസംഗി 3:12, 13) സന്തുഷ്ടിയുടെ മറ്റൊരു സുപ്രധാന ചേരുവയായ ആത്മാഭിമാനം വർധിച്ചുവരാൻ അത് ഇടയാക്കും. പരിപുഷ്ടിപ്പെടുത്തുന്ന ചില ഉല്ലാസങ്ങൾ ആസ്വദിക്കുന്നത് ഉൾപ്പെടെയുള്ള ജീവിത ആവശ്യങ്ങൾക്കായി പണം സമ്പാദിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ധനസമ്പാദനം ജീവിതലക്ഷ്യമാക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു സംഗതിയാണ്.
ഉല്ലാസങ്ങളെ അതിന്റെ സ്ഥാനത്തു നിറുത്തുക
ജീവിതത്തിൽ ആത്മീയ കാര്യങ്ങൾക്കുള്ള മൂല്യം തിരിച്ചറിയുന്നത് വിനോദങ്ങൾ, നേരമ്പോക്ക്, മറ്റ് ഉല്ലാസങ്ങൾ എന്നിവയിൽനിന്നു പരമാവധി പ്രയോജനം നേടാൻ നമ്മെ സഹായിക്കും. ഭക്ഷണ പാനീയങ്ങൾ വിളമ്പിയിരുന്ന ഉല്ലാസകരമായ കൂടിവരവുകളിൽ യേശു സംബന്ധിച്ചിട്ടുണ്ട്. (ലൂക്കൊസ് 5:29; യോഹന്നാൻ 2:1-10) എന്നാൽ തീർച്ചയായും അത്തരം കാര്യങ്ങൾ ആയിരുന്നില്ല അവന്റെ സന്തോഷത്തിന്റെ മുഖ്യകാരണം. മറിച്ച്, ദൈവത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നത് ഉൾപ്പെടെയുള്ള ആത്മീയ പ്രവർത്തനങ്ങളാണ് അവന് ഏറ്റവുമധികം സന്തോഷം പകർന്നത്.—യോഹന്നാൻ 4:34.
സന്തുഷ്ടിക്കുള്ള താക്കോൽ ജീവിതോല്ലാസങ്ങൾ ആണോയെന്നറിയാൻ ശലോമോൻ രാജാവ് ഒരു പരീക്ഷണംതന്നെ നടത്തി. “സുഖഭോഗങ്ങളിൽ ഞാൻ മുഴുകും; ഞാൻ അതിന്റെ ആസ്വാദ്യത പരീക്ഷിക്കും” എന്ന് അവൻ പറഞ്ഞു. അതേ, യാതൊരു മടിയോ സങ്കോചമോ കൂടാതെ ശലോമോൻ സുഖലോലുപതയിൽ മുഴുകി! പിന്നീട് അതു സംബന്ധിച്ച് അവന് എന്തു തോന്നി? “ഇതും മിഥ്യ തന്നെ!” അവൻ എഴുതി.—സഭാപ്രസംഗി 2:1,പി.ഒ.സി. ബൈബിൾ.
ശൂന്യതാബോധവും അസംതൃപ്തിയും—അതാണ് മിക്കപ്പോഴും ഉല്ലാസപ്രേമികളുടെ അനുഭവം. അർഥവത്തായ വേല, ആത്മീയ പ്രവർത്തനങ്ങൾ, കുടുംബാംഗങ്ങളുമൊത്തുള്ള സഹവാസം, ഉല്ലാസങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഗവേഷകർ പഠനം നടത്തിയിട്ടുണ്ട്. എന്തായിരുന്നു ഫലം? പഠനത്തിനു വിധേയരായവരുടെ മൊത്തത്തിലുള്ള സന്തുഷ്ടിയെ സ്വാധീനിച്ച കാര്യങ്ങളിൽ ഉല്ലാസങ്ങളുടെ സ്ഥാനം ഏറ്റവും ഒടുവിലായിരുന്നു.
