വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ ആഹാരശീല വൈകല്യമുണ്ടോ?

എനിക്ക്‌ ആഹാരശീല വൈകല്യമുണ്ടോ?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

എനിക്ക്‌ ആഹാര​ശീല വൈക​ല്യ​മു​ണ്ടോ?

“ചില​പ്പോൾ ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ എനിക്ക്‌ ഒരുതരം ഭയവും വിറയ​ലും ഉണ്ടാകു​ന്നു. തൂക്കം കൂടു​മോ എന്നാണ്‌ എന്റെ ഭയം. ‘ഇനിയും രണ്ടു കിലോഗ്രാം കുറയ്‌ക്കണം’ എന്ന്‌ ഞാൻ എന്നോ​ടു​തന്നെ പറയും.”​— മെലിസാ. a

“സുന്ദരി​യാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു, അതു​കൊണ്ട്‌ വണ്ണം വെക്കു​ന്ന​തിനെ​ക്കു​റിച്ച്‌ എനിക്ക്‌ ഓർക്കാ​നേ വയ്യ. എന്നാൽ കഴിച്ച ആഹാരം മുഴുവൻ ഞാൻ ഛർദി​ച്ചു​ക​ള​യുന്ന കാര്യം മറ്റാരും അറിയു​ന്നത്‌ എനിക്കി​ഷ്ടമല്ല. അത്‌ എന്തൊരു നാണ​ക്കേ​ടാണ്‌.”​—⁠ആംബെർ.

“ഞാൻ സ്വയം ഇങ്ങനെ പറയും: ‘ . . . ഇന്നു ഞാൻ ആഹാര​കാ​ര്യ​ത്തിൽ വളരെ നിയ​ന്ത്രണം പാലി​ക്കും . . . ’ എന്നാൽ അതേ ദിവസം​തന്നെ ഒരു പ്രത്യേക സാഹച​ര്യ​ത്തിൽ വളരെ​യ​ധി​കം ഭക്ഷണം വെട്ടി​വി​ഴു​ങ്ങും. എന്നിട്ട്‌ അതേക്കു​റിച്ചോർത്ത്‌ ദുഃഖി​ക്കു​ക​യാ​യി, ഒന്നു മരിച്ചുപോ​യി​രുന്നെ​ങ്കിൽ എന്നാകും അപ്പോ​ഴത്തെ ചിന്ത.”​—⁠ജെന്നിഫർ.

സുന്ദരി​യാ​യി കാണ​പ്പെ​ടാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു, അതു സ്വാഭാ​വി​ക​മാണ്‌. അതു​പോ​ലെ ഉത്‌ക​ണ്‌ഠ​യും നിരാ​ശ​യുമൊ​ക്കെ തോന്നുമ്പോൾ ആശ്വാ​സം​കണ്ടെ​ത്താൻ ആഗ്രഹി​ക്കുന്നെ​ങ്കിൽ അതിലും തെറ്റൊ​ന്നു​മില്ല. എന്നാൽ ഇവിടെ ഉദ്ധരിച്ച ഏതെങ്കി​ലുമൊ​രു പെൺകു​ട്ടിയെപ്പോലെ​യാ​ണു നിങ്ങ​ളെ​ങ്കിൽ അതു നിങ്ങൾക്ക്‌ ഒരു പ്രശ്‌നം ഉണ്ടെന്ന​തി​ന്റെ സൂചന​യാ​യി​രി​ക്കാം. ഇനി, അങ്ങനെ​യുണ്ടെ​ങ്കിൽത്തന്നെ നിങ്ങൾ തനിച്ച​ല്ല​താ​നും. ലക്ഷക്കണ​ക്കി​നു യുവജ​ന​ങ്ങൾക്ക്‌ പ്രത്യേ​കിച്ച്‌ പെൺകു​ട്ടി​കൾക്ക്‌ ആഹാര​ശീല വൈക​ല്യം ഉണ്ടെന്ന​താ​ണു വാസ്‌തവം. b

നമുക്കിപ്പോൾ പ്രധാ​ന​മാ​യും അനൊറെ​ക്‌സിയ, ബുളീ​മിയ, അനിയന്ത്രിത ഭക്ഷക വൈക​ല്യം (binge eating) ഇവയെ​ക്കു​റിച്ച്‌ ഒന്നടുത്തു പരിചി​ന്തി​ക്കാം. ഇവയ്‌ക്ക്‌ ഓരോ​ന്നി​നും തനതായ ലക്ഷണങ്ങൾ ഉണ്ട്‌. എന്നാൽ മൂന്നി​ലും ഉൾപ്പെ​ട്ടി​രി​ക്കുന്ന പൊതു​വായ ഒരു കാര്യം ആഹാരത്തോ​ടുള്ള അസ്വാ​ഭാ​വി​ക​മായ ഒരു സമീപ​ന​മാണ്‌. താഴെ കൊടു​ത്തി​രി​ക്കുന്ന ഏതെങ്കി​ലും വിവര​ണത്തോ​ടു നിങ്ങളു​ടെ സാഹച​ര്യം സമാന​മാണെന്നു തോന്നുന്നെ​ങ്കിൽ വിഷമി​ക്കേണ്ട, തീർച്ച​യാ​യും സഹായം ലഭ്യമാണ്‌. നിങ്ങൾക്ക്‌ അതിൽനി​ന്നു മോചനം നേടാ​നാ​കും!

