വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിരാശ സന്തോഷത്തിനു വഴിമാറിയപ്പോൾ

നിരാശ സന്തോഷത്തിനു വഴിമാറിയപ്പോൾ

നിരാശ സന്തോ​ഷ​ത്തി​നു വഴിമാ​റി​യ​പ്പോൾ

ബിസേന്റേ ഗൊൺസാ​ലസ്‌ പറഞ്ഞ പ്രകാരം

ആത്മഹത്യ ചെയ്യാ​നാ​യി നാലു തവണ വെടി​യു​തിർത്തി​ട്ടും ഞാൻ മരിച്ചില്ല എന്നു കേട്ട​പ്പോൾ അയൽക്കാർ എന്നെ ‘സൂപ്പർമാൻ’ എന്നു വിളി​ക്കാൻ തുടങ്ങി. പക്ഷേ ഞാൻ സൂപ്പർമാ​നൊ​ന്നും അല്ലായി​രു​ന്നു. ജീവിതം അവസാ​നി​പ്പി​ക്കാ​നുള്ള തീരു​മാ​ന​മെ​ടു​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചത്‌ എന്താ​ണെന്നു ഞാൻ പറയട്ടെ.

ഇക്വ​ഡോ​റി​ലെ ഗ്വൈ​യ​കി​ലിൽ 1951-ലാണ്‌ ഞാൻ ജനിച്ചത്‌. കുട്ടി​ക​ളാ​യി ഞങ്ങൾ ഒമ്പതു പേരു​ണ്ടാ​യി​രു​ന്നു. കടലി​നോ​ടു ചേർന്നു സ്ഥിതി​ചെ​യ്യുന്ന ‘ദി ഇൻവേ​ഷൻസ്‌’ എന്നറി​യ​പ്പെ​ടുന്ന സ്ഥലത്ത്‌ മാതാ​പി​താ​ക്കൾ ഞങ്ങൾക്കാ​യി ഒരു വീടു പണിതു. പാവപ്പെട്ട കുടും​ബങ്ങൾ അവിടെ അനധി​കൃ​ത​മാ​യി കുടി​യേ​റി​പ്പാർക്കു​ക​യാ​യി​രു​ന്നു. മുള​കൊ​ണ്ടുള്ള ഭിത്തി​ക​ളും തകരം​കൊ​ണ്ടുള്ള മേൽക്കൂ​ര​ക​ളു​മുള്ള വീടു​ക​ളാ​യി​രു​ന്നു അവിട​ത്തേത്‌. വേലി​യേറ്റ സമയത്തു വെള്ളം കയറുന്ന പ്രദേ​ശ​ത്തും കണ്ടൽമ​രങ്ങൾ വളരുന്ന ചതുപ്പു​നി​ല​ങ്ങ​ളി​ലും പണിതി​രുന്ന ഈ വീടുകൾ താങ്ങു​ത​ടി​ക​ളിൽ ഉയർത്തി​നി​റു​ത്തി​യി​രു​ന്നു. ഞങ്ങൾക്ക്‌ വൈദ്യു​തി​യി​ല്ലാ​യി​രു​ന്നു. മരക്കരി​യി​ട്ടു കത്തിക്കുന്ന അടുപ്പി​ലാ​യി​രു​ന്നു പാചകം. കുടി​വെള്ളം കിട്ടുന്ന സ്ഥലത്തെ​ത്തു​ന്ന​തിന്‌ ഒരു കിലോ​മീ​റ്റർ നടക്കണ​മാ​യി​രു​ന്നു.

