ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
◼ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ ചതിക്കുഴിയിൽ അകപ്പെടുത്താനുള്ള 57 ലക്ഷം ശ്രമങ്ങൾ ഓരോ ദിവസവും ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു.—മാഗസിൻ, സ്പെയിൻ.
◼ “ജപ്പാനിൽ ആത്മഹത്യകളുടെ എണ്ണം 2005-ലും 30,000 കവിഞ്ഞു. തുടർച്ചയായി എട്ടാം വർഷമാണ് ഇങ്ങനെ സംഭവിക്കുന്നത്.” ലോകത്തിൽ ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ.—മൈനിച്ചി ഡെയ്ലി ന്യൂസ്, ജപ്പാൻ.
◼ “മനുഷ്യന്റെ കൈകടത്തൽ മൂലം, കഴിഞ്ഞ 500 വർഷംകൊണ്ട് 844 സ്പീഷീസുകൾ (വന്യ ചുറ്റുപാടുകളിൽനിന്നോ) ഈ ഭൂമുഖത്തുനിന്നുതന്നെയോ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു.”—ഐയുസിഎൻ, വേൾഡ് കോൺസർവേഷൻ യൂണിയൻ, സ്വിറ്റ്സർലൻഡ്.
◼ ബ്രിട്ടനിലെ സ്ത്രീപുരുഷന്മാരിൽ ആറു ശതമാനം സ്വവർഗരതിപ്രിയരാണെന്ന് ഗവൺമെന്റ് കണക്കുകൾ സൂചിപ്പിക്കുന്നു. 2005-ൽ പാസ്സാക്കിയ നിയമം, “ഒരേ ലിംഗവർഗത്തിൽപ്പെട്ട പങ്കാളികൾക്ക് ‘വിവാഹം’ കഴിക്കുന്നതിനുള്ള അനുമതി നൽകുകയും മറ്റു ദമ്പതികൾക്കുള്ളതുപോലുള്ള അവകാശങ്ങൾ അനുവദിച്ചുകൊടുക്കുകയും ചെയ്യുന്നു.”—ദ ഡെയ്ലി ടെലിഗ്രാഫ്, ഇംഗ്ലണ്ട്.
ഹിമപ്രവാഹങ്ങൾക്കു വേഗമേറുന്നു
“ഗ്രീൻലൻഡ് ഐസ് ഷീറ്റിൽനിന്ന് [അടർന്നുപോരുന്ന] പല വലിയ ഹിമാനികളുടെയും പ്രവാഹവേഗം വർധിക്കുകയാണ്” എന്ന് സയൻസ് മാസിക റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് അവയിൽ പലതിന്റെയും പ്രവേഗം ഏതാണ്ട് ഇരട്ടിയായിത്തീർന്നിട്ടുണ്ടെന്നാണ് ഉപഗ്രഹ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. വർഷത്തിൽ 12 കിലോമീറ്ററിലധികം ദൂരം ഇന്നിവ പിന്നിടുന്നു. ഹിമപിണ്ഡത്തിന്റെ ശോഷണനിരക്ക് പത്തുവർഷം മുമ്പ് വർഷത്തിൽ ഏകദേശം 90 ഘന കിലോമീറ്റർ ആയിരുന്നെങ്കിൽ ഇന്ന് അത് പ്രതിവർഷം 220 ഘന കിലോമീറ്ററാണ്. അതുകൊണ്ടുതന്നെ, “ഭാവിയിൽ സമുദ്രനിരപ്പിൽ ഉണ്ടാകാൻപോകുന്ന വർധന ഇന്നത്തെ കണക്കുകൂട്ടലുകളെയൊക്കെ കടത്തിവെട്ടും” എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
സഭകൾ ഡാർവിനെ ആഘോഷപൂർവം വരവേൽക്കുന്നു
ഐക്യനാടുകളിലെ 450-ഓളം “ക്രൈസ്തവ” സഭകൾ, 2006 ഫെബ്രുവരിയിൽ ചാൾസ് ഡാർവിന്റെ 197-ാമത് ജന്മദിനം കൊണ്ടാടി. ആഘോഷത്തോട് അനുബന്ധിച്ച് ‘പല പരിപാടികളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തം [ക്രിസ്തീയ] വിശ്വാസവുമായി യോജിപ്പിലാണെന്നും മതം, ശാസ്ത്രം ഇവയിൽ ഏതു തിരഞ്ഞെടുക്കണമെന്ന പ്രശ്നമേ ക്രിസ്ത്യാനികളുടെ മുന്നിൽ ഉദിക്കുന്നില്ലെന്നും ഉള്ള ആശയമായിരുന്നു അവയിലൊക്കെ നിറഞ്ഞുനിന്നിരുന്നത്.’ ഒരു ജീവശാസ്ത്രജ്ഞനും വിസ്ക്കോൻസൻ-ഓഷ്കോഷ് യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് ലെറ്റർസ് ആൻഡ് സയൻസസിന്റെ ഡീനുമായ മൈക്ക്ൾ സിമ്മർമനാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. അദ്ദേഹം പിൻവരുന്നപ്രകാരം പറഞ്ഞതായി ചിക്കാഗോ ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു: “അങ്ങനെയൊരു തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ല. നിങ്ങൾക്ക് ഇതു രണ്ടിലും വിശ്വസിക്കാം.”
