എനിക്ക് എങ്ങനെ ചെലവു നിയന്ത്രിക്കാൻ കഴിയും?
യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് എങ്ങനെ ചെലവു നിയന്ത്രിക്കാൻ കഴിയും?
“സാധനങ്ങൾ വിലക്കുറവിൽ കിട്ടുന്നു എന്നതുകൊണ്ടുമാത്രം അവ വാങ്ങാൻ ഞാൻ പ്ലാനിടും, വാസ്തവത്തിൽ എനിക്ക് അതിന്റെ ആവശ്യമില്ലായിരിക്കും, പലപ്പോഴും എന്റെ ബജറ്റിൽ ഒതുങ്ങുകയുമില്ലായിരിക്കും.”—അനാ, a ബ്രസീൽ.
“പണച്ചെലവുള്ള ചില രസകരമായ കാര്യങ്ങൾ ഒത്തുകൂടിച്ചെയ്യാൻ ചിലപ്പോഴൊക്കെ കൂട്ടുകാർ എന്നെ വിളിക്കും. അവരോടൊപ്പം അടിച്ചുപൊളിക്കാനാണ് എനിക്കിഷ്ടം. ‘അയ്യോ! എന്റെ കയ്യിൽ പണമില്ല, അതുകൊണ്ടു ഞാൻ വരുന്നില്ല’ എന്നു പറയാൻ അല്ലെങ്കിൽത്തന്നെ ആരാണ് ഇഷ്ടപ്പെടുക?”—ജോൻ, ഓസ്ട്രേലിയ.
വേണ്ടത്ര പണമില്ല എന്ന് വേവലാതിപ്പെടുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? കുറച്ചുകൂടെ പണം പോക്കറ്റ്മണിയായി കിട്ടിയിരുന്നെങ്കിൽ ആ ഗെയിം വാങ്ങാമായിരുന്നു, അല്ലെങ്കിൽ അൽപ്പം കൂടെ പണം ജോലിചെയ്തു സമ്പാദിക്കാനായിരുന്നെങ്കിൽ നിങ്ങൾക്ക് ‘ആവശ്യമുള്ള’ ആ ഷൂസ് സ്വന്തമാക്കാമായിരുന്നു എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇല്ലാത്ത പണത്തെക്കുറിച്ച് വേവലാതിപ്പെടുന്നതിനു പകരം കയ്യിലുള്ള പണം സൂക്ഷിച്ചു ചെലവാക്കാൻ പഠിക്കുന്നതല്ലേ നല്ലത്?
മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഒരു യുവവ്യക്തിയാണു നിങ്ങളെങ്കിൽ പണം കൈകാര്യം ചെയ്യാൻ പഠിക്കുന്നതൊക്കെ വീട്ടിൽനിന്നു മാറിത്താമസിക്കുമ്പോഴാകട്ടെ എന്നു നിങ്ങൾ കരുതിയേക്കാം. പക്ഷേ അത് പാരച്യൂട്ട് ഉപയോഗിക്കാൻ പഠിക്കുന്നതിനുമുമ്പ് ഒരു വിമാനത്തിൽനിന്നു ചാടുന്നതുപോലെയായിരിക്കും. താഴേക്കു വീഴുന്നതിനിടയിൽ, എന്താണു ചെയ്യേണ്ടതെന്നു മനസ്സിലാക്കിയെടുക്കാൻ ഒരുപക്ഷേ ചാടുന്ന വ്യക്തിക്കു കഴിഞ്ഞെന്നിരിക്കും. എങ്കിലും ചാടുന്നതിനുമുമ്പുതന്നെ പാരച്യൂട്ട് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് എത്രയോ നല്ലതാണ്!
സമാനമായി, പണം സൂക്ഷിച്ചു ചെലവാക്കേണ്ടത് എങ്ങനെയെന്ന് പഠിക്കാനുള്ള ഏറ്റവും പറ്റിയ സമയം സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങൾക്ക് ഒരു യാഥാർഥ്യമാകുന്നതിനുമുമ്പാണ്. ‘പണം ഒരു അഭയം’ അഥവാ സംരക്ഷണം എന്ന് ശലോമോൻ രാജാവ് എഴുതുകയുണ്ടായി. (സഭാപ്രസംഗി 7:12, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) പക്ഷേ ചെലവു ചുരുക്കേണ്ടത് എങ്ങനെയെന്ന് അറിയാമെങ്കിൽ മാത്രമേ പണം നിങ്ങൾക്ക് ഒരു സംരക്ഷണമായി ഉതകുകയുള്ളൂ. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ പഠിക്കുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും; മാതാപിതാക്കൾക്കു നിങ്ങളെക്കുറിച്ചുള്ള മതിപ്പും വർധിക്കും.