വീട്ടു​ചെ​ല​വു​ക​ളിൽ സഹായി​ക്കു​ന്ന​തി​നാ​യി എന്റെ മൂത്ത സഹോ​ദ​രങ്ങൾ ചെറു​പ്രാ​യ​ത്തിൽത്തന്നെ ജോലി ചെയ്യാൻ തുടങ്ങി. 16 വയസ്സു​ള്ള​പ്പോൾ സ്‌കൂൾ പഠനം നിറുത്തി ഞാൻ ഒരു ഫാക്ടറി​യിൽ സന്ദേശ​വാ​ഹ​ക​നാ​യി ജോലി​ക്കു ചേർന്നു. കൂട്ടു​കാ​രോ​ടൊ​പ്പം ഞാൻ മദ്യപി​ക്കാ​നും അധാർമിക പ്രവർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ടാ​നും തുടങ്ങി. മനസ്സാ​ക്ഷി​ക്കു​ത്തു തോന്നു​മ്പോൾ ഞാൻ കുമ്പസാ​രി​ക്കു​മാ​യി​രു​ന്നു. “മകനേ, നീ നിന്റെ തെറ്റെ​ല്ലാം നല്ലവണ്ണം ഏറ്റുപ​റ​ഞ്ഞി​രി​ക്കു​ന്നു” എന്നു പറഞ്ഞിട്ട്‌ യാതൊ​രു ആത്മീയ സഹായ​വും നൽകാതെ പുരോ​ഹി​തൻ എന്നെ പറഞ്ഞയ​യ്‌ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ എന്റെ തെറ്റുകൾ ആവർത്തി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. പാപം ചെയ്‌തിട്ട്‌ കുമ്പസാ​രി​ക്കു​ക​യെന്ന സ്ഥിരം​പ​രി​പാ​ടി അർഥശൂ​ന്യ​മാ​യി തോന്നി​യ​പ്പോൾ ഒടുവിൽ ഞാൻ പള്ളിയിൽ പോകു​ന്നതു നിറുത്തി. ഏതാണ്ട്‌ അതേ സമയത്തു​ത​ന്നെ​യാണ്‌ എനിക്കു ചുറ്റു​മുള്ള സമൂഹ​ത്തിൽ നിലനി​ന്നി​രുന്ന അനീതി​യെ​ക്കു​റിച്ച്‌ എനിക്കു തിരി​ച്ച​റി​വു​ണ്ടാ​യത്‌. എണ്ണത്തിൽ ഭൂരി​പ​ക്ഷം​വ​രുന്ന ദരിദ്രർ വയറു​നി​റ​യ്‌ക്കാൻ പാടു​പെ​ടു​മ്പോൾ സമ്പന്നർ സുഖ​ലോ​ലു​പ​ത​യിൽ ആറാടു​ക​യാ​യി​രു​ന്നു. ജീവി​ത​ത്തിന്‌ ഒരർഥ​വു​മി​ല്ലെന്നു തോന്നി. ഭാവി ഇരുള​ട​ഞ്ഞ​താ​യി കാണ​പ്പെട്ടു.

അങ്ങനെ​യി​രി​ക്കെ ഒരു ദിവസം, എന്റെ നാലു സഹോ​ദ​രി​മാർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കുന്ന കാര്യം ഞാൻ അറിയാ​നി​ട​യാ​യി. ഞാനും അവ വായി​ക്കാൻ തുടങ്ങി. അതിൽ ഒരു പുസ്‌തകം എനിക്കു വളരെ ഇഷ്ടപ്പെട്ടു. നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌ത​ക​മാ​യി​രു​ന്നു അത്‌. യുക്തി​സ​ഹ​മായ വിധത്തിൽ കാര്യങ്ങൾ അവതരി​പ്പി​ച്ചു​കൊണ്ട്‌ അത്‌ പല ബൈബിൾ വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചും എനിക്ക്‌ അറിവു പകർന്നു. ‘ഇതുത​ന്നെ​യാ​ണു സത്യം!’ എന്ന്‌ എന്നോ​ടു​തന്നെ പറഞ്ഞത്‌ ഞാൻ ഓർക്കു​ന്നു. എന്നാൽ സത്യത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്നത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ ബുദ്ധി​മു​ട്ടുള്ള കാര്യ​മാ​യി​രു​ന്നു. തുടർന്നു​വന്ന 15 വർഷത്തെ അനുഭ​വ​ത്തി​ലൂ​ടെ അത്‌ എനിക്കു മനസ്സി​ലാ​യി.

22 വയസ്സു​ള്ള​പ്പോൾ എനിക്ക്‌ ഒരു ബാങ്കിൽ ജോലി കിട്ടി. കൂടെ ജോലി ചെയ്യുന്ന ഒരാൾ, ആരും അറിയാ​തെ ബാങ്കിൽനിന്ന്‌ പണം ‘കടമെ​ടു​ക്കു​ക​യും’ പിന്നീട്‌ ആ ‘ലോൺ’ തിരി​ച്ച​ട​യ്‌ക്കു​ക​യും ചെയ്യാ​റു​ണ്ടാ​യി​രു​ന്നു. ആ വിദ്യ അയാൾ എന്നെയും പഠിപ്പി​ച്ചു. അങ്ങനെ ഞാനും ‘ലോൺ’ എടുക്കാൻ തുടങ്ങി. ഒടുവിൽ എന്റെ ഈ തെറ്റ്‌ മൂടി​വെ​ക്കാൻ കഴിയി​ല്ലെ​ന്നാ​യി, കാരണം അത്രയ​ധി​കം പണം ഞാൻ എടുത്തി​രു​ന്നു. ആ പണം മുഴുവൻ തിരി​ച്ച​ട​യ്‌ക്കാൻ ഒരിക്ക​ലും കഴിയി​ല്ലെന്നു മനസ്സി​ലാ​യ​പ്പോൾ എനിക്ക്‌ എന്തെന്നി​ല്ലാത്ത നിരാശ തോന്നി. അതു​കൊണ്ട്‌ കുറ്റം ഏറ്റുപ​റ​യാ​നും തെറ്റി​നുള്ള കടുത്ത പ്രായ​ശ്ചി​ത്ത​മാ​യി ജീവ​നൊ​ടു​ക്കാ​നും ഞാൻ തീരു​മാ​നി​ച്ചു.

