വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊടുങ്കാറ്റിനെ അതിജീവിക്കാൻ ദാമ്പത്യത്തിനു കഴിയുമോ?

കൊടുങ്കാറ്റിനെ അതിജീവിക്കാൻ ദാമ്പത്യത്തിനു കഴിയുമോ?

കൊടു​ങ്കാ​റ്റി​നെ അതിജീ​വി​ക്കാൻ ദാമ്പത്യ​ത്തി​നു കഴിയു​മോ?

“ദൈവം യോജി​പ്പി​ച്ച​തി​നെ മനുഷ്യൻ വേർപി​രി​ക്ക​രുത്‌.”—മത്തായി 19:6.

ഉറപ്പും ബലവു​മു​ള്ള​താ​യി കാണപ്പെട്ട വീടുകൾ പൂർണ​മാ​യും തകർന്ന​ടി​ഞ്ഞു. അടുത്ത​യി​ടെ അതിശ​ക്ത​മായ കൊടു​ങ്കാ​റ്റു​കൾ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും സംഹാ​ര​താ​ണ്ഡ​വ​മാ​ടി​യ​പ്പോൾ അനേകം കെട്ടി​ട​ങ്ങ​ളു​ടെ​യും കെട്ടു​റപ്പ്‌ കടുത്ത പരീക്ഷ​ണ​ത്തി​നു വിധേ​യ​മാ​യി.

എന്നാൽ മറ്റൊരു തരം കൊടു​ങ്കാറ്റ്‌ ഇന്ന്‌, ദാമ്പത്യ​മെന്ന യുഗപ്പ​ഴ​ക്ക​മുള്ള ക്രമീ​ക​ര​ണ​ത്തി​ന്റെ അടിത്ത​റ​യും ഘടനയും തകർക്കും​വി​ധം ആഞ്ഞടി​ക്കു​ക​യാണ്‌. “പരിണ​ത​ഫലം എന്തുതന്നെ ആയിരു​ന്നാ​ലും, സ്വകാ​ര്യ​വും സാമൂ​ഹി​ക​വു​മായ ജീവി​ത​ത്തിൽ ദാമ്പത്യ​ത്തി​നുള്ള കേന്ദ്ര​സ്ഥാ​ന​ത്തി​നു ഭ്രംശം ഭവിച്ചി​രി​ക്കു​ന്നു” എന്ന്‌ കുടുംബ ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു പഠനം നടത്തുന്ന സ്റ്റിഫാനി കൂൺഡ്‌സ്‌ പ്രസ്‌താ​വി​ക്കു​ന്നു.

ഇത്തരം പ്രവണ​ത​യു​ടെ ഫലം നിങ്ങൾക്കു കാണാൻ കഴിയു​ന്നു​ണ്ടോ? സമൂഹ​ത്തിൽ വിവാഹ ക്രമീ​ക​ര​ണ​ത്തി​നുള്ള ആദരണീയ സ്ഥാനം നഷ്ടപ്പെ​ടു​ക​യാ​ണെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ, എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ​യൊ​ക്കെ സംഭവി​ക്കു​ന്നത്‌? ദാമ്പത്യം സന്തുഷ്ട​മാ​ക്കി നിലനി​റു​ത്താൻ ഇന്ന്‌ ഒരു വ്യക്തിക്ക്‌ എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌? എന്നാൽ ആദ്യം​തന്നെ, ദാമ്പത്യ​ത്തി​നു ഭീഷണി ഉയർത്തു​ന്നത്‌ എന്താ​ണെന്ന്‌ നമുക്കു നോക്കാം!

