വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏറ്റവും അമൂല്യമായ ദ്രാവകം ഏതാണ്‌?

ഏറ്റവും അമൂല്യമായ ദ്രാവകം ഏതാണ്‌?

ഏറ്റവും അമൂല്യമായ ദ്രാവകം ഏതാണ്‌?

“ഗതാഗതത്തിൽ പെട്രോളിയത്തിനുള്ള സ്ഥാനമാണ്‌ ആരോഗ്യപരിപാലന രംഗത്ത്‌ രക്തത്തിനുള്ളത്‌.” ​—⁠ആർതർ കാപ്ലൻ, പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ ജൈവധർമശാസ്‌ത്ര (bioethics) കേന്ദ്രത്തിന്റെ ഡയറക്ടർ.

പെട്രോളിയം. അതാണോ ഏറ്റവും അമൂല്യമായ ദ്രാവകം? ഇന്ധനവില കുതിച്ചുയരുന്ന ഇക്കാലത്ത്‌ പലരും അങ്ങനെ ചിന്തിച്ചേക്കാം. എന്നാൽ അതിനെക്കാൾ ഏറെ മൂല്യവത്തായ ഏതാനും ലിറ്റർ ദ്രാവകം നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലൂടെ പ്രവഹിക്കുന്നുണ്ട്‌ എന്നതാണു സത്യം. ഇതിനെക്കുറിച്ചു ചിന്തിക്കുക: ഇന്ധനത്തിനായുള്ള മനുഷ്യന്റെ ആവശ്യത്തെ തൃപ്‌തിപ്പെടുത്തുന്നതിനായി ഓരോ വർഷവും ശതകോടിക്കണക്കിന്‌ വീപ്പകൾ പെട്രോളിയം ഭൂമിയിൽനിന്നു കുഴിച്ചെടുക്കുമ്പോൾ, ആതുരരെ സഹായിക്കുകയെന്ന ലക്ഷ്യത്തിൽ ഏകദേശം ഒമ്പതു കോടി യൂണിറ്റ്‌ രക്തം ആളുകളിൽനിന്ന്‌ ഊറ്റിയെടുക്കുന്നു. a ഞെട്ടിക്കുന്ന ഈ അളവ്‌ ഏകദേശം 80,00,000 ആളുകളുടെ ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തിന്റെ അളവിനു തുല്യമാണ്‌.

എങ്കിലും, പെട്രോളിയം പോലെതന്നെ രക്തവും സുലഭമല്ലാത്തതായി കാണപ്പെടുന്നു. ലോകമെമ്പാടുമുള്ള വൈദ്യശാസ്‌ത്ര സമൂഹങ്ങൾ രക്തദൗർലഭ്യത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു. (“രക്തദൗർലഭ്യം” എന്ന ചതുരം കാണുക.) രക്തം ഇത്ര അമൂല്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

അതുല്യമായ ഒരു അവയവം

രക്തത്തിന്റെ വിസ്‌മയാവഹമായ സങ്കീർണത നിമിത്തം അതിനെ പലപ്പോഴും ശരീരത്തിലെ ഒരു അവയവത്തോട്‌ ഉപമിച്ചിരിക്കുന്നു. “ശരീരത്തിലെ അനേകം അവയവങ്ങളിൽ ഒന്നാണു രക്തം​—⁠അത്യന്തം അത്ഭുതകരവും അതുല്യവുമായ ഒന്ന്‌,” ഡോ. ബ്രൂസ്‌ ലെനസ്‌ ഉണരുക!യോടു പറഞ്ഞു. അതേ, അതുല്യംതന്നെ! “ശരീരത്തിലെ ദ്രാവകരൂപത്തിലുള്ള ഒരേയൊരു അവയവം” എന്ന്‌ ഒരു പാഠപുസ്‌തകം രക്തത്തെ വിശേഷിപ്പിക്കുന്നു. അതേ പുസ്‌തകം രക്തത്തെ “ജീവനുള്ള ഒരു ഗതാഗത സംവിധാനം” എന്നും വിളിക്കുന്നു. എന്താണ്‌ അതിന്റെ അർഥം?

