വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റോമാകൾ സന്തോഷസന്താപങ്ങളുടെ ഒരു സഹസ്രാബ്ദം

റോമാകൾ സന്തോഷസന്താപങ്ങളുടെ ഒരു സഹസ്രാബ്ദം

റോമാ​കൾ സന്തോ​ഷ​സ​ന്താ​പ​ങ്ങ​ളു​ടെ ഒരു സഹസ്രാ​ബ്ദം

ആർഭാ​ട​മായ ഒരു പരമ്പരാ​ഗത വിവാ​ഹ​ത്തി​ന്റെ പ്രതീ​തി​യാണ്‌ എങ്ങും. ഭക്ഷണപാ​നീ​യ​ങ്ങൾക്ക്‌ യാതൊ​രു കുറവു​മില്ല. വീടാ​കട്ടെ സംഗീത ലഹരി​യി​ലാ​ണ്ടി​രി​ക്കു​ന്നു. സുസ്‌മേ​ര​വ​ദ​ന​യായ വധുവി​നും ലജ്ജാമു​ഖ​നായ വരനും ആശംസ​നേ​രു​ന്ന​തി​നു തിരക്കു​കൂ​ട്ടുന്ന ബന്ധുമി​ത്രാ​ദി​കൾ. എന്നാൽ ഇതൊരു വിവാ​ഹ​വേ​ദി​യല്ല—വിവാ​ഹ​ത്തി​ന്റെ തലേരാ​ത്രി​യി​ലെ ഒരു വിവാ​ഹ​നി​ശ്ച​യ​ച്ച​ടങ്ങു മാത്ര​മാണ്‌. 600-ലധികം ആളുക​ളാണ്‌ ഇതിനാ​യി കൂടി​വ​ന്നി​ട്ടു​ള്ളത്‌. പ്രസ്‌തുത വേളയിൽ വരന്റെ കുടും​ബാം​ഗങ്ങൾ വധുവി​ന്റെ മാതാ​പി​താ​ക്കൾക്കു വധുവില സമ്മാനി​ക്കു​ന്നു. പിറ്റേന്ന്‌ വരനും കൂട്ടരും നവവധു​വി​നെ വരന്റെ വീട്ടി​ലേക്ക്‌ ആനയി​ക്കു​ന്നു. അവിടെ ശരിക്കുള്ള വിവാ​ഹ​ച്ച​ട​ങ്ങും മറ്റ്‌ ആഘോ​ഷ​ങ്ങ​ളും പൊടി​പൊ​ടി​ക്കു​ന്നു.

ആ നവദമ്പ​തി​ക​ളു​ടെ എല്ലാ ബന്ധുക്ക​ളും റോമ​നി​യാ​ണു സംസാ​രി​ക്കു​ന്നത്‌, ലോക​ത്തിൽ എവി​ടെ​യാ​യി​രു​ന്നാ​ലും അതൊരു വിദേ​ശ​ഭാ​ഷ​യാ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. വ്യത്യ​സ്‌ത​ഭാ​ഷാ​ഭേ​ദ​ങ്ങ​ളോ​ടു കൂടിയ ഈ ഭാഷയും വ്യത്യ​സ്‌ത​ങ്ങ​ളായ പ്രാചീന പാരമ്പ​ര്യ​ങ്ങ​ളും വിവാ​ഹ​ച​ട​ങ്ങു​ക​ളും അവർക്കു പൈതൃ​ക​മാ​യി കിട്ടി​യി​ട്ടു​ള്ള​താണ്‌. ലോക​മെ​മ്പാ​ടും അവരെ കാണാം, എന്നാൽ സ്വന്തം എന്നു പറയാൻ അവർക്ക്‌ ഒരു ദേശമോ ഒരു ഗവൺമെ​ന്റോ ഇല്ല. അവരാണ്‌ റോമാ​കൾ അഥവാ നാടോ​ടി​കൾ. a

ആരാണ്‌ റോമാ​കൾ?

റോമാ​ക​ളു​ടെ ഭാഷാ​പ​ര​വും സാംസ്‌കാ​രി​ക​വും വംശീ​യ​വു​മായ വേരുകൾ തേടി​പ്പോ​യാൽ അവ നമ്മെ ഏകദേശം 1,000 വർഷം മുമ്പുള്ള ഉത്തരേ​ന്ത്യ​യിൽ കൊ​ണ്ടെ​ത്തി​ക്കു​ന്നു. അവരുടെ ഭാഷ ഇന്ത്യയിൽ ഉത്ഭവി​ച്ച​താണ്‌, സമീപ​കാ​ലത്ത്‌ കൂട്ടി​ച്ചേർക്ക​പ്പെ​ട്ടി​ട്ടുള്ള ചില പദങ്ങ​ളൊ​ഴി​കെ. അവർ ഇന്ത്യ വിടാ​നുള്ള കാരണം അത്ര വ്യക്തമല്ല. ചില പണ്ഡിത​ന്മാർ നിഗമനം ചെയ്യു​ന്ന​ത​നു​സ​രിച്ച്‌, സൈനിക പോരാ​ട്ട​ങ്ങ​ളു​ടെ ഫലമായി സ്വന്തം നാടും​വീ​ടും ഉപേക്ഷി​ച്ചു പോ​കേ​ണ്ടി​വന്ന സൈനി​ക​രോ​ടു ചേർന്ന്‌ ശിൽപ്പി​ക​ളാ​യും മറ്റുള്ള​വരെ വിനോ​ദി​പ്പി​ക്കു​ന്ന​വ​രാ​യും പ്രവർത്തി​ച്ചി​രു​ന്ന​വ​രാ​യി​രി​ക്കാം അവരുടെ പൂർവി​കർ. അതെന്തു​ത​ന്നെ​യാ​യി​രു​ന്നാ​ലും പൊ.യു. (പൊതു​യു​ഗം) 1300-നു മുമ്പ്‌ പേർഷ്യ, ടർക്കി എന്നീ രാജ്യങ്ങൾ കടന്ന്‌ അവർ യൂറോ​പ്പിൽ എത്തി​ച്ചേർന്നു.