ബാങ്കി​ലേക്ക്‌ ഒരു കത്തെഴു​തിയ ശേഷം ഞാൻ ഒരു ചെറിയ തോക്കു വാങ്ങി. കടൽത്തീ​രത്ത്‌ ആരും കാണാത്ത ഒരു സ്ഥലത്തു​വെച്ച്‌ എല്ലാം അവസാ​നി​പ്പി​ക്കുക, അതായി​രു​ന്നു ലക്ഷ്യം. നാലു​തവണ ഞാൻ നിറ​യൊ​ഴി​ച്ചു, രണ്ടുതവണ തലയ്‌ക്കു​നേ​രെ​യും രണ്ടുതവണ നെഞ്ചി​നു​നേ​രെ​യും. ഗുരു​ത​ര​മാ​യി പരിക്കു​പ​റ്റി​യെ​ങ്കി​ലും ഞാൻ മരിച്ചില്ല. സൈക്കി​ളിൽ വന്ന ഒരാൾ പെട്ടെ​ന്നു​തന്നെ എന്നെ ആശുപ​ത്രി​യിൽ എത്തിക്കാ​നുള്ള ക്രമീ​ക​രണം ചെയ്‌തു. സുഖം പ്രാപി​ച്ച​ശേഷം മോഷ​ണ​ക്കു​റ്റ​ത്തി​നു വിചാ​ര​ണ​ചെ​യ്‌ത്‌ എന്നെ ജയിലി​ല​ടച്ചു. പിന്നീട്‌ ജയിലിൽനി​ന്നു പുറത്തു​വന്ന എനിക്ക്‌ എന്തെന്നി​ല്ലാത്ത ലജ്ജയും നിരാ​ശ​യും തോന്നി. കാരണം കുറ്റപ്പു​ള്ളി​യെന്ന ലേബൽ എന്റെമേൽ പതിഞ്ഞി​രു​ന്നു. നാലു വെടി​യു​ണ്ട​കളെ അതിജീ​വിച്ച എന്നെ അയൽക്കാർ ‘സൂപ്പർമാൻ’ എന്നു വിളി​ക്കാൻ തുടങ്ങി.

മാറ്റം​വ​രു​ത്താ​നുള്ള ഒരവസരം

ഏതാണ്ട്‌ ഈ സമയത്താണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരു മിഷനറി എന്നെ സന്ദർശി​ച്ചത്‌. പോൾ സാൻചേസ്‌ എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ പേര്‌. അദ്ദേഹ​ത്തി​ന്റെ മുഖത്തെ പുഞ്ചി​രി​യാണ്‌ ഞാൻ ആദ്യം ശ്രദ്ധി​ച്ചത്‌. അദ്ദേഹ​ത്തി​ന്റെ പ്രസന്ന​ഭാ​വ​വും ശുഭാ​പ്‌തി​വി​ശ്വാ​സ​വും എന്നെ വളരെ​യേറെ ആകർഷി​ച്ചു. അതു​കൊ​ണ്ടു​തന്നെ ആളുകളെ ബൈബിൾ പഠിപ്പി​ക്കുന്ന ക്രമീ​ക​ര​ണ​ത്തെ​പ്പറ്റി പറഞ്ഞ​പ്പോൾ ഞാനതി​നു സമ്മതിച്ചു. ‘സന്തോ​ഷ​വും ജീവി​ത​ത്തിൽ ഒരു ഉദ്ദേശ്യ​വും കണ്ടെത്താൻ ഒരുപക്ഷേ ഇദ്ദേഹ​ത്തിന്‌ എന്നെ സഹായി​ക്കാ​നാ​യേ​ക്കും,’ ഞാൻ മനസ്സിൽ വിചാ​രി​ച്ചു.

