വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘മരണ താഴ്‌വര’യിൽ ജീവന്റെ സ്‌പന്ദനം

‘മരണ താഴ്‌വര’യിൽ ജീവന്റെ സ്‌പന്ദനം

‘മരണ താഴ്‌വര’യിൽ ജീവന്റെ സ്‌പന്ദനം

ഐക്യ​നാ​ടു​ക​ളി​ലെ കാലി​ഫോർണി​യ​യിൽ, സാക്ര​മെ​ന്റോ​യ്‌ക്ക​ടുത്ത്‌, 1848-ൽ സ്വർണ നിക്ഷേപം കണ്ടെത്തു​ക​യു​ണ്ടാ​യി. അടുത്ത വർഷമാ​യ​പ്പോ​ഴേ​ക്കും പെട്ടെന്നു ധനിക​രാ​കാ​മെന്ന പ്രതീ​ക്ഷ​യിൽ ഏതാണ്ട്‌ 80,000 ‘ഭാഗ്യാ’ന്വേഷി​കൾ അവിടെ പാഞ്ഞെത്തി. 1849 ഡിസംബർ 25-ാം തീയതി, സോൾട്ട്‌ ലേക്ക്‌ സിറ്റി​യിൽനിന്ന്‌ പടിഞ്ഞാ​റേക്ക്‌ യാത്ര ചെയ്യുക ആയിരുന്ന ഏതാണ്ട്‌ 100 വാഹന​ങ്ങ​ളു​ടെ ഒരു ശൃംഖ​ല​യിൽനിന്ന്‌ ഒരു കൂട്ടം ഇന്ന്‌ ‘മരണ താഴ്‌വര’ എന്നറി​യ​പ്പെ​ടുന്ന സ്ഥലത്തു പ്രവേ​ശി​ച്ചു. കാലി​ഫോർണി​യ​യു​ടെ​യും നെവാ​ദ​യു​ടെ​യും അതിർത്തി​ക്ക​ടു​ത്തുള്ള വരണ്ടു​ണ​ങ്ങിയ ഈ താണ പ്രദേശം ഒരു കുറു​ക്കു​വഴി ആയിരി​ക്കു​മെ​ന്നാണ്‌ അവർ പ്രതീ​ക്ഷി​ച്ചത്‌.

അപ്പോൾ താഴ്‌വ​ര​യിൽ തണുത്ത കാലാ​വ​സ്ഥ​യാ​യി​രു​ന്നെ​ങ്കി​ലും, അപകടങ്ങൾ നിറഞ്ഞ പ്രദേ​ശ​മാ​യി​രു​ന്നു അത്‌. കൊച്ചു​കൂ​ട്ട​ങ്ങ​ളാ​യി തിരിഞ്ഞ്‌ പല വഴിക​ളി​ലൂ​ടെ അവർ യാത്ര​യാ​യി. ഇതിൽ, സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഉൾപ്പെട്ട ഒരു സംഘം, പടിഞ്ഞാ​റുള്ള മലകൾ മറിക​ടന്ന്‌ താഴ്‌വ​ര​യിൽനി​ന്നു പുറത്തു കടക്കാൻ ശ്രമി​ച്ചെ​ങ്കി​ലും പരാജ​യ​പ്പെട്ടു. അവശരും ക്ഷീണി​ത​രു​മായ അവരുടെ കയ്യിൽ ഭക്ഷണവും കുറവാ​യി​രു​ന്നു. ഇന്നത്തെ ‘ഫർണസ്‌ നീർച്ചാ​ലി’നു സമീപ​ത്തുള്ള ഒരു ഉറവയ്‌ക്ക​രി​കിൽ അവർ തമ്പടിച്ചു. പിന്നീട്‌ അവി​ടെ​നിന്ന്‌ അവർ ഇന്ന്‌ ‘ബെന്നറ്റി​ന്റെ കിണർ’ എന്നറി​യ​പ്പെ​ടുന്ന ഒരു കുളത്തി​ന​രി​കി​ലേക്ക്‌ മാറി. കൂട്ടത്തി​ലു​ണ്ടാ​യി​രുന്ന വില്യം മാൻലി, ജോൺ റോജർസ്‌ എന്നീ ചെറു​പ്പ​ക്കാർ—രണ്ടു പേർക്കും 20 വയസ്സാ​യി​രു​ന്നു പ്രായം—സഹായം തേടി യാത്ര പുറ​പ്പെട്ടു. ബാക്കി​യെ​ല്ലാ​വ​രും അവി​ടെ​ത്തന്നെ തങ്ങി.

