ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഉണരുക!യുടെ പുതിയ കെട്ടുംമട്ടും 2006 ജനുവരി ലക്കം ഉണരുക! ഞാൻ ഇന്നലെ രാത്രിയിൽ വായിച്ചു തീർത്തതേയുള്ളൂ. ഈ മാസികയുടെ പുതിയ കെട്ടുംമട്ടും എനിക്ക് വളരെ ഇഷ്ടമായി. ഉണരുക!യുടെ പുതിയ ‘മുഖം’ അതിനെ ശ്രദ്ധാപൂർവകമായ പരിചിന്തനം അർഹിക്കുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്. കാരണം അതു വായനക്കാരെ ചിന്തിക്കാൻ നിർബന്ധിതരാക്കുന്നു. ഞങ്ങളുടെ ആത്മീയവളർച്ചയെ ഉന്നമിപ്പിക്കുന്നതിൽ യഹോവയുടെ കരങ്ങൾ ഇതിൽ ആദിയോടന്തം ദൃശ്യമാണ്.
ബി. എൻ., കാനഡ
എനിക്കു 16 വയസ്സുണ്ട്. ഉണരുക!യുടെ പുതിയ സവിശേഷതകൾ ബൈബിൾ പഠനത്തിൽ ഞങ്ങളെ വളരെയേറെ സഹായിക്കും. ചില ലേഖനങ്ങളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ, വായിച്ച കാര്യങ്ങൾ അയവിറക്കാൻ വായനക്കാരനെ സഹായിക്കുന്നു. എന്റെ സ്കൂൾപാഠ്യപദ്ധതിയോടു ബന്ധപ്പെട്ട നിയമനങ്ങൾ ചെയ്യുന്നതിനും ഞാൻ ഉണരുക! ഉപയോഗപ്പെടുത്തുന്നുണ്ട്. ഞങ്ങൾക്ക് അത്യന്തം പ്രയോജനകരമായ ഇത്തരം ലേഖനങ്ങൾ നിങ്ങൾ ഇനിയും പ്രസിദ്ധീകരിക്കുമല്ലോ.
എസ്. എൻ., നമീബിയ
വിശ്വാസത്താൽ നിലനിൽക്കുന്നു—എഎൽഎസ് രോഗവുമായി ജീവിക്കുന്നു (2006 ജനുവരി) ജേസൺ സ്റ്റുവർട്ടിന്റെ അനുഭവം വായിച്ചതോടെ എന്റെ പ്രശ്നങ്ങളൊക്കെ ഒന്നുമല്ലെന്നു തോന്നിപ്പോയി. നമ്മുടെ സാഹചര്യം അനുവദിക്കുന്നതനുസരിച്ച് യഹോവയുടെ സേവനത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ അവൻ എത്ര വിലമതിക്കുന്നുവെന്ന് എനിക്കു തിരിച്ചറിയാനായി. ജേസണിന്റെ ഭാര്യയുടെ ആത്മത്യാഗ മനോഭാവവും യഹോവയിലുള്ള ആശ്രയവും പ്രശംസനീയംതന്നെ. ഈ അനുഭവം എന്നെന്നും എന്റെ മനസ്സിലുണ്ടായിരിക്കും, മാത്രമല്ല ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതൊരു പ്രശ്നത്തെയും നേരിടുന്നതിന് ഇതെന്നെ സഹായിക്കുമെന്നും എനിക്കുറപ്പുണ്ട്.