ഒരു അവലോ​ക​നം

അനൊറെ​ക്‌സിയ. എത്രതന്നെ മെലി​ഞ്ഞ​വ​ളാണെ​ങ്കി​ലും അനൊറെ​ക്‌സിയ ബാധിച്ച ഒരു പെൺകു​ട്ടി തന്നെത്തന്നെ കണ്ണാടി​യിൽ കാണു​ന്നത്‌ തടിച്ചു​രു​ണ്ട​വ​ളാ​യി​ട്ടാണ്‌. തൂക്കം കുറയ്‌ക്കു​ന്ന​തി​നാ​യി അവൾ കഠിന​മായ പല മുറക​ളും പിൻപ​റ്റും. “കഴിക്കുന്ന ആഹാര​ത്തി​ന്റെ മുഴുവൻ കലോറി കണക്കാ​ക്കുന്ന സ്വഭാവം ഞാൻ വളർത്തിയെ​ടു​ത്തു,” അനൊറെ​ക്‌സിയ ബാധിച്ച ഒരു പെൺകു​ട്ടി പറയുന്നു. “ഒരാഴ്‌ച മൊത്തം എന്തു കഴിക്ക​ണമെന്ന്‌ ഞാൻ വളരെ ശ്രദ്ധ​യോ​ടെ മുൻകൂ​ട്ടി നിശ്ചയി​ച്ചി​രു​ന്നു. കൂടുതൽ കലോറി അകത്താ​ക്കിയെന്നു തോന്നി​യാൽ ചില നേരം ആഹാരം ഉപേക്ഷി​ക്കു​ക​യും അമിത​മായ വ്യായാ​മ​ത്തിൽ ഏർപ്പെ​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു. ദിവസം ആറു പ്രാവ​ശ്യംപോ​ലും വിരേ​ച​നൗ​ഷ​ധങ്ങൾ കഴിച്ച സന്ദർഭ​ങ്ങ​ളുണ്ട്‌.”

അനൊറെ​ക്‌സി​യ​യു​ടെ ലക്ഷണങ്ങൾ കണ്ടുതു​ട​ങ്ങു​ന്നത്‌ പെട്ടെ​ന്നാണ്‌. തൂക്കം കുറയു​ന്ന​താണ്‌ ഒരു സാധാരണ ലക്ഷണം. ഒപ്പം മുടികൊ​ഴി​ച്ചിൽ, ഉണങ്ങി​വരണ്ട ചർമം, ക്ഷീണം, അസ്ഥി​ദ്ര​വീ​ക​രണം തുടങ്ങിയ പ്രശ്‌ന​ങ്ങ​ളും ഉണ്ടാ​യേ​ക്കാം. ആർത്തവ​ത്തി​ന്റെ ക്രമം തെറ്റു​ക​യോ കുറേ മാസ​ത്തേക്ക്‌ ആർത്തവം ഉണ്ടാകാ​തി​രി​ക്കു​ക​യോ ചെയ്‌തേ​ക്കാം.

ഈ ലക്ഷണങ്ങളൊ​ക്കെ അത്ര കാര്യ​മാ​ക്കാ​നു​ണ്ടോ എന്നായി​രി​ക്കാം ഒരുപക്ഷേ നിങ്ങളു​ടെ ചിന്ത. എന്നാൽ അങ്ങനെയല്ല. അനൊറെ​ക്‌സിയ ജീവനു ഭീഷണി ഉയർത്തുന്ന ഒന്നാണ്‌. ഒരു പഠനം വെളിപ്പെ​ടു​ത്തു​ന്ന​ത​നു​സ​രിച്ച്‌ അനൊറെ​ക്‌സിയ ബാധി​ച്ച​വ​രിൽ 10 ശതമാനം പേരെ​ങ്കി​ലും സാധാ​ര​ണ​ഗ​തി​യിൽ ആന്തരാ​വ​യ​വ​ങ്ങ​ളു​ടെ തകരാ​റോ വികലപോ​ഷ​ണത്തോ​ടു ബന്ധപ്പെട്ട മറ്റു പ്രശ്‌ന​ങ്ങ​ളോ നിമിത്തം മരിക്കു​ന്നുണ്ട്‌.

ബുളീ​മിയ. ബുളീ​മിയ ബാധിച്ച പെൺകു​ട്ടി ആഹാരം ഒഴിവാ​ക്കു​ന്ന​തി​നു​പ​കരം വെറും രണ്ടു മണിക്കൂർകൊണ്ട്‌ 15,000 കലോ​റി​വരെ ആഹാരം അകത്താ​ക്കു​ന്നു! എന്നിട്ട്‌ ഛർദി​ച്ചോ മലമൂത്ര​വി​സർജ​നത്തെ ഉത്തേജി​പ്പി​ക്കുന്ന മരുന്നു​കൾ കഴിച്ചോ അതത്ര​യും പുറന്ത​ള്ളു​ന്നു.

പലപ്പോ​ഴും വളരെ രഹസ്യ​മാ​യി​ട്ടാ​യി​രി​ക്കും ഇവർ ഇങ്ങനെ ഭക്ഷിക്കു​ന്നത്‌. “സ്‌കൂൾവിട്ട്‌ ആദ്യം വീട്ടിലെ​ത്തു​ന്നത്‌ ഞാനാണെ​ങ്കിൽ സാധാ​ര​ണ​ഗ​തി​യിൽ ഞാൻ വാരി​വ​ലി​ച്ചു കഴിക്കും,” ഒരു പെൺകു​ട്ടി പറയുന്നു. “അത്‌ മറ്റാരും അറിയാ​തി​രി​ക്കാൻ ഞാൻ പ്രത്യേ​കം ശ്രദ്ധി​ച്ചി​രു​ന്നു.” എന്നാൽ അങ്ങനെ കഴിച്ചശേഷം അവർക്കു കുറ്റ​ബോ​ധം തോന്നു​ന്നു. “എനിക്ക്‌ എന്നോ​ടു​തന്നെ ഒരുതരം വെറുപ്പ്‌ തോന്നും. എന്നാൽ ഞാൻ ചെയ്‌ത​തത്ര​യും അനായാ​സേന തിരു​ത്തി​ക്കു​റി​ക്കാ​നാ​കുമെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു. ഞാൻ നേരെ മുകളി​ലത്തെ നിലയിലേക്കു പോയിട്ട്‌ കഴിച്ചതെ​ല്ലാം ഛർദി​ക്കും. അപ്പോൾ എന്തെന്നി​ല്ലാത്ത ഒരാശ്വാ​സം തോന്നും, മാത്രമല്ല കാര്യ​ങ്ങളെ​ല്ലാം ഇപ്പോ​ഴും നിയ​ന്ത്ര​ണ​ത്തി​ലാ​ണ​ല്ലോ എന്നൊരു ധൈര്യ​വും.”

പ്രത്യ​ക്ഷ​ത്തിൽ പ്രയോ​ജ​ന​ക​രമെന്നു തോന്നിയേ​ക്കാമെ​ങ്കി​ലും ഇത്തരത്തിൽ ആഹാരം പുറന്ത​ള്ളു​ന്നത്‌ അപകട​ക​ര​മാണ്‌. വിരേ​ച​നൗ​ഷ​ധങ്ങൾ അധിക​മാ​യി ഉപയോ​ഗി​ക്കു​ന്നത്‌ കുടലി​ലെ സ്‌തരത്തെ ക്ഷയിപ്പി​ക്കു​ക​യും കുടൽവീ​ക്ക​മോ അണുബാ​ധ​യോ ഉണ്ടാകു​ന്ന​തിന്‌ ഇടയാ​ക്കു​ക​യും ചെയ്‌തേ​ക്കാം. കൂടെ​ക്കൂ​ടെ ഛർദി​ക്കു​ന്നത്‌ നിർജ​ലീ​ക​രണം, പല്ലുക​ളു​ടെ ദ്രവീ​ക​രണം, അന്നനാ​ള​ത്തി​നു തകരാറ്‌, എന്തിന്‌ ഹൃദയ​സ്‌തം​ഭ​ന​ത്തി​നുപോ​ലും ഇടയാ​ക്കിയേ​ക്കാം.

അനിയന്ത്രിത ഭക്ഷക വൈക​ല്യം. ബുളീ​മിയ ബാധി​ച്ച​വരെപ്പോലെ​തന്നെ ഇക്കൂട്ട​രും വളരെ​യ​ധി​കം ഭക്ഷണം അകത്താ​ക്കും. എന്നാൽ വ്യത്യാ​സം, കഴിച്ച ആഹാരം ഇവർ പുറന്ത​ള്ളില്ല എന്നതാണ്‌. തത്‌ഫ​ല​മാ​യി പ്രസ്‌തുത വൈക​ല്യം ഉള്ളവർക്ക്‌ അമിത​തൂ​ക്കം ഉണ്ടാ​യേ​ക്കാം. എന്നാൽ ചിലർ കണക്കിലേറെ ഭക്ഷിച്ചിട്ട്‌ പിന്നീട്‌ പട്ടിണി​കി​ട​ക്കും, അല്ലെങ്കിൽ അമിത​വ്യാ​യാ​മ​ത്തിൽ ഏർപ്പെ​ടും. ഈ വിധത്തിൽ തൂക്കം നിയ​ന്ത്രി​ച്ചു​നി​റു​ത്തു​ന്ന​തി​നാൽ ഇവർക്ക്‌ ഇങ്ങനെയൊ​രു പ്രശ്‌നം ഉണ്ടെന്ന കാര്യം ചില​പ്പോൾ വീട്ടു​കാ​രും സുഹൃ​ത്തു​ക്ക​ളുംപോ​ലും അറി​ഞ്ഞെ​ന്നും വരില്ല.

അനൊറെ​ക്‌സി​യ​യും ബുളീ​മി​യ​യും ബാധി​ച്ച​വരെപ്പോലെ​തന്നെ അനിയന്ത്രിത ഭക്ഷക വൈക​ല്യം ഉള്ളവർക്കും ആഹാരത്തോട്‌ അനാ​രോ​ഗ്യ​ക​ര​മായ ഒരു സമീപ​ന​മാ​ണു​ള്ളത്‌. ഈ വൈക​ല്യം ഉള്ളവ​രെ​ക്കു​റിച്ച്‌ അതിന്‌ അടിമ​യാ​യി​ട്ടുള്ള ഒരു പെൺകു​ട്ടി പറയു​ന്നത്‌ “ആഹാര​മാണ്‌ ഞങ്ങളുടെ രഹസ്യ​ത്തി​ലുള്ള ഉറ്റ മിത്രം​—⁠ഒരുപക്ഷേ ഞങ്ങളുടെ ഒരേ​യൊ​രു മിത്ര​വും” എന്നാണ്‌. മറ്റൊ​രാൾ ഇപ്രകാ​രം പറയുന്നു: “അനിയന്ത്രി​ത​മാ​യി ആഹാരം കഴിക്കുമ്പോൾ മറ്റൊ​ന്നി​നും അത്ര പ്രാധാ​ന്യ​മില്ലെന്നു തോന്നിപ്പോ​കു​ന്നു. ആഹാര​മാണ്‌ ജീവി​ത​ത്തി​ലെ എല്ലാ​മെ​ല്ലാം എന്ന തോന്ന​ലാണ്‌ അപ്പോൾ​—⁠അത്‌ ആശ്വാ​സ​ദാ​യ​ക​മാണ്‌​—⁠പക്ഷേ അതി​നെ​ത്തു​ടർന്ന്‌ കുറ്റ​ബോ​ധ​വും നിരാ​ശ​യും ഉണ്ടാകു​ന്നു.”

കഴിച്ച ആഹാരം പുറന്ത​ള്ളു​ന്നില്ലെ​ങ്കിൽപ്പോ​ലും അനിയന്ത്രി​ത​മായ ആഹാര​രീ​തി അപകട​ക​ര​മാണ്‌. അത്‌ പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃ​ദ്രോ​ഗം എന്നിവ​യ്‌ക്കു പുറമേ മറ്റു പല രോഗ​ങ്ങൾക്കും ഇടയാ​ക്കിയേ​ക്കാം. കൂടാതെ അവ ഗുരു​ത​ര​മായ വൈകാ​രിക പ്രശ്‌ന​ങ്ങ​ളിലേ​ക്കും നയി​ച്ചേ​ക്കാം.

അതു നിങ്ങൾക്ക്‌ ഉണ്ടാ​യേ​ക്കു​മോ?

തൂക്കം കുറയ്‌ക്കാ​നോ ആകാര​വ​ടിവ്‌ നേടാ​നോ ശ്രമി​ക്കുന്ന മിക്കവ​രുടെ​യും കാര്യ​ത്തിൽ ആഹാര​ശീല വൈക​ല്യം എന്നൊരു പ്രശ്‌നം ഇല്ല എന്നതു തീർച്ച​യാണ്‌. എന്നിരു​ന്നാ​ലും മേൽപ്പറഞ്ഞ കാര്യങ്ങൾ പരിചി​ന്തി​ച്ചു കഴിഞ്ഞപ്പോൾ ഒരുപക്ഷേ നിങ്ങളു​ടെ ആഹാര​രീ​തി അങ്ങനെയൊ​രു പ്രശ്‌ന​ത്തിലേക്കു നയി​ച്ചേ​ക്കു​മോ എന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടാ​കാം. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക:

◼ എന്റെ ആഹാര​ശീ​ല​മോ അതി​നോ​ടു ബന്ധപ്പെട്ട പ്രത്യേക സ്വഭാ​വ​വിശേ​ഷ​മോ സംബന്ധിച്ച്‌ എനിക്കു നാണ​ക്കേ​ടോ വിഷമ​മോ തോന്നു​ന്നു​ണ്ടോ?

◼ എന്റെ ആഹാര​രീ​തി മറ്റുള്ളവർ അറിയാ​തി​രി​ക്കാൻ ഞാൻ ശ്രദ്ധി​ക്കാ​റു​ണ്ടോ?

◼ ആഹാരം എന്റെ ജീവി​ത​ത്തി​ലെ പരമ​പ്ര​ധാന സ്ഥാനം കയ്യടക്കി​യി​ട്ടു​ണ്ടോ?

◼ ദിവസ​ത്തിൽ പല പ്രാവ​ശ്യം ഞാൻ തൂക്കം നോക്കാ​റു​ണ്ടോ?

◼ തൂക്കം കുറയ്‌ക്കാ​നാ​യി അപകടങ്ങൾ ഗണ്യമാ​ക്കാ​തെ എന്തും ചെയ്യുന്ന രീതി​യാ​ണോ എന്റേത്‌?

◼ നിർബ​ന്ധ​മാ​യി ഛർദി​പ്പി​ക്കു​ക​യോ മലമൂത്ര​വി​സർജ​നത്തെ ഉത്തേജി​പ്പി​ക്കുന്ന മരുന്നു​കൾ കഴിക്കു​ക​യോ ചെയ്യുന്ന രീതി ഞാൻ പരീക്ഷി​ച്ചു നോക്കി​യി​ട്ടു​ണ്ടോ?

◼ എന്റെ ആഹാര​രീ​തി സാമൂ​ഹിക ജീവി​തത്തെ ബാധി​ച്ചി​ട്ടു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, മറ്റുള്ള​വരോടൊ​പ്പം ആയിരി​ക്കു​ന്ന​തിനെ​ക്കാൾ, കണക്കി​ല​ധി​കം കഴിക്കാ​നോ കഴിച്ച​തത്ര​യും രഹസ്യ​മാ​യി പുറന്ത​ള്ളാ​നോ കഴിയും​വി​ധം, ഒറ്റയ്‌ക്ക്‌ ആയിരി​ക്കാ​നാ​ണോ ഞാൻ ഇഷ്ടപ്പെ​ടു​ന്നത്‌?

ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ, നിങ്ങൾക്ക്‌ ഒരു പ്രശ്‌നം ഉള്ളതായി സൂചി​പ്പി​ക്കുന്നെ​ങ്കിൽ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക,

◼ ഇത്തര​മൊ​രു ജീവിതം നയിക്കു​ന്ന​തിൽ ഞാൻ സന്തുഷ്ട​യാ​ണോ?

ഇതു സംബന്ധിച്ച്‌ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

ഉടനടി നടപടി സ്വീക​രി​ക്കുക!

ആദ്യ പടി, നിങ്ങൾക്ക്‌ ഇങ്ങനെയൊ​രു പ്രശ്‌നം ഉണ്ടെന്നു തുറന്നു സമ്മതി​ക്കു​ക​യാണ്‌. ഡാൻയേൽ എന്ന പെൺകു​ട്ടി പറയുന്നു, “ഒന്നിരു​ന്നു ചിന്തി​ച്ചപ്പോൾ അനൊറെ​ക്‌സിയ ഉള്ളവരു​ടെ അതേ ചിന്താ​ഗ​തി​യും ശീലങ്ങ​ളും ആണ്‌ എനിക്കു​മു​ള്ളത്‌ എന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. അവർ ചെയ്യു​ന്നതൊക്കെ​യാണ്‌ ഞാനും ചെയ്യു​ന്നതെന്നു സമ്മതി​ക്കുക ഭയാന​ക​മാ​യി​രു​ന്നു.”

അടുത്ത​താ​യി ചെയ്യാ​വു​ന്നത്‌ നിങ്ങളു​ടെ പ്രശ്‌നത്തെ​ക്കു​റിച്ച്‌ യഹോ​വയോ​ടു പ്രാർഥി​ക്കു​ക​യാണ്‌. c ഈ വൈക​ല്യ​ത്തി​ന്റെ മൂലകാ​രണം കണ്ടുപി​ടിച്ച്‌ അതു തരണംചെ​യ്യു​ന്ന​തിന്‌ ആവശ്യ​മായ ഉൾക്കാഴ്‌ച നൽകേ​ണമേയെന്ന്‌ അപേക്ഷി​ക്കുക. ദാവീ​ദിനെപ്പോ​ലെ നിങ്ങൾക്കും പ്രാർഥി​ക്കാ​വു​ന്ന​താണ്‌: “ദൈവമേ, എന്നെ ശോധന ചെയ്‌തു എന്റെ ഹൃദയത്തെ അറി​യേ​ണമേ; എന്നെ പരീക്ഷി​ച്ചു എന്റെ നിനവു​കളെ അറി​യേ​ണമേ. വ്യസന​ത്തി​ന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വ​ത​മാർഗ്ഗ​ത്തിൽ എന്നെ നടത്തേ​ണമേ.”​—⁠സങ്കീർത്തനം 139:23, 24.

എന്നാൽ നിങ്ങളു​ടെ കാര്യ​ത്തിൽ ആഹാര​ശീല വൈക​ല്യം ഉപേക്ഷി​ക്കാൻ നിങ്ങൾക്ക്‌ വൈമു​ഖ്യ​മു​ള്ള​താ​യി കണ്ടെത്തിയേ​ക്കാം. അതൊരു ആസക്തിപോ​ലെ ആയിത്തീർന്നിട്ട്‌ അതു നിങ്ങളെ വരിഞ്ഞു​മു​റു​ക്കു​ന്ന​താ​യി തോന്നു​ന്നു​ണ്ടാ​കാം. പ്രാർഥ​നാ​വി​ഷയം ആക്കാവുന്ന മറ്റൊരു കാര്യ​മാണ്‌ അത്‌. ഡാൻയേ​ല​യു​ടെ കാര്യ​ത്തിൽ അതായി​രു​ന്നു ചെയ്യേ​ണ്ടി​യി​രു​ന്നത്‌. “ആദ്യ​മൊ​ക്കെ, ഈ പ്രശ്‌ന​ത്തിൽനി​ന്നു കരകയ​റാൻ ഞാൻ ആഗ്രഹി​ച്ചില്ല എന്നതാണു വാസ്‌തവം. അതു​കൊണ്ട്‌ സുഖംപ്രാ​പി​ക്കാ​നുള്ള ആഗ്രഹം ഉണ്ടാകു​ന്ന​തി​നാ​യി എനിക്കു പ്രാർഥിക്കേ​ണ്ടി​യി​രു​ന്നു.”

മൂന്നാ​മ​താ​യി, മാതാ​പി​താ​ക്ക​ളിൽ ഒരാ​ളോ​ടോ നിങ്ങളെ സഹായി​ക്കാൻ പറ്റിയ സ്ഥാനത്താ​യി​രി​ക്കുന്ന മുതിർന്ന മറ്റാ​രോടെ​ങ്കി​ലു​മോ സംസാ​രി​ക്കുക. സഹാനു​ഭൂ​തി​യുള്ള മുതിർന്നവർ ഒരിക്ക​ലും നിങ്ങളെ നാണംകെ​ടു​ത്തില്ല. മറിച്ച്‌ അവർ യഹോ​വയെ അനുക​രി​ക്കാൻ ശ്രമി​ക്കും. അവനെ സംബന്ധിച്ച്‌ ബൈബിൾ പറയു​ന്നത്‌, “അരിഷ്ടന്റെ അരിഷ്ടത അവൻ നിരസി​ച്ചില്ല വെറു​ത്ത​തു​മില്ല; തന്റെ മുഖം അവന്നു മറെച്ച​തു​മില്ല; തന്നേ വിളി​ച്ചപേ​ക്ഷി​ച്ചപ്പോൾ കേൾക്ക​യ​ത്രേ ചെയ്‌തതു” എന്നാണ്‌.​—⁠സങ്കീർത്തനം 22:⁠24.

ഈ പ്രശ്‌ന​ത്തിൽനി​ന്നു കരകയ​റുക അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. ചിലരു​ടെ കാര്യ​ത്തിലെ​ങ്കി​ലും വിദഗ്‌ധ​സ​ഹാ​യം ആവശ്യ​മാ​യി വരും. d ഇതു സംബന്ധിച്ച്‌ നടപടി സ്വീക​രി​ക്കുക എന്നതാണ്‌ സുപ്ര​ധാ​ന​മായ സംഗതി. അതാണ്‌ ബുളീ​മിയ ബാധിച്ച ഒരു പെൺകു​ട്ടി ചെയ്യാൻ തീരു​മാ​നി​ച്ചത്‌. അവൾ പറയുന്നു, “കഴിച്ച ആഹാരം പുറന്ത​ള്ളുന്ന രീതി വാസ്‌ത​വ​ത്തിൽ എന്റെമേൽ നിയ​ന്ത്രണം ചെലു​ത്തു​ന്ന​താ​യി ഒരിക്കൽ ഞാൻ തിരി​ച്ച​റി​യാ​നി​ട​യാ​യി. എന്നിരു​ന്നാ​ലും ആ ശീലം ഉപേക്ഷി​ക്കാ​നാ​കു​മോ എന്ന കാര്യ​ത്തിൽ എനിക്കത്ര ഉറപ്പി​ല്ലാ​യി​രു​ന്നു. ഒടുവിൽ ഏറ്റവും പ്രയാ​സ​ക​ര​മായ ആ കാര്യം ഞാൻ ചെയ്‌തു, പ്രശ്‌ന​ത്തിൽനിന്ന്‌ കരകയ​റു​ന്ന​തിന്‌ ഞാൻ സഹായം തേടി.”

