രക്തത്തിൽ കുതിർന്ന ചരിത്രം
രക്തത്തിൽ കുതിർന്ന ചരിത്രം
ഏതാനും വർഷം മുമ്പുവരെ, ഭീകരപ്രവർത്തനം ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒതുങ്ങിനിന്നിരുന്നു. ഉത്തര അയർലണ്ട്, ഉത്തര സ്പെയിനിലെ ബാസ്ക്, മധ്യപൂർവദേശത്തുള്ള ചില സ്ഥലങ്ങൾ എന്നിവയെല്ലാം അവയിൽപ്പെടുന്നതാണ്. എന്നാൽ ഇപ്പോഴാകട്ടെ, പ്രത്യേകിച്ച് 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങൾ തകർക്കപ്പെട്ടതുമുതൽ, ഭീകരപ്രവർത്തനം ഒരു ആഗോള പ്രതിഭാസമായിത്തീർന്നിരിക്കുന്നു. പ്രകൃതിരമണീയമായ ബാലി ദ്വീപ്, സ്പെയിനിലെ മാഡ്രിഡ്, ഇംഗ്ലണ്ടിലെ ലണ്ടൻ, ശ്രീലങ്ക, തായ്ലാണ്ട്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് ഭീകരതയുടെ നീരാളിക്കൈകൾ എത്തിക്കഴിഞ്ഞു. എങ്കിലും ഇതൊരു ഒരു പുതിയ കാര്യമല്ല. “ഭീകരപ്രവർത്തനം” എന്നതിന്റെ അർഥമെന്താണ്?
ഭീകരപ്രവർത്തനത്തെ “ഒരു രാഷ്ട്രീയ ലക്ഷ്യം നേടാൻവേണ്ടി ഗവൺമെന്റിനോ ബഹുജനങ്ങൾക്കോ വ്യക്തിക്കോ എതിരെ ആസൂത്രിതമായി ഓർക്കാപ്പുറത്ത് നടത്തുന്ന അക്രമപ്രവർത്തനം” എന്നു നിർവചിച്ചിരിക്കുന്നു. (വിശ്വവിജ്ഞാനകോശം) എന്നിരുന്നാലും ജെസീക്കാ സ്റ്റേൺ എന്ന എഴുത്തുകാരിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ഭീകരപ്രവർത്തനം എന്ന വിഷയത്തെക്കുറിച്ച് പഠിക്കുന്ന ഒരാൾക്ക് നിരവധി നിർവചനങ്ങൾ പഠിക്കേണ്ടിവരാറുണ്ട് . . . എങ്കിലും ഭീകരപ്രവർത്തനത്തെ മറ്റ് അക്രമപ്രവർത്തനങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത് മുഖ്യമായും രണ്ടു പ്രത്യേകതകളാണ്.” എന്താണവ? “ഒന്നാമതായി, അത് സാധാരണജനങ്ങളെയാണു ലക്ഷ്യം വെക്കുന്നത് . . . രണ്ടാമത്, ഭീകരപ്രവർത്തകർ ശാരീരിക ആക്രമണത്തെക്കാൾ ഉപരിയായി ജനഹൃദയങ്ങളിൽ ഭീതിപരത്താൻ ലക്ഷ്യമിടുന്നു. ആസൂത്രിതമായി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ഭീകരപ്രവർത്തനത്തെ ഒരു സാധാരണ കൊലപാതത്തിൽനിന്നോ ആക്രമണത്തിൽനിന്നോ വ്യത്യസ്തമാക്കുന്നത്.”
