വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു കുട്ടിയുടെ വിശ്വാസം

ഒരു കുട്ടിയുടെ വിശ്വാസം

ഒരു കുട്ടി​യു​ടെ വിശ്വാ​സം

ഡസ്റ്റിന്റെ അമ്മ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊത്ത്‌ ബൈബിൾ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ അവനും അമ്മയോ​ടൊ​പ്പം അധ്യയ​ന​ത്തിന്‌ ഇരിക്കാൻ തുടങ്ങി. 11 വയസ്സു​മാ​ത്രമേ ഉണ്ടായി​രു​ന്നു​ള്ളു​വെ​ങ്കി​ലും നന്നായി ചിന്തി​ക്കുന്ന കൂട്ടത്തി​ലാ​യി​രുന്ന അവൻ അർഥവ​ത്തായ അനേകം ചോദ്യ​ങ്ങൾ ചോദി​ക്കു​മാ​യി​രു​ന്നു. താമസി​യാ​തെ, അമ്മയെ പഠിപ്പിച്ച ആ മുൻ മിഷന​റി​യോട്‌ തനിക്കും ഒരു ബൈബി​ള​ധ്യ​യനം വേണ​മെന്ന്‌ അവൻ ആവശ്യ​പ്പെട്ടു. അവൻ പഠിച്ചു​കൊ​ണ്ടി​രുന്ന കാര്യങ്ങൾ സഹപാ​ഠി​ക​ളു​മാ​യി പങ്കു​വെ​ക്കാ​നും തുടങ്ങി.

ഡസ്റ്റിൻ സ്ഥലത്തെ രാജ്യ​ഹാ​ളി​ലെ യോഗ​ങ്ങൾക്കു ഹാജരാ​കാ​നും സദസ്യ പങ്കുപ​റ്റ​ലോ​ടെ നടത്തുന്ന പരിപാ​ടി​ക​ളിൽ ഉത്തരം പറയാ​നും തുടങ്ങി. ഒരിക്കൽ അവൻ ഇളയ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പിതാ​വി​നെ—അദ്ദേഹം അവരോ​ടൊ​പ്പമല്ല താമസി​ച്ചി​രു​ന്നത്‌—കാണാൻ ചെന്ന​പ്പോൾ എല്ലാവ​രും​കൂ​ടി ഒന്നിച്ചു പള്ളിയിൽ പോകാ​നാ​യി അദ്ദേഹം നിർബ​ന്ധി​ച്ചു. എന്നാൽ എന്തു​കൊ​ണ്ടാണ്‌ താൻ രാജ്യ​ഹാ​ളിൽ പോകാൻ ഇഷ്ടപ്പെ​ടു​ന്ന​തെന്ന്‌ അവൻ വിശദീ​ക​രി​ച്ചു. അദ്ദേഹം ഡസ്റ്റിന്‌ അതിനുള്ള അനുവാ​ദം നൽകി.

ഒരു വൈകു​ന്നേരം രാജ്യ​ഹാ​ളി​ലെ യോഗ​ത്തി​നു ശേഷം ഡസ്റ്റിന്റെ അമ്മ നോക്കി​യ​പ്പോൾ അവനെ കാണാ​നില്ല. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ അംഗമാ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ സ്‌കൂൾ മേൽവി​ചാ​ര​ക​നോ​ടു ചോദി​ക്കാൻ പോയ​താ​യി​രു​ന്നു അവൻ. അമ്മ അതിനു സമ്മതിച്ചു. ആദ്യ പ്രസംഗ നിയമ​ന​ത്തി​നാ​യി അവൻ ആകാം​ക്ഷ​യോ​ടെ കാത്തി​രു​ന്നു. എന്നാൽ ആ സമയത്താണ്‌ അവന്റെ ഇടുപ്പി​നു കടുത്ത വേദന തുടങ്ങി​യത്‌; പരി​ശോ​ധ​ന​യ്‌ക്കാ​യി അവനെ പല ഡോക്ടർമാ​രു​ടെ​യും അടുക്കൽ കൊണ്ടു​പോ​കു​ക​യും ചെയ്‌തു. അങ്ങനെ​യി​രി​ക്കെ, അവൻ കാത്തു​കാ​ത്തി​രുന്ന ആ ദിവസം വന്നു—ആദ്യത്തെ പ്രസം​ഗ​ത്തി​ന്റെ ദിവസം. അപ്പോ​ഴേ​ക്കും അവൻ ഊന്നു​വ​ടി​കൾ ഉപയോ​ഗി​ക്കാൻ തുടങ്ങി​യി​രു​ന്നു. വേദന ഉണ്ടായി​രു​ന്നെ​ങ്കി​ലും ഊന്നു​വ​ടി​കൾ ഇല്ലാ​തെ​യാണ്‌ അവൻ രാജ്യ​ഹാ​ളി​ലെ സ്റ്റേജി​ലേക്കു ചെന്നത്‌.

