വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കലിപ്‌സോ അപൂർവ സവിശേഷതകളുള്ള ഒരു നാടോടി സംഗീതം

കലിപ്‌സോ അപൂർവ സവിശേഷതകളുള്ള ഒരു നാടോടി സംഗീതം

കലിപ്‌സോ അപൂർവ സവി​ശേ​ഷ​ത​ക​ളുള്ള ഒരു നാടോ​ടി സംഗീതം

ട്രിനിഡാഡിലെ ഉണരുക! ലേഖകൻ

ട്രിനി​ഡാഡ്‌ ആൻഡ്‌ ടൊബാ​ഗൊ റിപ്പബ്ലി​ക്കി​നെ കുറിച്ചു കേൾക്കു​മ്പോൾ നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്നത്‌ എന്താണ്‌? സ്റ്റീൽ വാദ്യ​വൃ​ന്ദ​ങ്ങ​ളു​ടെ മേള​ക്കൊ​ഴു​പ്പും ഹൃദയ​ത​ന്ത്രി​കളെ തൊട്ടു​ണർത്തുന്ന കലിപ്‌സോ സംഗീ​ത​വു​മാണ്‌ പലരു​ടെ​യും മനസ്സിൽ ഓടി​യെ​ത്തുക. ദക്ഷിണ കരീബി​യൻ ദ്വീപു​ക​ളാണ്‌ കലിപ്‌സോ​യു​ടെ ജന്മഗൃഹം. എന്നാൽ അവിസ്‌മ​ര​ണീ​യ​മായ താളല​യ​ങ്ങ​ളും തനതായ ശൈലി​യും ഇഴചേർന്ന ഈ സംഗീത ശിൽപ്പ​ത്തി​ന്റെ പ്രശസ്‌തി അവിടെ മാത്രം ഒതുങ്ങി​നിൽക്കു​ന്നില്ല. a അത്‌ അകലങ്ങ​ളി​ലേക്ക്‌ ഒഴുകി​യെത്തി ജനഹൃ​ദ​യങ്ങൾ കയ്യടക്കി​യി​രി​ക്കു​ന്നു.

കലിപ്‌സോ കാലലൂ എന്ന പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌, കലിപ്‌സോ എന്ന പേരിന്‌ “ഏകദേശം 1898-നു ശേഷം ട്രിനി​ഡാ​ഡിൽ, കാർണി​വൽ സമയത്ത്‌ ആലപി​ക്ക​പ്പെ​ട്ടി​ട്ടുള്ള ഏതൊരു പാട്ടി​നെ​യും” കുറി​ക്കാൻ കഴിയും. “തെരു​വിൽ മദി​രോ​ത്സവ ലഹരി​യിൽ കൂത്താടി നടക്കു​ന്ന​വ​രോ, വേദി​യിൽ ഗാനവി​രു​ന്നൊ​രു​ക്കുന്ന . . . സംഗീ​ത​പ്ര​തി​ഭ​ക​ളോ ഒക്കെയാ​കാം അതിന്റെ ഗായകർ.” കലിപ്‌സോ​യു​ടെ ഉത്‌പ​ത്തിക്ക്‌ പ്രചോ​ദ​ന​മാ​യത്‌ എന്താണ്‌? കഥകൾ കൈമാ​റി​ക്കൊണ്ട്‌ പുതു​ത​ല​മു​റ​കളെ സംസ്‌കാ​ര​ത്തി​ന്റെ​യും മറ്റും പൗരാ​ണിക വീഥി​ക​ളി​ലൂ​ടെ കൈപി​ടി​ച്ചു നടത്തുന്ന ആഫ്രിക്കൻ പാരമ്പ​ര്യ​മാ​കാം അതിനു നിദാ​ന​മാ​യത്‌. ആഫ്രിക്കൻ അടിമകൾ ട്രിനി​ഡാ​ഡി​നു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടുത്ത ഈ പാരമ്പ​ര്യം, ആഫ്രിക്കൻ ഗാനങ്ങ​ളു​ടെ​യും നൃത്തങ്ങ​ളു​ടെ​യും ചെണ്ട​മേ​ള​ങ്ങ​ളു​ടെ​യും സവിശേഷ ഭാവങ്ങളെ ജനമന​സ്സു​ക​ളിൽ ജ്വലി​പ്പി​ച്ചു നിറുത്തി. ഈ ഭാവങ്ങ​ളും ഫ്രഞ്ചു​കാർ, ലാറ്റിൻ അമേരി​ക്ക​ക്കാർ, ഇംഗ്ലീ​ഷു​കാർ തുടങ്ങി​യ​വ​രു​ടെ സ്വാധീ​ന​ങ്ങ​ളും കൈ​കോർത്ത​പ്പോൾ കലിപ്‌സോ​യു​ടെ പിറവിക്ക്‌ കളമൊ​രു​ങ്ങി.