യൂറോ​പ്പിൽ റോമാ​കളെ സംബന്ധിച്ച്‌ വളരെ​ക്കാ​ല​മാ​യി തികച്ചും വ്യത്യ​സ്‌ത​ങ്ങ​ളായ രണ്ട്‌ അഭി​പ്രാ​യങ്ങൾ പ്രചാ​ര​ത്തി​ലുണ്ട്‌. ഒരു വശത്ത്‌, ചില നോവ​ലു​ക​ളും സിനി​മ​ക​ളും അവരെ, സംഗീ​ത​ത്തി​ലൂ​ടെ​യും നൃത്തത്തി​ലൂ​ടെ​യും ജീവി​ത​ത്തി​ലെ സന്തോ​ഷ​സ​ന്താ​പങ്ങൾ തുറന്നു പ്രകടി​പ്പി​ക്കുന്ന, അതിഥി​പ്രി​യ​രായ, ആകുല​ത​ക​ളൊ​ന്നു​മി​ല്ലാത്ത, സഞ്ചാരി​ക​ളായ ആളുക​ളാ​യി ചിത്രീ​ക​രി​ക്കു​ന്നു. മറുവ​ശത്ത്‌, വിശ്വ​സി​ക്കാൻ കൊള്ളാത്ത, കുഴപ്പ​ക്കാ​രായ, സംശയ ദൃഷ്ടി​യോ​ടെ കാണേണ്ട ആളുക​ളാ​യി അവരെ കരി​തേ​ച്ചു​കാ​ണി​ക്കു​ന്നു—സ്ഥിരമാ​യി സമൂഹ​ത്തിൽനി​ന്നു വേർപെട്ട്‌ ഒറ്റപ്പെട്ടു കഴിയാൻ നിർബ​ന്ധി​ത​രായ പരദേ​ശി​കൾ. അത്തരം വിഭി​ന്നാ​ഭി​പ്രാ​യങ്ങൾ വികാസം പ്രാപി​ച്ചത്‌ എങ്ങനെ​യെ​ന്ന​റി​യാൻ നമുക്ക്‌ റോമാ​ക​ളു​ടെ ഉദ്വേ​ഗ​ജ​ന​ക​മായ പഴയകാ​ല​ത്തേക്ക്‌ ഒന്നു മടങ്ങി​പ്പോ​യാ​ലോ?

വിവേ​ച​ന​ത്തി​ന്റെ ഒരു കാലം

മധ്യയു​ഗ​ത്തിൽ യൂറോ​പ്യ​ന്മാ​രു​ടെ ലോകം എന്നത്‌ സ്വന്തം ഗ്രാമ​വും പട്ടണവും മാത്ര​മാ​യി​രു​ന്നു. റോമാ​കൾ കുടും​ബം​കു​ടും​ബ​മാ​യി വന്നു ചേരുന്ന രംഗം ആദ്യമാ​യി നിരീ​ക്ഷി​ച്ച​പ്പോൾ അവരുടെ മനസ്സി​ലൂ​ടെ എന്തായി​രി​ക്കാം കടന്നു​പോ​യത്‌ എന്നതി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തിച്ചു നോക്കൂ. അവരെ ചുറ്റി​പ്പ​റ്റി​യുള്ള പലതും തീർച്ച​യാ​യും കൗതു​ക​മു​ണർത്തു​ന്ന​താ​യി​രു​ന്നിരി​ക്കണം. അവരുടെ കറുത്ത നിറം, കറുത്തി​രുണ്ട കണ്ണുകൾ, കറുത്ത മുടി എന്നിവ​യ്‌ക്കു പുറമേ അവരുടെ വേഷഭൂ​ഷാ​ദി​കൾ, ആചാര​രീ​തി​കൾ, സംസാ​ര​ഭാഷ എന്നിവ​യും പാടേ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. കൂടാതെ, റോമാ​കൾ മിക്ക​പ്പോ​ഴും മറ്റുള്ള​വ​രിൽനിന്ന്‌ അകന്നു​മാ​റി സ്വന്തം ലോക​ത്തിൽ ഒതുങ്ങി​ക്കൂ​ടാ​നുള്ള പ്രവണ​ത​യും കാണി​ച്ചി​രു​ന്നു. ഒരുപക്ഷേ അത്‌ ഇന്ത്യയിൽ നിലനി​ന്നി​രുന്ന വർഗ-വർണ വ്യത്യാ​സ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള വേർതി​രി​വു​ക​ളു​ടെ ഫലമായി ഉരുത്തി​രിഞ്ഞ ഒരു സ്വഭാ​വ​വി​ശേ​ഷ​മാ​യി​രി​ക്കാം. പതിറ്റാ​ണ്ടു​കൾക്കു​ള്ളിൽ, യൂറോ​പ്യ​ന്മാ​രു​ടെ ആദ്യത്തെ ആ കൗതു​ക​വും ആകാം​ക്ഷ​യു​മെ​ല്ലാം സംശയ​ദൃ​ഷ്ടി​ക്കു വഴിമാ​റി.

റോമാ​ക​ളെ സമൂഹം അക്ഷരാർഥ​ത്തിൽത്തന്നെ അകറ്റി​നി​റു​ത്തി​യി​രു​ന്നു. ഗ്രാമ​ങ്ങ​ളു​ടെ പ്രാന്ത​പ്ര​ദേ​ശ​ങ്ങ​ളിൽ മാത്രമേ അവർക്കു കൂടാ​ര​മ​ടി​ക്കാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. സാധനങ്ങൾ വാങ്ങാ​നോ വെള്ളം കോരാ​നോ​പോ​ലും അവർക്കു ഗ്രാമ​ങ്ങ​ളിൽ പ്രവേ​ശനം ഉണ്ടായി​രു​ന്നില്ല. “അവർ കുട്ടി​കളെ തട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നും തിന്നു​ക​പോ​ലും ചെയ്യു​ന്നു​വെ​ന്നും” ആളുകൾ പറഞ്ഞു​പ​രത്തി. ചിലയി​ട​ങ്ങ​ളിൽ, റോമാ​കൾ തുറസ്സാ​യ​സ്ഥ​ല​ത്തു​വെച്ചു മാത്രമേ ഭക്ഷണം പാകം ചെയ്യാവൂ എന്ന്‌ നിയമം അനുശാ​സി​ച്ചു. ആഗ്രഹി​ക്കു​ന്ന​പക്ഷം ആർക്കു​വേ​ണ​മെ​ങ്കി​ലും അവർ പാചകം​ചെ​യ്യു​ന്ന​തെ​ന്താ​ണെന്നു പരി​ശോ​ധി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു അത്‌. മിക്ക​പ്പോ​ഴും അത്തരം പരി​ശോ​ധ​നകൾ നടത്തി​യി​രു​ന്നത്‌ അന്നത്തെ ഭക്ഷണം നിലത്തു മറിച്ചു​ക​ള​ഞ്ഞു​കൊ​ണ്ടാണ്‌. അപ്പോൾപ്പി​ന്നെ വിശപ്പ​ട​ക്കാ​നാ​യി ചില റോമാ​കൾ ഭക്ഷണം മോഷ്ടി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല.

