വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മത്സ്യവും ഭക്ഷ്യ വിഷബാധയും ഫിജിയിലെ ഉണരുക! ലേഖകൻ

മത്സ്യവും ഭക്ഷ്യ വിഷബാധയും ഫിജിയിലെ ഉണരുക! ലേഖകൻ

മത്സ്യവും ഭക്ഷ്യ വിഷബാ​ധ​യും ഫിജി​യി​ലെ ഉണരുക! ലേഖകൻ

കഴിക്കണമോ വേണ്ടയോ—ആരെ​ബോ​ണ്ടോ ഒന്നു ശങ്കിച്ചു. കഴിച്ചാ​ലുള്ള അപകടം ഒരുവ​ശത്ത്‌, വിശപ്പി​ന്റെ വിളി മറുവ​ശത്ത്‌. പൊരിച്ച മീനിന്റെ കൊതി​യൂ​റുന്ന മണം മൂക്കി​ലൂ​ടെ തുളച്ചു​ക​യറി. വിശപ്പി​ന്റെ ആധിക്യ​ത്തിൽ എല്ലാ ഭയവും പമ്പകടന്നു. എന്നാൽ അതു കഴിച്ച ഉടൻതന്നെ അദ്ദേത്തിന്‌ മനംപി​ര​ട്ട​ലും അടിവ​യ​റ്റിൽ നോവും അനുഭ​വ​പ്പെട്ടു. പുറകേ ഛർദി​യും വയറി​ള​ക്ക​വും തുടങ്ങി. അത്‌ കഴി​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി​പ്പോ​യി.

ആരെ​ബോ​ണ്ടോ​യെ​യും​കൊണ്ട്‌ സുഹൃ​ത്തു​ക്കൾ ആ ചെറു പസിഫിക്‌ ദ്വീപി​ലെ ആശുപ​ത്രി​യി​ലേക്കു പാഞ്ഞു. അവിടെ എത്തിയ​പ്പോ​ഴേ​ക്കും അദ്ദേഹം അർധ​ബോ​ധാ​വ​സ്ഥ​യിൽ ആയിരു​ന്നു. നിർജ​ലീ​ക​രണം ബാധി​ച്ചി​രുന്ന അദ്ദേഹ​ത്തിന്‌ നെഞ്ചു​വേ​ദ​ന​യും അനുഭ​വ​പ്പെ​ട്ടി​രു​ന്നു. രക്തസമ്മർദം അപകട​ക​ര​മാം​വി​ധം താണു​പോ​യി​രു​ന്നു. നാഡി​മി​ടി​പ്പി​ന്റെ നിരക്കും കുറവാ​യി​രു​ന്നു. ഏതാനും ദിവസ​ത്തേക്ക്‌ അദ്ദേഹ​ത്തിന്‌ തലവേ​ദ​ന​യും തലചു​റ്റ​ലും ക്ഷീണവും ഒപ്പം കാലു​കൾക്കു മരവി​പ്പും മൂത്ര​മൊ​ഴി​ക്കു​മ്പോൾ വേദന​യും, തണുപ്പു ചൂടും, ചൂടു തണുപ്പും ആയി തോന്നുന്ന വിചി​ത്രാ​നു​ഭ​വ​വും (Sensory reversal) ഉണ്ടായി. എട്ടു ദിവസം കഴിഞ്ഞ​പ്പോൾ നാഡി​മി​ടിപ്പ്‌ സാധാരണ നിലയി​ലാ​യെ​ങ്കി​ലും മരവി​പ്പും ക്ഷീണവും ആഴ്‌ച​ക​ളോ​ളം നീണ്ടു​നി​ന്നു.