ജോലിസ്ഥലത്തെ മര്യാദയില്ലാത്ത പെരുമാറ്റം
“ജോലിസ്ഥലത്തെ മര്യാദയില്ലാത്ത പെരുമാറ്റം ഒരു സ്ഥാപനത്തിന്റെ സമയവും ശ്രമവും പ്രതിഭയും പാഴാക്കിയേക്കാം” എന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നു. 3,000-ത്തോളം പേരെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു സർവേ കണ്ടെത്തിയത് അതിൽ 90 ശതമാനത്തിലധികംപേരും “ജോലിസ്ഥലത്ത് അപമര്യാദയ്ക്കു പാത്രമായിട്ടുണ്ട്” എന്നാണ്. ഇതിൽത്തന്നെ പകുതിപ്പേർ, “സംഭവത്തെക്കുറിച്ച് ഓർത്ത് വിഷമിച്ചിരുന്നതു നിമിത്തം ജോലിസമയം പാഴായിപ്പോയി” എന്നു പറഞ്ഞു. “25 ശതമാനം പേർ ജോലിയിൽ ഉഴപ്പാൻ തുടങ്ങി.” 8-ൽ ഒരാളാകട്ടെ ജോലി ഉപേക്ഷിക്കുകയും ചെയ്തു. “ജോലിക്കാർ ജോലിയിൽ ഉഴപ്പുന്നതും ജോലിക്കു കൂടെക്കൂടെ വരാതിരിക്കുന്നതും, എന്തിന്, സാധനങ്ങൾ മോഷ്ടിക്കുന്നതുപോലും മര്യാദയില്ലാത്ത പെരുമാറ്റം ഒരു പ്രശ്നമായിരിക്കുന്ന സ്ഥാപനത്തിന്റെ ലക്ഷണങ്ങളായിരുന്നേക്കാം” എന്ന് ദക്ഷിണ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്റ് പ്രൊഫസറായ ക്രിസ്റ്റിൻ പോറാത്ത് പറയുന്നതായി ജേർണൽ റിപ്പോർട്ടു ചെയ്യുന്നു.
കടൽ കുപ്പത്തൊട്ടിയാകുമ്പോൾ . . .
ദ ഹോനലൂലൂ അഡ്വർട്ടൈസർ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, കടൽപ്പരപ്പിൽ വ്യാപിച്ചുകിടന്നിരുന്ന ചപ്പുചവറുകളുടെ ഒരു വൻ പടലം 2006 ആരംഭത്തിൽ, “തെക്കോട്ട് ഹവായിയുടെ ഭാഗത്തേക്ക് ഒഴുകിനീങ്ങി. അതിന്റെ ഫലമായി, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന സാമഗ്രികളുടെയും പ്ലാസ്റ്റിക് സാധനങ്ങളുടെയും മറ്റും പ്രളയമായിരുന്നു ദ്വീപുകളുടെ തീരങ്ങളിൽ.” ഉത്തര പസിഫിക്കിൽ പൊന്തിക്കിടക്കുന്ന ചപ്പുചവറുകളിൽ അധികവും ഒഴുക്കിൽപ്പെട്ട് സമുദ്രത്തിന്റെ ശാന്തമായ ഒരു ഭാഗത്തെത്തുകയാണു പതിവ്. എന്നാൽ ചില അന്തരീക്ഷസ്ഥിതികളിൽ ജലപ്രവാഹം അവയെ ഹവായിയിലേക്ക് അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നു. 2005-ൽ 100-ലധികം മത്സ്യബന്ധന വലകളും “2,000-ത്തിലേറെ ചപ്പുചവറുകളും കണ്ടെത്തി.” ചപ്പുചവറുകൾ സമുദ്രജീവന് ഒരു ഭീഷണിയാണ്. ‘ആൽഗലിറ്റ മറൈൻ റിസർച്ച് ഫൗണ്ടേഷ’ന്റെ സ്ഥാപകനായ ചാൾസ് മോർ പറയുന്നു: “സമുദ്രത്തിൽ ഇപ്പോൾ സ്വാഭാവികമായ തീറ്റ തിന്നു വളരുന്ന മത്സ്യങ്ങളേ ഇല്ല. എല്ലാം പ്ലാസ്റ്റിക്കാണു തിന്നുന്നത്.”