വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നീർപ്പക്ഷികൾ ദേശാടകരിൽ അഗ്രഗണ്യർ

നീർപ്പക്ഷികൾ ദേശാടകരിൽ അഗ്രഗണ്യർ

നീർപ്പക്ഷികൾ ദേശാടകരിൽ അഗ്രഗണ്യർ

സ്‌പെയിനിലെ ഉണരുക! ലേഖകൻ

ആർട്ടിക്ക്‌ തുന്ദ്രയിൽ സൂര്യൻ അസ്‌തമിക്കുകയില്ലെന്നുതന്നെ പറയാവുന്ന വേനൽക്കാലത്ത്‌ രണ്ടു മാസം ചെലവഴിക്കുന്നതിനെക്കുറിച്ച്‌ ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ശൈത്യകാലം അടുക്കവേ നിങ്ങൾ അവിടെനിന്ന്‌ തെക്കേ അമേരിക്കയിലേക്കോ ഓസ്‌ട്രേലിയയിലേക്കോ ദക്ഷിണാഫ്രിക്കയിലേക്കോ പോകുന്നു. വർഷത്തിന്റെ ശേഷിക്കുന്ന സമയത്ത്‌ നിങ്ങളുടെ ഇഷ്ടവിഭവങ്ങൾക്കായി കടൽത്തീരങ്ങൾ അരിച്ചുപെറുക്കി ഭൂഖണ്ഡങ്ങൾതോറും സഞ്ചരിക്കുന്നു. ലോകത്തിലെ മിക്ക നീർപ്പക്ഷികളുടെയും സാധാരണ ജീവിതരീതി ഇതാണ്‌.

ആഴമില്ലാത്ത വെള്ളത്തിൽ ഇരതേടാൻ ഇഷ്ടപ്പെടുന്നവയാണു നീർപ്പക്ഷികൾ. a ഉത്തരാർധഗോളത്തിലെ ശൈത്യകാല മാസങ്ങളിൽ, മനുഷ്യരെ അപൂർവമായി മാത്രം കാണുന്ന കടൽത്തീരങ്ങളിലും ചെളിനിറഞ്ഞ അഴിമുഖങ്ങളിലും ചെളിപ്രദേശങ്ങളിലും പാറക്കെട്ടുകൾ നിറഞ്ഞ തീരങ്ങളിലും മറ്റും ഈ തീരദേശ പക്ഷികൾ സമ്മേളിക്കാറുണ്ട്‌. ചൂടേറിയ മാസങ്ങളിൽ, കടൽത്തീരങ്ങൾ വിനോദ സഞ്ചാരികളെക്കൊണ്ടു നിറയുമ്പോൾ മിക്ക നീർപ്പക്ഷികളും ആർട്ടിക്‌, ഉപ-ആർട്ടിക്‌ മേഖലകളിലേക്കു കുടിയേറുന്നു. അവിടത്തെ ചുരുങ്ങിയ വേനൽക്കാലം അവയ്‌ക്കു സ്വകാര്യതയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റാൻ ആവശ്യമായത്ര ഭക്ഷണവും പ്രദാനം ചെയ്യുന്നു.

നീർപ്പക്ഷികൾക്ക്‌ മനംമയക്കുന്ന വർണ വൈവിധ്യങ്ങളൊന്നും ഇല്ല. എന്നാൽ അവയുടെ വശ്യമായ പറക്കലും ചിറകുകളിലെ ആകർഷകമായ ഡിസൈനുകളും ആരിലും കൗതുകമുണർത്താൻ പോന്നതാണ്‌. തീരപ്പക്ഷികൾ​—⁠ബ്യൂട്ടിഫുൾ ബീച്ച്‌കോമ്പേഴ്‌സ്‌ എന്ന പുസ്‌തകം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ഓളപ്പരപ്പുകളെ തഴുകിക്കൊണ്ടെന്നവണ്ണമോ ആറോ അതിലധികമോ കിലോമീറ്റർ ഉയരത്തിലോ [തീരപ്പക്ഷികൾ] പറന്നേക്കാം. അവ തീർച്ചയായും സമർഥരായ വ്യോമാഭ്യാസികളാണ്‌.”

