ദശലക്ഷങ്ങൾ ഹാജരാകും നിങ്ങളോ?
ദശലക്ഷങ്ങൾ ഹാജരാകും നിങ്ങളോ?
എവിടെ? യഹോവയുടെ സാക്ഷികളുടെ “വിടുതൽ സമീപം!” എന്ന ത്രിദിന ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിൽ. ഇത്തരം നൂറുകണക്കിനു കൺവെൻഷനുകൾ ലോകമെമ്പാടും നടത്തപ്പെടും. അതിൽ ആദ്യത്തേത് മേയ്‌മാസത്തെ അവസാന വാരാന്തത്തിൽ ഐക്യനാടുകളിൽ നടക്കും. സമീപ വർഷങ്ങളിലൊന്നിലെ 2,981 ത്രിദിന കൺവെൻഷനുകളിലായി ഒരു കോടി പത്തുലക്ഷത്തോളം പേർ പങ്കെടുത്തു!
മിക്ക കൺവെൻഷനിലും രാവിലെ 9:30-ന് സംഗീതത്തോടുകൂടി പരിപാടികൾ ആരംഭിക്കും. വെള്ളിയാഴ്‌ച “വിടുതൽ സംബന്ധിച്ച യഹോവയുടെ വാഗ്‌ദാനങ്ങൾക്ക് ശ്രദ്ധനൽകുക,” “‘സഹായത്തിനായി നിലവിളിക്കുന്ന ദരിദ്രനെ’ യഹോവ വിടുവിക്കുന്ന വിധം” എന്നീ വിഷയങ്ങൾ ചർച്ചചെയ്യപ്പെടും. “നമ്മുടെ ‘എന്നേക്കുമുള്ള വിടുതലിനായി’ യഹോവ ചെയ്‌തിരിക്കുന്ന കരുതലുകൾ” എന്ന മുഖ്യവിഷയ പ്രസംഗത്തോടെ രാവിലത്തെ പരിപാടികൾ അവസാനിക്കും.
വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞുള്ള പരിപാടികളിൽ “പ്രായംചെന്നവർക്കായി യഹോവ ആർദ്രതയോടെ കരുതുന്നു,” “വേദനാകരമായ അരിഷ്ടതകളിൽനിന്നു വിടുതൽ,” “‘ശുശ്രൂഷയിൽ’ ദൂതന്മാരുടെ പങ്ക്” എന്നിവയുണ്ടായിരിക്കും. “യഹോവ—നമ്മെ വിടുവിക്കുന്നവൻ” എന്ന നാലു ഭാഗങ്ങളുള്ള സിമ്പോസിയമുണ്ടായിരിക്കും. “വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധമോ ആരോപണമോ ഫലിക്കയില്ല” എന്നതായിരിക്കും അന്നത്തെ സമാപനപ്രസംഗം.
ശനിയാഴ്‌ച രാവിലെ, “ശുശ്രൂഷയിൽ ‘വിടാതെ’ തുടരുവിൻ,” എന്ന മൂന്നുഭാഗങ്ങളുള്ള സിമ്പോസിയവും “വേട്ടക്കാരന്റെ കെണിയിൽ വീഴാതെ സൂക്ഷിക്കുക,” “‘ദൈവത്തിന്റെ ആഴങ്ങളെ’ ആരായുക” എന്നീ പ്രസംഗങ്ങളും ഉണ്ടായിരിക്കും. രാവിലത്തെ പരിപാടി അവസാനിക്കുന്നത് സ്‌നാപനപ്രസംഗത്തോടെയായിരിക്കും, തുടർന്ന് യോഗ്യതയുള്ളവർക്കായുള്ള സ്‌നാപനവും ഉണ്ടായിരിക്കും.
ശനിയാഴ്‌ച ഉച്ചകഴിഞ്ഞുള്ള പരിപാടിയിൽ, “ആരോഗ്യപരിചരണത്തിൽ തിരുവെഴുത്തുവീക്ഷണം ഉണ്ടായിരിക്കുക,” “ഏതുതരം ആത്മാവാണ് നിങ്ങളുടെ ജീവിതത്തെ ഭരിക്കുന്നത്?” “ദാമ്പത്യത്തിൽ ‘മുപ്പിരിച്ചരട്’ നിലനിറുത്തുക,” “യുവജനങ്ങളേ, ‘യൗവ്വനകാലത്തു നിങ്ങളുടെ സ്രഷ്ടാവിനെ ഓർത്തുകൊൾക’” എന്നീ പ്രസംഗങ്ങൾ ഉണ്ടായിരിക്കും. “യഹോവയുടെ ദിവസം മനസ്സിൽപ്പിടിച്ചുകൊണ്ടാണോ നിങ്ങൾ ജീവിക്കുന്നത്?” എന്ന സമാപന പ്രസംഗത്തിൽ നമ്മുടെ കാലത്തേക്കുള്ള പ്രായോഗിക ഉപദേശം അടങ്ങുന്നു.
ഞായറാഴ്‌ച രാവിലത്തെ പരിപാടിയിൽ മത്തായി 13-ാം അധ്യായത്തിൽ കാണുന്ന, സ്വർഗരാജ്യത്തെ സംബന്ധിച്ച് യേശു പറഞ്ഞ ഉപമയെ ആസ്‌പദമാക്കിയുള്ള നാലു ഭാഗങ്ങളടങ്ങിയ ഒരു സിമ്പോസിയം ഉണ്ടായിരിക്കും.
രാവിലത്തെ പരിപാടിയിൽ കൺവെൻഷനിലെ ഒരു സവിശേഷതയെക്കുറിച്ച് ഒരു പ്രസംഗവും തുടർന്ന് ഒന്നു രാജാക്കന്മാർ 13-ാം അധ്യായത്തെ അടിസ്ഥാനമാക്കി വേഷവിധാനങ്ങളോടുകൂടിയ ഒരു നാടകവും ഉണ്ടായിരിക്കും. കൺവെൻഷന്റെ അവസാന ഭാഗമായ ഞായറാഴ്‌ച ഉച്ചകഴിഞ്ഞത്തെ പരിപാടിയിൽ “ദൈവരാജ്യത്താലുള്ള വിടുതൽ സമീപം!” എന്ന പരസ്യപ്രസംഗം ഉണ്ടായിരിക്കും.
ഇതിൽ സംബന്ധിക്കാൻ ഇപ്പോഴേ തയ്യാറെടുക്കുക. നിങ്ങളുടെ താമസസ്ഥലത്തിന് ഏറ്റവും അടുത്തുള്ള കൺവെൻഷൻ സ്ഥലം അറിയുന്നതിന് യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക. വീക്ഷാഗോപുരം എന്ന കൂട്ടുമാസികയുടെ മാർച്ച് 1 ലക്കത്തിൽ ഇന്ത്യയിലെ കൺവെൻഷൻ സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്.