വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ഒരുനാൾ ‘മാനിനെപ്പോലെ ചാടും’

ഞാൻ ഒരുനാൾ ‘മാനിനെപ്പോലെ ചാടും’

ഞാൻ ഒരുനാൾ ‘മാനി​നെ​പ്പോ​ലെ ചാടും’

ഫ്രാൻചെസ്‌ക്കോ ആബാ​റ്റേ​മാർക്കോ പറഞ്ഞ പ്രകാരം

“എന്തേ എന്റെ ജീവി​ത​ത്തിൽ ഇങ്ങനെ സംഭവി​ച്ചു? എന്തു​കൊ​ണ്ടാണ്‌ ദൈവം ഇത്‌ അനുവ​ദി​ച്ചത്‌?” എത്ര തവണ ഞാൻ ഈ ചോദ്യ​ങ്ങൾ ചോദി​ച്ചി​രി​ക്കു​ന്നു! കയ്യും കാലും ഉപയോ​ഗി​ക്കാൻ പറ്റാതെ ഒരു വീൽച്ചെ​യ​റിൽ ജീവിതം തള്ളിനീ​ക്കുന്ന കാര്യം ഞാൻ ഓർക്കാൻകൂ​ടി ഇഷ്ടപ്പെ​ട്ടില്ല.

ഞാൻ ജനിച്ചത്‌ 1962-ൽ ഇറ്റലി​യി​ലെ ബെസി​ലി​ക്ക്‌പാ​റ്റെ​യി​ലുള്ള ഒരു ചെറു​പ​ട്ട​ണ​ത്തി​ലാണ്‌. ജനിച്ചു​വീണ ദിവസം​തന്നെ എന്റെ ജീവി​ത​ത്തിൽ കരിനി​ഴൽ വീണു​വെന്നു പറയാം. എന്റെ അമ്മയു​ടേത്‌ ഒരു സുഖ​പ്ര​സവം ആയിരു​ന്നില്ല. തുടർന്നു ഗുരു​ത​ര​മായ പാർശ്വ​ഫ​ല​ങ്ങ​ളുള്ള ഒരു മരുന്ന്‌ ഡോക്ടർ എന്റെ പിഞ്ചു​ശ​രീ​ര​ത്തിൽ കുത്തി​വെച്ചു. ജനിച്ചു മൂന്നു ദിവസ​ത്തി​നു​ശേഷം ഉണ്ടായ അപസ്‌മാ​ര​ബാ​ധ​യെ​ത്തു​ടർന്ന്‌ എന്റെ കൈകാ​ലു​കൾ തളർന്നു പോകു​ക​യും സ്വനത​ന്തു​വി​നു തകരാറു സംഭവി​ക്കു​ക​യും ചെയ്‌തു.

മുതിർന്നു​വ​ര​വേ, എന്റെ ശാരീ​രിക അവസ്ഥ​യെ​ക്കു​റി​ച്ചുള്ള ചിന്ത എന്നെ നിരാ​ശ​യി​ലാ​ഴ്‌ത്തി. ഞാൻ പെട്ടെന്ന്‌ അസ്വസ്ഥ​നാ​കു​ക​യും ആളുക​ളോ​ടു പൊട്ടി​ത്തെ​റി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. എല്ലാവ​രാ​ലും അവഗണി​ക്ക​പ്പെ​ടു​ന്ന​താ​യും ജീവി​ത​ത്തി​നു യാതൊ​രു അർഥമി​ല്ലാ​ത്ത​താ​യും എനിക്കു തോന്നി. 25 വയസ്സാ​യ​പ്പോ​ഴേ​ക്കും ഞാൻ വൈകാ​രി​ക​മാ​യി ആകെ തകർന്നി​രു​ന്നു. എന്തു​കൊ​ണ്ടാണ്‌ ദൈവം എനിക്ക്‌ ഇത്രയും കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്ന​തെന്നു മനസ്സി​ലാ​കാ​തെ, യുക്തി​സ​ഹ​മെന്ന്‌ എനിക്കു തോന്നിയ ഒരു നിഗമ​ന​ത്തിൽ ഞാൻ എത്തി​ച്ചേർന്നു—ദൈവ​മില്ല.

