വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗലീലാക്കടലിലെ വഞ്ചി ബൈബിൾ കാലങ്ങളിൽനിന്നുള്ള ഒരു നിധി

ഗലീലാക്കടലിലെ വഞ്ചി ബൈബിൾ കാലങ്ങളിൽനിന്നുള്ള ഒരു നിധി

ഗലീലാക്കടലിലെ വഞ്ചി ബൈബിൾ കാലങ്ങളിൽനിന്നുള്ള ഒരു നിധി

ഇസ്രായേലിലെ ഉണരുക! ലേഖകൻ

യേശുവിന്റെ ശുശ്രൂഷയിലെ ഏറ്റവും ആവേശകരവും ഉദ്വേഗജനകവുമായ ചില സംഭവങ്ങൾക്ക്‌ ഗലീലാക്കടൽ സാക്ഷ്യം വഹിച്ചു. ഈ തടാകത്തിലെ വെള്ളത്തിന്മീതെയാണ്‌ അവൻ ഒരിക്കൽ നടന്നത്‌. മറ്റൊരിക്കൽ അതിലെ പ്രക്ഷുബ്ധമായ തിരമാലകളെ ശാന്തമാക്കി. ഈ തീരത്തുവെച്ച്‌ അവൻ ആയിരങ്ങളുടെ വിശപ്പടക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്‌തു.

1986-ൽ പുരാതന കഫർന്നഹൂമിനടുത്ത്‌ കടൽത്തട്ടിൽ അവിശ്വസനീയമായ ഒരു കണ്ടെത്തൽ നടന്നു. യേശുവിന്റെ ശുശ്രൂഷയുടെ കാലത്ത്‌ ഈ കടലിൽ ഉപയോഗിച്ചിരുന്ന ഒരു വഞ്ചി ആയിരുന്നു അത്‌. അതു കണ്ടെത്തിയത്‌ എങ്ങനെയായിരുന്നു? അതിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ സാധിക്കും?

ഒരു വരൾച്ച വെളിച്ചം വീശുന്നു

കുറെ വർഷങ്ങളായി മഴ തീരെ കുറഞ്ഞതും തുടർന്ന്‌ 1985-ൽ കടുത്ത വരൾച്ച ഉണ്ടായതും ഗലീലാക്കടലിനെ വളരെ പ്രതികൂലമായി ബാധിച്ചു. കൂടാതെ ഈ ശുദ്ധജല തടാകത്തിൽനിന്ന്‌ കൃഷിക്ക്‌ ആവശ്യമായ വെള്ളവും പമ്പ്‌ ചെയ്‌തിരുന്നു. ഇതെല്ലാം ജലനിരപ്പ്‌ വളരെ പെട്ടെന്നു കുറയാനും വ്യാപകമായി കര തെളിയാനും ഇടയാക്കി. അടുത്തുള്ള ഒരു യഹൂദ കോളനിയിലെ (kibbutz) രണ്ടു സഹോദരന്മാർ നിധിവേട്ടയ്‌ക്കുള്ള ഒരു സുവർണാവസരമായി ഇതിനെ കണ്ടു. ഈ ചതുപ്പിലൂടെ നിധി തേടി നടക്കവേ അവർക്ക്‌ കുറെ ചെമ്പു നാണയങ്ങളും പഴയ ആണികളും കണ്ടെത്താനായി. അപ്പോൾ അതാ, ചതുപ്പിൽ ഒരു അടയാളം, ദീർഘവൃത്താകൃതിയിൽ. ചെളിയിൽ പുതഞ്ഞു കിടക്കുന്ന ഒരു പഴയ വഞ്ചിയായിരുന്നു അത്‌. ഒടുവിലിതാ അവർ ഒരു നിധി തന്നെ കണ്ടെത്തിയിരിക്കുന്നു!

