വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടിവി ‘കൗശലക്കാരനായ അധ്യാപകൻ’

ടിവി ‘കൗശലക്കാരനായ അധ്യാപകൻ’

ടിവി ‘കൗശല​ക്കാ​ര​നായ അധ്യാ​പകൻ’

ടെലി​വി​ഷന്‌ വളരെ ശക്തമായ ഒരു ബോധന മാധ്യമം ആയിരി​ക്കാൻ കഴിയും. ഒരിക്ക​ലും സന്ദർശി​ക്കാൻ സാധ്യ​ത​യി​ല്ലാത്ത സ്ഥലങ്ങ​ളെ​ക്കു​റി​ച്ചും ആളുകളെ​ക്കു​റി​ച്ചും ടിവി-യിലൂടെ നാം മനസ്സി​ലാ​ക്കു​ന്നു. ടിവി സ്‌ക്രീ​നി​ലൂ​ടെ ഉഷ്‌ണമേ​ഖലാ വനങ്ങളിലേ​ക്കും മഞ്ഞുമൂ​ടിയ ധ്രുവ​ങ്ങ​ളിലേ​ക്കും പർവത​ശൃം​ഗ​ങ്ങ​ളിലേ​ക്കും ആഴിയു​ടെ അടിത്ത​ട്ടിലേ​ക്കും നാം “യാത്ര” ചെയ്യുന്നു. നക്ഷത്ര​ങ്ങ​ളുടെ​യും ആറ്റങ്ങളുടെ​യും വിസ്‌മ​യലോ​കത്തേക്ക്‌ അത്‌ നമ്മെ കൂട്ടിക്കൊ​ണ്ടു പോകു​ന്നു. ലോക​ത്തി​ന്റെ അങ്ങേപ്പു​റത്ത്‌ നടക്കുന്ന സംഭവങ്ങൾ പോലും തത്സമയം നമ്മുടെ മുമ്പിലെ​ത്തി​ക്കു​ന്നു. രാഷ്‌ട്രീ​യം, ചരിത്രം, ആനുകാ​ലിക സംഭവങ്ങൾ, സംസ്‌കാ​രം ഇവയെ​ക്കു​റിച്ചെ​ല്ലാം നമുക്ക്‌ അറിവു പകരുന്നു. മനുഷ്യ ജീവി​ത​ത്തി​ലെ ദുരന്ത​ങ്ങ​ളും വൻവി​ജ​യ​ങ്ങ​ളും ടെലി​വി​ഷൻ ഒപ്പി​യെ​ടു​ക്കു​ന്നു. അത്‌ നമ്മെ വിനോ​ദി​പ്പി​ക്കു​ന്നു, പഠിപ്പി​ക്കു​ന്നു, എന്തിന്‌ പ്രചോ​ദി​പ്പി​ക്കുക പോലും ചെയ്യുന്നു.

എന്നിരു​ന്നാ​ലും പല പരിപാ​ടി​ക​ളും ഗുണക​ര​മോ വിജ്ഞാ​നപ്ര​ദ​മോ അല്ല. ഏറ്റവും കടുത്ത വിമർശനം ഉയർന്നു​വ​രു​ന്നത്‌, ലൈം​ഗി​ക​ത​യുടെ​യും അക്രമ​ത്തിന്റെ​യും അതി​പ്ര​സ​രത്തെ എതിർക്കു​ന്ന​വ​രിൽ നിന്നാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഐക്യ​നാ​ടു​ക​ളിൽ നടന്ന ഒരു പഠനം കണ്ടെത്തി​യത്‌ ഏതാണ്ട്‌ മൂന്നിൽ രണ്ടു ടിവി പരിപാ​ടി​ക​ളി​ലും അക്രമ​രം​ഗങ്ങൾ ഉണ്ടെന്നാണ്‌, മണിക്കൂ​റിൽ ശരാശരി ആറ്‌ അക്രമ​രം​ഗങ്ങൾ. പ്രായ​പൂർത്തി ആകു​മ്പോഴേ​ക്കും ഒരാൾ അക്രമ​ത്തിന്റെ​യും കൊല​പാ​ത​ക​ത്തിന്റെ​യും ആയിര​ക്ക​ണ​ക്കി​നു രംഗങ്ങൾ ടിവി-യിലൂടെ കണ്ടിട്ടു​ണ്ടാ​കും. ലൈം​ഗി​ക​രം​ഗ​ങ്ങ​ളും അനവധി​യാണ്‌. ടിവി പ്രോഗ്രാ​മു​ക​ളിൽ മൂന്നിൽ രണ്ടിലും ലൈം​ഗി​ക​തയെ ചുറ്റി​പ്പ​റ്റി​യുള്ള സംഭാ​ഷ​ണ​ങ്ങ​ളും ചർച്ചക​ളു​മാ​ണു​ള്ളത്‌. 35 ശതമാനം പരിപാ​ടി​ക​ളാ​കട്ടെ, ലൈം​ഗി​ക​രം​ഗങ്ങൾ ചിത്രീ​ക​രി​ക്കു​ന്നു. പലപ്പോ​ഴും, അവിവാ​ഹിത ഇണകൾ ഉൾപ്പെ​ടുന്ന ഈ രംഗങ്ങൾ ഇത്തരം സംഗതി​ക​ളിൽ അസ്വാ​ഭാ​വി​ക​മാ​യി ഒന്നുമില്ലെ​ന്നും അവ അപകട​ര​ഹി​ത​മാണെ​ന്നു​മുള്ള സന്ദേശ​മാ​ണു നൽകു​ന്നത്‌. a