കാഴ്‌ച​പ്പാ​ടു മാറുന്നു

1987 അവസാ​ന​ത്തോ​ട​ടുത്ത ഒരു പ്രഭാതം. ഞാൻ വീടിനു വെളി​യിൽ എന്റെ വീൽച്ചെ​യ​റിൽ ഇരിക്കു​ക​യാ​യി​രു​ന്നു. അപ്പോൾ മാന്യ​രായ രണ്ടു ചെറു​പ്പ​ക്കാർ എന്റെ അടുക്കൽ വന്നു. അവർ എന്റെ ജ്യേഷ്‌ഠ​നോ​ടു സംസാ​രി​ക്കാ​നാ​ണു വന്നതെന്നു കരുതി, അദ്ദേഹം വീട്ടിൽ ഇല്ലെന്നു ഞാൻ ഒരുവി​ധം പറഞ്ഞൊ​പ്പി​ച്ചു. “ഞങ്ങൾ താങ്ക​ളോ​ടു സംസാ​രി​ക്കാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌” എന്ന്‌ അവർ പറഞ്ഞു. ആരും​തന്നെ എന്നോടു സംസാ​രി​ക്കാൻ ഇഷ്ടപ്പെ​ടാ​തി​രു​ന്ന​തി​നാൽ അതെന്നെ അതിശ​യി​പ്പി​ച്ചു.

“താങ്കൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?” അവർ ചോദി​ച്ചു. “എന്റെ ഈ അവസ്ഥയിൽ എനി​ക്കെ​ങ്ങനെ അതിനു കഴിയും?” ഞാൻ പരുഷ​മാ​യി പ്രതി​ക​രി​ച്ചു. ഞങ്ങൾ സംഭാ​ഷണം തുടരവേ അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? a എന്ന പുസ്‌തകം അവർ എനിക്കു തന്നു. ഞാനതു മനസ്സി​ല്ലാ​മ​ന​സ്സോ​ടെ​യാണ്‌ സ്വീക​രി​ച്ചത്‌. വീണ്ടും വരാ​മെന്ന്‌ പറഞ്ഞെ​ങ്കി​ലും അവർ വരു​മെന്ന്‌ ഞാൻ കരുതി​യ​തേ​യില്ല.

പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ അവർ മടങ്ങി​വന്നു. ഞങ്ങൾ സംഭാ​ഷണം തുടർന്നു. അവർ അന്ന്‌ എന്നെ വായിച്ചു കേൾപ്പിച്ച ബൈബിൾ വാക്യങ്ങൾ ഞാനി​ന്നും ഓർക്കു​ന്നു. അതു യെശയ്യാ​വു 35:5, 6 ആയിരു​ന്നു. അവിടെ ഇങ്ങനെ പറയുന്നു: “അന്നു കുരു​ട​ന്മാ​രു​ടെ കണ്ണു തുറന്നു​വ​രും; ചെകി​ട​ന്മാ​രു​ടെ ചെവി അടഞ്ഞി​രി​ക്ക​യു​മില്ല. അന്നു മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷി​ക്കും.” ആ വാക്കുകൾ കേൾക്കാൻ ഇമ്പമു​ള്ള​താ​യി​രു​ന്നെ​ങ്കി​ലും എന്റെ ജീവി​താ​നു​ഭ​വ​ങ്ങ​ളിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. എഴു​ന്നേറ്റു നിൽക്കാൻപോ​ലും കഴിയു​ന്നില്ല, പിന്നല്ലേ മാനി​നെ​പ്പോ​ലെ ചാടു​ന്നത്‌. എന്തായാ​ലും അവരോ​ടൊ​പ്പം ബൈബിൾ പഠിക്കാ​മെന്നു ഞാൻ സമ്മതിച്ചു. എന്നാൽ എന്റെ ഇപ്പോ​ഴത്തെ പ്രശ്‌നങ്ങൾ നേരി​ടാൻ ബൈബി​ളിന്‌ എന്നെ സഹായി​ക്കാൻ കഴിയു​മെന്ന്‌ ഞാൻ വിശ്വ​സി​ച്ചില്ല. വൈക​ല്യ​ങ്ങ​ളിൽനി​ന്നെ​ല്ലാം ഒരുനാൾ മുക്തനാ​കു​മെ​ന്നുള്ള പ്രത്യാ​ശ​യും യാഥാർഥ്യ​ത്തി​നു നിരക്കാ​ത്ത​താ​യി തോന്നി.

