ഞങ്ങൾ സ്രഷ്ടാവിൽ വിശ്വസിക്കുന്നതിന്റെ കാരണം
ഞങ്ങൾ സ്രഷ്ടാവിൽ വിശ്വസിക്കുന്നതിന്റെ കാരണം
വിവിധ ശാസ്ത്രമേഖലകളിലെ അനേകം വിദഗ്ധർ പ്രകൃതിയിൽ ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ തെളിവുകൾ കാണുന്നു. ഭൗമജീവന്റെ വിസ്മയാവഹമായ സങ്കീർണത യാദൃച്ഛികതയുടെ ഫലമാണെന്നു വിശ്വസിക്കുന്നത് യുക്തിക്കു നിരക്കാത്തതാണെന്ന് അവർ കരുതുന്നു. അതുകൊണ്ടുതന്നെ, അനേകം ശാസ്ത്രജ്ഞരും ഗവേഷകരും ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നു.
ഇവരിൽ ചിലർ യഹോവയുടെ സാക്ഷികളായിത്തീർന്നിരിക്കുന്നു. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ദൈവമാണ് ഈ ഭൗതിക പ്രപഞ്ചത്തിന്റെ രൂപസംവിധായകനും നിർമാതാവും എന്നതു സംബന്ധിച്ച് അവർക്ക് ഉറച്ച ബോധ്യമുണ്ട്. അവർ എന്തുകൊണ്ടാണ് ആ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്? ഉണരുക! അവരിൽ ചിലരോട് അതിനെക്കുറിച്ചു ചോദിക്കുകയുണ്ടായി. അവരുടെ അഭിപ്രായങ്ങൾ നിങ്ങൾക്കു താത്പര്യജനകമായി തോന്നിയേക്കാം. a
‘ജീവന്റെ ദുർഗ്രഹമായ സങ്കീർണതകൾ’
◼ വോൾഫ്-എക്കഹാർട്ട് ലോണിഗ്
പശ്ചാത്തല വിവരം: കഴിഞ്ഞ 28 വർഷമായി സസ്യങ്ങളിലെ ജനിതക ഉത്പരിവർത്തനത്തോടു ബന്ധപ്പെട്ട ശാസ്ത്ര മേഖലയിൽ പ്രവർത്തിച്ചുവരുകയാണു ഞാൻ. 21 വർഷമായി ജർമനിയിലെ കൊളോണിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബ്രീഡിങ് റിസർച്ചിൽ ജോലി നോക്കുന്നു. കൂടാതെ, ഏകദേശം മൂന്നു പതിറ്റാണ്ടുകളായി ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു ക്രിസ്തീയ സഭയിൽ ഒരു മൂപ്പനായും സേവിക്കുന്നു.
ജനിതക ശാസ്ത്രമേഖലയിലെ പരീക്ഷണ-നിരീക്ഷണങ്ങളെ ആസ്പദമാക്കിയുള്ള എന്റെ ഗവേഷണത്തിനും ശരീരധർമശാസ്ത്രം, മോർഫോളജി തുടങ്ങിയ ജീവശാസ്ത്ര വിഷയങ്ങളെക്കുറിച്ചുള്ള പഠനത്തിനുമിടെ ജീവന്റെ ബൃഹത്തും പലപ്പോഴും ദുർഗ്രഹവുമായ സങ്കീർണതകളെ ഞാൻ മുഖാമുഖം കാണാറുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള പഠനം, ജീവൻ—അതിന്റെ ഏറ്റവും അടിസ്ഥാനപരമായ രൂപങ്ങൾപോലും—ബുദ്ധിശക്തിയുള്ള ഒരു ഉറവിൽനിന്നുള്ളതാണെന്ന എന്റെ ബോധ്യത്തെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു.
