സമാധാനത്തിന്റെ പാത പിന്തുടരുന്നതു പ്രായോഗികമാണോ?
ബൈബിളിന്റെ വീക്ഷണം
സമാധാനത്തിന്റെ പാത പിന്തുടരുന്നതു പ്രായോഗികമാണോ?
യേശുക്രിസ്തു തന്റെ ഏറ്റവും പ്രശസ്തമായ പ്രഭാഷണത്തിൽ ഇപ്രകാരം പറഞ്ഞു: “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ.” അവൻ ഇങ്ങനെയും പറഞ്ഞു: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5:5, 9) മറ്റുള്ളവരുമായി പ്രശ്നങ്ങളില്ലാതിരിക്കുന്നതോ പ്രശാന്തമായ ഒരു മാനസികാവസ്ഥയിൽ ആയിരിക്കുന്നതോ മാത്രമല്ല സമാധാനകാംക്ഷികൾ ആയിരിക്കുന്നതിൽ ഉൾപ്പെടുന്നത്. സമാധാനകാംക്ഷിയായ ഒരു വ്യക്തി മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിൽ മുൻകൈയെടുക്കുകയും സമാധാനം ഉന്നമിപ്പിക്കാൻ ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
മേലുദ്ധരിച്ച യേശുവിന്റെ വാക്കുകൾ ഇക്കാലത്ത് പ്രായോഗികമാണോ? മറ്റുള്ളവരെ പേടിപ്പിച്ചുനിറുത്താൻ കഴിവുള്ള, ശണ്ഠയുണ്ടാക്കുന്ന, അക്രമാസക്തൻപോലുമായ ഒരു വ്യക്തിക്കുമാത്രമേ ഇന്നത്തെ ലോകത്ത് ജീവിച്ചുപോകാനാകൂ എന്നു ചിലർ കരുതുന്നു. പകരത്തിനു പകരം ചെയ്യുന്നതാണോ ബുദ്ധി? സമാധാനത്തിന്റെ പാത പിന്തുടരുന്നതു പ്രായോഗികമാണോ? “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ” എന്ന യേശുവിന്റെ വാക്കുകൾ പരിചിന്തനം അർഹിക്കുന്നതിന്റെ മൂന്നു കാരണങ്ങൾ നമുക്കു നോക്കാം.
◼ ശാന്തഹൃദയം “ശാന്തമനസ്സു [“ശാന്തഹൃദയം,” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] ദേഹത്തിന്നു ജീവൻ” എന്ന് സദൃശവാക്യങ്ങൾ 14:30 പറയുന്നു. ദേഷ്യവും ശത്രുതയും മസ്തിഷ്കാഘാതത്തിനും ഹൃദയാഘാതത്തിനും ഇടയാക്കിയേക്കാമെന്ന് പല വൈദ്യശാസ്ത്ര റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. അടുത്തകാലത്ത്, ഹൃദ്രോഗികളെക്കുറിച്ചു പ്രതിപാദിക്കവേ കോപത്താൽ പൊട്ടിത്തെറിക്കുന്നത് വിഷം കഴിക്കുന്നതുപോലെയാണെന്ന് ഒരു വൈദ്യശാസ്ത്ര പത്രിക അഭിപ്രായപ്പെട്ടു. “അനിയന്ത്രിതമായി കോപിക്കുന്നത് ഒരുവനെ തീർത്തും രോഗിയാക്കിയേക്കാം” എന്നും പത്രിക പ്രസ്താവിച്ചു. എന്നാൽ സമാധാനത്തിന്റെ പാത പിന്തുടരുന്നത് ഒരു “ശാന്തഹൃദയം” സമ്മാനിക്കും. അനേകം പ്രയോജനങ്ങൾ അവരെ തേടിയെത്തും.