പിന്നീട്‌ ആ സാക്ഷികൾ എന്നെ അവരുടെ പ്രാ​ദേ​ശിക രാജ്യ​ഹാ​ളി​ലെ യോഗ​ത്തി​നു ക്ഷണിച്ചു. അന്നത്തെ ബൈബിൾ പ്രസംഗം എന്തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നെന്ന്‌ ഓർക്കു​ന്നി​ല്ലെ​ങ്കി​ലും, സാക്ഷികൾ എന്നോടു പ്രകട​മാ​ക്കിയ സൗഹൃ​ദ​വും സ്‌നേ​ഹ​വും ഞാനൊ​രി​ക്ക​ലും മറക്കില്ല. എന്റെ ഈ ദയനീ​യാ​വ​സ്ഥ​യിൽ അമിത​മാ​യി സഹതപി​ക്കു​ന്ന​തി​നു പകരം അവരെന്നെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കു​ക​യും അവരി​ലൊ​രാ​ളാ​യി വീക്ഷി​ക്കു​ക​യും ചെയ്‌തു. എനിക്കു യോജിച്ച സ്ഥലം ഇതുതന്നെ, ഞാൻ മനസ്സിൽ കരുതി. ആ ഞായറാഴ്‌ച മുതൽ ഞാൻ പതിവാ​യി യോഗ​ങ്ങൾക്കു ഹാജരാ​കാൻ തുടങ്ങി.

മറിക​ട​ക്കേ​ണ്ടി​യി​രുന്ന വലി​യൊ​രു തടസ്സം

ദൈവ​വ​ച​ന​ത്തി​ന്റെ പഠനം എന്റെ ഹൃദയത്തെ ആഴത്തിൽ സ്‌പർശി​ച്ചു. അത്‌ ഉണങ്ങി​പ്പോയ ഒരു മരത്തിനു പുതു​ജീ​വൻ ലഭിക്കു​ന്ന​തു​പോ​ലെ ആയിരു​ന്നു. എന്നിൽ കുഴിച്ചു മൂട​പ്പെ​ട്ടി​രുന്ന വികാ​രങ്ങൾ അങ്ങനെ വീണ്ടും പൊട്ടി​മു​ള​യ്‌ക്കാൻ തുടങ്ങി. ജീവിതം തിരികെ കിട്ടി​യ​തി​ന്റെ സന്തോഷം അവർണ​നീ​യ​മാ​യി​രു​ന്നു. ഞാൻ സ്വന്തമാ​ക്കി​ക്കൊ​ണ്ടി​രുന്ന അത്ഭുത​ക​ര​മായ പ്രത്യാ​ശ​യെ​ക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു പറയാൻ വളരെ​യ​ധി​കം ആഗ്രഹി​ച്ചു. (മത്തായി 24:14) എങ്കിലും എനി​ക്കെ​ങ്ങനെ പ്രസം​ഗ​വേല തുടങ്ങാൻ കഴിയും? എനി​ക്കൊ​രു വഴി കാണിച്ചു തരാനാ​യി ഞാൻ യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു.