ഉദാരമതികളും കൃതജ്ഞരും ആയിരിക്കുക
സ്വാർഥരായിരിക്കുന്നതിനു പകരം സന്തുഷ്ടരായ വ്യക്തികൾ, പൊതുവേ ഉദാരമതികളും മറ്റുള്ളവരുടെ ക്ഷേമത്തിൽ തത്പരരും ആയിരിക്കും. “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” അഥവാ സന്തോഷപ്രദം എന്ന് യേശു പറഞ്ഞു. (പ്രവൃത്തികൾ 20:35) ഭൗതിക വസ്തുവകകൾ പങ്കുവെക്കുന്നതിനുപുറമേ, മറ്റുള്ളവർക്കായി സമയവും ഊർജവും ചെലവഴിക്കാൻ നമുക്കാകും. മറ്റുള്ളവർ, പ്രത്യേകിച്ചു കുടുംബാംഗങ്ങൾ അതിനെ ഏറെ വിലമതിക്കാൻ സാധ്യതയുണ്ട്. വിവാഹബന്ധം ശക്തവും സന്തുഷ്ടവുമാക്കി നിലനിറുത്തുന്നതിന് ഭാര്യാഭർത്താക്കന്മാർ ഒന്നിച്ചായിരിക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്. കൂടാതെ, മക്കളോടു സംസാരിക്കാനും വാത്സല്യം പ്രകടിപ്പിക്കാനും അവരെ പഠിപ്പിക്കാനും മാതാപിതാക്കൾ ധാരാളം സമയം ചെലവഴിക്കണം. ഈ വിധങ്ങളിലെല്ലാം കുടുംബാംഗങ്ങൾ കൊടുക്കൽ മനോഭാവം പ്രകടമാക്കുമ്പോൾ അവർ വൃക്ഷങ്ങളെപ്പോലെ തഴയ്ക്കുകയും കുടുംബം, സന്തോഷം കളിയാടുന്ന ഒരു പറുദീസയായിത്തീരുകയും ചെയ്യും.
ഇനി, മറ്റുള്ളവർ അവരുടെ സമയവും ഊർജവും ചെലവഴിച്ചുകൊണ്ടോ മറ്റു വിധങ്ങളിലോ നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങൾ ‘നന്ദി ഉള്ളവർ’ ആണെന്നു പ്രകടമാക്കുന്നുണ്ടോ? (കൊലൊസ്സ്യർ 3:15) ഈ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ നന്ദിപൂർവം പ്രതികരിക്കുന്നത്, മറ്റുള്ളവരുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനും നമ്മുടെതന്നെ സന്തോഷം വലിയ അളവിൽ വർധിപ്പിക്കാനും സഹായിക്കും. മറ്റാരെങ്കിലും നിങ്ങളോടു ഹൃദയംഗമമായി നന്ദി പ്രകടിപ്പിക്കുമ്പോൾ അതു നിങ്ങളെ ആഴത്തിൽ സ്പർശിക്കാറില്ലേ?
കൃതജ്ഞതാ മനോഭാവമുള്ളവർ ആണെങ്കിൽ, ജീവിതത്തിലുണ്ടാകുന്ന നല്ല കാര്യങ്ങൾ തിരിച്ചറിയാൻ നാം ചായ്വുള്ളവരായിരിക്കും. യു.എസ്.എ.-യിലെ റിവർസൈഡിലുള്ള കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഒരു മനഃശാസ്ത്രജ്ഞ നടത്തിയ ശ്രദ്ധേയമായ ഒരു പരീക്ഷണത്തിൽ, പങ്കെടുത്തവരോടെല്ലാം ഒരു “കൃതജ്ഞതാ പത്രം” എഴുതി സൂക്ഷിക്കാൻ അവർ ആവശ്യപ്പെട്ടു. ഏതെല്ലാം കാര്യങ്ങളെപ്രതി അവർ നന്ദിയുള്ളവരാണോ അതെല്ലാം അവർ ആ ഡയറിയിൽ കുറിച്ചുവെക്കണമായിരുന്നു. ആശ്ചര്യകരമെന്നു പറയട്ടെ, ആറ് ആഴ്ച കഴിഞ്ഞപ്പോഴേക്കും അവരെല്ലാവരും ജീവിതത്തിൽ ശ്രദ്ധേയമാംവിധം സംതൃപ്തർ ആയിത്തീർന്നു.