കൂട്ടത്തോടൊപ്പം സുരക്ഷിതർ

തീറ്റ സമൃദ്ധമായുള്ളിടത്ത്‌ തീരപ്പക്ഷികൾ സാധാരണ വലിയ പറ്റങ്ങളായി എത്താറുണ്ട്‌. സുരക്ഷിതത്ത്വത്തിനു വേണ്ടിയാവാം അവ കൂട്ടം കൂടുന്നത്‌. കായൽ പുള്ളുകളെപ്പോലുള്ള ഇരപിടിയൻ പക്ഷികൾ ഒറ്റയ്‌ക്കു കാണുന്ന പക്ഷികളെയാണ്‌ ലക്ഷ്യമിടാറുള്ളത്‌. നേരെമറിച്ച്‌ വലിയ കൂട്ടങ്ങളെ ആക്രമിക്കാൻ അവ മുതിർന്നേക്കില്ല. നിതാന്ത ജാഗ്രത പുലർത്തുന്ന ആയിരക്കണക്കിനു കണ്ണുകളെ വെട്ടിച്ച്‌ കടന്നുവരാൻ സാധാരണഗതിയിൽ ഒരു ശത്രുവിനും കഴിയില്ല. ഈ പ്രത്യേക സംരക്ഷണം ലഭിക്കാനായി വ്യത്യസ്‌ത തരം നീർപ്പക്ഷികൾ ഒരു പറ്റത്തിൽത്തന്നെ ചേരാറുണ്ട്‌.

ഒരു പറ്റം പക്ഷികൾ ഒന്നിച്ചു പറന്നുയരുന്നത്‌ ചേതോഹരമായ കാഴ്‌ചയാണ്‌. നൂറുകണക്കിനോ ആയിരക്കണക്കിനോ വരുന്ന പക്ഷികളുടെ ഒരു കൂട്ടം തിരിഞ്ഞും മറിഞ്ഞും താഴ്‌ന്നും പൊങ്ങിയുമൊക്കെ പറക്കുന്നതു കണ്ടാൽ ഏതോ അദൃശ്യ കരങ്ങൾ അവയെ നിയന്ത്രിക്കുകയാണെന്നു തോന്നിപ്പോകും. ഹാൻഡ്‌ബുക്ക്‌ ഓഫ്‌ ദ ബേർഡ്‌സ്‌ ഓഫ്‌ ദ വേൾഡ്‌ പറയുന്നതനുസരിച്ച്‌, “ശരവേഗത്തിൽ ഒന്നിച്ചു പറക്കുന്ന ആയിരക്കണക്കിനു പക്ഷികൾക്ക്‌ ചടുലമായ ഗതിമാറ്റങ്ങളെ അതീവ കൃത്യതയോടെ ഏകോപിപ്പിക്കാൻ കഴിയുന്നു എന്നത്‌ ഒരു അത്ഭുതംതന്നെയാണ്‌” എന്നാണ്‌. ഹൈസ്‌പീഡ്‌ ക്യാമറ ഉപയോഗിച്ചെടുത്ത ഡൺലിൻ കൂട്ടങ്ങളുടെ ചിത്രങ്ങൾ പഠിച്ചതിൽനിന്ന്‌ ഒരൊറ്റ പക്ഷിയായിരിക്കാം അത്തരം ഗതിമാറ്റത്തിനു തുടക്കമിടുന്നതെന്നും പെട്ടെന്നുതന്നെ മറ്റു പക്ഷികളെല്ലാം അതിനെ അനുകരിക്കുന്നുവെന്നും ഉള്ള നിഗമനത്തിൽ പക്ഷിശാസ്‌ത്രജ്ഞർ എത്തിച്ചേർന്നു.

