വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ എത്രകാലം ജീവിച്ചിരിക്കാനാകും?

നിങ്ങൾക്ക്‌ എത്രകാലം ജീവിച്ചിരിക്കാനാകും?

നിങ്ങൾക്ക്‌ എത്രകാ​ലം ജീവി​ച്ചി​രി​ക്കാ​നാ​കും?

“അപ്പോൾ അവന്റെ ദേഹം യൌവ​ന​ചൈ​ത​ന്യ​ത്താൽ പുഷ്ടി​വെ​ക്കും; അവൻ ബാല്യ​പ്രാ​യ​ത്തി​ലേക്കു തിരി​ഞ്ഞു​വ​രും.”—ഇയ്യോബ്‌ 33:25.

കുഞ്ഞു​ങ്ങളെ വളർത്തുക, പൂച്ചകളെ ഓടി​ക്കുക, എല്ലിൻക​ഷ​ണങ്ങൾ ഒളിച്ചു​വെ​ക്കുക, യജമാ​നനെ സംരക്ഷി​ക്കുക തുടങ്ങി നായ്‌ക്കൾ സാധാരണ ചെയ്യാ​റുള്ള എല്ലാ കാര്യ​ങ്ങ​ളും പത്തോ ഇരുപ​തോ വർഷത്തെ ജീവി​ത​ത്തി​നി​ട​യ്‌ക്ക്‌ ഒരു നായ്‌ ചെയ്‌തി​ട്ടു​ണ്ടാ​യി​രി​ക്കും. പക്ഷേ 70-ഓ 80-ഓ വർഷത്തെ ജീവി​ത​ത്തി​നു തിരശ്ശീല വീഴു​മ്പോൾ, സാധി​ക്കു​മാ​യി​രു​ന്ന​തി​ന്റെ ഒരംശം മാത്രമേ മനുഷ്യൻ നേടി​യി​ട്ടു​ണ്ടാ​വു​ക​യു​ള്ളൂ. സ്‌പോർട്‌സി​ലാ​യി​രു​ന്നു താത്‌പ​ര്യ​മെ​ങ്കിൽ, ഒന്നോ രണ്ടോ ഇനങ്ങളിൽ മാത്രമേ അവൻ മികച്ചു​നി​ന്നി​ട്ടു​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ. സംഗീതം ആസ്വദി​ച്ചി​രു​ന്നെ​ങ്കിൽ, ഒന്നോ രണ്ടോ വാദ്യോ​പ​ക​ര​ണ​ങ്ങ​ളിൽ വൈദ​ഗ്‌ധ്യം നേടാനേ അവനു സാധി​ച്ചി​രി​ക്കു​ക​യു​ള്ളൂ. ആളുക​ളോട്‌ അവരുടെ മാതൃ​ഭാ​ഷ​യിൽ സംസാ​രി​ക്കാൻ ഇഷ്ടപ്പെ​ട്ടി​രു​ന്നെ​ങ്കിൽ, രണ്ടോ മൂന്നോ ഭാഷകൾ മാത്രം ഒഴു​ക്കോ​ടെ സംസാ​രി​ക്കാ​നേ അവനു കഴിഞ്ഞി​ട്ടു​ണ്ടാ​വു​ക​യു​ള്ളൂ. ആയുസ്സ്‌ ഒന്നു നീട്ടി​ക്കി​ട്ടി​യി​രു​ന്നെ​ങ്കിൽ ആളുകളെ പരിച​യ​പ്പെ​ടുക, പുതിയ കാര്യങ്ങൾ കണ്ടുപി​ടി​ക്കുക, ദൈവ​ത്തോ​ടു കൂടുതൽ അടുക്കുക തുടങ്ങി എത്ര​യെത്ര കാര്യങ്ങൾ അവനു സാധി​ക്കു​മാ​യി​രു​ന്നു.

