വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്വേക്കേഴ്‌സും “പാവന പരീക്ഷണവും”

ക്വേക്കേഴ്‌സും “പാവന പരീക്ഷണവും”

ക്വേ​ക്കേ​ഴ്‌സും “പാവന പരീക്ഷ​ണ​വും”

വെസ്റ്റ്‌ ഇൻഡീ​സി​ലെ ബാർബ​ഡോ​സിൽനി​ന്നു പുറപ്പെട്ട സ്വാളോ എന്ന കപ്പൽ 1656 ജൂലൈ മാസത്തിൽ ഇന്നത്തെ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലെ മസാച്ചു​സെ​റ്റ്‌സി​ലുള്ള ബോസ്റ്റ​ണിൽ നങ്കൂര​മി​ട്ടു. ഉടൻവന്നു മസാച്ചു​സെ​റ്റ്‌സി​ലെ ഡെപ്യൂ​ട്ടി ഗവർണ​റാ​യി​രുന്ന റിച്ചാർഡ്‌ ബെല്ലി​ങ്‌ഹാ​മി​ന്റെ ഉത്തരവ്‌, യാത്രി​ക​രായ മേരി ഫിഷറും ആൻ ഓസ്റ്റി​നും കപ്പലിൽനിന്ന്‌ ഇറങ്ങരു​ത​ത്രേ. അവരുടെ സാധന​ങ്ങ​ളോ​ടു​കൂ​ടെ കണ്ടെത്തിയ 100 പുസ്‌ത​ക​ങ്ങ​ളാ​യി​രു​ന്നു പ്രശ്‌ന​ക്കാർ. അവ “ദുഷി​പ്പി​ക്കു​ന്ന​തും മതവി​രു​ദ്ധ​വും നിന്ദാ​ക​ര​വു​മായ പഠിപ്പി​ക്ക​ലു​കൾ” അടങ്ങു​ന്ന​വ​യാ​യി​രു​ന്നു​പോ​ലും.

ആ പുസ്‌ത​കങ്ങൾ പൊതു ചന്തസ്ഥല​ത്തു​വെച്ച്‌ അഗ്നിക്കി​ര​യാ​ക്കി. തുടർന്ന്‌ ആ സ്‌ത്രീ​കളെ ജയിലി​ല​ടച്ചു, ഉടുതു​ണി ഉരിഞ്ഞു​മാ​റ്റി, എന്നിട്ട്‌ അവർ ദുർമ​ന്ത്ര​വാ​ദി​ക​ളാ​ണോ എന്നറി​യാ​നാ​യി തിരച്ചിൽ നടത്തി. അവരുടെ ജയില​റ​യു​ടെ ജനൽ അടച്ചു​ക​ളഞ്ഞു, തുടർന്നുള്ള അഞ്ചാഴ്‌ച അവർ ആ കൂരി​രു​ട്ടി​ലാ​യി​രു​ന്നു. അവരോ​ടു സംസാ​രി​ക്കാൻ തുനി​ഞ്ഞ​വർക്കാ​കട്ടെ അഞ്ചു പൗണ്ട്‌ പിഴയും. അവസാനം അവരെ ബാർബ​ഡോ​സി​ലേക്കു തിരി​ച്ച​യച്ചു.

“ശക്തമായ ഒരു സൈന്യം നിങ്ങളു​ടെ അതിർത്തി കടന്നു​വ​ന്നാ​ലെ​ന്ന​പോ​ലെ രണ്ടു സ്‌ത്രീ​ക​ളു​ടെ വരവു നിങ്ങളെ ഇത്രമാ​ത്രം ആകുല​പ്പെ​ടു​ത്തി​യത്‌ എന്തു​കൊ​ണ്ടാണ്‌?” ഒരു സമകാ​ലിക വൃത്താ​ന്തകൻ ന്യായാ​ധി​പ​ന്മാ​രോട്‌ ആരാഞ്ഞു. വാസ്‌ത​വ​ത്തിൽ ‘അപകട​കാ​രി​ക​ളായ’ ഈ രണ്ടു സ്‌ത്രീ​ക​ളാണ്‌ വടക്കേ അമേരി​ക്ക​യിൽ എത്തി​ച്ചേർന്ന ആദ്യത്തെ ക്വേ​ക്കേ​ഴ്‌സ്‌ മിഷന​റി​മാർ. ആരായി​രു​ന്നു ക്വേ​ക്കേ​ഴ്‌സ്‌? എന്തു​കൊ​ണ്ടാണ്‌ അവർ ഒരു ‘ഭീഷണി’ ആയിരു​ന്നത്‌?