ജീവന്റെ സങ്കീർണതകളെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനു നന്നായറിയാം. വിസ്മയാവഹമായ ഈ വസ്തുതകൾ പക്ഷേ, പരിണാമത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുവേ അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ എന്റെ അഭിപ്രായത്തിൽ, സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിന് എതിരെയുള്ള വാദങ്ങൾ ശാസ്ത്രീയമായ സൂക്ഷ്മ പരിശോധനയിൽ പൊളിഞ്ഞുപോകുന്നു. പതിറ്റാണ്ടുകളോളം ഞാൻ അത്തരം വാദഗതികൾ വിശകലനം ചെയ്തിട്ടുണ്ട്. ജീവരൂപങ്ങളെക്കുറിച്ചു ശ്രദ്ധാപൂർവം പഠിക്കുകയും ഭൂമിയിൽ ജീവന്റെ നിലനിൽപ്പു സാധ്യമാകത്തക്കവണ്ണം പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ അതീവ കൃത്യതയോടെ ക്രമീകരിക്കപ്പെട്ടിരിക്കുന്ന വിധം പരിചിന്തിക്കുകയും ചെയ്ത എനിക്ക് ഒരു സ്രഷ്ടാവിൽ വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല.
“ഞാൻ നിരീക്ഷിക്കുന്ന എല്ലാറ്റിനും ഒരു കാരണമുണ്ട്”
◼ ബൈറൺ ലിയോൺ മെഡോസ്
പശ്ചാത്തല വിവരം: ഐക്യനാടുകളിൽ താമസിക്കുന്ന ഞാൻ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനിൽ ലേസർ ഫിസിക്സ് രംഗത്തു പ്രവർത്തിച്ചുവരികയാണ്. ഇപ്പോൾ ഞാൻ ആഗോള കാലാവസ്ഥ, ദിനാന്തരീക്ഷസ്ഥിതി, ഗ്രഹവുമായി ബന്ധപ്പെട്ട മറ്റു പ്രതിഭാസങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുകയാണ്. വിർജിനിയയിലെ കിൽമാർനക് പട്ടണത്തിലുള്ള യഹോവയുടെ സാക്ഷികളുടെ ഒരു സഭയിലെ മൂപ്പനാണു ഞാൻ.
ഞാൻ പലപ്പോഴും ഭൗതികശാസ്ത്ര തത്ത്വങ്ങൾ ഉൾപ്പെടുന്ന ഗവേഷണങ്ങളിൽ ഏർപ്പെടാറുണ്ട്. ചില സംഗതികൾ എങ്ങനെ, എന്തുകൊണ്ട് സംഭവിക്കുന്നുവെന്നു മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ നിരീക്ഷിക്കുന്ന എല്ലാറ്റിനും ഒരു കാരണമുണ്ട് എന്നതിന് വ്യക്തമായ തെളിവുകൾ എന്റെ പഠനമേഖലയിൽ ഞാൻ കാണുന്നു. പ്രകൃതിയിലുള്ള എല്ലാറ്റിന്റെയും മൂലകാരണം ദൈവമാണെന്ന് അംഗീകരിക്കുന്നത് ശാസ്ത്രീയമായി ന്യായയുക്തമാണെന്നു വിശ്വസിക്കുന്ന വ്യക്തിയാണു ഞാൻ. പ്രകൃതി നിയമങ്ങൾക്കു പിന്നിൽ ഒരു സംഘാടകൻ, അതായത് ഒരു സ്രഷ്ടാവ്, ഉണ്ടെന്ന് ഞാൻ വിശ്വസിക്കാൻ പ്രേരിതനാകുംവിധം അത്ര സുസ്ഥിരമാണവ.