“രക്തപര്യയന വ്യവസ്ഥ വെനീസിലെ കനാലുകൾപോലെയാണ്‌” എന്ന്‌ എൻ. ലി ആൻഡേഴ്‌സൺ എന്ന ശാസ്‌ത്രജ്ഞൻ പറയുന്നു. “എല്ലാവിധ നല്ല വസ്‌തുക്കളെയും അത്‌ വഹിച്ചുകൊണ്ടുപോകുന്നു,” അദ്ദേഹം തുടരുന്നു, “ധാരാളം പാഴ്‌വസ്‌തുക്കളെയും.” 1,00,000 കിലോമീറ്റർ ദൈർഘ്യമുള്ള നമ്മുടെ രക്തപര്യയന വ്യവസ്ഥയിലൂടെ പ്രവഹിക്കവേ, രക്തം ശരീരത്തിലെ മിക്കവാറും എല്ലാ കലകളുമായും സമ്പർക്കത്തിൽ വരുന്നു. രക്തത്തെ ശുദ്ധീകരിക്കുകയും മറ്റും ചെയ്യുന്ന, പ്രവർത്തനത്തിനായി രക്തത്തെ ആശ്രയിക്കുന്ന കരൾ, വൃക്കകൾ, ശ്വാസകോശങ്ങൾ, ഹൃദയം എന്നീ സുപ്രധാന അവയവങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഓക്‌സിജൻ, പോഷകങ്ങൾ, പ്രതിരോധ ഘടകങ്ങൾ എന്നിങ്ങനെയുള്ള നിരവധി “നല്ല വസ്‌തുക്കളെ” രക്തം നിങ്ങളുടെ ശരീരകോശങ്ങളിൽ എത്തിക്കുന്നു. എന്നാൽ വിഷാംശമുള്ള കാർബൺ ഡയോക്‌സൈഡ്‌, കേടുവന്നതും മൃതവുമായ കോശങ്ങളുടെ ഭാഗങ്ങൾ തുടങ്ങിയ “പാഴ്‌വസ്‌തുക്കളെയും” അത്‌ വഹിച്ചുകൊണ്ടുപോകുന്നു. മാലിന്യ നിർമാർജനത്തിൽ രക്തം വഹിക്കുന്ന പങ്ക്‌, ഒരിക്കൽ ശരീരത്തിൽനിന്നു പുറത്തുവന്നാൽ അതുമായി സമ്പർക്കത്തിൽ വരുന്നത്‌ അപകടകരം ആയിരുന്നേക്കാവുന്നത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ സഹായിക്കുന്നു. മാത്രവുമല്ല, മറ്റൊരാൾക്ക്‌ രക്തം നൽകുന്നതിനുമുമ്പ്‌ അതിലെ എല്ലാ ‘പാഴ്‌വസ്‌തുക്കളും’ കണ്ടുപിടിച്ചു നീക്കംചെയ്‌തിട്ടുണ്ടെന്ന്‌ ആർക്കും ഒരിക്കലും ഉറപ്പുതരാനാവില്ല.

രക്തം ജീവന്റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ ധർമങ്ങൾ നിർവഹിക്കുന്നു എന്നതിന്‌ യാതൊരു സംശയവുമില്ല. അതുകൊണ്ടാണ്‌ വൈദ്യശാസ്‌ത്ര സമൂഹം രക്തം നഷ്ടപ്പെട്ട രോഗികളിലേക്ക്‌ അത്‌ നിവേശിപ്പിക്കുന്ന ചികിത്സാരീതി സ്വീകരിച്ചിരിക്കുന്നത്‌. രക്തത്തിന്റെ ഈ ഉപയോഗമാണ്‌ അതിനെ ഇത്രമാത്രം അമൂല്യമാക്കുന്നത്‌ എന്ന്‌ അനേകം ഡോക്ടർമാരും പറയും. എന്നാൽ വൈദ്യശാസ്‌ത്ര മേഖലയിൽ മാറ്റത്തിന്റെ കാറ്റ്‌ വീശുകയാണ്‌. ഒരർഥത്തിൽ പറഞ്ഞാൽ, ശാന്തമായ ഒരു വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്‌. പല ഡോക്ടർമാരും സർജൻമാരും രക്തനിവേശനത്തിന്റെ കാര്യത്തിൽ മുമ്പത്തെയത്ര ഉത്സാഹം കാണിക്കുന്നില്ല. എന്തുകൊണ്ട്‌?

[അടിക്കുറിപ്പ്‌]

a 450 മില്ലിലിറ്റർ (1 പൈന്റ്‌) രക്തമാണ്‌ ഒരു യൂണിറ്റ്‌.