1991 സെപ്‌റ്റം​ബ​റിൽ ഞങ്ങളുടെ സഭയിൽ ഒരു പയനിയർ (മുഴു​സമയ സുവി​ശേ​ഷകൻ) നിയമി​ക്ക​പ്പെട്ടു. ഒരു ദിവസം അദ്ദേഹ​ത്തി​ന്റെ വീട്ടിൽവെച്ച്‌ പ്രസം​ഗി​ക്കാ​നുള്ള എന്റെ ആഗ്രഹ​ത്തെ​ക്കു​റിച്ച്‌ ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു. എനിക്കു നന്നായി സംസാ​രി​ക്കാൻ കഴിയി​ല്ലാ​ത്ത​തി​നാൽ ഒരു ടൈപ്പ്‌​റൈറ്റർ ഉപയോ​ഗി​ച്ചു കത്തുകൾ എഴുതു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞങ്ങൾ ചർച്ച ചെയ്‌തു. എന്നാൽ എന്റെ തളർന്ന കൈകൾ അതി​നൊ​രു തടസ്സമാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ സഹായ​ത്തോ​ടെ ഞാൻ വ്യത്യസ്‌ത രീതികൾ പരീക്ഷി​ച്ചു നോക്കി. പെൻസിൽ കടിച്ചു​പി​ടിച്ച്‌ ടൈപ്പ്‌​റൈ​റ്റി​ന്റെ കട്ടകൾ അമർത്താൻ ശ്രമിച്ചു. അതിനു​ശേഷം, ഹെൽമെ​റ്റിൽ ഒരു ചെറിയ കമ്പ്‌ പിടി​പ്പി​ച്ചിട്ട്‌ അത്‌ തലയിൽവെച്ച്‌ കട്ടകൾ അമർത്താൻ ശ്രമി​ച്ചു​നോ​ക്കി. പക്ഷേ അതും ഫലിച്ചില്ല.

പിന്നീട്‌, ഈ പ്രശ്‌ന​ത്തെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യവേ അതേ പയനിയർ തന്നെ തമാശ​യ്‌ക്ക്‌ ഇങ്ങനെ പറഞ്ഞു: “ഫ്രാൻചെ​സ്‌ക്കോ​യ്‌ക്കു നല്ലൊരു മൂക്കു​ണ്ട​ല്ലോ.” പിന്നെ വൈകി​യില്ല, ഞാൻ മൂക്കു​കൊ​ണ്ടു ടൈപ്പ്‌​റൈ​റ്റ​റി​ന്റെ കട്ടകളിൽ അമർത്തി​നോ​ക്കി. അതു ഫലിച്ചു. ഒടുവിൽ, ഇതാ എനിക്ക്‌ എഴുതാൻ കഴിഞ്ഞി​രി​ക്കു​ന്നു! എന്നാൽ മൂക്കു​കൊണ്ട്‌ അക്ഷര​ത്തെ​റ്റു​കൾ തിരു​ത്തു​ന്നത്‌ എത്രമാ​ത്രം ശ്രമക​ര​മാ​യി​രു​ന്നെന്ന്‌ ഒന്നാ​ലോ​ചി​ച്ചു നോക്കൂ! ഒരു കമ്പ്യൂട്ടർ ഉപയോ​ഗി​ക്കു​ന്നതു കൂടുതൽ എളുപ്പ​മാ​യി​രി​ക്കു​മെന്നു പെട്ടെ​ന്നു​തന്നെ ഞങ്ങൾ മനസ്സി​ലാ​ക്കി. എന്നാൽ ഒരു കമ്പ്യൂട്ടർ വാങ്ങു​ന്ന​തി​നുള്ള പണം എങ്ങനെ കിട്ടും? ഉചിത​മായ സമയത്തി​നാ​യി കാത്തി​രുന്ന ഞാൻ ഈ ആവശ്യ​ത്തെ​ക്കു​റിച്ച്‌ എന്റെ മാതാ​പി​താ​ക്ക​ളോ​ടു പറഞ്ഞു. അധികം താമസി​യാ​തെ​തന്നെ ഞാൻ കമ്പ്യൂട്ടർ ഉപയോ​ഗി​ച്ചു കത്തുക​ളെ​ഴു​താൻ തുടങ്ങി.