കലിപ്‌സോ എന്ന പേരിന്റെ ഉത്ഭവം വ്യക്തമല്ല. ഗംഭീര പരിപാ​ടി​കളെ പ്രശം​സി​ക്കാൻ ഉപയോ​ഗി​ച്ചി​രുന്ന കൈസോ എന്ന പശ്ചിമാ​ഫ്രി​ക്കൻ പദത്തിൽനി​ന്നാണ്‌ അതിന്റെ ഉത്‌പ​ത്തി​യെന്ന്‌ ചിലർ കരുതു​ന്നു. 1830-കളിൽ ട്രിനി​ഡാ​ഡി​ലും ടൊബാ​ഗൊ​യി​ലും അടിമ​ത്ത​ത്തി​നു തിരശ്ശീല വീഴു​ന്ന​തി​നു മുമ്പു​പോ​ലും, ഗായകർ സ്വന്തം ഗുണഗ​ണ​ങ്ങളെ പാടി​പ്പു​ക​ഴ്‌ത്തു​ന്ന​തും അന്യോ​ന്യം പരിഹാ​സ​ത്തി​ന്റെ ഒളിയ​മ്പു​കൾ എയ്‌തു​വി​ടു​ന്ന​തും കേൾക്കാൻ വാർഷിക കാർണി​വൽ ആഘോ​ഷ​വേ​ള​ക​ളിൽ ജനം തടിച്ചു​കൂ​ടു​മാ​യി​രു​ന്നു. ആസ്വാ​ദ​ക​ഹൃ​ദ​യ​ങ്ങ​ളിൽ സ്വന്തമാ​യി ഒരിടം കണ്ടെത്തു​ന്ന​തിന്‌, ഓരോ കലിപ്‌സോ ഗായക​നും വേറിട്ട ഒരു അവതര​ണ​ശൈ​ലി​യും അരങ്ങത്ത്‌ തിളങ്ങാൻ ഒരു പേരും സ്വന്തമാ​ക്കി.

അതിന്റെ ശൈലി​യും സ്വാധീ​ന​വും

കുത്തി​നോ​വി​ക്കുന്ന നർമത്തിന്‌ പേരു​കേ​ട്ട​വ​രാണ്‌ കലിപ്‌സോ ഗായകർ. കൂടാതെ, ഈരടി​കൾ ഒട്ടും പ്രാസം തെറ്റാതെ മെന​ഞ്ഞെ​ടു​ക്കാൻ അസാധാ​രണ പാടവ​മുള്ള നിമിഷ കവിക​ളാണ്‌ പല കലിപ്‌സോ ഗായക​രും. പാട്ടിന്റെ പ്രമേ​യ​വു​മാ​യി അങ്ങേയറ്റം യോജി​ക്കുന്ന വാങ്‌മയ ചിത്രങ്ങൾ കോർത്തി​ണക്കി പലപ്പോ​ഴും അവർ ഈ സംഗീ​ത​ശ​ക​ല​ങ്ങൾക്ക്‌ ‘എരിവും പുളി​യും’ പകരാ​റുണ്ട്‌. ആദ്യകാ​ല​ങ്ങ​ളിൽ, ഇവരിൽ മിക്കവ​രും ആഫ്രിക്കൻ വംശജ​രായ ട്രിനി​ഡാ​ഡു​കാ​രും സമൂഹ​ത്തി​ന്റെ താഴേ​ത്ത​ട്ടിൽനിന്ന്‌ ഉള്ളവരും ആയിരു​ന്നു. എന്നാൽ ഇന്ന്‌ ഈ ഗായക​രു​ടെ അണിക​ളിൽ എല്ലാ വർഗ-വർണ-വിഭാ​ഗ​ങ്ങ​ളിൽനി​ന്നും ഉള്ളവരുണ്ട്‌.

