ബ്രിട്ടന്റെ “വിസ്മരിക്കപ്പെട്ട പ്രതിഭ”
ബ്രിട്ടന്റെ “വിസ്മരിക്കപ്പെട്ട പ്രതിഭ”
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഇംഗ്ലണ്ടിന്റെ ലിയൊണാർഡോ ഡാവിഞ്ചി a—അങ്ങനെയാണ് ആളുകൾ ഇന്നു റോബർട്ട് ഹുക്കിനെ വിശേഷിപ്പിക്കുന്നത്. “ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും വലിയ സർഗാത്മ പ്രതിഭ” എന്ന് സമകാലികർ ഹുക്കിനെ വിശേഷിപ്പിച്ചിരുന്നു. 1635-ൽ ജനിച്ച ഹുക്ക് 1662-ൽ ലണ്ടൻ റോയൽ സൊസൈറ്റിയുടെ ക്യൂറേറ്ററായും 1677-ൽ സൊസൈറ്റിയുടെ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. 1703-ൽ മരണമടഞ്ഞു. ശാസ്ത്രരംഗത്തു വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം പക്ഷേ, ഇന്നു വടക്കൻ ലണ്ടനിലെ അജ്ഞാതമായ ഏതോ ഒരു ശവക്കല്ലറയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്.
“വിസ്മരിക്കപ്പെട്ട പ്രതിഭ” എന്ന് ജീവചരിത്രകാരനായ സ്റ്റീഫൻ ഇൻവൂഡ് വിശേഷിപ്പിച്ച ഹുക്കിന്റെ, നഷ്ടപ്പെട്ടുപോയ പ്രശസ്തി വീണ്ടെടുക്കാൻ ഈയിടെ ശാസ്ത്രജ്ഞന്മാരും ചരിത്രകാരന്മാരും രംഗത്തുവന്നു. 2003-ൽ, ഹുക്കിന്റെ 300-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ലണ്ടനിലെ ഗ്രീൻവിച്ച് റോയൽ വാനനിരീക്ഷണകേന്ദ്രം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും പ്രദർശിപ്പിക്കുകയുണ്ടായി. ആരായിരുന്നു റോബർട്ട് ഹുക്ക്; ഏറെക്കാലം അദ്ദേഹം വിസ്മരിക്കപ്പെട്ടിരുന്നത് എന്തുകൊണ്ടാണ്?
ഹുക്കിന്റെ സംഭാവനകൾ
വിദ്യാസമ്പന്നനായ ഹുക്ക് സമർഥനായ ഒരു ഉപജ്ഞാതാവായിരുന്നു. മോട്ടോർ വാഹനങ്ങളിലെ യൂണിവേഴ്സൽ ജോയിന്റ്, ക്യാമറയിലെ അപ്പേച്ചറിന്റെ വലുപ്പം നിയന്ത്രിക്കുന്ന ഐറിസ് ഡയഫ്രം, വാച്ചുകൾക്കുള്ളിലെ സന്തുലനചക്രത്തിന് ആവശ്യമായ സ്പ്രിങ് കൺട്രോൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ ചിലതാണ്. സ്പ്രിങ്ങിന്റെ ഇലാസ്തികത വിശദമാക്കാൻ ഇന്നും ഉപയോഗിക്കുന്ന സമവാക്യം അദ്ദേഹത്തിന്റെ സംഭാവനയാണ്. ഹുക്കിന്റെ നിയമം എന്നാണ് അതറിയപ്പെടുന്നത്. പ്രശസ്ത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായ റോബർട്ട് ബോയ്ലിനുവേണ്ടി അദ്ദേഹം ഒരു എയർ പമ്പും രൂപകൽപ്പന ചെയ്യുകയുണ്ടായി.
