വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌പഞ്ചുകൾ ആഴിയിലെ അത്ഭുതജീവികൾ

സ്‌പഞ്ചുകൾ ആഴിയിലെ അത്ഭുതജീവികൾ

സ്‌പഞ്ചു​കൾ ആഴിയി​ലെ അത്ഭുത​ജീ​വി​കൾ

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

തേച്ചു​കു​ളി​ക്കാൻ ഒരു ജീവി​യു​ടെ അസ്ഥിപ​ഞ്‌ജരം ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്കു ചിന്തി​ക്കാ​നാ​കു​മോ? കേട്ട​പ്പോൾത്തന്നെ അറപ്പു​തോ​ന്നി​ക്കാ​ണും, അല്ലേ? എന്നാൽ പ്രകൃതി സമ്മാനി​ക്കുന്ന ബാത്ത്‌ സ്‌പഞ്ചു​കൾ ഒരുതരം ജീവി​യു​ടെ നേർത്ത അസ്ഥികൂ​ട​മാണ്‌ എന്നതാണു യാഥാർഥ്യം.

“ജന്തുവം​ശ​ത്തി​ന്റെ കുടും​ബ​വൃ​ക്ഷ​ത്തി​ലെ ഏറ്റവും പുരാ​ത​ന​വും ഏറ്റവും കീഴ്‌ത്ത​ട്ടി​ലു​ള്ള​തു​മായ ജീവരൂ​പ​മാണ്‌ സ്‌പഞ്ചു​കൾ” എന്ന്‌ നാഷണൽ ജിയോ​ഗ്ര​ഫിക്‌ ന്യൂസ്‌ പ്രസ്‌താ​വി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ പണ്ടുകാ​ലത്തു ജീവി​ച്ചി​രുന്ന ഒരു മുത്തശ്ശി സ്‌പഞ്ചിൽനി​ന്നാണ്‌ ജന്തുക്ക​ളും മനുഷ്യ​രും പരിണ​മി​ച്ചു​ണ്ടാ​യത്‌ എന്ന്‌ അനേകർ നിഗമനം ചെയ്യുന്നു. “നമ്മു​ടെ​യെ​ല്ലാം പൂർവിക”യെന്നും “ജന്തു​ലോ​ക​ത്തി​ലെ ഹവ്വാ”യെന്നു​മാണ്‌ ഒരു ടെലി​വി​ഷൻ ഡോക്യു​മെ​ന്ററി സ്‌പഞ്ചി​നെ വിശേ​ഷി​പ്പി​ച്ചത്‌.

സ്‌പഞ്ചു​ക​ളെ​ക്കു​റിച്ച്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ എന്തു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു? അവ തികച്ചും ലളിത​മായ ജീവരൂ​പ​ങ്ങ​ളാ​ണോ അതോ അമ്പരപ്പി​ക്കുന്ന രൂപകൽപ്പ​ന​യു​ടെ ദൃഷ്ടാ​ന്ത​ങ്ങ​ളോ?