രണ്ടായിരം വർഷം പഴക്കമുള്ള ഒരു വഞ്ചി ഗലീലാക്കടലിൽ കണ്ടെത്തുമെന്ന്‌ പുരാവസ്‌തുഗവേഷകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സൂക്ഷ്‌മ ജീവികൾ ഏതു തടിയും പണ്ടേ നശിപ്പിച്ചിട്ടുണ്ടാവണം എന്നാണവർ കരുതിയത്‌. എന്നാൽ കാർബൺ കാലനിർണയവും നാണയങ്ങളുടെ പഴക്കവും ഈ വഞ്ചി പൊതുയുഗത്തിനു മുമ്പ്‌ ഒന്നാം നൂറ്റാണ്ടിലേത്‌ അല്ലെങ്കിൽ പൊതുയുഗം ഒന്നാം നൂറ്റാണ്ടിലേത്‌ ആണെന്ന നിഗമനത്തിലേക്കാണ്‌ വിദഗ്‌ധരെ നയിച്ചത്‌. അവിശ്വസനീയമെന്നു പറയട്ടെ, ഈ വഞ്ചിയുടെ ഏറിയഭാഗവും വളരെ നന്നായി സംരക്ഷിക്കപ്പെട്ടിരുന്നു. അതെങ്ങനെ സാധിച്ചു?

തെളിവനുസരിച്ച്‌ ശാന്തമായ ഒരു സ്ഥലത്താണ്‌ വഞ്ചി ഉപേക്ഷിക്കപ്പെട്ടത്‌. അതുമൂലം അതിന്റെ ഏറിയഭാഗവും എക്കലിന്‌ അടിയിലായി. കാലാന്തരത്തിൽ എക്കൽ ഉറയുകയും അങ്ങനെ 20 നൂറ്റാണ്ടോളം ഒരു ചരിത്രം സംരക്ഷിക്കപ്പെടുകയും ചെയ്‌തു.

ഈ വഞ്ചിയെക്കുറിച്ചുള്ള വാർത്ത പരന്നതോടെ അതിന്‌ ‘യേശുവിന്റെ വഞ്ചി’ എന്ന ചെല്ലപ്പേരു വീണു. എന്നാൽ ആരുംതന്നെ ഈ വള്ളം യേശുവോ അവന്റെ ശിഷ്യന്മാരോ ഉപയോഗിച്ചിരുന്നതായി തറപ്പിച്ചു പറഞ്ഞിട്ടില്ല. എന്നിരുന്നാലും ഇതിന്റെ പഴക്കവും സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന വള്ളങ്ങളോടുള്ള സാമ്യവും ഇതിനെ ചരിത്രകാരന്മാരുടെയും ബൈബിൾ പണ്ഡിതന്മാരുടെയും ഇഷ്ടവിഷയമാക്കി.

ഈ ഗലീലിയൻ വഞ്ചിക്ക്‌ 8.2 മീറ്റർ നീളവും 2.3 മീറ്റർ വീതിയുമുണ്ട്‌. ഇതുണ്ടാക്കാൻ, ‘വള്ളത്തിന്റെ ഉടൽ ആദ്യം ഉണ്ടാക്കുന്ന’ നിർമാണരീതിയാണ്‌ അവലംബിച്ചിരിക്കുന്നത്‌. അതായത്‌ വള്ളത്തിന്റെ ഒരു ചട്ടക്കൂട്‌ ആദ്യം ഉണ്ടാക്കി അതിൽ മരപ്പലകകൾ ഉറപ്പിക്കുന്നതിനു പകരം, വള്ളത്തിന്റെ അടിമരത്തിൽ ഒന്നിനുമേൽ ഒന്നായി പലക ഉറപ്പിച്ചുകൊണ്ട്‌ ക്രമേണ വള്ളത്തിന്റെ വശങ്ങൾ കെട്ടിപ്പൊക്കുന്ന രീതിയാണിത്‌. ഉടലിന്റെ പണി ഏതാണ്ട്‌ പൂർത്തിയാക്കിയതിനു ശേഷം അതിനുള്ളിൽ ചട്ടക്കൂട്‌ ഉറപ്പിക്കുന്നു. മധ്യധരണ്യാഴിയിൽ ഉപയോഗിച്ചിരുന്ന വഞ്ചികളിൽ ഈ നിർമാണ രീതി വളരെ സാധാരണമായിരുന്നു. എന്നാൽ ഈ ഗലീലിയൻ വഞ്ചി ഒരു തടാകത്തിൽ ഉപയോഗിക്കുന്നതിനുവേണ്ടി കൊണ്ടുവന്നതായിരിക്കണം.

