വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഹതിയാം മേക്കോങ്‌

മഹതിയാം മേക്കോങ്‌

മഹതി​യാം മേക്കോങ്‌

ആറ്‌ ഏഷ്യൻ രാജ്യ​ങ്ങ​ളി​ലൂ​ടെ വളഞ്ഞു​പു​ളഞ്ഞ്‌ ഒഴുകുന്ന മേക്കോങ്‌ നദി, തദ്ദേശീ​യ​രും വിദേ​ശീ​യ​രും ഉൾപ്പെ​ടെ​യുള്ള നൂറോ​ളം ജനസമൂ​ഹ​ങ്ങ​ളിൽപ്പെട്ട ഏതാണ്ട്‌ പത്തു​കോ​ടി ആളുക​ളു​ടെ ജീവനാ​ഡി​യാണ്‌. വർഷം തോറും ഈ നദിയിൽനിന്ന്‌ 13 ലക്ഷം ടൺ മീൻ പിടി​ക്കു​ന്നുണ്ട്‌, ഉത്തരസ​മു​ദ്ര​ത്തിൽനി​ന്നു പിടി​ക്കു​ന്ന​തി​ന്റെ 4 ഇരട്ടി​യാ​ണിത്‌! 4,350 കിലോ​മീ​റ്റർ നീളമുള്ള ഈ നദി തെക്കു​കി​ഴക്കൻ ഏഷ്യയി​ലെ ഏറ്റവും നീളമുള്ള ജലപാ​ത​യാണ്‌. പല രാജ്യ​ങ്ങ​ളി​ലൂ​ടെ ചുറ്റി​ത്തി​രി​യു​ന്ന​തു​കൊണ്ട്‌ ഈ നദിക്ക്‌ പല പേരു​ക​ളുണ്ട്‌. കൂടു​ത​ലും അറിയ​പ്പെ​ടു​ന്നത്‌, തായ്‌ ഭാഷയി​ലെ ‘മേ നാം കോങ്‌’ എന്ന പേരിന്റെ ചുരു​ക്ക​മായ മേക്കോങ്‌ എന്ന പേരി​ലാണ്‌.

ഹിമാലയ സാനു​ക്ക​ളിൽ നിന്നു​ത്ഭ​വി​ക്കുന്ന മേക്കോങ്‌ താരു​ണ്യ​ത്തു​ടി​പ്പോ​ടെ പർവത ചെരി​വു​ക​ളി​ലൂ​ടെ പാഞ്ഞി​റ​ങ്ങു​ക​യും അഗാധ​മായ മലയി​ടു​ക്കു​ക​ളി​ലൂ​ടെ ആർത്തലച്ച്‌ ഒഴുകു​ക​യും ചെയ്യുന്നു. ചൈനാ വൻകര പിന്നി​ടു​മ്പോ​ഴേ​ക്കും,—അവിടെ ഈ നദി അറിയ​പ്പെ​ടു​ന്നത്‌ ലാന്റ്‌സാങ്‌ എന്നാണ്‌—അവൾ മൊത്തം യാത്ര​യു​ടെ ഏതാണ്ട്‌ പകുതി ദൂരം താണ്ടി​യി​രി​ക്കും. മാത്രമല്ല 4,500 മീറ്റർ താഴേക്ക്‌ കുത്തനെ ഇറങ്ങി​യി​ട്ടു​മു​ണ്ടാ​കും. ബാക്കി പകുതി പിന്നി​ടു​മ്പോ​ഴേ​ക്കും 500 മീറ്റർ മാത്രമേ താഴേക്ക്‌ ഇറങ്ങു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ഈ ഭാഗത്ത്‌ അവൾ താരത​മ്യേന ശാന്തമാ​യി ഒഴുകു​ന്നു. ചൈന വിട്ടതി​നു​ശേഷം, മ്യാൻമാ​റി​നും ലാവോ​സി​നും ഇടയിൽ അതിരു ചമയ്‌ക്കുന്ന അവൾ, ലാവോ​സി​നും തായ്‌ലൻഡി​നും ഇടയി​ലുള്ള അതിർത്തി​യു​ടെ ഭാഗമാ​യും മാറുന്നു. കംബോ​ഡി​യ​യിൽ വെച്ച്‌ രണ്ടായി പിരിഞ്ഞ്‌ വിയറ്റ്‌നാ​മി​ലൂ​ടെ ഒഴുകുന്ന അവൾ പല കൈവ​ഴി​ക​ളാ​യി ദക്ഷിണ ചൈനാ​ക്ക​ട​ലിൽ പതിക്കു​ന്നു.