അധികം താമസി​യാ​തെ യൂവി​ങ്‌സ്‌ സാർകോമ എന്ന ഒരു അപൂർവ ഇനം അസ്ഥി അർബുദം അവന്‌ ഉണ്ടെന്നു കണ്ടെത്തി. തുടർന്നു​വന്ന വർഷത്തി​ന്റെ അധിക​ഭാ​ഗ​വും അവൻ കാലി​ഫോർണി​യാ​യി​ലെ സാൻ ഡിയേ​ഗോ​യി​ലുള്ള കുട്ടി​ക​ളു​ടെ ആശുപ​ത്രി​യി​ലാ​ണു ചെലവ​ഴി​ച്ചത്‌. അവൻ കിമോ​തെ​റാ​പ്പി​ക്കും റേഡി​യേ​ഷ​നും വിധേ​യ​നാ​യി. ഒടുവിൽ അവന്റെ വലതു​കാ​ലും ശ്രോ​ണീയ അസ്ഥിയും (pelvic bone) മുറി​ച്ചു​ക​ളഞ്ഞു. എന്നാൽ ഇതൊ​ന്നും അവന്റെ ശക്തമായ വിശ്വാ​സ​ത്തി​നും യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്തി​നും തെല്ലും മങ്ങലേൽപ്പി​ച്ചില്ല. അവന്റെ അമ്മ അടുത്തു​നി​ന്നു മാറാതെ അവനോ​ടൊ​പ്പം​തന്നെ ഉണ്ടായി​രു​ന്നു. അവനു തനിയെ വായി​ക്കാൻ പറ്റാത്ത​വി​ധം ക്ഷീണം തോന്നി​യ​പ്പോ​ഴൊ​ക്കെ അമ്മ അവനെ ഉറക്കെ വായിച്ചു കേൾപ്പി​ക്കു​മാ​യി​രു​ന്നു.

ഡസ്റ്റിന്റെ നില മോശ​മാ​യെ​ങ്കി​ലും അവൻ ഒരിക്ക​ലും പരാതി​പ്പെ​ട്ടില്ല. വെറു​തെ​യി​രി​ക്കാ​തെ, സാക്ഷി​യായ ഒരു കുട്ടി​യുൾപ്പെടെ രോഗി​ക​ളായ മറ്റു കുട്ടി​ക​ളെ​യും അവരുടെ മാതാ​പി​താ​ക്ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ അവൻ തന്റെ വീൽച്ചെ​യ​റിൽ ചുറ്റി​ക്ക​റങ്ങി നടക്കു​മാ​യി​രു​ന്നു. ഡസ്റ്റിനും സാക്ഷി​യായ മറ്റേ കുട്ടി​യും വ്യത്യ​സ്‌ത​രാ​ണെന്ന്‌—അവരുടെ വിശ്വാ​സം അവരെ പിടി​ച്ചു​നിൽക്കാൻ സഹായി​ക്കു​ന്നു​വെന്ന്‌—ആശുപ​ത്രി ജീവന​ക്കാർക്ക്‌ കാണാൻ കഴിഞ്ഞു.