ദാമ്പത്യം ഭീഷണി നേരി​ടു​ന്നു

ദാമ്പത്യ​ത്തി​നു​നേ​രെ​യുള്ള ആക്രമ​ണങ്ങൾ ഒരു പുതിയ സംഭവമല്ല, മാനുഷ ചരി​ത്ര​ത്തി​ന്റെ തുടക്കം​മു​തൽ അതുണ്ട്‌. നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളിൽ വികാ​സം​പ്രാ​പിച്ച അനഭി​കാ​മ്യ ഗുണങ്ങ​ളും മനോ​ഭാ​വ​ങ്ങ​ളും ഇന്നു നാം അനുഭ​വി​ക്കുന്ന ദാമ്പത്യ പ്രശ്‌ന​ങ്ങൾക്കു വഴി​വെച്ചു. സ്വാർഥ മോഹ​ങ്ങൾക്കു വഴി​പ്പെ​ട്ടു​കൊണ്ട്‌ ആദാമും ഹവ്വായും പാപം​ചെ​യ്യു​ക​യും അങ്ങനെ ‘പാപം ലോക​ത്തിൽ കടക്കു​ക​യും’ ചെയ്‌തു. (റോമർ 5:12) ബൈബി​ളി​ലെ ചരി​ത്ര​രേഖ പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ അതിനു​ശേഷം വളരെ പെട്ടെ​ന്നു​തന്നെ, മനുഷ്യ​ന്റെ “ഹൃദയ​വി​ചാ​ര​ങ്ങ​ളു​ടെ നിരൂ​പ​ണ​മൊ​ക്കെ​യും . . . ദോഷ​മുള്ള”തായി​ത്തീർന്നു.—ഉല്‌പത്തി 6:5.

ഇന്നുവ​രെ​യും ആ സ്ഥിതി​യിൽ കാര്യ​മായ മാറ്റ​മൊ​ന്നും സംഭവി​ച്ചി​ട്ടില്ല. ദാമ്പത്യ​ത്തി​ന്റെ അടിത്തറ മാന്തുന്ന വിനാ​ശ​ക​മായ ‘നിരൂ​പ​ണ​ങ്ങ​ളിൽ’ ഒന്നാണ്‌ സ്വാർഥ മോഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള മനുഷ്യ​ന്റെ അശ്രാ​ന്ത​പ​രി​ശ്രമം. ‘പുത്തൻ ധാർമി​കത’ അരങ്ങു​വാ​ഴുന്ന ഈ യുഗത്തിൽ വിവാ​ഹ​വും ദാമ്പത്യ​വു​മെ​ല്ലാം തികച്ചും അപ്രാ​യോ​ഗി​ക​മായ ഒരു പഴംപു​രാ​ണ​മാ​യി വീക്ഷി​ക്ക​പ്പെ​ടു​ന്നു. വിവാ​ഹ​മോ​ച​ന​ങ്ങൾക്കു കടിഞ്ഞാ​ണി​ടുന്ന നിയമ​ങ്ങ​ളിൽ ഉണ്ടായി​ട്ടുള്ള ഇളവുകൾ നിമിത്തം, വിവാ​ഹ​മോ​ച​ന​വു​മാ​യി ബന്ധപ്പെട്ട്‌ മുമ്പ്‌ അനുഭ​വ​പ്പെ​ട്ടി​രു​ന്ന​തു​പോ​ലുള്ള നാണ​ക്കേ​ടൊ​ന്നും ഇന്ന്‌ ആളുകൾക്കില്ല.

ഏതു കാര്യ​വും എത്രയും പെട്ടെന്നു നടക്കണം എന്ന മനോ​ഭാ​വ​മുള്ള അക്ഷമരായ വ്യക്തികൾ വിവാ​ഹ​മോ​ച​ന​ത്തി​ന്റെ പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്ന​തേ​യില്ല. നിയ​ന്ത്ര​ണ​ങ്ങ​ളോ വിലക്കു​ക​ളോ ഇല്ലാത്ത ഒരു സ്വതന്ത്ര ജീവിതം എന്ന വഞ്ചനാത്മക വാഗ്‌ദാ​ന​ത്തിൽ ആകൃഷ്ട​രാ​കുന്ന അവർ, വിവാ​ഹ​ബന്ധം പൊട്ടി​ച്ചെ​റി​യു​ന്നതു തങ്ങളെ സന്തുഷ്ട​രാ​ക്കു​മെന്നു വിശ്വ​സി​ക്കു​ന്നു.

