വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തുഷ്ടദാമ്പത്യം കെട്ടിപ്പടുക്കാൻ

സന്തുഷ്ടദാമ്പത്യം കെട്ടിപ്പടുക്കാൻ

സന്തുഷ്ട​ദാ​മ്പ​ത്യം കെട്ടി​പ്പ​ടു​ക്കാൻ

“പുരുഷൻ . . . ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ ഏകദേ​ഹ​മാ​യി തീരും.”—ഉല്‌പത്തി 2:24.

സ്‌ത്രീ​യും പുരു​ഷ​നും തമ്മിലുള്ള ഒരു ശാശ്വത ബന്ധം—ആ ഉദ്ദേശ്യ​ത്തി​ലാണ്‌ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവം വിവാഹം ഏർപ്പെ​ടു​ത്തി​യത്‌. ഉല്‌പത്തി 2:18, 22-24 നമ്മോട്‌ ഇങ്ങനെ പറയുന്നു: “യഹോ​വ​യായ ദൈവം: മനുഷ്യൻ ഏകനാ​യി​രി​ക്കു​ന്നതു നന്നല്ല; ഞാൻ അവന്നു തക്കതാ​യൊ​രു തുണ ഉണ്ടാക്കി​ക്കൊ​ടു​ക്കും എന്നു അരുളി​ച്ചെ​യ്‌തു. യഹോ​വ​യായ ദൈവം മനുഷ്യ​നിൽനി​ന്നു എടുത്ത വാരി​യെ​ല്ലി​നെ ഒരു സ്‌ത്രീ​യാ​ക്കി, അവളെ മനുഷ്യ​ന്റെ അടുക്കൽ കൊണ്ടു​വന്നു. അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനി​ന്നു അസ്ഥിയും എന്റെ മാംസ​ത്തിൽനി​ന്നു മാംസ​വും ആകുന്നു. ഇവളെ നരനിൽനി​ന്നു എടുത്തി​രി​ക്ക​യാൽ ഇവൾക്കു നാരി എന്നു പേരാ​കും എന്നു പറഞ്ഞു. അതു​കൊ​ണ്ടു പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ടു​പി​രി​ഞ്ഞു ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ ഏകദേ​ഹ​മാ​യി തീരും.”

സന്തുഷ്ട​വും നിലനിൽക്കു​ന്ന​തു​മായ ദാമ്പത്യം കെട്ടി​പ്പ​ടു​ക്കുക എളുപ്പ​മ​ല്ലെ​ന്നതു സത്യം​തന്നെ, എന്നാൽ അതു തീർച്ച​യാ​യും സാധ്യ​മാണ്‌. അനേകം ദമ്പതികൾ 50-ഉം 60-ഉം അതില​ധി​ക​വും വർഷം സന്തുഷ്ട വിവാ​ഹ​ജീ​വി​തം ആസ്വദി​ച്ചി​രി​ക്കു​ന്നു. എങ്ങനെ​യാണ്‌ അവർക്ക്‌ അതിനു സാധി​ച്ചി​രി​ക്കു​ന്നത്‌? ദാമ്പത്യ​ജീ​വി​തം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇണയെ ‘പ്രസാ​ദി​പ്പി​ക്കാൻ’ അവർ നിസ്വാർഥ​മാ​യി നിരന്തരം യത്‌നി​ക്കു​ന്നു. (1 കൊരി​ന്ത്യർ 7:33, 34) അതിൽ വളരെ​യ​ധി​കം ത്യാഗം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. സമയം ചെലവ​ഴി​ക്കാ​നും ശ്രമം​ചെ​യ്യാ​നും തയ്യാറാ​ണെ​ങ്കിൽ ദീർഘ​കാ​ലം നിലനിൽക്കുന്ന ഒരു സന്തുഷ്ട​ദാ​മ്പ​ത്യം കെട്ടി​പ്പ​ടു​ക്കാൻ നിങ്ങൾക്കും കഴിയും.