തെളിവുകൾ വ്യക്തമായി വിരൽ ചൂണ്ടുന്നത് ഈ നിഗമനത്തിലേക്കാണെങ്കിൽപ്പിന്നെ, അനേകം ശാസ്ത്രജ്ഞരും പരിണാമത്തിൽ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്? പരിണാമവാദികൾ, മുൻകൂട്ടി രൂപീകരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തെളിവുകളെ നോക്കിക്കാണുന്നതായിരിക്കുമോ കാരണം? ശാസ്ത്രജ്ഞർക്കിടയിൽ ഇതൊരു പുതിയ കാര്യമല്ല. എന്നാൽ നിരീക്ഷണങ്ങൾ, അവ എത്രതന്നെ ബോധ്യം വരുത്തുന്നതാണെങ്കിലും, ശരിയായ നിഗമനത്തിലെത്താൻ സഹായിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഉദാഹരണത്തിന് ലേസർ ഫിസിക്സിൽ ഗവേഷണം നടത്തുന്ന ഒരു വ്യക്തിക്ക്, പ്രകാശം പലപ്പോഴും തരംഗസ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ അത് ശബ്ദതരംഗംപോലെ ഒരു തരംഗമാണെന്ന് ശഠിക്കാനാകും. എന്നാൽ, അദ്ദേഹത്തിന്റെ നിഗമനം പൂർണമായിരിക്കില്ല, കാരണം പ്രകാശം ഫോട്ടോണുകൾ എന്നറിയപ്പെടുന്ന കണികകളുടെ സ്വഭാവവും പ്രകടിപ്പിക്കുന്നു എന്നു തെളിവുകൾ കാണിക്കുന്നു. സമാനമായി, പരിണാമം ഒരു വസ്തുതയാണെന്നു ശഠിക്കുന്നവർ ഭാഗികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അത്തരം നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. മാത്രമല്ല, അവരുടെ മുൻധാരണകൾ അവർ തെളിവുകളെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.
പരിണാമം സംഭവിച്ചിരിക്കാനിടയുള്ളത് എങ്ങനെ എന്നതിനെക്കുറിച്ച് പരിണാമ ‘വിദഗ്ധർ’ക്കിടയിൽത്തന്നെ തർക്കങ്ങൾ ഉണ്ടെന്നിരിക്കെ ആരെങ്കിലും പരിണാമസിദ്ധാന്തത്തെ ഒരു വസ്തുതയായി അംഗീകരിക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. ഉദാഹരണത്തിന്, രണ്ടും രണ്ടും കൂട്ടിയാൽ നാലാണെന്ന് ചില വിദഗ്ധർ പറയുമ്പോൾ, അതു മൂന്നോ ഒരുപക്ഷേ ആറോ ആണെന്നു മറ്റു വിദഗ്ധർ പറയുന്നെങ്കിൽ നിങ്ങൾ അങ്കഗണിതത്തെ (arithmetic) തെളിയിക്കപ്പെട്ട ഒരു വസ്തുതയായി അംഗീകരിക്കുമോ? തെളിയിക്കാനും പരിശോധിച്ച് ഉറപ്പുവരുത്താനും പുനരാവിഷ്കരിക്കാനും കഴിയുന്നതുമാത്രം സ്വീകരിക്കുക എന്നതാണു ശാസ്ത്ര ധർമമെങ്കിൽ ഒരു പൊതു പൂർവികനിൽനിന്നു സകല ജീവരൂപങ്ങളും പരിണമിച്ചെന്ന സിദ്ധാന്തം ഒരു ശാസ്ത്രീയ വസ്തുതയല്ല.
“ഇല്ലായ്മയിൽനിന്ന് ഒന്നും ഉണ്ടാകുകയില്ല”
◼ കെന്നെത്ത് ലോയ്ഡ് തനാകാ
പശ്ചാത്തല വിവരം: ഒരു ഭൂവിജ്ഞാനിയായ ഞാൻ ഇപ്പോൾ അരിസോണയിലെ ഫ്ളാഗ്സ്റ്റാഫിലുള്ള യു.എസ്. ജിയോളജിക്കൽ സർവേയിൽ ജോലി ചെയ്തുവരികയാണ്. ഏകദേശം മൂന്നു പതിറ്റാണ്ടുകളായി, ഗ്രഹങ്ങളുടെ ഘടനയും സവിശേഷതകളും ഉൾപ്പെടെ, ഈ ശാസ്ത്രമേഖലയുടെ വ്യത്യസ്ത തലങ്ങളിൽ ഞാൻ ഗവേഷണങ്ങൾ നടത്തുന്നു. ഞാൻ തയ്യാറാക്കിയ പല ഗവേഷണ ലേഖനങ്ങളും ചൊവ്വാഗ്രഹത്തിന്റെ മാപ്പുകളും അംഗീകൃത ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ ബൈബിൾ വായിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഓരോ മാസവും ഞാൻ ഏകദേശം 70 മണിക്കൂർ ചെലവഴിക്കുന്നു.