വിവാഹ ജീവിതം കാറും കോളും നിറഞ്ഞ​താ​കു​മ്പോൾ മറ്റു ചിലർ ചികിത്സാ വിദഗ്‌ധ​രി​ലേ​ക്കും വിവാഹ ഉപദേ​ഷ്ടാ​ക്ക​ളി​ലേ​ക്കും അല്ലെങ്കിൽ അവർ എഴുതി​യി​ട്ടുള്ള പുസ്‌ത​ക​ങ്ങ​ളി​ലേ​ക്കും തിരി​യു​ന്നു. ദാമ്പത്യ​കാ​ര്യ​ങ്ങിൽ ഉപദേശം നൽകുന്ന ചില “വിദഗ്‌ധ​ന്മാർ” ബന്ധങ്ങൾ കരുപ്പി​ടി​പ്പി​ക്കു​ന്ന​തി​നു പകരം വിവാ​ഹ​മോ​ചനം ശുപാർശ ചെയ്യു​ന്ന​തിൽ സമർഥ​രാ​ണെ​ന്നതു സങ്കടക​ര​മാണ്‌. ദ കേസ്‌ ഫോർ മാര്യേജ്‌ എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “ഒരുപക്ഷേ മാനുഷ ചരി​ത്ര​ത്തിൽ ആദ്യമാ​യിട്ട്‌ ദാമ്പത്യ​മെന്ന ആദർശ​ഭ​ദ്ര​മായ ക്രമീ​ക​രണം നിരന്തര ആക്രമണം നേരി​ടു​ക​യാണ്‌. അതിന്റെ ഫലം അമ്പരപ്പു​ള​വാ​ക്കു​ന്നു. ചില​പ്പോ​ഴൊ​ക്കെ അത്തരം ആക്രമ​ണങ്ങൾ, ആജീവ​നാ​ന്തം വൈവാ​ഹിക വിശ്വ​സ്‌തത കാക്കു​ക​യെ​ന്നത്‌ അപ്രാ​യോ​ഗി​ക​വും അന്യാ​യ​വു​മാ​ണെന്നു വിശ്വ​സി​ക്കുന്ന ‘വിദഗ്‌ധ​രിൽ’നിന്നു​തന്നെ വരുന്നു.”

മാറി​മ​റി​യുന്ന കാഴ്‌ച​പ്പാ​ടു​കൾ

ദാമ്പത്യ​ത്തി​ന്റെ പ്രകൃ​ത​വും ഉദ്ദേശ്യ​വും സംബന്ധിച്ച വീക്ഷണ​ങ്ങൾക്കും മാറ്റം​ഭ​വി​ച്ചി​രി​ക്കു​ന്നു. വിശ്വ​സ്‌ത​ത​യോ​ടെ പരസ്‌പരം പിന്തു​ണ​ച്ചി​രുന്ന ദമ്പതി​ക​ളു​ടെ സ്ഥാനത്ത്‌, ഇണയുടെ ക്ഷേമം അപകട​ത്തി​ലാ​ക്കി​ക്കൊ​ണ്ടു​പോ​ലും ആത്മനിർവൃ​തി തേടുന്ന ഒരു സ്ഥിതി​വി​ശേഷം സംജാ​ത​മാ​യി​രി​ക്കുന്ന കാര്യം നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​കും. സ്വാർഥ​താ​ത്‌പ​ര്യ​ത്തി​ല​ധി​ഷ്‌ഠി​ത​മായ ഈ മനോ​ഭാ​വം “1960-കളിൽ രംഗ​പ്ര​വേശം ചെയ്യു​ക​യും 1970-കളിൽ പ്രബല​പ്പെ​ടു​ക​യും” ചെയ്‌തു​വെന്ന്‌ ജേർണൽ ഓഫ്‌ മാര്യേജ്‌ ആൻഡ്‌ ഫാമിലി പറയുന്നു. വിവാഹം കഴിക്കു​ന്ന​തി​നുള്ള പരമ്പരാ​ഗ​ത​മായ കാരണങ്ങൾ—സ്‌നേ​ഹി​ക്ക​പ്പെ​ടാ​നും കുളിർമ പകരുന്ന സൗഹൃദം ആസ്വദി​ക്കാ​നു​മുള്ള ആഗ്രഹം, ഇണയുടെ വിശ്വ​സ്‌ത​ത​യ്‌ക്ക്‌ ഉറപ്പു ലഭിക്കാ​നും പരസ്‌പരം തൃപ്‌തി​പ്പെ​ടു​ത്താ​നും മക്കളെ വളർത്താ​നു​മുള്ള അഭിലാ​ഷം തുടങ്ങി​യവ—ഏറെക്കു​റെ അപ്രസ​ക്ത​മാ​യി​ത്തീർന്നി​രി​ക്കു​ന്നു.