ഉഷ്‌ണ​മേ​ഖ​ല​യി​ലെ പവിഴ​പ്പു​റ്റു​കൾക്കി​ട​യിൽ വസിക്കുന്ന മത്സ്യങ്ങൾ പൊതു​വേ ഭക്ഷ്യ​യോ​ഗ്യ​മാണ്‌. എന്നാൽ ശക്തി​യേ​റിയ, പ്രകൃ​തി​ജന്യ വിഷങ്ങൾ ഈ മത്സ്യങ്ങളെ മലിന​മാ​ക്കാ​റുണ്ട്‌. ആരെ​ബോ​ണ്ടോ​യെ കെണി​യി​ലാ​ക്കി​യത്‌ ഇതാണ്‌. ഈ സ്ഥിതി​വി​ശേ​ഷത്തെ സിഗ്വാ​റ്റെറാ മത്സ്യവി​ഷ​ബാധ (CFP) എന്നാണു വിളി​ക്കു​ന്നത്‌. ഇന്ത്യൻ, പസിഫിക്‌ സമു​ദ്ര​ങ്ങ​ളു​ടെ ഉഷ്‌ണ, മിതോ​ഷ്‌ണ​മേ​ഖ​ല​ക​ളി​ലും കരീബി​യൻക​ട​ലി​ലും ആണ്‌ ഇതു കണ്ടുവ​രു​ന്നത്‌. പ്രാ​ദേ​ശി​ക​മാ​യി പിടി​ക്കുന്ന മത്സ്യങ്ങൾ ഈ പ്രദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ആഹാര​ത്തിൽ ഒരു സുപ്ര​ധാന സ്ഥാനം വഹിക്കു​ന്നു.

സിഗ്വാ​റ്റെ​റാ മത്സ്യവി​ഷ​ബാധ ഒരു പുതിയ രോഗമല്ല. വാസ്‌ത​വ​ത്തിൽ ഇത്‌ യൂറോ​പ്യൻ സമു​ദ്ര​പ​ര്യ​വേ​ക്ഷ​ക​രു​ടെ ഒരു പേടി​സ്വ​പ്‌ന​മാ​യി​രു​ന്നു. അതു​പോ​ലെ​തന്നെ ഇക്കാലത്ത്‌ അവധി​ക്കാ​ലം ചെലവി​ടാൻ പോകുന്ന പലർക്കും ഇതിന്റെ ഗുരു​ത​ര​മായ ഫലങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ഇത്‌ പല ദ്വീപ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ​യും മത്സ്യബന്ധന, ടൂറിസ്റ്റ്‌ വ്യവസാ​യ​ത്തി​നു ക്ഷീണം ഏൽപ്പി​ക്കു​ന്നു​വെന്നു വ്യക്തമാണ്‌. മാത്രമല്ല പവിഴ​പ്പു​റ്റു​കൾക്കി​ട​യിൽ കാണ​പ്പെ​ടുന്ന മത്സ്യങ്ങളെ ജീവ​നോ​ടെ​യും ശീതീ​ക​രി​ച്ചും അന്തർദേ​ശീ​യ​മാ​യി വ്യാപാ​രം ചെയ്യു​ന്നതു മുഖാ​ന്തരം CFP ഉഷ്‌ണ​മേ​ഖ​ല​യിൽനിന്ന്‌ ഭൂമി​യു​ടെ വിദൂ​ര​ഭാ​ഗ​ങ്ങ​ളി​ലേക്ക്‌ എത്തുക​യും ചെയ്‌തി​രി​ക്കു​ന്നു. അവിട​ങ്ങ​ളിൽ ഈ വിഷബാധ എളുപ്പ​ത്തിൽ തിരി​ച്ച​റി​യ​പ്പെ​ടു​ന്നു​മില്ല. a

പവിഴ​പ്പു​റ്റു മേഖല​യി​ലെ മത്സ്യങ്ങളെ വിഷമ​യ​മാ​ക്കു​ന്നത്‌ എന്താണ്‌? വിഷമുള്ള മത്സ്യങ്ങളെ തിരി​ച്ച​റി​യാ​നാ​കു​മോ? ദശാബ്ദ​ങ്ങ​ളോ​ളം നടത്തിയ ഗവേഷണം എന്തു വെളി​പ്പെ​ടു​ത്തു​ന്നു എന്നതു ശ്രദ്ധി​ക്കുക.

