വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒന്നാം നൂറ്റാണ്ടിലെ ജനപ്രിയ വിനോദങ്ങൾ

ഒന്നാം നൂറ്റാണ്ടിലെ ജനപ്രിയ വിനോദങ്ങൾ

ഒന്നാം നൂറ്റാ​ണ്ടി​ലെ ജനപ്രിയ വിനോ​ദ​ങ്ങൾ

ദക്ഷിണ ഇറ്റലി​യി​ലെ രണ്ട്‌ അയൽ നഗരങ്ങ​ളിൽനി​ന്നുള്ള സ്‌പോർട്‌സ്‌ ആരാധകർ തമ്മിൽ ഉണ്ടായ ഏറ്റുമു​ട്ട​ലിൽ കുട്ടികൾ ഉൾപ്പെടെ അസംഖ്യം പേർക്കു പരി​ക്കേൽക്കു​ക​യും അനേകർ മരിക്കു​ക​യും ചെയ്‌തു. ഈ ദുരന്തത്തെ തുടർന്ന്‌ പത്തു വർഷ​ത്തേക്ക്‌ ആ ആംഫി​തീ​​യേറ്റർ അടച്ചു​പൂ​ട്ടാൻ ഉത്തരവാ​യി.

ഇന്നത്തെ വർത്തമാ​ന​പ്പ​​ത്ര​ങ്ങ​ളിൽ സ്‌പോർട്‌സു​മാ​യി ബന്ധപ്പെട്ട ഇത്തരം പ്രക്ഷോ​ഭ​ങ്ങളെ സംബന്ധിച്ച വാർത്ത ഒരു പുത്തരി​യല്ല. എന്നാൽ മേൽവി​വ​രിച്ച പ്രത്യേക സംഭവം അരങ്ങേ​റി​യത്‌ ഏകദേശം 2,000 വർഷം​മുമ്പ്‌ നീറോ ചക്രവർത്തി​യു​ടെ ഭരണകാ​ല​ത്താണ്‌. പോം​​പെയി ആംഫി​തീ​​യേ​റ്റ​റി​ലെ ഒരു വാൾപ്പ​യറ്റു മത്സരത്തിൽ അന്നാട്ടു​കാർ അയൽന​ഗ​ര​മായ ന്യൂ​കേ​റി​യ​യി​ലെ സ്‌പോർട്‌സ്‌ ആരാധ​ക​രു​മാ​യി ഏറ്റുമു​ട്ടി​യ​തി​​നെ​ക്കു​റിച്ച്‌ റോമൻ ചരി​ത്ര​കാ​ര​നായ റ്റാസി​റ്റസ്‌ വിവരി​ക്കു​ന്നുണ്ട്‌.

വിനോ​ദ​​ത്തോ​ടുള്ള അടങ്ങാത്ത ഒരു അഭിനി​​വേശം ഒന്നാം നൂറ്റാ​ണ്ടിൽ വളരെ പ്രകട​മാ​യി​രു​ന്നു. റോമാ സാമ്രാ​ജ്യ​ത്തി​ലെ പ്രധാന നഗരങ്ങ​ളിൽ തീയേ​റ്റ​റു​കൾ, ആംഫി​തീ​​യേ​റ്റ​റു​കൾ, സർക്കസു​കൾ എന്നിവ ഉണ്ടായി​രു​ന്നു, ചിലയി​ട​ങ്ങ​ളി​ലാ​കട്ടെ ഇവ മൂന്നും. അറ്റ്‌ലസ്‌ ഓഫ്‌ ദ റോമൻ വേൾഡ്‌ പറയുന്നു: “മത്സരങ്ങ​ളിൽ ഭ്രാന്ത​വും ഉദ്വേ​ഗ​ജ​ന​ക​വു​മായ ഭീകര​രം​ഗങ്ങൾ ഉണ്ടായി​രു​ന്നു . . . [കൂടാതെ] സംഘടി​ത​മായ രക്തച്ചൊ​രി​ച്ചി​ലും.” തേരാ​ളി​ക​ളു​ടെ ഓരോ ടീമും പ്രത്യേക വർണത്തി​ലുള്ള വസ്‌ത്ര​ങ്ങ​ളാണ്‌ അണിഞ്ഞി​രു​ന്നത്‌, അവ ഓരോ​ന്നും സമൂഹ​ത്തി​ലെ രാഷ്‌ട്രീ​യ​മോ സാമൂ​ഹി​ക​മോ ആയ ഒരു പ്രത്യേക വിഭാ​ഗത്തെ പ്രതി​നി​ധീ​ക​രി​ച്ചി​രു​ന്നു. ഇഷ്ട ടീമുകൾ അണിനി​ര​ക്കു​​മ്പോൾ അതതു ടീമിന്റെ പക്ഷക്കാർ ആവേശ​​ത്തോ​ടെ ആർത്തു​വി​ളി​ക്കു​മാ​യി​രു​ന്നു. തേരാ​ളി​കൾക്കു വളരെ​​യേറെ പണം ലഭിച്ചി​രു​ന്നു, ഒപ്പം പ്രശസ്‌തി​യും, ആളുകൾ വീടു​ക​ളിൽ അവരുടെ ഫോ​ട്ടോ​​വെച്ച്‌ അലങ്കരി​ക്കുന്ന അളവോ​ളം​​പോ​ലും.

