ഞാൻ ഒരു “ധൂർത്തപുത്രൻ” ആയിരുന്നു
ഞാൻ ഒരു “ധൂർത്തപുത്രൻ” ആയിരുന്നു
മെറോസ് വില്യം സൺഡേ പറഞ്ഞപ്രകാരം
ദൈവത്തെ സ്നേഹിക്കാൻ ബാല്യത്തിൽത്തന്നെ എന്നെ പഠിപ്പിച്ചിരുന്നു; എന്നാൽ 18-ാം വയസ്സിൽ ഞാൻ വീടുവിട്ടിറങ്ങി. പിന്നീടുള്ള 13 വർഷം യേശുവിന്റെ ഉപമയിലെ ധൂർത്തപുത്രന്റേതുപോലുള്ളൊരു ജീവിതം നയിച്ചു. (ലൂക്കൊസ് 15:11-24) മയക്കുമരുന്നു വ്യാപാരിയായിത്തീർന്ന ഞാൻ എന്റെ ജീവിതം നശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജീവിതഗതിക്കു മാറ്റംവരുത്താനും മടങ്ങിവരാനും വഴിത്തിരിവായത് എന്താണെന്നു ഞാൻ പറയട്ടെ.
ഒരു ക്രിസ്തീയ കുടുംബത്തിൽ, ഒമ്പതു മക്കളിൽ രണ്ടാമത്തവനായി 1956-ൽ ഞാൻ ജനിച്ചു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഇലേഷാ പട്ടണത്തിലായിരുന്നു ഞങ്ങളുടെ താമസം. കത്തോലിക്കനായി ജനിച്ചുവളർന്ന എന്റെ ഡാഡിക്ക്1945-ൽ അദ്ദേഹത്തിന്റെ അങ്കിളിൽനിന്ന് ദൈവത്തിന്റെ കിന്നരം a എന്ന പുസ്തകം ലഭിച്ചു. അതു വായിച്ചശേഷം അദ്ദേഹം യഹോവയുടെ സാക്ഷികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. 1946-ൽ ഡാഡി സ്നാപനമേറ്റു, താമസിയാതെ മമ്മിയും.
കുട്ടിക്കാലത്ത് യഹോവ എനിക്ക് എത്രമാത്രം യഥാർഥമായിരുന്നെന്നോ! മാതാപിതാക്കളോടൊപ്പം എത്ര തീക്ഷ്ണതയോടെയാണു ഞാൻ പ്രസംഗവേലയിൽ ഏർപ്പെട്ടത്, അതെല്ലാം ഇന്നും എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നു. ഡാഡിയാണ് എന്നെ ബൈബിൾ പഠിപ്പിച്ചത്. എന്നാൽ ചിലപ്പോഴൊക്കെ, ഞങ്ങളുടെ സഞ്ചാര മേൽവിചാരകനായ ഒബാരാ സഹോദരന്റെ ഭാര്യ ആലീസും അധ്യയനം എടുത്തിരുന്നു. ഞാൻ ഒരു മുഴുസമയ ശുശ്രൂഷകൻ ആകണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ അതിനുമുമ്പു സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന് അമ്മ അഭിപ്രായപ്പെട്ടു.
16-ാം വയസ്സിൽ സ്കൂളിൽ ചേർന്നയുടനെതന്നെ ഞാൻ പക്ഷേ, ബൈബിൾ തത്ത്വങ്ങൾ ആദരിക്കാത്ത കുട്ടികളുമായി ചങ്ങാത്തത്തിലായി. അത് എത്ര ബുദ്ധിമോശമായിരുന്നെന്നോ! ഏറെക്കഴിയുംമുമ്പ്, ഞാൻ പുകവലിക്കാനും അധാർമിക ജീവിതം നയിക്കാനും തുടങ്ങി. പുതിയ ജീവിതരീതി ക്രിസ്തീയ യോഗങ്ങളിലൂടെ ലഭിച്ചിരുന്ന മാർഗനിർദേശങ്ങൾക്കു ചേർച്ചയിലല്ലെന്നു തിരിച്ചറിഞ്ഞ ഞാൻ യോഗങ്ങളിൽ സംബന്ധിക്കുന്നതും വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുന്നതും നിറുത്തി. അതു മാതാപിതാക്കളെ ദുഃഖത്തിലാഴ്ത്തിയെങ്കിലും അവരുടെ വികാരങ്ങൾ ഞാൻ കണക്കിലെടുത്തില്ല.
വീടുവിട്ടിറങ്ങുന്നു
സെക്കൻഡറി സ്കൂൾ പഠനം ആരംഭിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും ഞാൻ വീടുവിട്ടിറങ്ങി. അയൽപക്കത്തെ കൂട്ടുകാരോടൊപ്പം താമസമാക്കിയ ഞാൻ പക്ഷേ, ഇടയ്ക്കൊക്കെ ആരുമറിയാതെ വീട്ടിൽക്കടന്ന് കയ്യിൽക്കിട്ടുന്ന ആഹാരസാധനങ്ങളുമെടുത്തു സ്ഥലംവിടുമായിരുന്നു. മനസ്സുമടുത്ത് ഡാഡി എന്റെ സ്കൂൾ ഫീസ് അടയ്ക്കാതെയായി. അങ്ങനെയെങ്കിലും ഞാൻ നന്നാകുമെന്ന് അദ്ദേഹം കരുതി.
