പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണോ?
ബൈബിളിന്റെ വീക്ഷണം
പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണോ?
ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്താണ്? പരിശുദ്ധാത്മാവ് “വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്ന”തായി ബൈബിളിന്റെ പ്രാരംഭവാക്കുകൾ പറയുന്നു. (ഉല്പത്തി 1:2) യേശുവിന്റെ സ്നാപനത്തെക്കുറിച്ചുള്ള വിവരണത്തിൽ, ദൈവം “സ്വർഗ്ഗത്തിൽ” ആയിരിക്കുന്നതായി പറയുമ്പോൾ പരിശുദ്ധാത്മാവ് “പ്രാവെന്നപോലെ ഇറങ്ങി” യേശുവിന്റെമേൽ “വരുന്ന”തു കണ്ടതായി വർണിച്ചിരിക്കുന്നു. (മത്തായി 3:16, 17) മാത്രവുമല്ല, യേശു പരിശുദ്ധാത്മാവിനെ ‘കാര്യസ്ഥൻ’ എന്നു പരാമർശിക്കുകയും ചെയ്തു.—യോഹന്നാൻ 14:16.
മുകളിൽ പറഞ്ഞതുപോലുള്ള തിരുവെഴുത്തു ഭാഗങ്ങളുടെ അടിസ്ഥാനത്തിൽ, ദൈവവും യേശുവും ദൂതന്മാരും ആത്മവ്യക്തികൾ ആയിരിക്കുന്നതുപോലെതന്നെ പരിശുദ്ധാത്മാവും ഒരു വ്യക്തിയാണെന്ന നിഗമനത്തിൽ ചിലർ എത്തിച്ചേർന്നിരിക്കുന്നു. വാസ്തവത്തിൽ, ക്രൈസ്തവലോകത്തിലെ ഏറ്റവും പ്രബലമായ മതവിഭാഗങ്ങളിൽ ചിലത് നൂറ്റാണ്ടുകളായി പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയായി കണക്കാക്കിയിരിക്കുന്നു. ഈ ഉപദേശം ദീർഘകാലമായി നിലവിലുള്ളതാണെങ്കിലും അനേകം സഭാംഗങ്ങളും ഇതു സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്, ചിലർ ഇക്കാര്യത്തിൽ തങ്ങളുടെ മതനേതാക്കന്മാരുമായി വിയോജിക്കുകപോലും ചെയ്യുന്നു. ഉദാഹരണത്തിന്, അടുത്ത കാലത്തു നടന്ന ഒരു സർവേയിൽ പങ്കെടുത്തവരിൽ 61 ശതമാനവും വിശ്വസിക്കുന്നത് ദൈവാത്മാവ് “സ്വന്തമായ അസ്തിത്വമുള്ള ജീവനുള്ള ഒന്നല്ലെന്നും ദൈവത്തിന്റെ സാന്നിധ്യത്തിന്റെയോ ശക്തിയുടെയോ ഒരു പ്രതീക”മാണെന്നുമാണ്. എന്നാൽ ബൈബിൾ എന്താണു പറയുന്നത്?
ബൈബിൾ പറയുന്നത്
തുറന്ന മനസ്സോടെ ബൈബിൾ വായിക്കുന്ന ഒരുവന് പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്ന സഭയുടെ ഔദ്യോഗിക പഠിപ്പിക്കലുകളിൽനിന്ന് വ്യത്യസ്തമാണ് അത് എന്ന നിഗമനത്തിൽ എത്തിച്ചേരാതിരിക്കാൻ കഴിയില്ല. പിൻവരുന്ന ബൈബിൾ വിവരണങ്ങൾ പരിചിന്തിക്കുക.
1. യേശുവിന്റെ അമ്മയായ മറിയ അവളുടെ ബന്ധുവായ എലീശബെത്തിനെ സന്ദർശിച്ചപ്പോൾ എലീശബെത്തിന്റെ ഗർഭത്തിൽ ഉണ്ടായിരുന്ന ശിശു തുള്ളിയെന്നും “എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി”ത്തീർന്നുവെന്നും ബൈബിൾ പറയുന്നു. (ലൂക്കൊസ് 1:41) ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയാൽ ‘നിറയാൻ’ കഴിയുമെന്നു വിചാരിക്കുന്നത് ന്യായയുക്തമാണോ?
2. യേശുവിനെക്കുറിച്ചു തന്റെ ശിഷ്യന്മാരോടു സംസാരിച്ചപ്പോൾ യോഹന്നാൻ സ്നാപകൻ ഇപ്രകാരം പറഞ്ഞു: “ഞാൻ നിങ്ങളെ . . . വെള്ളത്തിൽ സ്നാനം എല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും . . . സ്നാനം ഏല്പിക്കും.” (മത്തായി 3:11) പരിശുദ്ധാത്മാവിനാൽ ആളുകളെ സ്നാപനം കഴിപ്പിക്കുന്നതിനെക്കുറിച്ച് യോഹന്നാൻ പറഞ്ഞപ്പോൾ പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയായി അവൻ കണക്കാക്കിയിരിക്കാൻ യാതൊരു സാധ്യതയുമില്ല.
3. യേശുവിനെ ദൈവം “പരിശുദ്ധാത്മാവിനാലും ശക്തിയാലും” അഭിഷേകം ചെയ്തുവെന്ന് അപ്പൊസ്തലനായ പത്രൊസ് ഒരു റോമൻ സൈനികോദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സന്ദർശിച്ചപ്പോൾ പറയുകയുണ്ടായി. (പ്രവൃത്തികൾ 10:38) താമസിയാതെ സൈനികോദ്യോഗസ്ഥന്റെ കുടുംബത്തിന്റെമേലും “പരിശുദ്ധാത്മാവു വന്നു.” “പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ട്” അനേകരും വിസ്മയിച്ചുപോയെന്ന് വിവരണം പറയുന്നു. (പ്രവൃത്തികൾ 10:44, 46) ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും, പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്ന ആശയത്തോടു യോജിക്കുന്നില്ല.