ലോകം അവയുടെ കാൽക്കീഴിൽ

ചില നീർപ്പക്ഷികൾ യഥാർഥത്തിൽ ഉലകം ചുറ്റുന്നവയാണ്‌. ഉദാഹരണത്തിന്‌ മിക്ക പക്ഷികളെയും അപേക്ഷിച്ച്‌ റെഡ്‌ നോട്ടുകളും സാൻഡർലിംഗുകളും പ്രജനനം നടത്തുന്നതിനായി കൂടുതൽ ദൂരം വടക്കോട്ടു സഞ്ചരിക്കുന്നു. ഭൂമിയിൽ എവിടെയുമുള്ള തീരപ്രദേശങ്ങളിൽ നീർപ്പക്ഷികളെ കാണാനായേക്കും. വർഷംതോറുമുള്ള ദേശാടനത്തിന്റെ ഭാഗമായി അവ ഏകദേശം 32,000 കിലോമീറ്റർ സഞ്ചരിച്ചേക്കാം.

എന്നിരുന്നാലും ചില ദേശാടന യാത്രകൾക്കിടയിൽ നീർപ്പക്ഷികൾക്ക്‌ സമുദ്രങ്ങൾ കുറുകെ കടക്കേണ്ടതുണ്ട്‌. അവയ്‌ക്ക്‌ നീന്താനോ ജലപരപ്പിൽ വിശ്രമിക്കാനോ സാധിക്കാത്തതിനാൽ വൻതോതിൽ ഇന്ധനം നിറച്ചുകൊണ്ടുവേണം യാത്ര തുടങ്ങാൻ. ഒരു ജംബോ ജെറ്റ്‌ പറന്നുയരുമ്പോൾ അതിന്റെ മൊത്തം ഭാരത്തിന്റെ ഏകദേശം 40 ശതമാനം ഇന്ധനമായിരിക്കും. അതിനോടുള്ള താരതമ്യത്തിൽ ഇവ അതിലുമധികം ഇന്ധനവുമായാണു പറക്കുന്നത്‌. എങ്ങനെയാണ്‌ ഇവയ്‌ക്ക്‌ ഇത്രമാത്രം ഇന്ധനം ലഭിക്കുന്നത്‌?

“അവ [ഇന്ധനം] കൊഴുപ്പിന്റെ രൂപത്തിൽ ശരീരത്തിൽ സംഭരിക്കുന്നു. ചെളിനിറഞ്ഞ തീരങ്ങളിലൂടെ നടന്ന്‌ കിട്ടുന്നതെന്തും ആർത്തിയോടെ വെട്ടിവിഴുങ്ങുന്ന അവ ഏതാനും ആഴ്‌ചകൊണ്ട്‌ ഭാരം ഏറെക്കുറെ ഇരട്ടിയാക്കുന്നു” എന്ന്‌ പക്ഷികളുടെ ജീവിതം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ഡേവിഡ്‌ ആറ്റെൻബറോ പറയുന്നു. “ശേഖരിക്കപ്പെടുന്ന കൊഴുപ്പിന്റെ അളവ്‌ കണക്കുകൾ സൂചിപ്പിച്ചേക്കാവുന്നതിലും അധികമായിരിക്കും. കാരണം ഭാരം നിലനിറുത്താനും ഈ അധിക ഇന്ധനം ഉൾക്കൊള്ളിക്കാനുമായി അവയുടെ മസ്‌തിഷ്‌കവും അന്നപഥവും ഉൾപ്പെടെയുള്ള പല ആന്തരിക അവയവങ്ങളും ചുരുങ്ങുന്നു.”