1860-കളുടെ അവസാ​ന​ത്തിൽ, മേക്കോങ്‌ നദിയി​ലൂ​ടെ ചൈന​യി​ലേക്ക്‌ സഞ്ചാര​യോ​ഗ്യ​മായ ഒരു ജലപാത കണ്ടുപി​ടി​ക്കാൻ ഫ്രഞ്ചു​കാർ ശ്രമിച്ചു. എന്നാൽ അവരുടെ പ്രതീക്ഷ തകിടം മറിഞ്ഞു, കാരണം കംബോ​ഡി​യ​യി​ലെ ക്രാട്ട്യേ പട്ടണത്തി​നു സമീപം ചില സ്ഥലങ്ങളിൽ ഒഴുക്കു വളരെ ശക്തമാ​യി​രു​ന്നു. കൂടാതെ തെക്കൻ ലാവോ​സിൽ, ‘കോൻ വെള്ളച്ചാ​ട്ടങ്ങൾ’ എന്നറി​യ​പ്പെ​ടുന്ന അതിശ​ക്ത​മായ വെള്ളച്ചാ​ട്ട​ങ്ങ​ളു​ടെ ഒരു നിരതന്നെ അവർക്ക്‌ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​യും വന്നു. ലോക​ത്തി​ലെ ഏതൊരു വെള്ളച്ചാ​ട്ട​ത്തി​ലൂ​ടെ​യും ഒഴുകു​ന്ന​തിൽ കൂടുതൽ വെള്ളം ‘കോൻ വെള്ളച്ചാ​ട്ട​ങ്ങളി’ലൂടെ ഒഴുകു​ന്നുണ്ട്‌—ഐക്യ​നാ​ടു​ക​ളു​ടെ​യും കാനഡ​യു​ടെ​യും അതിർത്തി​യി​ലുള്ള നയാഗ്ര വെള്ളച്ചാ​ട്ട​ത്തി​ലൂ​ടെ ഒഴുകുന്ന വെള്ളത്തി​ന്റെ രണ്ടിരട്ടി.

ഒരു ജീവനദി

തെക്കു​കി​ഴക്കൻ ഏഷ്യയു​ടെ സമ്പദ്‌വ്യ​വ​സ്ഥ​യിൽ മേക്കോങ്‌ നദി വലി​യൊ​രു പങ്കുവ​ഹി​ക്കു​ന്നു. ലാവോ​സി​ന്റെ തലസ്ഥാ​ന​മായ വിയന്റി​യെ​നും കംബോ​ഡി​യ​യു​ടെ തലസ്ഥാ​ന​മായ നോം പെന്നും ഈ നദീതീ​രത്തെ തുറമുഖ നഗരങ്ങ​ളാണ്‌. ഇനി താഴേ​ക്കു​ചെ​ന്നാൽ, വിയറ്റ്‌നാ​മി​ന്റെ ജീവര​ക്ത​മാണ്‌ മേക്കോങ്‌. 40,000 ചതുരശ്ര കിലോ​മീ​റ്റർ ഡെൽറ്റ​യും (നദീമുഖ തുരുത്ത്‌) ഏകദേശം 3,200 കിലോ​മീ​റ്റർ ജലപാ​ത​യും സമ്മാനി​ച്ചു​കൊണ്ട്‌ അവിടെ അവൾ ഏഴു കൈവ​ഴി​ക​ളാ​യി പിരി​യു​ന്നു. ഇഷ്ടം​പോ​ലെ വെള്ളവും എക്കലും എത്തിച്ചു​കൊ​ടു​ക്കുന്ന ഈ കൈവ​ഴി​ക​ളു​ടെ പരിലാ​ള​ന​യിൽ വയലു​ക​ളും നെൽപ്പാ​ട​ങ്ങ​ളും തഴച്ചു വളരുന്നു. ഇതുമൂ​ലം വർഷത്തിൽ മൂന്നു വിള​വെ​ടു​ക്കാൻ കർഷകർക്കു സാധി​ക്കു​ന്നു. തായ്‌ലൻഡ്‌ കഴിഞ്ഞാൽ ലോക​ത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റി അയയ്‌ക്കുന്ന രാജ്യം വിയറ്റ്‌നാ​മാണ്‌.

