വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“എന്തു​കൊണ്ട്‌?” എന്നു ചോദി​ക്കു​ന്ന​തി​ലൂ​ടെ ഒരു വ്യക്തി ചില​പ്പോൾ ആശ്വാ​സ​ത്തി​നും ശരിയായ ഉത്തരങ്ങൾക്കു​മാ​യി കേഴു​ക​യാ​യി​രി​ക്കാം ചെയ്യു​ന്നത്‌. താങ്ങാ​നാ​വാത്ത നഷ്ടം സംഭവി​ച്ചി​രി​ക്കുന്ന ഒരു സാഹച​ര്യ​ത്തി​ലാണ്‌ അങ്ങനെ ചോദി​ക്കു​ന്ന​തെ​ങ്കിൽ അദ്ദേഹ​ത്തിന്‌ അടിയ​ന്തി​ര​മാ​യും ആശ്വാസം ലഭി​ക്കേ​ണ്ട​തുണ്ട്‌. ബൈബിൾ അത്തരം ആശ്വാസം പ്രദാനം ചെയ്യു​ന്നു​ണ്ടോ? ഈ വിഷയ​വു​മാ​യി ബന്ധപ്പെട്ട്‌ ബൈബിൾ വെളി​പ്പെ​ടു​ത്തുന്ന അതി​പ്ര​ധാ​ന​മായ മൂന്നു സത്യങ്ങൾ പരിചി​ന്തി​ക്കുക.

ഒന്ന്‌: ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ എന്നു ചോദി​ക്കു​ന്നത്‌ ഒരു അപരാ​ധമല്ല. അത്തര​മൊ​രു ചോദ്യം ചോദി​ക്കു​ന്നത്‌ തങ്ങൾക്കു ദൈവ​ത്തിൽ വിശ്വാ​സ​മി​ല്ലെ​ന്നോ അവനോട്‌ ആദരവി​ല്ലെ​ന്നോ പ്രകട​മാ​ക്കു​മെന്ന്‌ ചിലർ വ്യാകു​ല​പ്പെ​ടു​ന്നു. എന്നാൽ ഹൃദയ പരമാർഥ​ത​യോ​ടെ​യാ​ണു നിങ്ങൾ ചോദി​ക്കു​ന്ന​തെ​ങ്കിൽ അങ്ങനെ വിചാ​രി​ക്കേ​ണ്ട​തില്ല, കാരണം വിശ്വ​സ്‌ത​രായ മറ്റു പലരും അങ്ങനെ ചോദി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ പ്രവാ​ച​ക​നായ ഹബക്കൂക്‌ ഒരിക്കൽ ദൈവ​ത്തോട്‌ ഇങ്ങനെ ചോദി​ച്ചു: “തിന്മക​ളും ദുരി​ത​ങ്ങ​ളും കാണാൻ എനിക്ക്‌ അങ്ങ്‌ എന്തു​കൊണ്ട്‌ ഇടവരു​ത്തു​ന്നു? നാശവും അക്രമ​വും ഇതാ എന്റെ കൺമു​മ്പിൽ! കലഹവും മത്സരവും തല ഉയർത്തു​ന്നു.” (ഹബക്കൂക്‌ 1:3, പി.ഒ.സി. ബൈബിൾ) അതിന്റെ പേരിൽ യഹോ​വ​യാം ദൈവം ഹബക്കൂ​ക്കി​നെ ശാസി​ച്ചില്ല. പകരം നമു​ക്കെ​ല്ലാ​വർക്കും വായി​ക്കാൻ കഴി​യേ​ണ്ട​തിന്‌ ആ ചോദ്യ​ങ്ങൾ തന്റെ വചനത്തിൽ രേഖ​പ്പെ​ടു​ത്താൻ അവൻ ഇടയാക്കി.—റോമർ 15:4.

രണ്ട്‌: കഷ്ടം സഹിക്കു​ന്ന​വ​രോ​ടു ദൈവ​ത്തിന്‌ അനുകമ്പ തോന്നു​ന്നു​വെന്നു നാം തിരി​ച്ച​റി​യു​ന്നതു പ്രധാ​ന​മാണ്‌. മനുഷ്യ​ന്റെ കാര്യ​ത്തിൽ ഒട്ടും താത്‌പ​ര്യ​മി​ല്ലാത്ത ഒരു നിഗൂഢ ശക്തിയല്ല ദൈവം. ‘ന്യായ​പ്രി​യ​നായ’ അവൻ ദുഷ്ടത വെറു​ക്കു​ക​യും അതിന്റെ ഫലമാ​യുള്ള കഷ്ടപ്പാ​ടു​കൾ കാണു​ന്ന​തിൽ വേദനി​ക്കു​ക​യും ചെയ്യുന്നു. (സങ്കീർത്തനം 37:28; സദൃശ​വാ​ക്യ​ങ്ങൾ 6:16-19) പണ്ട്‌ നോഹ​യു​ടെ നാളിൽ അക്രമം വ്യാപ​ക​മാ​യി​ത്തീർന്ന​പ്പോൾ ദൈവ​ത്തി​ന്റെ “ഹൃദയ​ത്തി​ന്നു ദുഃഖ​മാ​യി.” (ഉല്‌പത്തി 6:5, 6) ദൈവ​ത്തി​നു മാറ്റ​മൊ​ന്നും സംഭവി​ച്ചി​ട്ടില്ല; ഇന്നത്തെ സ്ഥിതി​വി​ശേഷം കാണു​മ്പോ​ഴും അങ്ങനെ​ത​ന്നെ​യാണ്‌ അവന്‌ അനുഭ​വ​പ്പെ​ടു​ന്നത്‌.—മലാഖി 3:6.

മൂന്ന്‌: ദൈവ​ത്തിൽനിന്ന്‌ ഒരിക്ക​ലും ദുഷ്ടത ഉത്ഭവി​ക്കു​ക​യില്ല. ബൈബിൾ ഇക്കാര്യം സ്‌പഷ്ട​മാ​യി പ്രകട​മാ​ക്കു​ന്നു. കൊല​പാ​ത​ക​വും ഭീകര​പ്ര​വർത്ത​ന​വും പോലുള്ള കാര്യ​ങ്ങൾക്കു ദൈവത്തെ കുറ്റ​പ്പെ​ടു​ത്തു​ന്നവർ യഥാർഥ​ത്തിൽ അവനെ നിന്ദി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. ഇയ്യോബ്‌ 34:10 പറയു​ന്നതു ശ്രദ്ധി​ക്കുക: “ദൈവം ദുഷ്ടത​യോ സർവ്വശക്തൻ നീതി​കേ​ടോ ഒരിക്ക​ലും ചെയ്‌ക​യില്ല.” സമാന​മാ​യി യാക്കോബ്‌ 1:13 ഇങ്ങനെ പറയുന്നു: “പരീക്ഷി​ക്ക​പ്പെ​ടു​മ്പോൾ ഞാൻ ദൈവ​ത്താൽ പരീക്ഷി​ക്ക​പ്പെ​ടു​ന്നു എന്നു ആരും പറയരു​തു. ദൈവം ദോഷ​ങ്ങ​ളാൽ പരീക്ഷി​ക്ക​പ്പെ​ടാ​ത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷി​ക്കു​ന്ന​തു​മില്ല.” അതു​കൊണ്ട്‌ നിങ്ങൾക്കു കഷ്ടപ്പാ​ടു​കൾ നേരി​ട്ടി​ട്ടു​ണ്ടെ​ങ്കിൽ അതിനു കാരണം ദൈവ​മ​ല്ലെന്ന്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക.

ലോകത്തെ ആർ ഭരിക്കു​ന്നു?

ദൈവം നീതി​മാ​നാ​ണെ​ങ്കിൽ, അവനു സ്‌നേ​ഹ​വും ശക്തിയു​മു​ണ്ടെ​ങ്കിൽ ഭൂമി​യിൽ തിന്മ കൊടി​കു​ത്തി​വാ​ഴു​ന്നത്‌ എന്തു​കൊണ്ട്‌ എന്ന ചോദ്യം പിന്നെ​യും അവശേ​ഷി​ക്കു​ന്നു. ആദ്യം​തന്നെ, പൊതു​വെ​യുള്ള ഒരു തെറ്റി​ദ്ധാ​രണ തിരു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. സർവശ​ക്ത​നായ ദൈവ​മാണ്‌ ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പ​നെ​ന്നും എല്ലാം അവന്റെ സമ്പൂർണ നിയ​ന്ത്ര​ണ​ത്തിൻ കീഴി​ലാ​ണെ​ന്നും അനേകർ വിചാ​രി​ക്കു​ന്നു. “ദൈവ​ത്തി​ന്റെ നിയ​ന്ത്ര​ണ​ത്തി​ല​ല്ലാത്ത ഒരു അണുവോ തന്മാ​ത്ര​യോ പോലും പ്രപഞ്ച​ത്തി​ലില്ല” എന്ന്‌ ഒരു ദൈവ​ശാ​സ്‌ത്ര സെമി​നാ​രി​യു​ടെ പ്രസി​ഡന്റ്‌ പറയു​ക​യു​ണ്ടാ​യി. ബൈബിൾ യഥാർഥ​ത്തിൽ അങ്ങനെ പഠിപ്പി​ക്കു​ന്നു​ണ്ടോ?

ഒരിക്ക​ലു​മി​ല്ല. ലോകത്തെ ഭരിക്കു​ന്നത്‌ ആരാണ്‌ എന്നതി​നെ​ക്കു​റി​ച്ചു ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നതു മനസ്സി​ലാ​ക്കു​മ്പോൾ അനേക​രും അത്ഭുത​പ്പെ​ട്ടു​പോ​കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ 1 യോഹ​ന്നാൻ 5:19 ഇങ്ങനെ പറയുന്നു: “സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു.” ആരാണ്‌ ഈ ദുഷ്ടൻ? അതു പിശാ​ചായ സാത്താ​നാ​ണെന്ന്‌ യേശു​ക്രി​സ്‌തു വെളി​പ്പെ​ടു​ത്തി. “ലോക​ത്തി​ന്റെ പ്രഭു” എന്ന്‌ യേശു അവനെ വിളി​ക്കു​ക​യും ചെയ്‌തു. (യോഹ​ന്നാൻ 14:30) ലോകത്ത്‌ ഇത്രയും കുഴപ്പങ്ങൾ ഉള്ളത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നി​ല്ലേ? മനുഷ്യൻ അനുഭ​വി​ക്കുന്ന ഒട്ടുമിക്ക കഷ്ടപ്പാ​ടു​കൾക്കും മൂലകാ​ര​ണ​മായ ക്രൂര​ത​യും വഞ്ചനയും വിദ്വേ​ഷ​വു​മെ​ല്ലാം സാത്താന്റെ മുഖമു​ദ്ര​യാണ്‌. അപ്പോൾപ്പി​ന്നെ ലോകത്തെ ഭരിക്കാൻ ദൈവം സാത്താനെ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ഏദെനിൽ ഉയർന്നു​വന്ന ഒരു വിവാദം

സ്‌നേ​ഹ​വും പ്രാപ്‌തി​യു​മുള്ള ഒരു പിതാവ്‌ മക്കളോ​ടു നുണ പറയു​ന്ന​താ​യും അധികാ​രം ദുർവി​നി​യോ​ഗം ചെയ്യു​ന്ന​താ​യും പ്രയോ​ജ​ന​മുള്ള കാര്യങ്ങൾ അവരിൽനി​ന്നു പിടി​ച്ചു​വെ​ക്കു​ന്ന​താ​യും ആരെങ്കി​ലും പരസ്യ​മാ​യി ആരോ​പി​ച്ചാൽ അദ്ദേഹ​ത്തിന്‌ എന്തു തോന്നും? ദുഷ്ടമായ അത്തരം ആരോ​പ​ണങ്ങൾ തെറ്റാ​ണെന്നു തെളി​യി​ക്കാൻ ആരോ​പണം ഉന്നയിച്ച വ്യക്തിയെ അദ്ദേഹം കയ്യേറ്റം ചെയ്യു​മോ? തീർച്ച​യാ​യു​മില്ല! ആ വിധത്തിൽ പ്രതി​ക​രി​ച്ചാൽ ആരോ​പ​ണ​ങ്ങ​ളിൽ കഴമ്പു​ണ്ടെന്ന്‌ മറ്റുള്ളവർ വിശ്വ​സി​ക്കാ​നി​ട​യാ​കും.

മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ തുടക്ക​ത്തിൽ ഏദെൻ എന്ന സ്ഥലത്തു​വെച്ച്‌ യഹോ​വ​യാം ദൈവ​ത്തി​നെ​തി​രെ ഉയർന്നു​വന്ന ഒരു വെല്ലു​വി​ളി അവൻ കൈകാ​ര്യം ചെയ്‌ത വിധം വിശദ​മാ​ക്കാൻ ഈ ദൃഷ്ടാന്തം സഹായി​ക്കു​ന്നു. ഭൂമി​യി​ലെ തന്റെ മക്കൾക്കാ​യുള്ള മഹത്തായ ഒരു നിയോ​ഗ​ത്തെ​ക്കു​റിച്ച്‌ ആദ്യ മനുഷ്യ​രാ​യി​രുന്ന ആദാമി​നോ​ടും ഹവ്വാ​യോ​ടും അവി​ടെ​വെച്ച്‌ ദൈവം പറഞ്ഞി​രു​ന്നു. അവർ മക്കളെ ജനിപ്പി​ക്കു​ക​യും ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ കീഴട​ക്കു​ക​യും ഒരു ആഗോള പറുദീ​സ​യാ​ക്കി അതിനെ മാറ്റു​ക​യും ചെയ്യണ​മാ​യി​രു​ന്നു. (ഉല്‌പത്തി 1:28) ദൈവ​ത്തി​ന്റെ കോടി​ക്ക​ണ​ക്കിന്‌ ആത്മപു​ത്ര​ന്മാ​രും ആവേശ​ജ​ന​ക​മായ ഈ സംരം​ഭ​ത്തിൽ അതീവ തത്‌പ​ര​രാ​യി​രു​ന്നു.—ഇയ്യോബ്‌ 38:4, 6; ദാനീ​യേൽ 7:10.

ഉദാര​മ​തി​യാ​യ ദൈവ​മെന്ന നിലയിൽ, രുചി​ക​ര​മായ എല്ലാത്തരം പഴങ്ങളും സമൃദ്ധ​മാ​യി വിളഞ്ഞി​രുന്ന സുന്ദര​മായ ഒരു ഉദ്യാന ഭവനം യഹോവ ആദാമി​നും ഹവ്വായ്‌ക്കും നൽകി. “നന്മതി​ന്മ​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ വൃക്ഷത്തിൻ ഫലം” മാത്രമേ അവർക്കു നിഷി​ദ്ധ​മാ​യി​രു​ന്നു​ള്ളൂ. ആ വൃക്ഷഫലം തിന്നാ​തി​രി​ക്കു​ന്ന​തു​വഴി, തന്റെ മക്കളുടെ കാര്യ​ത്തിൽ നന്മ എന്താണ്‌ തിന്മ എന്താണ്‌ എന്നു തീരു​മാ​നി​ക്കാ​നുള്ള അവകാശം തങ്ങളുടെ സ്വർഗീയ പിതാ​വിന്‌ ഉണ്ടെന്ന്‌ അംഗീ​ക​രി​ച്ചു​കൊണ്ട്‌ അവനി​ലുള്ള സമ്പൂർണ ആശ്രയം പ്രകട​മാ​ക്കാൻ ആദാമി​നും ഹവ്വായ്‌ക്കും കഴിയു​മാ​യി​രു​ന്നു.—ഉല്‌പത്തി 2:16, 17.

സങ്കടക​ര​മെ​ന്നു പറയട്ടെ, മറ്റുള്ള​വ​രു​ടെ ആരാധന പിടി​ച്ചു​പ​റ്റാൻ ആഗ്രഹിച്ച ദൈവ​ത്തി​ന്റെ ആത്മപു​ത്ര​ന്മാ​രിൽ ഒരുവൻ, വിലക്ക​പ്പെട്ട ഫലം ഭക്ഷിച്ചാൽ ‘നിശ്ചയ​മാ​യും മരിക്ക​യില്ല’ എന്ന്‌ ഹവ്വായെ പറഞ്ഞു​ധ​രി​പ്പി​ച്ചു. (ഉല്‌പത്തി 2:17; 3:1-5) അങ്ങനെ സാത്താ​നെന്ന ആ ദുഷ്ട ദൂതൻ, ദൈവത്തെ ഫലത്തിൽ ഒരു നുണയ​നെന്നു വിളി​ച്ചു​കൊണ്ട്‌ അവനെ​തി​രെ മത്സരിച്ചു. ജീവത്‌പ്ര​ധാ​ന​മായ പരിജ്ഞാ​നം ദൈവം ആദാമിൽനി​ന്നും ഹവ്വായിൽനി​ന്നും മറച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അവൻ ആരോ​പി​ച്ചു. നന്മ എന്തെന്നും തിന്മ എന്തെന്നും സ്വയമാ​യി തീരു​മാ​നി​ക്കാ​നുള്ള അവകാശം മനുഷ്യന്‌ ഉണ്ടായി​രി​ക്ക​ണ​മെ​ന്നാ​ണു സാത്താൻ അർഥമാ​ക്കി​യത്‌. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, ഭരണകർത്താ​വും പിതാ​വു​മെന്ന നിലയിൽ ദൈവം ഒരു വൻപരാ​ജ​യ​മാ​ണെന്ന്‌ അവൻ ആരോ​പി​ക്കു​ക​യും തനിക്കു കാര്യങ്ങൾ മെച്ചമാ​യി കൈകാ​ര്യം ചെയ്യാ​നാ​കു​മെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യു​മാ​ണു ചെയ്‌തത്‌.

കുടി​ല​വും ദുഷ്ടവു​മായ അത്തരം ഭോഷ്‌കു​കൾ പറയു​ക​വഴി ആ ദൂതൻ പിശാ​ചായ സാത്താ​നാ​യി​ത്തീർന്നു. “ദൂഷകൻ” എന്നും “എതിരാ​ളി” എന്നുമാണ്‌ ആ പേരു​കൾക്ക്‌ അർഥം. ആദാമും ഹവ്വായും എന്താണു ചെയ്‌തത്‌? ദൈവ​ത്തി​നു പുറം​തി​രി​ഞ്ഞു​കൊണ്ട്‌ അവർ സാത്താന്റെ പക്ഷം ചേർന്നു.—ഉല്‌പത്തി 3:6.

ആ മത്സരി​കളെ തത്‌ക്ഷണം നശിപ്പി​ച്ചു​ക​ള​യാൻ യഹോ​വ​യ്‌ക്കു കഴിയു​മാ​യി​രു​ന്നു. എന്നാൽ മുമ്പു ദൃഷ്ടാ​ന്ത​ത്തിൽ പറഞ്ഞതു​പോ​ലെ, ഇത്തരം വിവാ​ദങ്ങൾ ആ വിധത്തിൽ പരിഹ​രി​ക്കാ​നാ​വില്ല. സാത്താൻ ദൈവത്തെ വെല്ലു​വി​ളി​ച്ച​പ്പോൾ കോടി​ക്ക​ണ​ക്കി​നു ദൂതന്മാർ അതു കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു എന്ന കാര്യ​വും ഓർക്കുക. വാസ്‌ത​വ​ത്തിൽ അവരിൽ അസംഖ്യം പേർ പിന്നീട്‌ അവന്റെ മത്സരത്തിൽ പങ്കു​ചേ​രു​ക​യും ഭൂതങ്ങ​ളാ​യി​ത്തീ​രു​ക​യും ചെയ്‌തു.—മർക്കൊസ്‌ 1:34; 2 പത്രൊസ്‌ 2:4; യൂദാ 6.

ദൈവം ഇടപെ​ടാ​തി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ആദാമും ഹവ്വായും സ്രഷ്ടാ​വി​നെ ആശ്രയി​ക്കാ​തെ​യുള്ള ഒരു സ്വതന്ത്ര ജീവിതം തിര​ഞ്ഞെ​ടു​ക്കാൻ സാത്താൻ കൗശല​പൂർവം ഇടയാ​ക്കി​യ​പ്പോൾ ഫലത്തിൽ അവൻ ജന്മം കൊടു​ത്തത്‌, യഥാർഥ​ത്തിൽ സ്വത​ന്ത്ര​മായ ഒരു കുടും​ബ​ത്തി​നല്ല പിന്നെ​യോ തന്റെതന്നെ നിയ​ന്ത്ര​ണ​ത്തിൻ കീഴി​ലുള്ള ഒരു കുടും​ബ​ത്തി​നാ​യി​രു​ന്നു. തങ്ങളുടെ ‘പിതാ​വായ’ പിശാ​ചി​നാൽ അറിഞ്ഞോ അറിയാ​തെ​യോ സ്വാധീ​നി​ക്ക​പ്പെ​ട്ടു​കൊണ്ട്‌ ആ കുടും​ബം സ്വന്തം ലക്ഷ്യങ്ങ​ളും നിലവാ​ര​ങ്ങ​ളും തിര​ഞ്ഞെ​ടു​ക്കാൻ തുടങ്ങി. (യോഹ​ന്നാൻ 8:44) അത്തര​മൊ​രു ജീവിതം അവർക്കു യഥാർഥ സ്വാത​ന്ത്ര്യ​വും നിലനിൽക്കുന്ന സന്തോ​ഷ​വും കൈവ​രു​ത്തു​മാ​യി​രു​ന്നോ? ഇല്ലെന്ന്‌ യഹോ​വ​യ്‌ക്കു വ്യക്തമാ​യി അറിയാ​മാ​യി​രു​ന്നു. എങ്കിലും തന്നിഷ്ട​പ്ര​കാ​രം ജീവി​ക്കാൻ അവൻ ആ മത്സരി​കളെ അനുവ​ദി​ച്ചു—ഏദെനിൽ ഉയർന്നു​വന്ന വിവാ​ദ​ത്തിന്‌ എന്നേക്കു​മാ​യി തീർപ്പു കൽപ്പി​ക്കാൻ അങ്ങനെ മാത്രമേ കഴിയു​മാ​യി​രു​ന്നു​ള്ളൂ.

ദൈവ​ത്തിൽനിന്ന്‌ അന്യപ്പെട്ട ഈ വ്യവസ്ഥി​തി നിലവിൽവ​ന്നിട്ട്‌ 6,000-ത്തിലേറെ വർഷങ്ങൾ കഴിഞ്ഞി​രി​ക്കു​ന്നു. ഈ കാലയ​ള​വിൽ എല്ലാത്തരം ഭരണ​ക്ര​മ​ങ്ങ​ളും ധാർമിക സംഹി​ത​ക​ളും മനുഷ്യൻ പരീക്ഷി​ച്ചു​നോ​ക്കി​യി​രി​ക്കു​ന്നു. ഇന്നത്തെ അവസ്ഥക​ളിൽ നിങ്ങൾ സംതൃ​പ്‌ത​രാ​ണോ? മനുഷ്യർ ഇന്നു യഥാർഥ സന്തോ​ഷ​വും സമാധാ​ന​വും ഐക്യ​വും അനുഭ​വി​ക്കു​ന്നു​ണ്ടോ? ഇല്ല എന്നതാണു വ്യക്തമായ ഉത്തരം! മറിച്ച്‌ യുദ്ധം, ക്ഷാമം, പ്രകൃ​തി​വി​പ​ത്തു​കൾ, രോഗം, മരണം എന്നിവ മനുഷ്യ​വർഗത്തെ വലയ്‌ക്കു​ക​യാണ്‌. ബൈബിൾ പ്രസ്‌താ​വി​ക്കുന്ന പ്രകാരം വ്യർത്ഥ​ത​യും ‘ഞരക്കവും’ ‘ഈറ്റു​നോ​വു’മാണ്‌ അതി​ന്റെ​യെ​ല്ലാം അനന്തര​ഫലം.—റോമർ 8:19-22; സഭാ​പ്ര​സം​ഗി 8:9.

എന്നാൽ ‘എന്തു​കൊ​ണ്ടാണ്‌ ദൈവം വിപത്തു​കൾ തടയാ​തി​രി​ക്കു​ന്നത്‌?’ എന്നു ചിലർ ചോദി​ച്ചേ​ക്കാം. അങ്ങനെ ചെയ്യു​ന്നത്‌ യഥാർഥ​ത്തിൽ അനീതി​യാ​യി​രി​ക്കും; ദൈവ​ത്തി​നെ​തി​രെ മത്സരി​ക്കു​ന്ന​തി​നാൽ യാതൊ​രു ഭവിഷ്യ​ത്തും ഉണ്ടാകി​ല്ലെന്നു ചിന്തി​ക്കാൻ ഇടയാ​ക്കി​ക്കൊണ്ട്‌ നിലവി​ലുള്ള വിവാ​ദത്തെ അത്‌ ഇരുളി​ലാ​ഴ്‌ത്തു​ക​യും ചെയ്യും. തൻനി​മി​ത്തം, ദൈവ​ത്തോ​ടുള്ള അനുസ​ര​ണ​ക്കേ​ടി​ന്റെ നേരി​ട്ടോ പരോ​ക്ഷ​മാ​യോ ഉള്ള ഫലമെന്ന നിലയിൽ ഉണ്ടാകുന്ന എല്ലാ കുറ്റകൃ​ത്യ​ങ്ങ​ളും ദുരന്ത​ങ്ങ​ളും തടഞ്ഞു​നി​റു​ത്തി​ക്കൊണ്ട്‌ അവൻ അണിയ​റ​യിൽ പ്രവർത്തി​ക്കു​ന്നില്ല. a സാത്താന്റെ വ്യവസ്ഥി​തി​ക്കു ശോഭി​ക്കാ​നാ​കു​മെ​ന്നും സന്തുഷ്ടി​ക്കുള്ള മാർഗം അതു കണ്ടെത്തി​യി​രി​ക്കു​ന്നു​വെ​ന്നു​മുള്ള വിപത്‌ക​ര​മായ ഭോഷ്‌കി​നെ യഹോവ ഒരിക്ക​ലും പിന്തു​ണ​യ്‌ക്കു​ക​യില്ല. എന്നാൽ സംഭവി​ക്കു​ന്ന​തെ​ല്ലാം നോക്കി അവൻ ‘കയ്യും​കെട്ടി’ നിൽക്കു​കയല്ല ചെയ്യു​ന്നത്‌. നാം കാണാൻ പോകു​ന്ന​തു​പോ​ലെ യഥാർഥ​ത്തിൽ അവൻ വളരെ തിര​ക്കോ​ടെ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

“എന്റെ പിതാവു ഇന്നുവ​രെ​യും പ്രവർത്തി​ക്കു​ന്നു”

ഓരോ​ന്നും സംഭവി​ക്കു​ന്ന​തും നോക്കി ദൈവം വെറുതെ ഇരിക്കു​ക​യ​ല്ലെന്ന്‌ യേശു​വി​ന്റെ ആ വാക്കുകൾ വ്യക്തമാ​ക്കു​ന്നു. (യോഹ​ന്നാൻ 5:17) മറിച്ച്‌ ഏദെനിൽ മത്സരം ആരംഭി​ച്ച​പ്പോൾ മുതൽ അവൻ തിര​ക്കോ​ടെ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌ സാത്താ​നെ​യും അവനോ​ടു കൂറു പുലർത്തു​ന്ന​വ​രെ​യും ഭാവി​യിൽ തന്റെ “സന്തതി” നശിപ്പി​ക്കു​മെന്ന വാഗ്‌ദാ​നം രേഖ​പ്പെ​ടു​ത്താൻ ബൈബിൾ എഴുത്തു​കാ​രെ അവൻ നിശ്വ​സ്‌ത​നാ​ക്കി. (ഉല്‌പത്തി 3:15) ആ സന്തതി മുഖാ​ന്തരം, കഷ്ടപ്പാ​ടിന്‌ ഇടയാ​ക്കുന്ന സകല കാര്യ​ങ്ങ​ളും, മരണം​പോ​ലും നീക്കം​ചെ​യ്‌തു​കൊണ്ട്‌ അനുസ​ര​ണ​മുള്ള മനുഷ്യർക്ക്‌ അനു​ഗ്രഹം ചൊരി​യുന്ന ഒരു സ്വർഗീയ ഗവണ്മെന്റ്‌ അവൻ സ്ഥാപി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.—ഉല്‌പത്തി 22:18; സങ്കീർത്തനം 46:9; 72:16; യെശയ്യാ​വു 25:8; 33:24; ദാനീ​യേൽ 7:13, 14.

മഹത്തായ ആ വാഗ്‌ദാ​ന​ങ്ങ​ളു​ടെ നിവൃ​ത്തി​ക്കുള്ള ഒരു നടപടി​യെന്ന നിലയിൽ ആ രാജ്യ​ത്തി​ന്റെ മുഖ്യ ഭരണാ​ധി​പ​നാ​യി​ത്തീ​രാ​നി​രുന്ന വ്യക്തിയെ യഹോവ ഭൂമി​യി​ലേക്ക്‌ അയച്ചു. അതു ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​തന്നെ ആയിരു​ന്നു. (ഗലാത്യർ 3:16) തന്നെക്കു​റി​ച്ചുള്ള ദൈ​വോ​ദ്ദേ​ശ്യ​ത്തി​നു ചേർച്ച​യിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു യേശു മുഖ്യ​മാ​യും ആളുകളെ പഠിപ്പി​ച്ചത്‌. (ലൂക്കൊസ്‌ 4:43) യഥാർഥ​ത്തിൽ, ഭൂമി​യി​ലാ​യി​രി​ക്കെ അവൻ ചെയ്‌ത കാര്യങ്ങൾ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയിൽ താൻ എന്തെല്ലാം ചെയ്യു​മെ​ന്ന​തി​ന്റെ സ്‌പഷ്ട​മായ ഒരു സൂചന​യാ​യി​രു​ന്നു. അവൻ ആയിര​ങ്ങ​ളു​ടെ വിശപ്പ​ക​റ്റു​ക​യും രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ക​യും മരിച്ച​വരെ ഉയിർപ്പി​ക്കു​ക​യും ചെയ്‌തു. ഉഗ്രമായ ഒരു കൊടു​ങ്കാ​റ്റി​നെ ശാന്തമാ​ക്കി​കൊണ്ട്‌ പ്രകൃ​തി​ശ​ക്തി​ക​ളെ​പ്പോ​ലും നിയ​ന്ത്രി​ക്കാൻ താൻ ശക്തനാ​ണെ​ന്നും അവൻ പ്രകട​മാ​ക്കി. (മത്തായി 14:14-21; മർക്കൊസ്‌ 4:37-39; യോഹ​ന്നാൻ 11:43, 44) ‘ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്തങ്ങൾ എത്ര ഉണ്ടായി​രു​ന്നാ​ലും അവയെ​ല്ലാം ക്രിസ്‌തു​വിൽ “ഉവ്വ്‌” എന്നുതന്നേ’ എന്നു ബൈബിൾ പറയുന്നു.—2 കൊരി​ന്ത്യർ 1:20, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം.

യേശു​വി​നെ അനുസ​രി​ച്ചു​കൊണ്ട്‌, സാത്താൻ ഭരിക്കു​ന്ന​തും ദൈവ​ത്തിൽനിന്ന്‌ അന്യ​പ്പെ​ട്ട​തു​മായ ഈ “ലോക​ത്തിൽ”നിന്നു പുറത്തു​വ​രു​ന്ന​വരെ യഹോ​വ​യു​ടെ കുടും​ബം ഇരുക​യ്യും നീട്ടി സ്വീക​രി​ക്കു​ന്നു. (യോഹ​ന്നാൻ 15:19) സ്‌നേ​ഹ​ത്തിൽ വേരൂ​ന്നി​യ​തും സമാധാ​ന​ത്തി​നാ​യി നില​കൊ​ള്ളു​ന്ന​തു​മായ സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഈ ആഗോള കുടും​ബം വംശീയ മുൻവി​ധി​യു​ടെ​യും വർഗവി​വേ​ച​ന​ത്തി​ന്റെ​യും ഏതൊരു കണിക​യും തങ്ങളുടെ ഇടയിൽനി​ന്നു തുടച്ചു​നീ​ക്കാൻ പ്രതി​ജ്ഞാ​ബ​ദ്ധ​മാണ്‌.—മലാഖി 3:17, 18; യോഹ​ന്നാൻ 13:34, 35.

ഈ ലോക​ത്തി​ന്റെ പക്ഷത്തു നിലയു​റ​പ്പി​ക്കു​ന്ന​തി​നു പകരം സത്യ​ക്രി​സ്‌ത്യാ​നി​കൾ മത്തായി 24:14-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ കൽപ്പന​യ്‌ക്കു ചേർച്ച​യിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കു​ക​യും അതിനെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യുന്നു. ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം’ ഇന്നു ലോക​വ്യാ​പ​ക​മാ​യി പ്രസം​ഗി​ക്കു​ന്നത്‌ ആരാണ്‌? ഒരു ആഗോള ആത്മീയ കുടും​ബ​മെന്ന നിലയിൽ, ദേശീ​യ​വും വംശീ​യ​വു​മായ കലാപ​ങ്ങ​ളി​ലും യുദ്ധങ്ങ​ളി​ലും പങ്കെടു​ക്കാൻ വിസമ്മ​തി​ച്ചി​രി​ക്കു​ന്നവർ ആരാണ്‌? ദൈവ​വ​ച​ന​ത്തി​ലെ ഉന്നതമായ നിലവാ​രങ്ങൾ—അവ ജനരഞ്‌ജ​ക​മാ​യി​രു​ന്നാ​ലും അല്ലെങ്കി​ലും—പിൻപ​റ്റാൻ ശ്രമി​ക്കു​ന്നത്‌ ആരാണ്‌? (1 യോഹ​ന്നാൻ 5:3) യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഈ സവി​ശേ​ഷ​ത​ക​ളെ​ല്ലാം ഉള്ളതായി അനേക​രും നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു. ഇക്കാര്യം നിങ്ങൾക്കും സ്വന്തമാ​യി പരി​ശോ​ധി​ച്ചു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌.

ദൈവ​ഭ​ര​ണത്തെ പിന്തു​ണ​യ്‌ക്കു​മെന്നു തീരു​മാ​നി​ക്കു​ക

ദൈവ​ത്തിൽനിന്ന്‌ അന്യ​പ്പെ​ട്ട​തും സാത്താ​നാൽ വഴി​തെ​റ്റി​ക്ക​പ്പെ​ട്ട​തു​മായ മനുഷ്യ​വർഗ​ലോ​കം ദുരി​ത​ത്തി​ന്റെ​യും നിരാ​ശ​യു​ടെ​യും ആഴങ്ങളി​ലേക്കു മുങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു വ്യവസ്ഥി​തി​ക്കു രൂപം​നൽകി​യി​രി​ക്കു​ന്നു. ഭൂഗ്ര​ഹം​പോ​ലും നശിപ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌! അതേസ​മയം യഹോ​വ​യാം ദൈവം, ദശലക്ഷ​ങ്ങ​ളു​ടെ ജീവിതം മെച്ച​പ്പെ​ടു​ത്തു​ക​യും ഓരോ​രു​ത്തർക്കും ഉറപ്പുള്ള ഒരു പ്രത്യാശ നൽകു​ക​യും ചെയ്‌തി​രി​ക്കുന്ന ഒരു സ്വർഗീയ ഗവണ്മെന്റ്‌ സ്ഥാപി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 4:10) നിങ്ങൾ ഏതു തിര​ഞ്ഞെ​ടു​ക്കും?

ആ തിര​ഞ്ഞെ​ടു​പ്പു നടത്താ​നുള്ള സമയം ഇപ്പോ​ഴാണ്‌, സാത്താ​നും അവന്റെ ദുഷ്ട​ലോ​ക​വും അനന്തകാ​ലം തുടരാൻ ദൈവം അനുവ​ദി​ക്കു​ക​യില്ല. ഈ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കുക എന്ന ദൈവ​ത്തി​ന്റെ ആദിമ ഉദ്ദേശ്യ​ത്തിന്‌ യാതൊ​രു മാറ്റവും സംഭവി​ച്ചി​ട്ടില്ല. ദിവസങ്ങൾ ഒന്നൊ​ന്നാ​യി കടന്നു​പോ​കവേ, ദൈവ​രാ​ജ്യ​വും അതിനെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രും അടിക്കടി ശക്തിയാർജി​ക്കും. അതേസ​മയം സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലു​ള്ള​തും അനുദി​നം കലശലാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ‘ഈറ്റു​നോവ്‌’ അനുഭ​വി​ക്കു​ന്ന​തു​മായ ഈ ലോകം ഒടുവിൽ ദൈവ​ത്താൽ നശിപ്പി​ക്ക​പ്പെ​ടും. (മത്തായി 24:3, 7, 8) അതു​കൊണ്ട്‌ ദുഃഖി​ച്ചു​ക​ര​യു​ക​യും ദൈവ​ത്തോട്‌ “എന്തു​കൊണ്ട്‌?” എന്ന്‌ ആത്മാർഥ​മാ​യി ചോദി​ക്കു​ക​യും ചെയ്‌തി​ട്ടുള്ള ഒരു വ്യക്തി​യാ​ണു നിങ്ങൾ എങ്കിൽ ബൈബിൾ പ്രദാനം ചെയ്യുന്ന, ആശ്വാ​സ​ത്തി​ന്റെ​യും പ്രത്യാ​ശ​യു​ടെ​യും സന്ദേശ​ത്തിൽ വിശ്വാ​സം അർപ്പി​ച്ചു​കൊണ്ട്‌ അവനു ചെവി​കൊ​ടു​ക്കുക. വേദന​യിൽ കുതിർന്ന നിങ്ങളു​ടെ കണ്ണുനീർ ഇപ്പോൾപ്പോ​ലും സന്തോ​ഷാ​ശ്രു​ക്ക​ളാ​യി മാറി​യേ​ക്കാം.—മത്തായി 5:4; വെളി​പ്പാ​ടു 21:3, 4.

[അടിക്കു​റിപ്പ്‌]

a ചിലപ്പോഴെല്ലാം ദൈവം മനുഷ്യ​വർഗ​ത്തി​ന്റെ കാര്യ​ത്തിൽ ഇടപെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അതെല്ലാം അവന്റെ ഉദ്ദേശ്യ​നി​വൃ​ത്തി​യു​മാ​യി ബന്ധപ്പെ​ട്ടാ​യി​രു​ന്നു, മറിച്ച്‌ ഈ വ്യവസ്ഥി​തി​യെ പിന്തു​ണ​യ്‌ക്കാ​നാ​യി​രു​ന്നില്ല.—ലൂക്കൊസ്‌ 17:26-30; റോമർ 9:17-24.

[7-ാം പേജിലെ ചിത്രങ്ങൾ]

മാനുഷഭരണത്തിന്റെ ഫലങ്ങളിൽ നിങ്ങൾ സംതൃ​പ്‌ത​രാ​ണോ?

[കടപ്പാട്‌]

കുട്ടി: © J. B. Russell/Panos Pictures; വിലപി​ക്കുന്ന സ്‌ത്രീ: © Paul Lowe/Panos Pictures

[8, 9 പേജു​ക​ളി​ലെ ചിത്രം]

യേശു പറുദീസ പുനഃ​സ്ഥാ​പി​ക്കു​ക​യും മരിച്ച​വരെ ഉയിർപ്പി​ക്കു​ക​യും ചെയ്യും