റോമാ​കൾ ഒറ്റക്കെ​ട്ടാ​യി​നിന്ന്‌ ഇത്തരം വിവേ​ച​നത്തെ നേരിട്ടു. നൂറ്റാ​ണ്ടു​ക​ളോ​ളം അവർ തങ്ങളുടെ കുടും​ബ​ജീ​വി​ത​ത്തി​ലൂ​ടെ ആവശ്യ​മായ പിന്തു​ണ​യും സന്തോ​ഷ​വും കണ്ടെത്തി. പരമ്പരാ​ഗ​ത​മാ​യി​ത്തന്നെ അവർക്കി​ട​യിൽ മാതാ​പി​താ​ക്കൾ മക്കളെ നന്നായി പരിപാ​ലി​ക്കു​ക​യും അവർ തിരിച്ച്‌ മാതാ​പി​താ​ക്ക​ളു​ടെ കാര്യ​ങ്ങൾക്ക്‌ അതീവ ശ്രദ്ധ നൽകു​ക​യും വാർധ​ക്യ​കാ​ലത്ത്‌ അവരെ സംരക്ഷി​ക്കു​ക​യും ചെയ്യുന്ന രീതി നിലനി​ന്നി​രു​ന്നു. അനേകം റോമാ​ക​ളും പൂർവി​ക​രിൽനി​ന്നു തങ്ങൾക്കു കൈമാ​റി​ക്കി​ട്ടിയ പെരു​മാ​റ്റ​മ​ര്യാ​ദകൾ അടുത്തു പിൻപ​റ്റി​യി​രു​ന്നു.

നാടോ​ടി ജീവിതം

ആളുക​ളു​ടെ അംഗീ​കാ​രം തീരെ ഇല്ലാതി​രു​ന്ന​തി​നാൽ റോമാ​കൾ തുടർച്ച​യായ യാത്ര​യി​ലാ​യി​രു​ന്നു. അത്തരം നാടോ​ടി ജീവിതം ലോഹ​പ്പണി, കച്ചവടം, വിനോ​ദി​പ്പി​ക്കൽ എന്നിങ്ങ​നെ​യുള്ള വ്യത്യസ്‌ത മേഖല​ക​ളിൽ പ്രാവീ​ണ്യം നേടാൻ അവർക്ക്‌ അവസര​മേകി. ഇത്തരം അവശ്യ തൊഴിൽമേ​ഖ​ല​ക​ളിൽ പണി​യെ​ടു​ത്തു​കൊണ്ട്‌ കുറഞ്ഞ​പക്ഷം അവർക്ക്‌ തങ്ങളുടെ കുടും​ബം പോറ്റാ​നെ​ങ്കി​ലും കഴിഞ്ഞു. ചില സ്‌ത്രീ​കൾ തങ്ങൾക്ക്‌ പ്രവച​ന​സി​ദ്ധി​യു​ള്ള​താ​യി അവകാ​ശ​പ്പെ​ടു​ക​യും അതൊരു വരുമാ​ന​മാർഗ​മാ​യി ഉപയോ​ഗ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. നാടോ​ടി ജീവിതം ഗഡ്‌ജ​യു​മാ​യുള്ള (റോമാ​ക​ള​ല്ലാ​ത്ത​വരെ കുറി​ക്കാ​നുള്ള റോമനി പദം) സംസർഗ​ത്തി​ലൂ​ടെ അവരുടെ സംസ്‌കാ​ര​വും ധാർമി​ക​ത​യും കളങ്ക​പ്പെ​ടു​ന്ന​തി​നുള്ള സാധ്യത കുറച്ചു. b

അതിനി​ടെ മുൻവി​ധി പീഡന​ത്തി​ലേക്കു നയിച്ചു. യൂറോ​പ്പി​ലെ ചില പ്രദേ​ശ​ങ്ങ​ളിൽനിന്ന്‌ അവർ പുറന്ത​ള്ള​പ്പെട്ടു. മറ്റു പ്രദേ​ശ​ങ്ങ​ളിൽ അവർ നൂറ്റാ​ണ്ടു​ക​ളോ​ളം അടിമ​ത്ത​ത്തിൽ കഴിഞ്ഞു. അത്തരം അടിമത്തം 1860-കളിൽ അവസാ​നി​ച്ചത്‌ റോമാ​കൾ കൂട്ട​ത്തോ​ടെ പശ്ചിമ യൂറോ​പ്പി​ലേ​ക്കും അമേരി​ക്ക​യി​ലേ​ക്കും കുടി​യേ​റു​ന്ന​തിന്‌ ഇടയാക്കി. പോയി​ട​ത്തെ​ല്ലാം അവർ തങ്ങളുടെ ഭാഷ, ആചാരങ്ങൾ, കഴിവു​കൾ എന്നിവ​യും കൊണ്ടു​പോ​യി.

