വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ജീവൻ ഉളവാക്കിയത്‌ പരിണാമത്തിലൂടെയോ?

ദൈവം ജീവൻ ഉളവാക്കിയത്‌ പരിണാമത്തിലൂടെയോ?

ദൈവം ജീവൻ ഉളവാ​ക്കി​യത്‌ പരിണാ​മ​ത്തി​ലൂ​ടെ​യോ?

“കർത്താവേ, നീ സർവ്വവും സൃഷ്ടി​ച്ച​വ​നും എല്ലാം നിന്റെ ഇഷ്ടം ഹേതു​വാൽ ഉണ്ടായ​തും സൃഷ്ടി​ക്ക​പ്പെ​ട്ട​തും ആകയാൽ മഹത്വ​വും ബഹുമാ​ന​വും ശക്തിയും കൈ​ക്കൊൾവാൻ യോഗ്യൻ.”—വെളി​പ്പാ​ടു 4:11.

ചാൾസ്‌ ഡാർവി​ന്റെ പരിണാമ സിദ്ധാന്തം ജനപ്രീ​തി​യാർജി​ച്ച​തോ​ടെ, ക്രിസ്‌തീ​യ​മെന്ന്‌ അവകാ​ശ​പ്പെ​ടുന്ന പല സഭകളും ദൈവ​വി​ശ്വാ​സ​ത്തെ​യും പരിണാമ സിദ്ധാ​ന്ത​ത്തെ​യും കോർത്തി​ണ​ക്കാ​നുള്ള വഴികൾ ആലോ​ചി​ച്ചു തുടങ്ങി.

പരിണാ​മ​ത്തി​ലൂ​ടെ​യാ​യി​രി​ക്കണം ദൈവം ജീവൻ ഉളവാ​ക്കി​യ​തെന്ന്‌ പ്രമുഖ “ക്രൈ​സ്‌തവ” മതവി​ഭാ​ഗ​ങ്ങ​ളിൽ ഭൂരി​പ​ക്ഷ​വും ഇന്ന്‌ അംഗീ​ക​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. നിർജീവ രാസവ​സ്‌തു​ക്ക​ളിൽനി​ന്നു ജീവൻ സ്വതവേ ആവിർഭ​വിച്ച്‌ ഒടുവിൽ മനുഷ്യ​വർഗം ഉളവാ​കുന്ന വിധത്തിൽ വികാസം പ്രാപി​ക്കാൻ തക്കവണ്ണം ദൈവം പ്രപഞ്ചത്തെ മുൻകൂ​ട്ടി പ്രോ​ഗ്രാം ചെയ്‌തു​വെന്നു ചിലർ പഠിപ്പി​ക്കു​ന്നു. ആസ്‌തി​കത്വ പരിണാ​മം എന്നറി​യ​പ്പെ​ടുന്ന ഈ ആശയത്തെ പിന്താ​ങ്ങു​ന്നവർ വിശ്വ​സി​ക്കു​ന്നത്‌ പരിണാമ പ്രക്രിയ ആരംഭി​ച്ച​തിൽപ്പി​ന്നെ ദൈവം അതിൽ ഇടപെ​ട്ടി​ട്ടി​ല്ലെ​ന്നാണ്‌. സസ്യമൃ​ഗാ​ദി​ക​ളിൽ ഭൂരി​പക്ഷം വർഗങ്ങ​ളും പരിണാ​മ​ത്തി​ലൂ​ടെ ഉളവാ​കാൻ ദൈവം അനുവ​ദി​ച്ചു​വെ​ങ്കി​ലും ആ പ്രക്രിയ തുടർന്നു​പോ​കാൻ സഹായി​ക്കു​ന്ന​തിന്‌ ഇടയ്‌ക്കൊ​ക്കെ അവൻ അതിൽ ഇടപെ​ട്ടു​വെ​ന്നാണ്‌ മറ്റുള്ളവർ പൊതു​വേ വിശ്വ​സി​ക്കു​ന്നത്‌.

പരിണാമ സിദ്ധാ​ന്ത​വും ക്രിസ്‌തു​വി​ന്റെ പഠിപ്പി​ക്ക​ലും കൈ​കോർത്തു​പോ​കു​മോ?