നിങ്ങൾ ഒരുപക്ഷേ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം, ‘ഇത്രയ​ധി​കം കാര്യങ്ങൾ ആസ്വദി​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെ മനുഷ്യ​നെ സൃഷ്ടിച്ച ദൈവം, പിന്നെ എന്തു​കൊ​ണ്ടാണ്‌ ക്ഷണിക​ജീ​വി​തം നൽകി അവനെ നിരാ​ശ​പ്പെ​ടു​ത്തു​ന്നത്‌’? സൃഷ്ടി​യിൽ തെളിഞ്ഞു കാണുന്ന ഉദ്ദേശ്യ​പൂർണ​മായ രൂപകൽപ്പ​ന​യു​മാ​യി ഒത്തു​പോ​കു​ന്നതല്ല മനുഷ്യ​ന്റെ ഹ്രസ്വ​മായ ആയുസ്സ്‌. നിങ്ങൾ ഇങ്ങനെ​യും ചിന്തി​ച്ചേ​ക്കാം, ‘ദൈവം മനുഷ്യ​നെ നീതി, കരുണ തുടങ്ങിയ ഉത്‌കൃഷ്ട ഗുണങ്ങ​ളോ​ടെ സൃഷ്ടി​ക്കു​ക​യും അതേസ​മ​യം​തന്നെ അവനു മോശ​മായ വിധത്തിൽ പ്രവർത്തി​ക്കാ​നുള്ള ചായ്‌വു നൽകു​ക​യും ചെയ്‌തത്‌ എന്തു​കൊ​ണ്ടാണ്‌?’

മനോ​ഹ​ര​മാ​യ ഒരു കാറ്‌ വല്ലാതെ ചളുങ്ങി​യി​രി​ക്കു​ന്ന​താ​യി കണ്ടാൽ അതു രൂപകൽപ്പ​ന​യു​ടെ ഭാഗമാ​ണെന്നു നിങ്ങൾ വിചാ​രി​ക്കു​മോ? ഒരിക്ക​ലു​മില്ല! നിങ്ങൾ ഇങ്ങനെ നിഗമനം ചെയ്‌തേ​ക്കാം: ‘ഉദ്ദേശി​ച്ചി​രു​ന്ന​തു​പോ​ലെയല്ല ഇപ്പോൾ ഈ കാറിന്റെ അവസ്ഥ. തുടക്ക​ത്തിൽ കുഴപ്പ​മൊ​ന്നും ഇല്ലാതി​രുന്ന ഇതിന്‌ ആരോ കേടു​വ​രു​ത്തി​യ​താ​യി​രി​ക്കണം. സമാന​മാ​യി, നാം നിർമി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അദ്‌ഭു​ത​ക​ര​മായ വിധ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ, തുടക്ക​ത്തിൽ ഉദ്ദേശി​ച്ചി​രു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌ നമ്മുടെ ഇപ്പോ​ഴത്തെ അവസ്ഥ എന്ന നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാ​നേ നമുക്കു കഴിയു​ക​യു​ള്ളൂ. നമ്മുടെ ഹ്രസ്വ​മായ ആയുസ്സും തെറ്റു ചെയ്യാ​നുള്ള പ്രവണ​ത​യും മനോ​ഹ​ര​മായ കാറി​ലു​ണ്ടായ ചളുക്കം പോ​ലെ​യാണ്‌. പൈതൃ​ക​മാ​യി നമുക്കു ലഭി​ക്കേ​ണ്ടി​യി​രുന്ന പൂർണ മനുഷ്യ​ജീ​വന്‌ ആരോ ഗുരു​ത​ര​മായ കേടു​വ​രു​ത്തി. അത്‌ ആരാണ്‌? ആ കുറ്റവാ​ളി ആരാ​ണെന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നു.