ഹൃദയ​വും തലച്ചോ​റു​മി​ല്ലാത്ത അത്ഭുത​സൃ​ഷ്ടി

സ്‌പഞ്ചു​കൾ സസ്യങ്ങ​ളാ​ണെന്നു പ്രത്യ​ക്ഷ​ത്തിൽ തോന്നി​യേ​ക്കാ​മെ​ങ്കി​ലും അവ യഥാർഥ​ത്തിൽ ജന്തുവർഗ​ത്തിൽപ്പെ​ട്ട​വ​യാ​ണെന്ന്‌ അരി​സ്റ്റോ​ട്ടി​ലും പ്ലിനി ദി എൽഡറും വ്യക്തമാ​ക്കി. ലോക​മെ​ങ്ങു​മുള്ള തടാക​ങ്ങ​ളി​ലും സമു​ദ്ര​ങ്ങ​ളി​ലു​മാ​യി നാനാ രൂപങ്ങ​ളി​ലും നിറങ്ങ​ളി​ലും ഏകദേശം 15,000 ഇനം സ്‌പഞ്ചു​കൾ ഉണ്ടെന്ന്‌ വിദഗ്‌ധർ കണക്കാ​ക്കു​ന്നു. നീണ്ടു​മെ​ലിഞ്ഞ വിരലു​കൾ, ഉരുണ്ട വീപ്പകൾ, വിരി​ച്ചിട്ട പരവതാ​നി​കൾ, ലോല​മായ വിശറി​കൾ എന്നിങ്ങനെ നിരവധി രൂപങ്ങ​ളിൽ അവ കാണ​പ്പെ​ടു​ന്നു. എന്തിന്‌, പളുങ്കു പൂപ്പാ​ത്ര​ങ്ങൾപോ​ലെ​യുള്ള സ്‌പഞ്ചു​ക​ളു​മുണ്ട്‌. വലുപ്പം നോക്കി​യാൽ, നെന്മണി​യെ​ക്കാൾ ചെറിയവ മുതൽ മനുഷ്യ​നെ​ക്കാൾ ഉയരമു​ള്ളവ വരെയുണ്ട്‌. ആയുസ്സി​ന്റെ കാര്യ​ത്തി​ലും അവ പിമ്പിലല്ല. നൂറി​ല​ധി​കം വർഷം​വരെ ജീവി​ക്കു​ന്നവ ഉണ്ടായി​രു​ന്നേ​ക്കാ​മെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ വിശ്വ​സി​ക്കു​ന്നു.

“ഘടന, ധർമം, വളർച്ച എന്നീ കാര്യ​ങ്ങ​ളിൽ സ്‌പഞ്ചു​കൾ മറ്റു ജന്തുക്ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌” എന്ന്‌ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പറയുന്നു. എങ്ങനെ? സ്‌പഞ്ചു​കൾക്ക്‌ മറ്റു ജന്തുക്കൾക്കെ​ല്ലാം ഉള്ളതു​പോ​ലുള്ള ആന്തരാ​വ​യ​വങ്ങൾ ഇല്ല. ഹൃദയ​വും തലച്ചോ​റും നാഡീ​വ്യ​വ​സ്ഥ​യു​മൊ​ന്നും ഇല്ലാതെ അവ എങ്ങനെ​യാണ്‌ ജീവി​ക്കു​ന്നത്‌? ശരീര​ത്തി​ലുള്ള സൂക്ഷ്‌മ കോശങ്ങൾ ജീവന്‌ ആധാര​മായ ഒട്ടനവധി ധർമങ്ങൾ നിറ​വേ​റ്റു​ന്നു. ആഹാരം തേടു​ന്ന​തി​നും പോഷ​കങ്ങൾ ശരീര​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽ എത്തിക്കു​ന്ന​തി​നും ഉച്ഛിഷ്ടം പുറന്ത​ള്ളു​ന്ന​തി​നു​മെ​ല്ലാം പ്രത്യേക ഇനം കോശ​ങ്ങ​ളുണ്ട്‌. ചിലതരം കോശങ്ങൾ അസ്ഥികൂ​ട​ത്തി​നും പുറം​തോ​ടി​നും രൂപം​നൽകു​ന്നു. ആവശ്യ​മാ​യി​വ​രു​ന്ന​പക്ഷം ചില കോശങ്ങൾ മറ്റു കോശ​ങ്ങ​ളു​ടെ ധർമം ഏറ്റെടു​ക്കു​ക​പോ​ലും ചെയ്യുന്നു.