റോമാ​കൾ തങ്ങളുടെ അടിച്ച​മർത്ത​പ്പെട്ട അവസ്ഥക​ളിൽപ്പോ​ലും കലാ​വൈ​ദ​ഗ്‌ധ്യ​ങ്ങ​ളി​ലൂ​ടെ ഒരു പരിധി​വ​രെ​യുള്ള സംതൃ​പ്‌തി കണ്ടെത്തി​യി​രു​ന്നു. സ്‌പെ​യി​നിൽ റോമാ​ക​ളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും സംസ്‌കാ​രങ്ങൾ ഇഴുകി​ച്ചേർന്ന്‌ ഫ്‌ളെ​മ​ങ്കോ സംഗീത-നൃത്ത രൂപങ്ങൾ ഉരുത്തി​രി​ഞ്ഞു, അതേസ​മയം പൂർവ യൂറോ​പ്പി​ലാ​കട്ടെ റോമാ സംഗീ​തജ്ഞർ അവിടത്തെ പരമ്പരാ​ഗത സംഗീ​ത​ത്തോട്‌ തങ്ങളുടെ സ്വതസി​ദ്ധ​മായ ശൈലി​കൾ കൂട്ടി​ച്ചേ​ക്കു​ക​യാ​ണു​ണ്ടാ​യത്‌. റോമാ​ക​ളു​ടെ വികാ​ര​തീ​വ്ര​മായ സംഗീ​ത​ശൈലി ബീഥോ​വൻ, ബ്രാം​മ്‌സ്‌, ഡ്വാരക്‌, ഹെയ്‌ഡൻ, ലിസ്സ്‌റ്റ്‌, മൊസാർട്ട്‌, റാച്ച്‌മ​നി​നോഫ്‌, റാവെൽ, റോസി​നി, സെയിന്റ്‌-സെയിനി, സരാസറ്റെ എന്നിവ​രെ​പ്പോ​ലുള്ള ശ്രേഷ്‌ഠ സംഗീ​ത​ര​ച​യി​താ​ക്ക​ളെ​പ്പോ​ലും സ്വാധീ​നി​ച്ചു.

റോമാ​കൾ നൂതന​യു​ഗ​ത്തിൽ

ഇന്ന്‌ ലോക​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളി​ലാ​യി 20 ലക്ഷംമു​തൽ 50 ലക്ഷംവരെ റോമാ​കളെ കാണാം. അവരുടെ എണ്ണം അതിലും കൂടു​ത​ലാ​ണെ​ന്നും അഭി​പ്രാ​യ​മുണ്ട്‌. അധികം​പേ​രും യൂറോ​പ്പി​ലാ​ണു താമസി​ക്കു​ന്നത്‌. റോമാ​ക​ളിൽ നല്ലൊരു ശതമാനം ഇപ്പോൾ ദേശാ​ടനം ചെയ്യാ​റില്ല. ചിലരാ​കട്ടെ സാമ്പത്തി​ക​മാ​യി നല്ലനി​ല​യി​ലു​മാണ്‌. എന്നാൽ പലയി​ട​ങ്ങ​ളി​ലും സ്ഥിതി തികച്ചും വ്യത്യ​സ്‌ത​മാണ്‌, അവർ പാവങ്ങ​ളും നിരാ​ലം​ബ​രു​മാണ്‌. പലപ്പോ​ഴും താമസി​ക്കു​ന്ന​താ​കട്ടെ തീർത്തും ശോച​നീ​യ​മായ ചുറ്റു​പാ​ടു​ക​ളി​ലും.

പൂർവ യൂറോ​പ്പി​ലെ കമ്മ്യൂ​ണിസ്റ്റ്‌ ഭരണകാ​ലത്ത്‌ എല്ലാ പൗരന്മാ​രും തുല്യ​രാ​യി​രി​ക്കണം എന്ന പ്രത്യ​യ​ശാ​സ്‌ത്ര​പ്ര​കാ​ര​മാ​യി​രു​ന്നു കാര്യങ്ങൾ നീങ്ങി​യി​രു​ന്നത്‌. റോമാ​ക​ളു​ടെ നാടോ​ടി ജീവിതം നിയ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഗവൺമെ​ന്റു​കൾ അവർക്കു തൊഴിൽ നൽകു​ക​യും ഗവൺമെന്റു നിർമിത വീടു​ക​ളിൽ താമസ​സൗ​ക​ര്യ​ങ്ങൾ ഏർപ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തു, ഒരു പരിധി​വരെ അത്‌ വിജയി​ച്ചെന്നു പറയാം. അതു പലപ്പോ​ഴും ആരോ​ഗ്യ​വും ജീവിത നിലവാ​ര​വും കുറെ​യൊ​ക്കെ മെച്ച​പ്പെ​ടു​ന്ന​തിന്‌ ഇടയാക്കി. എന്നാൽ ഇവയൊ​ന്നും നൂറ്റാ​ണ്ടു​ക​ളാ​യി റോമാ​കൾക്കും അല്ലാത്ത​വർക്കും ഇടയിൽ ഉണ്ടായി​രു​ന്നി​ട്ടുള്ള നിഷേ​ധാ​ത്മക ചിന്തയും മനോ​ഭാ​വ​വും ഇല്ലാതാ​ക്കി​യി​ട്ടില്ല.

1990-കളിൽ പൂർവ യൂറോ​പ്പി​ലു​ണ്ടായ രാഷ്‌ട്രീയ പരിവർത്ത​നങ്ങൾ പുത്തൻ പ്രതീ​ക്ഷകൾ നൽകി. എന്നാൽ അതോ​ടൊ​പ്പം ഈ മാറ്റങ്ങൾ ഗതകാ​ലത്തെ കയ്‌പേ​റിയ അനുഭ​വങ്ങൾ അവരുടെ മനസ്സി​ലേക്കു കൊണ്ടു​വ​രി​ക​യും ചെയ്‌തു. കാരണം സാമൂ​ഹിക-സഹായ പരിപാ​ടി​ക​ളിൽ ഉണ്ടായ മാന്ദ്യ​വും വർണവി​വേ​ച​ന​ത്തി​നെ​തി​രെ​യുള്ള നിയമങ്ങൾ നടപ്പി​ലാ​ക്കു​ന്ന​തി​ലെ അമാന്ത​വും പല റോമാ​ക​ളെ​യും സാമൂ​ഹി​ക​വും സാമ്പത്തി​ക​വു​മാ​യി ഏറെ വഷളായ ഒരവസ്ഥ​യിൽ വീണ്ടും കൊ​ണ്ടെ​ത്തി​ച്ചു.