സുഹൃദ്‌ സഭ

ക്വേ​ക്കേ​ഴ്‌സ്‌ അഥവാ സുഹൃദ്‌ സഭക്കാർ രൂപം​കൊ​ണ്ടത്‌ ഇംഗ്ലണ്ടി​ലാണ്‌, 17-ാം നൂറ്റാ​ണ്ടിൽ. ജോർജ്‌ ഫോക്‌സ്‌ ആയിരു​ന്നു അതിന്റെ സ്ഥാപകൻ. ഒരു നെയ്‌ത്തു​കാ​രന്റെ മകനായി ലെസ്റ്റെർഷി​യ​റിൽ ജനിച്ച അദ്ദേഹം ഒരു അത്ഭുത ശബ്ദം ശ്രവി​ച്ചു​വെന്ന്‌ അവകാ​ശ​പ്പെട്ടു. മാത്രമല്ല മനുഷ്യ​മ​ധ്യ​സ്ഥത കൂടാതെ തനിക്ക്‌ ദൈവ​വു​മാ​യി നേരിട്ട്‌ ആശയവി​നി​മയം നടത്തി ദിവ്യ​ജ്ഞാ​നം നേടാ​നാ​കു​മെ​ന്നും. “സുഹൃദ്‌ സഭക്കാ​രു​ടെ ഉത്ഭവം 1652-ലാണെന്ന്‌ പരമ്പരാ​ഗ​ത​മാ​യി കണക്കാ​ക്കി​പ്പോ​രു​ന്നു,” അമേരി​ക്ക​ക്കാ​രു​ടെ മത ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

സുഹൃദ്‌ സഭക്കാർക്ക്‌ എങ്ങനെ​യാണ്‌ വിറയ്‌ക്കു​ന്നവർ, ഇളകു​ന്നവർ എന്നൊക്കെ അർഥമുള്ള ക്വേ​ക്കേ​ഴ്‌സ്‌ എന്ന പേരു വീണത്‌? ഒരു പരാമർശ​കൃ​തി പറയു​ന്ന​ത​നു​സ​രിച്ച്‌ അവർക്ക്‌ “ദിവ്യ വെളി​പാട്‌ ഉണ്ടാകു​ന്ന​തി​നു തൊട്ടു​മു​മ്പാ​യി വിറയ​ലും തുള്ളലും” അനുഭ​വ​പ്പെ​ടാ​റുണ്ട്‌. “ദൈവ​ത്തി​ന്റെ അപരി​മേയ ശുദ്ധി​യോ​ടും മഹിമ​യോ​ടും ഉള്ള ഭയാദ​ര​സൂ​ച​ക​മാ​യി അവർ കിടു​കി​ടാ വിറച്ചി​രു​ന്നു” എന്ന്‌ മറ്റൊരു കൃതി സൂചി​പ്പി​ക്കു​ന്നു. മതപര​മായ സത്യം കണ്ടെത്തു​ക​യും ക്രിസ്‌ത്യാ​നി​ത്വ​ത്തിന്‌ ഒരു പുതിയ മുഖച്ഛായ നൽകു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നു അവരുടെ ലക്ഷ്യം.

മാർഗ​നിർദേ​ശ​ത്തി​നാ​യി അവർ പരിശു​ദ്ധാ​ത്മാവ്‌, ബൈബിൾ പ്രവാ​ച​ക​ന്മാർ, ക്രിസ്‌തു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാർ എന്നീ സരണി​ക​ളി​ലും കൂടാതെ ആധ്യാ​ത്മിക സത്യം എന്ന്‌ അവർ കണക്കാ​ക്കി​യ​തി​നെ​ക്കു​റി​ച്ചുള്ള ആന്തരിക “വെളി​ച്ച​ത്തി​ലോ” ആന്തരിക “വിളി​യി​ലോ” പോലും ആശ്രയി​ച്ചി​രു​ന്ന​താ​യി അവകാ​ശ​പ്പെട്ടു. അതിനാൽ അവരുടെ യോഗ​ങ്ങ​ളു​ടെ ഏറിയ ഭാഗവും ദൈവ​ത്തി​ന്റെ മാർഗ​നിർദേശം തേടി​ക്കൊ​ണ്ടുള്ള ദീർഘ​നേ​രത്തെ മൗനമാ​യി​രു​ന്നു. ദിവ്യ​സ​ന്ദേശം ലഭിക്കു​ന്ന​വർക്ക്‌ സംസാ​രി​ക്കാ​മാ​യി​രു​ന്നു. a