അടുത്ത കാലത്തു​ണ്ടായ മറ്റു ചില സ്ഥിതി​വി​ശേ​ഷങ്ങൾ അനേകം നാടു​ക​ളി​ലും ദാമ്പത്യ​ത്തിൽ കൂടുതൽ പുഴു​ക്കു​ത്തു​കൾ വീഴ്‌ത്തി​യി​രി​ക്കു​ന്നു. ഭർത്താവ്‌ ഉപജീ​വ​ന​മാർഗം തേടു​ക​യും ഭാര്യ വീട്ടു​കാ​ര്യ​ങ്ങൾ നോക്കി​ന​ട​ത്തു​ക​യും ചെയ്യു​ക​യെന്ന പരമ്പരാ​ഗത രീതിക്കു മാറ്റം ഭവിച്ചി​രി​ക്കു​ന്നു​വെ​ന്ന​താണ്‌ ഒരു സംഗതി. സ്‌ത്രീ​കൾ അടുക്ക​ള​യു​ടെ നാലു ചുമരു​കൾക്കു​ള്ളിൽനിന്ന്‌ ഓഫീ​സി​ന്റെ പടവുകൾ ചവിട്ടി​ത്തു​ട​ങ്ങി​യ​തോ​ടെ ഭാര്യ​യും ഭർത്താ​വും ഉദ്യോ​ഗ​സ്ഥ​രാ​യുള്ള കുടും​ബ​ങ്ങ​ളു​ടെ എണ്ണം കുതി​ച്ചു​യർന്നി​രി​ക്കു​ന്നു. രണ്ടാമ​താ​യി, വിവാഹം കൂടാ​തെ​യുള്ള ബന്ധത്തി​ലൂ​ടെ മക്കളു​ണ്ടാ​കു​ന്നത്‌ കൂടുതൽ സ്വീകാ​ര്യ​മാ​യി​ത്തീർന്നി​രി​ക്കു​ന്ന​തി​നാൽ മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്ര​മുള്ള കുടും​ബ​ങ്ങ​ളു​ടെ എണ്ണം കൂടി​വ​രു​ന്നു. മൂന്നാ​മ​താ​യി, വിവാഹം കൂടാതെ പുരു​ഷ​നും സ്‌ത്രീ​യും ഒരുമി​ച്ചു പാർക്കുന്ന രീതി എങ്ങും വർധി​ച്ചു​വ​രു​ക​യാണ്‌. (“സ്ഥിരത​യു​ടെ കാര്യ​ത്തിൽ ദാമ്പത്യ​ത്തെ​ക്കാൾ പിന്നിൽ” എന്ന ചതുരം കാണുക) നാലാ​മ​താ​യി, സ്വവർഗ​ബ​ന്ധ​ങ്ങ​ളും അവ നിയമ​പ​ര​മാ​ക്കാ​നുള്ള നീക്കങ്ങ​ളും വ്യാപ​ക​മായ അംഗീ​കാ​രം നേടി​യി​രി​ക്കു​ന്നു. ഇത്തരം ആധുനിക പ്രവണ​തകൾ, ദാമ്പത്യം സംബന്ധിച്ച നിങ്ങളു​ടെ വീക്ഷണത്തെ സ്വാധീ​നി​ച്ചി​ട്ടു​ണ്ടോ?

വിവാ​ഹ​മോ​ചന നിരക്ക്‌ കുതി​ച്ചു​യ​രു​ന്നു

വിവാ​ഹ​മോ​ച​ന​ത്തി​ന്റെ ഏറിവ​രുന്ന പ്രചാരം പല രാജ്യ​ങ്ങ​ളി​ലും ദാമ്പത്യം ശിഥി​ല​മാ​കു​ന്ന​തിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു. അടുത്ത​കാ​ലത്തെ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ “വിവാ​ഹ​മോ​ചനം നേടിയ ദമ്പതി​ക​ളു​ടെ എണ്ണം [ഐക്യ​നാ​ടു​ക​ളിൽ] 1970-നും 1996-നും ഇടയിൽ നാലി​ര​ട്ടി​യാ​യി​ത്തീർന്നി​രു​ന്നു.” ഏകദേശം, പ്രായ​പൂർത്തി​യായ 5 പേരിൽ ഒരാൾ വീതം വിവാ​ഹ​മോ​ച​ന​മാ​കുന്ന കൊടു​ങ്കാ​റ്റി​ന്റെ കെടു​തി​കൾ അനുഭ​വി​ച്ചി​രി​ക്കു​ന്നു. ദാമ്പത്യ​ത്ത​കർച്ച ഏറ്റവു​മ​ധി​കം സംഭവി​ക്കാൻ സാധ്യ​ത​യു​ള്ളത്‌ ആർക്കി​ട​യി​ലാണ്‌? ഏകദേശം 60 ശതമാനം വിവാ​ഹ​മോ​ച​ന​ങ്ങ​ളും നടക്കു​ന്നത്‌ ആദ്യത്തെ പത്തു വർഷത്തി​നു​ള്ളി​ലാ​ണെന്ന്‌ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ പ്രകട​മാ​ക്കു​ന്നു.