എന്നിരുന്നാലും ഹുക്ക് രൂപകൽപ്പന ചെയ്ത സംയുക്ത സൂക്ഷ്മദർശിനിയായിരുന്നു (compound microscope) അദ്ദേഹത്തിന്റെ സുപ്രധാന നേട്ടങ്ങളിൽ ഒന്ന്. പിന്നീട്, ലണ്ടനിലെ പ്രശസ്ത ഉപകരണ നിർമാതാവായ ക്രിസ്റ്റഫർ കോക്ക് അതു നിർമിക്കുകയും ചെയ്തു. തുടർന്ന് സ്വന്തം ഉപകരണത്തിലൂടെ,
തേനീച്ചക്കൂടിലെ അറകളോടു സാമ്യമുള്ള കോർക്കിലെ സൂക്ഷ്മമായ അറകൾ നിരീക്ഷിച്ച ഹുക്ക് അവയെ പരാമർശിക്കാൻ “സെൽ” (cell) എന്ന പദം കണ്ടുപിടിച്ചു. അതിനുശേഷം ജീവജാലങ്ങളുടെ അടിസ്ഥാന നിർമാണഘടകത്തെ കുറിക്കാൻ ശാസ്ത്രജ്ഞന്മാർ ആ പദം ഉപയോഗിച്ചു.1665-ൽ പ്രസിദ്ധീകരിച്ച, ഹുക്കിന്റെ മൈക്രോഗ്രാഫിയ (ചെറുചിത്രങ്ങൾ) എന്ന പുസ്തകം പെട്ടെന്നുതന്നെ അദ്ദേഹത്തെ പ്രശസ്തനാക്കി. ചെറുപ്രാണികളെ സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ചപ്പോൾ കണ്ട കാഴ്ച അദ്ദേഹം അതേപടി മനോഹരമായി പകർത്തി. മൈക്രോഗ്രാഫിയയിൽ ഈ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും പ്രശസ്തിയാർജിച്ചത് ഒരു ചെള്ളിന്റേതായിരുന്നു. ഏകദേശം 30x45 സെന്റിമീറ്റർ വലുപ്പത്തിലുള്ള പടത്തിൽ ചെള്ളിന്റെ മുള്ളുകളും കട്ടിയുള്ള കവചവും കൂർത്തുവളഞ്ഞ നഖങ്ങളും ചിത്രീകരിക്കപ്പെട്ടിരുന്നു. ഇത്തിരിപ്പോന്ന ഇത്തരം ചെള്ളുകൾ മിക്കപ്പോഴും മനുഷ്യരുടെ ദേഹത്തു കാണപ്പെടുന്നുവെന്ന സത്യം വായനക്കാരെ ഞെട്ടിച്ചുകളഞ്ഞു. പ്രസ്തുത ചിത്രം കണ്ട് സ്ത്രീകൾ മോഹാലസ്യപ്പെട്ടതായി പറയപ്പെടുന്നു!
ഒരു സൂചിമുനയുടെ അഗ്രത്തിന്റെ വലുതാക്കിയ ദൃശ്യത്തെ ചെറുപ്രാണികളുടെ രോമം, ശൂകം, കൂർത്തുവളഞ്ഞ നഖങ്ങൾ ഇലകളുടെ മുള്ളുകൾ, കൊളുത്തുകൾ, ലോമങ്ങൾ എന്നിങ്ങനെ പ്രകൃതിയിലുള്ള സമാനമായ കാര്യങ്ങളോടു താരതമ്യപ്പെടുത്തിക്കൊണ്ട് ഹുക്ക് ഇങ്ങനെ എഴുതി: “[സൂചിമുനയെക്കാൾ] ആയിരക്കണക്കിനു മടങ്ങ് കൂർത്ത മുനകളുടെ നൂറുകണക്കിനു ദൃഷ്ടാന്തങ്ങൾ ഒരു സൂക്ഷ്മദർശിനിയിലൂടെ നമുക്കു കാണാൻ കഴിയും.” “പ്രകൃതിയിലെ [അത്തരം] സൃഷ്ടികൾ” സ്രഷ്ടാവിന്റെ സർവവല്ലഭത്വം വിളിച്ചോതുന്നതായി അദ്ദേഹം വിശ്വസിച്ചു. സൂക്ഷ്മദർശിനികൾ “അവിശ്വസനീയമാംവിധം സങ്കീർണതകളോടുകൂടിയ ജീവജാലങ്ങളുടെ ഒരു ലോകം ഇദംപ്രഥമമായി” വെളിച്ചത്തു കൊണ്ടുവന്നുവെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു.