പരിണാമത്തിൽ വിശ്വസിക്കാനാണ് എന്നെ പഠിപ്പിച്ചത്; എന്നാൽ പ്രപഞ്ചത്തിന്റെ രൂപകൽപ്പനയ്ക്ക് ആവശ്യമായ ബൃഹത്തായ അളവിലുള്ള ഊർജം ശക്തനായ ഒരു സ്രഷ്ടാവില്ലാതെ ഉത്ഭവിച്ചിരിക്കാമെന്ന ആശയം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇല്ലായ്മയിൽനിന്ന് ഒന്നും ഉണ്ടാകുകയില്ല. കൂടാതെ, ഒരു സ്രഷ്ടാവുണ്ട് എന്നതിനുള്ള ശക്തമായ ഒരു വാദഗതി ഞാൻ ബൈബിളിൽത്തന്നെ കണ്ടെത്തി. ഭൂമിക്ക് ഗോളാകൃതിയാണുള്ളത്, “ഭൂമി ശൂന്യതയിൽ തൂങ്ങിനില്ക്കുന്നു” തുടങ്ങി എന്റെ ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട അനേകം ശാസ്ത്ര വസ്തുതകൾ ബൈബിളിൽ അടങ്ങിയിട്ടുണ്ട്. (ഇയ്യോബ് 26:7, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; യെശയ്യാവു 40:22) മനുഷ്യ കണ്ടുപിടിത്തങ്ങൾ ഇവ തെളിയിക്കുന്നതിന് വളരെക്കാലം മുമ്പേ ഈ യാഥാർഥ്യങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിവെച്ചിരുന്നു.
നമ്മെ ഉണ്ടാക്കിയിരിക്കുന്ന വിധത്തെക്കുറിച്ചു ചിന്തിക്കുക. ഇന്ദ്രിയപ്രാപ്തികൾ, ആത്മാവബോധം, ബുദ്ധിപൂർവം ചിന്തിക്കാനുള്ള കഴിവ്, ആശയവിനിമയപ്രാപ്തികൾ, വികാരങ്ങൾ എന്നിവയൊക്കെ നമുക്കുണ്ട്. വിശേഷിച്ച്, സ്നേഹം അനുഭവിച്ചറിയാനും വിലമതിക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ് നമുക്കുണ്ട്. മനുഷ്യർക്കുള്ള അത്ഭുതകരമായ ഈ ഗുണവിശേഷങ്ങൾ എങ്ങനെയുണ്ടായി എന്നതിന് പരിണാമത്തിന്റെ പക്കൽ വിശദീകരണമില്ല.
