വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫോട്ടോഗ്രഫി വെളിച്ചം കാണുന്നു

ഫോട്ടോഗ്രഫി വെളിച്ചം കാണുന്നു

ഫോട്ടോഗ്രഫി വെളിച്ചം കാണുന്നു

സ്വീഡനിലെ ഉണരുക! ലേഖകൻ

ഇറ്റാലിയൻ ഭൗതികശാസ്‌ത്രജ്ഞനായ ജാമ്പാറ്റിസ്റ്റാ ഡെലാ പൊർറ്റായുടെ (1535?-1615) അതിഥികളെ ആ കാഴ്‌ച ഭയപ്പെടുത്തിക്കളഞ്ഞു. മുറിക്കുള്ളിലെ ഭിത്തിയിൽ, ഏതാനും കൊച്ചുമനുഷ്യരുടെ പ്രതിരൂപങ്ങൾ തലകീഴായി നടക്കുന്നു! പേടിച്ചരണ്ടുപോയ അവർ അപ്പോൾത്തന്നെ മുറിയിൽനിന്നു പുറത്തുചാടി. മന്ത്രവാദം നടത്തിയെന്ന്‌ ആരോപിച്ച്‌ ഡെലാ പൊർറ്റായെ കോടതി കയറ്റുകയും ചെയ്‌തു! ഫോട്ടോഗ്രഫിയുടെ ചരിത്രത്തിൽ നടന്നതായി പറയപ്പെടുന്ന രസകരമായ ഒരു സംഭവമാണിത്‌.

ക്യാമറ ഒബ്‌സ്‌ക്യുറ പരിചയപ്പെടുത്തി അതിഥികളെ രസിപ്പിക്കാൻ ശ്രമിച്ചതിന്‌ ഡെലാ പൊർറ്റായ്‌ക്കു ലഭിച്ച പ്രതിഫലം അതായിരുന്നു. (ലത്തീനിൽ ക്യാമറ ഒബ്‌സ്‌ക്യുറയുടെ അക്ഷരാർഥം “ഇരുട്ടറ” എന്നാണ്‌.) പ്രവർത്തനതത്ത്വം ലളിതമാണെങ്കിലും നിരവധി വർണക്കാഴ്‌ചകൾ നമുക്കു സമ്മാനിക്കാൻ ക്യാമറയ്‌ക്കു കഴിയും. എന്താണ്‌ ഒരു ക്യാമറയുടെ രഹസ്യം?

ഇരുട്ടു നിറഞ്ഞ ഒരു പെട്ടിയുടെയോ മുറിയുടെയോ ഉള്ളിലേക്ക്‌ ഒരു കൊച്ചു സുഷിരത്തിലൂടെ പ്രകാശം കടക്കുമ്പോൾ എതിർദിശയിലുള്ള പ്രതലത്തിൽ പുറത്തുള്ള വസ്‌തുവിന്റെ തലകീഴായ പ്രതിബിംബം തെളിയുന്നു. യഥാർഥത്തിൽ, ഡെലാ പൊർറ്റായുടെ അതിഥികൾ കണ്ടത്‌ മുറിക്കു വെളിയിൽ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരുന്ന വ്യക്തികളെയായിരുന്നു. ആധുനിക ക്യാമറയുടെ മുന്നോടിയായിരുന്നു ക്യാമറ ഒബ്‌സ്‌ക്യുറ. ഇന്ന്‌ സ്വന്തമായിട്ട്‌ ഒരു ക്യാമറയുള്ള കോടിക്കണക്കിനാളുകളുണ്ട്‌. ഒറ്റത്തവണമാത്രം ഉപയോഗിച്ച്‌ കളയുന്ന തരത്തിലുള്ള വിലകുറഞ്ഞ ക്യാമറയും സർവസാധാരണമാണ്‌.