ആദ്യപാഠങ്ങൾ
ഒരു കുടുംബം നടത്തിക്കൊണ്ടുപോകുന്നതിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും മാതാപിതാക്കളോടു
ചോദിച്ചിട്ടുണ്ടോ? ഉദാഹരണത്തിന്, വെള്ളത്തിനും വൈദ്യുതിക്കുമായി ഓരോ മാസവും എത്ര രൂപ ചെലവാകുന്നുണ്ടെന്നു നിങ്ങൾക്ക് അറിയാമോ? വാഹനത്തിനുള്ള ഇന്ധനം, ഭക്ഷണം, വാടക, വീടിന്റെ ലോൺ എന്നിവയുടെ കാര്യമോ? അത്തരം കാര്യങ്ങളൊക്കെ അറിയാൻ ശ്രമിക്കുന്നത് ഒരു ‘ബോറൻ’ പരിപാടിയാണെന്നു നിങ്ങൾ കരുതിയേക്കാം. പക്ഷേ ഒന്നോർക്കണം, നിങ്ങൾക്കും ആ ചെലവുകളിൽ ഒരു പങ്കുണ്ട്. മാത്രവുമല്ല, കുടുംബ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരുമ്പോൾ ഈ ചെലവുകളൊക്കെ നിങ്ങൾതന്നെ വഹിക്കേണ്ടിവരും. അതുകൊണ്ട് ചെലവുകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഓരോന്നിനും വേണ്ടി എത്ര പണം ചെലവാകുന്നുവെന്ന് നിങ്ങൾക്ക് അച്ഛനമ്മമാരോടു ചോദിക്കാനാകും. ഉള്ള പണംകൊണ്ട് ആ ചെലവുകൾ നിർവഹിക്കുന്നതെങ്ങനെയാണെന്ന് അവർ വിശദീകരിച്ചു തരുമ്പോൾ നന്നായി ശ്രദ്ധിക്കുക.‘ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിക്കുകയും, ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുകയും’ ചെയ്യുമെന്ന് ഒരു ബൈബിൾ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 1:5) നേരത്തേ പരാമർശിച്ച അനാ പറയുന്നു: “ഒരു ബജറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് പിതാവ് എന്നെ പഠിപ്പിച്ചു; കുടുംബ വരുമാനം വിനിയോഗിക്കുന്നതിൽ കാര്യക്ഷമമായ ആസൂത്രണം എത്രത്തോളം പ്രധാനമാണെന്നും അദ്ദേഹം എനിക്കു പറഞ്ഞുതന്നു.” ഇതിനിടെ അനായുടെ അമ്മ അവളെ പ്രായോഗികമായ മറ്റു ചില പാഠങ്ങൾ പഠിപ്പിച്ചു. “സാധനങ്ങൾ വാങ്ങുന്നതിനുമുമ്പ് പല കടകളിൽ വിലചോദിക്കുന്നത് എത്ര പ്രധാനമാണെന്നു മനസ്സിലാക്കാൻ മമ്മി എന്നെ സഹായിച്ചു,” അവൾ തുടരുന്നു. “കുറച്ചു പണംകൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ മിടുക്കിയായിരുന്നു മമ്മി.” ഇതെല്ലാം അനായെ എങ്ങനെ സഹായിക്കുന്നു? “കിട്ടുന്ന പണം സൂക്ഷിച്ച് ഉപയോഗിക്കാൻ എനിക്ക് ഇപ്പോൾ കഴിയുന്നുണ്ട്,” അവൾ പറയുന്നു. “ചെലവു ചുരുക്കാൻ ഞാൻ വളരെ ശ്രദ്ധിക്കുന്നു; അതുകൊണ്ടുതന്നെ, അനാവശ്യമായ കടങ്ങളോടു ബന്ധപ്പെട്ട തലവേദനകളൊന്നുമില്ല.”