മാൻലി​യും റോജർസും എതാനും ദിവസ​ങ്ങൾക്കു​ള്ളിൽ ലോസാ​ഞ്ച​ല​സിൽ എത്തു​മെ​ന്നാ​യി​രു​ന്നു കണക്കു​കൂ​ട്ടൽ. എന്നാൽ ആ നഗരം 300 കിലോ​മീ​റ്റ​റോ​ളം തെക്കു​പ​ടി​ഞ്ഞാ​റു മാറി​യാ​ണെന്ന്‌ അവർക്ക്‌ യാതൊ​രു ഊഹവും ഉണ്ടായി​രു​ന്നില്ല. ഏതാണ്ട്‌ രണ്ടാഴ്‌ച നടന്നതി​നു​ശേഷം ആ നഗരത്തി​ന്റെ വടക്കു​ഭാ​ഗ​ത്തുള്ള സാൻ ഫെർനാൻഡോ താഴ്‌വ​ര​യിൽ അവർ എത്തി​ച്ചേർന്നു. ഭക്ഷണവും മറ്റ്‌ അവശ്യ​വ​സ്‌തു​ക്ക​ളും വാങ്ങി താമസം​വി​നാ അവർ മടക്കയാ​ത്ര ആരംഭി​ച്ചു.

25 ദിവസ​ങ്ങൾക്കു​ശേഷം മടങ്ങി​യെ​ത്തിയ അവരെ സ്വാഗതം ചെയ്യാൻ ആരുമി​ല്ലാ​യി​രു​ന്നു അവിടെ. മാൻലി തോ​ക്കെ​ടുത്ത്‌ ഒരു വെടി പൊട്ടി​ച്ചു, അതു​കേട്ട്‌ വണ്ടിയു​ടെ അടിയിൽനിന്ന്‌ ഒരാൾ പുറത്തു​വന്നു. മാൻലി പിന്നീട്‌ എഴുതി: “അയാൾ ആകാശ​ത്തേക്ക്‌ കൈകൾ ഉയർത്തി​ക്കൊണ്ട്‌ ആർത്തു വിളിച്ചു—‘കുട്ടികൾ വന്നേ, കുട്ടികൾ വന്നേ!’” അപ്പോൾ മറ്റുള്ള​വ​രും പുറത്തു​വന്നു, എന്നാൽ വികാര വിക്ഷോ​ഭം​കൊണ്ട്‌ ആർക്കും സംസാ​രി​ക്കാ​നാ​യില്ല. മാൻലി​യു​ടെ​യും റോജർസി​ന്റെ​യും കർമധീ​ര​ത​കൊണ്ട്‌ ഒരാ​ളൊ​ഴി​കെ എല്ലാവ​രും രക്ഷപ്പെട്ടു. ‘മരണ താഴ്‌വര’യിൽനി​ന്നു പുറത്തു കടക്കു​ക​യെന്ന ലക്ഷ്യത്തിൽ അയാൾ കൂട്ടം​വി​ട്ടു പോയി​രു​ന്നു. കുടി​യേ​റ്റ​ക്കാ​രു​ടെ ആ കൂട്ടം അവിടം വിടാൻ തുടങ്ങി​യ​പ്പോൾ, റിപ്പോർട്ട​നു​സ​രിച്ച്‌, ഒരു സ്‌ത്രീ തിരി​ഞ്ഞു​നി​ന്നു വിളിച്ചു പറഞ്ഞു, ‘മരണ താഴ്‌വരേ ഗുഡ്‌-ബൈ!’ അങ്ങനെ അതിന്‌ ആ പേരു​വീ​ണു.