പ്രത്യാ​ശ​യും ഒരു നല്ല ജീവി​ത​വും കണ്ടെത്തൽ

പൂർവ യൂറോ​പ്പിൽ, തിളങ്ങുന്ന കറുത്ത മുടി​യുള്ള ആൻഡ്രിയ സ്‌കൂ​ളിൽ പോയി​ത്തു​ട​ങ്ങി​യ​പ്പോൾ ഉണ്ടായി​രു​ന്നത്‌ അത്തരം സാഹച​ര്യ​ങ്ങ​ളാ​യി​രു​ന്നു. തന്റെ ക്ലാസ്സിലെ ഏക റോമാ വിദ്യാർഥി​നി​യാ​യി​രു​ന്നു അവൾ. നല്ല മനക്കരു​ത്തു​ള്ള​വ​ളാ​ണെ​ങ്കി​ലും താൻ അനുഭ​വിച്ച അധി​ക്ഷേ​പ​വും അവഗണ​ന​യും ഓർക്കു​മ്പോൾ അവൾ വിതു​മ്പി​പ്പോ​കു​ന്നു. ആൻഡ്രിയ ഇപ്രകാ​രം ഓർമി​ക്കു​ന്നു: “മത്സരങ്ങൾക്കാ​യി ടീം തിരി​ക്കു​മ്പോൾ ഞാനാ​യി​രി​ക്കും എന്നും ഏറ്റവും ഒടുവിൽ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടുക. എങ്ങനെ​യെ​ങ്കി​ലും ഇന്ത്യയിൽ ഒന്നെത്തി​യി​രു​ന്നെ​ങ്കിൽ എന്നു ഞാൻ ആശിച്ചു, കാരണം അവി​ടെ​യാ​കു​മ്പോൾ എനിക്ക്‌ എളുപ്പ​ത്തിൽ ഇഴുകി​ച്ചേ​രാ​നാ​കു​മ​ല്ലോ. ഒരിക്കൽ എന്റെ ഒരു സുഹൃ​ത്തി​നോട്‌ ഒരുത്തൻ ‘തിരിച്ച്‌ നിന്റെ ഇന്ത്യയി​ലേക്കു പോ!’ എന്ന്‌ ആക്രോ​ശി​ച്ചു. ‘പണമു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ഞാൻ പോകു​മാ​യി​രു​ന്നു’ എന്ന്‌ അവൻ മറുപടി പറഞ്ഞു. ഒരിട​ത്തും ഞങ്ങൾക്കു സ്ഥാനമി​ല്ലാ​യി​രു​ന്നു. എവി​ടെ​യും അവഗണന മാത്രം.” നൃത്തത്തിൽ മിടു​ക്കി​യാ​യി​രുന്ന ആൻഡ്രിയ പ്രശസ്‌തി​യും അതിലൂ​ടെ​യുള്ള അംഗീ​കാ​ര​വു​മൊ​ക്കെ സ്വപ്‌നം​ക​ണ്ടി​രു​ന്നു. എന്നാൽ തന്റെ കൗമാ​ര​ത്തിൽ അവൾ അതി​നെ​ക്കാ​ളൊ​ക്കെ ശ്രേഷ്‌ഠ​മായ ഒന്നു കണ്ടെത്തി.

അതേക്കു​റിച്ച്‌ ആൻഡ്രിയ ഇപ്രകാ​രം വിവരി​ക്കു​ന്നു: “ഒരു ദിവസം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട പിറോസ്‌ക എന്നൊരു യുവതി ഞങ്ങളുടെ വീട്ടിൽ വന്നു. ദൈവം മനുഷ്യ​വർഗത്തെ മൊത്ത​ത്തിൽ മാത്രമല്ല നമ്മെ ഓരോ​രു​ത്ത​രെ​യും വ്യക്തി​പ​ര​മാ​യും സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ അവർ ബൈബി​ളിൽനി​ന്നു കാണി​ച്ചു​തന്നു. ആഗ്രഹി​ക്കു​ന്ന​പക്ഷം എനിക്ക്‌ ദൈവ​വു​മാ​യി ഒരു നല്ല ബന്ധം സ്ഥാപി​ച്ചെ​ടു​ക്കാൻ കഴിയു​മെ​ന്നും അവർ വിശദീ​ക​രി​ച്ചു. എന്നെ വില​പ്പെ​ട്ട​വ​ളാ​യി കണക്കാ​ക്കുന്ന ആരെങ്കി​ലും ഉണ്ടല്ലോ എന്നു ചിന്തി​ക്കാൻ ഇത്‌ ഇടയാക്കി. ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ എല്ലാവ​രും തുല്യ​രാ​ണെന്ന അറിവ്‌ എനിക്ക്‌ ഏറെ ആത്മവി​ശ്വാ​സം പകർന്നു.

പിറോ​സ്‌ക എന്നെ സാക്ഷി​ക​ളു​ടെ യോഗ​ത്തി​നു കൂട്ടി​ക്കൊ​ണ്ടു​പോ​യി. അവിടെ ഞാൻ റോമാ​ക​ളെ​യും അല്ലാത്ത​വ​രെ​യും കണ്ടുമു​ട്ടി, അവരുടെ ഇടയിലെ ഐക്യം എനിക്കു തിരി​ച്ച​റി​യാ​നാ​യി. ഇരുവി​ഭാ​ഗ​ങ്ങ​ളി​ലും​പെട്ട സാക്ഷി​ക​ളിൽനിന്ന്‌ എനിക്കു നല്ല സുഹൃ​ത്തു​ക്കളെ നേടി​യെ​ടു​ക്കാൻ കഴിഞ്ഞു. പിറോ​സ്‌ക​യു​മാ​യുള്ള ഒന്നര വർഷത്തെ ബൈബിൾ പഠനത്തി​നു​ശേഷം ഞാനും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീർന്നു.” ഇപ്പോൾ ആൻഡ്രി​യ​യും ഭർത്താ​വും മുഴു​സമയ ശുശ്രൂ​ഷ​ക​രാണ്‌. അവർ സകലജ​ന​ത​ക​ളി​ലും പെട്ടവ​രോ​ടുള്ള ദൈവ​ത്തി​ന്റെ ഊഷ്‌മള സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ക്കു​ന്ന​തിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നു.