നിത്യ​മാ​യി ജീവി​ക്കാ​നുള്ള പ്രാപ്‌തി തുടക്ക​ത്തിൽ മനുഷ്യ​വർഗ​ത്തിന്‌ ഉണ്ടായി​രു​ന്നെ​ങ്കിൽ, പിന്നീട്‌ ആ പൈതൃ​ക​ത്തി​നു കേടു വരുത്താൻ ആർക്കാണ്‌ കഴിയു​മാ​യി​രു​ന്നത്‌? മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും ജനയി​താ​വും നമ്മു​ടെ​യെ​ല്ലാം പൂർവ​പി​താ​വു​മായ ഒരാൾക്കു മാത്രം. മറ്റാ​രെ​ങ്കി​ലും ആയിരു​ന്നെ​ങ്കിൽ തന്റെ പിൻഗാ​മി​ക​ളു​ടെ മാത്രം, അതായത്‌ മനുഷ്യ​വർഗ​ത്തി​ലെ ഒരു ഭാഗം ആളുക​ളു​ടെ മാത്രം ജീനു​കളെ തകരാ​റി​ലാ​ക്കാ​നേ കഴിയു​മാ​യി​രു​ന്നു​ള്ളൂ. ശ്രദ്ധേ​യ​മായ ഈ വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യി​ട്ടു​കൊണ്ട്‌ ബൈബിൾ ഇപ്രകാ​രം പറയുന്നു: “അതു​കൊ​ണ്ടു ഏകമനു​ഷ്യ​നാൽ പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു. ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകലമ​നു​ഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു.” (റോമർ 5:12) അതു​കൊണ്ട്‌, നമ്മുടെ പൈതൃ​ക​ത്തി​നു കോട്ടം വരുത്തി​യ​തി​നു തിരു​വെ​ഴു​ത്തു​കൾ കുറ്റം വിധി​ക്കു​ന്നത്‌ ആദാമി​നെ​യാണ്‌. അങ്ങനെ​യെ​ങ്കിൽ മനുഷ്യ​ജീ​വൻ തുടക്ക​ത്തിൽ എപ്രകാ​ര​മാ​യി​രു​ന്നു?

ജീവി​ത​ത്തി​ന്റെ ആദിമ ഉദ്ദേശ്യ​ത്തി​ലേക്ക്‌ ഒരു എത്തി​നോ​ട്ടം

മരണം “ലോക​ത്തിൽ കടന്നു” എന്നു പറയു​ക​വഴി ബൈബിൾ സൂചി​പ്പി​ക്കു​ന്നത്‌ മനുഷ്യർ മരിക്ക​ണ​മെന്ന്‌ ആദ്യം ഉദ്ദേശി​ച്ചി​രു​ന്നി​ല്ലെ​ന്നാണ്‌. ദൈവ​ത്തിന്‌ എതിരെ ആദ്യ മനുഷ്യൻ മത്സരി​ച്ച​തി​ന്റെ ഫലമാ​യാണ്‌ മനുഷ്യർ വാർധ​ക്യം പ്രാപി​ക്കു​ന്ന​തും മരിക്കു​ന്ന​തും. എന്നാൽ എന്നേക്കും ജീവി​ക്കു​ക​യെന്ന ഉദ്ദേശ്യ​ത്തോ​ടെയല്ല മറ്റു ജന്തുജാ​ലങ്ങൾ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌.—ഉല്‌പത്തി 3:21; 4:4; 9:3, 4.

മൃഗങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യാണ്‌ മനുഷ്യർ രൂപകൽപ്പന ചെയ്യ​പ്പെ​ട്ടത്‌. ദൂതന്മാർ മനുഷ്യ​രെ​ക്കാൾ ഉയർന്ന ജീവരൂ​പ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ മനുഷ്യർ മൃഗങ്ങ​ളെ​ക്കാൾ ഉയർന്ന ജീവരൂ​പ​മാണ്‌. (എബ്രായർ 2:7) മൃഗങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, മനുഷ്യൻ “ദൈവ​ത്തി​ന്റെ സ്വരൂ​പത്തി”ലാണ്‌ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. (ഉല്‌പത്തി 1:27) തന്നെയു​മല്ല, ബൈബിൾ ആദാമി​നെ “ദൈവ​ത്തി​ന്റെ മകൻ” എന്നു വിളി​ച്ചി​രി​ക്കു​ന്നു, എന്നാൽ മൃഗങ്ങൾക്ക്‌ അത്തര​മൊ​രു വിശേ​ഷണം നൽകു​ന്നില്ല. (ലൂക്കൊസ്‌ 3:38) അതു​കൊണ്ട്‌, മനുഷ്യർ വാർധ​ക്യം പ്രാപി​ക്കാ​നും മരിക്കാ​നും ഉദ്ദേശി​ച്ചി​രു​ന്നി​ല്ലെന്നു വിശ്വ​സി​ക്കാൻ നമുക്ക്‌ ഈടുറ്റ കാരണ​മുണ്ട്‌. ദൈവം മരിക്കു​ന്നില്ല, അവൻ തന്റെ മക്കളെ സൃഷ്ടി​ച്ച​തും മരിക്കാൻ വേണ്ടിയല്ല.—ഹബക്കൂക്‌ 1:12, പി.ഒ.സി. ബൈബിൾ; റോമർ 8:20, 21.

മനുഷ്യ​ജീ​വ​നെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ആദിമ ഉദ്ദേശ്യ​ത്തി​ലേക്കു കൂടുതൽ വെളിച്ചം വീശു​ന്ന​താണ്‌ മനുഷ്യ​വർഗ​ത്തി​ലെ ആദ്യ തലമു​റ​ക​ളു​ടെ ചരിത്ര രേഖകൾ. അന്നുള്ള ആളുകൾ നൂറ്റാ​ണ്ടു​ക​ളോ​ളം ജീവി​ച്ച​തി​നു​ശേ​ഷ​മാ​ണു വാർധ​ക്യം പ്രാപി​ച്ചത്‌. ആദാമി​ന്റെ ആയുസ്സ്‌ 930 വർഷമാ​യി​രു​ന്നു. ഏതാനും തലമു​റ​കൾക്കു​ശേഷം, നോഹ​യു​ടെ പുത്ര​നായ ശേം 600 വർഷം ജീവി​ച്ചി​രു​ന്നു, നോഹ​യു​ടെ പൗത്ര​നായ അർപ്പക്ഷാ​ദി​ന്റെ ആയുസ്സ്‌ 438 വർഷമാ​യി​രു​ന്നു. a (ഉല്‌പത്തി 5:5; 11:10-13) അബ്രാ​ഹാം 175 വർഷം ജീവി​ച്ചി​രു​ന്നു. (ഉല്‌പത്തി 25:7) ഇതു കാണി​ക്കു​ന്നത്‌ പാപം ക്രമേണ ആയുസ്സി​ന്മേൽ പിടി​മു​റു​ക്കാൻ തുടങ്ങി എന്നാണ്‌. കാലത്തി​ന്റെ നീരൊ​ഴു​ക്കിൽ, ആദ്യത്തെ പൂർണ​ത​യോ​ടു​കൂ​ടിയ രൂപകൽപ്പ​ന​യിൽനിന്ന്‌ അകന്നു​മാ​റാൻ തുടങ്ങിയ മനുഷ്യ​വർഗ​ത്തി​ന്റെ ആയുസ്സ്‌ കുറഞ്ഞു​കു​റഞ്ഞു വന്നു. പക്ഷേ തുടക്ക​ത്തിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നു വേണ്ടി​യാണ്‌ മനുഷ്യൻ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. അതു​കൊണ്ട്‌ ‘മനുഷ്യർ ഭൂമി​യിൽ എന്നേക്കും ജീവി​ക്കണം എന്നുള്ളത്‌ ഇപ്പോ​ഴും ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാ​ണോ’ എന്ന ചോദ്യം നമ്മുടെ മനസ്സി​ലൂ​ടെ കടന്നു​പോ​യേ​ക്കാം.