നമ്മുടെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു സഞ്ചാരിയാണ്‌ അലാസ്‌കയിൽനിന്നു ഹവായ്‌ ദ്വീപുകളിലേക്കു പര്യടനം നടത്തുന്ന പസിഫിക്‌ ഗോൾഡൻ പ്ലോവർ. 4,500 കിലോമീറ്റർ ദൈർഘ്യമുള്ള നിറുത്താതെയുള്ള പറക്കലിന്‌ ആവശ്യമായ സഹനശക്തിക്കു പുറമേ സമുദ്രമധ്യേയുള്ള ഹവായ്‌ തിരിച്ചറിയാനുള്ള അതിന്റെ കഴിവും പക്ഷികളുടെ വ്യോമസഞ്ചാരത്തിലെ അത്ഭുതമാണ്‌. ഒരു ഗോൾഡൻ പ്ലോവറിനെ നിരീക്ഷിച്ചതിൽനിന്ന്‌ അത്‌ അതിന്റെ യാത്ര നാലു ദിവസത്തിൽ കുറഞ്ഞ സമയംകൊണ്ടു പൂർത്തിയാക്കിയതായി കണ്ടു. പ്രായമുള്ള ഒരു പക്ഷി അലാസ്‌കയിൽനിന്നു ഹവായ്‌ ദ്വീപിലേക്കും തിരിച്ചും 20-ലധികം പ്രാവശ്യം യാത്ര നടത്തിയിരിക്കുന്നു!

സാഹസികരായ ഈ സഞ്ചാരികൾ ഒടുവിൽ ആർട്ടിക്കിലെ പ്രജനന സ്ഥലങ്ങളിൽ എത്തിത്തുടങ്ങുന്നതോടെ തിരക്കേറിയ ഒരു ജീവിതം ആരംഭിക്കുകയായി. വെറും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഒരു ഇണയെ കണ്ടെത്തുകയും താമസത്തിനായി ഒരു മേഖല സ്വന്തമാക്കുകയും കൂടു കൂട്ടുകയും വേണം. പിന്നെ ഏകദേശം മൂന്നാഴ്‌ച അടയിരിക്കാനും തുടർന്നു വരുന്ന മൂന്നാഴ്‌ച കുഞ്ഞുങ്ങളെ പോറ്റാനും ആയി വിനിയോഗിക്കും. ജൂലൈ അവസാനത്തോടെ അവ വീണ്ടും തെക്കോട്ട്‌ യാത്രതിരിക്കുകയായി.

ദേശാടനത്തിന്റെ അപകടങ്ങൾ

ദീർഘദൂര യാത്രയ്‌ക്കിടയിൽ ഈ പക്ഷികൾ പല അപകടങ്ങളും നേരിടാറുണ്ട്‌. വലിയൊരു ഭീഷണി മനുഷ്യനിൽനിന്നു തന്നെയുള്ളതാണ്‌. ഒരു സംഘം വേട്ടക്കാർ ഒരൊറ്റ ദിവസംകൊണ്ട്‌ 48,000 അമേരിക്കൻ ഗോൾഡൻ പ്ലോവറുകളെ വെടിവെച്ചിട്ടതായി പ്രകൃതി ശാസ്‌ത്രജ്ഞനായ ജോൺ ജെയിംസ്‌ ഓഡുബൻ 19-ാം നൂറ്റാണ്ടിൽ റിപ്പോർട്ടു ചെയ്‌തു. ഇന്ന്‌ ലോകവ്യാപകമായി ഈ വർഗത്തിന്റെ എണ്ണം ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സാധ്യതയനുസരിച്ച്‌ അന്നു വെടിയേറ്റു വീണവയെക്കാൾ കുറവാണ്‌ ഇപ്പോഴുമുള്ളത്‌.