ഡെലാ പൊർറ്റായുടെ നാളിൽ, ക്യാമറ ഒബ്‌സ്‌ക്യുറ ഒരു പുതിയ കണ്ടുപിടിത്തമൊന്നും ആയിരുന്നില്ല. ഏറെക്കാലം മുമ്പുതന്നെ അരിസ്റ്റോട്ടിൽ അതിന്റെ പ്രവർത്തനതത്ത്വം (പൊതുയുഗത്തിനുമുമ്പ്‌ 384-322) തിരിച്ചറിഞ്ഞിരുന്നു. പത്താം നൂറ്റാണ്ടിൽ, അറേബ്യൻ പണ്ഡിതനായ അൽഹെസൻ ആ തത്ത്വം വളരെ വ്യക്തമായി വിവരിച്ചിരുന്നു. 15-ാം നൂറ്റാണ്ടിലെ ചിത്രകാരനായ ലിയൊണാർഡോ ഡാവിഞ്ചി തന്റെ കുറിപ്പുകളിൽ ഒബ്‌സ്‌ക്യുറ പ്രവർത്തിക്കുന്ന വിധം പരാമർശിക്കുകയും ചെയ്‌തിരുന്നു. 16-ാം നൂറ്റാണ്ടിൽ ലെൻസ്‌ കണ്ടുപിടിച്ചതോടെ ക്യാമറയുടെ ചരിത്രം കൂടുതൽ പ്രഭാപൂരിതമായിത്തീർന്നു. കൃത്യമായ അനുപാതത്തിലുള്ള ത്രിമാന പ്രതിച്ഛായകൾ സൃഷ്ടിക്കാൻ അനേകം ചിത്രകാരന്മാരും ലെൻസ്‌ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ അത്തരം ചിത്രങ്ങൾക്കുപോലും അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മായാത്ത ഓർമകൾ അവശേഷിപ്പിക്കുന്ന സ്ഥിരമായ ഫോട്ടോകൾ എടുക്കുന്നതിനായുള്ള പരീക്ഷണങ്ങൾ 19-ാം നൂറ്റാണ്ടുവരെ വെളിച്ചംകണ്ടില്ല.

ആദ്യത്തെ ഫോട്ടോഗ്രഫർ

മായാത്ത ഫോട്ടോപ്രിന്റുകൾക്കു ജന്മം നൽകാൻ ശ്രമിച്ച ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രജ്ഞനായിരുന്നു ഷോസെഫ്‌ നിസേഫർ നിയെപ്‌സ്‌. സാധ്യതയനുസരിച്ച്‌, 1816-ന്റെ ആദ്യഘട്ടത്തിൽത്തന്നെ അദ്ദേഹം പരീക്ഷണം ആരംഭിച്ചു. ലിത്തോഗ്രഫി മാതൃകയിലുള്ള അച്ചടി സംബന്ധമായി നടത്തിയ ഗവേഷണങ്ങൾക്കിടയിൽ, പ്രകാശസംവേദകത്വമുള്ള ഒരു പദാർഥമായ ‘ബിറ്റുമിൻ ഓഫ്‌ ജുഡിയ’ അതിനു യോജിച്ചതാണെന്നു യാദൃച്ഛികമായി കണ്ടെത്തിയപ്പോഴായിരുന്നു ആ ഗവേഷണം യഥാർഥ വിജയം കൈവരിച്ചത്‌. 1820-കളുടെ മധ്യത്തോടെയാണു സംഭവം. അദ്ദേഹം തന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവിന്റെ ജനാലയിൽ സ്ഥാപിച്ച ക്യാമറ ഒബ്‌സ്‌ക്യുറയക്കുള്ളിൽ, ബിറ്റുമിൻ പൂശിയ വെള്ളോടുകൊണ്ടുള്ള ഒരു പ്ലേറ്റ്‌ വെക്കുകയും എട്ടു മണിക്കൂർ നേരം അതിൽ പ്രകാശം വീഴാൻ അനുവദിക്കുകയും ചെയ്‌തു. ഒരു കെട്ടിടവും മരവും കളപ്പുരയും ഉൾപ്പെട്ട അവ്യക്തമായ ഒരു ചിത്രം അതിൽ പതിഞ്ഞു. ഇന്നു ക്യാമറ ഉപയോഗിക്കുന്നവരിൽ തീരെ വൈദഗ്‌ധ്യമില്ലാത്ത ഒരു വ്യക്തിക്കുപോലും ആ ചിത്രം മതിപ്പുളവാക്കുന്നതായിരുന്നില്ല. എന്നാൽ നിയെപ്‌സിന്‌ അഭിമാനിക്കാൻ വകയുണ്ടായിരുന്നു. സാധ്യതയനുസരിച്ച്‌ ഇതായിരുന്നു ലോകത്തിൽ ആദ്യമായി എടുത്ത സ്ഥിരസ്വഭാവമുള്ള ഫോട്ടോ!