സ്‌പഞ്ചു​കൾക്ക്‌ മറ്റു ചില സവി​ശേ​ഷ​ത​ക​ളു​മുണ്ട്‌. ജീവനുള്ള ഒരു സ്‌പഞ്ചി​നെ ഒരു അരിപ്പ​യി​ലൂ​ടെ കടത്തി​വി​ട്ടു നോക്കൂ. പല ഭാഗങ്ങ​ളാ​യി വിഭജി​ക്ക​പ്പെ​ടു​ന്നെ​ങ്കി​ലും കോശങ്ങൾ കൂടി​ച്ചേർന്ന്‌ അതു പൂർവ​സ്ഥി​തി പ്രാപി​ക്കു​ന്നതു കാണാം. ഇനി രണ്ടു സ്‌പഞ്ചു​കളെ ഒരുമി​ച്ചി​ട്ടു പൊടി​ച്ചാ​ലോ? ഓരോ​ന്നി​ന്റെ​യും നുറു​ങ്ങു​കൾ കൃത്യ​മാ​യി കൂടി​ച്ചേർന്ന്‌ വീണ്ടും ആ പഴയ ജീവി​ക​ളാ​യി​ത്തീ​രു​ന്നു. “ഇത്തരത്തിൽ പുനർജീ​വി​ക്കാൻ മറ്റൊരു സസ്യത്തി​നും ജന്തുവി​നും കഴിയില്ല” എന്ന്‌ നാഷണൽ ജിയോ​ഗ്ര​ഫിക്‌ ന്യൂസ്‌ പ്രസ്‌താ​വി​ക്കു​ന്നു.

സ്‌പഞ്ചു​കൾ പ്രത്യു​ത്‌പാ​ദ​ന​ത്തിന്‌ അവലം​ബി​ക്കുന്ന മാർഗ​ങ്ങ​ളും വിസ്‌മ​യാ​വ​ഹ​മാണ്‌. ചില സ്‌പഞ്ചു​കൾക്ക്‌ ബഹിരാ​കാശ പേടകം​പോ​ലെ പ്രവർത്തി​ക്കുന്ന ആന്തരമു​കു​ളങ്ങൾ (ജെമ്യൂ​ളു​കൾ) ഉണ്ട്‌

. മാതൃ​ശ​രീ​ര​ത്തിൽനി​ന്നു വേർപെട്ട്‌ യാത്ര​ചെ​യ്യവേ ശരീര ധർമങ്ങൾ നിറു​ത്തി​വെ​ക്കുന്ന ഈ ‘കുടി​യേ​റ്റ​ക്കാർ’ ലക്ഷ്യസ്ഥാ​ന​ത്തെ​ത്തി​യ​ശേഷം പ്രവർത്തനം പുനരാ​രം​ഭി​ക്കു​ക​യും ‘പേടക’ത്തിൽനിന്ന്‌ ഇറങ്ങി പുതിയ ഒരു സ്‌പഞ്ചി​നു ജന്മം നൽകു​ക​യും ചെയ്യുന്നു. അങ്ങനെ പുതിയ കോള​നി​കൾതന്നെ രൂപം​കൊ​ള്ളു​ന്നു. ലൈം​ഗിക പ്രജന​ന​വും സാധാ​ര​ണ​മാണ്‌. അതിനാ​യി ഒരു സ്‌പഞ്ചു​തന്നെ സാഹച​ര്യ​ത്തി​നു​ചേർച്ച​യിൽ ആണോ പെണ്ണോ ആയി മാറുന്നു. ചില സ്‌പഞ്ചു​കൾ മുട്ടയി​ടു​ന്ന​വ​യാണ്‌. “കൂടുതൽ അടുത്തു നിരീ​ക്ഷി​ക്കു​ന്തോ​റും ഏറ്റവും ലളിത​മായ ജീവരൂ​പ​ങ്ങൾപോ​ലും ഏറെ സങ്കീർണ​ത​യു​ള്ള​വ​യാ​യി കാണ​പ്പെ​ടു​ന്നു” എന്ന്‌ എഴുത്തു​കാ​ര​നായ പോൾ മോറീസ്‌ ചൂണ്ടി​ക്കാ​ട്ടു​ന്നു.