റെക്കോർഡു​കൾ സ്വന്തമാ​ക്കിയ ഒരു ദേശം

ഏതാണ്ട്‌ 225 കിലോ​മീ​റ്റർ നീളവും 8 മുതൽ 24 വരെ കിലോ​മീ​റ്റർ വീതി​യു​മുള്ള ഈ താഴ്‌വ​ര​യാണ്‌ വടക്കേ അമേരി​ക്ക​യി​ലെ ഏറ്റവും വരണ്ടതും താഴ്‌ന്ന​തും ചൂടു​ള്ള​തു​മായ പ്രദേശം. ‘ഫർണസ്‌ നീർച്ചാ​ലി’നു സമീപം അന്തരീക്ഷ താപം 57 ഡിഗ്രി സെൽഷ്യസ്‌ വരെ ഉയർന്നി​ട്ടുണ്ട്‌, നിലത്തെ ഊഷ്‌മാവ്‌ 94 ഡിഗ്രി വരെയും—വെള്ളത്തി​ന്റെ തിളനി​ല​യെ​ക്കാൾ വെറും 6 ഡിഗ്രി കുറവ്‌. a

വർഷത്തിൽ ശരാശരി 5 സെന്റി​മീ​റ്റ​റിൽ താഴെ​യാണ്‌ മഴ ലഭിക്കു​ന്നത്‌, ചില വർഷങ്ങ​ളിൽ മഴയേ കാണില്ല. പശ്ചിമാർധ​ഗോ​ള​ത്തി​ലെ ഏറ്റവും താഴ്‌ച​യുള്ള സ്ഥാനം—സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 86 മീറ്റർ താഴെ—ഈ താഴ്‌വ​ര​യി​ലെ ബാഡ്‌വോ​ട്ടർ എന്ന സ്ഥലത്തെ ഒരു ഉപ്പുക​യ​ത്തി​ന​ടു​ത്താണ്‌. രസകര​മെന്നു പറയട്ടെ, അലാസ്‌ക​യ്‌ക്കു വെളി​യിൽ, അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലെ ഏറ്റവും ഉയരം കൂടിയ സ്ഥാനമായ വിറ്റ്‌നി കൊടു​മു​ടി (4418 മീറ്ററാണ്‌ ഇതിന്റെ ഉയരം) ഇവി​ടെ​നിന്ന്‌ വെറും 140 കിലോ​മീ​റ്റർ അകലെ​യാണ്‌.

1850 ആയപ്പോ​ഴേ​ക്കും താഴ്‌വ​ര​യി​ലെ സോൾട്ട്‌ സ്‌പ്രിങ്ങ്‌ എന്ന പ്രദേ​ശത്ത്‌ ചെറി​യ​തോ​തി​ലുള്ള സ്വർണ നിക്ഷേ​പ​ങ്ങ​ളും വെള്ളി, ചെമ്പ്‌, ഈയം എന്നിവ​യും പര്യ​വേ​ക്ഷകർ കണ്ടെത്തി. പെട്ടെ​ന്നു​തന്നെ താഴ്‌വ​ര​യി​ലെ​മ്പാ​ടും ഖനകന്മാ​രു​ടെ പട്ടണങ്ങൾ പൊങ്ങി​വന്നു. വളരെ രസകര​മായ പേരു​ക​ളാണ്‌ ആ പട്ടണങ്ങൾക്കു​ണ്ടാ​യി​രു​ന്നത്‌. ബുൾ​ഫ്രോഗ്‌, ഗ്രീൻവോ​ട്ടർ, റൈ​യൊ​ലൈറ്റ്‌, സ്‌കിഡൂ എന്നിങ്ങനെ പോകു​ന്നു പേരുകൾ. പക്ഷേ, അയിരു​നി​ക്ഷേ​പങ്ങൾ വറ്റിയ​തോ​ടെ സമ്പദ്‌സ​മൃ​ദ്ധ​മാ​യി​രുന്ന ഈ പട്ടണങ്ങ​ളെ​ല്ലാം ‘പ്രേത​നഗര’ങ്ങളായി മാറി. എന്നാൽ 1880-ൽ സോപ്പും മറ്റ്‌ ഉത്‌പ​ന്ന​ങ്ങ​ളും ഉണ്ടാക്കാൻ ഉപയോ​ഗി​ക്കുന്ന ബൊറാ​ക്‌സ്‌ എന്ന വെള്ള പരലു​പോ​ലുള്ള സംയുക്തം കണ്ടെത്തി; അത്‌, താഴ്‌വ​ര​യു​ടെ ചരി​ത്ര​ത്തി​ലെ ഏറ്റവും വിജയ​ക​ര​മായ ഖനന കാലഘ​ട്ട​ത്തി​ലേ​ക്കുള്ള ചുവടു​വെ​യ്‌പാ​യി​രു​ന്നു. 1888 വരെ, 18 കോവർ കഴുത​ക​ളും 2 കുതി​ര​ക​ളും വലിക്കുന്ന, 5 മീറ്റർ വീതം നീളമുള്ള ഇരട്ട വണ്ടിക​ളിൽ കയറ്റി ദുഷ്‌ക​ര​മായ 270 കിലോ​മീ​റ്റർ താണ്ടി മോഹാ​വി പട്ടണത്തി​ലേക്ക്‌ ബൊറാ​ക്‌സ്‌ കൊണ്ടു​പോ​യി​രു​ന്നു. എന്നാൽ കടുത്ത ചൂടു മൂലം ജൂൺ മുതൽ സെപ്‌റ്റം​ബർ വരെയുള്ള മാസങ്ങ​ളിൽ ചരക്കു നീക്കം നടത്തി​യി​രു​ന്നില്ല.

1933-ൽ ‘മരണ താഴ്‌വര’യെ ഒരു ദേശീയ സ്‌മാ​ര​ക​മാ​യി പ്രഖ്യാ​പി​ച്ചു. അതിന്റെ അതിർത്തി​കൾ ക്രമേണ വികസി​പ്പി​ച്ച​തി​ന്റെ ഫലമായി, 33 ലക്ഷം ഏക്കർ വിസ്‌തൃ​തി​യു​ണ്ടി​പ്പോൾ. 1994-ൽ ഈ പ്രദേ​ശത്തെ ഒരു ദേശീയ ഉദ്യാ​ന​മാ​ക്കി, ഐക്യ​നാ​ടു​ക​ളി​ലെ ഏറ്റവും വലിയ ദേശീയ ഉദ്യാ​ന​ങ്ങ​ളിൽ ഒന്ന്‌.

‘മരണ താഴ്‌വര’യിൽ ജീവൻ തുടി​ക്കു​ന്നു

‘മരണ താഴ്‌വര’യിൽ ജീവൻ അസാധ്യ​മാ​ണെന്ന്‌ ചിന്തി​ക്കുക തികച്ചും സ്വാഭാ​വി​ക​മാണ്‌. എന്നാൽ നൂറു​ക​ണ​ക്കിന്‌ ജന്തു വർഗങ്ങൾ ഇവിടെ ജീവി​ക്കു​ക​യോ വന്നു പോവു​ക​യോ ചെയ്യുന്നു. ചൂടിന്റെ ആധിക്യം മൂലം പലരും നിശാ​ട​ന​ക്കാ​രാ​ണെന്നു മാത്രം. ഇതിൽ ഏറ്റവും വലിയ സസ്‌തനി, സമീപത്തെ കുന്നു​ക​ളിൽനിന്ന്‌ ഇടയ്‌ക്കി​ടെ താഴ്‌വ​ര​യി​ലെ​ത്തുന്ന ഡെസർട്ട്‌ ബിഗ്‌ഹോൺ ഷീപ്പ്‌ എന്നറി​യ​പ്പെ​ടുന്ന ആടുക​ളാണ്‌. മറ്റു ജീവി​ക​ളിൽ, തുരപ്പൻക​രടി, വവ്വാലു​കൾ, അമേരി​ക്കൻ കാട്ടു​പൂ​ച്ചകൾ, കൈ​യോ​റ്റി എന്ന ഒരിനം ചെറി​യ​ചെ​ന്നായ്‌, കിറ്റ്‌ ഫോക്‌സ്‌, കംഗാരു എലികൾ, മൗണ്ടൻ ലയൺ, മുള്ളൻ പന്നി, മുയലു​കൾ, സ്‌കങ്ക്‌, കാട്ടു​ക​ഴു​തകൾ, പല്ലികൾ, പാമ്പുകൾ, മരുഭൂ​മി​യിൽ ജീവി​ക്കുന്ന ആമകൾ എന്നിവ ഉൾപ്പെ​ടു​ന്നു. പക്ഷിക​ളിൽ, മുണ്ടി, പരുന്ത്‌, കൊക്ക്‌, കാടപ്പക്ഷി, മലങ്കാക്ക, സാൻഡ്‌​പൈപ്പർ, കഴുകൻ തുടങ്ങി​യ​വ​യും നൂറു​ക​ണ​ക്കിന്‌ മറ്റിന​ങ്ങ​ളും ഉൾപ്പെ​ടു​ന്നുണ്ട്‌.

ഇപ്പറഞ്ഞ​വ​യിൽ പ്രതി​കൂ​ലാ​വ​സ്ഥയെ തരണം​ചെ​യ്യാൻ ഏറ്റവും പ്രാപ്‌തി​യുള്ള ജീവി​ക​ളി​ലൊ​ന്നാണ്‌ കംഗാരു എലി. ആയുഷ്‌കാ​ലം മുഴു​വ​നും ഒരു തുള്ളി വെള്ളം പോലും കുടി​ക്കാ​തെ ജീവി​ക്കാൻ അവയ്‌ക്കു കഴിയും. ഒരു മാസിക പറയു​ന്നത്‌ “അവയ്‌ക്ക്‌ ജീവി​ക്കാൻ ആവശ്യ​മുള്ള മുഴുവൻ വെള്ളവും അവ കഴിക്കുന്ന ഉണങ്ങിയ വിത്തു​ക​ളി​ലുള്ള അന്നജം, കൊഴുപ്പ്‌ എന്നിവ​യിൽനിന്ന്‌ ഉപാപ​ചയം മൂലം അവയുടെ ശരീര​ത്തി​നു​ള്ളിൽ തന്നെ ഉത്‌പാ​ദി​പ്പി​ക്കാൻ സാധി​ക്കും” എന്നാണ്‌. ഈ ജീവി​ക​ളു​ടെ വൃക്കകൾക്ക്‌ മനുഷ്യ​ന്റെ വൃക്കകളെ അപേക്ഷിച്ച്‌ മൂത്രത്തെ അഞ്ചിരട്ടി സാന്ദ്രീ​ക​രി​ക്കാൻ കഴിയും. മാളങ്ങ​ളിൽ ജീവി​ക്കുന്ന, ഈ കൊച്ചു കരണ്ടു​തീ​നി​കൾ രാത്രി​യിൽ ആഹാരം തേടി​ക്കൊണ്ട്‌ പകലത്തെ കടുത്ത ചൂടിൽനി​ന്നു രക്ഷ നേടുന്നു.

ആയിര​ത്തി​ല​ധി​കം വ്യത്യസ്‌ത സസ്യജാ​ലങ്ങൾ ഈ താഴ്‌വ​ര​യിൽ തഴച്ചു വളരുന്നു. ഒരു സഹസ്രാ​ബ്ദ​ത്തി​ല​ധി​ക​മാ​യി ഇവിടെ താമസി​ച്ചു​വ​രുന്ന ഷോ​ഷോൺ ഇന്ത്യക്കാർ പ്രാ​ദേ​ശി​ക​മാ​യി ലഭിക്കുന്ന സസ്യങ്ങ​ളാണ്‌ ആഹാര​ത്തി​നും വീട്ടാ​വ​ശ്യ​ത്തി​നുള്ള സാമ​ഗ്രി​കൾ ഉണ്ടാക്കാ​നും ഉപയോ​ഗി​ക്കു​ന്നത്‌

. അവർ ഇങ്ങനെ പറയാ​റുണ്ട്‌—എന്ത്‌ തേടണ​മെന്ന്‌ നിങ്ങൾക്ക​റി​യാ​മെ​ങ്കിൽ, ഈ ‘മരണ താഴ്‌വര’യിൽ ധാരാളം ഭക്ഷണം നിങ്ങൾ കണ്ടെത്തും.

മരുഭൂ​മി​യി​ലെ പൂക്കാലം

മഴയും ഊഷ്‌മാ​വും ശരിയായ അനുപാ​ത​ത്തിൽ കൈ​കോർക്കു​മ്പോൾ ഈ ‘മരണ താഴ്‌വര’ കാട്ടു​പൂ​ക്ക​ളു​ടെ ഒരു വർണ വസന്തം കാഴ്‌ച​വെ​യ്‌ക്കും. മണ്ണിന​ടി​യിൽ നിശ്ശബ്ദ​മാ​യി മഴയ്‌ക്കു​വേണ്ടി—ചില​പ്പോൾ ദശാബ്ദ​ങ്ങ​ളോ​ളം—കാതോർത്തു കിടന്ന അനേകാ​യി​രം വിത്തു​ക​ളിൽനി​ന്നാണ്‌ ഈ വർണക്കാഴ്‌ച വിരി​യു​ന്നത്‌. “ഒരു പൂപോ​ലും വിരി​യാത്ത അനേകം വർഷങ്ങൾ ഞങ്ങൾക്കി​വി​ടെ ഉണ്ടായി​ട്ടുണ്ട്‌,” ദേശീയ ഉദ്യാന സർവി​സി​ലെ സസ്യശാ​സ്‌ത്രജ്ഞൻ ടിം ക്രോ​സാന്റ്‌ പറയുന്നു.

എന്നാൽ 2004/2005 ശൈത്യ​കാ​ലത്ത്‌, ‘മരണ താഴ്‌വര’ നാളി​തു​വരെ കാണാത്ത ശക്തമായ മഴയിൽ കുതിർന്നു—സാധാരണ പെയ്യു​ന്ന​തി​ന്റെ മൂന്നു മടങ്ങ്‌ മഴ അന്നു പെയ്‌തി​റങ്ങി. ഫലമോ? ലാർക്‌സ്‌പ​റു​കൾ, ലൈലാ​ക്കു​കൾ, ഓർക്കി​ഡു​കൾ, പോപ്പി​കൾ, പ്രിം​റോ​സു​കൾ, സൂര്യ​കാ​ന്തി​കൾ, വെർബി​നകൾ എന്നിങ്ങനെ 50-ൽപ്പരം ഇനങ്ങളി​ലുള്ള കാട്ടു​പൂ​ക്കൾ പൊട്ടി​വി​ടർന്നു. ഒരു പൂക്കട​യു​ടെ മുഴുവൻ സുഗന്ധ​വും ഈ താഴ്‌വ​ര​യ്‌ക്കുണ്ട്‌ എന്ന്‌ ഒരു സന്ദർശക പറഞ്ഞു. തീർച്ച​യാ​യും പൂക്കാലം തേനീ​ച്ച​ക​ളെ​യും വണ്ടുക​ളെ​യും മറ്റും മാടി​വി​ളി​ക്കും. അതിനാൽ ‘മരണ താഴ്‌വര’യിലെ പൂക്കാലം ഇവയുടെ മൂളി​പ്പാ​ട്ടി​നാൽ മുഖരി​ത​മാ​യി​രി​ക്കും.

നിങ്ങൾ എന്നെങ്കി​ലും ഈ ‘മരണ താഴ്‌വര’ സന്ദർശി​ക്കാൻ തീരു​മാ​നി​ച്ചാൽ, നല്ലൊരു വണ്ടിയും ധാരാളം വെള്ളവും കരുതി​ക്കൊ​ള്ളണം. തേനീ​ച്ച​ക​ളും വണ്ടുക​ളും മൂളി​പ്പ​റ​ക്കുന്ന പൂക്കാ​ല​ത്താണ്‌ വരുന്ന​തെ​ങ്കിൽ ക്യാമറ എടുക്കാൻ മറക്കരു​തേ! ‘മരണ താഴ്‌വര’യിലെ ജീവന്റെ സമൃദ്ധി നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും അത്ഭുത​പ​ര​ത​ന്ത്ര​രാ​ക്കും.

[അടിക്കു​റിപ്പ്‌]

a ലോകത്തിൽ ഏറ്റവും കൂടിയ അന്തരീക്ഷ താപനില രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു ലിബി​യ​യി​ലാണ്‌. 1922-ൽ അവിടെ ഊഷ്‌മാവ്‌ 58 ഡിഗ്രി വരെ ഉയർന്നി​ട്ടുണ്ട്‌. എന്നാൽ വേനൽക്കാ​ലത്തെ മൊത്ത​ത്തി​ലുള്ള താപനില നോക്കു​മ്പോൾ, ഭൂമി​യി​ലെ ഏറ്റവും ചൂടുള്ള പ്രദേ​ശ​മാ​യി കാണ​പ്പെ​ടു​ന്നത്‌ ‘മരണ താഴ്‌വര’ ആണ്‌.

[15-ാം പേജിലെ ആകർഷക വാക്യം]

വടക്കേ അമേരി​ക്ക​യി​ലെ ഏറ്റവും വരണ്ടതും താഴ്‌ന്ന​തും ചൂടു​ള്ള​തു​മായ പ്രദേശം

[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

മരുഭൂമിയിൽ മത്സ്യങ്ങൾ!

ഡെസർട്ട്‌ പപ്പ്‌ഫിഷ എന്ന ചെറു​മീ​നി​ന്റെ നാലി​ന​ങ്ങളെ ‘മരണ താഴ്‌വര’യിൽ കാണാൻ സാധി​ക്കും. ആറ്‌ സെന്റി​മീ​റ്റർ നീളം​വ​രുന്ന, വെള്ളി​നി​റ​മുള്ള ഈ അപൂർവ മത്സ്യങ്ങൾ ശൈത്യ​കാ​ലത്ത്‌ അരുവി​ക​ളു​ടെ​യും അങ്ങിങ്ങാ​യുള്ള കുളങ്ങ​ളു​ടെ​യും അടിത്ത​ട്ടിൽ പൂണ്ടു​കി​ട​ക്കും. വസന്തകാല സൂര്യന്റെ ചൂടിൽ അരുവി​ക​ളും കുളങ്ങ​ളും തണുപ്പു വിടു​മ്പോൾ ഇവ സജീവ​മാ​വു​ക​യും മുട്ടയി​ട്ടു​പെ​രു​കു​ക​യും ചെയ്യും. ആൺവർഗം അപ്പോൾ അവയുടെ നിറം മഴവി​ല്ലൊ​ളി​യാർന്ന നീലയാ​ക്കി മാറ്റു​ക​യും അവനവന്റെ പ്രദേശം മറ്റ്‌ ആൺമത്സ്യ​ങ്ങ​ളിൽനിന്ന്‌ വീറോ​ടെ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. പക്ഷേ വേനൽച്ചൂ​ടിൽ ജലാശ​യങ്ങൾ വറ്റുന്ന​തോ​ടെ ഈ മീനുകൾ കൂട്ട​ത്തോ​ടെ ചത്തൊ​ടു​ങ്ങു​ന്നു. രക്ഷപ്പെ​ടു​ന്ന​വ​യ്‌ക്ക്‌ ഉപ്പു​വെ​ള്ള​വു​മാ​യി മാത്രമല്ല 44 ഡിഗ്രി സെൽഷ്യസ്‌ വരെ എത്തി​യേ​ക്കാ​വുന്ന താപനി​ല​യു​മാ​യും പൊരു​ത്ത​പ്പെ​ടണം.

[കടപ്പാട്‌]

മുകളിലത്തെ മീൻ: © Neil Mishalov—www.mishalov.com; താഴത്തെ മീൻ: Donald W. Sada, Desert Research Institute

[14-ാം പേജിലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

അമേരിക്കൻ ഐക്യ​നാ​ടു​കൾ

കാലിഫോർണിയ

‘മരണ താഴ്‌വര’ ദേശീയ ഉദ്യാനം

[15-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

കോവർ കഴുതകൾ: Courtesy of The Bancroft Library/University of California, Berkeley

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

കാട്ടുകഴുതകൾ: ©Joseph C. Dovala/age fotostock; മുകളി​ലെ വിശാലദൃശ്യം: © Neil Mishalov—www.mishalov.com; പൂക്കൾ: Photo by David McNew/Getty Images