ട്രിനി​ഡാ​ഡി​ന്റെ​യും ടൊബാ​ഗൊ​യു​ടെ​യും മുൻ സാംസ്‌കാ​രിക ഡയറക്ട​റായ ഡോ. ഹോലിസ്‌ ലിവർപൂൾ ഒരു ചരി​ത്ര​കാ​ര​നും കലിപ്‌സോ ഗായക​നു​മാണ്‌. ആദ്യകാല കലിപ്‌സോ ഗായക​രെ​ക്കു​റിച്ച്‌ അദ്ദേഹം ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “നർമ​ബോ​ധ​മാ​യി​രു​ന്നു അവരുടെ എന്നത്തെ​യും സവി​ശേഷത. ആളുകൾ [കലിപ്‌സോ] തമ്പുക​ളി​ലേക്കു വന്നിരു​ന്നത്‌ മുഖ്യ​മാ​യും, അവർ വിളമ്പുന്ന നർമരസം തുളു​മ്പുന്ന പരിപാ​ടി​ക​ളു​ടെ മാധു​ര്യം നുണയാ​നും നാട്ടു​വി​ശേഷം അറിയാ​നും കേട്ടു​കേൾവി​കൾ ശരിയാ​ണെന്ന്‌ ഉറപ്പു​വ​രു​ത്താ​നും ആയിരു​ന്നു. സമൂഹ​ത്തി​ന്റെ മേൽത്ത​ട്ടി​ലു​ള്ള​വ​രു​ടെ പ്രധാന ആഗമ​നോ​ദ്ദേ​ശ്യം അടിത്ത​ട്ടി​ലു​ള്ളവർ എന്താണു ചെയ്യു​ന്ന​തെന്ന്‌ അറിയു​ക​യാ​യി​രു​ന്നു. ഗവർണ​റും പരിവാ​ര​ങ്ങ​ളും വന്നിരു​ന്ന​താ​കട്ടെ തങ്ങളെ​ക്കു​റി​ച്ചുള്ള രാഷ്‌ട്രീയ വിലയി​രു​ത്തൽ മനസ്സി​ലാ​ക്കാ​നും.”

കലിപ്‌സോ ഗായകർ മിക്ക​പ്പോ​ഴും ഗവൺമെന്റ്‌ അധികാ​രി​കൾക്കും സമൂഹ​ത്തി​ന്റെ മേൽത്ത​ട്ടി​ലു​ള്ള​വർക്കും നേരെ പരിഹാ​സ​ശ​രങ്ങൾ എയ്‌തു​വി​ട്ടു. ഫലമോ? സാമാന്യ ജനം അവരെ വീരപു​രു​ഷ​ന്മാ​രാ​യും തങ്ങളുടെ വക്താക്ക​ളാ​യും കരുതി ആദരി​ച്ച​പ്പോൾ, അധികാ​ര​വർഗം അവരെ കണ്ണിലെ കരടായി വീക്ഷിച്ചു. ചില​പ്പോ​ഴൊ​ക്കെ അവർ അങ്ങേയറ്റം നിശി​ത​മായ വിമർശ​നങ്ങൾ തൊടു​ത്തു​വി​ട്ടത്‌ അവർക്കെ​തി​രെ നിയമം നിർമി​ക്കാൻ കൊ​ളോ​ണി​യൽ ഗവൺമെ​ന്റി​നെ പ്രേരി​പ്പി​ച്ചു. എന്നാൽ തങ്ങളെ വരുതി​യിൽ നിറു​ത്താ​നുള്ള ഈ ശ്രമങ്ങ​ളോട്‌ അവർ പ്രതി​ക​രി​ച്ചത്‌ പാട്ടു​ക​ളിൽ ദ്വയാർഥ പ്രയോ​ഗങ്ങൾ ഇണക്കി​ച്ചേർത്തു​കൊ​ണ്ടാണ്‌. അവർ ഇതിൽ പ്രാവീ​ണ്യം നേടു​ക​യും ചെയ്‌തു. ഇത്തരം പ്രയോ​ഗങ്ങൾ ഇന്നും കലിപ്‌സോ ഈരടി​ക​ളു​ടെ ഒരു മുഖ്യ സവി​ശേ​ഷ​ത​യാ​യി തുടരു​ന്നു.