നിങ്ങളോടുതന്നെ ചോദിക്കുക, ‘പരിണാമത്തെ പിന്താങ്ങാൻ ഉപയോഗിക്കുന്ന വിവരങ്ങളുടെ ഉറവിടങ്ങൾ എത്രത്തോളം വിശ്വസനീയവും ആശ്രയയോഗ്യവും ആണ്?’ ഭൂവിജ്ഞാനീയ രേഖ അപൂർണവും സങ്കീർണവും കുഴപ്പിക്കുന്നതുമാണ്. പരിണാമ പ്രക്രിയകളോടു ബന്ധപ്പെട്ട തങ്ങളുടെ സിദ്ധാന്തങ്ങൾ പരീക്ഷണശാലകളിൽ ശാസ്ത്രീയ രീതികൾ ഉപയോഗിച്ചു തെളിയിക്കാൻ പരിണാമവാദികൾ പരാജയപ്പെട്ടിരിക്കുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിന് സാധാരണഗതിയിൽ ശാസ്ത്രജ്ഞർ ഫലപ്രദമായ ഗവേഷണ മാർഗങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും തങ്ങളുടെ കണ്ടുപിടിത്തങ്ങൾ വ്യാഖ്യാനിക്കുന്ന കാര്യം വരുമ്പോൾ പലപ്പോഴും അവരുടെ സ്വാർഥ ലക്ഷ്യങ്ങൾ അവരെ സ്വാധീനിക്കാറുണ്ട്. ലഭ്യമായ വിവരങ്ങൾ പരസ്പര വിരുദ്ധമായിരിക്കുകയോ അതിന്റെ അടിസ്ഥാനത്തിൽ നിഗമനങ്ങളിലെത്താൻ സാധിക്കാതെ വരുകയോ ചെയ്യുമ്പോൾ ശാസ്ത്രജ്ഞർ സ്വന്തം ആശയങ്ങൾ ഉന്നമിപ്പിക്കുന്നതായി അറിയപ്പെടുന്നു. അവരുടെ ജോലി, ആത്മാഭിമാനം എന്നിവയൊക്കെ വലിയ പങ്കു വഹിക്കുന്നു.
ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും ബൈബിൾ വിദ്യാർഥി എന്നനിലയ്ക്കും ഏറ്റവും കൃത്യമായ ഗ്രാഹ്യം നേടുന്നതിനുവേണ്ടി ലഭ്യമായ എല്ലാ വസ്തുതകളുമായും നിരീക്ഷണങ്ങളുമായും യോജിപ്പിലായിരിക്കുന്ന സമ്പൂർണ സത്യമാണു ഞാൻ അന്വേഷിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും യുക്തിസഹമായിരിക്കുന്നത് സ്രഷ്ടാവിൽ വിശ്വസിക്കുന്നതാണ്.
“കോശങ്ങളിൽ കാണുന്ന വ്യക്തമായ രൂപകൽപ്പന”
◼ പോല കിൻചെലോ
പശ്ചാത്തല വിവരം: കോശങ്ങളെക്കുറിച്ചുള്ള ഗവേഷണ മേഖലയിലും തന്മാത്രാ ജീവശാസ്ത്രം, സൂക്ഷ്മ-ജീവിശാസ്ത്രം തുടങ്ങിയവയിലും പല വർഷങ്ങളായി ഗവേഷണങ്ങൾ നടത്തിവരുന്ന വ്യക്തിയാണു ഞാൻ. ജോർജിയയിലെ അറ്റ്ലാന്റയിലുള്ള എമറി യൂണിവേഴ്സിറ്റിയിൽ ജോലിനോക്കുകയാണ് ഞാനിപ്പോൾ. റഷ്യൻ ഭാഷക്കാർക്കിടയിൽ ഒരു ബൈബിൾ അധ്യാപിക എന്നനിലയിൽ സ്വമേധയാ സേവിക്കുകയും ചെയ്യുന്നുണ്ട്.
ജീവശാസ്ത്ര വിദ്യാർഥിനിയായിരുന്ന കാലത്ത് കോശങ്ങളെയും അതിന്റെ ഘടകങ്ങളെയും കുറിച്ചു പഠിക്കുന്നതിനു മാത്രമായി ഞാൻ നാലു വർഷം ചെലവഴിച്ചു. ഡിഎൻഎ, ആർഎൻഎ, പ്രോട്ടീനുകൾ, ഉപാപചയ പ്രവർത്തനശ്രേണികൾ (metabolic pathways) എന്നിവയെക്കുറിച്ച് ഞാൻ എത്രയധികം പഠിച്ചോ അത്രയധികം അവയുടെ സങ്കീർണതയും സംഘാടനവും കൃത്യതയും എന്നെ അമ്പരപ്പിച്ചു. കോശത്തെക്കുറിച്ച് മനുഷ്യൻ എത്രയധികം കാര്യങ്ങൾ പഠിച്ചുകഴിഞ്ഞു എന്നത് എന്നെ വിസ്മയിപ്പിച്ചെങ്കിലും അതിനെക്കുറിച്ച് ഇനിയും എത്ര പഠിക്കാനിരിക്കുന്നു എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. കോശങ്ങളിൽ കാണുന്ന വ്യക്തമായ രൂപകൽപ്പനയാണ് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ ഒരു കാരണം.