വാർധ​ക്യ​ത്തിൽനി​ന്നു മോചനം

തന്നോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കുന്ന ഏതൊരു വ്യക്തി​യും മരണത്തി​നു കീഴട​ങ്ങി​ക്കൊണ്ട്‌ പാപത്തി​നുള്ള വില​യൊ​ടു​ക്കു​മെന്നു യഹോ​വ​യാം ദൈവം പറഞ്ഞി​രു​ന്ന​തി​നാൽ, ആദാമി​ന്റെ പിൻഗാ​മി​കൾ ആശയറ്റ ഒരു അവസ്ഥയി​ലാ​യ​തു​പോ​ലെ തോന്നി. (ഉല്‌പത്തി 2:17) എന്നിരു​ന്നാ​ലും, വാർധക്യ പ്രക്രി​യ​യിൽനി​ന്നു മനുഷ്യ​വർഗത്തെ മോചി​പ്പി​ക്കാ​നുള്ള വീണ്ടെ​ടു​പ്പു​വില ഒരാൾ കൊടു​ക്കു​മെന്ന പ്രത്യാശ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ വെച്ചു​നീ​ട്ടി. നാം ഇങ്ങനെ വായി​ക്കു​ന്നു: “കുഴി​യിൽ ഇറങ്ങാ​ത​വണ്ണം ഇവനെ രക്ഷി​ക്കേ​ണമേ; ഞാൻ ഒരു മറുവില കണ്ടിരി​ക്കു​ന്നു എന്നു പറയും. അപ്പോൾ അവന്റെ ദേഹം യൌവ​ന​ചൈ​ത​ന്യ​ത്താൽ പുഷ്ടി​വെ​ക്കും; അവൻ ബാല്യ​പ്രാ​യ​ത്തി​ലേക്കു തിരി​ഞ്ഞു​വ​രും.” (ഇയ്യോബ്‌ 33:24, 25; യെശയ്യാ​വു 53:4; 12) വാർധക്യ പ്രക്രി​യ​യിൽനി​ന്നു മനുഷ്യ​വർഗത്തെ മോചി​പ്പി​ക്കാൻ ഒരാൾ വീണ്ടെ​ടു​പ്പു​വില കൊടു​ക്കു​മെന്ന അദ്‌ഭു​ത​ക​ര​മായ പ്രത്യാ​ശ​യി​ലേ​ക്കാണ്‌ ബൈബിൾ ഇവിടെ വിരൽചൂ​ണ്ടു​ന്നത്‌.

ആർക്കാണ്‌ ഈ വീണ്ടെ​ടു​പ്പു​വില കൊടു​ക്കാൻ കഴിയു​മാ​യി​രു​ന്നത്‌? ഈ വീണ്ടെ​ടു​പ്പു​വി​ല​യ്‌ക്കു പണത്തെ​ക്കാൾ മൂല്യ​മു​ണ്ടാ​യി​രു​ന്നു. അപൂർണ​രായ മനുഷ്യ​രെ പരാമർശി​ച്ചു​കൊണ്ട്‌ ബൈബിൾ പറയുന്നു: “സഹോ​ദരൻ ശവക്കുഴി കാണാതെ എന്നെ​ന്നേ​ക്കും ജീവി​ച്ചി​രി​ക്കേ​ണ്ട​തി​ന്നു അവനെ വീണ്ടെ​ടു​പ്പാ​നോ ദൈവ​ത്തി​ന്നു വീണ്ടെ​ടു​പ്പു​വില കൊടു​പ്പാ​നോ ആർക്കും കഴിക​യില്ല.” (സങ്കീർത്തനം 49:7-9) എന്നിരു​ന്നാ​ലും, പണത്തെ​ക്കാൾ മൂല്യ​മുള്ള ഒന്ന്‌, അതായത്‌ പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ യേശു​വി​ന്റെ പക്കലു​ണ്ടാ​യി​രു​ന്നു. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, ദൈവ​ത്തി​ന്റെ പുത്ര​നെ​ന്ന​നി​ല​യിൽ ആദാമ്യ​പാ​പം അവകാ​ശ​പ്പെ​ടു​ത്തു​ന്ന​തിൽനി​ന്നു സംരക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ലാണ്‌ അവനു പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ ഉണ്ടായി​രു​ന്നത്‌. യേശു​വി​ന്റെ വാക്കുകൾ അനുസ​രിച്ച്‌, “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവി​ല​യാ​യി കൊടു​പ്പാ”നാണ്‌ അവൻ വന്നത്‌. മറ്റൊരു അവസര​ത്തിൽ അവൻ പറഞ്ഞു: “അവർക്കു ജീവൻ ഉണ്ടാകു​വാ​നും സമൃദ്ധി​യാ​യി​ട്ടു ഉണ്ടാകു​വാ​നും അത്രേ ഞാൻ വന്നിരി​ക്കു​ന്നത്‌.”—മത്തായി 20:28; യോഹ​ന്നാൻ 10:10.