സി. ആർ. എസ്., പെറു
ജേസണിന്റെ അനുഭവം വായിച്ച് ഞാൻ കരഞ്ഞുപോയി, ആ അനുഭവം വളരെ ഹൃദയസ്പർശിയായിരുന്നതിനാൽ മാത്രമല്ല മറിച്ച് യഹോവയുടെ സാക്ഷികളിൽ ഒരാളെന്നനിലയിൽ ഇങ്ങനെയൊരു ആത്മീയ സഹോദരൻ എനിക്കുണ്ടല്ലോ എന്ന അഭിമാനത്താലും. “കാലവും മുൻകൂട്ടിക്കാണാനാവാത്ത സംഭവങ്ങ”ളും ആർക്കും നേരിട്ടേക്കാമെന്നതിനാൽ പരിശോധനകളെ അഭിമുഖീകരിക്കാൻ ഒരുങ്ങിയിരിക്കേണ്ടതിന്റെ പ്രാധാന്യം ഈ ലേഖനത്തിലൂടെ കാണാൻ സാധിച്ചു.—സഭാപ്രസംഗി 9:11.
റ്റി. എ., ഹംഗറി
എന്റെ അമ്മ എഎൽഎസ് ബാധിച്ചാണു മരിച്ചത്. അതുകൊണ്ടുതന്നെ ജേസണിന്റെ അനുഭവം വളരെ ഹൃദയസ്പർശിയായിരുന്നു. അദ്ദേഹത്തിന്റെ മാതൃക ശുശ്രൂഷയിൽ എന്റെ പരമാവധി ചെയ്യുന്നതിൽ തുടരാൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഈ സഹോദരനെയും ഭാര്യയെയും യഹോവ തുടർന്നും അനുഗ്രഹിക്കട്ടെ എന്നാണ് എന്റെ പ്രാർഥന.
എൽ. ഇസഡ്. ജി., പരാഗ്വേ
നല്ല ആരോഗ്യമുണ്ടായിരുന്ന സമയത്ത് ജേസൺ വ്യക്തിപരമായ പഠനത്തിനായി വളരെയേറെ സമയം ചെലവഴിച്ചിരുന്നത് ആവശ്യസമയത്ത് ആത്മീയശക്തി പകരുന്നതിനുള്ള ആശ്രയയോഗ്യമായ ഒരു കലവറയായി വർത്തിച്ചു എന്ന വസ്തുത എന്നെ ചിന്തിപ്പിച്ചു. ഇത് വ്യക്തിപരമായ ബൈബിൾ പഠനത്തിൽ കൂടുതൽ ശുഷ്കാന്തി കാണിക്കുന്നതിനുള്ള എന്റെ തീരുമാനത്തെ ശക്തിപ്പെടുത്തി.
വൈ. എം., ജപ്പാൻ
യുവജനങ്ങൾ ചോദിക്കുന്നു—ഞാൻ സ്വയം ക്ഷതമേൽപ്പിക്കുന്നത് എന്തുകൊണ്ട്? (2006 ജനുവരി) യുവപ്രായത്തിൽത്തന്നെ മയക്കുമരുന്ന് ഉപയോഗവും മദ്യപാനവും എനിക്ക് ഒരു പ്രശ്നമായിരുന്നു. എന്നാൽ എനിക്കു തരണംചെയ്യേണ്ടിയിരുന്ന ഏറ്റവും വലിയ പ്രശ്നം സ്വയം ക്ഷതമേൽപ്പിക്കലായിരുന്നു. എനിക്ക് അതുമായി നിരന്തരം മല്ലിടേണ്ടിയിരുന്നു. എന്നാൽ ഇത്തരം ലേഖനങ്ങൾ പോരാട്ടം തുടരുന്നതിനുള്ള കരുത്തേകി. ഇതിന് എങ്ങനെ നന്ദിപറയണമെന്ന് എനിക്കറിയില്ല.
ഇ. സി., ഐക്യനാടുകൾ
കൗമാരപ്രായംമുതൽത്തന്നെ സ്വയം ക്ഷതമേൽപ്പിക്കുക എന്റെ പതിവായിരുന്നു. എനിക്കിപ്പോൾ 56 വയസ്സുണ്ട്. നാലുവർഷം മുമ്പ് ഞാൻ ആ ദുശ്ശീലം ഉപേക്ഷിച്ചതാണ്, എന്നിരുന്നാലും പ്രശ്നങ്ങൾ താങ്ങാവുന്നതിനപ്പുറം ആയിത്തീരുമ്പോൾ സ്വയം ക്ഷതമേൽപ്പിക്കണമെന്ന ശക്തമായ തോന്നൽ എനിക്കിപ്പോഴും ഉണ്ടാകാറുണ്ട്. ഈ ലേഖനം എന്റെ ഉള്ളിലേക്കു തുളച്ചിറങ്ങി. എന്നെപ്പോലെയുള്ള പലർക്കും ഇത് ജീവിതപ്രശ്നങ്ങളെ ധൈര്യപൂർവം നേരിടുന്നതിനുള്ള ശക്തിപകരും എന്നതിനു സംശയമില്ല.
പേരു വെളിപ്പെടുത്തിയിട്ടില്ല, നെതർലൻഡ്സ്
എനിക്കു 17 വയസ്സുണ്ട്. ഈ ലേഖനത്തിനുവേണ്ടി നിങ്ങൾക്കു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വയം
ക്ഷതമേൽപ്പിക്കുന്ന പ്രശ്നം എനിക്കുണ്ട്. അടുത്തയിടെ ഞാൻ വീണ്ടും സ്വയം മുറിവേൽപ്പിച്ചു. അങ്ങനെ ചെയ്തശേഷം അമ്മയുടെ അടുത്തുചെന്ന് എന്നോടൊപ്പം പ്രാർഥിക്കാമോ എന്നു ചോദിച്ചു. ഇങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിലും യഹോവയ്ക്ക് എന്നോടു പ്രിയമുണ്ടെന്ന് എനിക്കു മനസ്സിലാക്കാനായി. ആ ലേഖനം എത്ര വലിയ സഹായമായിരുന്നെന്നോ! ഞാൻ അതിനു യഹോവയ്ക്കു നന്ദിപറയുന്നു.എൻ. എം., ചെക്ക് റിപ്പബ്ലിക്
“എനിക്കിതു വിശ്വസിക്കാനാകുന്നില്ല!” ഈ ലേഖനം കണ്ടമാത്രയിൽ അതായിരുന്നു എന്റെ പ്രതികരണം. എനിക്കു 18 വയസ്സുണ്ട്. സ്വയം ക്ഷതമേൽപ്പിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. വികാരങ്ങളെ അടക്കാൻ വേദന എന്നെ സഹായിക്കുന്നു. സ്വയം ക്ഷതമേൽപ്പിക്കാനുള്ള തോന്നൽ എനിക്കു കൂടെക്കൂടെ ഉണ്ടാകാറുണ്ട്. അതിനെ എങ്ങനെ ചെറുത്തുനിൽക്കണമെന്ന് എനിക്കറിയില്ല. ഈ ലേഖനം കണ്ടപ്പോൾ എനിക്കു വളരെ അതിശയം തോന്നി. കണ്ണുകൾ ഈറനണിഞ്ഞു, പ്രാർഥനയിൽ ഞാൻ യഹോവയ്ക്കു നന്ദിപറഞ്ഞു. യഹോവയുടെ സംഘടനയിൽ മാത്രമേ ഇത്തരം ആശ്വാസം കണ്ടെത്താനാകൂ!
ഏ. പി., റഷ്യ
വൈകാരികവേദന ശമിപ്പിക്കുന്നതിന് സ്വയം ക്ഷതമേൽപ്പിക്കുന്ന ശീലം ഞാൻ 14-ാം വയസ്സിൽ തുടങ്ങിയതാണ്. ഒരിക്കൽ ഇതിന്റെപേരിൽ എനിക്ക് ആശുപത്രിയിൽപ്പോലും പോകേണ്ടിവന്നു. ഇതേക്കുറിച്ച് ഒരു ഡയറിയിൽ കുറിച്ചുവെക്കാൻ തുടങ്ങിയത് ഈ പ്രവണതയെ നിയന്ത്രിക്കുന്നതിൽ എന്നെ വളരെ സഹായിച്ചു. കൂടാതെ സ്വയം ക്ഷതമേൽപ്പിക്കാനുള്ള തോന്നൽ ഉണ്ടാകുമ്പോൾത്തന്നെ, എന്നെ മനസ്സിലാക്കുന്ന സുഹൃത്തുക്കളിൽ ആരെയെങ്കിലും ഞാൻ വിളിക്കും. പ്രാർഥനയും വളരെ സഹായകമായിരുന്നിട്ടുണ്ട്. പ്രാർഥിക്കാൻ അയോഗ്യയാണെന്നു തോന്നിയ സന്ദർഭങ്ങളിൽ സുഹൃത്തുക്കളും ക്രിസ്തീയമൂപ്പന്മാരും എന്നോടൊപ്പം പ്രാർഥിച്ചിട്ടുണ്ട്. വളരെ ക്ലേശകരമായ ഒരു പോരാട്ടമാണിത്. എന്നാൽ അതുമായി പൊരുത്തപ്പെടാനും സ്വയം ക്ഷതമേൽപ്പിക്കാതിരിക്കുന്നതിന് ലഭ്യമായ എല്ലാ സഹായവും സ്വീകരിക്കാനും ഞാൻ പഠിച്ചു.
എൻ. ഡബ്ലിയു., ജർമനി
ഈ ലേഖനത്തിന്റെ ആദ്യപേജിൽ ഒരു പെൺകുട്ടി മുടി വലിച്ചുപറിക്കുന്നതിന്റെ ചിത്രം കൊടുത്തിരുന്നു. കൂടാതെ ലേഖനത്തിൽ ആത്മശിക്ഷണമെന്നനിലയിൽ “സാറ” മുടി വലിച്ചുപറിക്കുന്നതിനെക്കുറിച്ചു പരാമർശിച്ചിരിക്കുന്നു. എന്റെ മകൾക്ക് ട്രിക്കൊറ്റിലൊമാനീയ എന്നൊരു പ്രശ്നമുണ്ട്, സ്വന്തം മുടി വലിച്ചുപറിക്കുന്ന സ്വഭാവമാണ് അതിന്റെ പ്രത്യേകത. അനിയന്ത്രിത ചിന്താ-പ്രവർത്തന തകരാറുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. ഒരുതരം ആസക്തിയാണ് ഇതിനു തുടക്കമിടുന്നത്, അല്ലാതെ സ്വയം ക്ഷതമേൽപ്പിക്കാനുള്ള ആഗ്രഹമല്ല. മുടി വലിച്ചുപറിക്കൽ അവശ്യം സ്വയം മുറിവേൽപ്പിക്കുന്നതിലേക്കു നയിക്കുന്ന ഒന്നായിരിക്കണമെന്നില്ല.
എം. എച്ച്., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ട്രിക്കൊറ്റിലൊമാനീയ എന്ന പദം കണ്ടുപിടിച്ചത്. മുടി വലിച്ചുപറിക്കാനുള്ള അടക്കാനാവാത്ത ആഗ്രഹം ഉൾപ്പെടുന്ന ഒരു സ്വഭാവവൈകല്യമാണിത്. സ്വയം ക്ഷതമേൽപ്പിക്കുന്നതിന് ചിലരെങ്കിലും സ്വീകരിക്കുന്ന ഒരു മാർഗമാണ് മുടിവലിച്ചുപറിക്കൽ, അതാണു ഞങ്ങൾ മാസികയിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇത്തരത്തിൽ മുടി വലിച്ചുപറിക്കുന്ന എല്ലാവരും ലേഖനത്തിൽ വിവരിച്ചിരിക്കുന്നതുപോലുള്ള, സ്വയം ക്ഷതമേൽപ്പിക്കുന്ന ശീലം ഉള്ളവരാണെന്ന് അർഥമില്ല. മേൽപ്പറഞ്ഞ വായനക്കാരി ചൂണ്ടിക്കാണിച്ചതുപോലെ ചിലപ്പോഴെങ്കിലും ഈ ശീലം അനിയന്ത്രിത ചിന്താ-പ്രവർത്തന തകരാറുമായിട്ടാണ് ഏറെയും ബന്ധപ്പെട്ടിരിക്കുന്നത്.
അതെന്തുതന്നെയായാലും ട്രിക്കൊറ്റിലൊമാനീയയ്ക്ക് ഇടയാക്കുന്നത് എന്താണെന്നു പരിഗണിക്കണമെന്നും എങ്കിൽ മാത്രമേ ഓരോ വ്യക്തിയുടെയും പ്രശ്നത്തിന് അനുയോജ്യമായ ചികിത്സ നൽകാനാകുകയുള്ളൂ എന്നും ചില വിദഗ്ധർ പറയുന്നു. അതുകൊണ്ട് ഈ പ്രശ്നമുള്ളവർ ആരോഗ്യപരിപാലന വിദഗ്ധരെ നേരിൽക്കണ്ട് രോഗനിർണയം നടത്തുന്നതും ചികിത്സ തേടുന്നതും ജ്ഞാനമായിരുന്നേക്കാം.
ഉത്തരം പറയാമോ? (2006 ജനുവരി) ഈ പുതിയ സവിശേഷത എനിക്കു വളരെ ഇഷ്ടമായി! ഞങ്ങൾ ഞങ്ങളുടെ കൊച്ചുമക്കളെ പഠിപ്പിക്കാറുണ്ട്. അവരുടെ ദൈനംദിന ബൈബിൾവായനയ്ക്കും സ്കൂൾ പാഠ്യപദ്ധതിയോടു ബന്ധപ്പെട്ട് ഉണരുക!യിൽനിന്ന് അവർ വായിക്കുന്ന ലേഖനങ്ങൾക്കും ഒപ്പം ചേർക്കാവുന്ന ഒന്നാണ് ഇത്. ചെറുപ്പക്കാർക്കുവേണ്ടി ഇത്രയേറെ കരുതൽ പ്രകടമാക്കുന്നതിനു നന്ദി.
ബി. ഇ., ഐക്യനാടുകൾ
ഒരുവന്റെ താത്പര്യത്തെയും ചിന്തയെയും ഉണർത്തുന്ന ഒന്നാണിത്. ഒരു ഉത്തരം കണ്ടുപിടിച്ചുകഴിയുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇന്നലെ വൈകുന്നേരം മുഴുവൻ ഞാൻ ഈ ഒരു പേജ് വായിക്കുന്നതിനായി ചെലവഴിച്ചു. എത്ര രസമായിരുന്നെന്നോ! വലുതാകുമ്പോൾ ഈ മാസിക ഉണ്ടാക്കുന്നതിൽ സഹായിക്കണമെന്നതാണ് എന്റെ ആഗ്രഹം, അങ്ങനെ യഹോവയെക്കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കാനാകുമല്ലോ!
ഡി. എച്ച്., ഐക്യനാടുകൾ
എനിക്ക് എട്ടു വയസ്സുണ്ട്. കുടുംബ അധ്യയനത്തിൽ ഞങ്ങൾ ഈ പേജ് ഉപയോഗിച്ചു. ഗവേഷണം ചെയ്യേണ്ട ഭാഗം രസമാണ്. “ഞാൻ ആരാണ്?” എന്ന ചോദ്യം അൽപ്പം ബുദ്ധിമുട്ടായിരുന്നേക്കാം, എന്നാലും ഞങ്ങൾക്കത് ഇഷ്ടമാണ്. ഇത്തരം നല്ല നല്ല ലേഖനങ്ങൾ ഇനിയും പ്രസിദ്ധീകരിക്കുമല്ലോ.
സി. ഡബ്ലിയു., ഐക്യനാടുകൾ