വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

സഹകരണം​—⁠ജീവന്‌ അത്യന്താപേക്ഷിതം (സെപ്‌റ്റംബർ 8, 2005) ഈ ലക്കത്തിന്റെ പുറംതാളു കണ്ടപ്പോൾ, എനിക്ക്‌ ഈ വിഷയത്തിൽ താത്‌പര്യം തോന്നുമെന്നു കരുതിയതേയില്ല. എന്നാൽ ഈ ലേഖന പരമ്പര മുഴുവനും വായിച്ചുകഴിഞ്ഞപ്പോൾ എനിക്ക്‌ ഇഷ്ടമായി! അത്ഭുതകരമായി ജീവജാലങ്ങളെ സൃഷ്ടിച്ച യഹോവയ്‌ക്കു നന്ദി പറയാനായി അനേകതവണ ഞാൻ വായന നിറുത്തി. മൃഗങ്ങളുടെ സഹവർത്തിത്വത്തെക്കുറിച്ചു വായിച്ചറിയാൻ കഴിഞ്ഞത്‌ എന്നിൽ മതിപ്പുളവാക്കി.

ബി. കെ., ഐക്യനാടുകൾ

യുവജനങ്ങൾ ചോദിക്കുന്നു . . . മോശം കൂട്ടുകെട്ട്‌ എനിക്കെങ്ങനെ ഒഴിവാക്കാനാകും? (സെപ്‌റ്റംബർ 8, 2005) ബൈബിൾ സത്യത്തെ അത്ര ഗൗരവമായെടുക്കാതിരുന്ന ഒരു വ്യക്തിയോട്‌ എനിക്ക്‌ ആകർഷണം തോന്നിയിരുന്നു. ആത്മീയമായി ദുർബലനായ ഒരു വ്യക്തിയുമായി സഹവസിക്കുന്നതിന്റെ അപകടം മനസ്സിലാക്കാൻ ഈ വിവരങ്ങൾ എന്നെ സഹായിച്ചു. യഹോവ ഞങ്ങൾക്കായി കരുതുന്നു എന്നറിയുന്നത്‌ ആശ്വാസകരമാണ്‌. സമയോചിതമായ സഹായത്തിനു നന്ദി.

എ. ബി. കെ., സാംബിയ

എന്റെ സുഹൃത്തുക്കളുടെ കാര്യത്തിൽ ഒരു മാറ്റം വരുത്തേണ്ടത്‌ ആവശ്യമാണെന്നു തിരിച്ചറിയാൻ ഈ ലേഖനം എന്നെ സഹായിച്ചു. അതു ബുദ്ധിമുട്ടായിരുന്നെങ്കിലും ഈ ലേഖനം എന്നെ ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ വേണമെങ്കിലും എടുത്തു വായിക്കാൻ പറ്റുന്നിടത്താണു ഞാൻ അതു സൂക്ഷിച്ചുവെച്ചിരിക്കുന്നത്‌. യുവജനങ്ങളായ ഞങ്ങൾക്കു നിങ്ങൾ നൽകുന്ന സഹായത്തിനും പ്രോത്സാഹനത്തിനും നന്ദി.

എൽ. ആർ., ഐക്യനാടുകൾ

ബൈബിളിന്റെ വീക്ഷണം​—നിങ്ങൾ കന്യാമറിയത്തോടു പ്രാർഥിക്കണമോ? (ഒക്ടോബർ 8, 2005) യഹോവയുടെ സാക്ഷികളായ നിങ്ങളുടെ കുറ്റമറ്റ നടത്ത നിമിത്തവും നിങ്ങളുടെ മാസികകൾ എനിക്കു വളരെയധികം പ്രയോജനപ്പെടുന്നതിനാലും ഞാൻ നിങ്ങളെ പ്രശംസിക്കുന്നു. എന്നിരുന്നാലും, മറിയയുടെ സഹായത്തിനായി നാം അപേക്ഷിക്കരുതെന്നു നിങ്ങൾക്ക്‌ എങ്ങനെ പറയാൻ കഴിയും? അവൾ നമുക്കുവേണ്ടി പിതാവിനോടു മധ്യസ്ഥത വഹിക്കുന്നതിനാൽ നമുക്കു മനശ്ശാന്തി ലഭിക്കുന്നു.