ബ്ലൂപ്രിന്റ്‌ കൃത്യ​മാ​യി പിൻപ​റ്റു​ക

ആശ്രയ​യോ​ഗ്യ​നായ ഒരു കോൺട്രാ​ക്ടർ നിർമി​ക്കാ​നു​ദ്ദേ​ശി​ക്കുന്ന കെട്ടി​ട​ത്തി​ന്റെ പ്ലാനിലെ (ബ്ലൂപ്രി​ന്റി​ലെ) വിശദാം​ശങ്ങൾ പരി​ശോ​ധി​ക്കാ​തെ ഒരിക്ക​ലും അതിന്റെ പണി ആരംഭി​ക്കു​ക​യില്ല. സമാന​മാ​യി, ദാമ്പത്യ​മെന്ന പദ്ധതി​ക്കാ​യുള്ള ദൈവ​ത്തി​ന്റെ ബ്ലൂപ്രിന്റ്‌ അഥവാ മാർഗ​നിർദേശം സുസൂ​ക്ഷ്‌മം പരി​ശോ​ധി​ക്കാ​തെ സന്തുഷ്ട​മായ ഒരു ദാമ്പത്യം പണിതു​യർത്താ​നാ​വില്ല. ദൈവ​വ​ച​ന​മായ ബൈബി​ളി​ന്റെ താളു​ക​ളിൽ നമുക്കതു കാണാൻ കഴിയും. “എല്ലാതി​രു​വെ​ഴു​ത്തും ദൈവ​ശ്വാ​സീ​യ​മാ​ക​യാൽ . . . ഗുണീ​ക​ര​ണ​ത്തി​ന്നു . . . പ്രയോ​ജ​ന​മു​ള്ളതു ആകുന്നു” എന്ന്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ എഴുതി.—2 തിമൊ​ഥെ​യൊസ്‌ 3:16, 17.

യേശു തന്റെ ശിഷ്യ​ന്മാ​രോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കു വളരെ കാര്യങ്ങൾ പഠിക്കാ​നാ​കും. എന്തു​കൊണ്ട്‌? യേശു​വും അവനോ​ടൊ​പ്പം സ്വർഗ​ത്തിൽ ഭരിക്കാ​നി​രി​ക്കു​ന്ന​വ​രും തമ്മിലുള്ള ബന്ധത്തെ ബൈബിൾ ഭാര്യാ​ഭർതൃ ബന്ധത്തോ​ടു താരത​മ്യം​ചെ​യ്യു​ന്നു. (2 കൊരി​ന്ത്യർ 11:2) തന്റെ സഹകാ​രി​ക​ളോട്‌ യേശു എന്നും വിശ്വ​സ്‌ത​നാ​യി​രു​ന്നു, അത്യന്തം പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും. “അവസാ​ന​ത്തോ​ളം [അവൻ] അവരെ സ്‌നേ​ഹി​ച്ചു.” (യോഹ​ന്നാൻ 13:1) അനുക​മ്പ​യുള്ള ഒരു നായക​നെന്ന നിലയിൽ യേശു എല്ലായ്‌പോ​ഴും തന്റെ അനുഗാ​മി​ക​ളു​ടെ പരിമി​തി​ക​ളും ബലഹീ​ന​ത​ക​ളും തിരി​ച്ച​റി​ഞ്ഞു പ്രവർത്തി​ച്ചു. അവർക്കു ചെയ്യാൻ കഴിയു​ന്ന​തി​ല​ധി​കം അവൻ ഒരിക്ക​ലും അവരിൽനി​ന്നു പ്രതീ​ക്ഷി​ച്ചില്ല.—യോഹ​ന്നാൻ 16:12.