ദൈവവചനം വ്യക്തികളല്ലാത്ത സംഗതികൾക്കും വ്യക്തിത്വം കൽപ്പിച്ചു സംസാരിക്കാറുണ്ട്. ജ്ഞാനം, ബുദ്ധി, പാപം, മരണം, കൃപ എന്നിവ ഉദാഹരണങ്ങളാണ്. (സദൃശവാക്യങ്ങൾ 8:1–9:6; റോമർ 5:14, 17, 21; 6:12) “ജ്ഞാനമോ തന്റെ എല്ലാമക്കളാലും” അഥവാ അതിന്റെ സത്ഫലങ്ങളാലും “നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്ന് യേശുതന്നെ പറയുകയുണ്ടായി. (ലൂക്കൊസ് 7:35) വ്യക്തമായും, അക്ഷരാർഥത്തിൽ മക്കളുള്ള ഒരു വ്യക്തിയല്ല ജ്ഞാനം! സമാനമായി, ചില ഭാഗങ്ങളിൽ പരിശുദ്ധാത്മാവിന് വ്യക്തിത്വം കൽപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടു മാത്രം അതൊരു വ്യക്തിയാണെന്നു പറയാനാകില്ല.
പരിശുദ്ധാത്മാവ് എന്താണ്?
പ്രവർത്തനത്തിലിരിക്കുന്ന, ദൈവത്തിന്റെ ശക്തിയായി പരിശുദ്ധാത്മാവിനെ ബൈബിൾ തിരിച്ചറിയിക്കുന്നു. അതുകൊണ്ടുതന്നെ ബൈബിളിന്റെ മൂല എബ്രായ പാഠത്തിന്റെ ഒരു കൃത്യമായ പരിഭാഷ ദൈവാത്മാവിനെ “ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി”യായി വർണിച്ചിരിക്കുന്നു. (ഉല്പത്തി 1:2, NW) ഈ ആശയത്തെ പിന്താങ്ങുന്ന വാക്യങ്ങൾ ബൈബിളിൽ ഉടനീളം കാണാൻ കഴിയും.—മീഖാ 3:8; ലൂക്കൊസ് 1:35; പ്രവൃത്തികൾ 10:38.
പൊതുവേയുള്ള വിശ്വാസത്തിനു വിപരീതമായി എല്ലായിടത്തും എല്ലായ്പോഴും ദൈവം സന്നിഹിതനല്ല. മറിച്ച് അവൻ ആത്മമണ്ഡലത്തിൽ വസിക്കുന്നതായി, അവന് ഒരു “വാസസ്ഥല”മുള്ളതായി ബൈബിൾ പറയുന്നു. (1 രാജാക്കന്മാർ 8:39; 2 ദിനവൃത്താന്തം 6:39) ദൈവം വസിക്കുന്ന, അവന്റെ “സിംഹാസന”മുള്ള ഒരു പ്രത്യേക സ്ഥലത്തെപ്പറ്റിയും തിരുവെഴുത്തുകൾ പരാമർശിക്കുന്നുണ്ട്. (1 രാജാക്കന്മാർ 22:19; യെശയ്യാവു 6:1; ദാനീയേൽ 7:9; വെളിപ്പാടു 4:1-3) എന്നിരുന്നാലും തന്റെ “വാസസ്ഥല”ത്തുനിന്ന് ആത്മമണ്ഡലത്തിന്റെയും ഭൗമമണ്ഡലത്തിന്റെയും ഏതൊരു കോണിലും തന്റെ പ്രവർത്തനനിരതമായ ശക്തി പ്രയോഗിക്കാൻ ദൈവത്തിനു കഴിയും.—സങ്കീർത്തനം 139:7.
1879-ൽ, ബൈബിൾ പണ്ഡിതനായ ചാൾസ് എൽ. ഐവ്സ് ഒരു നിശ്ചിത സ്ഥലത്തുനിന്നു ശക്തി പ്രയോഗിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തി അനുയോജ്യമായ ഒരു ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കുകയുണ്ടായി. ഭൂമിയിൽനിന്ന് വളരെ അകലെ ഒരു നിശ്ചിത സ്ഥാനത്തായിരുന്നുകൊണ്ട് സൂര്യൻ നമുക്ക് ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്നു. സമാനമായി തന്റെ പ്രവർത്തനനിരതമായ ശക്തി പ്രയോഗിക്കാൻ ഉദ്ദേശിക്കുന്നിടത്തേക്ക് ദൈവം ചെല്ലേണ്ടതില്ല. പകരം പ്രപഞ്ചത്തിന്റെ ഏതു കോണിലും എത്തിച്ചേരാൻ കഴിയുന്ന തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുകയാണ് അവൻ ചെയ്യുന്നത്. പരിശുദ്ധാത്മാവ് യഥാർഥത്തിൽ എന്താണെന്ന്, അതായത് ദൈവത്തിന്റെ പ്രബലമായ പ്രവർത്തനനിരത ശക്തിയാണെന്ന്, മനസ്സിലാക്കുന്നത് യഹോവ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന ഉറപ്പ് നിങ്ങൾക്കു നൽകും.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?—പ്രവൃത്തികൾ 10:44, 46.
◼ പരിശുദ്ധാത്മാവ് എന്താണ്?—ഉല്പത്തി 1:2.
◼ ദൈവത്തിന്റെ പരിശുദ്ധാത്മാവിന് എവിടെയെല്ലാം എത്തിച്ചേരാൻ കഴിയും?—സങ്കീർത്തനം 139:7