പരിണാമ സിദ്ധാന്തം യഥാർഥ​ത്തിൽ ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളു​മാ​യി യോജി​പ്പി​ലാ​ണോ? പരിണാ​മം ശരിയാ​ണെ​ങ്കിൽ, ആദ്യ മനുഷ്യ​നായ ആദാമി​ന്റെ സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവരണം അക്ഷരാർഥ​ത്തിൽ എടുക്കേണ്ട ഒന്നല്ലെന്നു വരും. കൂടി​പ്പോ​യാൽ ധാർമിക പാഠം പ്രദാനം ചെയ്യുന്ന വെറു​മൊ​രു കഥയായി വീക്ഷി​ക്കാ​നേ കഴിയൂ. (ഉല്‌പത്തി 1:26, 27; 2:18-24) പ്രസ്‌തുത ബൈബിൾ വിവര​ണത്തെ യേശു അങ്ങനെ​യാ​ണോ വീക്ഷി​ച്ചത്‌? യേശു​വി​ന്റെ പ്രസ്‌താ​വന ശ്രദ്ധി​ക്കുക, “സൃഷ്ടി​ച്ചവൻ ആദിയിൽ അവരെ ആണും പെണ്ണു​മാ​യി സൃഷ്ടിച്ചു എന്നും, അതുനി​മി​ത്തം മനുഷ്യൻ അപ്പനെ​യും അമ്മയെ​യും വിട്ടു ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; ഇരുവ​രും ഒരു ദേഹമാ​യി തീരും എന്നു അരുളി​ച്ചെ​യ്‌തു എന്നും നിങ്ങൾ വായി​ച്ചി​ട്ടി​ല്ല​യോ? അതു​കൊ​ണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമ​ത്രേ; ആകയാൽ ദൈവം യോജി​പ്പി​ച്ച​തി​നെ മനുഷ്യൻ വേർപി​രി​ക്ക​രുത്‌.”—മത്തായി 19:4-6.

ഉല്‌പത്തി 2-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സൃഷ്ടി​പ്പിൻ വിവര​ണ​ത്തിൽനി​ന്നും ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നു യേശു. ആദ്യത്തെ വിവാഹം ഒരു സാങ്കൽപ്പിക കഥയാ​ണെന്നു യേശു വിശ്വ​സി​ച്ചി​രു​ന്നെ​ങ്കിൽ, വിവാ​ഹ​ത്തി​ന്റെ പവി​ത്ര​തയെ സംബന്ധി​ച്ചുള്ള അവന്റെ പഠിപ്പി​ക്ക​ലി​നു പിൻബ​ല​മേ​കാൻ അവൻ അതു പരാമർശി​ക്കു​മാ​യി​രു​ന്നോ? ഒരിക്ക​ലു​മില്ല. അത്‌ ഒരു യഥാർഥ ചരിത്ര സംഭവ​മാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ അവൻ ഉല്‌പത്തി വിവര​ണ​ത്തി​ലേക്കു ശ്രദ്ധ ക്ഷണിച്ചത്‌.—യോഹ​ന്നാൻ 17:17.

യേശു​വി​ന്റെ ശിഷ്യ​ന്മാ​രും ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​പ്പിൻ വിവരണം വിശ്വ​സി​ച്ചി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ലൂക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തിൽ ആദാം​വരെ പിമ്പോ​ട്ടുള്ള യേശു​വി​ന്റെ വംശാ​വലി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (ലൂക്കൊസ്‌ 3:23-38) ആദാം ഒരു സാങ്കൽപ്പിക കഥാപാ​ത്ര​മാ​യി​രു​ന്നു​വെ​ങ്കിൽ ഈ വംശാ​വലി പട്ടിക ഏതു ഘട്ടത്തിൽവെ​ച്ചാണ്‌ കെട്ടു​ക​ഥ​യു​ടെ പരി​വേ​ഷ​മ​ണി​ഞ്ഞത്‌? ഈ കുടും​ബ​വൃ​ക്ഷ​ത്തി​ന്റെ തായ്‌വേര്‌ സാങ്കൽപ്പി​ക​മാ​യി​രു​ന്നു​വെ​ങ്കിൽ, താൻ ദാവീ​ദി​ന്റെ വംശത്തിൽ ജനിച്ച മിശി​ഹാ​യാ​ണെന്ന യേശു​വി​ന്റെ അവകാ​ശ​വാ​ദം എത്ര​ത്തോ​ളം വിശ്വ​സ​നീ​യ​മാ​യി​രി​ക്കു​മാ​യി​രു​ന്നു? (മത്തായി 1:1) താൻ “ആദിമു​തൽ സകലവും സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ച്ചി​ട്ടു”ണ്ടെന്നു സുവി​ശേഷ എഴുത്തു​കാ​ര​നായ ലൂക്കൊസ്‌ പറഞ്ഞു. വ്യക്തമാ​യും, അവൻ ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​പ്പിൻ വിവരണം വിശ്വ​സി​ച്ചി​രു​ന്നു.—ലൂക്കൊസ്‌ 1:4.