“തുല്യ പരിഗണന”

റോമാ സമുദാ​യ​ത്തിൽനി​ന്നുള്ള ഹിരോ തന്റെ യൗവന​നാ​ളു​ക​ളെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറയുന്നു: “നിയമ​നി​ഷേ​ധി​ക​ളായ പയ്യന്മാ​രു​മാ​യുള്ള ചീത്ത സഹവാസം നിമിത്തം ഞാൻ സ്ഥിരം പ്രശ്‌ന​ങ്ങ​ളിൽ ചെന്നു ചാടി​യി​രു​ന്നു. അത്തരം പയ്യന്മാ​രു​ടെ കൂട്ടു​കെ​ട്ടി​ലാ​യി​രു​ന്ന​പ്പോൾ ഒരിക്കൽ ഞാൻ മോഷ​ണ​ക്കു​റ്റ​ത്തി​ന്റെ പേരിൽ പോലീ​സി​ന്റെ പിടി​യി​ലാ​യി. പോലീസ്‌ എന്നെ വീട്ടി​ലേക്കു കൊണ്ടു​പോ​കവേ അമ്മയുടെ പ്രതി​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ എനിക്ക്‌ അത്യധി​കം ഭയം തോന്നി, പോലീ​സി​നെ​പ്പോ​ലും എനിക്ക്‌ അത്രയും ഭയമി​ല്ലാ​യി​രു​ന്നു. കാരണം പല റോമാ കുടും​ബ​ങ്ങ​ളും ചെയ്യാ​റു​ള്ള​തു​പോ​ലെ​തന്നെ, മോഷണം എത്ര ഗൗരവ​മേ​റിയ തെറ്റാ​ണെന്ന്‌ എന്നെയും പഠിപ്പി​ച്ചി​രു​ന്നു.”

ഹിരോ വലുതാ​യ​പ്പോൾ അദ്ദേഹ​വും കുടും​ബാം​ഗ​ങ്ങ​ളും യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി. മുൻവി​ധി​യും വിവേ​ച​ന​യും ഉൾപ്പെ​ടെ​യുള്ള സമൂഹ​ത്തി​ലെ പ്രശ്‌ന​ങ്ങൾക്ക്‌ ദൈവ​രാ​ജ്യം അറുതി​വ​രു​ത്തു​മെന്ന ബൈബി​ളി​ന്റെ വാഗ്‌ദാ​നം എന്റെ ഹൃദയ​ത്തിൽ മാറ്റൊ​ലി​ക്കൊ​ണ്ടു. “റോമാ​കൾക്ക്‌ തങ്ങളു​ടേ​തായ ഒരു ദേശീയ ഗവൺമെന്റ്‌ ഒരിക്ക​ലും ഉണ്ടായി​രു​ന്നി​ട്ടില്ല,” അദ്ദേഹം പറയുന്നു. “അതു​കൊ​ണ്ടു​തന്നെ ദൈവ​രാ​ജ്യം എല്ലാവർക്കും പ്രയോ​ജനം ചെയ്യു​ന്ന​തെ​ങ്ങ​നെ​യെന്നു മനസ്സി​ലാ​ക്കി അതി​നോ​ടു വിലമ​തി​പ്പോ​ടെ പ്രതി​ക​രി​ക്കാൻ പറ്റിയ സ്ഥാനത്താണ്‌ റോമാ​കൾ എന്ന്‌ എനിക്കു തോന്നു​ന്നു. ഇപ്പോൾപ്പോ​ലും എനിക്ക്‌ ആ പ്രയോ​ജ​നങ്ങൾ കാണാ​നാ​കു​ന്നുണ്ട്‌. ഞാൻ രാജ്യ​ഹാ​ളിൽ കാൽകു​ത്തിയ ആ നിമി​ഷം​മു​തൽത്തന്നെ അപ്പൊ​സ്‌ത​ല​നായ പത്രൊ​സി​ന്റെ അതേ വികാരം എനിക്കും അനുഭ​വ​പ്പെട്ടു, ‘ദൈവ​ത്തി​ന്നു മുഖപ​ക്ഷ​മില്ല എന്നും ഏതു ജാതി​യി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കു​ന്ന​വനെ അവൻ അംഗീ​ക​രി​ക്കു​ന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥ​മാ​യി ഗ്രഹി​ക്കു​ന്നു.’ (പ്രവൃ​ത്തി​കൾ 10:34, 35) എല്ലാവ​രും എനിക്കു തുല്യ പരിഗണന നൽകി. റോമാ​ക​ള​ല്ലാത്ത ആളുകൾ എന്നെ പ്രാലാ—റോമ​നി​യിൽ ‘സഹോ​ദരാ’—എന്നു വിളി​ച്ച​പ്പോൾ എനി​ക്കെന്റെ കാതു​കളെ വിശ്വ​സി​ക്കാ​നാ​യില്ല!