[4-ാം പേജിലെ ചതുരം/ചിത്രം]

രക്തദൗർലഭ്യം

ലോകവ്യാപകമായി ഓരോ വർഷവും 20 കോടി യൂണിറ്റ്‌ രക്തംകൂടി ദാനം ചെയ്യപ്പെടേണ്ടതുണ്ടെന്ന്‌ വൈദ്യശാസ്‌ത്ര വിദഗ്‌ധർ കണക്കാക്കുന്നു. ലോകജനസംഖ്യയുടെ 82 ശതമാനവും വികസ്വര രാജ്യങ്ങളിലാണു പാർക്കുന്നതെങ്കിലും, ദാനം ചെയ്യപ്പെടുന്ന മൊത്തം രക്തത്തിന്റെ 40 ശതമാനത്തിൽ താഴെ മാത്രമേ ആ രാജ്യങ്ങളിൽനിന്നു ലഭിക്കുന്നുള്ളൂ. അവിടത്തെ പല ആശുപത്രികളിലും ആവശ്യത്തിനു രക്തം ലഭ്യമല്ല. ‘രക്തത്തിന്റെ അഭാവംനിമിത്തം ഓരോ ദിവസവും, രക്തപ്പകർച്ച ആവശ്യമായിവരുന്ന ചികിത്സാനടപടികളിൽ പകുതിയോളം വേണ്ടെന്നുവെക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നു’ എന്ന്‌ കെനിയയിലെ ഒരു വർത്തമാനപത്രമായ ദ നേഷൻ റിപ്പോർട്ടുചെയ്യുന്നു.

രക്തത്തിന്റെ ദൗർലഭ്യം സമ്പന്ന രാജ്യങ്ങളിലും സാധാരണമാണ്‌. ആയുർദൈർഘ്യം കൂടുകയും വൈദ്യശാസ്‌ത്രം പുരോഗമിക്കുകയും ചെയ്‌തതോടെ ശസ്‌ത്രക്രിയകളും വർധിച്ചിരിക്കുന്നു. മാത്രമല്ല, രക്തം ദാനംചെയ്യാൻ തയ്യാറാണെങ്കിലും അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നവരുടെ എണ്ണം ഇന്നു കൂടിവരികയുമാണ്‌; യാത്രകളോ അവരുടെ ജീവിതരീതികളോ അവർ രോഗവുമായോ പരാദങ്ങളുമായോ സമ്പർക്കത്തിൽ വരാൻ ഇടയാക്കിയിരിക്കാം എന്നതാണു കാരണം.

രക്തം ശേഖരിച്ചുസൂക്ഷിക്കാൻ ചുമതലപ്പെട്ടവർ അതു കിട്ടാനില്ലാതെ ബുദ്ധിമുട്ടുന്നതായി കാണപ്പെടുന്നു. സുരക്ഷിതമായ രക്തത്തിനായി, ചിലപ്പോഴൊക്കെ കുട്ടികളെ ലക്ഷ്യമിടുന്നു, അവരുടെ രക്തം രോഗാണുബാധിതമായിരിക്കാനുള്ള സാധ്യത പൊതുവേ കുറവാണ്‌ എന്നതാണു കാരണം. ഉദാഹരണത്തിന്‌, സിംബാബ്‌വേയിൽ ഇപ്പോൾ 70 ശതമാനം രക്തവും ദാനംചെയ്യുന്നത്‌ സ്‌കൂൾക്കുട്ടികളാണ്‌. രക്തശേഖരണ കേന്ദ്രങ്ങൾ കൂടുതൽ സമയം പ്രവർത്തിക്കുന്നു. ചില രാജ്യങ്ങളിൽ രക്തദാതാക്കളെ ആകർഷിക്കാനും തുടർന്നും രക്തം നൽകാൻ അവരെ പ്രേരിപ്പിക്കാനുമായി പ്രതിഫലം നൽകാൻപോലും ഇവയ്‌ക്ക്‌ അനുവാദമുണ്ട്‌. ചെക്ക്‌ റിപ്പബ്ലിക്കിലെ ഒരു പ്രചാരണപരിപാടി പ്രതിഫലമായി ഏതാനും ലിറ്റർ ബിയർ വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ അൽപ്പം രക്തം ദാനം ചെയ്യാൻ അവിടത്തെ പൗരന്മാരെ ക്ഷണിക്കുകയുണ്ടായി! അടുത്തയിടെ, ഇന്ത്യയിൽ ഒരിടത്ത്‌, വറ്റിപ്പോയ രക്തശേഖരം വീണ്ടും നിറയ്‌ക്കാനായി രക്തദാതാക്കളെത്തേടി അധികാരികൾ വീടുകൾതോറും കയറിയിറങ്ങുകയുണ്ടായി.