മറ്റു രാജ്യ​ങ്ങ​ളി​ലും വേർപി​രി​യുന്ന ദാമ്പത്യ​ങ്ങ​ളു​ടെ ഗ്രാഫ്‌ കുതി​ച്ചു​യർന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇംഗ്ലണ്ടി​ലെ​യും വെയ്‌ൽസി​ലെ​യും വിവാ​ഹ​മോ​ച​ന​ങ്ങ​ളു​ടെ മൊത്തം എണ്ണം 2004-ൽ 1,53,490 ആയിത്തീർന്നു. ഓസ്‌​ട്രേ​ലി​യ​യി​ലെ വിവാ​ഹ​ങ്ങ​ളിൽ 40 ശതമാ​ന​വും ഈ വിധത്തിൽ തകരു​മെന്ന്‌ കണക്കുകൾ സൂചി​പ്പി​ക്കു​ന്നു. കൊറി​യൻ റിപ്പബ്ലി​ക്കിൽ ഒറ്റ വർഷത്തി​നു​ള്ളിൽ—2002-നും 2003-നും ഇടയിൽ—വിവാ​ഹ​മോ​ച​ന​ങ്ങ​ളു​ടെ എണ്ണത്തി​ലു​ണ്ടായ വർധന 21,800 ആയിരു​ന്നു; ഈ കാലയ​ള​വിൽ ആകെ 1,67,100 ദമ്പതികൾ വിവാ​ഹ​മോ​ചനം നേടി. 4 വിവാ​ഹ​ങ്ങ​ളിൽ ഒന്നു വീതം മോച​ന​ത്തിൽ കലാശി​ക്കുന്ന രാജ്യ​മായ ജപ്പാൻ യൂറോ​പ്പി​ലെ വിവാ​ഹ​മോ​ച​ന​നി​ര​ക്കി​നോട്‌ അടുത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ജപ്പാനി​ലെ റെഡ്‌ ക്രോസ്‌ യൂണി​വേ​ഴ്‌സി​റ്റി​യിൽ കുടുംബ ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു പഠനം നടത്തുന്ന ഒരു വ്യക്തി ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “മുമ്പൊ​ക്കെ അങ്ങേയറ്റം മോശ​മായ നിലയി​ലുള്ള വിവാ​ഹങ്ങൾ മാത്ര​മാ​യി​രു​ന്നു മോച​ന​ത്തിൽ കലാശി​ച്ചി​രു​ന്നത്‌. പക്ഷേ ഇന്നി​പ്പോൾ ഏതു തരത്തി​ലുള്ള ജീവി​ത​രീ​തി​യാണ്‌ ഒരു വ്യക്തിക്കു താത്‌പ​ര്യം എന്നതിനെ ആശ്രയിച്ച്‌ തിര​ഞ്ഞെ​ടു​ക്കാ​വുന്ന ഒന്നായി​ത്തീർന്നി​രി​ക്കു​ക​യാണ്‌ അത്‌.”