ഉറ്റസ്‌നേ​ഹി​തർ നിരാ​ശ​പ്പെ​ടു​ത്തി​യ​പ്പോൾപ്പോ​ലും യേശു സൗമ്യ​ത​യോ​ടെ പെരു​മാ​റി. ശകാരി​ക്കു​ന്ന​തി​നു പകരം ദൈവി​ക​മായ താഴ്‌മ​യോ​ടെ​യും കരുണ​യോ​ടെ​യും അവൻ അവരെ യഥാസ്ഥാ​ന​പ്പെ​ടു​ത്താൻ ശ്രമിച്ചു. (മത്തായി 11:28-30; മർക്കൊസ്‌ 14:34-38; യോഹ​ന്നാൻ 13:5-17) യേശു തന്റെ ശിഷ്യ​ന്മാ​രോട്‌ ആർദ്ര​ത​യോ​ടെ പെരു​മാ​റിയ വിധവും അവർ അവനോ​ടു സ്‌നേ​ഹ​പൂർവം പ്രതി​ക​രിച്ച വിധവും അടുത്തു പരി​ശോ​ധി​ക്കു​ന്ന​പക്ഷം സന്തുഷ്ട​മായ ഒരു ദാമ്പത്യം കെട്ടി​പ്പ​ടു​ക്കാൻ ആവശ്യ​മായ പ്രാ​യോ​ഗിക പാഠങ്ങൾ ഉൾക്കൊ​ള്ളാൻ നിങ്ങൾക്കു സാധി​ക്കും.—1 പത്രൊസ്‌ 2:21.

ഉറപ്പുള്ള ഒരു അടിസ്ഥാ​ന​ത്തി​ന്മേൽ പണിയുക

കൊടു​ങ്കാ​റ്റി​നു തുല്യ​മായ പ്രശ്‌നങ്ങൾ നിങ്ങളു​ടെ ദാമ്പത്യ​ജീ​വി​ത​ത്തിൽ കടന്നാ​ക്ര​മണം നടത്തു​മെ​ന്നു​ള്ളത്‌ ഒരു യാഥാർഥ്യ​മാണ്‌. ദാമ്പത്യ​ബ​ന്ധ​ത്തി​ന്റെ കെട്ടു​റപ്പു പരി​ശോ​ധി​ക്ക​പ്പെ​ടുന്ന അവസര​ങ്ങ​ളാ​യി​രി​ക്കും അത്‌. എന്നിരു​ന്നാ​ലും സ്‌നേ​ഹ​ത്തി​ല​ധി​ഷ്‌ഠി​ത​മായ പ്രതി​ബദ്ധത, സന്തുഷ്ട​ദാ​മ്പ​ത്യ​ത്തി​നുള്ള ശക്തമായ അടിത്ത​റ​യി​ടാൻ നമ്മെ സഹായി​ക്കും. പ്രതി​ബ​ദ്ധ​ത​യു​ടെ പ്രാധാ​ന്യം പ്രദീ​പ്‌ത​മാ​ക്കി​ക്കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “ദൈവം യോജി​പ്പി​ച്ച​തി​നെ മനുഷ്യൻ വേർപി​രി​ക്ക​രുത്‌.” (മത്തായി 19:6) “മനുഷ്യൻ” എന്നു പറഞ്ഞി​രി​ക്കു​ന്ന​തിൽ, പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ഭാര്യ​യും ഭർത്താ​വും ഉൾപ്പെ​ടു​ന്നു.

പലതും ത്യജി​ക്കേണ്ടി വരുന്ന​തി​നാൽ ചിലർ പ്രതി​ബ​ദ്ധ​തയെ ഒരു ഭാരമാ​യി കണക്കാ​ക്കു​ന്നു. അത്തരം ത്യാഗ​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ഒരു ജീവി​ത​ശൈ​ലി​യാണ്‌ ഇന്ന്‌ ആളുകൾക്ക്‌ കൂടുതൽ ഇഷ്ടം.

വൈവാ​ഹി​ക പ്രതി​ബ​ദ്ധ​ത​യ്‌ക്കു കരുത്തു​പ​ക​രാൻ എന്തിനു കഴിയും? പൗലൊസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “അവ്വണ്ണം ഭർത്താ​ക്ക​ന്മാ​രും തങ്ങളുടെ ഭാര്യ​മാ​രെ സ്വന്ത ശരീര​ങ്ങ​ളെ​പ്പോ​ലെ സ്‌നേ​ഹി​ക്കേ​ണ്ട​താ​കു​ന്നു.” (എഫെസ്യർ 5:28, 29) അതു​കൊണ്ട്‌ ‘യോജി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കുക’ എന്നതിന്‌ സ്വന്ത ക്ഷേമത്തി​ലുള്ള താത്‌പ​ര്യം​പോ​ലെ​തന്നെ ഇണയുടെ ക്ഷേമത്തി​ലും താത്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കുക എന്നും അർഥമുണ്ട്‌. “എന്റെ” എന്നതിനു പകരം “നമ്മുടെ” എന്നും “ഞാൻ” എന്നതിനു പകരം “നമ്മൾ” എന്നും ചിന്തി​ക്കാൻ ഇണകൾ പഠി​ക്കേ​ണ്ട​തുണ്ട്‌.