ഇതിലും വലിയൊരു ഭീഷണി നീർപ്പക്ഷികൾ നേരിടുന്നു. അത്‌ ചതുപ്പുനിലങ്ങൾ അപ്രത്യക്ഷമാകുന്നതുമായി ബന്ധപ്പെട്ടതാണ്‌. മാറുന്ന ഈ സാഹചര്യവുമായി പൊരുത്തപ്പെടുകയെന്നത്‌ അവയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. തീരപ്പക്ഷികൾ​—⁠ലോകത്തിലെ നീർപ്പക്ഷികളെ തിരിച്ചറിയാൻ സഹായിക്കുന്ന ഗൈഡ്‌ എന്ന പുസ്‌തകം ഇങ്ങനെ വിശദീകരിക്കുന്നു: “പ്രജനന സ്ഥലങ്ങൾ, ശൈത്യകാലം കഴിച്ചുകൂട്ടുന്ന സ്ഥലം, ദേശാടന പാത എന്നിങ്ങനെ ആയിരക്കണക്കിനു വർഷങ്ങളായുള്ള അവയുടെ സ്ഥിരതാവളങ്ങളും പാതയും മറ്റും മാറ്റിമറിക്കാനോ നശിപ്പിക്കാനോ മനുഷ്യനു നിഷ്‌പ്രയാസം കഴിയുന്നു.” ദശലക്ഷക്കണക്കിനുവരുന്ന നീർപ്പക്ഷികളുടെ അതിജീവനം ദേശാടനത്തിനുള്ള ഏതാനും ഇടത്താവളങ്ങളുടെ സംരക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്‌.

ഐക്യനാടുകളിലെ തെക്കുപടിഞ്ഞാറൻ ന്യൂജേഴ്‌സിയുടെ തീരത്തുള്ള ഡെലാവെയർ ബേ ഇതിന്‌ നല്ലൊരു ഉദാഹരണമാണ്‌. വസന്തകാലത്ത്‌ അവിടെ ഒത്തുചേരുന്ന ഒരു ലക്ഷത്തോളംവരുന്ന റെഡ്‌ നോട്ടുകൾ കുതിരക്കുളമ്പൻ ഞണ്ടുകളുടെ മുട്ടകൾ അത്യാർത്തിയോടെ വെട്ടിവിഴുങ്ങുന്നു. കാരണം “പക്ഷികളുടെ ലോകത്തിലെ, നിറുത്താതെയുള്ള ഏറ്റവും ദീർഘമായ യാത്രകളിൽ ഒന്നു” പൂർത്തിയാക്കി ഇവിടെയെത്തുന്ന ഇവയ്‌ക്ക്‌ ഭയങ്കര വിശപ്പായിരിക്കും. രണ്ടാഴ്‌ചകൊണ്ട്‌ തെക്കുകിഴക്കൻ ബ്രസീലിൽനിന്ന്‌ ഇവിടെവരെ 8,000 കിലോമീറ്റർ സഞ്ചരിച്ചെത്തുന്ന ഇവയുടെ ഭാരം ഈ സമയത്തിനുള്ളിൽ പകുതിയായി കുറഞ്ഞിരിക്കും.

തീരപ്പക്ഷികളുടെ പ്രിയപ്പെട്ട ഇത്തരം ഇടത്താവളങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്താൻ പരിസ്ഥിതിസംരക്ഷണവാദികൾ നടത്തുന്ന ശ്രമങ്ങൾ സഹായകമായേക്കാം. ഒരുപക്ഷേ നിങ്ങളുടെ വീടിനടുത്തും അത്തരമൊരു സങ്കേതം ഉണ്ടായിരിക്കാം. നീർപ്പക്ഷികളുടെ ഒരു പറ്റം ഓളപ്പരപ്പിനു മുകളിലൂടെ തിരിഞ്ഞും മറിഞ്ഞും വട്ടമിട്ടു പറക്കുന്നത്‌ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അവ ഒരുമിച്ചു കൂടുമ്പോഴുള്ള ആരവം കേട്ടിട്ടുണ്ടെങ്കിൽ നിങ്ങൾ അവയെ മറക്കാനിടയില്ല.

പ്രകൃതി ശാസ്‌ത്രജ്ഞനായ ആർതർ മോറിസ്‌ ഇങ്ങനെ എഴുതുന്നു, “തീരപ്പക്ഷികളെ നിരീക്ഷിക്കുന്ന ഏവരുടെയും പ്രതികരണം ഏറെക്കുറെ സമാനമായിരിക്കും: കടൽത്തീരങ്ങളിലും ചെളിപ്രദേശങ്ങളിലും എത്രയോ തവണ നാം സാൻഡ്‌പൈപ്പറുകളുടെ ഒരു പറ്റത്തെ നിരീക്ഷിച്ചിട്ടുണ്ടാവും. കടും ഇളം നിറങ്ങൾ മാറിമാറി പ്രത്യക്ഷമാകുംവിധം അവ ഒന്നിച്ച്‌ ചാഞ്ഞും ചെരിഞ്ഞും പറക്കുന്നത്‌ നമ്മെ അത്ഭുതസ്‌തബ്ധരാക്കാറുണ്ട്‌.”