ഈ രംഗത്തു കൂടുതൽ പുരോഗതി കൈവരിക്കാൻ നിയെപ്‌സ്‌ 1829-ൽ ലൂയി ഡഗെർ എന്ന സമർഥനായ ഒരു ബിസിനസ്‌ സംരംഭകനെ കൂട്ടുപിടിച്ചു. 1833-ൽ നിയെപ്‌സ്‌ മരണമടഞ്ഞെങ്കിലും തുടർന്നുവന്ന വർഷങ്ങളിൽ ഡഗെർ നിർണായക പുരോഗതി കൈവരിച്ചു. ചെമ്പു പ്ലേറ്റിൽ സിൽവർ അയൊഡൈഡ്‌ പൂശുമ്പോൾ, ബിറ്റുമിൻ പൂശിയ പ്രതലത്തെക്കാൾ അതു കൂടുതൽ പ്രകാശ സംവേദകത്വമുള്ളതായിത്തീരുന്നു എന്ന്‌ അദ്ദേഹം കണ്ടെത്തി. തികച്ചും യാദൃച്ഛികമായി അദ്ദേഹം മറ്റൊരു സംഗതിയും മനസ്സിലാക്കി. ശരിയായ രീതിയിൽ ഡെവലപ്പ്‌ ചെയ്യപ്പെടാത്ത ഒരു പ്ലേറ്റിൽ മെർക്കുറി ബാഷ്‌പം തട്ടിയപ്പോൾ അതിലെ ചിത്രം വ്യക്തമായി തെളിയുന്നത്‌ അദ്ദേഹം നിരീക്ഷിച്ചു. ഈ രീതി പിൻപറ്റുന്നെങ്കിൽ പ്ലേറ്റ്‌ അധികസമയം പ്രകാശവുമായി സമ്പർക്കത്തിൽ ആയിരിക്കേണ്ടതില്ലെന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. ഫോട്ടോപ്ലേറ്റ്‌ ഒരു ലവണലായനിയിൽ (salt solution) കഴുകുന്നത്‌ ചിത്രം കാലക്രമത്തിൽ കറുത്തുപോകാതിരിക്കാൻ സഹായിക്കുമെന്ന്‌ ഡഗെർ പിന്നീടു കണ്ടെത്തി. പെട്ടെന്നുതന്നെ, ഫോട്ടോഗ്രഫിയുടെ മായികപ്രഭ ലോകത്തെ കീഴടക്കാൻ പോകുകയായിരുന്നു.