കലിപ്‌സോ ഗായകർ ഭാഷയു​ടെ ഉപയോ​ക്താ​ക്കൾ മാത്ര​മാ​യി​രു​ന്നില്ല, ശിൽപ്പി​കൾകൂ​ടെ ആയിരു​ന്നു. വെസ്റ്റ്‌ ഇന്ത്യൻ നാടോ​ടി ഭാഷയു​ടെ പദസമ്പ​ത്തിന്‌ അവർ നൽകിയ സംഭാവന ശ്രദ്ധേ​യ​മാണ്‌. പലരും, ചില രാഷ്‌ട്രീയ പ്രവർത്ത​കർപോ​ലും, ചില ആശയങ്ങൾ ഊന്നി​പ്പ​റ​യാ​നാ​യി കലിപ്‌സോ ഗായക​രു​ടെ വാക്കുകൾ കടമെ​ടു​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല.

കലിപ്‌സോ ഇന്ന്‌

വ്യത്യസ്‌ത അഭിരു​ചി​ക​ളു​ള്ള​വരെ തൃപ്‌തി​പ്പെ​ടു​ത്തുന്ന വിവി​ധ​യി​നം കലിപ്‌സോ​കൾ അടുത്ത​കാ​ലത്ത്‌ രംഗ​പ്ര​വേശം ചെയ്‌തി​ട്ടുണ്ട്‌. ഇവയിൽ ചിലത്‌ വ്യത്യസ്‌ത ഇനങ്ങളു​ടെ സങ്കരമാണ്‌. മിക്ക സംഗീ​ത​രൂ​പ​ങ്ങ​ളു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ ചില കലിപ്‌സോ ഗാനങ്ങൾ ധാർമി​ക​മാ​യി ഉന്നത നിലവാ​രം പുലർത്തു​ന്ന​വയല്ല. അതു​കൊ​ണ്ടു​തന്നെ, നാം കേൾക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ വിവേചന പുലർത്തു​ന്നത്‌ ബുദ്ധി​യാണ്‌. (എഫെസ്യർ 5:3, 4) നമുക്ക്‌ നമ്മോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌: ‘ഒരു ദ്വയാർഥ പ്രയോ​ഗ​ത്തെ​ക്കു​റിച്ച്‌ എന്റെ കുട്ടി​കൾക്കോ ഈ സംഗീതം പരിച​യ​മി​ല്ലാത്ത ഒരാൾക്കോ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ എനിക്കു ലജ്ജ തോന്നു​മോ?’

ട്രിനി​ഡാ​ഡി​ലേ​ക്കും ടൊബാ​ഗൊ​യി​ലേ​ക്കും വരുക​യാ​ണെ​ങ്കിൽ ആ ദ്വീപു​ക​ളി​ലെ മനോ​ഹ​ര​മായ കടൽത്തീ​ര​ങ്ങ​ളും പവിഴ​പ്പു​റ്റു​നി​ര​ക​ളും നാനാ​വർഗ​ങ്ങ​ളി​ലും സംസ്‌കാ​ര​ങ്ങ​ളി​ലും​പെട്ട ആളുക​ളും നിങ്ങളു​ടെ ഹൃദയം കവരും എന്നതിനു സംശയ​മില്ല. പ്രായ​ഭേ​ദ​മ​ന്യേ ലോക​മെ​മ്പാ​ടു​മുള്ള ആളുക​ളു​ടെ ഭാവനയെ തൊട്ടു​ണർത്തി​യി​രി​ക്കുന്ന, ഇമ്പമധു​ര​വും ജീവസ്സു​റ്റ​തു​മായ കലിപ്‌സോ സംഗീ​ത​വും നിങ്ങൾ ആസ്വദി​ച്ചേ​ക്കാം.

[അടിക്കു​റിപ്പ്‌]

a സ്റ്റീൽ ഡ്രമ്മുകൾ അടങ്ങിയ വാദ്യ​വൃ​ന്ദങ്ങൾ പലപ്പോ​ഴും കലിപ്‌സോ സംഗീതം ‘ആലപി​ക്കാ​റുണ്ട്‌.’ എങ്കിലും കലിപ്‌സോ ഗായകന്‌ സാധാ​ര​ണ​മാ​യി അകമ്പടി സേവി​ക്കു​ന്നത്‌ ഗിറ്റാർ, കാഹളം, സാക്‌സ​ഫോൺ, ചെണ്ട തുടങ്ങിയ വാദ്യ​ങ്ങ​ളാണ്‌.

[24, 25 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സ്റ്റീൽ ഡ്രമ്മുകൾ