എന്റെ ആഗ്രഹം സഫലമാ​യി

ആദ്യം ബന്ധുക്കൾക്കും സുഹൃ​ത്തു​ക്കൾക്കും, പിന്നെ എന്റെ പട്ടണത്തി​ലു​ള്ള​വർക്കും ചുറ്റു​മുള്ള പട്ടണങ്ങ​ളി​ലു​ള്ള​വർക്കും ഞാൻ കത്തുക​ളെ​ഴു​തി. അധികം താമസി​യാ​തെ ഇറ്റലി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളി​ലും എന്റെ കത്തുക​ളെ​ത്തി​ത്തു​ടങ്ങി. കത്തുകൾക്കു മറുപടി ലഭിച്ച​പ്പോൾ എനിക്കു​ണ്ടായ സന്തോഷം പറഞ്ഞറി​യി​ക്കാൻ കഴിയാ​ത്ത​താ​യി​രു​ന്നു. 1991 ഡിസം​ബ​റിൽ, ഞാൻ സ്‌നാ​പ​ന​മേൽക്കാത്ത ഒരു പ്രസാ​ധ​ക​നാ​യി​ത്തീർന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളിൽ വാരം​തോ​റും നടക്കുന്ന ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലും ഞാൻ പേർചാർത്തി. സഭയിൽ ഒരു പ്രസംഗം നടത്താ​നുള്ള നിയമനം കിട്ടി​യ​പ്പോൾ വീട്ടിൽവെച്ചു കമ്പ്യൂ​ട്ട​റി​ന്റെ സഹായ​ത്തോ​ടെ ഞാനതു നന്നായി തയ്യാറാ​യി. തുടർന്ന്‌ യോഗ​സ​മ​യത്ത്‌ ഒരു സുഹൃത്ത്‌ എനിക്കു​വേണ്ടി അതു സ്റ്റേജിൽനി​ന്നു വായിച്ചു.

യഹോവ എന്നോടു പ്രകട​മാ​ക്കിയ സ്‌നേ​ഹ​ത്തി​നു ഞാനെ​ന്നും നന്ദിയു​ള്ള​വ​നാ​യി​രു​ന്നു. അതിനാൽ, എന്റെ ജീവിതം ദൈവ​ത്തി​നു സമർപ്പി​ച്ചു സ്‌നാ​പ​ന​മേൽക്കു​ന്ന​താണ്‌ ആത്മീയ പുരോ​ഗ​തി​യി​ലെ അടുത്ത പടി​യെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. ധൈര്യം സംഭരിച്ച്‌ ഞാൻ എന്റെ തീരു​മാ​ന​ത്തെ​ക്കു​റി​ച്ചു മാതാ​പി​താ​ക്ക​ളോ​ടു പറഞ്ഞു. അവർ അതിൽ സന്തുഷ്ട​രാ​യി​രു​ന്നില്ല. എന്നാൽ സ്‌നാ​പ​ന​മേൽക്കാ​നുള്ള എന്റെ ആഗ്രഹം വളരെ ശക്തമാ​യി​രു​ന്നു. അതു​കൊണ്ട്‌ എനിക്ക്‌ ആ ഭയത്തെ മറിക​ട​ക്കാൻ സാധിച്ചു. യഹോ​വ​യു​ടെ​യും എന്റെ സഹസാ​ക്ഷി​ക​ളു​ടെ​യും പിന്തു​ണ​യാൽ ഞാൻ 1992 ആഗസ്റ്റിൽ സ്‌നാ​പ​ന​മേറ്റു. എന്റെ ജ്യേഷ്‌ഠ​നും ഭാര്യ​യും സ്‌നാ​പ​ന​ത്തി​നു സാക്ഷ്യം വഹിക്കാ​നെ​ത്തി​യ​തിൽ ഞാനെ​ത്ര​മാ​ത്രം സന്തുഷ്ട​നാ​യി​രു​ന്നെ​ന്നോ!

എന്റെ ചിന്താ​ഗ​തി​യിൽ മാറ്റം വരുന്നു

ദൈവ​വ​ച​ന​ത്തിൽ അടങ്ങി​യി​രി​ക്കുന്ന തത്ത്വങ്ങൾ ക്രമേണ കൂടുതൽ വ്യക്തമാ​യ​തോ​ടെ എന്റെ വ്യക്തി​ത്വ​ത്തി​ലെ അനഭി​കാ​മ്യ ഗുണങ്ങൾ മാറ്റേ​ണ്ട​തു​ണ്ടെന്നു ഞാൻ മനസ്സി​ലാ​ക്കി. എന്റെ ശാരീ​രിക അവസ്ഥ എന്നെ കൂടുതൽ സ്വാർഥ​നാ​ക്കി. മറ്റുള്ള​വ​രു​ടെ മുഴുവൻ ശ്രദ്ധയും ലഭിക്ക​ണ​മെന്ന നിർബ​ന്ധ​വും എനിക്കു​ണ്ടാ​യി​രു​ന്നു. അത്തരം കുറവു​കൾ പരിഹ​രി​ക്കാൻ ഞാൻ നല്ല പോരാ​ട്ടം​തന്നെ നടത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. താഴ്‌മ പ്രകട​മാ​ക്കാൻ ഞാൻ കൂടു​ത​ലാ​യി ശ്രമി​ക്കു​ക​യും മറ്റുള്ള​വരെ എപ്പോ​ഴും ആശ്രയി​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്റെ നിരാ​ശയെ അതിജീ​വി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു.