ലോകവേദിയിൽ

1839-ൽ, ഡഗെറിന്റെ കണ്ടുപിടിത്തം—ഡഗെറോടൈപ്പ്‌—ലോകവേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴുണ്ടായ പ്രതികരണം വിസ്‌മയാവഹമായിരുന്നു. “ഡഗെറോടൈപ്പിനെപ്പോലെ മിന്നൽ വേഗത്തിൽ ലോകത്തെ കീഴടക്കുകയും ജനങ്ങൾക്കുമുമ്പാകെ ഒരു സ്വപ്‌നലോകം തുറന്നുകൊടുക്കുകയും ചെയ്‌ത മറ്റൊരു കണ്ടുപിടിത്തവും സാധ്യതയനുസരിച്ച്‌ ഉണ്ടായിട്ടില്ല” എന്ന്‌ ഫോട്ടോഗ്രഫിയുടെ ചരിത്രം എന്ന തന്റെ പുസ്‌തകത്തിൽ പണ്ഡിതനായ ഹെൽമൂട്ട്‌ ഗേൺസ്‌ഹൈം എഴുതുന്നു. പ്രസിദ്ധീകരണച്ചടങ്ങിൽ സന്നിഹിതനായിരുന്ന ഒരു വ്യക്തി ഇങ്ങനെ എഴുതി: “ഒറ്റ മണിക്കൂറിനുള്ളിൽ ലെൻസ്‌ കടകളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞു. ഡഗെറോടൈപ്പ്‌ രീതിയുപയോഗിച്ച്‌ സ്വന്തമായി ഫോട്ടോയെടുക്കാനുള്ള ആവേശത്തിലായിരുന്നു അവർ. തുടർച്ചയായി എത്തിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിന്‌ ആവശ്യമായ സാമഗ്രികൾ സംഘടിപ്പിച്ചുകൊടുക്കാൻ കടയുടമകൾക്കു കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ പാരീസിന്റെ മുക്കിലും മൂലയിലുമുള്ള പള്ളികളുടെയും കൊട്ടാരങ്ങളുടെയും മുമ്പിൽ മുക്കാലികളിൽ നിലയുറപ്പിച്ച പെട്ടിക്ക്യാമറകൾ കാണാമായിരുന്നു. ആസ്ഥാനത്തെ ഭൗതിക-രസതന്ത്ര ശാസ്‌ത്രജ്ഞന്മാരും പണ്ഡിതന്മാരുമെല്ലാം സിൽവർ പ്ലേറ്റുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. നല്ല സാമ്പത്തിക നിലയിലുള്ള പലചരക്കു കച്ചവടക്കാർപോലും ഈ പുരോഗതിയുടെ പ്രയോജനം അനുഭവിച്ചുകൊണ്ട്‌ അതിന്റെ സന്തോഷത്തിൽ പങ്കുചേരാൻ തങ്ങളുടെ ആസ്‌തികൾ കൈവിട്ടു ചെലവഴിച്ചു.” പാരീസ്‌ വാർത്താമാധ്യമങ്ങൾ അത്തരം ആവേശത്തെ ഡഗെറോടൈപ്പോ ഭ്രമം എന്നാണു വിശേഷിപ്പിച്ചത്‌.

ഡഗെറോടൈപ്പ്‌ ഫോട്ടോകളുടെ അനിതരസാധാരണമായ സവിശേഷത നിമിത്തം ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനായ ജോൺ ഹെർഷെൽ ഇങ്ങനെ എഴുതി: “അത്തരം ഫോട്ടോകൾ ഒരു അത്ഭുതം തന്നെയായിരുന്നു എന്നു പറയുന്നത്‌ ഒട്ടും അതിശയോക്തിയല്ല.” ആ കണ്ടുപിടിത്തത്തിന്റെ പിന്നിൽ മന്ത്രവിദ്യയാണെന്നുപോലും ചിലർ ആരോപിക്കുകയുണ്ടായി.