കടലിലെ വാക്വം ക്ലീനറു​കൾ

“സ്‌പഞ്ചു​ക​ളു​ടെ ഭക്ഷ്യവ്യ​വസ്ഥ തികച്ചും അനുപ​മ​മാണ്‌” എന്ന്‌ ജന്തുശാ​സ്‌ത്ര​ജ്ഞ​നായ അലൻ കോളിൻസ്‌ എഴുതു​ന്നു. ബാഹ്യാ​വ​ര​ണ​ത്തി​ലുള്ള സൂക്ഷ്‌മ​മായ സുഷി​രങ്ങൾ ശരീര​ത്തിൽ തലങ്ങും വിലങ്ങു​മുള്ള അസംഖ്യം ചെറു​കു​ഴ​ലു​ക​ളും അറകളു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ബൃഹത്തായ ഈ സഞ്ചാര​വ്യ​വ​സ്ഥ​യു​ടെ ഭിത്തികൾ ദശലക്ഷ​ക്ക​ണ​ക്കി​നു കോളർ കോശ​ങ്ങ​ളാൽ ആവൃത​മാണ്‌. അവ ഓരോ​ന്നി​നും ചാട്ടവാ​റു​പോ​ലെ മുമ്പോ​ട്ടും പിമ്പോ​ട്ടും ദ്രുത​ഗ​തി​യിൽ ചലിക്കുന്ന ഒരു സ്‌പർശി​നി ഉണ്ട്‌. “പായ്‌ക്ക​പ്പ​ലി​ലെ തുഴക്കാ​രെ​പ്പോ​ലെ പ്രവർത്തി​ക്കുന്ന ഈ കോശങ്ങൾ, വെള്ളത്തി​ലുള്ള ആഹാര​ക​ണി​ക​കളെ വേർതി​രി​ച്ചെ​ടു​ത്തു ദഹിപ്പി​ക്കാൻ കഴിവുള്ള മറ്റു കോശ​ങ്ങൾക്കി​ട​യി​ലേക്കു തുടർച്ച​യാ​യി വെള്ളം അടിച്ചു​ക​യ​റ്റു​ന്നു” എന്ന്‌ എഴുത്തു​കാ​ര​നായ ബെൻ ഹാർഡർ വിശദീ​ക​രി​ക്കു​ന്നു. സ്വന്തം വ്യാപ്‌ത​ത്തി​ന്റെ പത്തിര​ട്ടി​യോ​ളം വെള്ളം ഓരോ മണിക്കൂ​റി​ലും പമ്പ്‌ ചെയ്യുന്ന സ്‌പഞ്ചു​കൾ അതിലുള്ള ഏകദേശം 90 ശതമാനം ബാക്ടീ​രി​യ​ക​ളും പോഷ​ക​ങ്ങ​ളും വിഷലി​പ്‌ത​മായ രാസവ​സ്‌തു​ക്ക​ളും വലി​ച്ചെ​ടു​ക്കു​ന്നു. സമു​ദ്ര​ത്തി​ലെ ജലപ്ര​വാ​ഹ​ത്തിൽ വ്യതി​യാ​നം ഉണ്ടാകു​മ്പോ​ഴോ ഉച്ഛിഷ്ടങ്ങൾ പുറന്ത​ള്ളേ​ണ്ടി​വ​രു​മ്പോ​ഴോ ഈ പമ്പിങ്‌ പ്രക്രി​യ​യു​ടെ വേഗമോ ദിശയോ മാറ്റാൻപോ​ലും സ്‌പഞ്ചു​കൾക്കു കഴിയും. ഡോ. ജോൺ ഹൂപ്പർ പറയു​ന്ന​ത​നു​സ​രിച്ച്‌, “സ്‌പഞ്ചു​കൾ കടലിലെ ഏറ്റവും കാര്യ​ക്ഷ​മ​ത​യുള്ള വാക്വം ക്ലീനറു​ക​ളാണ്‌.”