കുറ്റവാ​ളി​യെ കണ്ടെത്തു​ന്നു

സിഗ്വാ​റ്റെറാ മത്സ്യവി​ഷ​ബാ​ധ​യ്‌ക്ക്‌ ഇടയാ​ക്കു​ന്ന​താ​യി പൊതു​വേ കണക്കാ​ക്ക​പ്പെ​ടു​ന്നത്‌ ഡൈ​നോ​ഫ്‌ളാ​ജെ​ല്ലേറ്റ്‌ എന്നൊരു സൂക്ഷ്‌മ​ജീ​വി​യാണ്‌. b ചത്തൊ​ടു​ങ്ങിയ പവിഴ​പ്പു​റ്റു​ക​ളിൽ കാണുന്ന ഈ സൂക്ഷ്‌മാ​ണു, ആൽഗക​ളിൽ പറ്റിപ്പി​ടി​ച്ചാണ്‌ കഴിയു​ന്നത്‌. ഇത്തരം ആൽഗകളെ ഭക്ഷണമാ​ക്കുന്ന ചെറു​മ​ത്സ്യ​ങ്ങ​ളു​ടെ ഉള്ളിൽ ഡൈ​നോ​ഫ്‌ളാ​ജെ​ല്ലേറ്റ്‌ ഉത്‌പാ​ദി​പ്പി​ക്കുന്ന സിഗ്വാ​ടോ​ക്‌സി​നു​കൾ എന്നറി​യ​പ്പെ​ടുന്ന വിഷപ​ദാർഥങ്ങൾ എത്തി​ച്ചേ​രു​ന്നു. ഈ ചെറു മത്സ്യങ്ങളെ വലിയ മത്സ്യങ്ങ​ളും അവയെ വേറെ മത്സ്യങ്ങ​ളും ഭക്ഷണമാ​ക്കു​ന്നു. ഇങ്ങനെ ഭക്ഷ്യശൃം​ഖ​ല​യി​ലെ ഓരോ കണ്ണിയും പിന്നി​ടു​ന്തോ​റും വിഷത്തി​നു കാഠി​ന്യ​മേ​റു​ന്നു. എങ്കിലും ഈ വിഷം മത്സ്യത്തി​നു യാതൊ​രു ദോഷ​വും വരുത്തു​ന്നില്ല.

ജീവികൾ ഉത്‌പാ​ദി​പ്പി​ക്കുന്ന വിഷങ്ങ​ളിൽ ഏറ്റവും മാരക​മാ​യ​വ​യു​ടെ ഗണത്തിൽപ്പെ​ടു​ന്ന​താണ്‌ സിഗ്വാ​ടോ​ക്‌സി​നു​കൾ. ആശ്വാ​സ​ക​ര​മെന്നു പറയട്ടെ, “ഏതാനും വർഗങ്ങ​ളിൽപ്പെട്ട മത്സ്യങ്ങൾ മാത്രമേ ഈ വിഷബാ​ധ​യ്‌ക്ക്‌ ഇടയാ​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു​ള്ളൂ” എന്ന്‌ ഓസ്‌​ട്രേ​ലി​യൻ ഗവൺമെ​ന്റി​ന്റെ ഒരു പത്രക്കു​റിപ്പ്‌ പറയുന്നു. മത്സ്യങ്ങ​ളി​ല​ട​ങ്ങി​യി​രി​ക്കുന്ന വിഷം അവയുടെ രൂപം, ഗന്ധം, രുചി എന്നിവ​യ്‌ക്കു മാറ്റം​വ​രു​ത്തു​ന്നില്ല. കൂടാതെ, വേവി​ക്കു​ക​യോ ഉണക്കു​ക​യോ ഉപ്പിലി​ടു​ക​യോ പുകയ​ത്തു​വെ​ക്കു​ക​യോ പാചകം ചെയ്യു​ന്ന​തി​നു​മുമ്പ്‌ മസാല തേച്ചു​വെ​ക്കു​ക​യോ ചെയ്യു​ന്ന​തി​ലൂ​ടെ അതിന്റെ വിഷാം​ശം ഇല്ലാതാ​ക്കാ​നും കഴിയു​ക​യില്ല. ആരെ​ബോ​ണ്ടോ​യു​ടെ കാര്യ​ത്തിൽ കഠിന​മായ വയറു​വേ​ദ​ന​യും നെഞ്ചു​വേ​ദ​ന​യും നാഡീ​സം​ബ​ന്ധ​മായ പ്രശ്‌ന​ങ്ങ​ളും ഉണ്ടാകു​ന്ന​തു​വരെ അദ്ദേഹം കഴിച്ച മത്സ്യത്തിൽ ഇങ്ങനെ​യൊ​രു കെണി ഒളിഞ്ഞി​രി​പ്പു​ണ്ടെ​ന്ന​തി​ന്റെ സൂചന​പോ​ലും ഇല്ലായി​രു​ന്നു.