ഈ പുതിയ കണ്ടുപിടിത്തം പക്ഷേ എല്ലാവർക്കും അത്ര പ്രിയങ്കരമായിരുന്നില്ല. 1856-ൽ നേപ്പിൾസിലെ രാജാവ്‌ ഫോട്ടോഗ്രഫിക്കു വിലക്കു കൽപ്പിച്ചു. അതൊരു ‘ദുശ്ശകുനമായി’ വീക്ഷിക്കപ്പെട്ടതായിരുന്നു കാരണമെന്നു തോന്നുന്നു. ഒരു ഡഗെറോടൈപ്പ്‌ ക്യാമറ കണ്ടപ്പോൾ ഫ്രഞ്ച്‌ ചിത്രകാരനായ പോൾ ഡെലറോഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഇനി പെയിന്റർമാർക്കെല്ലാം വെറുതെയിരിക്കാം!” പുതിയ കണ്ടുപിടിത്തം ഉപജീവനമാർഗത്തിന്‌ ഒരു ഭീഷണിയാണെന്നു മനസ്സിലാക്കിയ ചിത്രകാരന്മാർ അങ്ങേയറ്റം ഉത്‌കണ്‌ഠാകുലർ ആയിത്തീർന്നു. മറ്റു പലരുടെയും ചിന്താഗതി പ്രതിഫലിപ്പിച്ചുകൊണ്ട്‌ ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “പ്രതിച്ഛായകൾ കൃത്യമായി ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രഫി ഒരുവന്റെ സൗന്ദര്യബോധത്തെ നിഷ്‌പ്രഭമാക്കുന്നു.” സൗന്ദര്യത്തെക്കുറിച്ച്‌ അന്നുവരെ നിലനിന്നിരുന്ന സങ്കൽപ്പങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഫോട്ടോഗ്രഫിയുടെ ജൈത്രയാത്ര അനേകരുടെയും വിമർശനത്തിനു കളമൊരുക്കി.

ഡഗെറും ടോൾബറ്റും

ഫോട്ടോഗ്രഫി കണ്ടുപിടിച്ചത്‌ താനാണെന്നു വിശ്വസിച്ചിരുന്ന ഇംഗ്ലീഷ്‌ ഭൗതികശാസ്‌ത്രജ്ഞനായ വില്യം ഹെൻറി ഫോക്‌സ്‌ ടോൾബറ്റ്‌, ഡഗെറിന്റെ കണ്ടുപിടിത്തം കൊട്ടിഘോഷിക്കപ്പെടുന്നതു കണ്ടപ്പോൾ അന്തംവിട്ടുപോയി. സിൽവർ ക്ലോറൈഡ്‌ പൂശിയ പേപ്പർ ഷീറ്റുകൾ ക്യാമറ ഒബ്‌സ്‌ക്യുറയിൽ ഉപയോഗിക്കുന്ന രീതി ടോൾബറ്റ്‌ മുമ്പുതന്നെ അനുവർത്തിച്ചിരുന്നു. ഫോട്ടോയെടുത്തശേഷം നെഗറ്റീവിൽ മെഴുകു പുരട്ടി അദ്ദേഹം അതു സുതാര്യമാക്കി. തുടർന്ന്‌ അത്‌ സിൽവർ ക്ലോറൈഡ്‌ പൂശിയ മറ്റൊരു പേപ്പറിൽ വെച്ചശേഷം അതിൽ സൂര്യപ്രകാശം വീഴാൻ അനുവദിച്ചുകൊണ്ട്‌ യഥാർഥ ഫോട്ടോ തയ്യാറാക്കുകയും ചെയ്‌തിരുന്നു.

തുടക്കത്തിൽ വലിയ പ്രചാരമോ ഗുണമേന്മയോ ഉണ്ടായിരുന്നില്ലെങ്കിലും ടോൾബറ്റിന്റെ സാങ്കേതികവിദ്യയ്‌ക്കു കൂടുതൽ ശോഭനമായ ഭാവിയുള്ളതായി തെളിഞ്ഞു. ഒരു നെഗറ്റീവിൽനിന്നുതന്നെ പല കോപ്പികൾ എടുക്കാൻ കഴിയുമായിരുന്നു. കൂടാതെ, ദുർബലമായ ഡഗെറോടൈപ്പിനെക്കാൾ കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും വിലകുറഞ്ഞതുമായിരുന്നു ആ പേപ്പർ കോപ്പികൾ. ടോൾബറ്റ്‌ ഉപയോഗിച്ച സാങ്കേതികവിദ്യയാണ്‌ ഫോട്ടോഗ്രഫി ഇന്നും പിൻപറ്റുന്നത്‌. പ്രാരംഭത്തിൽ പ്രചുരപ്രചാരം നേടിയെങ്കിലും ഡഗെറോടൈപ്പിന്റെ ഭാവി ഇരുളടഞ്ഞുപോയി.

