നിയന്ത്രണം നിങ്ങളുടെ കൈയിൽ
നിയന്ത്രണം നിങ്ങളുടെ കൈയിൽ
“ഒരിക്കൽ ഓൺ ചെയ്തുകഴിഞ്ഞാൽ പിന്നെ, ഒന്നിനു പിറകെ മറ്റൊന്നായി അതിൽ വരുന്നതെന്തും ഞങ്ങൾ കാണുമായിരുന്നു. ഉറങ്ങാൻ പോകുമ്പോഴേ ഞങ്ങളത് ഓഫ് ചെയ്യുമായിരുന്നുള്ളൂ,” ക്ലോഡിൻ പറഞ്ഞതാണിത്. “എനിക്ക് അതിൽനിന്നു കണ്ണെടുക്കാനേ കഴിയുന്നില്ല” എന്നാണ് മറ്റു ചിലർ പറയുന്നത്. വേറെ ചിലരാകട്ടെ, “ഇപ്പോൾ കാണുന്നത്ര സമയം ടിവി കാണണമെന്ന് എനിക്കില്ല; എന്നാലത് നിയന്ത്രിക്കാൻ എന്നെക്കൊണ്ടാകുന്നില്ല” എന്നു പറയുന്നു. ടെലിവിഷനു മുമ്പിൽ നിങ്ങൾ വളരെയധികം സമയം ചെലവഴിക്കുന്നുണ്ടോ? നിങ്ങളുടെ കുടുംബത്തിൽ ടിവി ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി നിങ്ങൾ ഉത്കണ്ഠാകുലനാണോ? ടിവി കാണൽ നിയന്ത്രിക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില നിർദേശങ്ങളിതാ.
1. എത്രത്തോളം കാണുന്നുണ്ടെന്ന് കണക്കാക്കുക. സദൃശവാക്യങ്ങൾ 14:15 ഇങ്ങനെ പറയുന്നു: “സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്നറിയുന്നതിന് ടിവി കാണുന്ന ശീലത്തെക്കുറിച്ചു വിശകലനം ചെയ്യുന്നതു നന്നായിരിക്കും. നിങ്ങൾ ടിവി കാണാൻ ദിവസേന എത്ര സമയം ചെലവഴിക്കുന്നു എന്ന് ഒരു ഡയറിയിൽ ഒരാഴ്ചയോളം കുറിച്ചിടുക. കൂടാതെ ഏതൊക്കെ പ്രോഗ്രാമുകളാണു കണ്ടത്, അതിൽനിന്ന് എന്തു പഠിച്ചു, അത് എത്രത്തോളം ആസ്വദിച്ചു എന്നുകൂടി എഴുതാൻ കഴിയും. എന്നാൽ മുഖ്യമായ സംഗതി ടിവി കാണാൻ എത്ര സമയം ചെലവഴിക്കുന്നു എന്നറിയുന്നതാണ്. അതൊരുപക്ഷേ നിങ്ങളെ അമ്പരപ്പിച്ചേക്കാം. നിങ്ങളുടെ ജീവിതത്തിന്റെ എത്ര ഭാഗം ടിവി കാണാൻ വേണ്ടി മാറ്റിവെക്കുന്നു എന്നറിയുന്നത് മാറ്റങ്ങൾ വരുത്താൻ നിങ്ങളെ പ്രേരിപ്പിച്ചേക്കും.