നീതി, തികഞ്ഞ സത്യസന്ധത, ലളിത​മായ ജീവി​ത​രീ​തി, അക്രമ​രാ​ഹി​ത്യം എന്നിവ പിൻപ​റ്റി​പ്പോ​ന്നി​രു​ന്ന​വ​രാ​യി​രു​ന്നു ഈ സഭക്കാർ. കൂടാതെ സ്‌ത്രീ​കൾ ഉൾപ്പെടെ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ശുശ്രൂ​ഷ​യിൽ പങ്കുപ​റ്റ​ണ​മെന്ന ആശയവും അവർ വെച്ചു​പു​ലർത്തി​യി​രു​ന്നു. ക്വേ​ക്കേ​ഴ്‌സ്‌ വ്യവസ്ഥാ​പിത മതങ്ങളെ എതിർക്കു​ക​യും ആ മതങ്ങൾ പിൻപ​റ്റി​പ്പോ​ന്നി​രുന്ന ആചാര​രീ​തി​കളെ തള്ളിക്ക​ള​യു​ക​യും ചെയ്‌തു. കൂടാതെ നമ്മെ നയി​ക്കേ​ണ്ടത്‌ ഒരു പുരോ​ഹിത വർഗമല്ല മറിച്ച്‌ നമ്മുടെ ആന്തരി​ക​വി​ളി​യാ​ണെ​ന്നും അവർ അവകാ​ശ​പ്പെട്ടു. തത്‌ഫ​ല​മാ​യി മറ്റുള്ളവർ അവരെ ഭയത്തോ​ടും സംശയ​ത്തോ​ടും കൂടെ വീക്ഷി​ക്കാൻ തുടങ്ങി. എന്നാൽ ഇതി​നെ​യെ​ല്ലാം വെല്ലു​ന്ന​താ​യി​രു​ന്നു മിഷനറി പ്രവർത്ത​ന​ത്തി​ലെ അവരുടെ ശുഷ്‌കാ​ന്തി. അത്‌ അവർക്കു​നേരെ പ്രകോ​പ​ന​വും ബഹുജന പ്രക്ഷോ​ഭ​വും ഇളക്കി​വി​ട്ടു, ഒപ്പം അധികാ​രി​ക​ളു​ടെ ഇടപെ​ട​ലും.

ഇംഗ്ലണ്ടിൽ അവർക്ക്‌ പീഡന​വും തടവും നേരി​ടേ​ണ്ടി​വന്നു, ന്യൂ ഇംഗ്ലണ്ടി​ലാ​കട്ടെ അവരെ നാടു​ക​ടത്തി, ചിലർ കൊല്ല​പ്പെ​ടു​ക​പോ​ലും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, 1659 മുതൽ 1661 വരെയുള്ള കാലത്ത്‌ മിഷന​റി​മാ​രാ​യി​രുന്ന മേരി ഡയർ, വില്യം ലിഡ്‌റ, വില്യം റോബിൻസൺ, മാർമ​ഡൂക്ക്‌ സ്റ്റെഫൻസൺ എന്നിവരെ ബോസ്റ്റ​ണിൽ തൂക്കി​ലേ​റ്റു​ക​യു​ണ്ടാ​യി. മറ്റുള്ള​വരെ ബന്ധനത്തി​ലാ​ക്കു​ക​യോ ചാട്ടവാ​റു​കൊണ്ട്‌ അടിക്കു​ക​യോ അവരു​ടെ​മേൽ ഇരുമ്പ്‌ പഴുപ്പി​ച്ചു വെക്കു​ക​യോ ചെയ്‌തു. ചിലരു​ടെ ചെവികൾ അറുത്തു. വില്യം ബ്രെൻഡ്‌ എന്ന വ്യക്തി​യു​ടെ വസ്‌ത്രം ഉരിഞ്ഞു മാറ്റി​യിട്ട്‌ ടാർ പുരട്ടിയ കയറു​കൊണ്ട്‌ 117 തവണ പുറത്ത്‌ അടിച്ചു. ഇത്ര​യൊ​ക്കെ കൊടും​ക്രൂ​ര​തകൾ സഹി​ക്കേണ്ടി വന്നിട്ടും അവർ എണ്ണത്തിൽ പെരുകി.