തെളിവനുസരിച്ച്‌ സമചതുരാകൃതിയിൽ ഉള്ള ഒരു പായ ഈ വഞ്ചിക്കുണ്ടായിരുന്നു. കുറഞ്ഞത്‌ അഞ്ചു ജോലിക്കാർ, അതായത്‌ നാലു തുഴക്കാരും ഒരു അമരക്കാരനും ഇതിലുണ്ടായിരുന്നതായി അതിന്റെ നാലു തുഴകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വള്ളത്തിന്‌ അതിന്റെ ഇരട്ടിയിലധികം ആളുകളെ കയറ്റാൻ കഴിയുമായിരുന്നു. മീൻ പിടിച്ചുകൊണ്ടിരിക്കെ, പുനരുത്ഥാനംപ്രാപിച്ച യേശുവിനെ കണ്ട ഏഴു ശിഷ്യന്മാരെക്കുറിച്ചുള്ള വിവരണം വായിക്കുമ്പോൾ ഇതുപോലൊരു വള്ളം നിങ്ങൾക്കു സങ്കൽപ്പിക്കാനാകുന്നില്ലേ?​—⁠യോഹന്നാൻ 21:2-8.

വലിയ വലകൾ സൂക്ഷിക്കാനുള്ള ഒരു തട്ട്‌ ഗലീലിയൻ വഞ്ചിയുടെ അമരത്ത്‌ ഉണ്ടായിരുന്നു എന്നതിനു സംശയമില്ല. മീൻപിടുത്തക്കാർക്ക്‌ അത്യാവശ്യം വിശ്രമിക്കാനാവശ്യമായ ഒരൊഴിഞ്ഞ ഇടമായിരുന്നു ഈ തട്ടിനടിഭാഗം. ഒരു ചുഴലിക്കാറ്റിന്റെ സമയത്ത്‌ യേശു “അമരത്തു തലയണവെച്ചു ഉറങ്ങുകയായിരുന്നു” എന്ന പരാമർശം, അവൻ ഇതുപോലൊരു തട്ടിനടിയിൽ കിടന്ന്‌ ഉറങ്ങിയെന്നായിരിക്കാം സൂചിപ്പിക്കുന്നത്‌. (മർക്കൊസ്‌ 4:38) ഈ “തലയണ” വള്ളത്തിന്‌ അടിഭാരം പ്രദാനം ചെയ്‌തിരുന്ന ഒരു മണൽച്ചാക്കായിരിക്കാമെന്ന്‌ പൊതുവേ കരുതപ്പെടുന്നു. a

ഗലീലാക്കടലിലെ മീൻപിടുത്തക്കാർ

നിങ്ങളിപ്പോൾ ഒന്നാം നൂറ്റാണ്ടിൽ ഇതുപോലൊരു വഞ്ചിയിൽ യാത്രചെയ്യുകയാണെന്നു സങ്കൽപ്പിക്കുക. ഗലീലക്കടലിലൂടെ അങ്ങനെ ഒഴുകിനീങ്ങുമ്പോൾ നിങ്ങൾക്ക്‌ എന്തൊക്കെ നിരീക്ഷിക്കാനാകും? ചെറുതോണികളിൽനിന്ന്‌ വലവീശുന്നവരെ ഒരുവശത്തും അരയോളം വെള്ളത്തിൽ വലിഞ്ഞു നടന്ന്‌ വലവീശുന്നവരെ മറുവശത്തും കാണാം. 20 മുതൽ 25 അടി വരെ വ്യാസമുള്ള മണിപിടിപ്പിച്ച വലകൾ ഒരു വിദഗ്‌ധന്റെ നൈപുണ്യത്തോടെ ഒരു കൈകൊണ്ട്‌ അവർ വീശിയെറിയുന്നു. ജലോപരിതലത്തിലേക്ക്‌ വിരിഞ്ഞു വീഴുന്ന വല മീനുകളെ അതിനുള്ളിലാക്കിക്കൊണ്ട്‌ വെള്ളത്തിലേക്കു താഴുന്നു. അടുത്തത്‌ മീനുകളെ ശേഖരിക്കലാണ്‌. അതിനായി ഒന്നുകിൽ വല കരയിലേക്ക്‌ വലിച്ച്‌ അടുപ്പിക്കുന്നു, അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങി വലയുടെ അടിഭാഗം വാരിയെടുത്ത്‌ ജലോപരിതലത്തിൽ എത്തിക്കുന്നു. ശിമോനും അന്ത്രെയോസും “കടലിൽ വല വീശുന്നതു കണ്ടു” എന്ന്‌ ബൈബിളിൽ പറയുന്നുണ്ട്‌. ഒരുപക്ഷേ ഈ രീതിയിൽ ആയിരുന്നിരിക്കാം അവർ വല വീശിയിരുന്നത്‌.​—⁠മർക്കൊസ്‌ 1:16.