ഫോട്ടോഗ്രഫിയുടെ പിതാവ്‌ എന്ന ബഹുമതിക്കായി മത്സരിച്ചവർ നിയെപ്‌സും ഡഗെറും ടോൾബറ്റും മാത്രമായിരുന്നില്ല. 1839-ൽ ഡഗെറിന്റെ കണ്ടുപിടിത്തം അംഗീകാരം നേടിയശേഷം വടക്കുള്ള നോർവേ മുതൽ തെക്കുള്ള ബ്രസീൽ വരെ കുറഞ്ഞത്‌ 24 പേരെങ്കിലും ഫോട്ടോഗ്രഫി കണ്ടുപിടിച്ചതു തങ്ങളാണെന്ന അവകാശവാദവുമായി രംഗത്തെത്തി.

ഫോട്ടോഗ്രഫിയുടെ ശ്രദ്ധേയമായ സ്വാധീനം

ഒരു സാമൂഹിക പരിഷ്‌കർത്താവായ ജേക്കബ്‌ ഓഗസ്റ്റ്‌ റിസ്‌ ഫോട്ടോഗ്രഫിയുടെ ചരിത്രത്തിന്റെ തുടക്കംമുതൽതന്നെ, ദാരിദ്ര്യവും കഷ്ടപ്പാടും പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഒരു സുവർണാവസരമായി അതിനെ വീക്ഷിച്ചു. 1880-ൽ, അദ്ദേഹം ന്യൂയോർക്‌ നഗരത്തിലെ ചേരിപ്രദേശങ്ങളുടെ ഫോട്ടോയെടുക്കാൻ തുടങ്ങി. രാത്രിയുടെ പശ്ചാത്തലത്തിൽ, വെളിച്ചത്തിനായി ഒരു ചീനച്ചട്ടിയിൽ മഗ്നീഷ്യംപൊടി കത്തിച്ചുകൊണ്ടാണ്‌ അദ്ദേഹം ചിത്രങ്ങളെടുത്തത്‌. അതത്ര സുരക്ഷിതമായ ഒരു മാർഗമായിരുന്നില്ല. അദ്ദേഹം താമസിച്ചിരുന്ന വീടിന്‌ രണ്ടു പ്രാവശ്യം തീപിടിച്ചു—ഒരിക്കൽ, ഉടുത്തിരുന്ന വസ്‌ത്രത്തിനും. പ്രസിഡന്റായി അധികാരമേറ്റശേഷം അനേകം സാമൂഹിക പരിഷ്‌കാരങ്ങൾ നടപ്പിൽവരുത്താൻ തിയോഡർ റൂസ്‌വെൽറ്റിനെ പ്രചോദിപ്പിച്ചത്‌ റിസ്സിന്റെ ഫോട്ടോകൾ ആയിരുന്നെന്നു പറയപ്പെടുന്നു. 1872-ൽ വില്യം ഹെൻറി ജാക്‌സൺ പകർത്തിയ സുന്ദരമായ പ്രകൃതിദൃശ്യങ്ങളുടെ വശ്യത, ഐക്യനാടുകളിലെ യെല്ലോസ്റ്റോണിനെ ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്ക്‌ ആയി പ്രഖ്യാപിക്കാൻ യു.എസ്‌. കോൺഗ്രസിനെ സ്വാധീനിച്ചു.