പൗലൊസ്‌ അപ്പൊ​സ്‌ത​ലന്‌ യേശു​ക്രി​സ്‌തു​വി​ലു​ണ്ടാ​യി​രുന്ന വിശ്വാ​സം ഉല്‌പത്തി വിവര​ണ​ത്തി​ലുള്ള വിശ്വാ​സ​വു​മാ​യി ബന്ധപ്പെ​ട്ടി​രു​ന്നു. അവൻ എഴുതി: “മനുഷ്യൻമൂ​ലം മരണം ഉണ്ടാക​യാൽ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും മനുഷ്യൻമൂ​ലം ഉണ്ടായി. ആദാമിൽ എല്ലാവ​രും മരിക്കു​ന്ന​തു​പോ​ലെ ക്രിസ്‌തു​വിൽ എല്ലാവ​രും ജീവി​പ്പി​ക്ക​പ്പെ​ടും.” (1 കൊരി​ന്ത്യർ 15:21, 22) “ഏകമനു​ഷ്യ​നാൽ [ആദാമി​ലൂ​ടെ] പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു” എന്നു ബൈബിൾ പറയുന്നു. അക്ഷരാർഥ​ത്തിൽ ആദാം മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും പൂർവ​പി​താ​വ​ല്ലാ​യി​രു​ന്നെ​ങ്കിൽ ആദാമിൽനിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തിയ പാപത്തി​ന്റെ പരിണ​ത​ഫ​ല​ങ്ങളെ തുടച്ചു​നീ​ക്കാൻ യേശു മരി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നോ?—റോമർ 5:12; 6:23.

ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​പ്പിൻ വിവര​ണ​ത്തി​ലുള്ള വിശ്വാ​സം ദുർബ​ല​പ്പെ​ടു​ത്തു​ന്നത്‌ ക്രിസ്‌തീയ വിശ്വാ​സ​ത്തി​ന്റെ​തന്നെ അടിത്ത​റ​യി​ള​ക്കു​ന്ന​തി​നു തുല്യ​മാണ്‌. പരിണാമ സിദ്ധാ​ന്ത​വും ക്രിസ്‌തു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളും കോർത്തി​ണ​ക്കുക സാധ്യമല്ല. ഇവ രണ്ടും സമന്വ​യി​പ്പി​ക്കാൻ നടത്തുന്ന ഏതൊരു ശ്രമവും “ഉപദേ​ശ​ത്തി​ന്റെ ഓരോ കാറ്റി​നാൽ അലഞ്ഞു​ഴ​ലുന്ന” ദുർബ​ല​മായ ഒരു വിശ്വാ​സം ഉടലെ​ടു​ക്കു​ന്ന​തി​നു മാത്രമേ ഉപകരി​ക്കു​ക​യു​ള്ളൂ.—എഫെസ്യർ 4:14.