നിത്യ​ജീ​വ​ന്റെ പ്രത്യാ​ശ​യാ​യി​രു​ന്നു യേശു​വി​ന്റെ പ്രസം​ഗ​ത്തി​ന്റെ മുഖ്യ​വി​ഷയം. അവന്റെ വിശ്വസ്‌ത അനുഗാ​മി​യായ പത്രൊസ്‌ ഒരിക്കൽ അവനോ​ടു പറഞ്ഞു: “നിത്യ​ജീ​വന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്‌.” (യോഹ​ന്നാൻ 6:68) നിത്യ​ജീ​വൻ എന്നു പറയു​മ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌?

നിത്യ​ജീ​വൻ

യേശു​വി​ന്റെ രാജ്യ ഗവൺമെ​ന്റി​ന്റെ ഭാഗമെന്ന നിലയിൽ തങ്ങൾക്കു സ്വർഗ​ത്തിൽ നിത്യ​ജീ​വൻ ആസ്വദി​ക്കാ​നാ​കു​മെന്ന്‌ യേശു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാർ പ്രത്യാ​ശി​ച്ചി​രു​ന്നു. (ലൂക്കൊസ്‌ 22:29; യോഹ​ന്നാൻ 14:3) എന്നിരു​ന്നാ​ലും, ഭൂമിയെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ചു യേശു കൂടെ​ക്കൂ​ടെ സംസാ​രി​ച്ചു. (മത്തായി 5:5; 6:10; ലൂക്കൊസ്‌ 23:43) യെശയ്യാ പ്രവാ​ചകൻ മുഖാ​ന്തരം വളരെ​ക്കാ​ലം മുമ്പ്‌ യഹോവ നൽകിയ വാഗ്‌ദാ​ന​ങ്ങളെ അരക്കി​ട്ടു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു നിത്യ​ജീ​വ​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളും അവൻ ചെയ്‌ത അദ്‌ഭു​ത​ങ്ങ​ളും. യെശയ്യാ പ്രവാ​ചകൻ ഇപ്രകാ​രം എഴുതി: “അവൻ മരണത്തെ സദാകാ​ല​ത്തേ​ക്കും നീക്കി​ക്ക​ള​യും; യഹോ​വ​യായ കർത്താവു സകലമു​ഖ​ങ്ങ​ളി​ലും​നി​ന്നു കണ്ണുനീർ തുടെ​ക്കും.” (യെശയ്യാ​വു 25:8) പിന്നീ​ടൊ​രി​ക്ക​ലും മനുഷ്യ​ന്റെ യൗവന​ചൈ​ത​ന്യം അപചയ​ത്തി​നു വഴിമാ​റു​ക​യില്ല.

ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ, വിശ്വ​സ്‌ത​രായ മനുഷ്യർ പൂർണ​ത​യി​ലെ​ത്തി​ച്ചേ​രു​മ്പോൾ, വാർധക്യ പ്രക്രി​യ​യിൽനിന്ന്‌ അവർ വിടുതൽ പ്രാപി​ക്കും. ബൈബിൾ പറയുന്നു: “സൃഷ്ടി ദ്രവത്വ​ത്തി​ന്റെ ദാസ്യ​ത്തിൽനി​ന്നു വിടു​ത​ലും ദൈവ​മ​ക്ക​ളു​ടെ തേജസ്സാ​കുന്ന സ്വാത​ന്ത്ര്യ​വും പ്രാപി​ക്കും” (റോമർ 8:20) അതേക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! കാലം കടന്നു​പോ​കവേ ആളുക​ളു​ടെ ജ്ഞാനവും അനുഭ​വ​പ​രി​ച​യ​വും വർധി​ച്ചു​കൊ​ണ്ടി​രി​ക്കും. എന്നാൽ അവരുടെ യൗവന​ചൈ​ത​ന്യ​ത്തിന്‌ ഒരിക്ക​ലും മങ്ങലേൽക്കു​ക​യില്ല. നിങ്ങൾ അപ്പോൾ ജീവി​ച്ചി​രി​ക്കു​മോ?

നിങ്ങൾ എത്രകാ​ലം ജീവി​ച്ചി​രി​ക്കും?

യേശു പറഞ്ഞത്‌ അനുസ​രിച്ച്‌, ദൈവ​ത്തി​ന്റെ ന്യായ​വി​ധി ദിവസത്തെ തുടർന്ന്‌ ഭൂമി​യിൽ വളരെ​ക്കു​റച്ച്‌ ആളുകൾ മാത്രമേ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. (മത്തായി 24:21, 22) അവൻ പറഞ്ഞു: “നാശത്തി​ലേക്കു പോകുന്ന വാതിൽ വീതി​യു​ള്ള​തും വഴി വിശാ​ല​വും അതിൽകൂ​ടി കടക്കു​ന്നവർ അനേക​രും ആകുന്നു. ജീവങ്ക​ലേക്കു പോകുന്ന വാതിൽ ഇടുക്ക​വും വഴി ഞെരു​ക്ക​വു​മു​ള്ളതു; അതു കണ്ടെത്തു​ന്നവർ ചുരു​ക്ക​മ​ത്രേ.”—മത്തായി 7:13, 14.

നിത്യ​ജീ​വൻ ആസ്വദി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ ഉണ്ടായി​രി​ക്ക​ണ​മെ​ങ്കിൽ, നിങ്ങൾ ദൈവ​ത്തി​ന്റെ അംഗീ​കാ​രം നേടേ​ണ്ട​തുണ്ട്‌. ദൈവ​ത്തെ​ക്കു​റി​ച്ചുള്ള അറിവു നേടുക എന്നതാണ്‌ അതിനുള്ള ആദ്യ പടി. യേശു പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്നതു തന്നേ നിത്യ​ജീ​വൻ ആകുന്നു.” (യോഹ​ന്നാൻ 17:3) ദൈവത്തെ നന്നായി അറിയ​ണ​മെ​ങ്കിൽ അതിനു ശ്രമം കൂടി​യേ​തീ​രൂ, എന്നിരു​ന്നാ​ലും അത്‌ മൂല്യ​വ​ത്താണ്‌. ഓരോ ദിവസ​ത്തെ​യും ആഹാര​ത്തി​നു​വേണ്ടി പണം സമ്പാദി​ക്കാൻ ശ്രമം ആവശ്യ​മാ​യി​രി​ക്കു​ന്നതു പോ​ലെ​യാ​ണത്‌. ദൈവ​പ​രി​ജ്ഞാ​നത്തെ ആഹാര​ത്തോട്‌ ഉപമി​ച്ചു​കൊണ്ട്‌ യേശു ഇപ്രകാ​രം ഉദ്‌ബോ​ധി​പ്പി​ച്ചു: “നശിച്ചു​പോ​കുന്ന ആഹാര​ത്തി​ന്നാ​യി​ട്ടല്ല, നിത്യ​ജീ​വ​ങ്ക​ലേക്കു നിലനി​ല്‌ക്കുന്ന ആഹാര​ത്തി​ന്നാ​യി​ട്ടു തന്നേ പ്രവർത്തി​പ്പിൻ.” (യോഹ​ന്നാൻ 6:27) നിങ്ങൾ ചെയ്യുന്ന ഏതൊരു ശ്രമത്തി​നും തക്ക മൂല്യ​മു​ള്ള​തല്ലേ നിത്യ​ജീ​വൻ?—മത്തായി 16:26.