പരമ്പരാ​ഗ​ത​മാ​യ മതസ്ഥാ​പ​ന​ങ്ങ​ളും സാമൂ​ഹിക പാരമ്പ​ര്യ​ങ്ങ​ളും പല രാജ്യ​ങ്ങ​ളി​ലും ദാമ്പത്യ​ഭ​ദ്ര​ത​യ്‌ക്കു തുണനി​ന്നി​രു​ന്നു. എന്നാൽ, വിവാ​ഹ​മോ​ച​ന​ത്തി​നു ലഭിച്ചു​കൊ​ണ്ടി​രി​ക്കുന്ന സാമൂ​ഹി​കാം​ഗീ​കാ​ര​ത്തി​ന്റെ തിരത്തള്ളൽ ചെറു​ത്തു​നിൽക്കാൻ ഇവയ്‌ക്കാ​കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌ വിവാ​ഹത്തെ പരിപാ​വ​ന​മാ​യി വീക്ഷി​ക്കുന്ന റോമൻ കത്തോ​ലി​ക്കാ സഭയുടെ കാര്യ​മെ​ടു​ക്കുക. 1983-ൽ സഭ, വിവാ​ഹ​വു​മാ​യി ബന്ധപ്പെട്ട നിയമ​ങ്ങ​ളിൽ ഇളവു​വ​രു​ത്തി​ക്കൊണ്ട്‌ വിവാ​ഹ​മോ​ചനം നേടുക വിശ്വാ​സി​കൾക്ക്‌ എളുപ്പ​മാ​ക്കി​ത്തീർത്തു. അങ്ങനെ അന്നുമു​തൽ അതു കൂടുതൽ വിവാ​ഹ​മോ​ച​ന​ങ്ങൾക്കു സാക്ഷ്യം​വ​ഹി​ച്ചി​രി​ക്കു​ന്നു.

വ്യക്തമാ​യും ദാമ്പത്യ​ത്തെ വിളക്കി​ച്ചേർക്കുന്ന മൂല്യങ്ങൾ തകരു​ക​യാണ്‌. എന്നാൽ അതിന്റെ എല്ലാ കാരണ​ങ്ങ​ളും വ്യക്തമല്ല. യഥാർഥ​ത്തിൽ, ശിഥില ദാമ്പത്യ​ത്തി​ന്റെ അടി​വേ​രു​കൾ തേടി​യാൽ പൊതു​വി​ലുള്ള സാമൂ​ഹിക അധഃപ​ത​ന​ത്തി​നു പുറമേ മനുഷ്യ​വർഗ​ത്തിൽ ഏറെ​പ്പേ​രു​ടെ​യും കാഴ്‌ച​യിൽപ്പെ​ടാ​തെ മറഞ്ഞി​രി​ക്കുന്ന മറ്റൊരു സുപ്ര​ധാന ഘടകം കണ്ടെത്താൻ നമുക്കു കഴിയും.

കൊടു​ങ്കാ​റ്റി​നു പിന്നിലെ സംഹാ​ര​മൂർത്തി

സ്വാർഥ​ത​യു​ടെ മൂർത്തി​മ​ദ്‌ഭാ​വ​മായ പിശാ​ചായ സാത്താൻ മനുഷ്യ​രു​ടെ​മേൽ അദൃശ്യ സ്വാധീ​നം ചെലു​ത്തു​ന്ന​താ​യി ബൈബിൾ നമ്മോടു പറയുന്നു. അത്യന്തം വിനാ​ശ​ക​മായ ആ സ്വാധീ​നം നാൾക്കു​നാൾ വർധി​ച്ചു​വ​രു​ക​യാണ്‌. സ്വർഗ​ത്തിൽനി​ന്നു ഭൂമി​യു​ടെ പരിസ​ര​ത്തി​ലേക്കു തള്ളിയി​ട​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ അവൻ അങ്ങേയറ്റം കുപി​ത​നാണ്‌ എന്നതാണ്‌ അതിനു കാരണം. കഴിയു​ന്നത്ര “കഷ്ടം” അല്ലെങ്കിൽ കുഴപ്പം സൃഷ്ടി​ക്കാൻ അവൻ അരയും തലയും മുറു​ക്കി​യി​റ​ങ്ങി​യി​രി​ക്കു​ക​യാണ്‌. കോപ​വെ​റി​പൂണ്ട അവന്റെ ലക്ഷ്യങ്ങ​ളിൽ ഒന്നുമാ​ത്ര​മാണ്‌ ദാമ്പത്യ​മെന്ന ദിവ്യ ക്രമീ​ക​രണം.—വെളി​പ്പാ​ടു 12:9, 12.