ഇതെന്താണു ചൂണ്ടിക്കാട്ടുന്നത്? നിങ്ങളുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും, ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന നന്മകൾ തിരിച്ചറിയാൻ പഠിക്കുക. വാസ്തവത്തിൽ, അപ്രകാരം ചെയ്യാൻ ബൈബിൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. “എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ . . . എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ” എന്ന് അത് ഉദ്ബോധിപ്പിക്കുന്നു. 1 തെസ്സലൊനീക്യർ 5:16, 18, പി.ഒ.സി.) അതിനായി, നാം അനുഭവിക്കുന്ന നന്മകൾ ഓർമിക്കാൻ ബോധപൂർവം ശ്രമം ചെയ്യേണ്ടതുണ്ട്. നിങ്ങൾ അങ്ങനെ ചെയ്യുമോ?
(സ്നേഹവും പ്രത്യാശയും—സന്തുഷ്ടിക്ക് അനിവാര്യം
ചൊട്ടമുതൽ ചുടലവരെ മനുഷ്യൻ സ്നേഹത്തിനായി കാംക്ഷിക്കുന്നു. അതെത്ര ശരിയാണ്! അതിന്റെ അഭാവത്തിൽ ആളുകൾ വാടിത്തളരുന്നു. എന്നാൽ യഥാർഥത്തിൽ സ്നേഹം എന്താണ്? സ്നേഹം ഇന്നു പല വിധങ്ങളിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും, ബൈബിൾ ഈ ഗുണത്തെ പിൻവരുന്ന പ്രകാരം മനോഹരമായി വർണിക്കുന്നു: “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.”—1 കൊരിന്ത്യർ 13:4-8.
യഥാർഥ സ്നേഹം എത്ര നിസ്സ്വാർഥമാണ്! “സ്വാർത്ഥം അന്വേഷിക്കുന്നില്ല” എന്നതിനാൽ അതു സ്വന്തം സന്തോഷത്തെക്കാൾ മറ്റുള്ളവരുടേതിനു പ്രാധാന്യം കൽപ്പിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, അത്തരം സ്നേഹം ഇന്നു വിരളമായിക്കൊണ്ടിരിക്കുകയാണ്. എന്തിന്, ഈ വ്യവസ്ഥിതിയുടെ സമാപനം സംബന്ധിച്ച പ്രവചനത്തിൽ “അനേകരുടെ സ്നേഹം തണുത്തുപോകും” എന്ന് യേശു പറയുകയുണ്ടായി.—മത്തായി 24:3, 12; 2 തിമൊഥെയൊസ് 3:1-5.
ഏതായാലും ഈ സ്ഥിതിവിശേഷം എന്നേക്കും തുടരുകയില്ല, കാരണം സ്നേഹത്തിന്റെ മൂർത്തിമദ്ഭാവമായ സ്രഷ്ടാവിന് അതൊരു അപമാനമാണ്. (1 യോഹന്നാൻ 4:8) വിദ്വേഷികളും അത്യാഗ്രഹികളുമായവരെ ദൈവം ഭൂമിയിൽനിന്ന് പെട്ടെന്നുതന്നെ തുടച്ചുനീക്കും. മുകളിൽ പരാമർശിച്ചതുപോലുള്ള സ്നേഹം നട്ടുവളർത്താൻ ശ്രമിക്കുന്നവർക്കുമാത്രമേ അതിജീവിക്കാനാകൂ. അങ്ങനെ സമാധാനവും സന്തോഷവും ഭൂമിയിലെങ്ങും നിറയും. “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും” എന്ന ബൈബിൾ പ്രവചനം നിശ്ചയമായും നിവൃത്തിയേറും.—സങ്കീർത്തനം 37:10, 11.
‘ആനന്ദം’ കളിയാടുന്ന ഒരവസ്ഥയിൽ എന്നെന്നും ജീവിക്കുന്നത് ഒന്നു വിഭാവന ചെയ്യൂ! “ആശയിൽ സന്തോഷിപ്പിൻ” എന്നു ബൈബിൾ പറയുന്നതിൽ എന്തെങ്കിലും അതിശയിക്കാനുണ്ടോ? (റോമർ 12:12) അനുസരണമുള്ള മനുഷ്യവർഗത്തിനായി ദൈവം കരുതിയിരിക്കുന്ന അത്ഭുതകരമായ പ്രത്യാശയെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ദയവായി അടുത്ത ലേഖനം വായിക്കുക.