“ആദ്യ​മൊ​ക്കെ വീട്ടു​കാ​രിൽ ചിലർക്ക്‌ എന്നോടു വലിയ എതിർപ്പാ​യി​രു​ന്നു. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തി​നാ​യി ഞാൻ വരുത്തിയ മാറ്റങ്ങൾ അവർക്ക്‌ ഉൾക്കൊ​ള്ളാ​നാ​യില്ല. എന്നാൽ ദൈവിക നിലവാ​ര​ങ്ങ​ളിൽ ഉറച്ചു​നി​ന്നത്‌ എന്നെ സന്തുഷ്ട​നാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അത്‌ അനേകം നല്ല ഫലങ്ങൾ ഉളവാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇപ്പോൾ എന്റെ ബന്ധുക്ക​ളും ഞങ്ങളുടെ സമൂഹ​വും മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. അവരിൽ മിക്കവർക്കും തങ്ങളുടെ ജീവി​ത​നി​ല​വാ​രം മെച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നുണ്ട്‌.” ഹിരോ ഇപ്പോൾ ഒരു ക്രിസ്‌തീയ മൂപ്പനും ഒരു മുഴു​സമയ സുവി​ശേ​ഷ​ക​നു​മാ​യി സേവി​ക്കു​ന്നു. ഇപ്പോ​ഴും ഭാവി​യി​ലും ഒരു സന്തുഷ്ട കുടും​ബ​ജീ​വി​തം ഉണ്ടായി​രി​ക്കാൻ ബൈബി​ളിന്‌ എങ്ങനെ ആളുകളെ സഹായി​ക്കാ​നാ​കു​മെന്ന്‌ റോമാ​ക​ളെ​യും മറ്റുള്ള​വ​രെ​യും പഠിപ്പി​ക്കു​ന്ന​തിൽ അദ്ദേഹ​ത്തി​ന്റെ ഭാര്യ​യും പങ്കു​ചേ​രു​ന്നു. അദ്ദേഹ​ത്തി​ന്റെ ഭാര്യ​യായ മേഖൻ റോമാ​സ​മു​ദാ​യ​ത്തിൽപ്പെ​ട്ടതല്ല. മേഖൻ പറയുന്നു: “എന്നെ എന്റെ ഭർത്താ​വി​ന്റെ കുടും​ബാം​ഗ​ങ്ങ​ളും സമുദാ​യ​വും പൂർണ​മാ​യും അവരിൽ ഒരാളാ​യി സ്വീക​രി​ച്ചി​രി​ക്കു​ന്നു. റോമാ​സ​മു​ദാ​യ​ത്തി​നു വെളി​യിൽനി​ന്നുള്ള ഞാൻ അവരിൽ ഇത്ര താത്‌പ​ര്യം കാണി​ച്ച​താണ്‌ ഏറെ മതിപ്പു​ള​വാ​ക്കി​യത്‌.”

[അടിക്കു​റി​പ്പു​കൾ]

a ലോകത്തിന്റെ വിവിധ ഭാഗങ്ങ​ളിൽ റോമാ​കൾ ജിപ്‌സി​കൾ, ഖീറ്റേ​നോസ്‌, സിഗോയ്‌ന, സിഗാനി, സിഗാനെ എന്നിങ്ങനെ പല പേരു​ക​ളിൽ അറിയ​പ്പെ​ടു​ന്നുണ്ട്‌. അവയെ​ല്ലാം അവഹേ​ള​നാ​പ​ര​മാ​യാണ്‌ പൊതു​വേ കണക്കാ​ക്ക​പ്പെ​ടു​ന്നത്‌. അവർ തങ്ങളെ​ത്തന്നെ പരാമർശി​ക്കു​ന്ന​തിന്‌ റോമാ​കൾ എന്ന പദമാണ്‌ സാധാ​ര​ണ​മാ​യി ഉപയോ​ഗി​ക്കാ​റു​ള്ളത്‌. അതിന്‌ അവരുടെ ഭാഷയിൽ “മനുഷ്യർ” എന്നാണർഥം. റോമനി സംസാ​രി​ക്കുന്ന ചില കൂട്ടങ്ങൾ സിന്റി എന്നതു​പോ​ലുള്ള മറ്റു പേരു​ക​ളി​ലും അറിയ​പ്പെ​ടാ​റുണ്ട്‌.

b റോമാകളിൽ ചിലർ തങ്ങളുടെ പാരമ്പ​ര്യ​ങ്ങ​ളിൽ കടിച്ചു​തൂ​ങ്ങു​ന്ന​വ​രാ​ണെ​ങ്കി​ലും മിക്ക​പ്പോ​ഴും അവർ, തങ്ങൾ താമസി​ക്കുന്ന പ്രദേ​ശത്തെ ബഹുഭൂ​രി​പ​ക്ഷ​വും പിൻപ​റ്റുന്ന മതവി​ശ്വാ​സങ്ങൾ സ്വീക​രി​ച്ചി​ട്ടുണ്ട്‌.

[24-ാം പേജിലെ ആകർഷക വാക്യം]

ഇന്ന്‌ ലോക​ത്തി​ന്റെ എല്ലാ മുക്കി​ലും മൂലയി​ലും റോമാ​ക​ളുണ്ട്‌

[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

യൂറോ​പ്പി​ലെ നാസി യുഗത്തിൽ യഹൂദർക്കും യഹോ​വ​യു​ടെ സാക്ഷി​കൾക്കും മറ്റുള്ള​വർക്കും ഒപ്പം 4,00,000-മോ അതില​ധി​ക​മോ റോമാ​കളെ ഹിറ്റ്‌ല​റു​ടെ ഉന്മൂലന ക്യാമ്പു​ക​ളിൽ കൊ​ന്നൊ​ടു​ക്കി​യ​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. 1940-ൽ, ഹിറ്റ്‌ല​റി​ന്റെ നശീകരണ സംരംഭം പുറം​ലോ​കം അറിയു​ന്ന​തി​നും മുമ്പേ​തന്നെ, സിനിമാ നടനും ഒരു റോമാ വംശജ​നു​മായ ചാർലി ചാപ്ലിൻ, ഹിറ്റ്‌ല​റെ​യും നാസി പ്രവർത്ത​ന​ങ്ങ​ളെ​യും പരിഹ​സി​ച്ചു​കൊണ്ട്‌ ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റർ എന്ന സിനിമ നിർമി​ച്ചു. റോമാ സമുദാ​യ​ത്തിൽപ്പെ​ട്ട​താ​യി കണക്കാ​ക്ക​പ്പെ​ടുന്ന, കലാരം​ഗത്തു പ്രശസ്‌ത​രായ മറ്റു ചിലരാണ്‌ നടൻ യൂൾ ബ്രൈനർ, നടി റിറ്റ ഹെവർത്ത്‌ (താഴെ), ചിത്ര​കാ​രൻ പാബ്ലോ പിക്കാ​സൊ (താഴെ), ജാസ്‌ സംഗീ​തജ്ഞൻ ജംങ്കോ റെയിൻഹാർഡ്‌റ്റ്‌, മാസി​ഡോ​ണി​യൻ ഗായകൻ എസ്‌മാ റെഡ്‌ജെ​പ്പൊ​വാ എന്നിവർ. റോമാ​കൾ എഞ്ചിനീ​യർമാ​രും ഡോക്ടർമാ​രും പ്രൊ​ഫ​സർമാ​രും ദേശീയ പാർല​മെന്റ്‌ അംഗങ്ങൾപോ​ലും ആയിത്തീർന്നി​ട്ടുണ്ട്‌.