ലൈം​ഗി​ക​ത​യും അക്രമ​വും ഉൾക്കൊ​ള്ളി​ച്ചി​ട്ടുള്ള പ്രോഗ്രാ​മു​കൾക്ക്‌ ഗോളമെ​മ്പാ​ടും പ്രേക്ഷകർ ധാരാ​ള​മുണ്ട്‌. അമേരി​ക്ക​യിൽ നിർമി​ക്കുന്ന ആക്‌ഷൻ ചിത്രങ്ങൾ പിന്നീട്‌ ടിവി-യിലൂടെ വളരെ എളുപ്പ​ത്തിൽ ലോകമെ​ങ്ങും എത്തുന്നു. ഇവയ്‌ക്ക്‌ അഭിന​യ​മി​ക​വോ നല്ല തിരക്ക​ഥ​യോ ഒന്നും ഉണ്ടായി​രി​ക്ക​ണമെ​ന്നില്ല, കൂടാതെ ആർക്കും മനസ്സി​ലാ​കു​ക​യും ചെയ്യും. കാഴ്‌ച​ക്കാ​രെ പിടി​ച്ചി​രു​ത്താൻ അടിപി​ടി, കൊല​പാ​തകം, പ്രത്യേക ദൃശ്യ-ശ്രവ്യ സംവി​ധാ​നങ്ങൾ, ലൈം​ഗി​കത എന്നിവയെ അവ ആശ്രയി​ക്കു​ന്നു. എന്നാൽ പ്രേക്ഷ​ക​രു​ടെ താത്‌പ​ര്യം തുടർന്നും പിടിച്ചു നിറു​ത്ത​ണമെ​ങ്കിൽ മാറ്റങ്ങൾ അനിവാ​ര്യ​മാണ്‌. ഒരേ കാര്യം​തന്നെ കണ്ടു​കൊ​ണ്ടി​രു​ന്നാൽ പ്രേക്ഷകർ പെട്ടെന്നു മടുക്കും. വികാ​ര​വിക്ഷോ​ഭങ്ങൾ ജനിപ്പി​ച്ചി​രുന്ന രംഗങ്ങൾ പുതുമ നഷ്ടപ്പെട്ട്‌ വളരെ സാധാ​ര​ണ​മാ​യി​ത്തീ​രു​ന്നു. പ്രേക്ഷ​കരെ ഞെട്ടി​ക്കു​ക​യും ആവേശംകൊ​ള്ളി​ക്കു​ക​യും ചെയ്‌തുകൊണ്ട്‌ അവരുടെ താത്‌പ​ര്യം നിലനി​റു​ത്താൻ നിർമാ​താ​ക്കൾ കൂടുതൽ അക്രമ​വും ലൈം​ഗി​ക​ത​യും കടുത്ത ചായത്തിൽ ചാലിച്ച്‌ അവതരി​പ്പി​ക്കു​ന്നു.

ടിവി-യുടെ സ്വാധീ​നത്തെ​ക്കു​റി​ച്ചുള്ള വിവാദം

ടിവി-യിൽ അക്രമ​വും ലൈം​ഗി​ക​ത​യും സ്ഥിരമാ​യി കാണു​ന്നത്‌ പ്രേക്ഷ​കരെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌? ടിവി-യിലെ അക്രമം ആളുകളെ അക്രമ വാസന​യു​ള്ള​വ​രും യഥാർഥ ജീവി​ത​ത്തിൽ അക്രമ​ത്തിന്‌ ഇരയാ​കു​ന്ന​വരോട്‌ അനുകമ്പ ഇല്ലാത്ത​വ​രും ആക്കിത്തീർക്കു​ന്നുവെന്ന്‌ വിമർശകർ ആരോ​പി​ക്കു​ന്നു. കൂടാതെ ലൈം​ഗി​ക​ത​യു​ടെ ചിത്രീ​ക​രണം അവിഹി​ത​ബ​ന്ധ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ധാർമിക നിലവാ​ര​ങ്ങളെ തകർക്കു​ക​യും ചെയ്യു​ന്ന​താ​യി അവർ അവകാ​ശപ്പെ​ടു​ന്നു.

ടിവി കാണു​ന്നത്‌ യഥാർഥ​ത്തിൽ മേൽപ്പ​റ​ഞ്ഞതു പോലുള്ള ഫലങ്ങൾ ഉളവാ​ക്കു​ന്നു​ണ്ടോ? ദശാബ്ദ​ങ്ങ​ളാ​യി വീറോ​ടെ ചർച്ച ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന ഒരു ചോദ്യ​മാ​ണിത്‌. നൂറു​ക​ണ​ക്കി​നു പഠനങ്ങ​ളും ആയിര​ക്ക​ണ​ക്കി​നു പുസ്‌ത​ക​ങ്ങ​ളും ലേഖന​ങ്ങ​ളും ഈ വിവാദ വിഷയം ചർച്ച ചെയ്‌തി​ട്ടുണ്ട്‌. ഈ വിവാ​ദ​ത്തി​ന്റെ കാതൽ, ഒന്ന്‌ മറ്റൊ​ന്നി​നു നിദാ​ന​മാ​കു​ന്നുവെന്നു തെളി​യി​ക്കാ​നുള്ള ബുദ്ധി​മു​ട്ടാണ്‌​—⁠ചെറു​പ്പ​ത്തിൽ ടിവി-യിലൂടെ അക്രമം കാണു​ന്നത്‌ പിന്നീട്‌ ആക്രമണോ​ത്സു​ക​ത​യ്‌ക്ക്‌ കാരണ​മാ​യി​ത്തീ​രു​ന്നു​വെന്ന വാദത്തി​ന്റെ കാര്യ​ത്തി​ലും ഇതുതന്നെ സത്യമാണ്‌. കാര്യ-കാരണ ബന്ധം സ്ഥാപിച്ചെ​ടു​ക്കുക ചില​പ്പോഴൊ​ക്കെ ഒരു വെല്ലു​വി​ളി​യാണ്‌ എന്നത്‌ ഇങ്ങനെ ഉദാഹ​രി​ക്കാം. നിങ്ങൾ ഒരു മരുന്ന്‌ ആദ്യമാ​യി ഉപയോ​ഗി​ച്ചപ്പോൾ മണിക്കൂ​റു​കൾക്കകം ശരീരം മുഴു​വ​നും ചൊറി​ഞ്ഞു​ത​ടി​ക്കാൻ തുടങ്ങി എന്നു കരുതുക. ഈ സാഹച​ര്യ​ത്തിൽ അലർജി​യു​ടെ കാരണം ആ മരുന്നാണെന്ന്‌ അനുമാ​നി​ക്കുക എളുപ്പ​മാണ്‌. എന്നാൽ ചില​പ്പോൾ ഒരു അലർജി ക്രമേണ ആയിരി​ക്കും ഉണ്ടാകുക. ഇങ്ങനെ വരു​മ്പോൾ ഒരു പ്രത്യേക മരുന്നി​നെ അലർജിക്ക്‌ ഹേതു​വാ​യി എടുത്തു കാണി​ക്കു​ന്നത്‌ വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. എന്തു​കൊണ്ടെ​ന്നാൽ അലർജിക്ക്‌ പല കാരണ​ങ്ങ​ളുണ്ട്‌.

അതു​പോ​ലെ, കുറ്റകൃ​ത്യ​ങ്ങൾക്കും സാമൂ​ഹ്യ​വി​രുദ്ധ പ്രവർത്ത​ന​ങ്ങൾക്കും ടിവി-യിലൂടെ കാണി​ക്കുന്ന അക്രമങ്ങൾ കാരണ​മാ​കുമെന്ന്‌ തെളി​യി​ക്കുക പ്രയാ​സ​മാണ്‌. എന്നാൽ ഇവ തമ്മിൽ ബന്ധമുണ്ടെ​ന്നാണ്‌ പല പഠനങ്ങ​ളും സൂചി​പ്പി​ക്കു​ന്നത്‌. ടിവി-യിൽ കണ്ട കാര്യ​ങ്ങ​ളാണ്‌ അവരുടെ മനോ​ഭാ​വ​ത്തി​നും അക്രമ​സ്വ​ഭാ​വ​ത്തി​നും വഴി​വെ​ച്ചതെന്നു ചില കുറ്റവാ​ളി​കൾ പറഞ്ഞി​ട്ടു​മുണ്ട്‌. ഇനി ഇതിന്റെ മറുവശം ചിന്തി​ക്കാം, ജനങ്ങൾ ജീവി​ത​ത്തിൽ പലതരം സ്വാധീ​ന​ങ്ങൾക്കു വിധേ​യ​രാണ്‌. അക്രമാ​സ​ക്ത​മായ വീഡി​യോ ഗെയി​മു​കൾ, ബന്ധുമിത്രാ​ദി​ക​ളു​ടെ ചിന്താ​ഗ​തി​യും മൂല്യ​ങ്ങ​ളും, ജീവിത സാഹച​ര്യ​ങ്ങൾ എന്നിവ​യും ആളുക​ളു​ടെ അക്രമാ​സക്ത പെരു​മാ​റ്റ​ത്തി​നു കാരണ​മായേ​ക്കാം.