ഉറച്ച അടിസ്ഥാ​ന​മുള്ള വിശ്വാ​സം

നൂറ്റാ​ണ്ടു​ക​ളോ​ളം അപകീർത്തി​ക്കും വിമർശ​ന​ത്തി​നും വിധേ​യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും ബൈബിൾ എല്ലായ്‌പോ​ഴും സത്യ​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. ചരിത്രം, ആരോ​ഗ്യം, ശാസ്‌ത്രം എന്നിവ​യു​മാ​യി ബന്ധപ്പെട്ട കാര്യങ്ങൾ ബൈബിൾ പ്രതി​പാ​ദി​ക്കു​മ്പോൾ, ആ വിവരങ്ങൾ വിശ്വ​സ​നീ​യ​മാ​ണെന്നു വീണ്ടും​വീ​ണ്ടും തെളി​ഞ്ഞി​ട്ടുണ്ട്‌. മാനു​ഷിക ബന്ധങ്ങൾ സംബന്ധി​ച്ചുള്ള അതിന്റെ ബുദ്ധി​യു​പ​ദേ​ശങ്ങൾ ആശ്രയ​യോ​ഗ്യ​വും കാലം മങ്ങലേൽപ്പി​ക്കാ​ത്ത​തു​മാണ്‌. മാനു​ഷിക തത്ത്വശാ​സ്‌ത്ര​ങ്ങ​ളും സിദ്ധാ​ന്ത​ങ്ങ​ളും പുല്ലു​പോ​ലെ പൊട്ടി​മു​ള​യ്‌ക്കു​ക​യും കാലം കടന്നു​പോ​കു​ന്ന​തോ​ടെ വാടി​ക്ക​രി​ഞ്ഞു പോകു​ക​യും ചെയ്യുന്നു, എന്നാൽ ദൈവ​ത്തി​ന്റെ വചനമോ “എന്നേക്കും നിലനി​ല്‌ക്കും.”—യെശയ്യാ​വു 40:8.

പരിണാ​മ​ത്തെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്കൽ കേവലം ശാസ്‌ത്ര സിദ്ധാ​ന്ത​ത്തി​ന്റെ മണ്ഡലത്തിൽ ഒതുങ്ങി നിൽക്കു​ന്നതല്ല. പൊട്ടി​മു​ള​യ്‌ക്കു​ക​യും പിന്നീട്‌ ദശാബ്ദ​ങ്ങ​ളോ​ളം തഴച്ചു വളരു​ക​യും ചെയ്‌ത ഒരു മാനു​ഷിക തത്ത്വശാ​സ്‌ത്ര​മാ​ണത്‌. എന്നിരു​ന്നാ​ലും, പ്രകൃ​തി​യി​ലെ രൂപസം​വി​ധാ​ന​ത്തി​ന്റെ വർധി​ച്ചു​വ​രുന്ന തെളി​വു​കൾ ഖണ്ഡിക്കാ​നുള്ള ശ്രമത്തിൽ, അടുത്ത​കാ​ലത്ത്‌ ഡാർവി​ന്റെ പരിണാമ സിദ്ധാ​ന്തം​തന്നെ ‘പരിണാമ’ത്തിനു—വാസ്‌ത​വ​ത്തിൽ ഉത്‌പ​രി​വർത്ത​ന​ങ്ങൾക്ക്‌—വിധേ​യ​മാ​യി​രി​ക്കു​ന്നു. ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഈ ലക്കത്തിലെ മറ്റു ലേഖനങ്ങൾ വായി​ക്കു​ന്ന​തി​ലൂ​ടെ നിങ്ങൾക്ക്‌ അതിനു സാധി​ക്കും. കൂടാതെ, ഈ പേജി​ലും 32-ാം പേജി​ലും കാണി​ച്ചി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നിങ്ങൾക്ക്‌ വായി​ക്കാ​വു​ന്ന​താണ്‌.

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ ഗവേഷണം നടത്തി​ക്ക​ഴി​യു​മ്പോൾ, കഴിഞ്ഞ കാല​ത്തെ​ക്കു​റി​ച്ചു ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ബലപ്പെ​ടു​ന്ന​താ​യി നിങ്ങൾ തിരി​ച്ച​റി​ഞ്ഞേ​ക്കാം. അതിലും പ്രധാ​ന​മാ​യി, ഭാവി​യെ​ക്കു​റി​ച്ചുള്ള ബൈബിൾ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള വിശ്വാ​സ​വും ശക്തി​പ്പെ​ടും. (എബ്രായർ 11:1) “ആകാശ​വും ഭൂമി​യും . . . ഉണ്ടാക്കി”യവനായ യഹോ​വയെ സ്‌തു​തി​ക്കാൻ നിങ്ങൾ പ്രേരി​ത​രാ​യി​ത്തീ​രു​ക​യും ചെയ്യും.—സങ്കീർത്തനം 146:6.