നിങ്ങൾക്കും അതുതന്നെ ചെയ്യാ​നാ​കും!

“യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ” എന്ന പംക്തി​യി​ലെ മറ്റു ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌​സൈ​റ്റിൽ കാണാ​നാ​കും

ചിന്തിക്കാൻ:

◼ നിങ്ങൾക്ക്‌ ആഹാര​ശീല വൈക​ല്യം ഉള്ളതായി തോന്നു​ന്നു​ണ്ടോ? എങ്കിൽ സഹായ​ത്തി​നാ​യി നിങ്ങൾക്ക്‌ ആരെ സമീപി​ക്കാം?

◼ ആഹാര​ശീല വൈക​ല്യം ഉള്ള ഒരു സുഹൃ​ത്തി​നെ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാം?

[അടിക്കു​റി​പ്പു​കൾ]

a ഈ ലേഖന​ത്തി​ലെ ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

b ആഹാരശീല വൈക​ല്യം ഉള്ളവരിൽ ഭൂരി​പ​ക്ഷ​വും പെൺകു​ട്ടി​ക​ളാ​യ​തി​നാൽ അതിന്‌ അടിമ​യാ​യ​വരെ ഈ ലേഖന​ത്തിൽ ഞങ്ങൾ സ്‌ത്രീ​ലിം​ഗ​ത്തി​ലാണ്‌ പരാമർശി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ ചർച്ച​ചെ​യ്‌തി​രി​ക്കുന്ന തത്ത്വങ്ങ​ളിൽ പലതും ആൺകു​ട്ടി​കൾക്കും ബാധക​മാണ്‌.

c മനോവിഷമം ഉണ്ടാകുമ്പോൾ പിൻവ​രു​ന്ന​തുപോ​ലുള്ള തിരുവെ​ഴു​ത്തു​കളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്ന​തി​ലൂ​ടെ യഹോവ നിങ്ങൾക്കുവേണ്ടി വ്യക്തി​പ​ര​മാ​യി കരുതു​ന്നു എന്ന ഉറപ്പു ലഭിക്കും: പുറപ്പാ​ടു 3:7; സങ്കീർത്തനം 9:9; 34:18; 51:17; 55:22; യെശയ്യാ​വു 57:15; 2 കൊരി​ന്ത്യർ 4:7; ഫിലി​പ്പി​യർ 4:6, 7; 1 പത്രൊസ്‌ 5:7; 1 യോഹ​ന്നാൻ 5:⁠14.

d തിരഞ്ഞെടുക്കുന്ന ചികി​ത്സാ​രീ​തി ബൈബിൾ തത്ത്വങ്ങൾക്കു വിരു​ദ്ധ​മല്ലെന്ന്‌ ക്രിസ്‌ത്യാ​നി​കൾ ഉറപ്പു​വ​രു​ത്തണം.

[19-ാം പേജിലെ ചതുരം]

“നിങ്ങൾക്ക്‌ എന്തോ ഒരു കുഴപ്പം ഉള്ളതുപോ​ലെ . . . ”

ഒരു കുടും​ബാം​ഗ​മോ സുഹൃ​ത്തോ അങ്ങനെ പറയുന്നെ​ങ്കിൽ അവരുടെ സഹായം നിരസി​ക്കു​ന്ന​തി​നുള്ള പ്രവണ​ത​യ്‌ക്കെ​തി​രെ പോരാ​ടുക. നിങ്ങൾ ധരിച്ചി​രി​ക്കുന്ന വസ്‌ത്ര​ത്തി​ന്റെ പിൻഭാ​ഗത്ത്‌ അൽപ്പം തുന്നൽ വിട്ടി​രി​ക്കു​ന്ന​താ​യി ഒരു കൂട്ടു​കാ​രി കാണു​ന്നുവെ​ന്നി​രി​ക്കട്ടെ. അതു മുഴുവൻ വിട്ടുപോ​കു​ന്ന​തി​നു മുമ്പു​തന്നെ അവൾ അക്കാര്യം നിങ്ങ​ളോ​ടു പറയു​ന്നത്‌ നിങ്ങൾ വിലമ​തി​ക്കി​ല്ലേ? ബൈബിൾ ഇപ്രകാ​രം പറയുന്നു: “സഹോ​ദ​രനെ​ക്കാ​ളും പറ്റുള്ള സ്‌നേ​ഹി​ത​ന്മാ​രും ഉണ്ട്‌.” (സദൃശ​വാ​ക്യ​ങ്ങൾ 18:24) നിങ്ങൾക്ക്‌ ഉണ്ടായി​രുന്നേ​ക്കാ​വുന്ന ഒരു പ്രശ്‌നത്തെ​ക്കു​റിച്ച്‌ നിങ്ങ​ളോ​ടുള്ള താത്‌പ​ര്യ​ത്തിന്റെപേ​രിൽ ആരെങ്കി​ലും തുറന്നു സംസാ​രി​ക്കുന്നെ​ങ്കിൽ അതിനർഥം അയാൾ അത്തര​മൊ​രു സുഹൃ​ത്താണെ​ന്നാണ്‌.