ദൈവ​ത്തി​നു മനുഷ്യ​രോ​ടുള്ള ബന്ധത്തിൽ ഒരു ഉദ്ദേശ്യ​മു​ണ്ടെ​ന്നും അവനെ സ്‌നേ​ഹി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ ഒരിക്കൽ ഭൂമി​യി​ലെ പറുദീ​സ​യിൽ ജീവി​ക്കാ​നാ​കു​മെ​ന്നും മനസ്സി​ലാ​ക്കാൻ പോൾ എന്നെ സഹായി​ച്ചു. (സങ്കീർത്തനം 37:29) കൂടാതെ, അനീതി​ക്കും ദാരി​ദ്ര്യ​ത്തി​നും കാരണ​ക്കാ​രൻ ദൈവ​മ​ല്ലെ​ന്നും അതൊക്കെ മനുഷ്യ​വർഗം ദൈവ​ത്തി​നെ​തി​രെ മത്സരി​ച്ച​തി​ന്റെ ഫലമാ​ണെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. (ആവർത്ത​ന​പു​സ്‌തകം 32:4, 5) ഈ സത്യങ്ങൾ എന്റെ ജീവി​തത്തെ പ്രകാ​ശ​മാ​ന​മാ​ക്കി. എന്നാൽ എന്റെ സ്വഭാ​വ​ത്തി​നു മാറ്റം വരുത്തു​ക​യെ​ന്നത്‌ ബൈബിൾ പഠിക്കു​ന്ന​തി​നെ​ക്കാൾ വളരെ ബുദ്ധി​മു​ട്ടുള്ള കാര്യ​മാ​യി​രു​ന്നു.

അങ്ങനെ​യി​രി​ക്കെ എനിക്ക്‌ ഒരു ഓഫീസ്‌ ജോലി കിട്ടി. കമ്പനി​യു​ടെ പണം കൈകാ​ര്യം ചെയ്യു​ന്നത്‌ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. വീണ്ടും ഞാൻ പ്രലോ​ഭ​ന​ത്തി​നു വഴങ്ങി മോഷ്ടി​ക്കാൻ തുടങ്ങി. മോഷണം മറച്ചു​വെ​ക്കാൻ എനിക്കു കഴിയാ​തെ വന്നപ്പോൾ ഞാൻ ഇക്വ​ഡോ​റി​ലെ മറ്റൊരു നഗരത്തി​ലേക്ക്‌ ഓടി​പ്പോ​യി. ഒരു വർഷ​ത്തോ​ളം അവിടെ താമസി​ച്ചു. രാജ്യം​വി​ടാൻ ഞാൻ ശ്രമി​ച്ചെ​ങ്കി​ലും വിജയി​ച്ചില്ല. അങ്ങനെ ഞാൻ വീട്ടിൽ മടങ്ങി​യെത്തി.

പോൾ എന്നെ വീണ്ടും കണ്ടുമു​ട്ടി. അധ്യയനം പുനരാ​രം​ഭി​ച്ചു. ഇത്തവണ, ബൈബിൾ തത്ത്വങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കാ​നും യഹോ​വയെ സേവി​ക്കാ​നും ഞാൻ തീരു​മാ​നി​ച്ചു​റച്ചു. അതു​കൊ​ണ്ടു​തന്നെ, ഞാൻ നടത്തിയ മോഷ​ണ​ത്തെ​ക്കു​റിച്ച്‌ പോളി​നോ​ടു പറഞ്ഞു. എഫെസ്യർ 4:28 പോലുള്ള ബൈബിൾ വാക്യ​ങ്ങ​ളി​ലേക്ക്‌ എന്റെ ശ്രദ്ധ ക്ഷണിച്ചു​കൊണ്ട്‌ അദ്ദേഹം തക്കതായ ബുദ്ധി​യു​പ​ദേശം നൽകി. അവിടെ ഇങ്ങനെ പറയുന്നു: “കള്ളൻ ഇനി കക്കാതെ . . . അദ്ധ്വാ​നി​ക്ക​യ​ത്രേ വേണ്ടത്‌.” മോഷ​ണ​ക്കു​റ്റം ഏറ്റെടുത്ത്‌ അതിന്റെ ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി.

എന്റെ സാഹച​ര്യ​ത്തെ​ക്കു​റി​ച്ചു ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കെ കലാകാ​ര​നെന്ന നിലയിൽ ഞാൻ ഒരു സ്വയം​തൊ​ഴിൽ കണ്ടെത്തി. ഒരു ദിവസം ഒരാൾ സ്റ്റുഡി​യോ​യിൽ വന്നിട്ട്‌ ഒരു പെയി​ന്റി​ങ്ങിൽ താത്‌പ​ര്യം പ്രകടി​പ്പി​ച്ചു. എന്നാൽ അദ്ദേഹം ഒരു കുറ്റാ​ന്വേ​ഷ​ക​നാ​യി​രു​ന്നു, എന്നെ അറസ്റ്റു​ചെ​യ്യാ​നുള്ള വാറണ്ട്‌ അദ്ദേഹ​ത്തി​ന്റെ കയ്യിൽ ഉണ്ടായി​രു​ന്നു. അങ്ങനെ ഒരിക്കൽക്കൂ​ടി എനിക്ക്‌ കോടതി കയറേ​ണ്ടി​വന്നു, ഞാൻ ജയിലി​ലു​മാ​യി. പോൾ എന്നെ കാണാൻ വന്നപ്പോൾ “ബൈബിൾ മനസ്സി​ലാ​ക്കു​ന്ന​തിന്‌ എന്നെ സഹായി​ക്കാ​നാ​യി ചെയ്യുന്ന ശ്രമ​ത്തെ​ക്കു​റി​ച്ചോർത്ത്‌ താങ്കൾ ഒരിക്ക​ലും ഖേദി​ക്കേ​ണ്ടി​വ​രില്ല” എന്ന്‌ ഞാൻ അദ്ദേഹ​ത്തി​നു വാക്കു കൊടു​ത്തു. ജയിലി​ലാ​യി​രി​ക്കെ ഞാൻ ബൈബിൾ പഠനം തുടർന്നു.