“പാവന പരീക്ഷണ”വുമായി വില്യം പെൻ

1681-കളുടെ പ്രാരം​ഭ​ത്തിൽ വടക്കേ അമേരി​ക്ക​യി​ലെ ക്വേ​ക്കേ​ഴ്‌സി​ന്റെ ജീവി​ത​ഗ​തി​ക്കു പാടേ മാറ്റം സംഭവി​ച്ചു. മതപരി​വർത്തനം ചെയ്‌ത്‌ സുഹൃദ്‌ സഭയിൽ ചേർന്ന ഒരു യുവ ഇംഗ്ലീ​ഷു​കാ​ര​നാ​യി​രുന്ന വില്യം പെൻ രാഷ്‌ട്ര​ത​ന്ത്ര​ത്തി​ലെ ഒരു “പാവന പരീക്ഷണം” എന്നു വിളിച്ച ഒന്നിനു മുതിർന്നു. അങ്ങനെ സുഹൃദ്‌ സഭക്കാ​രു​ടെ ആദർശ​പ്ര​കാ​ര​മു​ള്ള​തും അവർ ഭരണച​ക്രം തിരി​ക്കു​ന്ന​തു​മായ ഒരു കോളനി സ്ഥാപി​ത​മാ​യി. ഒരു ബ്രിട്ടീഷ്‌ സൈന്യാ​ധി​പന്റെ മകനും ഒരു യുദ്ധവി​രോ​ധി​യു​മായ പെൻ പ്രസം​ഗ​ത്തി​ലൂ​ടെ​യും എഴുത്തി​ലൂ​ടെ​യും തന്റെ ആശയങ്ങൾ പ്രചരി​പ്പി​ച്ച​തി​ന്റെ പേരിൽ തടവി​ലാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.

പെന്നിന്റെ പിതാ​വി​നോ​ടുള്ള കടബാ​ധ്യത തീർക്കാൻ ഇംഗ്ലണ്ടി​ലെ ചാൾസ്‌ രാജാവ്‌ വടക്കേ അമേരി​ക്ക​യിൽ വിസ്‌തൃ​ത​മായ ഒരു ഭൂപ്ര​ദേശം പെന്നിനു പതിച്ചു നൽകി. ഒരു രാജകീയ അധികാ​ര​പ​ത്രം മുഖേന ആ കോള​നി​യു​ടെ സമ്പൂർണ അധികാ​രം അദ്ദേഹത്തെ ഭരമേൽപ്പി​ച്ചു. പിതാ​വി​ന്റെ സ്‌മര​ണാർഥം അദ്ദേഹം ആ കോള​നിക്ക്‌ പെൻസിൽവേ​നിയ എന്നു പേരിട്ടു, “പെന്നിന്റെ വൃക്ഷക്കൂ​ട്ടം” എന്നാണ്‌ അതിനർഥം. ഏതു മതത്തിൽപ്പെ​ട്ട​വർക്കും അവിടെ ആരാധ​നാ​സ്വാ​ത​ന്ത്ര്യം ഉണ്ടായി​രു​ന്നു.