അതു​കൊണ്ട്‌ പരസ്‌പ​ര​വി​രു​ദ്ധ​മായ വീക്ഷണങ്ങൾ നിലനിൽക്കു​ന്ന​തിൽ അത്ഭുതപ്പെ​ടാ​നില്ല. കാനഡ​ക്കാ​ര​നായ ഒരു മനശ്ശാ​സ്‌ത്രജ്ഞൻ എഴുതി: “അക്രമം വീക്ഷി​ക്കു​ന്നത്‌ ആളുക​ളിൽ അക്രമ വാസന ഉണ്ടാക്കുമെ​ന്നോ അല്ലെങ്കിൽ അവരുടെ മനസ്സു തഴമ്പി​ച്ചുപോ​കാൻ ഇടയാ​ക്കുമെ​ന്നോ കാണി​ക്കുന്ന ശാസ്‌ത്രീയ തെളി​വു​കൾ ഒന്നുമില്ല.” എന്നാൽ ‘അമേരി​ക്കൻ സൈക്കളോ​ജി​ക്കൽ അസ്സോ​സിയേഷൻ കമ്മിറ്റി ഓൺ മീഡിയ ആൻഡ്‌ സൊസൈറ്റി’ ഇപ്രകാ​രം പറഞ്ഞു: “ടിവി-യിൽ അക്രമ രംഗങ്ങൾ വളരെ​ക്കൂ​ടു​തൽ വീക്ഷി​ക്കു​ന്നത്‌ ഒരിക്കൽ അംഗീ​ക​രി​ക്കാ​തി​രുന്ന അക്രമ മനോ​ഭാ​വങ്ങൾ ശരി​വെ​ക്കു​ന്ന​തിലേ​ക്കും വർധിച്ച അക്രമ വാസന​യിലേ​ക്കും ആളുകളെ നയിക്കു​ന്നുവെ​ന്ന​തിന്‌ യാതൊ​രു സംശയ​വു​മില്ല.”

ടിവി-യും നമ്മുടെ ചിന്താ​ഗ​തി​യും

ഓർമി​ക്കുക, തെളി​വിനെ​ക്കു​റി​ച്ചുള്ള വാദ​പ്ര​തി​വാ​ദ​ത്തി​ലാണ്‌ വിദഗ്‌ധർ ഏർപ്പെ​ട്ടി​രി​ക്കു​ന്നത്‌, അക്രമം വീക്ഷി​ക്കു​ന്നത്‌ അക്രമ​ത്തി​നു കാരണ​മാ​യി​ത്തീ​രുമെന്നു തെളി​യി​ക്കാൻ പറ്റുമോ ഇല്ലയോ എന്ന വിവാ​ദ​ത്തിൽ. എങ്കിലും ടെലി​വി​ഷനു നമ്മുടെ ചിന്തക​ളുടെ​യും പ്രവൃ​ത്തി​ക​ളുടെ​യും മേൽ യാതൊ​രു സ്വാധീ​ന​വു​മില്ലെന്നു പറയു​ന്നവർ ചുരു​ക്ക​മാ​യി​രി​ക്കും. ഇതൊന്നു ചിന്തിക്കൂ. ഒരൊറ്റ ഫോ​ട്ടോഗ്രാ​ഫിന്‌ നമ്മെ കരയി​ക്കാ​നോ സന്തോ​ഷി​പ്പി​ക്കാ​നോ ദേഷ്യപ്പെ​ടു​ത്താ​നോ സാധിച്ചേ​ക്കും. സംഗീ​ത​ത്തി​നും നമ്മുടെ വികാ​ര​ങ്ങളെ ശക്തമായി ഉണർത്താൻ കഴിയും. വാക്കു​കൾക്ക്‌, എന്തിന്‌ അച്ചടിച്ച വാക്കു​കൾക്കുപോ​ലും നമ്മെ ചിന്തി​പ്പി​ക്കാ​നും നമ്മുടെ വികാ​ര​ങ്ങളെ തൊട്ടു​ണർത്താ​നും പ്രവർത്ത​ന​ത്തി​നു പ്രചോ​ദി​പ്പി​ക്കാ​നും കഴിയും. അപ്പോൾ ചലച്ചിത്ര​ങ്ങ​ളും സംഗീ​ത​വും സംഭാ​ഷ​ണ​ങ്ങ​ളും വിദഗ്‌ധ​മാ​യി കോർത്തി​ണ​ക്കി​യാൽ ഉണ്ടാകുന്ന സ്വാധീ​ന​ശക്തി എത്ര വലുതാ​യി​രി​ക്കും! ടെലി​വി​ഷൻ ഇത്ര ആകർഷ​ക​മാ​യ​തിൽ അത്ഭുതപ്പെ​ടാ​നില്ല! അത്‌ സുലഭ​വു​മാണ്‌. “മനുഷ്യൻ എഴുത്തു വശമാ​ക്കി​യ​തി​നുശേഷം, ആശയ കൈമാ​റ്റ​ത്തിന്‌ അവൻ ആവിഷ്‌ക​രിച്ച പുതിയ സങ്കേത​ങ്ങ​ളിൽ മനുഷ്യ സംസ്‌കാ​രത്തെ ഇത്രയ​ധി​കം സ്വാധീ​നിച്ച മറ്റൊ​ന്നു​മില്ല” എന്നാണ്‌ ഒരു എഴുത്തു​കാ​രൻ പറയു​ന്നത്‌.

വാണിജ്യ-വ്യവസായ രംഗം കോടി​ക്ക​ണ​ക്കി​നു ഡോള​റാണ്‌ ഓരോ വർഷവും പരസ്യ​ത്തി​നു വേണ്ടി ചെലവ​ഴി​ക്കു​ന്നത്‌. കാരണം, കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന സംഗതി​കൾ പ്രേക്ഷ​കരെ സ്വാധീ​നി​ക്കുമെന്ന്‌ അവർക്ക​റി​യാം. പരസ്യംകൊണ്ട്‌ ഗുണം ഉണ്ടാ​യേ​ക്കും എന്നു കരുതി​യല്ല അവർ പണം മുടക്കു​ന്നത്‌. അത്‌ ഗുണം ചെയ്യുമെന്ന്‌ അവർക്ക്‌ ഉറപ്പാണ്‌. അത്‌ അവരുടെ ഉത്‌പ​ന്നങ്ങൾ വിറ്റഴി​ക്കു​ന്നു. 2004-ൽ, കൊക്ക-കോള കമ്പനി പത്രമാ​സി​കകൾ, റേഡി​യോ, ടെലി​വി​ഷൻ എന്നിവ​യി​ലൂ​ടെ ആഗോള വ്യാപ​ക​മാ​യി പരസ്യ​ത്തി​നു വേണ്ടി 220 കോടി ഡോള​റാ​ണു ചെലവ​ഴി​ച്ചത്‌. ഈ മുതൽമു​ട​ക്കുകൊണ്ട്‌ ഫലമു​ണ്ടാ​യോ? കമ്പനി​യു​ടെ ആ വർഷത്തെ ആദായം ഏതാണ്ട്‌ 2,200 കോടി ഡോളർ ആയിരു​ന്നു. കേവലം ഒരു പരസ്യംകൊണ്ട്‌ ജനങ്ങളെ സ്വാധീ​നി​ക്കാ​നാ​വി​ല്ലെന്ന കാര്യം പരസ്യ​ക്കാർക്ക്‌ നന്നായ​റി​യാം. അതു​കൊണ്ട്‌ വർഷങ്ങ​ളി​ലൂടെ​യുള്ള തുടർച്ച​യായ പരസ്യ​ങ്ങൾകൊണ്ട്‌ അവർ ആളുക​ളു​ടെ മനസ്സു മാറ്റിയെ​ടു​ക്കു​ന്നു.

വെറും 30 സെക്കൻഡു ദൈർഘ്യ​മുള്ള പരസ്യ​ങ്ങൾക്ക്‌ നമ്മുടെ മനോ​ഭാ​വത്തെ​യും പ്രവൃ​ത്തിയെ​യും സ്വാധീ​നി​ക്കാ​നാ​കുമെ​ങ്കിൽ മണിക്കൂ​റു​കളോ​ളം ടിവി കാണു​ന്നത്‌ നമ്മെ തീർച്ച​യാ​യും സ്വാധീ​നി​ക്കി​ല്ലേ? ടെലി​വി​ഷൻ​—⁠ഒരു അന്തർദേ​ശീയ ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രൻ പറയുന്നു: “ദിനം തോറു​മുള്ള വളരെ സാധാ​ര​ണ​മായ വിനോദ പരിപാ​ടി​കൾക്കു പിന്നി​ലും [ടെലി​വി​ഷൻ] കൗശല​ക്കാ​ര​നായ ഒരധ്യാ​പ​ക​നാ​യി പ്രവർത്തി​ക്കു​ന്നു.” എ പിക്‌റ്റോ​റി​യൽ ഹിസ്റ്ററി ഒഫ്‌ ടെലി​വി​ഷൻ എന്ന പുസ്‌തകം പറയു​ന്നത്‌ “നമ്മുടെ ചിന്താ​ഗ​തി​തന്നെ ടെലി​വി​ഷൻ മാറ്റിയെ​ടു​ക്കു​ന്നു” എന്നാണ്‌. നാം നമ്മോ​ടു​തന്നെ ചോദി​ക്കേണ്ട ചോദ്യ​മി​താണ്‌, ‘ഞാൻ കാണുന്ന പരിപാ​ടി​കൾ ഞാൻ ആഗ്രഹി​ക്കുന്ന രീതി​യി​ലാ​ണോ എന്റെ ചിന്തകളെ സ്വാധീ​നി​ക്കു​ന്നത്‌?’