[19-ാം പേജിലെ ചതുരം/ചിത്രം]

“ഞാൻ മെലി​യാൻ ആഗ്രഹി​ച്ചു”

“ഞാൻ തൂക്കം കുറയ്‌ക്കാൻ തുടങ്ങി. അങ്ങനെ​യി​രി​ക്കെ എനിക്ക്‌ എന്റെ പല്ലുപ​റിക്കേണ്ടി വന്നു, എനിക്ക്‌ ആഹാരം കഴിക്കാൻ പറ്റാത്ത സ്ഥിതി​യാ​യി. അതോടെ​യാണ്‌ ഞാൻ അനൊറെ​ക്‌സി​യ​യ്‌ക്ക്‌ അടിമ​യാ​യത്‌. ആകാര​വ​ടി​വിനെ​ക്കു​റി​ച്ചാ​യി​രു​ന്നു എന്റെ മുഴു ചിന്തയും. മെലി​ഞ്ഞതു പോരാ എന്ന ചിന്തയാ​യി​രു​ന്നു എപ്പോ​ഴും. അപകട​ക​ര​മാം​വി​ധം എന്റെ തൂക്കം കുറഞ്ഞു. എന്റെ ശരീര​ത്തിന്‌ ഞാൻ വളരെ​യ​ധി​കം ഹാനി വരുത്തി! എനിക്ക്‌ ഇപ്പോൾ നഖം വളർത്താ​നാ​വില്ല. എന്റെ ശരീര​ത്തി​ലെ ജൈവ​ഘ​ടി​കാ​ര​ത്തി​ന്റെ പ്രവർത്തനം താറു​മാ​റാ​യി. നാലു തവണ ഗർഭം അലസി. അകാല​ത്തിൽത്തന്നെ എനിക്ക്‌ ആർത്തവ​വി​രാ​മം ഉണ്ടായി. ശരീര​ത്തി​ലെ ഉപാപ​ച​യപ്ര​വർത്ത​ന​ങ്ങ​ളും തകരാ​റി​ലാണ്‌. എനിക്ക്‌ വൻകുടൽ വീക്കവും ഉണ്ട്‌. മെലി​യാ​നുള്ള ശ്രമത്തി​ന്റെ ഫലമാണ്‌ ഇവയെ​ല്ലാം. ​—⁠നീക്കോൾ.

[20-ാം പേജിലെ ചതുരം]

പ്രശ്‌നം വീണ്ടും തലപൊ​ക്കുന്നെ​ങ്കിൽ

ആഹാര​ശീല വൈക​ല്യ​ത്തിൽനിന്ന്‌ രക്ഷപ്പെട്ടു എന്നു കരുതി​യി​രി​ക്കുമ്പോ​ഴാ​യി​രി​ക്കും ആഴ്‌ച​ക​ളോ ഒരുപക്ഷേ മാസങ്ങളോപോ​ലും കഴിഞ്ഞ്‌ പ്രശ്‌നം വീണ്ടും തലപൊ​ക്കു​ന്നത്‌. അങ്ങനെ സംഭവി​ച്ചാൽ മടുത്തു പിന്മാ​റ​രുത്‌. ‘നീതി​മാൻ ഏഴു പ്രാവ​ശ്യം പോലും വീണേ​ക്കാം’ എന്ന വസ്‌തുത ബൈബിൾ അംഗീ​ക​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 24:16) അങ്ങനെ സംഭവി​ച്ചു എന്നു കരുതി നിങ്ങൾക്കു വിജയി​ക്കാ​നാ​വില്ല എന്നർഥ​മില്ല. മറിച്ച്‌, നിങ്ങളു​ടെ തീരു​മാ​നത്തെ ശക്തി​പ്പെ​ടു​ത്തു​ക​യും വീണ്ടും പ്രശ്‌നം തലപൊ​ക്കു​ന്നു എന്നതിന്റെ ലക്ഷണങ്ങൾ തിരി​ച്ച​റി​യു​ക​യും നിങ്ങളെ സഹായി​ക്കാ​നാ​കുന്ന സുഹൃ​ത്തു​ക്കളോട്‌ ഒരുപക്ഷേ വീണ്ടും കാര്യങ്ങൾ തുറന്നു​പ​റ​യു​ക​യും ചെയ്യേ​ണ്ട​തി​ന്റെ ആവശ്യത്തെ ഊന്നി​പ്പ​റ​യുക മാത്രമേ അതു ചെയ്യു​ന്നു​ള്ളൂ.

[20-ാം പേജിലെ ചതുരം/ചിത്രം]

അതേക്കുറിച്ച്‌ കൂടുതൽ വായി​ക്കു​ക

നിങ്ങൾക്ക്‌ ഒരു ആഹാര​ശീല വൈക​ല്യം ഉണ്ടെങ്കിൽ അതേക്കു​റിച്ച്‌ വായി​ക്കുക. ആ പ്രശ്‌നത്തെ​ക്കു​റിച്ച്‌ നിങ്ങൾ എത്രയ​ധി​കം അറിവുനേ​ടു​ന്നു​വോ അത്രയ​ധി​കം എളുപ്പ​മാ​യി​രി​ക്കും അതി​നെ​തിരെ​യുള്ള പോരാ​ട്ടം. ഉണരുക!യുടെ 1999 ജനുവരി 22 ലക്കത്തിന്റെ 3-12 പേജു​ക​ളി​ലും 1999 ഏപ്രിൽ 22 ലക്കത്തിന്റെ 13-15 പേജു​ക​ളി​ലും പ്രസി​ദ്ധീ​ക​രി​ച്ചി​രുന്ന സഹായ​ക​മായ വിവരങ്ങൾ പുനര​വലോ​കനം ചെയ്യു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​യി​രുന്നേ​ക്കാം.

