“വിശ്വാസം നിമിത്തം തടവിലാക്കപ്പെട്ടവർ”
“വിശ്വാസം നിമിത്തം തടവിലാക്കപ്പെട്ടവർ”
പോളണ്ടിലെ ഉണരുക! ലേഖകൻ
ചെക്ക് അതിർത്തിയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന, ദക്ഷിണ പോളണ്ടിലെ ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിന്റെ ഇരുമ്പു കവാടങ്ങളിൽ ആർബൈറ്റ് മാഖ്റ്റ് ഫ്രൈ (ജോലി സ്വാതന്ത്ര്യം നൽകുന്നു) എന്ന വാക്കുകൾ ഇന്നുവരെയും കാണപ്പെടുന്നു. a എന്നാൽ ആ പാളയത്തിന്റെ കവാടങ്ങളിലൂടെ 1940-നും 1945-നും ഇടയ്ക്കു പ്രവേശിച്ച മിക്കവരുടെയും അനുഭവം വാസ്തവത്തിൽ ഇതിൽനിന്ന് എത്രയോ വ്യത്യസ്തമായിരുന്നു! ആ വർഷങ്ങളിൽ നാസികളുടെ കയ്യാൽ പത്തു ലക്ഷത്തിലധികം പേർ ഓഷ്വിറ്റ്സിൽ മരണമടഞ്ഞു. എന്നാൽ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് ഏതു സമയത്തും സ്വതന്ത്രരായിത്തീരാമായിരുന്നു.
സ്വാതന്ത്ര്യത്തിന് അവർ നൽകേണ്ട വില എന്തായിരുന്നു?
യഹോവയുടെ സാക്ഷിയായ ഏതൊരു തടവുകാരനും താൻ യഹോവയുടെ ഒരു സജീവസാക്ഷിയായി തുടരുകയില്ലെന്നു പ്രസ്താവിക്കുന്ന ഒരു രേഖയിൽ ഒപ്പിട്ടാൽ സ്വതന്ത്രനാകാമായിരുന്നു. അവരിൽ മിക്കവരും എന്തു ചെയ്തു? “റോമൻ ചക്രവർത്തിയുടെ യാഗപീഠത്തിൽ ഒരു ചെറിയ ബലിയർപ്പിക്കുന്നതിനുപകരം സിംഹങ്ങളാൽ കടിച്ചുകീറപ്പെടുന്നതു തിരഞ്ഞെടുക്കുമായിരുന്ന ആദിമ ക്രിസ്ത്യാനികളെപ്പോലെയായിരുന്നു” സാക്ഷികൾ എന്നു ചരിത്രകാരനായ ഇഷ്റ്റ്വാൻ ഡെയാക്ക് പറയുന്നു. അത്തരമൊരു നിലപാടു തീർച്ചയായും അനുസ്മരണീയമാണ്; സ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.2004 സെപ്റ്റംബർ 21 മുതൽ രണ്ടു മാസത്തേക്ക് ഓഷ്വിറ്റ്സ്-ബിർക്കനൗ സ്റ്റേറ്റ് മ്യൂസിയത്തിന്റെ പ്രധാന ഹാളിൽ യഹോവയുടെ സാക്ഷികൾക്കു മാത്രമായി ഒരു പ്രദർശനം നടത്തി. ഈ പ്രദർശനത്തിന് അനുയോജ്യമായതായിരുന്നു അതിന്റെ പ്രമേയം: “വിശ്വാസം നിമിത്തം തടവിലാക്കപ്പെട്ടവർ—യഹോവയുടെ സാക്ഷികളും നാസി ഭരണകൂടവും.” നാസി ഭരണകാലത്തു ക്രിസ്തീയ നിഷ്പക്ഷത മുറുകെപ്പിടിക്കാനുള്ള സാക്ഷികളുടെ ദൃഢനിശ്ചയത്തെ ചിത്രീകരിക്കുന്ന 27 ചരിത്ര പ്രദർശന ഫലകങ്ങൾ അടങ്ങുന്നതായിരുന്നു ഈ പ്രദർശനം.
നെതർലൻഡ്സിലെ ഡെലിയാന റാഡമാക്കർസ് തടവിലായിരുന്നപ്പോൾ അയച്ച ഒരു കത്തിന്റെ പ്രതി അനേകം സന്ദർശകരുടെയും വികാരങ്ങളെ തൊട്ടുണർത്തി. തന്റെ കുടുംബത്തെ സംബോധന ചെയ്തുകൊണ്ട് അവർ എഴുതി: “യഹോവയുടെ ഹിതം നിറവേറ്റാൻ ഞാൻ പ്രതിജ്ഞചെയ്തു . . . . ധീരരും നിർഭയരും ആയിരിക്കൂ. യഹോവ നമ്മോടൊപ്പമുണ്ട്.” 1942-ൽ ഓഷ്വിറ്റ്സിലേക്കു നാടുകടത്തപ്പെട്ട ഡെലിയാന മൂന്നാഴ്ചയ്ക്കകം മരണമടഞ്ഞു.