രോഗ​നിർണ​യ​വും ചികി​ത്സ​യും

മനുഷ്യ​നിൽ ഈ വിഷബാധ കണ്ടുപി​ടി​ക്കാ​നുള്ള പരി​ശോ​ധ​ന​ക​ളൊ​ന്നും നിലവി​ലില്ല. മത്സ്യം കഴിച്ച്‌ സാധാ​ര​ണ​ഗ​തി​യിൽ ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ പ്രത്യ​ക്ഷ​മാ​കുന്ന വ്യത്യസ്‌ത ലക്ഷണങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​ണു രോഗ​നിർണയം നടത്തുക. മിച്ചംവന്ന മത്സ്യത്തിൽ വിഷാം​ശ​മു​ണ്ടോ എന്നു പരി​ശോ​ധിച്ച്‌ ഒരുപക്ഷേ രോഗ​ബാധ ഉറപ്പു​വ​രു​ത്തു​ക​യും ചെയ്യാ​വു​ന്ന​താണ്‌. (21-ാം പേജിലെ ചതുരം കാണുക.) CFP ആണെന്ന്‌ സംശയം തോന്നു​ന്ന​പക്ഷം ഉടൻതന്നെ ഡോക്ടറെ കാണു​ന്ന​താ​യി​രി​ക്കും ബുദ്ധി. ഇതിന്‌ ഒരു മറുമ​രുന്ന്‌ ഇല്ലെങ്കി​ലും ചികിത്സ നൽകി​യാൽ പൊതു​വേ ഏതാനും ദിവസ​ങ്ങൾക്കു​ള്ളിൽ രോഗ​ല​ക്ഷ​ണങ്ങൾ തല താഴ്‌ത്തി​യേ​ക്കാം. എന്നിരു​ന്നാ​ലും ഒരുവനെ ക്രമേണ തളർത്തി​ക്ക​ള​ഞ്ഞു​കൊണ്ട്‌ ശാരീ​രി​ക​പ്ര​വർത്ത​ന​ങ്ങളെ മന്ദഗതി​യി​ലാ​ക്കാൻ CFP-യ്‌ക്ക്‌ കഴിയും. എന്നാൽ നേര​ത്തേ​തന്നെ വൈദ്യ​സ​ഹാ​യം തേടി​യാൽ സ്ഥായി​യായ പ്രശ്‌നങ്ങൾ ഉണ്ടാകു​ന്നതു തടയാ​നാ​യേ​ക്കും.

രോഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ തീവ്ര​ത​യി​ലും വ്യത്യാ​സ​മുണ്ട്‌. അതിനു നിദാ​ന​മാ​യി വർത്തി​ക്കു​ന്നതു പല ഘടകങ്ങ​ളാണ്‌. മത്സ്യത്തി​ന്റെ വിഷം, മത്സ്യത്തി​ന്റെ ഏതെല്ലാം ഭാഗങ്ങൾ എത്രമാ​ത്രം കഴിച്ചു, രോഗി​യിൽ ഇപ്പോൾത്ത​ന്നെ​യുള്ള മത്സ്യവി​ഷ​ത്തി​ന്റെ അളവ്‌, പ്രദേ​ശ​ത്തി​ന​നു​സ​രിച്ച്‌ വിഷത്തിന്‌ ഏറ്റക്കു​റ​ച്ചിൽ വരാ​മെ​ന്നു​ള്ള​തി​നാൽ ഏതു സ്ഥലത്തു​നി​ന്നുള്ള മത്സ്യമാണ്‌ കഴിച്ചത്‌ എന്നിവ​യെ​ല്ലാം ഇതിൽപ്പെ​ടു​ന്നു. മനുഷ്യ​ശ​രീ​രം ഇത്തരം വിഷങ്ങൾക്ക്‌ എതിരെ പ്രതി​രോ​ധ​ശേഷി ആർജി​ക്കു​ന്ന​തി​നു പകരം അവയോ​ടു കൂടുതൽ സംവേ​ദ​ക​ത്വം ഉള്ളതാ​യി​ത്തീ​രു​ക​യും തുടർന്നു​ണ്ടാ​കുന്ന ഓരോ ആക്രമ​ണ​ത്തെ​യും കൂടുതൽ വഷളാ​ക്കി​ത്തീർക്കു​ക​യു​മാണ്‌ ചെയ്യു​ന്നത്‌. മദ്യം കഴിക്കു​ന്ന​തും രോഗ​ല​ക്ഷ​ണ​ങ്ങളെ വഷളാ​ക്കു​ന്നു. രോഗ​ല​ക്ഷണം വീണ്ടും തലപൊ​ക്കാ​തി​രി​ക്കാൻ CFP ഉണ്ടായി മൂന്നു​മു​തൽ ആറുമാ​സം​വരെ രോഗി മത്സ്യം ഒഴിവാ​ക്ക​ണ​മെന്ന്‌ ഈ രോഗ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പ്രസി​ദ്ധീ​ക​രണം പറയുന്നു.