ദൈവത്തെ സേവി​ക്കു​ന്ന​വരെ സംബന്ധി​ച്ചി​ടത്തോ​ളം, ആ ചോദ്യ​ത്തിന്‌ ഒരു പ്രത്യേക പ്രസക്തി​യുണ്ട്‌. ടിവി-യിൽ കാണി​ക്കുന്ന പരിപാ​ടി​ക​ളു​ടെ നല്ലൊ​രു​ഭാ​ഗ​വും ബൈബിൾ പഠിപ്പി​ക്കുന്ന ശ്രേഷ്‌ഠ​മായ തത്ത്വങ്ങൾക്കും ധാർമിക നിലവാ​ര​ങ്ങൾക്കും നിരക്കാ​ത്ത​താണ്‌. തിരുവെ​ഴു​ത്തു​കൾ കുറ്റം​വി​ധി​ക്കുന്ന ജീവി​ത​രീ​തി​ക​ളും നടപടി​ക​ളും സ്വീകാ​ര്യ​വും സാധാ​ര​ണ​വും എന്തിന്‌ പുതിയ സ്റ്റൈലാ​ണ​ന്നും ഒക്കെ ഉള്ള രീതി​യി​ലാണ്‌ അതിൽ അവതരി​പ്പി​ക്കു​ന്നത്‌. അതേസ​മയം ക്രിസ്‌തീയ മൂല്യ​ങ്ങളെ​യും അത്‌ പിൻപ​റ്റു​ന്ന​താ​യി കാണു​ന്ന​വരെ​യും ടെലി​വി​ഷൻ പരിപാ​ടി​കൾ പലപ്പോ​ഴും അവഗണി​ക്കു​ക​യും പരിഹ​സി​ക്കു​ക​യും അവഹേ​ളി​ക്കു​ക​യും ചെയ്യുന്നു. ഒരു ഗ്രന്ഥകർത്താവ്‌ ഇങ്ങനെ വിലപി​ച്ചു: “അസാന്മാർഗി​ക​തയെ തികച്ചും സ്വാഭാ​വി​ക​മായ ഒരു സംഗതി​യാ​യി അവതരി​പ്പി​ക്കു​ന്നതു പോരാ​ഞ്ഞിട്ട്‌ സ്വാഭാ​വി​ക​മാ​യ​തി​നെ അസാന്മാർഗി​കമെന്നു മുദ്ര​കു​ത്തു​ക​യും ചെയ്യുന്നു.” ഈ “കൗശല​ക്കാ​ര​നായ അധ്യാ​പകൻ” “നന്മക​ളൊ​ക്കെ തിന്മക​ളാണെ​ന്നും തിന്മകളൊ​ക്കെ നന്മകളാണെ​ന്നും” അടിക്കടി ചെവി​യിൽ മന്ത്രി​ക്കു​ന്നു.​—⁠യെശയ്യാ​വു 5:​20, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ.

കാണുന്ന കാര്യങ്ങൾ നമ്മുടെ ചിന്തകളെ സ്വാധീ​നി​ക്കു​ന്ന​തുകൊണ്ട്‌, എന്തു കാണുന്നു എന്നതിനെ കുറിച്ച്‌ നാം ശ്രദ്ധാ​ലു​ക്കൾ ആയിരി​ക്കണം. ബൈബിൾ പറയുന്നു: “ജ്ഞാനി​കളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും; ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനിക്കേ​ണ്ടി​വ​രും.” (സദൃശ​വാ​ക്യ​ങ്ങൾ 13:20) ബൈബിൾ പണ്ഡിത​നായ ആഡം ക്ലാർക്ക്‌ പ്രസ്‌താ​വി​ക്കു​ന്നു: “ഒരു വ്യക്തിയോടൊ​പ്പം നടക്കു​ന്നത്‌ സ്‌നേ​ഹത്തെ​യും അടുപ്പത്തെ​യും ആണു സൂചി​പ്പി​ക്കു​ന്നത്‌; നാം സ്‌നേ​ഹി​ക്കു​ന്ന​വരെ അനുക​രി​ക്കാ​തി​രി​ക്കാൻ നമുക്കാ​വില്ല. അതു​കൊ​ണ്ടാണ്‌ നാം ഇങ്ങനെ പറയു​ന്നത്‌: ‘ഒരുവന്റെ കൂട്ടു​കാ​രെ എനിക്കു കാണിച്ചു തരിക, അവൻ ആരാ​ണെന്നു ഞാൻ പറയാം.’ ഒരാളു​ടെ കൂട്ടു​കാർ ആരാ​ണെന്ന്‌ അറിയേണ്ട താമസം, അവന്റെ ധാർമിക നിലവാ​രം ഞാൻ അളക്കാം.” നാം കണ്ടുക​ഴി​ഞ്ഞ​തുപോ​ലെ മിക്ക ആളുക​ളും ജ്ഞാനി​ക​ള​ല്ലാത്ത ടെലി​വി​ഷൻ കഥാപാത്ര​ങ്ങ​ളു​മാ​യി വളരെ​യ​ധി​കം സമയം ചെലവ​ഴി​ക്കു​ന്നു​—⁠ആത്മാർഥ​ത​യുള്ള ഒരു ക്രിസ്‌ത്യാ​നി തന്റെ വീട്ടിലേക്കു ക്ഷണിക്കു​ന്ന​തിനെ​ക്കു​റി​ച്ചു ചിന്തി​ക്കു​കപോ​ലും ചെയ്യാ​ത്ത​തരം ആളുക​ളു​മാ​യി.