എന്നോ​ടു​ത​ന്നെ സഹതാപം തോന്നു​ന്ന​തും ഒരു ദുരന്ത കഥയിലെ നായക​നാ​യി എന്നെ വീക്ഷി​ക്കു​ന്ന​തും ഒഴിവാ​ക്കാൻ ഞാൻ പരി​ശ്ര​മി​ച്ചു. എന്റെ ജീവി​ത​ത്തി​ലു​ണ്ടായ ചില അനുഭ​വങ്ങൾ തമാശ​യാ​യി വീക്ഷി​ക്കാ​നും ഞാൻ പഠിച്ചു. ഒരു ദിവസം ഞാൻ വീടു​തോ​റും പ്രസം​ഗി​ക്കവേ ഒരു കൊച്ചു പെൺകു​ട്ടി വാതിൽ തുറന്നു. എന്റെ കൂടെ ഉണ്ടായി​രു​ന്ന​വ​രി​ലൊ​രാൾ, അവളുടെ മാതാ​പി​താ​ക്കൾ അവിടെ ഉണ്ടോ എന്നു ചോദി​ച്ചു. ഉടനെ ആ കുട്ടി ഉറക്കെ വിളി​ച്ചു​പ​റഞ്ഞു, “മമ്മീ, ഇതാ വാതിൽക്കൽ ഒരു രോഗി​യെ​യും​കൊണ്ട്‌ രണ്ടുപേർ വന്നിരി​ക്കു​ന്നു.” എന്നെ കണ്ടപ്പോൾ, ഞങ്ങളുടെ മുമ്പിൽവെച്ച്‌ കുട്ടി ഇങ്ങനെ പറഞ്ഞല്ലോ എന്നോർത്ത്‌ അമ്മയ്‌ക്ക്‌ വല്ലാത്ത നാണ​ക്കേടു തോന്നി, എന്തു പറയണം എന്നറി​യാത്ത സ്ഥിതി​യാ​യി. എന്റെ സുഹൃ​ത്തു​ക്ക​ളി​ലൊ​രാൾ ഇങ്ങനെ പറഞ്ഞു: “ശരിക്കും പറഞ്ഞാൽ, ഞങ്ങളിൽ രണ്ടുപേർ രോഗി​ക​ളും ഒരാൾ ആരോ​ഗ്യ​വാ​നു​മാണ്‌.” ഇതു​കേട്ടു ഞങ്ങളെ​ല്ലാ​വ​രും ചിരിച്ചു. തുടർന്ന്‌ ആ സ്‌ത്രീ​യു​മാ​യി നല്ലൊരു സംഭാ​ഷണം നടത്താൻ കഴിഞ്ഞു.

കൂടുതൽ ചെയ്യാ​നുള്ള ആഗ്രഹം

സ്‌നാ​പ​ന​ത്തി​നു​ശേഷം പ്രസം​ഗ​വേ​ല​യിൽ ഓരോ മാസവും 60 മണിക്കൂർ ചെലവി​ട്ടു​കൊണ്ട്‌ ഒരു സഹായ പയനി​യ​റാ​യി ഞാൻ ഒമ്പതു മാസം സേവിച്ചു. എന്നിരു​ന്നാ​ലും കൂടുതൽ ചെയ്യാൻ ഞാൻ ആഗ്രഹി​ച്ചു. അധികം താമസി​യാ​തെ ഞാൻ ഒരു നിരന്തര പയനി​യ​റാ​യി സേവി​ക്കാൻ തുടങ്ങി. ആദ്യത്തെ ഏതാനും മാസങ്ങ​ളിൽ പയനിയർ സേവനം അത്ര എളുപ്പ​മാ​യി​രു​ന്നില്ല. ഞാൻ വീട്ടു​വാ​തിൽക്കൽ പണം ചോദി​ച്ചു​ചെ​ല്ലു​ന്ന​താ​ണെന്ന്‌ അനേക​രും തെറ്റി​ദ്ധ​രി​ച്ചി​രു​ന്നു. ഇത്‌ എന്നെയും കൂടെ വരുന്ന​വ​രെ​യും വിഷമി​പ്പി​ച്ചു.