എന്റെ ആത്മാർഥത ഞാൻ തെളി​യി​ച്ചു

ജയിലിൽനി​ന്നു പുറത്തു​വ​ന്ന​പ്പോൾ പൂർണ ഹൃദയ​ത്തോ​ടെ യഹോ​വയെ സേവി​ക്കാൻ ഞാൻ ഒരു ഉറച്ച തീരു​മാ​ന​മെ​ടു​ത്തു. അടുത്ത രണ്ടുവർഷം​കൊണ്ട്‌ ഞാൻ എന്റെ ആത്മാർഥത തെളി​യി​ക്കു​ക​യും ചെയ്‌തു. 1988-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി ഞാൻ സ്‌നാ​പ​ന​മേറ്റു. പാഴാ​ക്കി​ക്കളഞ്ഞ സമയത്തി​നുള്ള പരിഹാ​ര​മാ​യി ഞാൻ ഒരു പയനിയർ എന്നനി​ല​യിൽ മുഴു​സമയ സേവനം ആരംഭി​ച്ചു. യുവ റൗഡി​സം​ഘ​ങ്ങ​ളി​ലെ അംഗങ്ങളെ കണ്ടുമു​ട്ടു​ന്ന​തിന്‌ ഞാൻ ഒരു പ്രത്യേക ശ്രമം ചെയ്‌തു.

അതിൽ ഒരു സംഘം ഞങ്ങളുടെ രാജ്യ​ഹാ​ളി​ന്റെ ഭിത്തി​യിൽ കുത്തി​വ​ര​യ്‌ക്കാ​റു​ണ്ടാ​യി​രു​ന്നു. ഈ സംഘത്തി​ലു​ള്ള​വരെ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു, അവർ എവി​ടെ​യാണ്‌ താമസി​ച്ചി​രു​ന്ന​തെ​ന്നും. ഞാനവരെ ചെന്നു​കണ്ട്‌ രാജ്യ​ഹാൾ എന്തിനു​വേ​ണ്ടി​യു​ള്ള​താ​ണെന്നു വിശദീ​ക​രി​ക്കു​ക​യും അതിനെ ആദര​വോ​ടെ കാണണ​മെന്ന്‌ ദയാപൂർവം അഭ്യർഥി​ക്കു​ക​യും ചെയ്‌തു. അതിനു​ശേഷം അങ്ങനെ​യൊ​രു പ്രശ്‌നമേ ഉണ്ടായി​ട്ടില്ല.

പിന്നീട്‌ ഹാൾ പുതു​ക്കി​പ്പ​ണി​യു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ പെയിന്റ്‌ ചുരണ്ടി​ക്ക​ള​യവേ “തവള” (സ്‌പാ​നീ​ഷിൽ ലാ റാണാ) എന്ന്‌ എഴുതി​യി​രി​ക്കു​ന്നത്‌ ഫെർനാൻഡോ എന്ന ഒരു യുവസാ​ക്ഷി​യു​ടെ ശ്രദ്ധയിൽപ്പെട്ടു. “അത്‌ ഞാനാ​യി​രു​ന്നു!” അവൻ അതിശ​യ​ത്തോ​ടെ പറഞ്ഞു. റൗഡി​സം​ഘ​ത്തിൽ ആയിരു​ന്ന​പ്പോൾ ഫെർനാൻഡോ​യാണ്‌ തന്റെ ആ ഇരട്ട​പ്പേര്‌ ഹാളിന്റെ ചുവരിൽ എഴുതി​പ്പി​ടി​പ്പി​ച്ചത്‌. ഇപ്പോ​ഴി​താ അവൻതന്നെ അതു ചുരണ്ടിക്കളയുന്നു!