ഏവരുടെയും കൈപ്പിടിയിൽ

1880-കളുടെ ഒടുവിൽപ്പോലും, സ്വന്തമായി ക്യാമറ ഉപയോഗിക്കാൻ ആഗ്രഹിച്ച അനേകരും ഫോട്ടോഗ്രഫിയുടെ ചെലവും സങ്കീർണതകളും നിമിത്തം മടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ 1888-ൽ ജോർജ്‌ ഈസ്റ്റ്‌മാൻ, കൊണ്ടുനടക്കാവുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതും ഒരു ഫിലിംറോൾ ഇടാവുന്നതുമായ കൊഡാക്‌ പെട്ടിക്ക്യാമറ കണ്ടുപിടിച്ചപ്പോൾ ആർക്കും ഫോട്ടോഗ്രഫർമാർ ആയിത്തീരാമെന്ന സ്ഥിതി സംജാതമായി.

ഫോട്ടോയെല്ലാം എടുത്തുതീർന്നശേഷം ഫോട്ടോഗ്രഫർ ക്യാമറ അങ്ങനെതന്നെ സ്റ്റുഡിയോയിലേക്ക്‌ അയച്ചുകൊടുക്കുമായിരുന്നു. ഫിലിം പ്രോസസ്‌ ചെയ്‌ത്‌ ക്യാമറയിൽ പുതിയ ഫിലിംറോൾ ഇട്ടശേഷം ഡെവലപ്പ്‌ ചെയ്‌ത ഫോട്ടോകൾ സഹിതം ക്യാമറ ഉടമസ്ഥന്‌ തിരിച്ച്‌ അയച്ചുകൊടുക്കുകയും ചെയ്‌തിരുന്നു—എല്ലാംകൂടി ഒരു കുറഞ്ഞ തുകയിൽ തീരുമായിരുന്നു. “ബട്ടൺ അമർത്തുകയേ വേണ്ടൂ, ബാക്കി കാര്യം ഞങ്ങളേറ്റു” എന്ന കൊഡാക്‌ കമ്പനിയുടെ പരസ്യത്തിൽ ഒട്ടും അതിശയോക്തിയില്ലായിരുന്നു.

ഫോട്ടോഗ്രഫിയുടെ ആസ്വാദ്യത നുകരാൻ ഇന്ന്‌ അധികം ചെലവൊന്നുമില്ല. അതിനോടുള്ള കമ്പം തെല്ലും കുറഞ്ഞിട്ടില്ലെന്ന്‌ ഓരോ വർഷവും വെളിച്ചംകാണുന്ന ശതകോടിക്കണക്കിനു ഫോട്ടോകൾ വിളിച്ചോതുന്നു. കൂടാതെ, പ്രതിച്ഛായകളെ ലക്ഷക്കണക്കിനു പിക്‌സൽ യൂണിറ്റുകളായി രേഖപ്പെടുത്തിക്കൊണ്ട്‌ അവയുടെ ഗുണനിലവാരം സൂക്ഷ്‌മമായി നിയന്ത്രിക്കാൻ കഴിവുള്ള ആധുനിക ഡിജിറ്റൽ ക്യാമറകൾ ഫോട്ടോഗ്രഫിയുടെ പ്രചാരം പതിന്മടങ്ങു വർധിപ്പിച്ചിരിക്കുന്നു. നൂറുകണക്കിനു ഫോട്ടോകൾ ഓർമയിൽ സൂക്ഷിക്കാൻ കഴിവുള്ള ഒരു കമ്പ്യൂട്ടർ ചിപ്പാണ്‌ ഡിജിറ്റൽ ക്യാമറയ്‌ക്ക്‌ ആധാരം. സ്വന്തം കമ്പ്യൂട്ടറും പ്രിന്ററും ഉപയോഗിച്ചുപോലും ഉയർന്ന ഗുണമേന്മയുള്ള പ്രിന്റുകൾ സൃഷ്ടിക്കുക സാധ്യമാണ്‌. കാലത്തിന്റെ നീരൊഴുക്കിൽ ഫോട്ടോഗ്രഫി ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയിരിക്കുന്നുവെന്നതിനു സംശയമില്ല.