ഇ. ആർ., സ്‌പെയിൻ

“ഉണരുക!”യുടെ പ്രതികരണം: ആ ലേഖനം വിശദീകരിച്ചതുപോലെ, ദൈവത്തോടല്ലാതെ മറ്റാരോടെങ്കിലും പ്രാർഥിക്കാൻ ബൈബിൾ ഒരിടത്തും ശുപാർശ ചെയ്യുന്നില്ല. കത്തോലിക്കാ പുരോഹിതനും എഴുത്തുകാരനുമായ ആൻഡ്രൂ ഗ്രീലെ പറയുന്നതനുസരിച്ച്‌, “മറിയാരാധന ക്രിസ്‌ത്യാനിത്വത്തെ, പുരാതന പുറജാതീയ മതങ്ങളിലെ മാതൃ ദേവതമാരുടെ ആരാധനയുമായി നേരിട്ടു ബന്ധിപ്പിക്കുന്നു.” അതുകൊണ്ട്‌ മറിയാരാധന ക്രിസ്‌ത്യാനിത്വവുമായല്ല പുറജാതീയ വിശ്വാസവുമായാണ്‌ അടുത്തു ബന്ധപ്പെട്ടിരിക്കുന്നത്‌. ഞങ്ങളുടെ പല വായനക്കാർക്കും ഇത്‌ ഒരു പുതിയ അറിവായിരിക്കും. അതിനാൽ ഇതേക്കുറിച്ചു ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നുവെന്നു പരിശോധിക്കാൻ ഞങ്ങൾ അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. യഹോവയുടെ സാക്ഷികളിൽ പലരും ഒരുകാലത്ത്‌ കത്തോലിക്കാ മതവിശ്വാസികളായിരുന്നു. എന്നാൽ നമ്മുടെ ഏകമധ്യസ്ഥനായ യേശുക്രിസ്‌തുവിലൂടെയല്ലാതെ മറ്റാരിലൂടെയും പ്രാർഥിക്കാൻ ദൈവം ആവശ്യപ്പെടുന്നില്ലെന്ന്‌ അവർ ദൈവവചനത്തിൽനിന്നു പഠിച്ചു. (എബ്രായർ 7:25) കൂടുതൽ വിവരങ്ങൾക്കു “ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?” a എന്ന പുസ്‌തകത്തിലെ “ദൈവം അംഗീകരിക്കുന്ന ആരാധന” എന്ന 15-ാം അധ്യായം കാണുക. നമ്മുടെ വിശ്വാസങ്ങളെ തിരുവെഴുത്തുകൾക്കു ചേർച്ചയിലാക്കേണ്ടതിന്റെ പ്രാധാന്യം അവിടെ ചർച്ച ചെയ്യുന്നു.

രോഗത്തെ നർമബോധത്തോടെ നേരിടാം (മേയ്‌ 8, 2005) കരൾ രോഗം മൂലം എന്റെ ഭാര്യ 2002 ഡിസംബറിൽ മരിച്ചു. എട്ടു മാസത്തോളം അവൾ യാതന അനുഭവിച്ചു. എന്നിരുന്നാലും അവൾ എപ്പോഴും പ്രോത്സാഹജനകമായ കാര്യങ്ങളും ഞങ്ങളെ ചിരിപ്പിക്കുന്ന അനുഭവങ്ങളും പറയുമായിരുന്നു. അവസാന നിമിഷംവരെയും അവൾ പ്രസന്നവതിയായി കാണപ്പെട്ടു. അത്‌ എന്തുകൊണ്ടായിരുന്നെന്നു മനസ്സിലാക്കാൻ ഈ ലേഖനത്തിന്റെ വായനയ്‌ക്കുശേഷം എനിക്കു കഴിഞ്ഞു. നമുക്ക്‌ ഉണ്ടായിരിക്കേണ്ടതുപോലുള്ള ഒരു ക്രിയാത്മക മനോഭാവം അവൾക്കും ഉണ്ടായിരുന്നു. കോൻചിയുടെ കാര്യത്തിലെന്നപോലെ അത്‌ അവൾക്ക്‌ തീർച്ചയായും ആശ്വാസം നൽകിയിരുന്നു. എന്റെ ഭാര്യ ആ വിധത്തിൽ പെരുമാറിയത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ എന്നെ സഹായിച്ചതിനു നന്ദി.

ഡി. എച്ച്‌., ഐക്യനാടുകൾ

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌ “ഞങ്ങളുടെ വായനക്കാരിൽനിന്ന്‌” എന്ന പംക്തിക്കായി ഞാൻ എപ്പോഴും കാത്തിരിക്കുന്നു. ചില സമയങ്ങളിൽ ചില കത്തുകൾ വായിക്കുമ്പോൾ “എനിക്കും ഇങ്ങനെതന്നെ തോന്നിയിരുന്നല്ലോ” എന്നു ഞാൻ ഓർക്കാറുണ്ട്‌. മറ്റു ചിലപ്പോൾ ‘ലേഖനത്തിലെ ആ പ്രത്യേകാശയം ഞാൻ ശ്രദ്ധിച്ചില്ലേ?’ എന്നു സ്വയം ചോദിക്കാറുണ്ട്‌. പിന്നെ ഞാൻ ആ ലേഖനം വീണ്ടും വായിക്കും. അങ്ങനെ ചെയ്യുന്നത്‌ എന്നിൽ മതിപ്പുളവാക്കുന്നു. അത്‌ പ്രോത്സാഹജനകമായി എനിക്കെപ്പോഴും തോന്നാറുണ്ട്‌.

എം. റ്റി., ജപ്പാൻ

[അടിക്കുറിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത.