ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
◼ “മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അക്രമവും [കൗമാരക്കാർക്കിടയിൽ] യഥാർഥത്തിൽ അരങ്ങേറുന്ന അക്രമവും തമ്മിലുള്ള ബന്ധം, ഏറെക്കുറെ പുകവലിയും ശ്വാസകോശാർബുദവും തമ്മിലുള്ള ബന്ധത്തോളം ശക്തമാണ്.” —ദ മെഡിക്കൽ ജേർണൽ ഒഫ് ഓസ്ട്രേലിയ.
◼ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ആളുകൾ ഭക്ഷിക്കുന്ന പഴവാവൽ “ഇബോള വൈറസിന്റെ ഒരു സ്വാഭാവിക താവളം ആയിരുന്നേക്കാം” എന്നു കാണിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. —മക്ലേൻസ്, കാനഡ.
◼ കഴിഞ്ഞ എട്ടുവർഷക്കാലത്ത് മെക്സിക്കോയിലെ കുറഞ്ഞത് 1,30,000 കുട്ടികളെ, വിൽക്കുന്നതിനുവേണ്ടിയോ ലൈംഗികമോ തൊഴിൽപരമോ ആയ ചൂഷണത്തോടു ബന്ധപ്പെട്ടോ അവയവങ്ങൾ എടുത്തുവിൽക്കുന്നതിനുവേണ്ടിയോ തട്ടിക്കൊണ്ടുപോയിരിക്കുന്നതായി അവിടത്തെ അറ്റോർണി ജനറലിന്റെ ഓഫീസിൽനിന്നുള്ള വിവരം വെളിപ്പെടുത്തുന്നു. —മിലെന്യോ, മെക്സിക്കോ.
എന്തിനാണീ തടവുശിക്ഷ?
പന്ത്രണ്ടു വർഷമായി, യഹോവയുടെ സാക്ഷികളിൽപ്പെട്ട മൂന്നു പുരുഷന്മാർ പൂർവാഫ്രിക്കയിലെ എറിട്രിയയിലുള്ള സാവായിൽ തടവിൽ കഴിയുകയാണ്. അവർക്കെതിരെ കുറ്റപത്രമൊന്നും തയ്യാറാക്കിയിട്ടില്ല, ഇതുവരെ വിചാരണ ചെയ്തിട്ടുമില്ല. കുടുംബാംഗങ്ങൾ ഉൾപ്പെടെ ആർക്കും അവരെ സന്ദർശിക്കാൻ അനുവാദമില്ല. എന്താണ് ഇതിന്റെയൊക്കെ കാരണം? സൈനിക സേവനത്തിൽ പങ്കെടുക്കാൻ അവർ വിസമ്മതിച്ചു എന്നതുതന്നെ. എറിട്രിയൻ നിയമത്തിൽ മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിൽനിന്നു വിട്ടുനിൽക്കാൻ അനുവദിക്കുന്ന വകുപ്പൊന്നുമില്ല. യുവാക്കളെ അറസ്റ്റു ചെയ്തിട്ട് അവരെ സൈനിക ക്യാമ്പിലാക്കുന്നു. പലപ്പോഴും അവർക്ക് കടുത്ത പ്രഹരവും മറ്റു തരത്തിലുള്ള പീഡനങ്ങളും സഹിക്കേണ്ടതായി വരുന്നു.
ഇന്റർനെറ്റ് വന്യജീവന് ഒരു ഭീഷണിയോ?
“ആഫ്രിക്കൻ ആനകളുടെ വംശനാശത്തിന് ഇന്റർനെറ്റ് ആക്കംകൂട്ടുകയാണോ?” ദ ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു. ആണെന്നാണ് ജന്തുക്കളുടെ ക്ഷേമം മുൻനിറുത്തി പ്രവർത്തിക്കുന്ന ചിലർ വിശ്വസിക്കുന്നത്. മാത്രമല്ല, മറ്റനേകം സ്പീഷീസുകൾ അപകടഭീഷണിയിലാണെന്ന് അവർ കരുതുന്നു. ഇന്റർനെറ്റിന്റെ വളർച്ചയോടെ, നിയമവിരുദ്ധമായ ഓൺലൈൻ വ്യാപാരങ്ങളും വർധിച്ചിരിക്കുന്നതായി പറയപ്പെടുന്നു. ഇംഗ്ലീഷിലുള്ള വെബ്സൈറ്റുകളിൽ മൂന്നു മാസം നടത്തിയ അന്വേഷണത്തിൽ, ആമയുടെ തോടും ആനയുടെ എല്ലിൽ തീർത്ത ശിൽപ്പങ്ങളും എന്തിന്, ജീവനുള്ള കരിമ്പുലിയും ഉൾപ്പെടെയുള്ള “നിയമവിരുദ്ധമായതോ നിയമവിരുദ്ധമായിരിക്കാൻ സാധ്യതയുള്ളതോ ആയ 6,000-ത്തിലധികം സാധനങ്ങൾ” ഓൺലൈനിൽ “വിൽപ്പനയ്ക്ക്” എത്തിയതായി കണ്ടെത്തുകയുണ്ടായി.
പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത കേന്ദ്രീയ താപന സംവിധാനം
“ഒലിവുകുരുക്കൾ ഇന്ധനമായി ഉപയോഗിച്ചുള്ള കേന്ദ്രീയ താപന സംവിധാനം രംഗത്തെത്തിയിരിക്കുന്നു,” സ്പാനീഷ് വർത്തമാനപത്രമായ എൽ പായിസ് റിപ്പോർട്ടു ചെയ്യുന്നു. മാഡ്രിഡിലെ കുറഞ്ഞത് 300 വീടുകൾക്ക് ഈ സംവിധാനത്തിലൂടെ താപവും ചൂടുവെള്ളവും ലഭിക്കുന്നു. ഇന്ധനമെന്ന നിലയിൽ ഒലിവുകുരുക്കൾക്ക് വില വളരെ കുറവാണ്; അതായത് എണ്ണയെക്കാൾ 60 ശതമാനവും കൽക്കരിയെക്കാൾ 20 ശതമാനവും വിലക്കുറവ്. അവ പരിസ്ഥിതിയെ മലിനപ്പെടുത്തുന്നുമില്ല, കാരണം സ്വാഭാവിക ദ്രവീകരണസമയത്ത് പുറന്തള്ളപ്പെടുന്ന അത്രയും കാർബൺ ഡയോക്സൈഡ് മാത്രമേ അവ കത്തുമ്പോൾ പുറന്തള്ളപ്പെടുന്നുള്ളൂ. ഇത് കിട്ടാൻ ബുദ്ധിമുട്ടില്ല എന്നതാണു മറ്റൊരു പ്രയോജനം. ഒലിവുകായ്കളിൽനിന്ന് എണ്ണയെടുത്തതിനുശേഷമുള്ള അവശിഷ്ടമാണ് ഒലിവുകുരുക്കൾ. സ്പെയിനാണെങ്കിൽ, ഒലിവെണ്ണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ്.
നാലായിരം വർഷം പഴക്കമുള്ള നൂഡ്ൽസ്
“ലോകത്തിലെ അറിയപ്പെടുന്നതിൽവെച്ച് ഏറ്റവും പഴക്കമുള്ള നൂഡ്ൽസ്” തങ്ങൾ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. നേർത്ത് മഞ്ഞനിറത്തോടുകൂടിയ 50 സെന്റിമീറ്റർ നീളമുള്ള ഈ നൂഡ്ൽസ് ചൈനയ്ക്ക് സ്വന്തമായുള്ള ഒരുതരം ധാന്യത്തിൽനിന്ന് (millet) ഉണ്ടാക്കിയതാണ്. മൂന്നു മീറ്റർ കനത്തിൽ അടിഞ്ഞുകൂടിയിരുന്ന എക്കൽ നിക്ഷേപത്തിന് അടിയിലായി കമിഴ്ന്നു കിടന്നിരുന്ന ഒരു മൺകോപ്പയിലാണ് നൂഡ്ൽസ് കണ്ടെത്തിയത്. വടക്കു പടിഞ്ഞാറൻ ചൈനയിൽ ഹ്വാങ് നദിക്ക് അടുത്തുള്ള ഈ പ്രദേശം ഏതാണ്ട് 4,000 വർഷങ്ങൾക്കുമുമ്പ് ഉണ്ടായ ഒരു ഭൂകമ്പത്തിലും “വിനാശകമായ വെള്ളപ്പൊക്കത്തിലും” നശിച്ചുപോയതായിരിക്കണം എന്ന് നേച്ചർ എന്ന മാസിക പറയുന്നു. നൂഡ്ൽസിന്റെ ജന്മദേശം ഇറ്റലിയാണോ മധ്യപൂർവദേശമാണോ അതോ പൗരസ്ത്യദേശമാണോ എന്ന വിവാദത്തോടുള്ള ബന്ധത്തിൽ, കണ്ടുപിടിത്തം നടത്തിയവരിൽ ഒരാളായ ചൈനീസ് അക്കാഡമി ഒഫ് സയൻസസിലെ ഹോയൂവൻ ലൂ പിൻവരുന്ന അവകാശവാദം നടത്തുന്നതായി ടൈംസ് പറയുന്നു: “നൂഡ്ൽസ് ഉത്പാദനം ഉത്ഭവിച്ചത് ചൈനയിലാണെന്ന് ഈ പഠനം സ്ഥിരീകരിച്ചിരിക്കുന്നു.”