സാത്താന്റെ നിഷ്‌കാ​സ​ന​ത്തി​നു​ശേ​ഷ​മുള്ള ഭൂമി​യി​ലെ അവസ്ഥ​യെ​ക്കു​റിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “അധർമ്മം പെരു​കു​ന്ന​തു​കൊ​ണ്ടു അനേക​രു​ടെ സ്‌നേഹം തണുത്തു​പോ​കും.” (മത്തായി 24:12) സമാന​മാ​യി പൗലൊസ്‌ അപ്പൊ​സ്‌തലൻ പിൻവ​രും​വി​ധം എഴുതി: “മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും ദ്രവ്യാ​ഗ്ര​ഹി​ക​ളും വമ്പു പറയു​ന്ന​വ​രും അഹങ്കാ​രി​ക​ളും ദൂഷക​ന്മാ​രും അമ്മയപ്പ​ന്മാ​രെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദി​കെ​ട്ട​വ​രും അശുദ്ധ​രും വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും അജി​തേ​ന്ദ്രി​യ​ന്മാ​രും ഉഗ്രന്മാ​രും സൽഗു​ണ​ദ്വേ​ഷി​ക​ളും ദ്രോ​ഹി​ക​ളും ധാർഷ്ട്യ​ക്കാ​രും നിഗളി​ക​ളു​മാ​യി ദൈവ​പ്രി​യ​മി​ല്ലാ​തെ ഭോഗ​പ്രി​യ​രാ​യി ഭക്തിയു​ടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജി​ക്കു​ന്ന​വ​രു​മാ​യി​രി​ക്കും.” (2 തിമൊ​ഥെ​യൊസ്‌ 3:2-5) അധമമായ ഇത്തരം സ്വഭാ​വ​ഗു​ണങ്ങൾ മനുഷ്യ​രിൽ എന്നും പ്രകട​മാ​യി​രു​ന്നി​ട്ടു​ണ്ടെ​ങ്കി​ലും മിക്കവ​രും സമ്മതി​ക്കു​ന്ന​തു​പോ​ലെ, അവ ഇന്ന്‌ അവരുടെ രക്തത്തിൽ അലിഞ്ഞു​ചേർന്നി​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു.

ദാമ്പത്യ​ത്തി​നു​നേരെ ശക്തമായ കൊടു​ങ്കാറ്റ്‌ ആഞ്ഞടി​ക്കവേ സ്വയം സംരക്ഷി​ക്കാ​നും ദീർഘ​വും യഥാർഥ സന്തുഷ്ടി നിറഞ്ഞ​തു​മായ ഒരു വിവാഹ ജീവിതം ആസ്വദി​ക്കാ​നും നമുക്ക്‌ എന്തു ചെയ്യാ​നാ​കും? അടുത്ത ലേഖനം ഈ ചോദ്യം പരിചി​ന്തി​ക്കും.

[5-ാം പേജിലെ ആകർഷക വാക്യം]

“ആവശ്യ​മി​ല്ലാത്ത വസ്‌തു​ക്കൾ എറിഞ്ഞു​ക​ള​യാൻ ശീലി​ച്ചി​രി​ക്കുന്ന ആധുനിക സമൂഹ​ത്തിൽ, മാനു​ഷ​ബ​ന്ധ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും സമാന​മായ ഒരു മനോ​ഭാ​വം വെച്ചു​പു​ലർത്താൻ മനുഷ്യർ ചായ്‌വു കാണി​ക്കു​ന്നു.”—സാൻഡ്ര ഡേവിസ്‌, കുടുംബ നിയമ​വി​ദ​ഗ്‌ധ

[4-ാം പേജിലെ ചതുരം/ചിത്രം]