യേശു പറഞ്ഞു: “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു ദൈവം അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹി​ച്ചു.” (യോഹ​ന്നാൻ 3:16) അതു​കൊണ്ട്‌, നിങ്ങൾ എത്ര കാലം ജീവി​ച്ചി​രി​ക്കും എന്നുള്ളത്‌ ദൈവ​സ്‌നേ​ഹ​ത്തോ​ടുള്ള നിങ്ങളു​ടെ പ്രതി​ക​ര​ണത്തെ ആശ്രയി​ച്ചി​രി​ക്കും.

[അടിക്കു​റിപ്പ്‌]

a ഈ ബൈബിൾ വിവര​ണ​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന വർഷങ്ങൾ വാസ്‌ത​വ​ത്തിൽ മാസങ്ങ​ളാ​ണെന്നു ചിലർ അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ, അർപ്പക്ഷാ​ദി​നു 35 വയസ്സാ​യ​പ്പോൾ അവൻ ശാലഹി​നെ ജനിപ്പി​ച്ചു എന്നു വിവരണം പറയുന്നു. അപ്പോൾ 35 വർഷങ്ങളെ 35 മാസങ്ങ​ളാ​യി കണക്കാ​ക്കു​ക​യാ​ണെ​ങ്കിൽ മൂന്നു വയസ്സാ​കു​ന്ന​തി​നു മുമ്പു​തന്നെ അർപ്പക്ഷാദ്‌ പിതാ​വാ​യി—അതു തീർത്തും അസാധ്യ​മാണ്‌. കൂടാതെ, ഉല്‌പത്തി പുസ്‌ത​ക​ത്തി​ലെ ആദ്യ അധ്യാ​യങ്ങൾ സൂര്യനെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വർഷങ്ങ​ളും ചന്ദ്രനെ അടിസ്ഥാ​ന​മാ​ക്കി​യുള്ള മാസങ്ങ​ളും വേർതി​രി​ച്ചു കാണി​ക്കു​ന്നുണ്ട്‌.—ഉല്‌പത്തി 1:14-16; 7:11.

[7-ാം പേജിലെ ആകർഷക വാക്യം]

സാധിക്കുമായിരുന്നതിന്റെ ഒരംശം മാത്രമേ 80 വർഷത്തെ ജീവി​തം​കൊണ്ട്‌ ഒരു വ്യക്തി നേടു​ന്നു​ള്ളൂ

[8-ാം പേജിലെ ആകർഷക വാക്യം]

രൂപകൽപ്പന പ്രകാരം മൃഗങ്ങ​ളെ​ക്കാൾ ഉയർന്ന ജീവരൂ​പ​മാണ്‌ മനുഷ്യൻ

[7-ാം പേജിലെ ചിത്രം]

ഈ കാർ രൂപകൽപ്പന ചെയ്യ​പ്പെ​ട്ട​പ്പോൾ ചളുക്ക​മു​ണ്ടാ​യി​രു​ന്നോ?

[8, 9 പേജു​ക​ളി​ലെ ചിത്രം]

മനുഷ്യർ ‘ബാല്യ​പ്രാ​യ​ത്തി​ലേക്കു’ തിരി​ഞ്ഞു​വ​രു​മെന്നു ദൈവ​വ​ചനം പറയുന്നു