സ്രഷ്ടാവ് ആരാണെന്ന് ബൈബിൾപഠനത്തിലൂടെ എനിക്കു മനസ്സിലായി—അത് യഹോവയായ ദൈവമാണ്. അവൻ ബുദ്ധിശക്തിയുള്ള ഒരു രൂപസംവിധായകൻ മാത്രമല്ല, എനിക്കായി കരുതുന്ന കരുണാമയനും സ്നേഹവാനുമായ ഒരു പിതാവുമാണെന്ന് എനിക്കു ബോധ്യമായിരിക്കുന്നു. ബൈബിൾ, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു വിശദീകരിക്കുകയും ഒരു സന്തുഷ്ടഭാവി സംബന്ധിച്ച പ്രത്യാശ നൽകുകയും ചെയ്യുന്നു.
സ്കൂളിൽ പരിണാമം പഠിക്കേണ്ടിവരുന്ന കുട്ടികൾ എന്തു വിശ്വസിക്കണം എന്നതിനെക്കുറിച്ച് അനിശ്ചിതത്വത്തിലായിരിക്കാം. അവരെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു സമയമായിരുന്നേക്കാം ഇത്. അവർ ദൈവത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ ഇത് വിശ്വാസത്തിന്റെ ഒരു പരിശോധനയായിത്തീരുന്നു. നമുക്കു ചുറ്റും കാണുന്ന പ്രകൃതിയിലെ അത്ഭുതങ്ങൾ വിശകലനം ചെയ്യുകയും സ്രഷ്ടാവിനെയും അവന്റെ ഗുണങ്ങളെയും കുറിച്ചുള്ള അറിവു വർധിപ്പിക്കുന്നതിൽ തുടരുകയും ചെയ്തുകൊണ്ട് അവർക്ക് ആ പരിശോധനയെ വിജയകരമായി കൈകാര്യം ചെയ്യാനാകും. ഞാൻ അങ്ങനെയാണു ചെയ്തത്; തത്ഫലമായി, സൃഷ്ടിയെപ്പറ്റിയുള്ള ബൈബിളിന്റെ വിവരണം കൃത്യതയുള്ളതും യഥാർഥ ശാസ്ത്രവുമായി യോജിക്കുന്നതും ആണെന്നുള്ള നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു.
“നിയമങ്ങളുടെ ഉത്കൃഷ്ടമായ ലാളിത്യം”
◼ എൻറികെ എർനാൻഡെസ് ലേമൂസ്
പശ്ചാത്തല വിവരം: യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുന്നു. ഒരു സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ കൂടിയായ ഞാൻ മെക്സിക്കോയിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു. നക്ഷത്രവളർച്ചയോടു ബന്ധപ്പെട്ട ‘ഗ്രാവോതെർമൽ കറ്റാസ്ട്രഫി’ എന്നറിയപ്പെടുന്ന പ്രതിഭാസത്തിന് താപഗതികത്തിലെ (thermodynamics) തത്ത്വങ്ങൾക്കു ചേർച്ചയിലുള്ള ഒരു വിശദീകരണം കണ്ടെത്താനുള്ള ശ്രമത്തിലാണു ഞാനിപ്പോൾ. ഡിഎൻഎ അനുക്രമങ്ങളിലെ സങ്കീർണതകളെക്കുറിച്ചും ഞാൻ പഠനം നടത്തിയിട്ടുണ്ട്.