പെൻ ആദ്യം തന്റെ ബന്ധുവായ വില്യം മാർഖത്തെ അമേരി​ക്ക​യി​ലേക്ക്‌ അയച്ചു. തന്റെ പുതിയ കോള​നി​യി​ലെ ചുരുക്കം വരുന്ന യൂറോ​പ്പു​കാ​രു​ടെ വിശ്വാ​സ്യത ഉറപ്പു​വ​രു​ത്തു​ന്ന​തി​നും തദ്ദേശീ​യ​രായ അമേരി​ക്ക​ക്കാ​രിൽനി​ന്നു സ്ഥലം വാങ്ങു​ന്ന​തി​നും ഉള്ള ഒരു ഏജന്റാ​യി​ട്ടാണ്‌ അദ്ദേഹത്തെ അങ്ങോ​ട്ട​യ​ച്ചത്‌. 1682-ൽ ഡെലാ​വേർ നദിയി​ലൂ​ടെ യാത്ര​ചെ​യ്‌ത്‌ പെൻ ആ കോളനി സന്ദർശി​ച്ചു, തന്റെ ജീവി​ത​ത്തിൽ ആദ്യമാ​യി. അദ്ദേഹം തദ്ദേശ​വാ​സി​ക​ളു​മാ​യി ഷാക്കാ​മാ​ക്‌സ​നിൽ വെച്ച്‌ (ഇന്ന്‌ ഫിലാ​ഡെൽഫി​യ​യു​ടെ ഒരു ഭാഗമായ ഈ സ്ഥലം കേസി​ങ്‌ടൺ എന്നാണ​റി​യ​പ്പെ​ടു​ന്നത്‌) നീതി​പൂർവ​ക​വും നിഷ്‌പ​ക്ഷ​വു​മായ ഒരു ഉടമ്പടി ഉണ്ടാക്കി. അതിനു​ശേഷം, ഷാക്കാ​മാ​ക്‌സ​നിൽനിന്ന്‌ ഏകദേശം ഒരു കിലോ​മീ​റ്റർ മാറി അദ്ദേഹം പുതിയ ഒരു അധിവാസ മേഖല​യ്‌ക്കു പദ്ധതി​യി​ട്ടു. ഫിലാ​ഡെൽഫിയ എന്നായി​രു​ന്നു അതിനു നൽകിയ പേര്‌. “സഹോദര സ്‌നേഹം” എന്നാണ്‌ അതിനർഥം. അതിന്റെ വളർച്ച ശീഘ്ര​ഗ​തി​യി​ലാ​യി​രു​ന്നു.

പെൻ ഇംഗ്ലണ്ടി​ലേക്കു തിരി​കെ​പ്പോ​യി പുതിയ കോള​നി​യെ​ക്കു​റിച്ച്‌ പരസ്യ​പ്പെ​ടു​ത്തി; അങ്ങോട്ടു ചേക്കേ​റാൻ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്നതാ​യി​രു​ന്നു ഉദ്ദേശ്യം. രമണീ​യ​മായ ഭൂപ്ര​ദേ​ശങ്ങൾ, കാടുകൾ, മനോ​ഹ​ര​മായ ഒരു നദി, വന്യമൃ​ഗങ്ങൾ, മൃഗ​രോ​മം ഇവയെ​ക്കു​റി​ച്ചെ​ല്ലാം അദ്ദേഹം വിവരി​ച്ചെ​ഴു​തി. അദ്ദേഹം വിഭാവന ചെയ്‌ത പുതിയ ഗവൺമെന്റ്‌ മതസഹി​ഷ്‌ണു​ത​യും സമാധാ​ന​പൂർണ​മായ സഹവർത്തി​ത്ത​വും ഉന്നമി​പ്പി​ക്കുന്ന ഒന്നായി​രു​ന്നു. വ്യാപാ​രി​കൾ, തൊഴി​ലാ​ളി​കൾ, നിർധനർ, നല്ല ഗവൺമെ​ന്റി​നു രൂപം നൽകാൻ പ്രാപ്‌ത​രും തത്‌പ​ര​രും ആയവർ എന്നിങ്ങനെ എല്ലാത്തരം ആളുകൾക്കും സ്വാഗ​ത​മേ​കു​ന്ന​താ​യി​രു​ന്നു അത്‌.

യൂറോ​പ്പി​ലെ സാമൂ​ഹി​ക​വും രാഷ്‌ട്രീ​യ​വു​മായ പിരി​മു​റു​ക്ക​ങ്ങ​ളിൽനി​ന്നു മോചനം ലഭിക്കു​മെന്ന പ്രതീക്ഷ ഇംഗ്ലണ്ടിൽനി​ന്നും ഉത്തര അയർല​ണ്ടിൽനി​ന്നു​മുള്ള ക്വേ​ക്കേ​ഴ്‌സി​നെ ആകർഷി​ച്ചു. മെന​നൈ​റ്റു​ക​ളും സമാന​മായ മറ്റു കൂട്ടങ്ങ​ളും യൂറോ​പ്പി​ലെ റൈൻ നദീ മേഖല​യിൽനിന്ന്‌ അവി​ടേക്ക്‌ ചേക്കേറി. ആദ്യ​മെ​ത്തി​യ​വ​രിൽ കൂടു​ത​ലും ക്വേ​ക്കേ​ഴ്‌സ്‌ ആയിരു​ന്നു, കോള​നി​യു​ടെ ശോഭ​ന​ഭാ​വി​യെ​ക്കു​റിച്ച്‌ പെൻ അവർക്ക്‌ ഉറപ്പു​കൊ​ടു​ത്തു. 1683-ൽ അദ്ദേഹം എഴുതി: “രണ്ടു പൊതു​സ​മ്മേ​ള​നങ്ങൾ നടത്തു​ക​യു​ണ്ടാ​യി, . . . യാതൊ​രു എതിർപ്പു​മി​ല്ലാ​തെ കുറഞ്ഞ​പക്ഷം എഴുപതു നിയമങ്ങൾ പാസാക്കി.” എന്നാൽ, അവരുടെ ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തിന്‌ അധികം ആയുസ്സു​ണ്ടാ​യി​രു​ന്നില്ല.