ഫെർനാൻഡോ​യെ ഞാൻ ആദ്യം കാണു​മ്പോൾ അവൻ മയക്കു​മ​രു​ന്നി​ന്റെ ലഹരി​യി​ലാ​യി​രു​ന്നു. മയക്കു​മ​രു​ന്നാ​സ​ക്ത​രെ​യും മറ്റും ചികി​ത്സി​ക്കുന്ന രണ്ടു കേന്ദ്ര​ങ്ങ​ളിൽ അമ്മ അവനെ അയച്ചി​രു​ന്നെ​ങ്കി​ലും പ്രയോ​ജ​ന​മൊ​ന്നും ഉണ്ടായില്ല. അങ്ങനെ അവർ അവനെ നന്നാക്കാ​നുള്ള ശ്രമ​മൊ​ക്കെ ഉപേക്ഷിച്ച്‌ അവനെ വീട്ടിൽ തനിച്ചാ​ക്കി മറ്റൊരു സ്ഥലത്തേക്കു പോയി. മയക്കു​മ​രു​ന്നി​നുള്ള പണം ഉണ്ടാക്കാ​നാ​യി വിലകി​ട്ടു​ന്നത്‌ എല്ലാം, എന്തിന്‌ വീടിന്റെ വാതി​ലു​ക​ളും ജനലു​ക​ളും മേൽക്കൂ​ര​യും പോലും, ഫെർനാൻഡോ വിറ്റു​ക​ളഞ്ഞു. ഒരു ദിവസം തെരു​വിൽവെച്ച്‌ ഞാൻ അവനെ സമീപി​ച്ചു. കുടി​ക്കാൻ ഒരു ശീതള പാനീയം കൊടു​ത്തിട്ട്‌ ബൈബി​ള​ധ്യ​യ​ന​ത്തെ​ക്കു​റിച്ച്‌ അവനോ​ടു പറഞ്ഞു. അവൻ അതിനു സമ്മതിച്ചു. സത്യ​ത്തോ​ടു നല്ല രീതി​യിൽ പ്രതി​ക​രി​ക്കു​ക​യും ചെയ്‌തു; അതെന്നെ വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ച്ചു. റൗഡി​സം​ഘ​ത്തോ​ടും മയക്കു​മ​രു​ന്നു​ശീ​ല​ത്തോ​ടും വിടപറഞ്ഞ അവൻ ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യും താമസി​യാ​തെ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

ഞാനും ഫെർനാൻഡോ​യും കൂടെ വീടു​തോ​റും പ്രസം​ഗി​ക്കാ​നാ​യി പോകു​മ്പോൾ പലപ്പോ​ഴും ആളുകൾ ഞങ്ങളെ തിരി​ച്ച​റി​യു​മാ​യി​രു​ന്നു. “ഇതാര്‌, തവളയോ!” അല്ലെങ്കിൽ “ഇത്‌ നമ്മുടെ സൂപ്പർമാ​നല്ലേ?” എന്നൊക്കെ അവർ പറയു​ന്നതു കേൾക്കാം. ഞങ്ങൾ എന്താണു ചെയ്യു​ന്ന​തെന്ന്‌ അവർ ചോദി​ക്കു​മാ​യി​രു​ന്നു. റൗഡി​യും കള്ളനും ആയിരുന്ന രണ്ടുപേർ ഇപ്പോൾ ബൈബി​ളും കയ്യിൽപ്പി​ടിച്ച്‌ അവരെ സന്ദർശി​ക്കു​ന്നത്‌ അവരെ അത്ഭുത​പ്പെ​ടു​ത്തി.

ഒരിക്കൽ ഞാൻ ഒരാ​ളോ​ടു സാക്ഷീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഫെർനാൻഡോ​യാ​കട്ടെ ആ വ്യക്തി​യു​ടെ അയൽക്കാ​ര​നോ​ടു സംസാ​രി​ച്ചു​കൊ​ണ്ടു നിൽക്കു​ക​യാ​യി​രു​ന്നു. ഞാൻ സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന വ്യക്തി ഫെർനാൻഡോ​യെ ചൂണ്ടി ഇങ്ങനെ പറഞ്ഞു: “ദാ, ആ നിൽക്കുന്ന മനുഷ്യ​നി​ല്ലേ, അയാൾ ഒരിക്കൽ എന്റെ തലയ്‌ക്കു​നേരെ തോക്കു​ചൂ​ണ്ടി എന്നെ ഭീഷണി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.” ഫെർനാൻഡോ തന്റെ മോശ​മായ ശീലങ്ങ​ളൊ​ക്കെ ഉപേക്ഷി​ച്ചെ​ന്നും ഇപ്പോൾ ബൈബിൾ തത്ത്വങ്ങൾ അനുസ​രി​ച്ചു ജീവി​ക്കു​ക​യാ​ണെ​ന്നും ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു. അയൽക്കാ​ര​നോ​ടു സംസാ​രി​ച്ചു കഴിഞ്ഞ​പ്പോൾ ഞാൻ ഫെർനാൻഡോ​യെ അടുത്തു​വി​ളി​ച്ചിട്ട്‌ വീട്ടു​കാ​രനു പരിച​യ​പ്പെ​ടു​ത്തി. “ജീവി​ത​ത്തിൽ ഇത്ര​യൊ​ക്കെ മാറ്റം​വ​രു​ത്തിയ നിന്നെ അഭിന​ന്ദി​ക്കാ​തി​രി​ക്കാൻ വയ്യ” എന്ന്‌ അയാൾ ഫെർനാൻഡോ​യോ​ടു പറഞ്ഞു.