ദാമ്പത്യ​ത്തി​നു​നേ​രെ​യുള്ള ശക്തമായ ആക്രമ​ണങ്ങൾ സമർഥ​മാ​യി നേരി​ടു​മ്പോൾ നിങ്ങൾ കൂടുതൽ ജ്ഞാനമു​ള്ള​വ​രാ​യി​ത്തീ​രും. അങ്ങനെ നേടുന്ന ജ്ഞാനം സന്തുഷ്ടി കൈവ​രു​ത്തു​ന്നു. ‘ജ്ഞാനം പ്രാപി​ക്കുന്ന മനുഷ്യൻ ഭാഗ്യ​വാൻ’ എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 3:13 പ്രസ്‌താ​വി​ക്കു​ന്നു.

അഗ്നി​പ്ര​തി​രോധ വസ്‌തു​ക്കൾ ഉപയോ​ഗി​ക്കു​ക

ഒരു വീട്‌ വർഷങ്ങ​ളോ​ളം സുരക്ഷി​ത​മായ അവസ്ഥയിൽ നില​കൊ​ള്ളാൻ അതു നന്നായി പണി​യേ​ണ്ട​തുണ്ട്‌. അതു​കൊണ്ട്‌ ദീർഘ​കാ​ലം നിലനിൽക്കണം എന്ന ലക്ഷ്യ​ത്തോ​ടെ ദാമ്പത്യ​ജീ​വി​തം പടുത്തു​യർത്താൻ തീരു​മാ​നം ചെയ്യുക. വിശ്വ​സ്‌ത​ത​യ്‌ക്കു നേരെ​യുള്ള തീയമ്പു​കൾ ചെറു​ത്തു​നിൽക്കാൻ സഹായി​ക്കു​ന്ന​തരം ഈടുറ്റ വസ്‌തു​ക്കൾ അതിനാ​യി ഉപയോ​ഗി​ക്കുക. ദിവ്യ​നി​യ​മ​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​പു​ര​സ്സ​ര​മായ വിലമ​തിപ്പ്‌, ദൈവിക ജ്ഞാനം, ഉദാരത, വിവേകം, ദൈവ​ഭയം, ഊഷ്‌മളത, യഥാർഥ വിശ്വാ​സം എന്നിങ്ങ​നെ​യുള്ള ഗുണങ്ങളെ സ്വർണം​പോ​ലെ വില​യേ​റി​യ​താ​യി കരുതുക.

പണമോ പ്രതാ​പ​മോ അല്ല, നല്ലൊരു ഹൃദയ​വും മനസ്സു​മാണ്‌ ദാമ്പത്യ​ജീ​വി​ത​ത്തി​ലെ സന്തോ​ഷ​ത്തി​നും സംതൃ​പ്‌തി​ക്കും അടിസ്ഥാ​നം. ദൈവ​വ​ച​ന​ത്തി​ലെ സത്യം ഈ ഗുണങ്ങളെ ഊട്ടി​വ​ളർത്തു​ക​യും ചെയ്യുന്നു. “താൻ എങ്ങനെ പണിയു​ന്നു എന്നു ഓരോ​രു​ത്ത​നും നോക്കി​ക്കൊ​ള്ളട്ടെ” എന്ന ഉദ്‌ബോ​ധനം ദാമ്പത്യ​ത്തി​ലും ബാധക​മാ​ക്കാൻ കഴിയും.—1 കൊരി​ന്ത്യർ 3:10.