മേക്കോങ്‌ നദിയിൽ 1,200-ഓളം ഇനം മത്സ്യങ്ങ​ളുണ്ട്‌. ഇവയിൽ ചിലതും അതു​പോ​ലെ ചെമ്മീ​നും വാണിജ്യ അടിസ്ഥാ​ന​ത്തിൽ കൃഷി ചെയ്യു​ന്നുണ്ട്‌. പ്രാ​ദേ​ശി​ക​മാ​യി വളരെ പ്രചാ​ര​മുള്ള ട്രെ റിയൽ എന്ന മത്സ്യത്തിന്‌ ഒരു പ്രത്യേക പ്രശസ്‌തി​യുണ്ട്‌. കംബോ​ഡി​യ​യി​ലെ നാണയ​മായ റിയലിന്‌ ആ പേരു ലഭിച്ചി​രി​ക്കു​ന്നത്‌ ഈ മത്സ്യത്തിൽനി​ന്നാണ്‌. വംശനാശ ഭീഷണി​യി​ലാ​യി​രി​ക്കുന്ന, ഒമ്പതടി​വരെ നീളം​വെ​ക്കുന്ന മുഷി വർഗത്തിൽപ്പെട്ട ഒരിനം മീനു​ക​ളു​ടെ​യും ആവാസ​കേ​ന്ദ്ര​മാ​ണീ നദി. 2005-ൽ മുക്കുവർ 290 കിലോ​ഗ്രാം ഭാരമുള്ള ഒരു മുഷിയെ പിടി​ക്കു​ക​യു​ണ്ടാ​യി. ഒരുപക്ഷേ ലോകം കണ്ടിട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും വലിയ ശുദ്ധജല മത്സ്യം ആയിരി​ക്കും ഇത്‌. ചുരു​ങ്ങിയ പക്ഷം മേക്കോ​ങ്ങി​നെ സംബന്ധി​ച്ചി​ട​ത്തോ​ള​മെ​ങ്കി​ലും വംശനാശ ഭീഷണി നേരി​ടുന്ന മറ്റൊരു ജീവി ഇറവാഡി ഡോൾഫി​നാണ്‌; സാധ്യ​ത​യ​നു​സ​രിച്ച്‌ നൂറിൽ താഴേ ഇറവാഡി ഡോൾഫി​നു​കൾ മാത്രമേ ഇപ്പോൾ ഈ നദിയി​ലു​ള്ളൂ എന്ന്‌ ഗവേഷകർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ആഹാരം പ്രദാനം ചെയ്യു​ന്ന​തോ​ടൊ​പ്പം മേക്കോങ്‌ പല വലുപ്പ​ത്തി​ലുള്ള ബോട്ടു​കൾക്ക്‌ ഒരു ഹൈ​വേ​യാ​യും വർത്തി​ക്കു​ന്നു. യാത്ര​ക്കാ​രെ കയറ്റുന്ന ചെറിയ ബോട്ടു​കൾ, ചരക്കു ഗതാഗ​ത​ത്തിന്‌ ഉപയോ​ഗി​ക്കുന്ന വലിയ വള്ളങ്ങൾ, പുറങ്ക​ട​ലി​ലേക്കു പോകു​ക​യും തിരി​ച്ചു​വ​രി​ക​യും ചെയ്യുന്ന ചരക്കു കപ്പലുകൾ ഇവയെ​ല്ലാം ഈ നദിയി​ലെ സ്ഥിരം കാഴ്‌ച​ക​ളാണ്‌. ടൂറി​സ്റ്റു​ക​ളു​ടെ ഒരു ആകർഷണം കൂടി​യാണ്‌ ഈ നദി. പലരും ‘കോൻ വെള്ളച്ചാ​ട്ടങ്ങൾ’ കണ്ടു​കൊണ്ട്‌ മാത്രം തൃപ്‌തി​പ്പെ​ടാ​തെ വിയന്റി​യെൻ കാണാൻ വേണ്ടി അവി​ടേക്കു യാത്ര ചെയ്യുന്നു. കനാലു​കൾ, ബുദ്ധ​ക്ഷേ​ത്രങ്ങൾ, ഊന്നു​കാ​ലു​ക​ളിൽ താങ്ങി​നി​റു​ത്തി​യി​രി​ക്കുന്ന വീടുകൾ എന്നിവ​യ്‌ക്കു പേരു​കേ​ട്ട​താ​ണീ നഗരം. ഒരു സഹസ്രാ​ബ്ദ​ത്തി​ല​ധി​ക​മാ​യി വാണി​ജ്യം, രാഷ്‌ട്രീ​യം, മതം എന്നിവ​യു​ടെ സിരാ​കേ​ന്ദ്രം കൂടി​യാ​ണിത്‌. വിയന്റി​യെ​നിൽനിന്ന്‌ ഈ നദിയി​ലൂ​ടെ ല്വാങ്‌പ്രാ​ബാ​ങ്ങിൽ എത്താൻ സാധി​ക്കും. ഈ തുറമുഖ നഗരം ഒരിക്കൽ വലി​യൊ​രു ‘തായ്‌-ലാവോ’ സംസ്ഥാ​ന​ത്തി​ന്റെ തലസ്ഥാ​ന​മാ​യി​രു​ന്നു. ഫ്രഞ്ച്‌ ഭരണകാ​ലത്ത്‌ ഉൾപ്പെടെ, കുറെ​ക്കാ​ല​ത്തേക്ക്‌ ലാവോ​സി​ന്റെ രാജകീയ തലസ്ഥാ​ന​മെന്ന പ്രൗഢി​യും ഈ നഗരത്തി​നു​ണ്ടാ​യി​രു​ന്നു. ഫ്രഞ്ച്‌ കോളനി വാഴ്‌ച​യു​ടെ ബാക്കി​പ​ത്രങ്ങൾ, ചരി​ത്ര​മു​റ​ങ്ങുന്ന ഈ നഗരത്തിൽ ഇപ്പോ​ഴും കാണാൻ സാധി​ക്കും.

മേക്കോങ്‌ നദിയി​ലു​ട​നീ​ളം അസ്വസ്ഥ​ജ​ന​ക​മായ ചില മാറ്റങ്ങൾ അടുത്ത​കാ​ല​ത്താ​യി കാണു​ന്നുണ്ട്‌. വിനാ​ശ​ക​ര​മായ മത്സ്യബന്ധന രീതികൾ, വനനശീ​ക​രണം, ജല​വൈ​ദ്യു​ത​പ​ദ്ധ​തി​കൾക്കു വേണ്ടി​യുള്ള വലിയ ഡാമുകൾ ഇവയെ​ല്ലാം അതിലുൾപ്പെ​ടു​ന്നു. പല നിരീ​ക്ഷ​ക​രും സ്ഥിതി​ഗ​തി​കൾ നിയ​ന്ത്ര​ണ​വി​ധേ​യ​മ​ല്ലെന്ന അഭി​പ്രാ​യ​ക്കാ​രാണ്‌. എന്നാൽ ആശയ്‌ക്കു വകയുണ്ട്‌.

സ്‌നേ​ഹ​വാ​നാ​യ നമ്മുടെ സ്രഷ്ടാവ്‌ ഉടൻതന്നെ തന്റെ രാജ്യം മുഖേന മനുഷ്യ​ന്റെ കാര്യ​ങ്ങ​ളിൽ ഇടപെ​ടു​മെന്ന്‌ ബൈബിൾ ഉറപ്പു നൽകുന്നു. (ദാനീ​യേൽ 2:44; 7:13, 14; മത്തായി 6:10) പൂർണ​ത​യുള്ള ആ ലോക ഗവൺമെന്റ്‌ മുഖേന മുഴു​ഭൂ​മി​യും ആരോ​ഗ്യാ​വ​ഹ​മായ സാഹച​ര്യ​ങ്ങ​ളാൽ നിറയു​ക​യും നദിക​ളെ​ല്ലാം, ആലങ്കാ​രി​ക​മാ​യി പറഞ്ഞാൽ, ഉല്ലാസം​കൊണ്ട്‌ ‘കൈ​കൊ​ട്ടു’കയും ചെയ്യും. (സങ്കീർത്തനം 98:7-9) ആ സന്തോ​ഷ​ത്തിൽ മേക്കോ​ങ്ങും പങ്കു​ചേ​രട്ടെ.

[24-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

മ്യാൻമാർ

ലാവോസ്‌

ചൈന

തായ്‌ലൻഡ്‌

കംബോഡിയ

വിയറ്റ്‌നാം

മേക്കോങ്‌ നദി

[24-ാം പേജിലെ ചിത്രം]

മേക്കോങ്‌ ഡെൽറ്റ​യി​ലെ നെൽവ​യ​ലു​കൾ

[24-ാം പേജിലെ ചിത്രം]

മേക്കോങ്‌ നദിയിൽ ഏതാണ്ട്‌ 1,200 ഇനം മത്സ്യങ്ങ​ളുണ്ട്‌

[25-ാം പേജിലെ ചിത്രം]

ജലപ്പരപ്പിലെ മാർക്കറ്റ്‌, വിയറ്റ്‌നാം

[24-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

നെൽവയലുകൾ: ©Jordi Camí/age fotostock; മത്സ്യബന്ധനം: ©Stuart Pearce/World Pictures/age fotostock; പശ്ചാത്തലം: © Chris Sattlberger/Panos Pictures

[25-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മാർക്കറ്റ്‌: ©Lorne Resnick/age fotostock; സ്‌ത്രീ: ©Stuart Pearce/World Pictures/age fotostock