അതിക​ഠി​ന​മാ​യ വിഷബാധ ആഴ്‌ച​ക​ളോ മാസങ്ങ​ളോ ചില​പ്പോൾ വർഷങ്ങൾപോ​ലു​മോ നീണ്ടു​നി​ന്നേ​ക്കാം. വിട്ടു​മാ​റാത്ത ക്ഷീണ​രോ​ഗ​ത്തി​ന്റേ​തി​നോ​ടു സമാന​മായ ലക്ഷണങ്ങ​ളാ​യി​രി​ക്കും ആ സമയത്തു​ണ്ടാ​വുക. അപൂർവ​മാ​യി​ട്ടെ​ങ്കി​ലും രക്തസമ്മർദം കുറഞ്ഞിട്ട്‌ ശാരീ​രിക പ്രവർത്ത​നങ്ങൾ മന്ദീഭ​വി​ക്കു​ക​യോ ശ്വസന​വ്യ​വ​സ്ഥ​യു​ടെ അല്ലെങ്കിൽ ഹൃദയ​ത്തി​ന്റെ പ്രവർത്തനം തകരാ​റി​ലാ​കു​ക​യോ നിർജ​ലീ​ക​രണം ബാധി​ക്കു​ക​യോ ചെയ്‌തിട്ട്‌ മരണവും സംഭവി​ക്കാ​റുണ്ട്‌. മത്സ്യത്തി​ന്റെ ശരീര​ത്തിൽ വിഷാം​ശം കൂടുതൽ കാണ​പ്പെ​ടുന്ന തല, ആന്തരിക അവയവങ്ങൾ എന്നിവ കഴിക്കു​മ്പോ​ഴാണ്‌ മിക്ക​പ്പോ​ഴും അങ്ങനെ സംഭവി​ക്കുക.

ചുരു​ള​ഴി​യാത്ത ഒരു രഹസ്യം

പവിഴ​പ്പു​റ്റു മേഖല​യിൽ കഴിയുന്ന മിക്കവാ​റും എല്ലാ മത്സ്യങ്ങ​ളും അവയുടെ ഇരപി​ടി​യ​ന്മാ​രും വിഷമു​ള്ള​വ​യാ​യി​ത്തീ​രാൻ സാധ്യ​ത​യുണ്ട്‌. എന്നാൽ ഇവി​ടെ​യാണ്‌ ഇതുവരെ ചുരു​ള​ഴി​യാത്ത ഒരു രഹസ്യം ഒളിഞ്ഞി​രി​ക്കു​ന്നത്‌. ഒരു പവിഴ​പ്പു​റ്റു മേഖല​യിൽനി​ന്നു പിടി​ക്കുന്ന മത്സ്യങ്ങൾ ഭയങ്കര വിഷമു​ള്ള​വ​യാ​യി​രി​ക്കാ​മെ​ങ്കി​ലും അതിന്റെ അടുത്തുള്ള സ്ഥലങ്ങളിൽനി​ന്നു പിടി​ക്കുന്ന അതേ വർഗത്തിൽപ്പെട്ട മത്സ്യങ്ങൾക്ക്‌ യാതൊ​രു കുഴപ്പ​വും കണ്ടെന്നു​വ​രില്ല. ലോക​ത്തി​ന്റെ ഒരു ഭാഗത്ത്‌ മിക്ക​പ്പോ​ഴും വിഷബാ​ധ​യ്‌ക്ക്‌ ഇടയാ​ക്കുന്ന ഇനം മത്സ്യങ്ങൾ മറ്റൊരു ഭാഗത്ത്‌ തികച്ചും ഭക്ഷ്യ​യോ​ഗ്യ​മാ​യി​രി​ക്കും. ഡൈ​നോ​ഫ്‌ളാ​ജെ​ല്ലേ​റ്റു​കൾ പുറ​പ്പെ​ടു​വി​ക്കുന്ന വിഷത്തി​ന്റെ തോത്‌ ഒരു​പോ​ലെ അല്ലാത്ത​തി​നാൽ മത്സ്യത്തി​നു വിഷാം​ശ​മു​ണ്ടാ​യി​രി​ക്കു​മോ എന്നു മുൻകൂ​ട്ടി​പ്പ​റ​യാ​നാ​വില്ല.