പ്രശ്‌നങ്ങൾ തലപൊ​ക്കു​മ്പോൾ

കാലത്തി​ന്റെ പരി​ശോ​ധന അതിജീ​വി​ക്കാൻ ഒരു കെട്ടി​ട​ത്തിന്‌ ക്രമമാ​യി കേടു​പോ​ക്കൽ നടത്തേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. സമാന​മാ​യി, വ്യക്തി​പ​ര​മായ ലക്ഷ്യങ്ങൾ നേടാൻ ഇണകൾ എല്ലായ്‌പോ​ഴും പരസ്‌പരം സഹായി​ക്കു​ക​യും അന്യോ​ന്യം ബഹുമാ​ന​വും ആദരവും പ്രകട​മാ​ക്കു​ക​യും ചെയ്യു​മ്പോൾ ദാമ്പത്യം ഇഴയടു​പ്പ​മു​ള്ള​താ​യി നില​കൊ​ള്ളു​ന്നു. സ്വാർഥത മുള​പൊ​ട്ടു​ക​യോ കോപം അരങ്ങു​വാ​ഴു​ക​യോ ചെയ്യില്ല.

തീവ്ര​വും നീണ്ടു​നിൽക്കു​ന്ന​തു​മായ കോപ​വും മോഹ​ഭം​ഗ​വും ദാമ്പത്യ​ജീ​വി​ത​ത്തിൽനി​ന്നു സ്‌നേ​ഹ​ത്തി​ന്റെ​യും വാത്സല്യ​ത്തി​ന്റെ​യും നാമ്പുകൾ നുള്ളി​ക്ക​ള​യു​ന്നു. പൗലൊസ്‌ അപ്പൊ​സ്‌തലൻ പുരു​ഷ​ന്മാർക്ക്‌ ഈ ബുദ്ധി​യു​പ​ദേശം നൽകി: “ഭർത്താ​ക്ക​ന്മാ​രേ, നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​പ്പിൻ; അവരോ​ടു കൈപ്പാ​യി​രി​ക്ക​യു​മ​രുത്‌.” [“കഠിന​മാ​യി കോപി​ക്ക​യു​മ​രുത്‌,” NW].” (കൊ​ലൊ​സ്സ്യർ 3:19) ഭാര്യ​മാ​രു​ടെ കാര്യ​ത്തി​ലും ഈ തത്ത്വം ബാധക​മാണ്‌. പരിഗ​ണ​ന​യും ദയയും അനുക​മ്പ​യും ഉള്ളവരാ​യി​രി​ക്കാൻ ഇണകൾ ശ്രമി​ക്കു​മ്പോൾ ഇരുവ​രു​ടെ​യും സന്തോ​ഷ​വും സംതൃ​പ്‌തി​യും വർധി​ക്കു​ന്നു. കോപ​പ്ര​വ​ണ​ത​യും വഴക്കു​ണ്ടാ​ക്കുന്ന ശീലവും ഒഴിവാ​ക്കു​ന്നത്‌ പ്രശ്‌നങ്ങൾ തലപൊ​ക്കി​യാൽത്തന്നെ അതു സൗമ്യ​മാ​യി പരിഹ​രി​ക്കാൻ സഹായി​ക്കും. “നിങ്ങൾ തമ്മിൽ ദയയും മനസ്സലി​വു​മു​ള്ള​വ​രാ​യി . . . അന്യോ​ന്യം ക്ഷമിപ്പിൻ,” പൗലൊസ്‌ ഉദ്‌ബോ​ധി​പ്പി​ച്ചു.—എഫെസ്യർ 4:32.

നിസ്സഹാ​യ​താ​ബോ​ധ​മോ പ്രകോ​പ​ന​മോ അവമതി​ക്ക​പ്പെ​ടു​ന്ന​താ​യുള്ള തോന്ന​ലോ നിങ്ങളെ അസ്വസ്ഥ​രാ​ക്കു​ന്നു​വെ​ങ്കി​ലോ? നിങ്ങൾക്കു ബുദ്ധി​മു​ട്ടു​ണ്ടാ​ക്കി​യത്‌ എന്താ​ണെന്നു വ്യക്തമാ​യും സൗമ്യ​മാ​യും ഇണയോ​ടു പറയുക. എന്നിരു​ന്നാ​ലും കൊച്ചു​കൊ​ച്ചു സൗന്ദര്യ​പ്പി​ണ​ക്കങ്ങൾ സ്‌നേ​ഹ​പൂർവം മറന്നു​ക​ള​യു​ന്ന​താ​യി​രി​ക്കും അഭികാ​മ്യം.—1 പത്രൊസ്‌ 4:8.