ആഴത്തിൽ ഓടിയിരിക്കുന്ന വേരുകൾ
റോമൻ ആധിപത്യത്തിൽനിന്നും യഹൂദന്മാർക്ക് മോചനം വേണമെന്ന് ആഗ്രഹിച്ച ഒരുകൂട്ടം യഹൂദ തീവ്രവാദികൾ (Zealots) ഒന്നാം നൂറ്റാണ്ടിൽ യെഹൂദ്യയിലുണ്ടായിരുന്നു. അവരുടെ ഇടയിൽത്തന്നെയുള്ള അങ്ങേയറ്റം നിഷ്ഠുരരായവരെയാണ് സിക്കാരി അഥവാ കഠാരക്കാർ എന്നു വിളിച്ചിരുന്നത്. വസ്ത്രത്തിനടിയിൽ കഠാര ഒളിപ്പിച്ചുവെച്ചിരുന്നതിനാലാണ് അവർക്ക് ഈ പേരു ലഭിച്ചത്. യെരൂശലേമിലെ പെരുന്നാളിന് തടിച്ചുകൂടുന്ന ജനത്തിനിടയിൽ കടന്ന് ഈ സിക്കാരികൾ തങ്ങളുടെ ശത്രുക്കളുടെ കഴുത്തു മുറിക്കുകയോ പിന്നിൽനിന്നു കുത്തുകയോ ചെയ്തിരുന്നു. a
പൊ.യു. 66-ൽ ചാവുകടലിന് സമീപമുള്ള മസാദാ കോട്ട ഒരുകൂട്ടം യഹൂദ തീവ്രവാദികൾ പിടിച്ചടക്കി. അവിടെയുണ്ടായിരുന്ന റോമൻ കാവൽസേനയെ വകവരുത്തി അവർ അതിനെ തങ്ങളുടെ താവളമാക്കി. മസാദാ കേന്ദ്രമാക്കി വർഷങ്ങളോളം കൊള്ള നടത്തിയ അവർ അധിനിവേശ റോമൻ സേനകൾക്ക് ഒരു തലവേദനയായിരുന്നു. പൊ.യു. 73-ൽ ഗവർണർ ഫ്ളേവിയസ് സിൽവായുടെ നേതൃത്വത്തിലുള്ള റോമൻ സൈന്യത്തിന്റെ പത്താം കാലാൾപ്പട മസാദാ തിരിച്ചുപിടിച്ചെങ്കിലും യഹൂദതീവ്രവാദികളെ കീഴടക്കാൻ കഴിഞ്ഞില്ല. ഒരു സമകാലിക ചരിത്രകാരൻ പറയുന്നതനുസരിച്ച് അവർ റോമിന് കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയാണുണ്ടായത്, അതായത് രണ്ടു സ്ത്രീകളും അഞ്ചു കുട്ടികളും ഒഴികെ അവിടെയുണ്ടായിരുന്ന 960 പേരും.
ആ തീവ്രവാദികളുടെ വിപ്ലവത്തെ ഇന്നത്തെ ഭീകരപ്രവർത്തനത്തിന്റെ തുടക്കമായാണ് ചിലർ കരുതുന്നത്. അതു ശരിയാണെങ്കിലും അല്ലെങ്കിലും ഭീകരപ്രവർത്തനം ചരിത്രത്തിൽ ഇന്നോളം അതിന്റെ ജൈത്രയാത്ര തുടർന്നിരിക്കുന്നു.
ഭീകരപ്രവർത്തനവും ക്രൈസ്തവസഭയും
1095 മുതലുള്ള രണ്ടു നൂറ്റാണ്ടുകളിൽ കുരിശുയോദ്ധാക്കൾ യൂറോപ്പിൽനിന്ന് മധ്യപൂർവദേശത്തേക്ക് തുടരെത്തുടരെ വന്നുകൊണ്ടിരുന്നു. ഏഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും മുസ്ലീങ്ങൾ ആയിരുന്നു അവരുടെ എതിരാളികൾ. യെരൂശലേമിന്റെ നിയന്ത്രണാവകാശമായിരുന്നു തർക്കവിഷയം. ഇരുപക്ഷവും അതു നേടിയെടുക്കാൻ കിണഞ്ഞുപരിശ്രമിച്ചു. പല പോരാട്ടങ്ങളിലും ‘വിശുദ്ധ യോദ്ധാക്കൾ’ പരസ്പരം കശാപ്പുചെയ്തു, സാധാരണക്കാരെയും അവർ വെറുതെ വിട്ടില്ല. 1099-ൽ കുരിശുയോദ്ധാക്കൾ യെരൂശലേമിൽ പ്രവേശിച്ചതു സംബന്ധിച്ച് 12-ാം നൂറ്റാണ്ടിലെ ഒരു പുരോഹിതനായിരുന്ന വില്യം ഓഫ് ടൈർ പിൻവരുംവിധം വിവരിക്കുന്നു:
“വാളും കുന്തവുമായി അവർ തെരുവിലൂടെ ചുറ്റിത്തിരിഞ്ഞു. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെ കണ്ണിൽക്കണ്ടവരെയെല്ലാം അവർ നിഷ്കരുണം വകവരുത്തി. ഒരാളെയും ബാക്കിവെച്ചില്ല . . . ശവങ്ങൾ തെരുവിൽ കുന്നുകൂടി കിടന്നിരുന്നു. അതിൽ ചവിട്ടാതെ ആർക്കും കടന്നുപോകാനാകുമായിരുന്നില്ല. . . . ഓടകളും കുഴികളും രക്തംകൊണ്ടു നിറയുംവിധം അത്രയധികമായിരുന്നു രക്തച്ചൊരിച്ചിൽ. പട്ടണവീഥികൾ ശവംകൊണ്ടു നിറഞ്ഞു.” b
പിന്നീടുവന്ന നൂറ്റാണ്ടുകളിൽ ഭീകരപ്രവർത്തകർ സ്ഫോടകവസ്തുക്കളും തോക്കുകളും ഉപയോഗിച്ച് ബീഭത്സമാംവിധം നരഹത്യ നടത്തി.