2. ടിവി കാണുന്ന സമയം കുറയ്ക്കുക. ആഴ്ചയിൽ ഒരു ദിവസമോ, ഒരാഴ്ചയോ അല്ലെങ്കിൽ ഒരു മാസമോ ടിവി കാണാതിരിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഒരുപക്ഷേ ദിവസവും ടിവി കാണുന്ന സമയം കുറയ്ക്കാൻ സാധിച്ചേക്കും. ദിവസവും അര മണിക്കൂർ അങ്ങനെ ലാഭിക്കുകയാണെങ്കിൽ ഒരു മാസം 15 മണിക്കൂർ നിങ്ങൾക്കു ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന സമയം ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, നല്ല പുസ്തകങ്ങൾ വായിക്കുക, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊന്നിച്ചു സമയം ചെലവഴിക്കുക തുടങ്ങിയ അർഥപൂർണമായ കാര്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. കുറച്ചു സമയം മാത്രം ടിവി വീക്ഷിക്കുന്നവർ കൂടുതൽ സമയം കാണുന്നവരെക്കാൾ അത് ആസ്വദിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു.
ടിവി കാണുന്ന സമയം കുറയ്ക്കാനുള്ള ഒരു വഴി അത് കിടപ്പുമുറിയിൽനിന്നു മാറ്റുകയെന്നതാണ്. സ്വന്തം മുറിയിൽ ടിവി-യുള്ള കുട്ടികൾ അതില്ലാത്ത കുട്ടികളെ അപേക്ഷിച്ച് ദിവസേന ഏതാണ്ട് ഒന്നര മണിക്കൂർ കൂടുതൽ സമയം അതിനുവേണ്ടി ചെലവഴിക്കുന്നുണ്ട്. കൂടാതെ, ഒരു കുട്ടിയുടെ മുറിയിൽ ടിവി ഉണ്ടെങ്കിൽ അവൻ എന്താണു കാണുന്നതെന്ന് മാതാപിതാക്കൾക്ക് അറിയാൻ കഴിയില്ല. കിടപ്പുമുറിയിൽനിന്നു ടിവി മാറ്റുകയാണെങ്കിൽ അന്യോന്യം ചെലവഴിക്കാൻ കൂടുതൽ സമയമുണ്ടെന്ന് മാതാപിതാക്കളും ദമ്പതികളും കണ്ടെത്തും. വീട്ടിൽ ടിവി-യേ വേണ്ടെന്ന് ചിലർ മനസ്സോടെ തീരുമാനിച്ചിരിക്കുന്നു.
3. എന്തു കാണണമെന്നു മുൻകൂട്ടി തീരുമാനിക്കുക. കാണാൻ പറ്റിയ നല്ല പരിപാടികളുണ്ട് എന്നതു ശരിതന്നെ. എന്നാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഏതു പരിപാടിയാണുള്ളത് എന്നറിയാൻ ചാനലുകൾ മാറ്റിക്കൊണ്ടിരിക്കുകയോ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ പരിപാടികളും കാണുകയോ ചെയ്യുന്നതിനു പകരം പരിപാടികളുടെ ലിസ്റ്റു നോക്കി എന്തു കാണണമെന്ന് മുൻകൂട്ടി തീരുമാനിക്കുക. കാണാൻ തീരുമാനിച്ച പരിപാടി തുടങ്ങുമ്പോൾ മാത്രം ടിവി ഓൺ ചെയ്യുക. തീർന്നാലുടൻ അത് ഓഫ് ചെയ്യുകയും വേണം. അല്ലെങ്കിൽ ഒരുപക്ഷേ, പരിപാടി അവതരിപ്പിക്കുന്ന സമയത്ത് അത് കാണാതെ പിന്നീട് കാണാൻ വേണ്ടി റെക്കോർഡ് ചെയ്യാവുന്നതാണ്. കുറെക്കൂടി സൗകര്യപ്രദമായ സമയത്ത് പ്രോഗ്രാം കാണാൻ സാധിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രയോജനം. മാത്രവുമല്ല പരസ്യങ്ങളുടെ സമയത്ത് ടേപ് ഓടിച്ചു വിടാനും സാധിക്കും.