ഇണയോട്‌ എത്രമാ​ത്രം ദേഷ്യം തോന്നി​യാ​ലും നിങ്ങൾ “ഒരിക്ക​ലും പരസ്‌പരം സംസാ​രി​ക്കാ​തി​രി​ക്ക​രുത്‌” എന്ന്‌ 35 വർഷത്തെ ദാമ്പത്യ​ജീ​വി​ത​ത്തി​നി​ട​യിൽ അനേകം പരി​ശോ​ധ​നകൾ നേരിട്ട ഒരു ഭർത്താവ്‌ പറയുന്നു. “സ്‌നേ​ഹി​ക്കു​ന്നത്‌ ഒരിക്ക​ലും നിറു​ത്തി​ക്ക​ള​യ​രുത്‌,” അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു.

സന്തുഷ്ട​ദാ​മ്പ​ത്യം കെട്ടി​പ്പ​ടു​ക്കാൻ നിങ്ങൾക്കു കഴിയും!

സന്തുഷ്ട​ദാ​മ്പ​ത്യം കെട്ടി​പ്പ​ടു​ക്കു​ക​യെ​ന്നത്‌ എളുപ്പ​മുള്ള കാര്യ​മ​ല്ലെ​ന്നതു ശരിതന്നെ. എന്നിരു​ന്നാ​ലും, വൈവാ​ഹിക ജീവി​ത​ത്തിൽ ദൈവത്തെ ഉൾപ്പെ​ടു​ത്താൻ ഇണകൾ ഇരുവ​രും നിശ്ചയ​ദാർഢ്യ​ത്തോ​ടെ പ്രവർത്തി​ക്കു​മ്പോൾ സന്തുഷ്ടി​യും സമാധാ​ന​വും കൈവ​രു​ന്നു. അതു​കൊണ്ട്‌, നിങ്ങളു​ടെ കുടും​ബ​ത്തി​ന്റെ ആത്മീയ അവസ്ഥയ്‌ക്കു ദത്തശ്രദ്ധ നൽകുക, ദാമ്പത്യ പ്രതി​ബദ്ധത അരക്കി​ട്ടു​റ​പ്പി​ക്കുക. യേശു​വി​ന്റെ വാക്കു​ക​ള​നു​സ​രിച്ച്‌, സന്തുഷ്ട​മായ ദാമ്പത്യ​ജീ​വി​ത​ത്തി​നുള്ള മഹത്ത്വം അർഹി​ക്കു​ന്നത്‌ പ്രധാ​ന​മാ​യും ഭർത്താ​വോ ഭാര്യ​യോ അല്ല മറിച്ച്‌ അതിന്റെ സംവി​ധാ​യ​ക​നായ യഹോ​വ​യാം ദൈവ​മാണ്‌ എന്ന കാര്യ​വും ഓർക്കുക. “ദൈവം യോജി​പ്പി​ച്ച​തി​നെ മനുഷ്യൻ വേർപി​രി​ക്ക​രുത്‌.”—മത്തായി 19:6.

കൂടുതൽ വിവര​ങ്ങൾക്ക്‌

യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌തകം, സന്തുഷ്ട​വും വിജയ​ക​ര​വു​മായ ദാമ്പത്യം കെട്ടി​പ്പ​ടു​ക്കാൻ സഹായ​ക​മായ പ്രാ​യോ​ഗിക നിർദേ​ശങ്ങൾ പ്രദാ​നം​ചെ​യ്യു​ന്നു. അതിൽ അടങ്ങി​യി​രി​ക്കുന്ന ഫലപ്ര​ദ​വും ബൈബി​ള​ധി​ഷ്‌ഠി​ത​വു​മായ ബുദ്ധി​യു​പ​ദേശം, വൈവാ​ഹിക ജീവിതം ആനന്ദ​പ്ര​ദ​മാ​ക്കാൻ ലോക​ത്തി​നു ചുറ്റു​മുള്ള ലക്ഷക്കണ​ക്കി​നു ദമ്പതി​കളെ സഹായി​ച്ചി​രി​ക്കു​ന്നു.—ഈ മാസി​ക​യു​ടെ 32-ാം പേജു കാണുക.

[9-ാം പേജിലെ ചതുരം]

സന്തുഷ്ടദാമ്പത്യത്തിനുള്ള ചില വഴികൾ

◼ ഇണയോ​ടൊ​പ്പം ക്രമമാ​യി ദൈവ​വ​ചനം പഠിക്കു​ക​യും പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള സഹായ​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നു​മാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക​യും ചെയ്യുക.—സദൃശ​വാ​ക്യ​ങ്ങൾ 3:5, 6; ഫിലി​പ്പി​യർ 4:6, 7; 2 തിമൊ​ഥെ​യൊസ്‌ 3:16, 17.

◼ ലൈം​ഗിക ആസ്വാ​ദനം ഇണയു​മാ​യുള്ള ബന്ധത്തിൽമാ​ത്രം പരിമി​ത​പ്പെ​ടു​ത്തുക.—സദൃശ​വാ​ക്യ​ങ്ങൾ 5:15-21; എബ്രായർ 13:4.

◼ പ്രശ്‌ന​ങ്ങ​ളും അഭി​പ്രായ വ്യത്യാ​സ​ങ്ങ​ളും സത്യസ​ന്ധ​മാ​യി സ്‌നേ​ഹ​പൂർവം തുറന്നു സംസാ​രി​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 15:22; 20:5; 25:11.

◼ ദയയോ​ടും പരിഗ​ണ​ന​യോ​ടും കൂടെ ഇണയോ​ടു സംസാ​രി​ക്കുക, കോപ​ത്താൽ പൊട്ടി​ത്തെ​റി​ക്കു​ക​യോ നിരന്തരം കുറ്റ​പ്പെ​ടു​ത്തു​ക​യോ വേദനി​പ്പി​ക്കും​വി​ധം വിമർശനം നടത്തു​ക​യോ അരുത്‌.—സദൃശ​വാ​ക്യ​ങ്ങൾ 15:1; 20:3; 21:9; 31:26, 28; എഫെസ്യർ 4:31, 32.

◼ ചെയ്യേണ്ട എല്ലാ കാര്യ​ങ്ങ​ളും ഇണ ചെയ്യു​ന്നി​ല്ലെന്നു നിങ്ങൾക്കു തോന്നു​മ്പോ​ഴും താഴ്‌മ​യോ​ടെ സ്വന്തജീ​വി​ത​ത്തിൽ ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കുക.—റോമർ 14:12; 1 പത്രൊസ്‌ 3:1, 2.

◼ ബൈബി​ളിൽ പരാമർശി​ച്ചി​ട്ടുള്ള ആത്മീയ ഗുണങ്ങൾ നട്ടുവ​ളർത്താൻ കഠിന​ശ്രമം നടത്തുക.—ഗലാത്യർ 5:22, 23; കൊ​ലൊ​സ്സ്യർ 3:12-14; 1 പത്രൊസ്‌ 3:3-6.

[7-ാം പേജിലെ ചിത്രങ്ങൾ]

ബൈബിളിൽ ദൈവം പ്രദാ​നം​ചെ​യ്‌തി​രി​ക്കുന്ന, ദാമ്പത്യ​ത്തി​ന്റെ ബ്ലൂപ്രിന്റ്‌ പിൻപ​റ്റു​ക

[7-ാം പേജിലെ ചിത്രം]

നിസ്വാർഥ സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും​കൊണ്ട്‌ ഉറച്ച അടിസ്ഥാ​ന​മി​ടു​ക

[8-ാം പേജിലെ ചിത്രങ്ങൾ]

അഗ്നിപരീക്ഷകൾ അതിജീ​വി​ക്കാൻ പര്യാ​പ്‌ത​മായ ആത്മീയ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കുക

[8-ാം പേജിലെ ചിത്രങ്ങൾ]

ദാമ്പത്യം സന്തുഷ്ട​മാ​യി നിലനി​റു​ത്താൻ അതു നല്ല നിലയിൽ സൂക്ഷി​ക്കേ​ണ്ട​തുണ്ട്‌