[7-ാം പേജിലെ ആകർഷക വാക്യം]
‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു സന്തോഷപ്രദം.’ —പ്രവൃത്തികൾ 20:35
[5-ാം പേജിലെ ചതുരം/ചിത്രം]
വിജയകഥകളും യാഥാർഥ്യവും
കഷ്ടപ്പാടും ദുരിതവും നിറഞ്ഞ കുടുംബങ്ങളിൽ വളർന്ന് പർവത സമാനമായ പ്രതിസന്ധികൾ തരണം ചെയ്ത് ഒടുവിൽ അതിസമ്പന്നരായിത്തീർന്നവരെക്കുറിച്ചുള്ള വീരകഥകൾ ചിലപ്പോഴൊക്കെ നാം കേൾക്കാറുണ്ട്. എന്നാൽ, സന്തുഷ്ടിയെക്കുറിച്ചുള്ള ഒരു സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ റിപ്പോർട്ട് ഇങ്ങനെ വിശദീകരിക്കുന്നു: “ബാല്യകാലം അസന്തുഷ്ടമായിരുന്നിട്ടും . . . എല്ലാവിധ പ്രതികൂല സാഹചര്യങ്ങളും സമർഥമായി തരണം ചെയ്ത് വിജയചരിത്രമെഴുതിയവരുടെ ദൃഷ്ടാന്തമായി അത്തരം കഥകൾ ചിലരൊക്കെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിൽ ഒരു കുഴപ്പമുണ്ട്, കാരണം അത്തരം കഥാപാത്രങ്ങൾ എല്ലാ അർഥത്തിലും ജീവിതത്തിൽ വിജയംവരിച്ചതായി പറയാൻ കഴിയില്ലെന്ന് ഗവേഷണം തെളിയിക്കുന്നു. അവർ സമ്പന്നരായിത്തീർന്നു എന്നു മാത്രമേ ഉള്ളൂ.”
[6-ാം പേജിലെ ചതുരം/ചിത്രം]
സന്തുഷ്ടിയും നിങ്ങളുടെ ആരോഗ്യവും
സന്തുഷ്ടമായ മനസ്സ് നല്ലൊരു ഔഷധമാണ്. “സന്തുഷ്ടിയോ പ്രത്യാശയും ശുഭാപ്തിവിശ്വാസവും സംതൃപ്തിയും നിറഞ്ഞ സമാനമായ മാനസികാവസ്ഥകളോ ഹൃദയ-ധമനീരോഗം, ശ്വാസകോശ രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ജലദോഷം, ശ്വസനവ്യവസ്ഥയുടെ മേൽഭാഗങ്ങളിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയോ അത്തരം രോഗങ്ങൾ മൂർച്ഛിക്കാതെ തടയുകയോ ചെയ്യുന്നതായി കാണപ്പെടുന്നു” എന്ന് ടൈം വാരികയിലെ ഒരു റിപ്പോർട്ട് പ്രസ്താവിക്കുന്നു. കൂടാതെ, സന്തുഷ്ടവും ക്രിയാത്മകവുമായ മാനസികാവസ്ഥ പ്രായംചെന്ന രോഗികൾക്കിടയിലെ മരണനിരക്ക് ഒമ്പതു വർഷക്കാലത്തിനുള്ളിൽ 50 ശതമാനമായി വെട്ടിക്കുറച്ചുവെന്ന് ഹോളണ്ടിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തി!
മാനസികാവസ്ഥ എങ്ങനെയാണ് ശരീരത്തെ സ്വാധീനിക്കുന്നത് എന്നത് ഇന്നും വ്യക്തമല്ല. എന്നിരുന്നാലും, പ്രസന്നരും ശുഭാപ്തിവിശ്വാസമുള്ളവരുമായവരിൽ പ്രതിരോധ വ്യവസ്ഥയ്ക്കു ഹാനിവരുത്തുന്നതും സമ്മർദം വർധിപ്പിക്കുന്നതുമായ കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുറവാണെന്ന് ഗവേഷണം തെളിയിച്ചിരിക്കുന്നു.
[4, 5 പേജുകളിലെ ചിത്രം]
നല്ല ചേരുവകൾ ഉപയോഗിക്കുമ്പോൾ ഭക്ഷണം രുചികരമായിത്തീരുന്നതുപോലെ, ദിവ്യ മാർഗനിർദേശം പിൻപറ്റുന്നത് സന്തുഷ്ടിയിൽ കലാശിക്കുന്നു