ഏകദേശം 400 യഹോവയുടെ സാക്ഷികളാണ് ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ ആകെ ഉണ്ടായിരുന്നത്. അതിലെ അതിജീവകരിൽ മൂന്നുപേർ ഈ പ്രദർശനത്തിന്റെ ഉദ്ഘാടനത്തിനു സന്നിഹിതർ ആയിരുന്നു. അവർ അവരുടെ അനുഭവങ്ങൾ വിവരിക്കുകയും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. തടങ്കൽപ്പാളയത്തിലെ അവസ്ഥകളെ അതിജീവിക്കാൻ സഹായിച്ച അതേ ധീരത അവരിൽ ദൃശ്യമായിരുന്നു.
വിശ്വാസം നിമിത്തം തടവിലാക്കപ്പെട്ടവർ—ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലെ യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ സ്റ്റേറ്റ് മ്യൂസിയത്തിലെ റ്റെരേസാ വോണ്ടോർ-റ്റ്സിഹി എന്ന ഗവേഷക ഇപ്രകാരം എഴുതി: “ഈ ചെറിയ വിഭാഗത്തിന്റെ നിലപാടു മറ്റു തടവുകാരുടെമേൽ ക്രിയാത്മകമായ സ്വാധീനം ചെലുത്തി.” യഹോവയുടെ സാക്ഷികൾ “വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതിൽ അനുദിനം പ്രകടമാക്കിയ നിശ്ചയദാർഢ്യം, ആളുകൾക്ക് ഏതവസ്ഥയിലും അവർ മുറുകെപ്പിടിക്കുന്ന തത്ത്വങ്ങളോടു വിശ്വസ്തമായി പറ്റിനിൽക്കാനാകുമെന്ന ബോധ്യം ശക്തിപ്പെടുത്തി.”
യഥാർഥത്തിൽ, യേശുക്രിസ്തുവിന്റെ അനുഗാമികൾക്കു തടവും മരണവും പുതുമയല്ല. കാരണം, വിശ്വാസം നിമിത്തം യേശുപോലും അറസ്റ്റുചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. (ലൂക്കൊസ് 22:54; 23:32, 33) യേശുവിന്റെ അപ്പൊസ്തലനായ യാക്കോബും വധിക്കപ്പെട്ടു. അപ്പൊസ്തലനായ പത്രൊസ് തടവുശിക്ഷ അനുഭവിച്ചു, അപ്പൊസ്തലനായ പൗലൊസ് പലപ്രാവശ്യം അടികൊള്ളുകയും തടവിലാകുകയും ചെയ്തു.—പ്രവൃത്തികൾ 12:2, 5; 16:22-25; 2 കൊരിന്ത്യർ 11:23.
സമാനമായി, 1930-കളിലും 1940-കളിലും യൂറോപ്പിലെ യഹോവയുടെ സാക്ഷികൾ ദൈവവിശ്വാസത്തിന്റെ അതിശ്രേഷ്ഠ മാതൃക വെച്ചു. അത്തരത്തിലുള്ളവരുടെ വിശ്വാസത്തിന് ഓഷ്വിറ്റ്സിൽ നൽകിയ അംഗീകാരം പ്രശംസാർഹമാണ്.
[അടിക്കുറിപ്പ്]
a ഓഷ്വിറ്റ്സിനു വാസ്തവത്തിൽ മൂന്നു പ്രധാന ഭാഗങ്ങൾ ഉണ്ടായിരുന്നു—ഓഷ്വിറ്റ്സ് 1 (പ്രധാന പാളയം), ഓഷ്വിറ്റ്സ് 2 (ബിർക്കനൗ), ഓഷ്വിറ്റ്സ് 3 (മോണോവിറ്റ്സ്). കുപ്രസിദ്ധമായ ഗ്യാസ് ചേമ്പറുകളിൽ മിക്കവയും ബിർക്കനൗവിൽ ആയിരുന്നു.
[10-ാം പേജിലെ ചിത്രം]
പ്രദർശനത്തിന്റെ വിഷയ ഫലകവുമായി മൂന്ന് ഓഷ്വിറ്റ്സ് അതിജീവകർ
[11-ാം പേജിലെ ചിത്രം]
ഡെലിയാന റാഡമാക്കർസും തടവിൽവെച്ച് അവർ എഴുതിയ ഒരു കത്തും
[കടപ്പാട്]
ഇൻസെറ്റ് ഫോട്ടോകൾ: Zdjêcie: Archiwum Pañstwowego Muzeum Auschwitz-Birkenau
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഗോപുരം: Dziêki uprzejmości Pañstwowego Muzeum Auschwitz-Birkenau