കൂടാതെ സഭയിലെ പലർക്കും ഞാൻ സംസാ​രി​ക്കു​ന്നതു മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എന്നെ സഹായി​ക്കാൻ എന്തു ചെയ്യണ​മെ​ന്നും അവർക്ക്‌ ഉറപ്പി​ല്ലാ​യി​രു​ന്നു. യഹോ​വ​യു​ടെ​യും നിസ്വാർഥ​രായ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ​യും സഹായ​ത്താൽ കാല​ക്ര​മേണ സാഹച​ര്യം മെച്ച​പ്പെട്ടു. ഇന്ന്‌ ആളുക​ളെന്നെ വീൽച്ചെ​യ​റിൽ ഇരിക്കുന്ന ഒരാൾ എന്നതി​ലു​പരി ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു പഠിക്കാൻ സഹായി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​നാ​യാ​ണു വീക്ഷി​ക്കു​ന്നത്‌.

പയനിയർ ശുശ്രൂ​ഷ​കർക്കാ​യി 1994 ജൂ​ലൈ​യിൽ നടത്തപ്പെട്ട രണ്ടാഴ്‌ചത്തെ ഒരു പ്രത്യേക കോഴ്‌സിൽ പങ്കെടു​ക്കാൻ എനിക്കു കഴിഞ്ഞു. പ്രസംഗ-ശിഷ്യ​രാ​ക്കൽ വേലയെ നയിക്കുന്ന തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ ഞങ്ങൾക്ക്‌ ആ കോഴ്‌സി​ലൂ​ടെ പഠിക്കാൻ കഴിഞ്ഞു. ശുശ്രൂ​ഷ​യിൽ പ്രാ​യോ​ഗിക പരിശീ​ല​ന​വും ഞങ്ങൾക്കു കിട്ടി. ഞാൻ താമസി​ക്കു​ന്നി​ട​ത്തു​നിന്ന്‌ ഏകദേശം 60 കിലോ​മീ​റ്റർ അകലെ ആയിരു​ന്നു ഈ സ്‌കൂൾ നടന്നത്‌. അതു​കൊണ്ട്‌ എനിക്ക​തിൽ ഹാജരാ​കാൻ ചില തടസ്സങ്ങൾ തരണം ചെയ്യേ​ണ്ടി​യി​രു​ന്നു. രാത്രി​യിൽ വീട്ടിൽനി​ന്നു വിട്ടു​നിൽക്കാൻ കഴിയി​ല്ലാ​യി​രു​ന്ന​തി​നാൽ സഹോ​ദ​രങ്ങൾ എന്നെ രാവിലെ സ്‌കൂ​ളി​ലേ​ക്കും വൈകു​ന്നേരം തിരികെ വീട്ടി​ലേ​ക്കും ഊഴമ​നു​സ​രി​ച്ചു കൊണ്ടു​പോ​കു​മാ​യി​രു​ന്നു. ഉച്ചയ്‌ക്ക്‌ എല്ലാവ​രും ഒരുമി​ച്ചി​രു​ന്നു ഭക്ഷണം കഴിക്കു​ന്ന​തി​നാ​യി അവരി​ലൊ​രാൾ എന്നെ മൂന്നാം നിലയി​ലേക്ക്‌ എടുത്തു​കൊ​ണ്ടു പോകു​മാ​യി​രു​ന്നു.

