വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“ദാരിദ്ര്യം മൂലം 60 ലക്ഷത്തോളം കുട്ടികൾ ഓരോ വർഷവും​—ഓരോ അഞ്ചു സെക്കൻഡിലും ഒരാൾ വീതം—⁠മരിക്കുന്നു.”​—⁠ജെയിംസ്‌ റ്റി. മോറിസ്‌, ലോക ഭക്ഷ്യ പരിപാടിയുടെ എക്‌സിക്യൂട്ടിവ്‌ ഡയറക്ടർ

ഔദ്യോഗിക കണക്കുകളനുസരിച്ച്‌, 2005 ആഗസ്റ്റിൽ തെക്കൻ ഐക്യനാടുകളിൽ ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റ്‌ 1,300-ലധികം പേരുടെ ജീവൻ കവർന്നു.​​—⁠ദ വാഷിങ്‌ടൺ പോസ്റ്റ്‌, യു.എ⁠സ്‌.എ.

2005 ഒക്ടോബറിൽ പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും വടക്കൻ പ്രദേശങ്ങളെ പിടിച്ചുകുലുക്കിയ ഭൂകമ്പം 74,000-ലധികം പേരുടെ ജീവനപഹരിച്ചു.​​—⁠ബിബിസി ന്യൂസ്‌, ബ്രിട്ടൻ.

“ഓരോ വർഷവും 12 ലക്ഷത്തോളം ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്നു” എന്ന്‌ ഒരു റിപ്പോർട്ടു സൂചിപ്പിക്കുന്നു.​​—⁠സൗത്ത്‌ ആഫ്രിക്കൻ മെഡിക്കൽ ജേർണൽ, സൗത്ത്‌ ആഫ്രിക്ക.

തലവേദന സൃഷ്ടിക്കുന്ന അമൂല്യ കലാസൃഷ്ടികൾ

പള്ളികളെ അലങ്കരിക്കുന്ന അമൂല്യ കലാസൃഷ്ടികൾ സംരക്ഷിക്കേണ്ടത്‌ എങ്ങനെയെന്നറിയാതെ പെറുവിലെ റോമൻ കത്തോലിക്കാ സഭാധികൃതർ കുഴങ്ങുകയാണ്‌. കോളനി വാഴ്‌ചക്കാലത്തുള്ളതാണ്‌ ഈ കലാസൃഷ്ടികൾ. പെറുവിൽ കഴിഞ്ഞ ആറു വർഷക്കാലത്ത്‌ 200 പള്ളികൾ കവർച്ചചെയ്യപ്പെട്ടു. കഴിഞ്ഞ 15 വർഷങ്ങളിൽ, കസ്‌കോയിൽ മാത്രം 5,000-ത്തോളം കലാസൃഷ്ടികളാണു മോഷ്ടിക്കപ്പെട്ടത്‌. അവയിൽ മിക്കതും വിലപിടിപ്പുള്ള എണ്ണച്ചായാചിത്രങ്ങളായിരുന്നു. രാജ്യവ്യാപകമായി ഇതുപോലെ എത്രയെണ്ണം കളവുപോയിട്ടുണ്ടെന്നതിനു യാതൊരു കണക്കുമില്ല. ചില പള്ളികൾ, മോഷ്ടാക്കളിൽനിന്നുള്ള സംരക്ഷണാർഥം കലാസൃഷ്ടികൾ ഒളിപ്പിച്ചുവെക്കുകയുണ്ടായി; എന്നാൽ ഒളിയിടങ്ങൾ ഒട്ടും അനുയോജ്യമായിരുന്നില്ല. ഒരു ഇടവകയുടെ എണ്ണച്ചായാചിത്രങ്ങളിൽ ചിലതെല്ലാം എലികൾ കാർന്നുതിന്നു!

ഫിൻലൻഡിൽ തൊഴിലാളി ദൗർലഭ്യം

മരപ്പണിക്കാർ, കല്ലാശാരിമാർ, നഴ്‌സുമാർ, പ്‌ളമറുമാർ, വെൽഡർമാർ, മെക്കാനിക്കുകൾ, മെഷീൻ പ്രവർത്തിപ്പിക്കുന്നവർ എന്നിങ്ങനെ അടിസ്ഥാന തൊഴിൽ പരിശീലനം നേടിയിട്ടുള്ള വിദഗ്‌ധരായ തൊഴിലാളികളെ കിട്ടാനില്ലാതെ നട്ടംതിരിയുകയാണ്‌ ഫിൻലൻഡിലെ വ്യാവസായിക, സേവന മേഖലകൾ. ഉന്നത വിദ്യാഭ്യാസത്തിനു നൽകപ്പെടുന്ന അമിതപ്രാധാന്യമാണ്‌ അതിനു കാരണമെന്ന്‌ ഹെൽസിങിൻ സാനൊമാറ്റ്‌ എന്ന വർത്തമാനപത്രം വിശദീകരിക്കുന്നു. “ഒരു തലമുറയെ മുഴുവൻ ആർട്‌സ്‌, സയൻസ്‌ വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവരും ഡോക്ടർമാരുമൊക്കെ ആക്കിത്തീർക്കുന്നതു മണ്ടത്തരമാണ്‌. തൊഴിൽ പരിശീലനത്തിനു കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു” എന്ന്‌ ഫിന്നിഷ്‌ വ്യാപാരി സമിതിയിലെ അംഗമായ ഹീക്കി റോപോണെൻ പറയുന്നു.

ഫ്രാൻസിൽ കോടതി ഉത്തരവ്‌ അനുകൂലം

ഫ്രാൻസിൽ 1996-ൽ, യഹോവയുടെ സാക്ഷികളെ, അപകടകരമായി കണക്കാക്കുന്ന “മതഭേദ”ങ്ങളുടെ പട്ടികയിൽ ചേർക്കുകയുണ്ടായി. പോലീസ്‌ അതിനായി ഉപയോഗിച്ച രേഖകൾ പരിശോധിക്കാൻ, സാക്ഷികൾക്ക്‌ അനുമതി നൽകണമെന്ന്‌ 2005 ഡിസംബർ 1-ന്‌ പാരീസിലെ അപ്പീൽ കോടതി അവിടത്തെ ആഭ്യന്തര മന്ത്രിയോട്‌ ഉത്തരവിട്ടു. രഹസ്യവിചാരണയിലാണ്‌ ഈ രേഖകൾ തയ്യാറാക്കിയത്‌. ‘രാഷ്‌ട്രത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷ’യുടെ പേരിൽ രേഖകളിലെ ഉള്ളടക്കം രഹസ്യമാക്കിവെക്കുകയും ചെയ്‌തു. എന്നിരുന്നാലും രേഖകളിൽ കാണപ്പെടുന്ന, സാക്ഷികളുടെ പ്രവർത്തനത്തിന്റെ “സ്വാധീനം സംബന്ധിച്ച വിലയിരുത്തൽ” “ഗൗരവസ്വഭാവം ഉള്ളതല്ലെന്ന്‌” കോടതി കണ്ടെത്തി. എന്നിട്ടും, ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾക്കു നേരിടേണ്ടിവരുന്ന മുൻവിധിയോടെയുള്ള പെരുമാറ്റത്തെ ന്യായീകരിക്കാൻ ഈ പട്ടിക ആവർത്തിച്ച്‌ ഉപയോഗിക്കുന്നു.

ചൈനയിലെ “ഹരിത വൻമതിൽ”

വനനശീകരണവും വരൾച്ചയും അമിത കാലിമേയ്‌ക്കലും ജലസ്രോതസ്സുകളുടെ ചൂഷണവും വ്യാപകമായ അളവിൽ ചൈനയുടെ ഭൂപ്രദേശങ്ങളെ പൊടിക്കാറ്റു വീശിയടിക്കുന്ന ഊഷരഭൂമിയാക്കിക്കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട്‌, ചൈനീസ്‌ ഗവണ്മെന്റ്‌ “ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പദ്ധതിക്കു” തുടക്കമിട്ടിരിക്കുന്നു എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ പറയുന്നു. “‘ഹരിത വൻമതിൽ’ എന്നറിയപ്പെടാനിടയായ ഈ പദ്ധതി പ്രകാരം, കാറ്റിൽ പറന്നെത്തുന്ന പൊടിപടലങ്ങൾ തടഞ്ഞുനിറുത്താൻ വൻതോതിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയുണ്ടായി.” പൊടി പറന്നുയരാതിരിക്കാൻ തരിശുസ്ഥലങ്ങളിൽ പുല്ലും കുറ്റിച്ചെടികളും വെച്ചുപിടിപ്പിച്ചു. 8.6 കോടി ഏക്കർ സ്ഥലത്ത്‌ വൻതോതിൽ വൃക്ഷങ്ങളും വരൾച്ചയെ അതിജീവിക്കുന്ന ചെടികളും നടുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ, 1978-ൽ ആരംഭിച്ച ഈ പദ്ധതി മിക്കവാറും പാതിദൂരം താണ്ടിയിരിക്കുന്നു.