വിഷമ​ത്സ്യ​മാ​ണോ എന്നു കണ്ടുപി​ടി​ക്കാൻ മുടക്കുന്ന പണത്തിന്‌ തക്ക മൂല്യ​മുള്ള, ആശ്രയ​യോ​ഗ്യ​മായ പരി​ശോ​ധ​നകൾ ഒന്നുമില്ല എന്നത്‌ സാഹച​ര്യ​ത്തെ കൂടുതൽ വഷളാ​ക്കു​ന്നു. ആരോഗ്യ മേഖല​യി​ലെ അധികാ​രി​കൾക്ക്‌ ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി ഏതു മത്സ്യങ്ങൾ ഒഴിവാ​ക്കണം അവ കടലിൽ എവി​ടെ​യാണ്‌ കാണു​ന്നത്‌ എന്നീ കാര്യങ്ങൾ സംബന്ധിച്ച്‌ പൊതു​ജ​നത്തെ ബോധ​വ​ത്‌ക​രി​ക്കുക എന്നതാണ്‌. സിഗ്വാ​റ്റെറാ വിഷബാ​ധ​യെ​ക്കു​റിച്ച്‌ ഇതുവരെ റിപ്പോർട്ടു ചെയ്യ​പ്പെ​ട്ടി​ട്ടുള്ള വിവര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ അവർക്ക്‌ അതു ചെയ്യാ​വു​ന്ന​താണ്‌. അപകട​കാ​രി​ക​ളായ ഇനങ്ങളു​ടെ പട്ടിക​യിൽപ്പെ​ടു​ന്ന​വ​യാണ്‌ ബാരാ​ക്കു​ഡാ, ഗ്രൂപ്പർ, കിങ്‌ഫിഷ്‌, റെഡ്‌ബാസ്സ്‌, റോക്ക്‌ഫിഷ്‌, സ്‌നാ​പ്പെർ, മോറെ ഈൽ എന്നിവ. പ്രായ​വും വലിപ്പ​വു​മേ​റിയ മത്സ്യങ്ങ​ളാണ്‌ കൂടുതൽ അപകട​ക​ര​മാ​യി​ത്തീ​രാ​റു​ള്ളത്‌. പ്രശ്‌നം സൃഷ്ടി​ച്ചേ​ക്കാ​വുന്ന മത്സ്യങ്ങ​ളു​ടെ വിൽപ്പന ചിലയി​ട​ങ്ങ​ളിൽ നിയമം​മൂ​ലം നിരോ​ധി​ച്ചി​ട്ടുണ്ട്‌. എങ്കിലും പവിഴ​പ്പു​റ്റു​ക​ളു​ടെ ഇടയിൽ കാണുന്ന മത്സ്യങ്ങളെ ആഹാര​മാ​ക്കാത്ത മത്സ്യങ്ങ​ളും മിതോഷ്‌ണ മേഖല​യി​ലുള്ള മത്സ്യങ്ങ​ളും പൊതു​വേ കുഴപ്പ​മി​ല്ലാ​ത്ത​വ​യാ​യാണ്‌ കണക്കാ​ക്ക​പ്പെ​ടു​ന്നത്‌.

സിഗ്വാ​റ്റെറ മത്സ്യവി​ഷ​ബാധ ഇനിയും വർധി​ക്കു​മെ​ന്നാണ്‌ സൂചന. ചത്തൊ​ടു​ങ്ങുന്ന പവിഴ​പ്പു​റ്റു​കൾ വിഷകാ​രി​ക​ളായ ഡൈ​നോ​ഫ്‌ളാ​ജെ​ല്ലേ​റ്റു​ക​ളു​ടെ വിളഭൂ​മി ആയിത്തീ​രു​ന്ന​താണ്‌ അതിന്റെ ഭാഗി​ക​മായ കാരണം. പവിഴ​പ്പു​റ്റു​കൾ വൻതോ​തിൽ രോഗ​ബാ​ധി​ത​മാ​കു​ക​യോ ചത്തൊ​ടു​ങ്ങു​ക​യോ ചെയ്യു​ന്ന​താ​യി റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു.

ഈ മത്സ്യവി​ഷ​ബാധ മുൻകൂ​ട്ടി​പ്പ​റ​യാ​നാ​വി​ല്ലെ​ങ്കി​ലും അടിസ്ഥാ​ന​പ​ര​മായ ചില കാര്യങ്ങൾ ശ്രദ്ധി​ച്ചാൽ നിങ്ങൾക്ക്‌ അപകട സാധ്യത കുറയ്‌ക്കാ​നാ​കും. (മുകളി​ലുള്ള ചതുരം കാണുക.) ഈ നിർദേ​ശങ്ങൾ അനുസ​രി​ക്കാ​തി​രു​ന്ന​താണ്‌ ആരെ​ബോ​ണ്ടോ​യെ മരണത്തി​ന്റെ വക്കി​ലെ​ത്തി​ച്ചത്‌. ആ പ്രദേ​ശ​ത്തു​നി​ന്നും പിടി​ച്ചെ​ടുത്ത, അങ്ങേയറ്റം അപകട​കാ​രി​യാ​യി കണക്കാ​ക്ക​പ്പെ​ടുന്ന, റോക്‌ഫി​ഷി​ന്റെ തല ഉൾപ്പെ​ടെ​യാണ്‌ അദ്ദേഹം കഴിച്ചത്‌. മുമ്പൊ​രി​ക്കൽ അതു കഴിച്ചിട്ട്‌ യാതൊ​രു പ്രശ്‌ന​വും ഉണ്ടാകാ​തി​രു​ന്ന​തു​കൊണ്ട്‌ ആ ദ്വീപി​ലെ മറ്റനേ​ക​രെ​യും​പോ​ലെ അദ്ദേഹ​ത്തി​നും അമിത ആത്മവി​ശ്വാ​സം തോന്നി.

ഉഷ്‌ണ​മേ​ഖ​ലാ പ്രദേ​ശത്ത്‌ അവധി​ക്കാ​ലം ചെലവി​ടു​മ്പോൾ കടൽവി​ഭ​വങ്ങൾ ഒഴിവാ​ക്ക​ണ​മെ​ന്നാ​ണോ ഈ പറഞ്ഞു​വ​ന്ന​തി​ന്റെ അർഥം? ഒരിക്ക​ലു​മല്ല. മുന്നറി​യി​പ്പു​കൾ അനുസ​രി​ക്കുക, കഴിക്കുന്ന മത്സത്തിന്റെ കാര്യ​ത്തിൽ വിവേചന ഉപയോ​ഗി​ക്കുക, അതാണ്‌ ബുദ്ധി.

[അടിക്കു​റി​പ്പു​കൾ]

a തെറ്റായ രോഗ​നിർണ​യ​വും പല കേസു​ക​ളും റിപ്പോർട്ടു ചെയ്യ​പ്പെ​ടാ​തെ പോകു​ന്ന​തും നിമിത്തം എവി​ടെ​യെ​ല്ലാം വാസ്‌ത​വ​ത്തിൽ ഈ മത്സ്യവി​ഷ​ബാധ ഉണ്ടായി​ട്ടുണ്ട്‌ എന്നതു വ്യക്തമല്ല. ലോക​മെ​മ്പാ​ടു​മാ​യി ഓരോ വർഷവും 50,000-ത്തോളം കേസുകൾ ഉണ്ടാകു​ന്നു​ണ്ടെന്ന്‌ വ്യത്യസ്‌ത ഉറവു​ക​ളിൽനി​ന്നുള്ള കണക്കുകൾ സൂചി​പ്പി​ക്കു​ന്നു.

b ഡൈനോഫ്‌ളാജെല്ലേറ്റ്‌ ഗാമ്പി​യർഡി​സ്‌കസ്‌ ടോക്‌സി​കസ്‌ വർഗത്തിൽപ്പെ​ട്ട​താണ്‌.