[അടിക്കുറിപ്പ്‌]

a നീർപ്പക്ഷികൾ അഥവാ തീരപ്പക്ഷികൾ കരാഡ്രിയൈ എന്ന ശാസ്‌ത്ര ഗണത്തിൽപ്പെടുന്നവയാണ്‌. ഇവ ഇരുനൂറിലധികം വർഗങ്ങളുണ്ട്‌.

[18-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ഉലകം ചുറ്റും വിരുതന്മാർ

റെഡ്‌ നോട്ടുകൾ ദീർഘദൂര യാത്രയിൽ അഗ്രഗണ്യർ. കാനഡയുടെ വടക്കേയറ്റത്തു പ്രജനനം നടത്തുന്ന ഇവ ശൈത്യകാലം ചെലവഴിക്കുന്നതിനായി സാധാരണഗതിയിൽ പശ്ചിമ യൂറോപ്പിലേക്കോ തെക്കേ അമേരിക്കയുടെ അറ്റത്തേക്കോ (10,000-ത്തിലധികം കിലോമീറ്റർ) പോകുന്നു

[കടപ്പാട്‌]

KK Hui

ഡൺലിനുകൾ ഏകദേശം പത്തുലക്ഷം വരുന്ന ഇവയുടെ കൂട്ടങ്ങളെ നെതർലൻഡ്‌സിലും മൗറിറ്റാനിയയിലും കണ്ടുവരുന്നു

ബാർ-റ്റെയിൽഡ്‌ ഗോട്ട്‌വിറ്റുകൾ സൈബീരിയയിലെ അവയുടെ പ്രജനനസ്ഥലങ്ങൾ വിട്ട്‌ ബ്രിട്ടീഷ്‌ ദ്വീപു കളിലേക്കോ ദക്ഷിണാഫ്രിക്കയിലേക്കോ മധ്യ പൂർവദേശത്തേക്കോ ഓസ്‌ട്രേലിയയിലേക്കോ ന്യൂസിലൻഡിലേക്കോ സഞ്ചരിക്കുന്നു

സാൻഡർലിംഗുകൾ ലോകത്തിലെവിടെയുമുള്ള കടൽത്തീരങ്ങളിൽ ഓടിനടക്കുന്നതായി കാണാം. ഇവയിൽ ചിലത്‌ പ്രജനനം നടത്തുന്നതിനായി ഉത്തരധ്രുവത്തിന്റെ 950 കിലോമീറ്റർ അടുത്തുവരെ പോകുന്നു

[16, 17 പേജുകളിലെ ചിത്രങ്ങൾ]

ജലപരപ്പിൽ വിശ്രമിക്കാൻ കഴിയാത്തതിനാൽ വിശാലമായ സമുദ്രങ്ങൾ താണ്ടേണ്ടതുള്ളപ്പോൾ നീർപ്പക്ഷികൾ വൻതോതിൽ കൊഴുപ്പു ശേഖരിക്കുന്നു

[16, 17 പേജുകളിലെ ചിത്രം]

സാൻഡർലിംഗുകൾ കൂട്ടത്തോടൊപ്പം സുരക്ഷിതത്ത്വം കണ്ടെത്തുന്നു

[17-ാം പേജിലെ ചിത്രം]

യൂറേഷ്യൻ കക്കാതീനി

[17-ാം പേജിലെ ചിത്രം]

പുള്ളികളുള്ള ഒരു ചോരക്കാലി ചതുപ്പിൽ തീറ്റ തേടുന്നു

[16-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Top and bottom panoramic photos: © Richard Crossley/VIREO