[21-ാം പേജിലെ ചതുരം]

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

നിങ്ങളു​ടെ മകൾ ആഹാര​ശീല വൈക​ല്യ​ത്തിന്‌ അടിമ​യാ​യി​ത്തീർന്നി​ട്ടുണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? ആദ്യം​തന്നെ, ഈ ലേഖന​ത്തി​ലും 20-ാം പേജിൽ പരാമർശി​ച്ചി​രി​ക്കുന്ന മറ്റു ലേഖന​ങ്ങ​ളി​ലും കൊടു​ത്തി​രി​ക്കുന്ന വിവരങ്ങൾ ശ്രദ്ധാ​പൂർവം അവലോ​കനം ചെയ്യുക. അവൾ ഇങ്ങനെയൊ​രു സ്വഭാ​വ​വിശേ​ഷ​ത്തിന്‌ അടിമ​യാ​യി​ത്തീർന്നത്‌ എന്തു​കൊണ്ട്‌ എന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക.

ആഹാര​ശീല വൈക​ല്യം ഉള്ള പലരും തങ്ങളെ​ക്കു​റി​ച്ചു​തന്നെ അത്ര മതിപ്പി​ല്ലാ​ത്ത​വ​രും പൊതു​വേ പരിപൂർണ​താ​വാ​ദി​ക​ളും സ്വന്തം​കാ​ര്യ​ത്തിൽ ന്യായബോ​ധ​മി​ല്ലാ​ത്ത​വി​ധം ഉയർന്ന പ്രതീ​ക്ഷകൾ വെച്ചു​പു​ലർത്തു​ന്ന​വ​രും ആണെന്നു നിരീ​ക്ഷി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. അത്തരം സ്വഭാ​വ​വിശേ​ഷങ്ങൾ നിങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നില്ലെന്ന്‌ ഉറപ്പു​വ​രു​ത്തുക. ആത്മവി​ശ്വാ​സം വളർത്തിയെ​ടു​ക്കാൻ അവളെ സഹായി​ക്കുക. (യെശയ്യാ​വു 50:4) പരിപൂർണ​താ​വാ​ദി​ക​ളാ​യി​രിക്കു​ന്നത്‌ ഒഴിവാ​ക്കാൻ “നിങ്ങളു​ടെ സൌമ്യത [“ന്യായബോ​ധം,” NW] സകല മനുഷ്യ​രും അറിയട്ടെ.”​—⁠ഫിലി​പ്പി​യർ 4:⁠5.

ആഹാരത്തോ​ടും തൂക്ക​ത്തോ​ടു​മുള്ള നിങ്ങളുടെ​തന്നെ സമീപ​ന​വും അടുത്തു പരി​ശോ​ധി​ക്കുക. തമാശ​യാ​യിട്ടെ​ങ്കി​ലും, വാക്കി​ലൂടെ​യോ മാതൃ​ക​യി​ലൂടെ​യോ, ഇത്തരം കാര്യ​ങ്ങൾക്കു നിങ്ങൾ അമിതപ്രാ​ധാ​ന്യം നൽകി​യി​ട്ടു​ണ്ടോ? യുവജ​നങ്ങൾ തങ്ങളുടെ ആകാര​വ​ടി​വു സംബന്ധിച്ച്‌ അങ്ങേയറ്റം ശ്രദ്ധാ​ലു​ക്ക​ളാ​ണെന്ന കാര്യം മനസ്സിൽപ്പി​ടി​ക്കുക. വണ്ണത്തെ​ക്കു​റി​ച്ചോ കൗമാ​ര​ത്തി​ന്റെ പ്രാരം​ഭ​ഘ​ട്ട​ത്തിൽ സ്വാഭാ​വി​ക​മാ​യി ഉണ്ടാകുന്ന പെട്ടെ​ന്നുള്ള വളർച്ചയെ​ക്കു​റി​ച്ചോ ഒക്കെ കളിയാ​ക്കു​ന്നത്‌ ഇളംമ​ന​സ്സിൽ പ്രശ്‌ന​ങ്ങ​ളു​ടെ വിത്തു പാകിയേ​ക്കാം.

കാര്യ​ങ്ങ​ളു​ടെ എല്ലാ വശങ്ങളും പ്രാർഥ​നാ​പൂർവം പരിചി​ന്തി​ച്ചശേഷം നിങ്ങളു​ടെ മകളു​മാ​യി മനസ്സു​തു​റന്ന്‌ ആത്മാർഥ​മാ​യി സംസാ​രി​ക്കുക.

◼ എന്തു പറയണമെ​ന്നും എപ്പോൾ പറയണമെ​ന്നും ശ്രദ്ധാ​പൂർവം തീരു​മാ​നി​ക്കുക.

അവരുടെ കാര്യ​ത്തിൽ നിങ്ങൾക്കുള്ള താത്‌പ​ര്യ​വും സഹായി​ക്കാ​നുള്ള ആഗ്രഹ​വും വ്യക്തമാ​യി പ്രകടി​പ്പി​ക്കുക.

ആദ്യ പ്രതി​ക​രണം അനുകൂ​ല​മല്ലെ​ങ്കിൽ അതിശ​യി​ച്ചുപോ​ക​രുത്‌.

നല്ല ക്ഷമയുള്ള ശ്രോ​താ​വാ​യി​രി​ക്കുക.

ഏറ്റവും പ്രധാ​ന​മാ​യി, പ്രശ്‌നത്തെ തരണംചെ​യ്യാ​നുള്ള മകളുടെ ശ്രമങ്ങ​ളിൽ ഒരു പങ്കാളി​യാ​കുക. പ്രശ്‌ന​ത്തിൽനി​ന്നു കരകയ​റാൻ സഹായി​ക്കു​ന്ന​തിൽ കുടും​ബം ഒത്തൊ​രു​മി​ച്ചു പ്രവർത്തി​ക്കുക.

[21-ാം പേജിലെ ചിത്രം]

സുഖംപ്രാപിക്കാനുള്ള ആഗ്രഹം ഉണ്ടാകു​ന്ന​തി​നാ​യി നിങ്ങൾ പ്രാർഥിക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം