വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ഹാല്‌വീൻ ആഘോഷിക്കാത്തതിന്റെ കാരണം

ഞാൻ ഹാല്‌വീൻ ആഘോഷിക്കാത്തതിന്റെ കാരണം

ഞാൻ ഹാല്‌വീൻ ആഘോ​ഷി​ക്കാ​ത്ത​തി​ന്റെ കാരണം

കഴിഞ്ഞ വർഷം, അയൽക്കാർ ഹാല്‌വീൻ—ചില രാജ്യ​ങ്ങ​ളിൽ ആഘോ​ഷി​ച്ചു​പോ​രുന്ന, ആത്മവി​ദ്യ​യു​മാ​യി അടുത്തു ബന്ധമുള്ള ജനപ്രീ​തി​യാർജിച്ച ഒരു വിശേ​ഷ​ദി​വസം—ആഘോ​ഷി​ക്കു​ന്ന​തി​നാ​യി തയ്യാ​റെ​ടു​ക്കവേ, കാനഡ​യി​ലെ 14 വയസ്സു​കാ​ര​നായ മൈക്ക്‌ളി​ന്റെ മനസ്സിൽ മറ്റു ചില കാര്യ​ങ്ങ​ളാ​യി​രു​ന്നു. സ്‌കൂ​ളി​നു​വേണ്ടി എഴുതിയ ഒരു ഉപന്യാ​സ​ത്തിൽ മൈക്ക്‌ൾ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു:

‘ഹാല്‌വീ​ന്റെ തലേരാ​ത്രി​യാ​ണിത്‌. ഞാൻ ജനലി​ലൂ​ടെ പുറ​ത്തേക്കു നോക്കു​മ്പോൾ കാണു​ന്നത്‌ അയൽക്കാ​രു​ടെ മുറ്റങ്ങൾ കല്ലറക്ക​ല്ലു​ക​ളാ​ലും അസ്ഥികൂ​ട​ങ്ങ​ളാ​ലും അലങ്കരി​ച്ചി​രി​ക്കു​ന്ന​താണ്‌. അവരുടെ ജനലുകൾ ദീപാ​ലം​കൃ​ത​മാണ്‌. a മാതാ​പി​താ​ക്കൾ കുട്ടി​ക​ളു​ടെ വേഷവി​ധാ​ന​ത്തിൽ അവസാന മിനു​ക്കു​പ​ണി​കൾ നടത്തുന്ന തിരക്കി​ലാണ്‌. കുട്ടി​ക​ളാ​ണെ​ങ്കിൽ നാളെ തങ്ങൾക്കു ലഭിക്കാ​നി​രി​ക്കുന്ന മധുര പലഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു സ്വപ്‌നം കാണു​ക​യാണ്‌.

‘എന്നാൽ എന്റെ കുടും​ബം ഇതിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌. ഞങ്ങളുടെ മുറ്റം അലങ്കരി​ച്ചി​ട്ടില്ല, ജനലു​ക​ളിൽ ദീപങ്ങ​ളു​മില്ല. ഞാൻ എന്തു​കൊ​ണ്ടാണ്‌ ഹാല്‌വീൻ ആഘോ​ഷി​ക്കാ​ത്ത​തെന്ന്‌ ആളുകൾ എന്നോടു ചോദി​ക്കും. അടിസ്ഥാ​ന​പ​ര​മാ​യി, ഇതിന്റെ ഉത്ഭവം കണക്കി​ലെ​ടു​ത്താണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ഇത്‌ ആഘോ​ഷി​ക്കാ​ത്തത്‌. b

‘അതിശ​യ​ക​ര​മെന്നു പറയട്ടെ, എല്ലാവ​രും ഹാല്‌വീൻ ആഘോ​ഷി​ക്കുന്ന ആ സമയം ഞാൻ ഇഷ്ടപ്പെ​ടു​ന്നു. “എന്തു​കൊണ്ട്‌?” എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം. കാരണം, ഇത്‌ എന്നെ ചിന്തി​ക്കാൻ പ്രേരി​പ്പി​ക്കു​ന്നു—ഞാൻ ചില കാര്യങ്ങൾ ചെയ്യാ​ത്ത​തി​ന്റെ കാരണ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ. ഒരു ആചാര​ത്തി​ന്റെ ഉത്ഭവം പ്രാധാ​ന്യ​മർഹി​ക്കു​ന്നു​ണ്ടോ എന്നതു സംബന്ധിച്ച്‌ ഓരോ വ്യക്തി​യും തന്നോ​ടു​തന്നെ ചോദി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഉത്ഭവത്തി​നു പ്രാധാ​ന്യ​മുണ്ട്‌ എന്നാണു ഞാൻ കരുതു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, തങ്ങളുടെ അയൽക്കാർ നാസി യൂണി​ഫോം ധരിച്ചാൽ മിക്ക ആളുക​ളും അസ്വസ്ഥ​രാ​കും എന്നതിനു സംശയ​മില്ല. എന്തു​കൊണ്ട്‌? ആ യൂണി​ഫോ​മി​ന്റെ ഉത്ഭവവും അത്‌ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു എന്നതു​മാ​ണു കാരണം. അവ പ്രതീ​ക​പ്പെ​ടു​ത്തുന്ന തത്ത്വങ്ങൾ മിക്കവ​രി​ലും വെറു​പ്പു​ള​വാ​ക്കു​ന്ന​വ​യാണ്‌. അതു​പോ​ലെ​തന്നെ, പിശാ​ചും ദുഷ്ടാ​ത്മാ​ക്ക​ളും ദുർമ​ന്ത്ര​വാ​ദി​നി​ക​ളും പ്രതീ​ക​പ്പെ​ടു​ത്തുന്ന തത്ത്വങ്ങൾ എനിക്കു വെറു​പ്പാണ്‌; അവരു​മാ​യി സഹവസി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു​മില്ല. നാം നടത്തുന്ന തിര​ഞ്ഞെ​ടു​പ്പു​ക​ളെ​യും അതിനുള്ള കാരണ​ങ്ങ​ളെ​യും കുറിച്ചു ചിന്തി​ക്കു​ന്നതു നല്ലതാണ്‌. മാത്രമല്ല, ജനപ്രീ​തി​യു​ടെ അടിസ്ഥാ​ന​ത്തിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നു പകരം തത്ത്വത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ തീരു​മാ​നങ്ങൾ എടുക്കു​ന്ന​താണ്‌ ഉചിതം. അതു​കൊ​ണ്ടാണ്‌ ഈ സമയം ഞാൻ ഇഷ്ടപ്പെ​ടു​ന്നത്‌. മറ്റുള്ള​വ​രിൽനി​ന്നു വ്യത്യ​സ്‌ത​നാ​യി​രി​ക്കു​ന്ന​തി​ലും എന്റെ വിശ്വാ​സ​ങ്ങൾക്കു​വേണ്ടി നില​കൊ​ള്ളു​ന്ന​തി​ലും എനിക്ക്‌ അഭിമാ​നം തോന്നു​ന്നു.’

[അടിക്കു​റി​പ്പു​കൾ]

a ജാക്‌-ഓ-ലാന്റേൺ എന്നറി​യ​പ്പെ​ടുന്ന ഈ ദീപം, അകം​പൊ​ള്ള​യായ ഒരു മത്തങ്ങയിൽ മൂക്കും വായും കണ്ണു​മെ​ല്ലാം കൊത്തി​യു​ണ്ടാ​ക്കി​യ​ശേഷം അതി​ലൊ​രു മെഴു​കു​തി​രി​യോ മറ്റോ കത്തിച്ചു​വെ​ക്കു​ന്ന​താണ്‌.

b കൂടുതൽ വിവര​ങ്ങൾക്കാ​യി 2001 ഒക്ടോബർ 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 5-10 പേജുകൾ കാണുക.