ചെമ്മീൻ, ഞണ്ട്‌, മറ്റു ചെറു ജീവികൾ എന്നിവ​യ്‌ക്ക്‌ സ്‌പഞ്ചു​കൾ നല്ലൊരു താവള​മാണ്‌. സ്‌പഞ്ചി​ന്റെ ശരീര​ത്തിൽ പ്രവേ​ശി​ക്കുന്ന വെള്ളത്തി​ലുള്ള ഭക്ഷ്യവ​സ്‌തു​ക്കൾ അവയ്‌ക്കു കുശാ​ലായ ശാപ്പാ​ടൊ​രു​ക്കു​ന്നു. ഒരു സ്‌പഞ്ച്‌ 17,128 ജീവി​കളെ പാർപ്പി​ച്ചി​രു​ന്ന​താ​യി കണ്ടെത്തു​ക​യു​ണ്ടാ​യി! അസംഖ്യം ബാക്ടീ​രി​യ​ക​ളും ആൽഗക​ളും ഫംഗസു​ക​ളും, സ്‌പഞ്ചു​ക​ളു​മാ​യി സഹജീ​വ​ന​ബന്ധം പുലർത്തു​ന്നു. നനഞ്ഞി​രി​ക്കുന്ന ഒരു സ്‌പഞ്ചി​ന്റെ മൊത്തം ഭാരത്തി​ന്റെ പകുതി​യും അതിലെ ബാക്ടീ​രി​യ​യു​ടെ ഭാരം ആയിരു​ന്നേ​ക്കാം.

സ്‌പഞ്ചു​ക​ളെ​യും അവയുടെ ഈ ‘കൂടപ്പി​റ​പ്പു​ക​ളെ​യും’ ഉപയോ​ഗിച്ച്‌ ഒന്നാന്തരം ഔഷധങ്ങൾ നിർമി​ക്കാൻ കഴിയു​മെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ കണ്ടെത്തി​യി​രി​ക്കു​ന്നു. എയ്‌ഡ്‌സ്‌, കാൻസർ, മലേറിയ എന്നിങ്ങ​നെ​യുള്ള രോഗ​ങ്ങൾക്ക്‌ അവ ഫലപ്ര​ദ​മാ​യേ​ക്കാ​മെ​ന്നാണ്‌ അവരുടെ വിശ്വാ​സം. സ്‌പഞ്ചിൽനി​ന്നുള്ള അത്തരം ഒരു ഔഷധ​ക്കൂ​ട്ടി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കവേ, “കമ്പ്യൂ​ട്ട​റു​കൾക്കു രൂപകൽപ്പന ചെയ്യാൻ സാധി​ക്കു​ന്ന​തി​നെ​ക്കാൾ വിസ്‌മ​യാ​വ​ഹ​മായ തന്മാ​ത്രകൾ പ്രകൃതി നമുക്കു സമ്മാനി​ക്കു​ന്നു” എന്ന്‌ ഗവേഷ​ക​യായ ഷർലി പാമ്പോ​നി പറയുന്നു.

സ്‌ഫടി​ക​ത്തിൽ മെനഞ്ഞ​തോ?

കുളി​ക്കാൻ ഉപയോ​ഗി​ക്കുന്ന സ്‌പഞ്ചു​കൾ മൃദു​വാണ്‌. എന്നാൽ മിക്കതും വളരെ കട്ടിയു​ള്ള​താണ്‌. അവയിൽ ശൂകങ്ങൾ എന്നറി​യ​പ്പെ​ടുന്ന കോടി​ക്ക​ണ​ക്കിന്‌ കൊച്ചു ക്രിസ്റ്റ​ലു​കൾ ഉണ്ട്‌. സൂക്ഷ്‌മ​ദർശി​നി​യി​ലൂ​ടെ നോക്കി​യാൽ അവയുടെ അമ്പരപ്പി​ക്കുന്ന ഭംഗി​യും വൈവി​ധ്യ​വും നമുക്കു കാണാൻ കഴിയും. പല വിധങ്ങ​ളിൽ കൂടി​ച്ചേർന്നു​കൊണ്ട്‌ ആ ക്രിസ്റ്റ​ലു​കൾ സങ്കീർണ​മായ അസ്ഥികൂ​ടം, പരിച, കേബി​ളു​കൾ—അവയ്‌ക്ക്‌ ഒരു സെന്റി​മീ​റ്റർ വണ്ണവും മൂന്നു മീറ്റർവരെ നീളവു​മു​ണ്ടാ​യി​രി​ക്കും—എന്നീ രൂപങ്ങൾ തീർക്കു​ന്നു. വെൽക്രോ മാതൃ​ക​യി​ലുള്ള വല ഉപയോ​ഗി​ച്ചാണ്‌ മാംസ​ഭു​ക്കായ ഒരു സ്‌പഞ്ച്‌ ഇര പിടി​ക്കു​ന്നത്‌.

ആഴക്കട​ലിൽ കാണ​പ്പെ​ടുന്ന ‘വീനസി​ന്റെ പൂപ്പാ​ത്രം’ അവയുടെ ശൂകങ്ങൾകൊണ്ട്‌ സങ്കീർണ​വും അതിമ​നോ​ഹ​ര​വു​മായ ചില്ലു​കൂ​ടു​കൾ തീർക്കു​ന്നു. പളുങ്കു​പോ​ലുള്ള സിലി​ക്കാ​നാ​രു​കൾ കൃത്രി​മ​മാ​യി നിർമി​ക്കുന്ന ഫൈബർ ഓപ്‌റ്റിക്‌ കേബി​ളു​കൾപോ​ലെ കാണ​പ്പെ​ടു​ന്നു. “പ്രകൃ​തി​ജ​ന്യ​മായ ഈ സ്‌ഫടിക നാരുകൾ വളരെ ഉറപ്പു​ള്ള​താണ്‌. കൃത്രി​മ​നാ​രു​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി കെട്ടി​ട്ടാൽപ്പോ​ലും അവ പൊട്ടി​പ്പോ​കു​ക​യില്ല” എന്ന്‌ ഒരു ശാസ്‌ത്രജ്ഞൻ വിശദീ​ക​രി​ക്കു​ന്നു. കടൽവെ​ള്ള​ത്തിൽ, കുറഞ്ഞ താപനി​ല​യിൽ ഇത്ര സങ്കീർണ​മായ നാരുകൾ എങ്ങനെ രൂപ​പ്പെ​ടു​ന്നു​വെ​ന്നത്‌ ശാസ്‌ത്ര​ജ്ഞ​ന്മാ​രു​ടെ മുമ്പിൽ ഒരു നിഗൂ​ഢ​ത​യാ​യി അവശേ​ഷി​ക്കു​ന്നു. “താരത​മ്യേന ലളിത​മായ ഒരു ജീവരൂ​പം മെറ്റീ​രി​യൽസ്‌ ഡിസൈൻ, ഇന്റ​ഗ്രേ​റ്റഡ്‌ ഒപ്‌റ്റി​ക്‌സ്‌ എന്നീ മേഖലകൾ നേരി​ടുന്ന അതിസ​ങ്കീർണ​മായ ഒരു പ്രശ്‌ന​ത്തി​നുള്ള പരിഹാ​ര​വു​മാ​യി രംഗത്തു​വ​ന്നി​രി​ക്കുന്ന”തായി ബെൽ ലാബറ​ട്ട​റി​യി​ലെ ചെറി മുറെ പറയുന്നു.

യാദൃ​ച്ഛി​ക​മാ​യി ഉത്ഭവി​ച്ച​തോ അതോ രൂപകൽപ്പന ചെയ്യ​പ്പെ​ട്ട​തോ?