പരീക്ഷണം പരാജ​യ​ത്തി​ലേക്ക്‌

പെന്നിന്റെ കോള​നി​യു​ടെ നിയമ​വ്യ​വസ്ഥ എല്ലാവർക്കും മനസ്സാക്ഷി സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു. ക്രമസ​മാ​ധാ​നം നിലനി​റു​ത്തു​ന്ന​തിന്‌ ബലപ്ര​യോ​ഗം നടത്തേണ്ടി വന്നപ്പോൾ ക്വേ​ക്കേ​ഴ്‌സി​ന്റെ യുദ്ധവി​രുദ്ധ നിലപാട്‌ പ്രശ്‌നം സൃഷ്ടിച്ചു. കാലം കടന്നു​പോ​യ​തോ​ടെ അത്‌ ഏറെ രൂക്ഷമാ​കു​ക​യും ചെയ്‌തു. തുടക്ക​ത്തിൽ, പെൻ ഈ സഭക്കാ​ര​ല്ലാത്ത ഡെപ്യൂ​ട്ടി​കളെ നിയമി​ച്ചു​കൊണ്ട്‌ ഈ പ്രശ്‌നത്തെ നേരി​ടാൻ തീരു​മാ​നി​ച്ചു. അദ്ദേഹ​ത്തി​ന്റെ വാക്കു​ക​ളിൽ പറഞ്ഞാൽ, “ആവശ്യ​മാ​യി വരു​മ്പോൾ സഹമനു​ഷ്യ​രോ​ടു കർക്കശ​മാ​യി​ത്തന്നെ” ഇടപെ​ട്ടു​കൊണ്ട്‌ അവർ പ്രശ്‌നത്തെ അടിച്ച​മർത്തു​മാ​യി​രു​ന്നു. 1689-ൽ ഫ്രാൻസു​മാ​യി യുദ്ധത്തി​നുള്ള സാധ്യ​തകൾ കണ്ടുതു​ട​ങ്ങി​യ​തോ​ടെ വീണ്ടും മനസ്സാ​ക്ഷി​പ്ര​ശ്‌നം തലപൊ​ക്കി.

പുതു​താ​യി ഒരു വലിയ കൂട്ടം താമസ​ക്കാർ എത്തിയത്‌ പ്രശ്‌നം കൂടുതൽ രൂക്ഷമാ​ക്കി​ത്തീർത്തു. അവരിൽ ബഹുഭൂ​രി​പ​ക്ഷ​വും ക്വേ​ക്കേ​ഴ്‌സ്‌ അല്ലായി​രു​ന്നു​വെന്നു മാത്രമല്ല അവർ അന്നാട്ടു​കാ​രായ അമേരി​ക്ക​ക്കാ​രു​ടെ സ്ഥലം കയ്യേറു​ക​യും ചെയ്‌തു എന്നതാ​യി​രു​ന്നു കാരണം. അങ്ങനെ, ക്വേ​ക്കേ​ഴ്‌സ്‌ ന്യൂന​പ​ക്ഷ​മാ​യ​തോ​ടെ തദ്ദേശീയ ജനങ്ങളു​മാ​യുള്ള അവരുടെ ബന്ധം ഒന്നി​നൊ​ന്നു വഷളാ​കാൻ തുടങ്ങി.