അറുപത്തൊന്നു വയസ്സുള്ള ജിം ഇതിന് ഒരു ഉദാഹരണമാണ്. ഐക്യനാടുകളിൽ വിയറ്റ്നാമീസ് സംസാരിക്കുന്ന ഒരു സമൂഹത്തിൽ ബൈബിൾ പഠിപ്പിക്കുന്ന അദ്ദേഹം വിശദീകരിക്കുന്നു: “ആറു വർഷം സൈന്യത്തിൽ സേവിക്കുകയും വിയറ്റ്നാമിൽ സൈനിക പോരാട്ടങ്ങളിൽ പങ്കെടുക്കാൻ മൂന്നു തവണ നിയമനം ലഭിക്കുകയും ചെയ്ത എനിക്ക് അക്രമം, കോപം, നൈരാശ്യം എന്നിവയൊക്കെ എന്താണെന്ന് ശരിക്കു മനസ്സിലായി. കഴിഞ്ഞകാല സ്മരണകൾ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു, നന്നായി ഒന്ന് ഉറങ്ങാൻപോലും എനിക്കു കഴിഞ്ഞില്ല. താമസിയാതെ, ഉദരസംബന്ധവും നാഡീസംബന്ധവുമായ അസ്വസ്ഥതകളും സമ്മർദവും നിമിത്തം എന്റെ ആരോഗ്യസ്ഥിതി വഷളായി.” എന്താണ് അദ്ദേഹത്തിന് സാന്ത്വനമേകിയത്? അദ്ദേഹം പറയുന്നു: “യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചത് എന്റെ ജീവൻ രക്ഷിച്ചു. സമാധാനപൂർണമായ ഒരു പുതിയലോകം ആനയിക്കാനുള്ള ദൈവോദ്ദേശ്യത്തെക്കുറിച്ചും എനിക്ക് എങ്ങനെ ഒരു ‘പുതിയ വ്യക്തിത്വം’ ധരിക്കാം എന്നതിനെക്കുറിച്ചും മനസ്സിലാക്കിയത് എന്റെ ഹൃദയത്തെ പ്രശാന്തമാക്കി. അതിന്റെ ഫലമായി എന്റെ ആരോഗ്യനില വളരെയേറെ മെച്ചപ്പെട്ടു.” (എഫെസ്യർ 4:22-24, NW; യെശയ്യാവു 65:17; മീഖാ 4:1-4) സമാധാനപ്രിയം വളർത്തിയെടുക്കുന്നത് വൈകാരികവും ശാരീരികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് മറ്റനേകരും സ്വന്തം അനുഭവത്തിൽനിന്നു മനസ്സിലാക്കിയിരിക്കുന്നു.—സദൃശവാക്യങ്ങൾ 15:13.
◼ നല്ല ബന്ധങ്ങൾ സമാധാനപ്രിയർ ആയിരിക്കുമ്പോൾ മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെടും. “കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (എഫെസ്യർ 4:31) പ്രശ്നക്കാരായ ആളുകൾ മിക്കപ്പോഴും മറ്റുള്ളവരെ തങ്ങളിൽനിന്ന് അകറ്റിക്കളയുന്നു. അവസാനം, ആശ്രയിക്കാൻ പറ്റിയ സുഹൃത്തുക്കളാരുമില്ലാതെ അവർ ഒറ്റപ്പെടുന്നു. സദൃശവാക്യങ്ങൾ 15:18-ൽ നാം ഇങ്ങനെ വായിക്കുന്നു: “ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.”
ന്യൂയോർക്ക് നഗരത്തിലുള്ള ആൻഡി എന്ന 42 വയസ്സുകാരനായ ഒരു ക്രിസ്തീയ മൂപ്പൻ അക്രമാസക്തമായ ചുറ്റുപാടിലാണു വളർന്നുവന്നത്. അദ്ദേഹം വിശദീകരിക്കുന്നു: “എട്ടാമത്തെ വയസ്സിൽ എനിക്കു ബോക്സിങ്ങിനുള്ള പരിശീലനം ലഭിച്ചു. എതിരാളികളെ മനുഷ്യരായി ഞാൻ കണ്ടില്ല. ‘എങ്ങനെയും മറ്റേയാളെ ഇടിച്ചു തറപറ്റിക്കുക,’ അതുമാത്രമായിരുന്നു എന്റെ ചിന്ത. താമസിയാതെ ഞാൻ ഒരു റൗഡിസംഘത്തിൽ ചേർന്നു. കലാപങ്ങൾ, തെരുവിൽ അരങ്ങേറുന്ന അടിപിടികൾ, ഇവയിലെല്ലാം ഞങ്ങൾ ഉണ്ടായിരുന്നു. ആളുകൾ എന്റെ തലയ്ക്കുനേരെ തോക്കു ചൂണ്ടുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. എന്റെ സുഹൃദ്ബന്ധങ്ങളിൽ പലതും ഭയത്തിൽ വേരൂന്നിയതും പ്രശ്നങ്ങൾ നിറഞ്ഞതുമായിരുന്നു.”