കൂടുതലായ വായന​യ്‌ക്ക്‌

സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം ബൈബി​ളി​ന്റെ ആധികാ​രി​ക​തയെ സാക്ഷ്യ​പ്പെ​ടു​ത്തുന്ന ചില ഉദാഹ​ര​ണങ്ങൾ ഈ ലഘുപ​ത്രി​ക​യിൽ ചർച്ച​ചെ​യ്‌തി​രി​ക്കു​ന്നു

Is There a Creator Who Cares About You? കൂടുതൽ ശാസ്‌ത്രീയ തെളി​വു​കൾ പരി​ശോ​ധി​ക്കുക. കരുത​ലുള്ള ഒരു ദൈവം ഇത്രമാ​ത്രം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്ന​തി​ന്റെ കാരണ​വും മനസ്സി​ലാ​ക്കു​ക

ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? ഈ പുസ്‌ത​ക​ത്തി​ന്റെ 3-ാം അധ്യാ​യ​ത്തിൽ “ഭൂമിയെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം എന്ത്‌?” എന്ന ചോദ്യ​ത്തി​നുള്ള ഉത്തരം കണ്ടെത്താം

[10-ാം പേജിലെ ആകർഷക വാക്യം]

യേശു ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​പ്പിൻ വിവരണം വിശ്വ​സി​ച്ചി​രു​ന്നു. അവന്റെ വിശ്വാ​സം തെറ്റാ​യി​രു​ന്നോ?

[9-ാം പേജിലെ ചതുരം]

പരിണാമം എന്നാൽ എന്ത്‌?

“ക്രമാ​നു​ഗ​ത​മാ​യി ഒരു നിശ്ചിത ദിശയിൽ പരിവർത്തനം സംഭവി​ക്കുന്ന പ്രക്രിയ” എന്ന്‌ “പരിണാ​മം” നിർവ​ചി​ക്ക​പ്പെ​ടു​ന്നു. എന്നാൽ ഇത്‌ പരിണാ​മ​ത്തി​നു കൊടു​ത്തി​രി​ക്കുന്ന നിരവധി നിർവ​ച​ന​ങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌. ഈ പദം വ്യത്യസ്‌ത വിധങ്ങ​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. അചേതന വസ്‌തു​ക്ക​ളി​ലെ വലിയ മാറ്റങ്ങളെ—പ്രപഞ്ച​ത്തി​ന്റെ വികാ​സത്തെ—കുറി​ക്കാ​നും അതു​പോ​ലെ സചേതന വസ്‌തു​ക്ക​ളി​ലെ ചെറിയ മാറ്റങ്ങളെ—സസ്യമൃ​ഗാ​ദി​കൾ പരിസ്ഥി​തി​യു​മാ​യി ഇണങ്ങി​ച്ചേ​രുന്ന വിധത്തെ—കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ക്കാ​റുണ്ട്‌. എന്നിരു​ന്നാ​ലും ഈ പദം സർവസാ​ധാ​ര​ണ​മാ​യി ഉപയോ​ഗി​ക്കു​ന്നത്‌, അചേതന രാസവ​സ്‌തു​ക്ക​ളിൽനി​ന്നും ജീവൻ ആവിർഭ​വിച്ച്‌ പ്രജന​ന​ശേ​ഷി​യുള്ള കോശ​ങ്ങ​ളാ​യി രൂപം​കൊ​ള്ളു​ക​യും ഈ കോശങ്ങൾ ക്രമേണ കൂടുതൽ സങ്കീർണ​മായ ജീവരൂ​പ​ങ്ങ​ളാ​യി വികാസം പ്രാപി​ക്കു​ക​യും അങ്ങനെ ഉരുത്തി​രിഞ്ഞ ജീവരൂ​പ​ങ്ങ​ളിൽ ഏറ്റവും ബുദ്ധി​ശ​ക്തി​യു​ള്ളത്‌ മനുഷ്യ​നാ​ണെ​ന്നു​മുള്ള സിദ്ധാ​ന്തത്തെ പരാമർശി​ക്കാ​നാണ്‌. ഈ ലേഖന​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന “പരിണാ​മം” എന്ന പദത്തിനു മൂന്നാ​മതു കൊടു​ത്തി​രി​ക്കുന്ന അർഥമാ​ണു​ള്ളത്‌.

[10-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Space photo: J. Hester and P. Scowen (AZ State Univ.), NASA