സ്ഥിരതയുടെ കാര്യ​ത്തിൽ ദാമ്പത്യ​ത്തെ​ക്കാൾ പിന്നിൽ

അനേക​രും വിവാ​ഹ​ത്തി​ന്റെ പ്രതി​ബദ്ധത കൂടാതെ ഒരുമി​ച്ചു പാർക്കു​ന്നു. പക്ഷേ സ്ഥിരത​യു​ടെ കാര്യ​ത്തിൽ അത്തരം ബന്ധങ്ങൾ ദാമ്പത്യ​ത്തെ​ക്കാൾ പിന്നി​ലാ​ണെന്ന്‌ യു.എസ്‌. രോഗ നിയന്ത്രണ-പ്രതി​രോധ കേന്ദ്ര​ങ്ങ​ളു​ടെ ഒരു റിപ്പോർട്ട്‌ പ്രകട​മാ​ക്കു​ന്നു. വിവാ​ഹ​ശേഷം തങ്ങൾക്കു പരസ്‌പരം പൊരു​ത്ത​പ്പെട്ടു ജീവി​ക്കാ​നാ​കു​മോ​യെന്നു പരി​ശോ​ധി​ച്ച​റി​യുക എന്നതാണ്‌ ഇങ്ങനെ ഒരുമി​ച്ചു പാർക്കുന്ന ചില ദമ്പതി​ക​ളു​ടെ ലക്ഷ്യം. ചേർച്ച​യി​ല്ലാത്ത ബന്ധങ്ങൾ ഒഴിവാ​ക്കാ​നും എന്നാൽ പൊരു​ത്ത​മു​ള്ള​വ​രു​ടെ തുടർന്നുള്ള ദാമ്പത്യ​ജീ​വി​തം ശോഭ​ന​മാ​ക്കാ​നും ഈ ഇടപാട്‌ സഹായ​ക​മാ​ണോ? അല്ലെന്നാണ്‌ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌. അതു സംബന്ധിച്ച്‌ ജേർണൽ ഓഫ്‌ മാര്യേജ്‌ ആൻഡ്‌ ഫാമിലി ഇങ്ങനെ പറയുന്നു: “കുറഞ്ഞ ദാമ്പത്യ സംതൃ​പ്‌തി, . . . കൂടുതൽ ദാമ്പത്യ പ്രശ്‌നങ്ങൾ, . . . ദാമ്പത്യ​ത്ത​കർച്ച​യ്‌ക്കുള്ള വർധിച്ച സാധ്യത എന്നിവ​യെ​ല്ലാം വിവാ​ഹ​ത്തി​നു​മുമ്പ്‌ ഇണകൾ ഒരുമി​ച്ചു പാർക്കു​ന്ന​തു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു.”

[5-ാം പേജിലെ ചതുരം/ചിത്രം]

ദീർഘായുസ്സും ദാമ്പത്യ​വും

ഇന്ന്‌ ആളുകൾ കൂടുതൽ കാലം ജീവി​ച്ചി​രി​ക്കു​ന്നു. അത്തരം ഒരു നല്ല കാര്യം​പോ​ലും ദാമ്പത്യം കൂടുതൽ സമ്മർദ​പൂ​രി​ത​മാ​കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. മുൻകാ​ല​ങ്ങ​ളിൽ മരണം വേർപി​രി​ക്കു​മാ​യി​രുന്ന പല ദാമ്പത്യ​ബ​ന്ധ​ങ്ങൾക്കും ഇന്നു വിവാ​ഹ​മോ​ചനം അന്ത്യം​കൽപ്പി​ക്കു​ന്നു. ദീർഘ​കാ​ലം ദാമ്പത്യ​ജീ​വി​തം നയിച്ചി​രി​ക്കുന്ന ജപ്പാനി​ലെ സ്‌ത്രീ​കളെ പിടി​കൂ​ടുന്ന അസാധാ​ര​ണ​മായ ഒരു ദാമ്പത്യ വ്യാധി​യെ​ക്കു​റി​ച്ചു ചിന്തി​ക്കുക. ദ വാഷി​ങ്‌ടൺ പോസ്റ്റ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ വിദഗ്‌ധർ അതിനെ “ആർഎച്ച്‌എസ്‌,” അഥവാ “റിട്ട​യേഡ്‌ ഹസ്‌ബൻഡ്‌ സിൻ​ഡ്രൊം” എന്നു പേർവി​ളി​ക്കു​ന്നു. ഭർത്താവ്‌ തൊഴി​ലിൽനി​ന്നു വിരമി​ച്ച​തി​നെ​ത്തു​ടർന്ന്‌ തന്റെ ഉള്ളിൽ തോന്നിയ കാര്യ​ത്തെ​ക്കു​റിച്ച്‌, 40 വർഷം വിവാ​ഹ​ജീ​വി​തം നയിച്ച ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “ഇനിയി​പ്പോൾ വിവാ​ഹ​മോ​ചനം നേടു​ക​യ​ല്ലാ​തെ തരമില്ല. ദിവസ​വും ജോലി കഴി​ഞ്ഞെ​ത്തു​മ്പോൾ അദ്ദേഹ​ത്തി​നു വേണ്ടു​ന്ന​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കു​ന്നത്‌ ഒരു വല്ലാത്ത തലവേ​ദ​ന​യാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ സദാസ​മ​യ​വും അദ്ദേഹം വീട്ടി​ലു​ണ്ടാ​യി​രി​ക്കു​ന്നത്‌ എനിക്ക്‌ അങ്ങേയറ്റം അസഹ്യ​മാ​യി​ത്തീർന്നി​രു​ന്നു.”