ഗവർണ​റും അദ്ദേഹ​ത്തി​ന്റെ ഉപദേ​ശ​ക​സ​മി​തി​യും 1756-ൽ ഡെലാ​വേർ, ഷോനീ എന്നീ ഗോ​ത്ര​ങ്ങ​ളു​മാ​യി യുദ്ധം പ്രഖ്യാ​പി​ച്ചത്‌ ക്വേ​ക്കേ​ഴ്‌സി​ന്റെ രാഷ്‌ട്രീയ അധികാ​ര​ത്തിന്‌ ഏറ്റ അന്തിമ പ്രഹര​മാ​യി​രു​ന്നു. തത്‌ഫ​ല​മാ​യി, അവർ ഗവൺമെ​ന്റിൽനി​ന്നു പിന്മാറി, അതോടെ അവരുടെ രാഷ്‌ട്രീയ വ്യവസ്ഥി​തി അവസാ​നി​ച്ചു. അങ്ങനെ ഏകദേശം 75 വർഷത്തി​നു​ശേഷം പെൻ വിഭാവന ചെയ്‌ത രാഷ്‌ട്ര​ത​ന്ത്ര​ത്തി​ലെ “പാവന പരീക്ഷണ”ത്തിനു തിരശ്ശീ​ല​വീ​ണു.

കാല​ക്ര​മ​ത്തിൽ, സാമ്പത്തിക പുരോ​ഗതി കൈവ​രി​ച്ച​തോ​ടെ ഈ സഭക്കാ​രു​ടെ മതതീ​ക്ഷ്‌ണ​ത​യും ക്ഷയിക്കാൻ തുടങ്ങി. ഈ സഭയിൽപ്പെട്ട സാമുവൽ ഫോഥർഗിൽ ഇപ്രകാ​രം പറഞ്ഞു: “[ക്വേ​ക്കേ​ഴ്‌സ്‌] തങ്ങളുടെ മനസ്സും ഹൃദയ​വും ലൗകിക കാര്യ​ങ്ങ​ളിൽ കേന്ദ്രീ​ക​രി​ക്കാൻ തുടങ്ങി​യ​തോ​ടെ തങ്ങൾ പിൻപ​റ്റി​പ്പോ​ന്നി​രുന്ന തത്ത്വങ്ങൾ മക്കളെ പഠിപ്പി​ക്കാൻ അവർക്കു കഴിയാ​തെ പോയി, കാരണം അവർതന്നെ അവ മറന്നു​പോ​യി​രു​ന്നു.” ക്രമേണ അവരുടെ അവാന്ത​ര​വി​ഭാ​ഗ​ങ്ങ​ളും ഉണ്ടായി.

പെന്നി​നും അദ്ദേഹ​ത്തി​ന്റെ അനുയാ​യി​കൾക്കും ഉത്‌കൃ​ഷ്ട​മായ ലക്ഷ്യങ്ങൾ ഉണ്ടായി​രു​ന്നു, ഒപ്പം താത്‌കാ​ലിക വിജയ​വും. എന്നിരു​ന്നാ​ലും അവർ യേശു​വി​ന്റെ പഠിപ്പി​ക്കൽ തെറ്റി​ദ്ധ​രി​ക്കു​ക​യോ അവഗണി​ക്കു​ക​യോ ചെയ്‌തു. യേശു​വും അവന്റെ ശിഷ്യ​ന്മാ​രും ‘ലൌകി​ക​ന്മാ​ര​ല്ലാ​യി​രു​ന്നു.’ (യോഹ​ന്നാൻ 17:16) അതു​കൊണ്ട്‌ ഏതൊരു സംരം​ഭ​വും അടിസ്ഥാ​ന​പ​ര​മാ​യി എത്രതന്നെ സദു​ദ്ദേ​ശ്യ​ത്തോ​ടെ ഉള്ളതാ​ണെ​ങ്കി​ലും ശരി, മത-രാഷ്‌ട്രീയ മൈ​ത്രിക്ക്‌ ശ്രമി​ക്കു​ന്നി​ട​ത്തോ​ളം അവർക്ക്‌ ദൈവ​ത്തി​ന്റെ​യോ അവന്റെ പുത്ര​ന്റെ​യോ അനു​ഗ്രഹം ഉണ്ടായി​രി​ക്കില്ല. (യാക്കോബ്‌ 4:4; 1 യോഹ​ന്നാൻ 5:19) തന്മൂലം അവർ വിജയി​ക്കു​ക​യു​മില്ല.—സങ്കീർത്തനം 127:1.