ആദ്യമായി ഫോസിലുകൾ സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ച വ്യക്തിയും ഹുക്ക് ആയിരുന്നു. അങ്ങനെ, വളരെക്കാലംമുമ്പു ചത്തുപോയ ജീവികളുടെ അവശിഷ്ടങ്ങളാണ് അവയെന്ന് അദ്ദേഹം നിഗമനം ചെയ്തു. രസകരമായ വേറെയും ശാസ്ത്രീയ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ മൈക്രോഗ്രാഫിയ. ഹുക്കിന്റെ സമകാലികനായ സാമുവെൽ പെപ്പിസ് തന്റെ ഡയറിയിൽ “ഞാൻ വായിച്ചിട്ടുള്ളതിലേക്കും ഏറ്റവും ആശയസമ്പുഷ്ടമായ പുസ്തകം” എന്നാണ് മൈക്രോഗ്രാഫിയയെ വിശേഷിപ്പിച്ചത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര ചരിത്രകാരനായ അലൻ ചാപ്മാൻ “ആധുനിക ലോകത്തെ വാർത്തെടുത്ത ഗ്രന്ഥങ്ങളിൽ ഒന്ന്” എന്നും അതിനെ വർണിച്ചു.
ലണ്ടന്റെ ഉദ്ധാരകൻ
1666-ൽ ലണ്ടനിൽ ഉണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് സ്ഥിതിഗതികൾ
വിലയിരുത്താനുള്ള ചുമതല ഹുക്കിനു നൽകപ്പെട്ടു. നഗരം വീണ്ടും പടുത്തുയർത്താൻ സ്നേഹിതനും സഹശാസ്ത്രജ്ഞനും പൊതുമരാമത്ത് സർവെയറുമായ ക്രിസ്റ്റഫർ റെന്നുമായി അദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചു. തീപിടിത്തത്തിന്റെ ഓർമയ്ക്കായി ലണ്ടനിൽ സ്ഥാപിച്ചിരിക്കുന്ന 62 മീറ്റർ ഉയരമുള്ള സ്മാരകം, ഹുക്ക് രൂപകൽപ്പന ചെയ്ത നിരവധി സൃഷ്ടികളിൽ ഒന്നാണ്. ഒറ്റയ്ക്കു നിൽക്കുന്ന, ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിലാസ്തംഭമാണ് അത്. ഭൂഗുരുത്വാകർഷണം സംബന്ധിച്ച തന്റെ സിദ്ധാന്തങ്ങളെക്കുറിച്ചു പരീക്ഷണങ്ങൾ നടത്താൻ അതു തികച്ചും അനുയോജ്യമാണെന്ന് ഹുക്ക് തിരിച്ചറിഞ്ഞു.ഗ്രീൻവിച്ച് റോയൽ വാനനിരീക്ഷണ കേന്ദ്രത്തിന്റെ നിർമാണത്തിനുള്ള ബഹുമതി റെന്നിനാണെങ്കിലും അതിന്റെ രൂപകൽപ്പനയിൽ ഹുക്കിന് നിർണായകമായ ഒരു പങ്കുണ്ടായിരുന്നു. ഹുക്ക് ഏറ്റെടുത്തു നടത്തിയ മറ്റൊരു നിർമാണ പദ്ധതിയായിരുന്നു മോണ്ടെഗു ഹൗസ്; ബ്രിട്ടീഷ് മ്യൂസിയം ആദ്യം പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു.