നിങ്ങളു​ടെ ഡോക്ടർ ശക്തി​യേ​റിയ ഒരു മരുന്നു നിർദേ​ശി​ച്ചാൽ, അതിന്റെ ഗുണങ്ങ​ളും ദോഷ​ങ്ങ​ളും നിങ്ങൾ ശ്രദ്ധാ​പൂർവം വിലയി​രു​ത്തിയേ​ക്കാം. മരുന്നു മാറി​ക്ക​ഴി​ച്ചാൽ അല്ലെങ്കിൽ കഴിക്കേണ്ട മരുന്നു​തന്നെ കൂടുതൽ കഴിച്ചാൽ അത്‌ ആരോ​ഗ്യ​ത്തി​നു ഹാനി​ക​ര​മാണ്‌. ടിവി കാണു​ന്ന​തിനെ​ക്കു​റി​ച്ചും ഇതുതന്നെ പറയാൻ കഴി​ഞ്ഞേ​ക്കും. അതു​കൊണ്ട്‌ നാം കാണുന്ന പരിപാ​ടി​കളെ​ക്കു​റിച്ച്‌ ഗൗരവ​മാ​യി ചിന്തി​ക്കു​ന്നതു ബുദ്ധി​യാണ്‌.

സത്യവും വന്ദ്യവും നീതി​യു​ക്ത​വും പരിശു​ദ്ധ​വും സ്‌നേ​ഹാർഹ​വും സ്‌തു​ത്യർഹ​വും ഉത്തമവും പ്രശം​സായോ​ഗ്യ​വും ആയ കാര്യ​ങ്ങളെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (ഫിലി​പ്പി​യർ 4:6-8, പി.ഒ.സി. ബൈബിൾ) ആ ബുദ്ധി​യു​പദേ​ശ​ത്തി​നു നിങ്ങൾ ചെവികൊ​ടു​ക്കു​മോ? അങ്ങനെ ചെയ്‌താൽ അതു നിങ്ങൾക്കു പ്രയോ​ജനം ചെയ്യും.

[അടിക്കു​റിപ്പ്‌]

a അമേരിക്കൻ ടിവി പ്രോഗ്രാ​മു​ക​ളും സിനി​മ​ക​ളും ലോകമെ​മ്പാ​ടും സം​പ്രേ​ഷണം ചെയ്യു​ന്ന​തുകൊണ്ട്‌ അമേരി​ക്കയെ​ക്കു​റി​ച്ചുള്ള ഈ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ മറ്റു സ്ഥലങ്ങൾക്കും ബാധക​മാണ്‌.

[5-ാം പേജിലെ ആകർഷക വാക്യം]

“വീട്ടിലേക്കു നിങ്ങൾ ക്ഷണിക്കു​ക​യി​ല്ലാത്ത ആളുക​ളു​ടെ ചങ്ങാത്തം സ്വീക​ര​ണ​മു​റി​യി​ലി​രുന്ന്‌ ആസ്വദി​ക്കാൻ അവസരമൊ​രു​ക്കുന്ന ഒരു കണ്ടുപി​ടി​ത്ത​മാണ്‌ ടെലി​വി​ഷൻ.”​—⁠ബ്രിട്ടീ​ഷു​കാ​ര​നായ ടിവി അവതാ​രകൻ ഡേവിഡ്‌ ഫ്രോസ്റ്റ്‌

[5-ാം പേജിലെ ചതുരം]

ബൈബിളിൽ അക്രമ​വും ലൈം​ഗി​ക​ത​യും പ്രതി​പാ​ദി​ക്കു​ന്നി​ല്ലേ?

ടിവി-യിൽ കാണി​ക്കുന്ന അക്രമ​വും ലൈം​ഗി​ക​ത​യും ബൈബി​ളിൽ വിവരി​ച്ചി​രി​ക്കു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? ബൈബി​ളിൽ അക്രമ​വും ലൈം​ഗി​ക​ത​യും പരാമർശി​ച്ചി​രി​ക്കു​ന്നത്‌ ഗുണപാ​ഠ​ങ്ങ​ളാ​യാണ്‌, അല്ലാതെ വിനോ​ദി​പ്പി​ക്കാ​നല്ല. (റോമർ 15:4) ദൈവ​വ​ചനം ചരി​ത്ര​വ​സ്‌തു​ത​ക​ളാണ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അത്‌ കാര്യ​ങ്ങളെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം മനസ്സി​ലാ​ക്കാ​നും മറ്റുള്ള​വ​രു​ടെ തെറ്റിൽനി​ന്നു പാഠം പഠിക്കാ​നും നമ്മെ സഹായി​ക്കു​ന്നു.

ടിവി-യിൽ പരസ്യങ്ങൾ കാണി​ക്കുന്ന മിക്ക രാജ്യ​ങ്ങ​ളി​ലും അക്രമ​വും ലൈം​ഗി​ക​ത​യും അവതരി​പ്പി​ക്കു​ന്നത്‌ പണമു​ണ്ടാ​ക്കാ​നാണ്‌, അല്ലാതെ ഒന്നും പഠിപ്പി​ക്കാ​നല്ല. സാധ്യ​മാ​കു​ന്നത്ര ആളുക​ളു​ടെ ശ്രദ്ധ ആകർഷി​ക്കാ​നാണ്‌ പരസ്യ​ദാ​താ​ക്കൾ ശ്രമി​ക്കു​ന്നത്‌. അക്രമ​വും ലൈം​ഗി​ക​ത​യും ഉപയോ​ഗി​ച്ചുകൊണ്ട്‌ അവർ ആളുകളെ ടിവി-യുടെ മുമ്പിൽ പിടി​ച്ചി​രു​ത്തു​ന്നു. ഫലമോ, ആളുകൾ പരസ്യങ്ങൾ കാണു​ക​യും ഉത്‌പ​ന്നങ്ങൾ വാങ്ങു​ക​യും ചെയ്യുന്നു. വാർത്താപ്രക്ഷേ​പ​ക​രാണെ​ങ്കിൽ, “രക്തം ഒഴുകി​യോ, സംഭവം പ്രധാ​ന​വാർത്ത​യാ​യി” എന്ന തത്ത്വമാ​ണു പിൻപ​റ്റു​ന്നത്‌. ലളിത​മാ​യി പറഞ്ഞാൽ കുറ്റകൃ​ത്യം, യുദ്ധം, വിപത്തു​കൾ തുടങ്ങി ഞെട്ടലു​ള​വാ​ക്കുന്ന വാർത്തകൾ മറ്റുള്ള​വയെ അപേക്ഷി​ച്ചു വാർത്താപ്രാ​ധാ​ന്യം നേടുന്നു.

അക്രമ​ങ്ങളെ​ക്കു​റിച്ച്‌ ബൈബിൾ രേഖ​പ്പെ​ടു​ത്തു​ന്നുണ്ടെ​ങ്കി​ലും സമാധാന ജീവിതം നയിക്കാൻ, അതായത്‌ പ്രതി​കാ​രം ചെയ്യാൻ ശ്രമി​ക്കാ​തെ പ്രശ്‌നങ്ങൾ സമാധാ​ന​പ​ര​മാ​യി തീർക്കാ​നാണ്‌ അത്‌ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. അത്‌ എല്ലായ്‌പോ​ഴും ലൈം​ഗിക ധാർമി​ക​തയെ ഉന്നമി​പ്പി​ക്കു​ന്നു. ടെലി​വി​ഷ​നിൽ അവതരി​പ്പി​ക്കുന്ന മിക്ക പരിപാ​ടി​ക​ളി​ലൂടെ​യും കടന്നു വരുന്ന സന്ദേശം ഇതല്ല.​—⁠യെശയ്യാ​വു 2:2-4; 1 കൊരി​ന്ത്യർ 13:4-8; എഫെസ്യർ 4:⁠32.

[7-ാം പേജിലെ ചതുരം/ചിത്രം]

ടെലിവിഷനും കുട്ടി​ക​ളും

“അക്രമം വീക്ഷി​ക്കു​ന്നത്‌ കുട്ടി​കളെ ദോഷ​ക​ര​മാ​യി ബാധി​ക്കുമെന്ന്‌ പല ദശകങ്ങ​ളി​ലാ​യി നടന്ന പഠനങ്ങ​ളി​ലൂ​ടെ ഉരുത്തി​രിഞ്ഞ തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ശാസ്‌ത്ര​സ​മൂ​ഹ​വും പൊതു​ജ​നാരോ​ഗ്യ സംഘട​ന​ക​ളും ഒരേസ്വ​ര​ത്തിൽ അഭി​പ്രാ​യപ്പെ​ടു​ന്നു.”​—⁠ദ ഹെൻറി ജെ. കൈസർ ഫാമിലി ഫൗണ്ടേഷൻ.

“‘രണ്ടു വയസ്സോ അതിൽ താഴെ​യോ ഉള്ള കുട്ടികൾ [ടെലി​വി​ഷൻ] കാണരുത്‌’ എന്ന അമേരി​ക്കൻ ശിശുരോഗ അക്കാദ​മി​യു​ടെ അഭി​പ്രാ​യത്തോട്‌ [ഞങ്ങൾ യോജി​ക്കു​ന്നു]. ത്വരി​ത​ഗ​തി​യിൽ മസ്‌തി​ഷ്‌കം വളർച്ച പ്രാപി​ച്ചുകൊ​ണ്ടി​രി​ക്കുന്ന ഈ പ്രായ​ത്തിൽ കുട്ടികൾ ഓടി​ക്ക​ളി​ച്ചും ആളുക​ളു​മാ​യി ഇടപഴ​കി​യും വളരണം. അത്‌ വളർച്ചാ​പ​ര​വും ശാരീ​രി​ക​വും സാമൂ​ഹി​ക​വു​മായ പ്രാപ്‌തി​കൾ മെച്ചമാ​യി വികസി​ക്കു​ന്ന​തിന്‌ ഇടയാ​ക്കു​ന്നു.”​—⁠ദ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓൺ മീഡിയ ആൻഡ്‌ ദ ഫാമിലി.

[6, 7 പേജു​ക​ളി​ലെ ചിത്രം]

ഞാൻ കാണുന്ന പരിപാ​ടി​കൾ ഞാൻ ആഗ്രഹി​ക്കുന്ന രീതി​യി​ലാ​ണോ എന്റെ ചിന്തകളെ സ്വാധീ​നി​ക്കു​ന്നത്‌?