വെല്ലുവിളികൾ തിരിച്ചറിയുക
ചെലവു നിയന്ത്രിക്കുന്നത് പറയുന്നത്ര എളുപ്പമല്ല എന്നതു ശരിതന്നെ, പ്രത്യേകിച്ച് നിങ്ങൾ ഇപ്പോഴും അച്ഛനമ്മമാരുടെ തണലിലായിരിക്കുകയും പോക്കറ്റ്മണിയായോ എന്തെങ്കിലും ജോലിചെയ്തോ നിങ്ങൾക്ക് പണം കിട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ. കാരണം മിക്കവാറും ചെലവിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് നിങ്ങളുടെ മാതാപിതാക്കളായിരിക്കും. അതുകൊണ്ട് നിങ്ങൾക്കു കിട്ടുന്ന പണത്തിന്റെ നല്ലൊരു ഭാഗവും ഇഷ്ടം പോലെ ചെലവാക്കാൻ നിങ്ങൾക്കു കഴിയുമായിരിക്കും. മാത്രവുമല്ല, പണം ചെലവാക്കുന്നത് രസമുള്ള ഒരു കാര്യമായിരിക്കാം. “പണം ചെലവാക്കാൻ എനിക്ക് ഒരു പ്രയാസവുമില്ല, അതു വളരെ രസമുള്ള കാര്യമാണ്,” ഇന്ത്യക്കാരനായ പാരെഷ് പറയുന്നു. ഓസ്ട്രേലിയയിൽനിന്നുള്ള സേറയ്ക്കും അതേ അഭിപ്രായമാണുള്ളത്. അവൾ പറയുന്നതു ശ്രദ്ധിക്കുക: “സാധനങ്ങൾ വാങ്ങിക്കുന്നത് എനിക്കൊരു ഹരമാണ്.”
മാത്രമല്ല, അമിതമായി പണം ചെലവാക്കാൻ കൂട്ടുകാർ നിങ്ങളെ നിർബന്ധിച്ചേക്കാം. 21-കാരിയായ എലന പറയുന്നു: “എന്റെ കൂട്ടുകാർക്കിടയിൽ ഷോപ്പിങ് എന്നത് ഒരു പ്രധാന വിനോദമായിത്തീർന്നിരിക്കുകയാണ്. അവരുടെ കൂടെ പുറത്തുപോകുമ്പോൾ, അടിച്ചുപൊളിക്കണമെങ്കിൽ പണം ചെലവാക്കുകതന്നെ വേണം, അതാണു വെപ്പ്.”
കൂട്ടുകാരുടെ അംഗീകാരം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിൽ അസാധാരണമായി ഒന്നുമില്ല. പക്ഷേ നിങ്ങളോടുതന്നെ ഒന്നു ചോദിച്ചുനോക്കൂ, ‘കൂട്ടുകാരുടെ കൂടെക്കൂടുമ്പോൾ ഞാൻ പണം ചെലവാക്കുന്നത്, അത് എനിക്കു താങ്ങാനാകും എന്നതുകൊണ്ടാണോ, അതോ ചെലവാക്കാതെ വേറെ നിവൃത്തിയില്ല എന്നെനിക്കു തോന്നുന്നതുകൊണ്ടാണോ?’ കൂട്ടുകാരുടെയും മറ്റും ആദരവു പിടിച്ചുപറ്റാൻവേണ്ടിയാണ് അനേകരും പണം ചെലവാക്കുന്നത്. ഈ ശീലം നിങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളിൽ കൊണ്ടെത്തിച്ചേക്കാം, പ്രത്യേകിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ. സാമ്പത്തിക ഉപദേശകയായ സൂസി ഓർമൻ ഈ മുന്നറിയിപ്പു നൽകുന്നു: “നിങ്ങളുടെ നല്ല ഗുണങ്ങളാൽ മറ്റുള്ളവരുടെ ആദരവു നേടുന്നതിനുപകരം വസ്തുവകകൾകൊണ്ട് അവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ക്രെഡിറ്റ് കാർഡ് ദുരുപയോഗംചെയ്ത് കടം വരുത്തിവെയ്ക്കാൻ നല്ല സാധ്യതയുണ്ട്.”
ക്രെഡിറ്റ് കാർഡിലെ പണം അല്ലെങ്കിൽ കിട്ടുന്ന ശമ്പളം ഒറ്റയടിക്കു ചെലവാക്കിത്തീർക്കുന്നതിനു പകരം എലനയുടെ രീതി ഒന്നു പരീക്ഷിച്ചു നോക്കിക്കൂടേ? അവൾ പറയുന്നു: “കൂട്ടുകാരോടൊപ്പം പുറത്തു പോകുമ്പോൾ, ഞാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നു; എത്ര രൂപവരെ ചെലവാക്കാം എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണ ഉണ്ടായിരിക്കും. കിട്ടുന്ന ശമ്പളം ഞാൻ അങ്ങനെതന്നെ ബാങ്കിലിടും. കൂട്ടുകാരോടൊപ്പം പോകുന്നുണ്ടെങ്കിൽ അതിനുള്ള പണം സദൃശവാക്യങ്ങൾ 13:20.
മാത്രം ഞാൻ അതിൽനിന്നെടുക്കും. ആദ്യം കാണുന്നതു കണ്ണുംപൂട്ടി വാങ്ങാതെ പല കടകളിൽ വിലചോദിച്ചതിനുശേഷം സാധനം വാങ്ങാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും പണം സൂക്ഷിച്ചു ചെലവാക്കുകയും ചെയ്യുന്ന കൂട്ടുകാരോടൊപ്പം ഷോപ്പിങ് നടത്തുന്നതാണു ബുദ്ധി എന്നും ഞാൻ കണ്ടെത്തിയിരിക്കുന്നു.”—വേണ്ട എന്ന് അച്ഛനമ്മമാർ പറയുമ്പോൾ
നിങ്ങൾ ജോലിയൊന്നും ചെയ്യുന്നില്ലെന്നും പോക്കറ്റ്മണിയായി പണം കിട്ടുന്നില്ലെന്നും കരുതുക. അപ്പോൾപ്പോലും, പണം എങ്ങനെ ചെലവാക്കണം എന്നതിനെക്കുറിച്ചുള്ള മൂല്യവത്തായ പാഠങ്ങൾ നിങ്ങൾക്ക് അച്ഛനമ്മമാരിൽനിന്നു പഠിക്കാനാകും. ഉദാഹരണത്തിന് നിങ്ങൾ അച്ഛനമ്മമാരോടു പണം ചോദിക്കുകയോ എന്തെങ്കിലും സാധനം വാങ്ങിത്തരാൻ ആവശ്യപ്പെടുകയോ ചെയ്യുമ്പോൾ അവർ സമ്മതിക്കാതിരുന്നേക്കാം. അതിനുള്ള ഒരു കാരണം, നിങ്ങൾ ചോദിച്ച സാധനത്തിന്റെ വില കുടുംബത്തിന്റെ ബജറ്റിൽ ഒതുങ്ങില്ല എന്നതായിരിക്കാം. നിങ്ങളുടെ ഇഷ്ടം സാധിച്ചുതരാൻ അവർക്ക് ആഗ്രഹമുണ്ടെങ്കിൽപ്പോലും അങ്ങനെ ചെയ്യാതിരിക്കുമ്പോൾ അവർ ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ നിങ്ങൾക്കായി ഒരു നല്ല മാതൃക വെക്കുകയാണ്. പണം ബുദ്ധിപൂർവം വിനിയോഗിക്കുന്നതിന് ആത്മനിയന്ത്രണം വളരെ അത്യന്താപേക്ഷിതമാണുതാനും.
നിങ്ങളുടെ ആഗ്രഹം സാധിച്ചുതരാനുള്ള പണം മാതാപിതാക്കളുടെ കൈവശം ഉണ്ടെന്നു കരുതുക. അപ്പോൾപ്പോലും അവർ അങ്ങനെ ചെയ്തില്ലെന്നു വരാം. അവർ പിശുക്കു കാണിക്കുകയാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ ശ്രദ്ധിക്കുക: അവർ പ്രധാനപ്പെട്ട ഒരു പാഠം നിങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുകയായിരിക്കാം—ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതല്ല സന്തോഷത്തിന്റെ അടിസ്ഥാനം എന്ന പാഠം. ഇതിനോടുള്ള ബന്ധത്തിൽ ബൈബിൾ ഇങ്ങനെ പറയുന്നു: “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല.”—സഭാപ്രസംഗി 5:10.