ഒരു ജ്യോതിശ്ശാസ്ത്രജ്ഞനെന്ന നിലയിൽ മികച്ചുനിന്ന ഹുക്ക് പ്രതിഫലന ദൂരദർശിനി നിർമിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു. സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ ജെയിംസ് ഗ്രിഗറിയുടെ പേരാണ് ഹുക്ക് തന്റെ ദൂരദർശിനിക്കു നൽകിയത്. വ്യാഴം സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുവെന്ന് ഹുക്ക് കണ്ടെത്തി. കൂടാതെ അദ്ദേഹം വരച്ച, ചൊവ്വായുടെ സ്കെച്ചുകൾ രണ്ടു നൂറ്റാണ്ടിനുശേഷം ആ ഗ്രഹത്തിന്റെ ഭ്രമണനിരക്കു കണ്ടുപിടിക്കാൻ സഹായകമായി.
എന്തുകൊണ്ട് വിസ്മരിക്കപ്പെട്ടു?
1687-ൽ ഐസക് ന്യൂട്ടൻ മാത്തമാറ്റിക്കൽ പ്രിൻസിപ്പിൾസ് ഓഫ് നാച്ച്വറൽ ഫിലോസഫി പ്രസിദ്ധീകരിച്ചു. ഹുക്കിന്റെ മൈക്രോഗ്രാഫിയയ്ക്ക് 22 വർഷങ്ങൾക്കുശേഷം പുറത്തുവന്ന പ്രസ്തുത പ്രസിദ്ധീകരണം ഗുരുത്വാകർഷണ നിയമം ഉൾപ്പെടെയുള്ള ചലന നിയമങ്ങൾ വിശദീകരിക്കുകയുണ്ടായി. എന്നാൽ അലൻ ചാപ്മാൻ പറയുന്നതനുസരിച്ച്, ഹുക്ക് “ന്യൂട്ടനു മുമ്പുതന്നെ ഗുരുത്വാകർഷണ നിയമത്തിന്റെ പല വശങ്ങളും വെളിപ്പെടുത്തിയിരുന്നു.” പ്രകാശത്തിന്റെ സ്വഭാവം സംബന്ധിച്ചു ഗവേഷണം നടത്താൻ ന്യൂട്ടനെ പ്രചോദിപ്പിച്ചതും ഹുക്കിന്റെ പ്രസിദ്ധീകരണമായിരുന്നു.
സങ്കടകരമെന്നു പറയട്ടെ, പ്രകാശത്തെയും ഗുരുത്വാകർഷണത്തെയും സംബന്ധിച്ചുള്ള തർക്കങ്ങൾ ഇരുവർക്കുമിടയിലുള്ള ബന്ധം വഷളാകാൻ ഇടയാക്കി. മാത്തമാറ്റിക്കൽ പ്രിൻസിപ്പിൾസിൽ ഹുക്കിനെക്കുറിച്ചുണ്ടായിരുന്ന പരാമർശങ്ങൾ ന്യൂട്ടൻ നീക്കംചെയ്യുകപോലുമുണ്ടായി. ഒരു ആധികാരികവൃത്തം ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, ഹുക്കിന്റെ സംഭാവനകൾ ശാസ്ത്രരേഖകളിൽനിന്നു മായ്ചുകളാനും ന്യൂട്ടൻ ശ്രമിച്ചു. കൂടാതെ ന്യൂട്ടൻ, റോയൽ സൊസൈറ്റിയുടെ പ്രസിഡന്റ് ആയശേഷം ഉടൻതന്നെ ഹുക്കിന്റെ പല ശാസ്ത്രരേഖകളും ഉപകരണങ്ങളും—അവയിൽ മിക്കതും കൈകൊണ്ടു നിർമിച്ചവയായിരുന്നു—അദ്ദേഹത്തിന്റെ ആധികാരികമായ ഒരേയൊരു ചിത്രവും അപ്രത്യക്ഷമായി. അതിന്റെയെല്ലാം ഫലമായി രണ്ടു നൂറ്റാണ്ടിലേറെക്കാലം ലോകം ഹുക്കിനെ ഏറെക്കുറെ വിസ്മരിച്ചുകളഞ്ഞു.