സ്‌നാ​പ​ന​മേൽക്കാൻ ഡസ്റ്റിൻ ആഗ്രഹി​ച്ചു. ക്രിസ്‌തീയ മൂപ്പന്മാർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സ്‌നാ​പ​നാർഥി​ക​ളോ​ടു ചോദി​ക്കുന്ന ചോദ്യ​ങ്ങൾ അവനോ​ടൊ​ത്തു പരിചി​ന്തി​ച്ചു. എഴു​ന്നേ​റ്റി​രി​ക്കാൻ സാധി​ക്കാ​ത്ത​വി​ധം ക്ഷീണി​ത​നാ​യി​രു​ന്ന​തി​നാൽ ഒരു സോഫ​യിൽ കിടന്നു​കൊ​ണ്ടാണ്‌ അവൻ അവയ്‌ക്ക്‌ ഉത്തരം നൽകി​യത്‌. 2004 ഒക്ടോബർ 16-ന്‌, 12-ാം വയസ്സിൽ ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽവെച്ച്‌ ഡസ്റ്റിൻ സ്‌നാ​പ​ന​മേറ്റു.

സ്‌നാപന പ്രസംഗം തുടങ്ങാ​റാ​യ​പ്പോൾ മറ്റു സ്‌നാ​പ​നാർഥി​ക​ളോ​ടൊ​പ്പം ഇരിക്കാ​നാ​യി അവനെ ഒരു വീൽച്ചെ​യ​റിൽ അങ്ങോട്ടു കൊണ്ടു​വന്നു. അവന്റെ ഏറ്റവും നല്ല വസ്‌ത്ര​മാണ്‌ അന്നവൻ ധരിച്ചി​രു​ന്നത്‌. എഴു​ന്നേറ്റു നിൽക്കാൻ ആവശ്യ​പ്പെ​ട്ട​പ്പോൾ താങ്ങി​നാ​യി ഒരു കസേര​യിൽ പിടി​ച്ചു​കൊണ്ട്‌ അവൻ ഒറ്റക്കാ​ലിൽ എഴു​ന്നേറ്റു നിന്നു. സ്‌നാ​പ​നാർഥി​ക​ളോ​ടുള്ള ചോദ്യ​ങ്ങൾക്ക്‌ അവൻ വ്യക്തവും ഉറച്ചതു​മായ ശബ്ദത്തിൽ മറുപടി പറഞ്ഞു. അവന്റെ പിതാ​വും രണ്ടാന​മ്മ​യും ഉൾപ്പെടെ മുഴു കുടും​ബ​വും അന്നവിടെ ഹാജരാ​യി​രു​ന്നു. കൂടാതെ ആശുപ​ത്രി ജീവന​ക്കാ​രും ആശുപ​ത്രി​യി​ലെ അർബുദ ബാധി​ത​രായ മറ്റു കുട്ടി​ക​ളു​ടെ മാതാ​പി​താ​ക്ക​ളും അവിടെ വന്നിരു​ന്നു.

സ്‌നാ​പ​ന​മേ​റ്റ​തി​ന്റെ പിറ്റേ​ദി​വസം അവനെ വീണ്ടും ആശുപ​ത്രി​യിൽ പ്രവേ​ശി​പ്പി​ച്ചു. അപ്പോ​ഴേ​ക്കും ശരീര​ത്തി​ലെ എല്ലാ അസ്ഥിക​ളി​ലേ​ക്കും അർബുദം വ്യാപി​ച്ചി​രു​ന്നു. അവൻ കൂടുതൽ ക്ഷീണി​ത​നാ​യി​ത്തീ​രു​ക​യും തന്റെ നില അങ്ങേയറ്റം ഗുരു​ത​ര​മാ​ണെന്ന്‌ അവനു തോന്നു​ക​യും ചെയ്‌ത​പ്പോൾ താൻ മരിക്കാൻ പോകു​ക​യാ​ണോ എന്ന്‌ അവൻ അമ്മയോ​ടു ചോദി​ച്ചു. “നീ എന്താ അങ്ങനെ ചോദി​ച്ചത്‌? നിനക്കു മരിക്കാൻ പേടി​യാ​ണോ?” അമ്മ ചോദി​ച്ചു.