യാദൃച്ഛികമായി ഉളവാകാനാകാത്തവിധം അത്ര സങ്കീർണമാണ് ജീവൻ. ഉദാഹരണത്തിന്, ഡിഎൻഎ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഒന്നു ചിന്തിക്കുക. ഒരൊറ്റ ക്രോമസോം യാദൃച്ഛികമായി ഉണ്ടാകാനുള്ള സാധ്യത, 9 ലക്ഷം കോടിയിൽ ഒന്ന് എന്നതിനെക്കാളും കുറവാണ്, അതായത് അസാധ്യമെന്നു കണക്കാക്കാനാകുംവിധം അസംഭവ്യം. ബുദ്ധിയില്ലാത്ത ശക്തികൾ ഒരു ക്രോമസോമിന്റെ മാത്രമല്ല, ജീവജാലങ്ങളിൽ കാണുന്ന അമ്പരിപ്പിക്കുന്ന സകല സങ്കീർണതകളുടെയും ഉത്പത്തിക്കു കാരണമായെന്നു വിശ്വസിക്കുന്നത് ശുദ്ധമണ്ടത്തരമാണെന്നു ഞാൻ കരുതുന്നു.
കൂടാതെ, ദ്രവ്യത്തിന്റെ അതിസങ്കീർണമായ സ്വഭാവത്തെക്കുറിച്ചു പഠിക്കുമ്പോൾ, അതായത് സൂക്ഷ്മരൂപത്തിലുള്ള ദ്രവ്യം മുതൽ ശൂന്യാകാശത്തിലെ ഭീമൻ നക്ഷത്രാന്തര മേഘങ്ങളുടെ ചലനംവരെയുള്ള സംഗതികളെക്കുറിച്ചു പഠിക്കുമ്പോൾ, അവയുടെയെല്ലാം ചലനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഉത്കൃഷ്ടമായ ലാളിത്യം എന്നെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങൾ മഹാനായ ഒരു ഗണിതശാസ്ത്ര പ്രതിഭയുടെ കരവേല എന്നതിലുപരി, അതുല്യനായ ഒരു കലാകാരന്റെ കയ്യൊപ്പുപോലെയാണ്.
ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു പറയുമ്പോൾ പലപ്പോഴും ആളുകൾക്ക് അത്ഭുതമാണ്. എനിക്ക് എങ്ങനെ ഒരു ദൈവത്തിൽ വിശ്വസിക്കാൻ കഴിയുന്നുവെന്ന് അവർ ചിലപ്പോൾ എന്നോടു ചോദിക്കും. അവർ ആ വിധത്തിൽ പ്രതികരിക്കുന്നതിൽ അതിശയിക്കാനില്ല. കാരണം, തങ്ങൾ പഠിക്കുന്ന കാര്യങ്ങൾക്കു തെളിവു ചോദിക്കാനോ തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു ഗവേഷണം നടത്താനോ മിക്ക മതങ്ങളും മതാംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ‘ചിന്തിക്കാനുള്ള കഴിവ്’ ഉപയോഗിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 3:21, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ് വേർഷൻ) പ്രകൃതിയിൽ കാണുന്ന ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ തെളിവുകളും ബൈബിളിൽനിന്നുള്ള തെളിവുകളും, ദൈവം സ്ഥിതിചെയ്യുന്നു എന്നുമാത്രമല്ല അവൻ നമ്മുടെ പ്രാർഥനകളിൽ തത്പരനാണെന്നും എന്നെ ബോധ്യപ്പെടുത്തുന്നു.
[അടിക്കുറിപ്പ്]
a ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിദഗ്ധരുടെ അഭിപ്രായങ്ങൾ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ അഭിപ്രായങ്ങൾ ആയിരിക്കണമെന്നു നിർബന്ധമില്ല.
[22-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പശ്ചാത്തലത്തിലെ ചൊവ്വാഗ്രഹം: Courtesy USGS Astrogeology Research Program, http://astrogeology.usgs.gov