വൈരുധ്യമെന്നു പറയട്ടെ, “ബഹുദൂരം മുന്നോട്ടുനോക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു ബുദ്ധിരാക്ഷസ്സന്മാരുടെ തോളത്തുനിന്നുകൊണ്ടുമാത്രമാണ്” എന്ന ന്യൂട്ടന്റെ പ്രശസ്തമായ വാക്കുകൾ 1675 ഫെബ്രുവരി 5-ാം തീയതി അദ്ദേഹം ഹുക്കിന് എഴുതിയ കത്തിലാണു കാണപ്പെടുന്നത്. വാസ്തുശിൽപ്പി, ജ്യോതിശ്ശാസ്ത്രജ്ഞൻ, ശാസ്ത്രഗവേഷകൻ, ശാസ്ത്രീയ ഉപജ്ഞാതാവ്, സർവേയർ എന്നീ നിലകളിലെല്ലാം റോബർട്ട് ഹുക്ക് അന്നാളിൽ ഒരു ബുദ്ധിരാക്ഷസൻതന്നെയായിരുന്നു.
[അടിക്കുറിപ്പ്]
a 15-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലും 16-ാം നൂറ്റാണ്ടിന്റെ പൂർവാർധത്തിലുമായി ജീവിച്ചിരുന്ന ഒരു ഇറ്റാലിയൻ ചിത്രകാരനും ശിൽപ്പിയും എൻജിനീയറും ഉപജ്ഞാതാവുമാണ് ഡാവിഞ്ചി.
[26-ാം പേജിലെ ചിത്രങ്ങൾ]
ഹുക്ക് വരച്ച, ഹിമപരലുകളുടെയും ഉറമഞ്ഞിന്റെയും രൂപമാതൃക
[26-ാം പേജിലെ ചിത്രം]
ഹുക്കിന്റെ സൂക്ഷ്മദർശിനിയുടെ രൂപമാതൃക
[27-ാം പേജിലെ ചിത്രം]
കോർക്കിലെ സൂക്ഷ്മമായ അറകളെ വർണിക്കാൻ ഹുക്ക് “സെൽ” എന്ന പദം കണ്ടുപിടിച്ചു
[27-ാം പേജിലെ ചിത്രം]
ഹുക്ക് സൂക്ഷ്മദർശിനിയിലൂടെ കണ്ട കാര്യങ്ങൾ അദ്ദേഹത്തിന്റെ മൈക്രോഗ്രാഫിയയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു
[27-ാം പേജിലെ ചിത്രങ്ങൾ]
ഒരു ചെള്ളിന്റെ ഏകദേശ വലുപ്പം
ഹുക്ക് വരച്ച ചെള്ളിന്റെ പടം കണ്ട് സ്ത്രീകൾ മോഹാലസ്യപ്പെട്ടതായി പറയപ്പെടുന്നു
[28-ാം പേജിലെ ചിത്രം]
മോണ്ടെഗു ഹൗസ്—ഹുക്ക് രൂപകൽപ്പന ചെയ്ത അനേകം നിർമിതികളിൽ ഒന്ന്
[28-ാം പേജിലെ ചിത്രം]
ഇലാസ്തികതാനിയമം വിശദീകരിച്ചുകൊണ്ട് ഹുക്ക് വരച്ച ഒരു ചിത്രം
[28-ാം പേജിലെ ചിത്രം]
ലണ്ടൻ മെമ്മോറിയൽ സ്തംഭം—ഒറ്റയ്ക്കു നിൽക്കുന്ന, ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിലാസ്തംഭം
[28-ാം പേജിലെ ചിത്രം]
റോയൽ വാനനിരീക്ഷണകേന്ദ്രം
[26-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
സ്പ്രിങ്, സൂക്ഷ്മദർശിനി, ഹിമപരലുകൾ: Images courtesy of the Posner Memorial Collection, Carnegie Mellon University Libraries
[27-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Images courtesy of the Posner Memorial Collection, Carnegie Mellon University Libraries
[28-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
സ്പ്രിങ്ങിന്റെ ഡയഗ്രം: Image courtesy of the Posner Memorial Collection, Carnegie Mellon University Libraries; ലണ്ടൻ മെമ്മോറിയൽ ടവർ: Matt Bridger/DHD Multimedia Gallery; റോയൽ വാനനിരീക്ഷണകേന്ദ്രം: © National Maritime Museum, London