അവൻ ഇങ്ങനെ​യാ​ണു മറുപടി പറഞ്ഞത്‌, “ഇല്ല, ഞാൻ വെറുതെ എന്റെ കണ്ണുക​ള​ട​യ്‌ക്കും. പിന്നെ പുനരു​ത്ഥാ​ന​ത്തിൽ ഞാൻ കണ്ണുതു​റ​ക്കു​മ്പോൾ ഒരു സെക്കന്റു മുമ്പു​മാ​ത്ര​മാണ്‌ ഞാൻ അത്‌ അടച്ച​തെന്നു തോന്നും. പിന്നീട്‌ ഒരിക്ക​ലും എനിക്കു വേദനി​ക്കേ​ണ്ടി​വ​രില്ല.” തുടർന്ന്‌ അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ വീട്ടു​കാ​രെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ മാത്രമേ എനിക്കു വിഷമ​മു​ള്ളൂ.”

അതിന​ടു​ത്ത മാസം ഡസ്റ്റിൻ മരിച്ചു. ശവസം​സ്‌കാര ശുശ്രൂ​ഷ​യിൽ ഡോക്ടർമാ​രും നഴ്‌സു​മാ​രും ആശുപ​ത്രി ജീവന​ക്കാ​രു​ടെ കുടും​ബാം​ഗ​ങ്ങ​ളും അധ്യാ​പ​ക​രും അയൽക്കാ​രും, യഹോ​വ​യു​ടെ സാക്ഷി​ക​ളും അല്ലാത്ത​വ​രു​മായ ഡസ്റ്റിന്റെ കുടും​ബാം​ഗ​ങ്ങ​ളും സന്നിഹി​ത​രാ​യി​രു​ന്നു. തന്റെ അനുസ്‌മരണ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​വർക്കെ​ല്ലാം തന്റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു നല്ലൊരു സാക്ഷ്യം നൽകണ​മെന്നു ഡസ്റ്റിൻ ആവശ്യ​പ്പെ​ട്ടി​രു​ന്നു. അവനു നടത്താൻ കഴിഞ്ഞ ഏക വിദ്യാർഥി പ്രസംഗം നിയമി​ച്ചു​കൊ​ടുത്ത ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ മേൽവി​ചാ​രകൻ, തടിച്ചു​കൂ​ടിയ ജനക്കൂ​ട്ട​ത്തി​ന്റെ മുമ്പാകെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കുന്ന നല്ലൊരു പ്രസംഗം നടത്തി, ഇരിക്കാൻ സ്ഥലമി​ല്ലാ​തി​രു​ന്ന​തി​നാൽ പലരും നിൽക്കു​ക​യാ​യി​രു​ന്നു.

ഡസ്റ്റിന്റെ പ്രിയ​പ്പെട്ട തിരു​വെ​ഴു​ത്തു​ക​ളിൽ രണ്ടെണ്ണ​മായ മത്തായി 24:14-ഉം 2 തിമൊ​ഥെ​യൊസ്‌ 4:7-ഉം അച്ചടിച്ച്‌, അവന്റെ അനുസ്‌മ​ര​ണ​ത്തി​നാ​യി കൂടി​വ​ന്ന​വർക്കു നൽകി. അവന്റെ ശക്തമായ വിശ്വാ​സ​വും നിർമ​ല​ത​യും അവനെ അറിയാ​വുന്ന എല്ലാവർക്കും പ്രോ​ത്സാ​ഹ​ന​മാ​യി. പുനരു​ത്ഥാ​ന​ത്തിൽ തിരി​ച്ചു​വ​രു​മ്പോൾ അവനെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌.—ഡസ്റ്റിനെ ബൈബിൾ പഠിപ്പിച്ച സാക്ഷി പറഞ്ഞ​പ്ര​കാ​രം.

[27-ാം പേജിലെ ആകർഷക വാക്യം]

“ഞാൻ നല്ല പോർ പൊരു​തു, ഓട്ടം തികെച്ചു, വിശ്വാ​സം കാത്തു.”—2 തിമൊ​ഥെ​യൊസ്‌ 4:7

[26-ാം പേജിലെ ചിത്രം]

മുകളിൽ: ഡസ്റ്റിൻ ആരോ​ഗ്യ​വാ​നാ​യി​രു​ന്ന​പ്പോൾ

[26-ാം പേജിലെ ചിത്രം]

താഴെ: ഡസ്റ്റിൻ 12-ാം വയസ്സിൽ സ്‌നാ​പ​ന​മേൽക്കു​ന്നു