4. തിരഞ്ഞെടുക്കുക. ഇക്കാലത്തെ ആളുകളുടെ സ്വഭാവ വിശേഷത്തെക്കുറിച്ച് ബൈബിൾ പ്രവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ‘മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളും ദൈവപ്രിയമില്ലാത്ത ഭോഗപ്രിയരും ആയിരിക്കും.’ പല ടെലിവിഷൻ കഥാപാത്രങ്ങളും ഇത്തരം സ്വഭാവക്കാരാണെന്ന് നിങ്ങൾ സമ്മതിക്കുമായിരിക്കും. “അങ്ങനെയുള്ളവരെ വിട്ടൊഴി”യാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (2 തിമൊഥെയൊസ് 3:1-5) നമുക്കുള്ള മുന്നറിയിപ്പിതാണ്: “വഴിതെറ്റിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33 NW.
ആത്മനിയന്ത്രണമുണ്ടെങ്കിലേ ശരിയായ തിരഞ്ഞെടുപ്പു നടത്താൻ സാധിക്കൂ. ഒരു സിനിമയുടെ ആദ്യഭാഗങ്ങൾ കണ്ടതിനുശേഷം, അത് സ്വീകാര്യമല്ലെന്നു തിരിച്ചറിഞ്ഞിട്ടുകൂടി, അടുത്തതായി എന്തു സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷ ഒന്നുകൊണ്ടുമാത്രം അതു മുഴുവൻ കണ്ടു തീർത്ത അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? പലർക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നാൽ ടിവി ഓഫ് ചെയ്തിട്ട് മറ്റെന്തെങ്കിലും ചെയ്യാനുള്ള മനക്കരുത്ത് നിങ്ങൾ കാണിക്കുന്നെങ്കിൽ, സിനിമയിൽ തുടർന്ന് എന്തു സംഭവിക്കുന്നു എന്നത് നിങ്ങൾക്കൊരു വിഷയമേ അല്ലെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.
ടെലിവിഷൻ കണ്ടുപിടിക്കുന്നതിനു വളരെ നാളുകൾക്കു മുമ്പ് സങ്കീർത്തനക്കാരൻ എഴുതി: “ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല.” (സങ്കീർത്തനം 101:3) എന്തു കാണണമെന്നു തീരുമാനിക്കുമ്പോൾ മനസ്സിൽ പിടിക്കാൻ പറ്റിയ നല്ലൊരു ലക്ഷ്യമാണത്. ക്ലോഡിനെപ്പോലെ ചിലർ ടിവി-തന്നെ വേണ്ടെന്നുവെച്ചിരിക്കുന്നു. അവൾ പറഞ്ഞു: “ടിവി കണ്ട് എന്റെ മനം എത്ര തഴമ്പിച്ചുപോയെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഇപ്പോൾ ചില സന്ദർഭങ്ങളിൽ ടിവി കാണുമ്പോൾ മുമ്പ് എന്നെ അലോസരപ്പെടുത്താതിരുന്ന പലതും എന്നെ ഞെട്ടിക്കുന്നു. കാണുന്ന കാര്യങ്ങളെക്കുറിച്ച് നല്ല വിവേചന പുലർത്തിയിരുന്നു എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്, എന്നാലത് അങ്ങനെ അല്ലായിരുന്നുവെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. നല്ല പരിപാടികൾ വീക്ഷിക്കുമ്പോൾ മുമ്പത്തെക്കാളധികം ഞാനത് ആസ്വദിക്കുന്നു.”
[8-ാം പേജിലെ ചിത്രം]
ടിവി കാണാൻ എത്ര സമയം ചെലവഴിക്കുന്നു എന്നു കുറിച്ചിടുക
[8-ാം പേജിലെ ചിത്രം]
ടിവി കാണുന്ന സമയം, കൂടുതൽ അർഥവത്തായ കാര്യങ്ങൾക്കു വേണ്ടി വിനിയോഗിക്കുക
[9-ാം പേജിലെ ചിത്രം]
ടിവി ഓഫ് ചെയ്യാൻ മടി കാണിക്കരുത്!