രക്തപങ്കി​ല​മാ​യ വാൾപ്പ​യ​റ്റു​കൾക്കും മൃഗങ്ങ​ളും മനുഷ്യ​രും​—⁠ചില​പ്പോൾ നിരാ​യു​ധ​രാ​യി​​പ്പോ​ലും​—⁠തമ്മിലുള്ള പോരാ​ട്ട​ങ്ങൾക്കും നഗരങ്ങൾ വേദി​​യൊ​രു​ക്കി. ചരി​ത്ര​കാ​ര​നായ വിൽ ഡ്യൂറന്റ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ “വധശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെട്ട കുറ്റവാ​ളി​കളെ, ചില​പ്പോൾ മൃഗങ്ങ​ളാ​​ണെന്നു തോന്നി​ക്കു​ന്ന​തരം തോൽവ​സ്‌ത്രങ്ങൾ അണിയിച്ച്‌, അത്തരം അവസര​ങ്ങൾക്കാ​യി പ്രത്യേ​കം പട്ടിണി​ക്കി​ട്ടി​രുന്ന മൃഗങ്ങൾക്ക്‌ എറിഞ്ഞു കൊടു​ത്തി​രു​ന്നു. അങ്ങേയറ്റം വേദനാ​പൂർണ​മാ​യി​രു​ന്നു ആ മരണം.”

വാസ്‌ത​വ​ത്തിൽ അത്തരം ഭക്തികെട്ട വിനോ​ദങ്ങൾ ആസ്വദി​ച്ചി​രു​ന്നവർ “അന്ധബു​ദ്ധി​ക​ളാ​യി” “മനം തഴമ്പി​ച്ചു​​പോ​യവർ” ആയിരു​ന്നു. (എഫെസ്യർ 4:17-19) രണ്ടാം നൂറ്റാ​ണ്ടിൽ തെർത്തു​ല്യൻ എഴുതി: “സർക്കസി​ന്റെ ഭ്രാന്തും തീയേ​റ്റ​റി​ലെ ആഭാസ​വും പോർക്ക​ള​ത്തി​ലെ കാടത്ത​വും സംബന്ധി​ച്ചു സംസാ​രി​ക്കാ​നാ​കട്ടെ, അവ കാണാ​നാ​കട്ടെ കേൾക്കാ​നാ​കട്ടെ യാതൊ​ന്നി​നും [ക്രിസ്‌ത്യാ​നി​കൾ] ഇല്ലായി​രു​ന്നു.” സത്യ​ക്രി​സ്‌ത്യാ​നി​ക​ളും ഇന്ന്‌ അക്രമാ​സക്ത വിനോ​ദങ്ങൾ ഒഴിവാ​ക്കാൻ ജാഗ്ര​ത​യു​ള്ള​വ​രാണ്‌, അത്‌ സാഹി​ത്യം, ടെലി​വി​ഷൻ, കമ്പ്യൂട്ടർ ഗെയിംസ്‌ എന്നിങ്ങനെ ഏതു മാധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉള്ളവയാ​യി​രു​ന്നാ​ലും. “അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ” യഹോവ വെറു​ക്കു​ന്നു എന്ന വസ്‌തുത അവർ ഒരിക്ക​ലും മറക്കു​ന്നില്ല.​—⁠സങ്കീർത്തനം 11:​5, പി.ഒ.സി. ബൈബിൾ.

[30-ാം പേജിലെ ചിത്രം]

വിജയശ്രീലാളിതനായ തേരാളി, ഒരു ചിത്ര​പ്പ​ണി

[30-ാം പേജിലെ ചിത്രം]

സിംഹിയുമായുള്ള മല്ലയുദ്ധം, ഒരു ചുവർചി​​ത്രം

[30-ാം പേജിലെ ചിത്രം]

ഒന്നാം നൂറ്റാ​ണ്ടി​ലെ റോമൻ തീയേറ്റർ

[കടപ്പാട്‌]

Ciudad de Mérida

[30-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിലും താഴെ ഇടത്തും: Museo Nacional de Arte Romano, Mérida