[20-ാം പേജിലെ ചിത്രം]

പാരീസിന്റെ സുന്ദരമായ ഒരു ഡഗെറോടൈപ്പ്‌ ഫോട്ടോ, ഏകദേശം 1845

[20-ാം പേജിലെ ചിത്രം]

സാധ്യതയനുസരിച്ച്‌ ആദ്യമായെടുത്ത ഫോട്ടോയുടെ പകർപ്പ്‌, ഏകദേശം 1826

[20-ാം പേജിലെ ചിത്രം]

പല ചിത്രകാരന്മാരും ഉപയോഗിച്ചിരുന്ന ക്യാമറ ഒബ്‌സ്‌ക്യുറയുടെ ഒരു ചിത്രം

[21-ാം പേജിലെ ചിത്രങ്ങൾ]

നിയെപ്‌സ്‌

[23-ാം പേജിലെ ചിത്രങ്ങൾ]

ലൂയി ഡഗെറിന്റെയും അദ്ദേഹത്തിന്റെ ക്യാമറയുടെയും ഒരു ഡഗെറോടൈപ്പ്‌ ഫോട്ടോ, 1844

[23-ാം പേജിലെ ചിത്രങ്ങൾ]

വില്യം ടോൾബറ്റിന്റെ സ്റ്റുഡിയോയും (ഏകദേശം 1845) അദ്ദേഹത്തിന്റെ ക്യാമറകളും

[23-ാം പേജിലെ ചിത്രങ്ങൾ]

ജോർജ്‌ ഈസ്റ്റ്‌മാൻ—കൊഡാക്‌ (നമ്പർ 2) ക്യാമറയുമായി, 1890; കൂടാതെ അദ്ദേഹത്തിന്റെ നമ്പർ 1 ക്യാമറയും, ഫിലിം ചുറ്റാൻ ഉപയോഗിച്ചിരുന്ന സ്‌പൂളും കാണാം

[23-ാം പേജിലെ ചിത്രങ്ങൾ]

യെല്ലോസ്റ്റോൺ എന്ന്‌ പിന്നീട്‌ അറിയപ്പെട്ട സ്ഥലത്തിന്റെ ദൃശ്യം, 1871-ൽ ഡബ്ല്യു. എച്ച്‌. ജാക്‌സൺ എടുത്തത്‌

[23-ാം പേജിലെ ചിത്രങ്ങൾ]

ഇന്നുള്ള ഡിജിറ്റൽ ക്യാമറകൾ, ഒരു ദൃശ്യത്തെ ലക്ഷക്കണക്കിനു പിക്‌സൽ യൂണിറ്റുകളായി രേഖപ്പെടുത്തുന്നു

[20-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

പാരീസിന്റെ സുന്ദരദൃശ്യം: Photo by Bernard Hoffman/Time Life Pictures/Getty Images; നിയെപ്‌സ്‌ എടുത്ത ഫോട്ടോ: Photo by Joseph Niepce/Getty Images; ക്യാമറ ഒബ്‌സ്‌ക്യുറ: Culver Pictures

[22-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

പേജ്‌ 23: ടോൾബറ്റിന്റെ സ്റ്റുഡിയോ: Photo by William Henry Fox Talbot & Nicholaas Henneman/Getty Images; ടോൾബറ്റിന്റെ ക്യാമറ: Photo by Spencer Arnold/Getty Images; കൊഡാക്‌ ഫോട്ടോയും കൊഡാക്‌ ക്യാമറയും ഡഗെർ ക്യാമറയും: Courtesy George Eastman House; യെല്ലോസ്റ്റോൺ: Library of Congress, Prints & Photographs Division, LC-USZ62-52482