കലപില ബഹളം വെച്ചുകൊണ്ട്‌ വലയിറക്കാൻ ഒരുങ്ങുന്ന ഒരു കൂട്ടം മുക്കുവരെയും നിങ്ങൾ ശ്രദ്ധിച്ചേക്കാം. ഈ കമ്പാവലയ്‌ക്ക്‌ ഏതാണ്ട്‌ 300 മീറ്റർ നീളവും മധ്യഭാഗത്തായി 8 മീറ്റർവരെ വീതിയും രണ്ടറ്റത്തും വല വലിക്കാനാവശ്യമായ കയറും (കമ്പയും) ഉണ്ട്‌. മീൻ പിടിക്കാനുള്ള സ്ഥലം തീരുമാനിച്ചു കഴിഞ്ഞാൽ പകുതിപേർ വലയുടെ ഒരറ്റവുമായി കരയിൽ നിൽക്കും. ബാക്കിയുള്ളവർ വലയിറക്കിക്കൊണ്ട്‌ വള്ളത്തിൽ അകലേക്കു പോകുന്നു. വല മുഴുവൻ നിവർന്നു കഴിഞ്ഞാൽ വള്ളം തിരിഞ്ഞ്‌ കരയിലേക്ക്‌ അടുക്കുകയായി. അപ്പോൾ വല ഒരു അർധവൃത്താകൃതിയിൽ ആയിരിക്കും. ഇതിനുശേഷം വള്ളത്തിലുള്ളവർ വലയുടെ മറ്റേ അറ്റവുമായി കരയ്‌ക്കിറങ്ങുന്നു. രണ്ടുകൂട്ടരും വല വലിക്കുന്നതോടൊപ്പം അന്യോന്യം അടുത്തുവരുകയും വലയിൽപ്പെട്ട മത്സ്യങ്ങളെ വലിച്ചു കരയ്‌ക്കടുപ്പിക്കുകയും ചെയ്യുന്നു.​—⁠മത്തായി 13:47, 48.

അങ്ങുദൂരെ ഒറ്റയ്‌ക്കിരുന്നു ചൂണ്ടലിടുന്ന ഒരാളെയും നിങ്ങൾക്കു കാണാം. ഈ കടലിൽ ചൂണ്ടലിടുവാനാണ്‌ യേശു ഒരിക്കൽ പത്രൊസിനോടു നിർദേശിച്ചത്‌. ചുങ്കം അടയ്‌ക്കാനുള്ള കൃത്യം പണവുമായി ഒരു മീനിനെ പിടിച്ചപ്പോൾ​—⁠അതിന്റെ വായിൽ ഒരു വെള്ളി നാണയം ഉണ്ടായിരുന്നു​—⁠പത്രൊസിനുണ്ടായ അത്ഭുതം നിങ്ങളൊന്നു വിഭാവന ചെയ്യുക.​—⁠മത്തായി 17:27.

ഇരുട്ടുപരന്നതോടെ ബഹളങ്ങൾ എല്ലാം ഒതുങ്ങി തടാകം ശാന്തമായി. പെട്ടെന്ന്‌, വഞ്ചികളിൽ ചവിട്ടിയും വെള്ളത്തിൽ തുഴയടിച്ചും ഒച്ച വെക്കുന്ന മുക്കുവരുടെ ശബ്ദം ആ പ്രശാന്തതയെ ഭഞ്‌ജിച്ചു. എന്താണു സംഭവിക്കുന്നത്‌? ഒച്ചയും ബഹളവും വെച്ച്‌ അവർ മത്സ്യങ്ങളെ പേടിപ്പിക്കുകയാണ്‌. ഇങ്ങനെ പേടിച്ചരണ്ട മീനുകൾ നേരെചെന്ന്‌ വലകളിൽ കയറത്തക്കവിധമാണ്‌ ഉടക്കുവലകളിടുന്നത്‌. ഇരുട്ടിൽ അദൃശ്യമായ, കുത്തനെ ഇറക്കിയിരിക്കുന്ന ഈ വല മത്സ്യങ്ങൾ വളരെ എളുപ്പത്തിൽ കുരുങ്ങുന്ന രീതിയിലാണു നിർമിച്ചിരിക്കുന്നത്‌. രാത്രി മുഴുവനും അവർ ഇതാവർത്തിക്കും. രാവിലെ വല കഴുകി ഉണക്കാനിടും. ലൂക്കൊസ്‌ 5:1-7-ൽ പറഞ്ഞിരിക്കുന്ന അതിശയകരമായ മീൻപിടുത്തം നടത്തിയത്‌ ഉടക്കുവല ഉപയോഗിച്ചായിരിക്കുമോ?