ഫെർനാൻഡോ​യും ഞാനും എത്ര തവണ ഇതു​പോ​ലുള്ള അഭി​പ്രാ​യങ്ങൾ കേട്ടി​ട്ടു​ണ്ടെന്ന്‌ ഞാനോർക്കു​ന്നില്ല. അതൊക്കെ ഒരു നല്ല സാക്ഷ്യം കൊടു​ക്കു​ന്ന​തി​നുള്ള അവസരം നൽകി. അനേകം ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും ആരംഭി​ക്കാൻ കഴിഞ്ഞു. അതേ, യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി അറിയ​പ്പെ​ടു​ന്ന​തിൽ ഞാനും ഫെർനാൻഡോ​യും അഭിമാ​നം​കൊ​ള്ളു​ന്നു.

എന്റെ ജീവി​ത​ത്തി​ലെ ഒരു നാഴി​ക​ക്കല്ല്‌

2001-ൽ എനിക്ക്‌ 50 വയസ്സാ​യ​പ്പോൾ, പെറു​വിൽവെച്ചു നടന്ന ശുശ്രൂ​ഷാ പരിശീ​ലന ക്ലാസ്സിൽ പങ്കെടു​ക്കാ​നുള്ള ക്ഷണം ലഭിച്ചു. എനിക്ക്‌ എന്തെന്നി​ല്ലാത്ത അതിശ​യ​വും ആഹ്ലാദ​വും തോന്നി. സമഗ്ര​മായ ആത്മീയ പ്രബോ​ധ​നങ്ങൾ പ്രദാ​നം​ചെ​യ്യുന്ന, എട്ട്‌ ആഴ്‌ചത്തെ ഈ കോഴ്‌സ്‌ യോഗ്യ​രായ സാക്ഷി​കളെ അവരുടെ ശുശ്രൂ​ഷ​യിൽ സഹായി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള​താണ്‌.

ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളി​ന്റെ എല്ലാ പ്രത്യേ​ക​ത​ക​ളും ഞാൻ ആസ്വദി​ച്ചു—പ്രസംഗം നടത്തു​ന്നത്‌ ഒഴികെ; അത്‌ എനി​ക്കൊ​രു പേടി​സ്വ​പ്‌ന​മാ​യി​രു​ന്നു. എന്നെക്കാൾ പ്രായം​കു​റഞ്ഞ പല വിദ്യാർഥി​ക​ളും ഒന്നാന്തരം പ്രസം​ഗങ്ങൾ നടത്തി; അവർക്കൊ​ക്കെ നല്ല ആത്മവി​ശ്വാ​സം ഉള്ളതായി തോന്നി. എന്നാൽ എന്റെ ആദ്യത്തെ പ്രസംഗം നടത്താ​നാ​യി ഞാൻ എഴു​ന്നേ​റ്റ​പ്പോൾ, കുട്ടി​ക്കാ​ലം​മു​തൽക്കേ എന്നെ അലട്ടി​യി​രുന്ന അപകർഷത വീണ്ടും എനിക്ക്‌ അനുഭ​വ​പ്പെട്ടു. എന്റെ മുട്ടുകൾ കൂട്ടി​യി​ടി​ച്ചു, വിയർത്തു നനഞ്ഞി​രുന്ന എന്റെ കൈകൾ വിറച്ചു, ശബ്ദം ഇടറാൻ തുടങ്ങി. എന്നാൽ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ച്ചു​കൊ​ണ്ടും സ്‌നേ​ഹ​മുള്ള സഹോ​ദ​ര​ന്മാ​രി​ലൂ​ടെ​യും എന്നെ ബലപ്പെ​ടു​ത്തി. അധ്യാ​പ​ക​രിൽ ഒരാൾ എന്റെ കാര്യ​ത്തിൽ പ്രത്യേക താത്‌പ​ര്യം കാണി​ക്കു​ക​പോ​ലും ചെയ്‌തു. ക്ലാസ്സി​നു​ശേഷം പ്രസം​ഗങ്ങൾ തയ്യാറാ​കാൻ അദ്ദേഹം എന്നെ സഹായി​ച്ചു. ഏറ്റവും പ്രധാ​ന​മാ​യി, യഹോ​വ​യിൽ ആശ്രയി​ക്കാൻ അദ്ദേഹം എന്നെ പഠിപ്പി​ച്ചു. കോഴ്‌സി​ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ഒരു സദസ്സിനു മുമ്പാകെ പ്രസംഗം നടത്തു​ന്നത്‌ ഞാൻ ശരിക്കും ആസ്വദി​ക്കാൻ തുടങ്ങി, ജീവി​ത​ത്തിൽ ആദ്യമാ​യി.