ഒരു വലിയ ഉത്തരവാ​ദി​ത്വം

2003 മാർച്ചിൽ ഞാൻ ഒരു സഭാമൂ​പ്പ​നാ​യി നിയമി​ത​നാ​യി. ഈ നിയമനം മറ്റുള്ള​വർക്കു​വേണ്ടി ഞാൻ കഠിനാ​ധ്വാ​നം ചെയ്യേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർത്തു. വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌ എന്ന യേശു​വി​ന്റെ വാക്കു​ക​ളു​ടെ അർഥം എനിക്കി​പ്പോൾ കൂടുതൽ നന്നായി മനസ്സി​ലാ​ക്കാൻ കഴിയു​ന്നു. (പ്രവൃ​ത്തി​കൾ 20:35) സഹായ​മ​നഃ​സ്ഥി​തി​യും പരിഗ​ണ​ന​യും പ്രകട​മാ​ക്കുന്ന ഒരു കൂട്ടം മൂപ്പന്മാ​രോ​ടൊ​പ്പ​മാ​ണു ഞാൻ പ്രവർത്തി​ക്കു​ന്നത്‌. എന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ നല്ലരീ​തി​യിൽ നിർവ​ഹി​ക്കാൻ അവരെന്നെ സഹായി​ച്ചി​രി​ക്കു​ന്നു. സഭയിലെ എല്ലാവ​രും, പ്രത്യേ​കിച്ച്‌ കുട്ടികൾ, എന്നെ വിലമ​തി​ക്കു​ക​യും അവരുടെ പ്രവർത്ത​ന​ങ്ങ​ളിൽ എന്നെ ഉൾപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. യഹോ​വയെ സേവി​ക്കു​ന്ന​തി​നാ​യി ഞാൻ എങ്ങനെ​യാ​ണു പ്രതി​ബ​ന്ധ​ങ്ങളെ തരണം ചെയ്‌തി​രി​ക്കു​ന്ന​തെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു. അവരിൽ പലരും പ്രശ്‌ന​ങ്ങളെ നേരി​ടു​ന്ന​തി​നാ​യി എന്റെ സഹായം തേടാ​റുണ്ട്‌.

ഒരു വ്യക്തി​യു​ടെ ശാരീ​രിക അവസ്ഥ സന്തുഷ്ടി​ക്കുള്ള നിർണാ​യക ഘടകമ​ല്ലെന്നു ഞാൻ പഠിച്ചി​രി​ക്കു​ന്നു. മറിച്ച്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കു​ന്ന​തും അവന്റെ ഇഷ്ടം ചെയ്യു​ന്ന​തു​മാണ്‌ പ്രാധാ​ന്യ​മർഹി​ക്കുന്ന സംഗതി. പെട്ടെ​ന്നു​തന്നെ എന്റെ വീൽച്ചെ​യ​റിൽനി​ന്നു മോചനം നേടാം എന്ന അത്ഭുത​ക​ര​മായ പ്രത്യാ​ശ​യെ​പ്രതി ഞാൻ അവനോ​ടു വിശേ​ഷാൽ നന്ദിയു​ള്ള​വ​നാണ്‌. അതേ, ‘മാനി​നെ​പ്പോ​ലെ ചാടു’ന്നതിനും സത്യ​ദൈ​വത്തെ സകല നിത്യ​ത​യി​ലും സേവി​ക്കു​ന്ന​തി​നു​മാ​യി ഞാൻ നോക്കി​പ്പാർത്തി​രി​ക്കു​ന്നു.—യെശയ്യാ​വു 35:5, 6.

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌.

[22-ാം പേജിലെ ആകർഷക വാക്യം]

ഇന്ന്‌ ആളുക​ളെന്നെ വീൽച്ചെ​യ​റിൽ ഇരിക്കുന്ന ഒരാൾ എന്നതി​ലു​പരി ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു പഠിക്കാൻ സഹായി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​നാ​യാ​ണു വീക്ഷി​ക്കു​ന്നത്‌

[21-ാം പേജിലെ ചിത്രം]

ഒരു യോഗ​ത്തി​നാ​യി തയ്യാറാ​കു​ന്നു, മൂക്ക്‌ ഉപയോ​ഗിച്ച്‌ ടൈപ്പു ചെയ്‌തു​കൊണ്ട്‌