[അടിക്കു​റിപ്പ്‌]

a ഇന്ന്‌, സുഹൃദ്‌ സഭക്കാ​രു​ടെ പല പള്ളിക​ളി​ലും കൂടുതൽ സംഘടി​ത​മായ വിധത്തിൽ ശുശ്രൂഷ നിർവ​ഹി​ക്കുന്ന ശമ്പളം പറ്റുന്ന ശുശ്രൂ​ഷകൻ ഉണ്ട്‌.

[12-ാം പേജിലെ ചതുരം]

“എന്റെ രാജ്യം ഐഹി​കമല്ല”

യോഹ​ന്നാൻ 18:36-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആ വാക്കുകൾ യേശു പറയാൻ കാരണ​മെ​ന്താ​യി​രു​ന്നു? ദൈവ​രാ​ജ്യം എന്താ​ണെന്നു മനസ്സി​ലാ​ക്കി​യാൽ ആ വാക്കുകൾ നമുക്കു കൂടുതൽ വ്യക്തമാ​യി​ത്തീ​രും. യേശു​ക്രി​സ്‌തു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളു​ടെ കേന്ദ്ര​ബി​ന്ദു​വാ​യി​രുന്ന ഈ ദൈവ​രാ​ജ്യം വാസ്‌ത​വ​ത്തിൽ അവന്റെ കൈക​ളി​ലെ ഒരു ലോക​ഗ​വൺമെ​ന്റാണ്‌. (യെശയ്യാ​വു 9:6, 7; ലൂക്കൊസ്‌ 4:43) മാനുഷ ഗവൺമെ​ന്റു​കളെ ഉപയോ​ഗി​ച്ചു ഭരിക്കു​ന്ന​തി​നു പകരം ദൈവ​രാ​ജ്യം അവയെ​യെ​ല്ലാം ഉന്മൂല​മാ​ക്കു​ക​യും ഭൂമി​യു​ടെ മുഴു​ഭ​ര​ണ​വും നടത്തുന്ന ഏക ഗവൺമെ​ന്റാ​യി​ത്തീ​രു​ക​യും ചെയ്യും. (ദാനീ​യേൽ 2:44; 7:13, 14) യേശു തന്റെ മാതൃകാ പ്രാർഥ​ന​യിൽ പരാമർശി​ച്ചത്‌ ഇതിനെ സംബന്ധി​ച്ചാണ്‌. അവൻ പറഞ്ഞു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ.” (മത്തായി 6:9, 10) ആ രാജ്യ​ത്തി​ന്റെ അനുസ​ര​ണ​മുള്ള പ്രജകൾ ശ്രേഷ്‌ഠ​മായ ഒരു ജീവിതം ആസ്വദി​ക്കും. പൂർണ ആരോ​ഗ്യ​ത്തോ​ടും സമാധാ​ന​ത്തോ​ടും കൂടെ പറുദീ​സാ​ഭൂ​മി​യി​ലെ എന്നേക്കു​മുള്ള ജീവി​ത​മാ​ണത്‌, വില്യം പെന്നി​നെ​പ്പോ​ലുള്ള ആത്മാർഥ​ഹൃ​ദ​യ​രാ​യ​വർക്ക്‌ ഒരിക്ക​ലും നടപ്പിൽ വരുത്താൻ സാധി​ക്കാത്ത ഒന്നുതന്നെ.—ലൂക്കൊസ്‌ 23:43; വെളി​പ്പാ​ടു 21:3-5.

[10-ാം പേജിലെ ചിത്രം]

ഫിലാഡെൽഫിയയിലെ ക്വേ​ക്കേ​ഴ്‌സ്‌ യോഗം, 1800-കൾ

[10-ാം പേജിലെ ചിത്രം]

ക്വേക്കർ മേരി ഡയർ വധസ്ഥല​ത്തേക്ക്‌, മസാച്ചു​സെ​റ്റ്‌സി​ലെ ബേ കോളനി

[11-ാം പേജിലെ ചിത്രം]

ക്വേക്കേഴ്‌സ്‌ ഇംഗ്ലണ്ടു വിടുന്നു, 1600-കൾ

[11-ാം പേജിലെ ചിത്രം]

വില്യം പെൻ തദ്ദേശ അമേരി​ക്ക​ക്കാ​രു​മാ​യി ഉടമ്പടി ചെയ്യുന്നു, 1682

[10-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഇരു ചിത്രങ്ങളും: © North Wind Picture Archives

[11-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ബോട്ടുകൾ: © North Wind Picture Archives; ഉടമ്പടി: Brown Brothers