അങ്ങനെ​യി​രി​ക്കെ എന്റെ ആത്മവി​ശ്വാ​സ​ത്തി​ന്റെ മാറ്റു​ര​യ്‌ക്കുന്ന ഒരു സംഭവം ഉണ്ടായി. ഗ്വൈ​യ​കി​ലിൽവെച്ചു നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷ​നിൽ 25,000 പേരട​ങ്ങുന്ന ഒരു സദസ്സിനു മുമ്പാകെ, ഒരു സാക്ഷി​യാ​യി​ത്തീർന്നത്‌ എങ്ങനെ​യെന്നു ഞാൻ വിശദീ​ക​രി​ച്ചു. ഇത്രയ​ധി​കം ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നുള്ള പദവി​യെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ, സംസാ​രി​ക്കു​ന്ന​തി​നി​ട​യിൽ ഞാൻ വികാ​ര​ഭ​രി​ത​നാ​യി​പ്പോ​യി. എന്റെ ശബ്ദം ഇടറാൻ തുടങ്ങി. കൺ​വെൻ​ഷ​നിൽ സംബന്ധിച്ച ഒരാൾ പിന്നീട്‌ എന്നെ സമീപി​ച്ചിട്ട്‌ പറഞ്ഞു: “ഗൊൺസാ​ലസ്‌ സഹോ​ദരാ, ആ അനുഭവം കേട്ടിട്ട്‌ കണ്ണുനി​റ​യാത്ത ഒരാൾ പോലു​മി​ല്ലാ​യി​രു​ന്നു സദസ്സിൽ.” മോശ​മായ ശീലങ്ങൾ ഉപേക്ഷി​ക്കാൻ കഠിന​ശ്രമം ചെയ്‌തു​കൊ​ണ്ടി​രു​ന്ന​വർക്ക്‌ എന്റെ അനുഭവം ഒരു പ്രോ​ത്സാ​ഹ​ന​മാ​കണം, അതായി​രു​ന്നു എന്റെ ആഗ്രഹം.

ഇപ്പോൾ ഞാൻ ഒരു മൂപ്പനും സാധാരണ പയനി​യ​റു​മാണ്‌. 16 പേരെ ബൈബിൾ സത്യ​ത്തെ​ക്കു​റി​ച്ചുള്ള സൂക്ഷ്‌മ പരിജ്ഞാ​നം നേടു​ന്ന​തിന്‌ സഹായി​ക്കാൻ കഴിഞ്ഞ​തി​ന്റെ സന്തോഷം ഞാൻ ആസ്വദി​ച്ചി​രി​ക്കു​ന്നു. എന്റെ മാതാ​പി​താ​ക്ക​ളും നാലു സഹോ​ദ​രി​മാ​രും അവരുടെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ച​തിൽ ഞാൻ അങ്ങേയറ്റം സന്തോ​ഷി​ക്കു​ന്നു. 2001-ൽ എന്റെ അമ്മ മരിച്ചു. മരണം വരെ അമ്മ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത പാലിച്ചു. യഹോവ തന്നെക്കു​റിച്ച്‌ അറിയാൻ എനിക്ക്‌ അവസരം നൽകി​യ​തിന്‌ അവനോട്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​കില്ല. ദൈവ​ത്തോട്‌ അടുക്കാൻ മറ്റുള്ള​വ​രെ​യും സഹായി​ക്കു​ക​യാണ്‌ അവനോ​ടുള്ള നന്ദി പ്രകടി​പ്പി​ക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗ​മെന്ന്‌ ഞാൻ മനസ്സി​ലാ​ക്കു​ന്നു.—യാക്കോബ്‌ 4:8.

[12-ാം പേജിലെ ചിത്രം]

ബൈബിൾ പഠിക്കാൻ ഞാൻ സഹായിച്ച ഫെർനാൻഡോ, തവള എന്നറി​യ​പ്പെ​ട്ടി​രുന്ന മുൻറൗ​ഡി

[12-ാം പേജിലെ ചിത്രം]

ബൈബിൾ പഠിക്കാൻ എന്നെ സഹായിച്ച പോൾ സാൻചേസ്‌ എന്ന മിഷനറി

[13-ാം പേജിലെ ചിത്രം]

ബിസേന്റേ ഗൊൺസാ​ലസ്‌, ഇന്ന്‌