[കടപ്പാട്‌]

AFP/Getty Images

Photo by Tony Vaccaro/Getty Images

[26-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

സാക്ഷികളായിത്തീർന്ന റോമാ​കൾ

റോമാ​ക​ളിൽ പലരും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്നി​ട്ടുണ്ട്‌. ചിലർ സഭാമൂ​പ്പ​ന്മാ​രാ​യും മുഴു​സമയ പയനിയർ ശുശ്രൂ​ഷ​ക​രാ​യും സേവി​ക്കു​ന്നു. പ്രാ​ദേ​ശിക ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രും റോമാ​ക​ള​ല്ലാത്ത മറ്റുള്ള​വ​രും അവരെ മാതൃ​കാ​യോ​ഗ്യ​രാ​യി കണക്കാ​ക്കു​ന്നു. സ്ലൊവാ​ക്യ​യി​ലെ ഒരു റോമാ സാക്ഷി പറയുന്നു: “ഒരു ദിവസം റോമാ​ക​ളിൽപ്പെ​ടാത്ത ഒരു അയൽവാ​സി ഞങ്ങളുടെ അപ്പാർട്ടു​മെ​ന്റി​ന്റെ വാതി​ലിൽ മുട്ടി​വി​ളി​ച്ചിട്ട്‌ പറഞ്ഞു: ‘ഞങ്ങളുടെ വിവാ​ഹ​ജീ​വി​തം പ്രതി​സ​ന്ധി​യി​ലാണ്‌, പക്ഷേ നിങ്ങൾക്കു ഞങ്ങളെ സഹായി​ക്കാ​നാ​കും എന്നെനി​ക്ക​റി​യാം.’ ‘ഞങ്ങൾക്കു താങ്കളെ സഹായി​ക്കാ​നാ​കു​മെന്നു തോന്നാൻ കാരണം?’ ഞങ്ങൾ ചോദി​ച്ചു. അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ ആരാധി​ക്കുന്ന ദൈവ​ത്തിന്‌ റോമാ​ക​ളായ നിങ്ങളു​ടെ ജീവി​ത​നി​ല​വാ​രം ഉയർത്താൻ കഴി​ഞ്ഞെ​ങ്കിൽ ആ ദൈവ​ത്തി​നു ഞങ്ങളെ​യും സഹായി​ക്കാ​നാ​കും.’ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച കുടും​ബ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ള​ധി​ഷ്‌ഠിത പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി ഞങ്ങൾ അദ്ദേഹ​ത്തി​നു നൽകി.

“അൽപ്പ സമയത്തി​നു​ശേഷം അതേ ആവശ്യ​വു​മാ​യി അദ്ദേഹ​ത്തി​ന്റെ ഭാര്യ​യും അവിടെ എത്തി, തന്റെ ഭർത്താവ്‌ അവിടെ വന്നതറി​യാ​തെ. അവർ ഇപ്രകാ​രം പറഞ്ഞു: ‘ഈ ബിൽഡി​ങ്ങിൽ മറ്റാർക്കും ഞങ്ങളെ സഹായി​ക്കാ​നാ​വില്ല.’ അതേ പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി അവർക്കും കൊടു​ത്തു. രണ്ടു​പേ​രും തങ്ങൾ സന്ദർശിച്ച കാര്യം മറ്റേയാ​ളോ​ടു പറയരു​തെന്നു പറഞ്ഞു. ഒന്നര മാസത്തി​നു​ശേഷം ആ ദമ്പതി​ക​ളു​മാ​യി ഞങ്ങൾ ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. ബൈബിൾ സത്യങ്ങൾക്ക​നു​സൃ​ത​മാ​യുള്ള ഞങ്ങളുടെ ജീവിതം ആളുക​ളിൽ അത്യധി​കം മതിപ്പു​ള​വാ​ക്കി​യി​രി​ക്കു​ന്നു, തന്നിമി​ത്തം ആത്മീയ സഹായ​ത്തി​നാ​യി പലരും ഞങ്ങളെ സമീപി​ക്കാ​റുണ്ട്‌.”

[ചിത്രങ്ങൾ]

നാർബാൻ, ഫ്രാൻസ്‌

ഗ്രനാഡ, സ്‌പെ​യിൻ

“ദൈവ​രാ​ജ്യം എല്ലാവർക്കും പ്രയോ​ജനം ചെയ്യു​ന്ന​തെ​ങ്ങ​നെ​യെന്നു മനസ്സി​ലാ​ക്കി അതി​നോ​ടു വിലമ​തി​പ്പോ​ടെ പ്രതി​ക​രി​ക്കാൻ പറ്റിയ സ്ഥാനത്താണ്‌ റോമാ​കൾ.”—ഹിരോ

[22-ാം പേജിലെ ചിത്രം]

പോളണ്ട്‌

[കടപ്പാട്‌]

© Clive Shirley/Panos Pictures

[22-ാം പേജിലെ ചിത്രം]

റോമാകൾ ഇംഗ്ലണ്ടിൽ, 1911

[കടപ്പാട്‌]

By courtesy of the University of Liverpool Library

[22, 23 പേജു​ക​ളി​ലെ ചിത്രം]

സ്ലൊവാ​ക്യ

[23-ാം പേജിലെ ചിത്രം]

മാസിഡോണിയ

[കടപ്പാട്‌]

© Mikkel Ostergaard/Panos Pictures

[24-ാം പേജിലെ ചിത്രം]

റൊമേനിയ

[24-ാം പേജിലെ ചിത്രം]

മാസിഡോണിയ

[24, 25 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ചെക്ക്‌ റിപ്പബ്ലിക്‌

[24, 25 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സ്‌പെ​യിൻ

[25-ാം പേജിലെ ചിത്രം]

നൃത്തം ചവിട്ടി പ്രശസ്‌തി​യു​ടെ​യും അംഗീ​കാ​ര​ത്തി​ന്റെ​യും പടവുകൾ കയറു​ന്നത്‌ ആൻഡ്രിയ സ്വപ്‌നം കണ്ടു

[24-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Romania: © Karen Robinson/Panos Pictures; Macedonia: © Mikkel Ostergaard/Panos Pictures; Czech Republic: © Julie Denesha/Panos Pictures