ദശലക്ഷങ്ങൾക്കു ജീവഹാനി
യൂറോപ്പിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് 1914 ജൂൺ 28-നെ ചരിത്രകാരന്മാർ കാണുന്നത്. ഒരു ഹീറോയായി ചിലർ വീക്ഷിക്കുന്ന ഒരു ചെറുപ്പക്കാരൻ അന്ന് ഓസ്ട്രിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെ വധിക്കുകയുണ്ടായി. ആ സംഭവം ഒന്നാം ലോകമഹായുദ്ധത്തിന് തിരികൊളുത്തി. രണ്ടു കോടി മനുഷ്യരാണ് ആ മഹായുദ്ധത്തിൽ മരിച്ചുവീണത്.
ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രണ്ടാം ലോകമഹായുദ്ധം നടന്നു. തടങ്കൽപ്പാളയങ്ങൾ, സാധാരണജനങ്ങളുടെമേൽപ്പോലും ബോംബ് വർഷിക്കൽ, സൈന്യത്തിന്റെ പ്രതികാര നടപടികൾ എന്നിവ ഈ യുദ്ധത്തിന്റെ പ്രത്യേകതകൾ ആയിരുന്നു. യുദ്ധാനന്തരവും നരഹത്യ തുടർന്നു. കമ്പോഡിയയിൽ, 1970-കളിൽ പത്തുലക്ഷത്തിലധികം ആളുകളുടെ ജീവനാണ് ഹോമിക്കപ്പെട്ടത്. റുവാണ്ടയിൽ, 1990-കളിൽ നടന്ന കൂട്ടക്കൊലയുടെ ഞെട്ടലിൽനിന്ന് ആ ജനത ഇനിയും മോചിതരായിട്ടില്ല, 8,00,000-ത്തിലധികം പേർക്ക് അവിടെ ജീവഹാനി സംഭവിച്ചു.
1914 മുതൽ ഇന്നോളം പല രാജ്യങ്ങളിലും മനുഷ്യർ ഭീകരപ്രവർത്തനത്തിന്റെ ഫലമായുള്ള ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ചരിത്രത്തിൽനിന്ന് ഒന്നും പഠിക്കാനില്ല എന്ന മട്ടിലാണ് ഇക്കാലത്തെ ചിലരുടെ പ്രവർത്തനം. ഭീകരാക്രമണങ്ങൾ നിത്യേന നൂറുകണക്കിനാളുകളെ കൊല്ലുകയും ആയിരങ്ങളെ അംഗഹീനരാക്കുകയും ചെയ്യുന്നുവെന്നു മാത്രമല്ല അത് മനസ്സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള ലക്ഷക്കണക്കിനാളുകളുടെ അവകാശത്തെ ചവിട്ടിമെതിക്കുകയും ചെയ്യുന്നു. വ്യാപാര സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടക്കുന്നു, ഗ്രാമങ്ങൾ കത്തിയമരുന്നു, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, ആളുകൾ മരിക്കുന്നു. നിയമങ്ങളും ആഗോള അപലപനവും ഈ കൊടുംക്രൂരതയ്ക്കു മുന്നിൽ വെറും നോക്കുകുത്തികൾ മാത്രം. ഭീകരപ്രവർത്തനം അവസാനിക്കുമെന്നു പ്രതീക്ഷിക്കാമോ?
[അടിക്കുറിപ്പുകൾ]
a അപ്പൊസ്തലനായ പൗലൊസ് 4,000 ‘കഠാരക്കാരുടെ’ നേതാവാണെന്ന് ഒരു റോമൻ സൈന്യാധിപൻ ആരോപണം ഉന്നയിച്ചതായി പ്രവൃത്തികൾ 21:38 പറയുന്നു.
b തന്റെ ശിഷ്യർ ‘ശത്രുക്കളെ സ്നേഹിക്കണം’ എന്നാണ് യേശു പഠിപ്പിച്ചത്, അവരെ ദ്വേഷിക്കാനും കൊല്ലാനും അല്ല.—മത്തായി 5:43-45.
[6-ാം പേജിലെ ആകർഷക വാക്യം]
1914 ജൂൺ 28-ന് ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു
[5-ാം പേജിലെ ചിത്രം]
ഈസ്റ്റാൻബുൾ, 2003 നവംബർ 15
[5-ാം പേജിലെ ചിത്രം]
മാഡ്രിഡ്, 2004 മാർച്ച് 11
[5-ാം പേജിലെ ചിത്രം]
ലണ്ടൻ, 2005 ജൂലൈ 7
[4, 5 പേജുകളിലെ ചിത്രം]
ന്യൂയോർക്ക്, 2001 സെപ്റ്റംബർ 11
[5-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഇടത്തുനിന്നും വലത്തോട്ട്: AP Photo/Murad Sezer; AP Photo/ Paul White; Photo by Peter Macdiarmid/Getty Images
[6-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Culver Pictures