സ്‌പഞ്ചു​ക​ളു​ടെ അത്ഭുത​ക​ര​മായ ജീവശാ​സ്‌ത്ര സവി​ശേ​ഷ​തകൾ പുനര​വ​ലോ​കനം ചെയ്‌ത​ശേഷം ഡോ. ഹൂപ്പർ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “നിസ്സാ​ര​മാ​യി വീക്ഷി​ക്ക​പ്പെ​ടുന്ന സ്‌പഞ്ച്‌’ യഥാർഥ​ത്തിൽ അതിസ​ങ്കീർണ​മായ ഒരു ജീവി​യാണ്‌. ഇന്നും അതി​നെ​ക്കു​റി​ച്ചു പൂർണ​മാ​യി പഠിക്കാൻ നമുക്കു കഴിഞ്ഞി​ട്ടില്ല.” ‘ഈ സങ്കീർണത എങ്ങനെ, എന്തു​കൊണ്ട്‌ ഉണ്ടായി? അതു യാദൃ​ച്ഛി​ക​മാ​യി സംഭവി​ച്ച​താ​യി​രി​ക്കാൻ ഇടയു​ണ്ടോ? അതോ, ബുദ്ധി​ശാ​ലി​യായ ഒരു രൂപസം​വി​ധാ​യ​കന്റെ അസ്‌തി​ത്വ​ത്തി​നുള്ള വാചാ​ല​മായ സാക്ഷ്യ​മാ​ണോ സ്‌പഞ്ചു​കൾ?’ എന്നൊക്കെ ചോദി​ക്കു​ന്നത്‌ തികച്ചും ന്യായ​യു​ക്ത​മാണ്‌.

ഒരു സ്രഷ്ടാ​വു​ണ്ടെന്നു വിശ്വ​സി​ക്കാൻ ചിലർ മടി​ച്ചേ​ക്കാ​മെ​ങ്കി​ലും പുരാതന സങ്കീർത്ത​ന​ക്കാ​രന്റെ പിൻവ​രുന്ന പ്രസ്‌താ​വന സത്യമാ​ണെന്ന്‌ അനേക​രും സമ്മതി​ക്കും: “യഹോവേ, നിന്റെ പ്രവൃ​ത്തി​കൾ എത്ര പെരു​കി​യി​രി​ക്കു​ന്നു! ജ്ഞാന​ത്തോ​ടെ നീ അവയെ ഒക്കെയും ഉണ്ടാക്കി​യി​രി​ക്കു​ന്നു; ഭൂമി നിന്റെ സൃഷ്ടി​ക​ളാൽ നിറെ​ഞ്ഞി​രി​ക്കു​ന്നു . . . ചെറി​യ​തും വലിയ​തു​മായ അസംഖ്യം ജന്തുക്കൾ ഉണ്ട്‌.”—സങ്കീർത്തനം 104:24, 25.

[23-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രങ്ങൾ]

ഒരു ശരാശരി സ്‌പഞ്ചി​ന്റെ രൂപഘടന. ജലം പമ്പു​ചെ​യ്യുന്ന കോളർ കോശ​ങ്ങ​ളു​ടെ വലുതാ​ക്കിയ ചിത്രം

[24-ാം പേജിലെ ചിത്രം]

സ്‌പഞ്ചിന്റെ ശൂകങ്ങൾ

[24-ാം പേജിലെ ചിത്രം]

വീനസിന്റെ പൂപ്പാ​ത്രം

[23-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

കടൽക്കുതിര: Rudie H Kuiter; വലതു വശത്ത്‌ ഇൻസെ​റ്റി​ലുള്ള 3 ചിത്രങ്ങൾ: Dr. John Hooper, Queensland Museum

[24-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ: Eye of Science/Photo Researchers, Inc.; താഴെ: Kim Taylor / Warren Photographic