ആഗ്രഹിക്കുന്നതെന്തും വാങ്ങിച്ചുകൊടുക്കുന്ന അച്ഛനമ്മമാരുള്ള യുവജനങ്ങളുടെ അനുഭവം നോക്കിയാൽ മേൽപ്പറഞ്ഞ വാക്കുകൾ എത്ര സത്യമാണെന്നു മനസ്സിലാകും. തങ്ങൾ യഥാർഥത്തിൽ സംതൃപ്തരല്ലെന്ന് പെട്ടെന്നുതന്നെ ആ ചെറുപ്പക്കാർ തിരിച്ചറിയുന്നു. എത്രയധികം സാധനങ്ങൾ വാങ്ങിക്കൂട്ടിയാലും വീണ്ടും വീണ്ടും വാങ്ങണമെന്ന ചിന്തയായിരിക്കും അവർക്കെപ്പോഴും. തങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകിട്ടുന്ന യുവജനങ്ങൾ വളർന്നുവരുമ്പോൾ നന്ദിയില്ലാത്ത വ്യക്തികളായിത്തീർന്നേക്കാം. “ദാസനെ [അല്ലെങ്കിൽ കുട്ടിയെ] ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം [“നന്ദികേടു,” NW] കാണിക്കും” എന്ന് ശലോമോൻ മുന്നറിയിപ്പു നൽകി.—സദൃശവാക്യങ്ങൾ 29:21.
പണം സമയമാണ്
ചില സംസ്കാരങ്ങളിൽ ‘സമയം പണമാണ്’ എന്നൊരു ചൊല്ലുണ്ട്. പണം സമ്പാദിക്കണമെങ്കിൽ സമയം ചെലവഴിക്കണമെന്നും അതുകൊണ്ടുതന്നെ സമയം പാഴാക്കുന്നത് പണം വെറുതെ ചെലവാക്കുന്നതിനു തുല്യമാണെന്നുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതു മറിച്ചും സത്യമാണ്, അതായത് പണം സമയമാണ്. പണം വെറുതെ ചെലവാക്കിക്കളയുമ്പോൾ ആ പണം സമ്പാദിക്കാൻ ചെലവഴിച്ച സമയം പാഴാക്കിക്കളയുകയാണ് നിങ്ങൾ ചെയ്യുന്നത്. ചെലവു ചുരുക്കാൻ പഠിക്കുമ്പോൾ നിങ്ങൾ ഫലത്തിൽ സമയം പാഴാക്കാതിരിക്കാൻ പഠിക്കുകയാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
എലനയുടെ വാക്കുകൾ ശ്രദ്ധിക്കുക. “ചെലവ് എത്ര ചുരുക്കുന്നുവോ അത്രയും കുറച്ച് ഞാൻ സമ്പാദിച്ചാൽ മതി,” അവൾ പറയുന്നു. “പ്രായോഗികമായ ഒരു ബജറ്റ് ഉണ്ടാക്കുകയും അതനുസരിച്ചു ചെലവാക്കുകയും ചെയ്യുന്നതുകൊണ്ട് എനിക്ക് ദീർഘസമയം ജോലിചെയ്തു വീട്ടേണ്ട വലിയ കടങ്ങളില്ല. എന്റെ സമയത്തിന്റെയും ജീവിതത്തിന്റെയും നിയന്ത്രണം എന്റെ കയ്യിലാണ്.” നിങ്ങളുടെ ജീവിതത്തിന്റെ പിടി നിങ്ങളുടെ കയ്യിലാകാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ?
ചിന്തിക്കാൻ:
◼ചെലവു ചുരുക്കാൻ ബുദ്ധിമുട്ടാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നത് എന്തുകൊണ്ടാണ്?
◼പണമോഹം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?—1 തിമൊഥെയൊസ് 6:9, 10.
[അടിക്കുറിപ്പ്]
a പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[12-ാം പേജിലെ പെട്ടി/ചിത്രം]
കൂടുതൽ പണം പ്രശ്നം പരിഹരിക്കുമോ?
കൂടുതൽ പണം, ചെലവാക്കലിനോടു ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരമാകുമോ? “കൂടുതൽ പണം ലഭിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നാമെല്ലാം കരുതുന്നത്, പക്ഷേ ഒട്ടുമിക്കപ്പോഴും അതു ശരിയല്ല,” സാമ്പത്തിക ഉപദേശകയായ സൂസി ഓർമൻ പറയുന്നു.
ഉദാഹരണത്തിന്, യാതൊരു നിയന്ത്രണവുമില്ലാതെ അല്ലെങ്കിൽ കണ്ണടച്ചുപിടിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ഒരു വ്യക്തിയാണു നിങ്ങൾ എന്നു കരുതുക. കൂടുതൽ ഇന്ധനം നിറയ്ക്കുന്നതുകൊണ്ട് നിങ്ങളുടെ യാത്ര സുഗമമാകുമോ? കൂടുതൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താൻ നിങ്ങളെ അതു സഹായിക്കുമോ? അതുപോലെതന്നെ, ചെലവു നിയന്ത്രിക്കേണ്ടത് എങ്ങനെയെന്നു പഠിക്കാതെ കൂടുതൽ പണം സമ്പാദിക്കുന്നതുകൊണ്ടു പ്രയോജനമില്ല, അത് നിങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്തുകയില്ല.