പുനർനിർമാണ പ്രവർത്തനം

ആധുനിക നാളുകളിലേക്ക്‌ നമുക്കു മടങ്ങിവരാം. ചതുപ്പിൽ നിന്നു കണ്ടെടുത്ത ആ വഞ്ചിക്ക്‌ എന്തു സംഭവിച്ചു? അതിന്‌ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലായിരുന്നെങ്കിലും ഒരു കുതിർന്ന കാർഡ്‌ബോർഡിനെക്കാൾ ഒട്ടും മെച്ചമല്ലായിരുന്നു അതിന്റെ അവസ്ഥ. മണ്ണിൽ നിന്നും അത്‌ അങ്ങനെതന്നെ കുഴിച്ചെടുക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഇത്രയുംകാലം സംരക്ഷിക്കപ്പെട്ട അത്‌ പുനർനിർമാണ സമയത്ത്‌ ഉടഞ്ഞു പോയാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ! തടാകത്തിലെ ജലനിരപ്പു വീണ്ടും ഉയർന്നേക്കുമെന്ന ഭീഷണി ഉണ്ടായിരുന്നതിനാൽ ഉത്‌ഖനന പ്രദേശത്തിനു ചുറ്റും ചിറ കെട്ടേണ്ടിവന്നു. വഞ്ചിക്ക്‌ ഫൈബർഗ്ലാസ്‌ കൊണ്ടുള്ള താങ്ങുകൾ കൊടുക്കുന്നതിനു വേണ്ടി തുരങ്കങ്ങളും നിർമിച്ചു. വളരെ ശ്രദ്ധയോടെ ചെളി നീക്കിക്കളയവേതന്നെ വള്ളത്തിന്‌ അകത്തും പുറത്തും പോളീയുറിത്തേൻ കൊണ്ടുള്ള ഒരു ആവരണവും ഉണ്ടാക്കി.

പുനർനിർമാണ പ്രവർത്തനത്തിനായി ദുർബലമായ ഈ വഞ്ചി 300 മീറ്റർ ദൂരെ മാറ്റി സ്ഥാപിക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. പോളീയുറിത്തേൻ ആവരണം കട്ടിയുള്ളതാണ്‌; എന്നിരുന്നാലും പെട്ടെന്ന്‌ ഒരു കുലുക്കം തട്ടിയാൽ അതിനുള്ളിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന വഞ്ചി തകരുമായിരുന്നു. പുനർനിർമാണ സംഘം പറ്റിയ ഒരു പരിഹാരം കണ്ടെത്തി. അവർ ചിറ പൊട്ടിച്ച്‌ വെള്ളം അകത്തേക്കു കടത്തിവിട്ടു. അനേക നൂറ്റാണ്ടുകൾക്കു ശേഷം ഒരു പുതിയ ആവരണത്തോടുകൂടി ആ വഞ്ചി ഗലീലാക്കടലിൽ പൊങ്ങിക്കിടന്നു.

14 വർഷത്തോളം നീണ്ടുനിന്ന സംരക്ഷണ പ്രക്രിയയിൽ, വഞ്ചി ഇടാൻ വേണ്ടി ഒരു കോൺക്രീറ്റ്‌ ടാങ്ക്‌ നിർമിച്ചു. എന്നാൽ ഒരു പ്രശ്‌നം തലപൊക്കി. വെള്ളത്തിൽ കൂത്താടികൾ പെരുകി; വഞ്ചിയുടെ പണിക്കായി ടാങ്കിൽ ഇറങ്ങുന്നവർക്ക്‌ അതൊരു ബുദ്ധിമുട്ടായി. എന്നാൽ സംരക്ഷണ സംഘം കാലം തെളിയിച്ച, തനതായ ഒരു പരിഹാരം കണ്ടെത്തി. സെന്റ്‌ പീറ്റേർസ്‌ ഫിഷ്‌ എന്നറിയപ്പെടുന്ന മത്സ്യത്തിൽ കുറെയെണ്ണത്തിനെ അവർ ടാങ്കിൽ പിടിച്ചിട്ടു. അവ കൂത്താടികളെയെല്ലാം തിന്നൊടുക്കി, അങ്ങനെ വെള്ളം ശുദ്ധമായി.

അവസാനം വഞ്ചി ഉണക്കാനുള്ള സമയം വന്നെത്തി. അതിപ്പോഴും വളരെ ദുർബലമായിരുന്നതിനാൽ സ്വാഭാവിക രീതിയിൽ ഉണക്കിയെടുക്കാനാവില്ലായിരുന്നു. നഷ്ടപ്പെടുന്ന വെള്ളത്തിനു പകരമായി മറ്റെന്തെങ്കിലുംകൊണ്ട്‌ വഞ്ചിയുടെ തടി കുതിർക്കേണ്ടിയിരുന്നു. വെള്ളത്തിൽ ലയിക്കുന്ന ഒരുതരം കൃത്രിമ മെഴുകിൽ തടി കുതിർക്കുന്ന ഒരു സാങ്കേതികവിദ്യ അവർ ഉപയോഗിച്ചു. അങ്ങനെ വഞ്ചിയുടെ തനതു രൂപം നഷ്ടപ്പെടാതെ അത്‌ ഉണക്കിയെടുക്കാൻ സാധിച്ചു.

പുനർനിർമാണവേല പൂർത്തിയായപ്പോൾ താരതമ്യേന ലളിതമായ ഒരു വഞ്ചിയാണ്‌ കാണാനായത്‌. അതിന്റെ നിർമാണത്തിന്‌ 12 തരം മരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്‌. എന്തുകൊണ്ട്‌? ഒരു സാധ്യത മരത്തിന്റെ ദൗർലഭ്യമാണ്‌. എന്നാൽ അതിന്റെ ഉടമസ്ഥൻ ഒരു പാവപ്പെട്ടവൻ ആയിരുന്നിരിക്കാനാണ്‌ ഏറെ സാധ്യത. പലതവണ കേടുപാടുകൾ തീർത്തശേഷമായിരിക്കാം അയാൾ അത്‌ ഉപേക്ഷിച്ചത്‌.

ഈ ഗലീലിയൻ വഞ്ചിക്ക്‌ യേശുവുമായി ഒരു ബന്ധവും ഉണ്ടായിരുന്നിരിക്കില്ല. എന്നിരുന്നാലും അനേകർക്കും ഇതൊരു നിധി തന്നെയാണ്‌. നൂറ്റാണ്ടുകൾ പിന്നിലേക്ക്‌ ഒന്നെത്തിനോക്കാനും യേശുവിന്റെ ചരിത്ര പ്രധാനമായ ഭൗമിക ശുശ്രൂഷയുടെ കാലത്തെ ഗലീലാക്കടലിലെ ജീവിതം വിഭാവന ചെയ്യാനും ഈ വഞ്ചി ഒരവസരം പ്രദാനം ചെയ്യുന്നു.

[അടിക്കുറിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച 2005 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 8-ാം പേജിലെ “ഗലീലാക്കടലിൽ” എന്ന ലേഖനം കാണുക.

[15-ാം പേജിലെ ചിത്രം]

വഞ്ചിയിൽ നിന്നും ജോലിക്കാർ അതീവ ശ്രദ്ധയോടെ ചെളി നീക്കം ചെയ്‌തു

[15-ാം പേജിലെ ചിത്രം]

പുനഃസ്ഥിതീകരിച്ച ഗലീലിയൻ വഞ്ചി പ്രദർശന വേദിയിൽ

[15-ാം പേജിലെ ചിത്രം]

ഏതാണ്ട്‌ 2,000 വർഷത്തിനുശേഷം വീണ്ടും ജലപ്പരപ്പിൽ

[15-ാം പേജിലെ ചിത്രം]

പോളീയുറിത്തേൻ ആവരണത്തിന്റെ ഉള്ളിൽ

[15-ാം പേജിലെ ചിത്രം]

ഒന്നാം നൂറ്റാണ്ടിലെ ഗലീലിയൻ വഞ്ചിയുടെ ഒരു ഏകദേശ മാതൃക

[15-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

വള്ളത്തിന്റെ മാതൃകയുടെയും കടലിന്റെയും ഒഴികെയുള്ള എല്ലാ ചിത്രങ്ങളും: Israel Antiquities Authority - The Yigal Allon Center, Ginosar