സമാധാനത്തിന്റെ പാത പിന്തുടരാൻ ആൻഡിയെ പ്രേരിപ്പിച്ചത് എന്താണ്? അദ്ദേഹം പറയുന്നു: “ഒരിക്കൽ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലെ ഒരു യോഗത്തിൽ ഞാൻ സംബന്ധിച്ചു. അവിടെ നിറഞ്ഞുനിന്ന സ്നേഹം ഒന്നുവേറെതന്നെയായിരുന്നു, അതു ഞാൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അന്നുമുതൽ സമാധാനകാംക്ഷികളായ ഈ ആളുകളുമായി സഹവസിച്ചത് ഒരു ശാന്തഹൃദയം വളർത്തിയെടുക്കാൻ എന്നെ സഹായിച്ചു. അങ്ങനെ അവസാനം എന്റെ മുൻചിന്താഗതിയിൽനിന്നു പുറത്തുവരാൻ എനിക്കു കഴിഞ്ഞു. നിലനിൽക്കുന്ന അനേകം സുഹൃദ്ബന്ധങ്ങൾ ഇപ്പോൾ എനിക്കുണ്ട്.”
◼ ഭാവിയെക്കുറിച്ചുള്ള പ്രത്യാശ സമാധാനത്തിന്റെ പാത പിന്തുടരുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഇതാണ്: അങ്ങനെ ചെയ്യുന്നത് തന്റെ വചനമായ ബൈബിളിലൂടെ സ്രഷ്ടാവ് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യത്തോട് നമുക്ക് ആദരവും ബഹുമാനവും ഉണ്ടെന്നു കാണിക്കുന്നു. ബൈബിൾ നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “സമാധാനം അന്വേഷിച്ചു പിന്തുടരുക.” (സങ്കീർത്തനം 34:14) യഹോവയാം ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നതും ജീവദായകമായ അവന്റെ ഉപദേശങ്ങൾ പഠിക്കുകയും അനുസരിക്കുകയും ചെയ്യുന്നതും അവനുമായുള്ള വ്യക്തിപരമായ ഒരു സുഹൃദ്ബന്ധത്തിലേക്കു വഴിതുറക്കുന്നു. ദൃഢമായ ആ ബന്ധം നമുക്ക് “ദൈവസമാധാനം” നൽകിത്തരുന്നു. ജീവിതത്തിൽ നേരിട്ടേക്കാവുന്ന ഏതു വെല്ലുവിളിയെയും മറികടക്കുന്ന മഹത്തായ സമാധാനമാണത്.—ഫിലിപ്പിയർ 4:6, 7.
മാത്രവുമല്ല, സമാധാനത്തിന്റെ പാത പിന്തുടരുകവഴി, നാം എങ്ങനെയുള്ള വ്യക്തികളായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് യഹോവയ്ക്കു കാണിച്ചുകൊടുക്കുകയായിരിക്കും ചെയ്യുന്നത്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന സമാധാനപൂർണമായ പുതിയ ലോകത്തിൽ ജീവിക്കാൻ പറ്റിയവരാണു നാമെന്ന് ഇപ്പോൾ നമുക്ക് ദൈവമുമ്പാകെ തെളിയിക്കാനാകും. അവൻ ദുഷ്ടന്മാരെ നശിപ്പിക്കുകയും യേശു പറഞ്ഞതുപോലെ “ഭൂമിയെ അവകാശ”മാക്കാൻ സൗമ്യതയുള്ളവർക്ക് അവസരം കൊടുക്കുകയും ചെയ്യുമ്പോൾ നമുക്ക് അവിടെ ഉണ്ടായിരിക്കാനാകും. എത്ര മഹത്തായ അനുഗ്രഹം!—സങ്കീർത്തനം 37:10, 11; സദൃശവാക്യങ്ങൾ 2:20-22.
“സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ” എന്ന യേശുവിന്റെ വാക്കുകൾ പ്രാവർത്തികമാക്കുന്നതിന്റെ മൂല്യം പകൽപോലെ വ്യക്തമാണ്. ശാന്തഹൃദയം, നല്ല ബന്ധങ്ങൾ, ഭാവിയെക്കുറിച്ചുള്ള ഉറച്ച പ്രത്യാശ എന്നീ അനുഗ്രഹങ്ങൾ നമ്മെ തേടിയെത്തും—“സകലമനുഷ്യരോടും സമാധാനമായിരി”ക്കാൻ നാം നമ്മാലാകുന്നതെല്ലാം ചെയ്യുന്നപക്ഷം.—റോമർ 12:18.
[28-ാം പേജിലെ ചിത്രങ്ങൾ]
“എന്റെ ആരോഗ്യനില വളരെയേറെ മെച്ചപ്പെട്ടു.”—ജിം
[29-ാം പേജിലെ ചിത്രങ്ങൾ]
“നിലനിൽക്കുന്ന അനേകം സുഹൃദ്ബന്ധങ്ങൾ ഇപ്പോൾ എനിക്കുണ്ട്.”—ആൻഡി