[21-ാം പേജിലെ ചതുരം/ചിത്രം]

സാധാരണ രോഗ​ല​ക്ഷ​ണ​ങ്ങൾ

◼ വയറി​ളക്കം, മനംപി​രട്ടൽ, ഛർദി, അടിവ​യ​റ്റിൽ കോച്ചി​പ്പി​ടു​ത്ത​വും നോവും

◼ തണുത്തു​വി​റ​യ്‌ക്കൽ, വിയർക്കൽ, തലചുറ്റൽ, തലവേദന, ചൊറി​ച്ചിൽ

◼ വായ്‌ക്കു ചുറ്റു​മോ കൈക​ളി​ലോ പാദത്തി​ലോ മരവിപ്പ്‌ അല്ലെങ്കിൽ തരിപ്പ്‌

◼ തണുപ്പു ചൂടും ചൂടു തണുപ്പും ആയി തോന്നുന്ന വിചി​ത്രാ​നു​ഭവം (Sensory reversal)

◼ പേശി​കൾക്കും സന്ധികൾക്കും കൂടാതെ മൂത്ര​മൊ​ഴി​ക്കു​മ്പോ​ഴും വേദന

◼ നാഡി​മി​ടി​പ്പും രക്തസമ്മർദ​വും കുറയൽ, ക്ഷീണം

[21-ാം പേജിലെ ചതുരം/ചിത്രം]

അപകട സാധ്യത കുറയ്‌ക്കാൻ

◼ ഏതെല്ലാം മത്സ്യങ്ങ​ളാണ്‌ ഒഴിവാ​ക്കേ​ണ്ട​തെ​ന്നും വിഷബാ​ധ​യ്‌ക്ക്‌ ഇടയാ​ക്കി​യേ​ക്കാ​വുന്ന മത്സ്യങ്ങൾ എവി​ടെ​യാണ്‌ കാണ​പ്പെ​ടു​ന്ന​തെ​ന്നും പ്രാ​ദേ​ശിക ഫിഷറീസ്‌ വകുപ്പി​നോ​ടോ അനുഭ​വ​പ​രി​ച​യ​മു​ള്ള​വ​രോ​ടോ ചോദി​ച്ചു മനസ്സി​ലാ​ക്കുക.

◼ ഈയിടെ മത്സ്യവി​ഷ​ബാധ റിപ്പോർട്ടു ചെയ്യപ്പെട്ട സ്ഥലങ്ങളി​ലെ മത്സ്യം കഴിക്കാ​തി​രി​ക്കുക.

◼ പവിഴ​പ്പു​റ്റു മേഖല​യിൽ കണ്ടുവ​രുന്ന പ്രായ​മേ​റി​യ​തും വലുപ്പ​മു​ള്ള​തു​മായ മത്സ്യങ്ങൾ ഒഴിവാ​ക്കുക.

◼ തലയോ കരളോ മറ്റ്‌ ആന്തരാ​വ​യ​വ​ങ്ങ​ളോ കഴിക്ക​രുത്‌.

◼ പവിഴ​പ്പു​റ്റു മേഖല​യിൽനിന്ന്‌ ഒരു മത്സ്യത്തെ കിട്ടി​യാൽ ഉടൻതന്നെ അതിന്റെ ആന്തരഭാ​ഗങ്ങൾ പൂർണ​മാ​യി നീക്കം​ചെ​യ്യുക.

[20, 21 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സാധാരണ അപകട​കാ​രി​കൾ ആയിരു​ന്നേ​ക്കാ​വു​ന്നവ

(പ്രാ​ദേ​ശി​ക​മാ​യി വ്യത്യസ്‌ത പേരു​ക​ളു​ണ്ടാ​യി​രി​ക്കാം)

ബാരക്യൂഡ

ഗ്രൂപ്പർ

റോക്ക്‌ഫിഷ്‌

സ്‌നാപ്പെർ

കിങ്‌ഫിഷ്‌

മോറെ ഈൽ

[20-ാം പേജിലെ ചിത്രം]

ഡൈനോഫ്‌ളാജെല്ലേറ്റ്‌, വിഷ‘ഫാക്ടറി’

[20-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഈൽ ഒഴി​കെ​യുള്ള എല്ലാ മത്സ്യങ്ങളും: Illustrated by Diane Rome Peebles - Provided by the Florida Fish and Wildlife Conservation Commission, Division of Marine Fisheries Management; ഈൽ: Photo by John E. Randall; ഡൈനോഫ്‌ളാജെല്ലേറ്റ്‌: Image by D. Patterson and R. Andersen, provided courtesy of micro*scope (http://microscope.mbl.edu)

[21-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മത്സ്യപശ്ചാത്തലങ്ങൾ: Illustrated by Diane Rome Peebles - Provided by the Florida Fish and Wildlife Conservation Commission, Division of Marine Fisheries Management