[13-ാം പേജിലെ പെട്ടി/ചാർട്ട്]
ചെലവു നിയന്ത്രിക്കുക
കഴിഞ്ഞ മാസം നിങ്ങൾ എത്ര രൂപ ചെലവാക്കി? എന്തിനുവേണ്ടിയായിരുന്നു അത്? നിങ്ങൾക്കറിയില്ലാ? ചെലവുകൾ നിങ്ങളെ നിയന്ത്രിക്കുന്നതിനുമുമ്പ് ചെലവുകളെ നിയന്ത്രിക്കാൻ പഠിക്കണമെന്നുണ്ടോ? അതിനുള്ള മാർഗം ഇതാ:
◼ വരവുചെലവുകളുടെ ഒരു രേഖ സൂക്ഷിക്കുക. ഒരു മാസത്തേക്കെങ്കിലും, നിങ്ങൾക്കു കിട്ടുന്ന പണവും അതു കിട്ടിയ തീയതിയും എഴുതിവെക്കുക. വാങ്ങുന്ന ഓരോ സാധനത്തിന്റെയും പേരും വിലയും കുറിച്ചുവെക്കുക. മാസാവസാനം മൊത്തം വരവും ചെലവും കൂട്ടിനോക്കുക.
◼ ഒരു ബജറ്റ് ഉണ്ടാക്കുക. ഒരു പേജിൽ മൂന്നു കോളം വരയ്ക്കുക. ആദ്യത്തെ കോളത്തിൽ ഒരു മാസം നിങ്ങൾ പ്രതീക്ഷിക്കുന്ന മുഴുവൻ വരവും എഴുതുക. എന്തിനെല്ലാം വേണ്ടി പണം ചെലവാക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നു എന്നു പട്ടികപ്പെടുത്താനുള്ളതാണ് രണ്ടാമത്തെ കോളം; നിങ്ങൾ തയ്യാറാക്കിയ വരവുചെലവുകളുടെ രേഖ ഇക്കാര്യത്തിൽ സഹായകമാകും. ദിവസങ്ങൾ കടന്നുപോകവേ, പട്ടികപ്പെടുത്തിയ ഓരോ കാര്യത്തിനുമായി നിങ്ങൾ യഥാർഥത്തിൽ ചെലവാക്കുന്ന പണം മൂന്നാമത്തെ കോളത്തിൽ എഴുതുക. പട്ടികപ്പെടുത്താത്ത ചെലവുകളും രേഖപ്പെടുത്തുക.
◼ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തുക. ചില സാധനങ്ങൾക്കുവേണ്ടി നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ ചെലവാക്കേണ്ടിവരുകയും നിങ്ങൾ കടത്തിലാകുകയും ചെയ്യുന്നെങ്കിൽ തുടർന്നുള്ള ചെലവുകൾ നിയന്ത്രിക്കുക. കടങ്ങൾ വീട്ടുക. പിന്നീടങ്ങോട്ട് ചെലവുകൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതിരിക്കുക.
[ചാർട്ട്]
ഇതു വെട്ടിയെടുക്കുക!
എന്റെ പ്രതിമാസ ബജറ്റ്
വരവ് പ്രതീക്ഷിക്കുന്ന ചെലവ് യഥാർഥ ചെലവ്
പോക്കറ്റ്മണി ഭക്ഷണം
പാർട്ട്-ടൈം ജോലി വസ്ത്രം
മറ്റുള്ളവ ഫോൺ
വിനോദം
സംഭാവനകൾ
സമ്പാദ്യം
മറ്റുള്ളവ
മൊത്തം മൊത്തം മൊത്തം
രൂപ രൂപ രൂപ
[ചിത്രം]
പണം ചെലവാക്കിക്കളയുമ്പോൾ ഒന്നോർക്കുക, ആ പണം സമ്പാദിക്കാൻ ചെലവഴിച്ച സമയവും നിങ്ങൾ പാഴാക്കുകയാണ്
[11-ാം പേജിലെ ചിത്രം]
ബജറ്റ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്നു കാണിച്ചുതരാൻ നിങ്ങൾക്ക് മാതാപിതാക്കളോടു ചോദിച്ചുകൂടേ?