ഏതായാലും അതിനിടെ എനിക്കൊരു സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ട്ലൻഡിൽനിന്ന് എന്റെ സ്പോൺസർ സ്കൂൾഫീസും ചിലപ്പോഴൊക്കെ സമ്മാനങ്ങളും കൂട്ടത്തിൽ പണവും അയച്ചുതന്നിരുന്നു. ഈ കാലയളവിൽ എന്റെ മറ്റു രണ്ടു സഹോദരന്മാരുംകൂടെ യഹോവയുടെ സാക്ഷികളോടൊത്തുള്ള സഹവാസം നിറുത്തിയത് മാതാപിതാക്കൾക്കു തീരാദുഃഖത്തിനു കാരണമായി. തിരിഞ്ഞുവരാൻ മമ്മി പല പ്രാവശ്യം കരഞ്ഞപേക്ഷിച്ചു. അപ്പോഴൊക്കെ എനിക്കു വിഷമം തോന്നിയിരുന്നുവെങ്കിലും മാറ്റംവരുത്താനൊന്നും ഞാൻ തുനിഞ്ഞില്ല.
വൻനഗരങ്ങളിൽ
1977-ൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഞാൻ ലാഗോസിലേക്കു പോകുകയും ഒരു തൊഴിൽ സമ്പാദിക്കുകയും
ചെയ്തു. കുറച്ചു കാലത്തിനുള്ളിൽ, നിയമവിരുദ്ധമായ മാർഗത്തിലൂടെ കുറേ പണം സ്വരൂപിച്ച് ഒരു ടാക്സി കാർ വാങ്ങി. കൂടുതൽ പണം വന്നു തുടങ്ങിയതോടെ ഞാൻ മയക്കുമരുന്ന് ഉപയോഗിക്കാനും തുടങ്ങി. നിശാക്ലബുകളിലും വേശ്യാലയങ്ങളിലും ഞാൻ സ്ഥിരംസന്ദർശകനായി. ലാഗോസിലെ ജീവിതം മടുത്തു തുടങ്ങിയതിനാൽ 1981-ൽ ലണ്ടനിലേക്കു പോയി. അവിടെനിന്നു ബെൽജിയത്തിൽ എത്തിയ ഞാൻ ഫ്രഞ്ച് പഠിക്കുകയും ഒരു റസ്റ്ററന്റിൽ അംശകാലാടിസ്ഥാനത്തിൽ ജോലിനോക്കുകയും ചെയ്തു. എന്നിരുന്നാലും കാറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നൈജീരിയയിലേക്കു കയറ്റിയയ്ക്കുന്നതിനാണ് എന്റെ സമയത്തിൽ ഏറിയപങ്കും ഞാൻ വിനിയോഗിച്ചത്.എന്നെ കണ്ടുമുട്ടി ഒരു ബൈബിളധ്യയനം നടത്താൻ അഭ്യർഥിച്ചുകൊണ്ട് ഡാഡി ബെൽജിയത്തിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് എഴുതി. പക്ഷേ സാക്ഷികൾ സന്ദർശിച്ചപ്പോഴൊന്നും അവരെ ശ്രദ്ധിക്കാൻ ഞാൻ കൂട്ടാക്കിയില്ല. ശൂശ്രൂഷയ്ക്കുശേഷം തീറ്റയും കുടിയും കളിയുമൊക്കെയായി സമയം ചെലവഴിച്ചിരുന്ന മറ്റൊരു മതവിഭാഗത്തോടൊപ്പം ഞാൻ ചേർന്നു.
മയക്കുമരുന്നു വ്യാപാരത്തിലേക്ക്
1982-ൽ ഞാൻ നൈജീരിയയിലേക്ക് ഒരു ആഡംബര കാർ കയറ്റിയയ്ക്കുകയും അത് കസ്റ്റംസിലൂടെ കടന്നുപോകുന്നുവെന്ന് ഉറപ്പുവരുത്താൻ അവിടത്തെ തുറമുഖത്ത് എത്തുകയും ചെയ്തു. എന്നാൽ അതിന്റെ കസ്റ്റംസ് ഡ്യൂട്ടി രേഖകൾ വ്യാജമാണെന്നു ഓഫീസർമാർ കണ്ടെത്തിയതിനെ തുടർന്ന് 40 ദിവസത്തോളം എനിക്കു കസ്റ്റഡിയിൽ കഴിയേണ്ടിവന്നു. ഏതായാലും ഡാഡി എന്നെ ജാമ്യത്തിലിറക്കി. കേസു നടത്താൻ പണം ആവശ്യമായിരുന്നതിനാൽ കുറെ ചരക്കുമായി—അക്കൂട്ടത്തിൽ ഏതാനും കിലോ മരിഹ്വാനയും ഉണ്ടായിരുന്നു—ഞാൻ ബെൽജിയത്തിലേക്കു തിരികെപ്പോയി. വ്യാജ രേഖകൾ ചമച്ചു എന്ന കുറ്റാരോപണത്തിൽനിന്നു വിമുക്തനായശേഷം ഞാൻ മയക്കുമരുന്നു വ്യാപാരത്തിൽ കാലുറപ്പിച്ചു.
ഒരിക്കൽ നെതർലൻഡ്സിൽവെച്ച് അറസ്റ്റിലായതിനെ തുടർന്ന് ഇമിഗ്രേഷൻ ഓഫീസർമാർ എന്നെ നൈജീരിയയിലേക്കുള്ള ഒരു വിമാനത്തിൽ തിരിച്ചയച്ചു. മാർഗമധ്യേ ഞാൻ മറ്റു മയക്കുമരുന്നു വ്യാപാരികളെ കണ്ടുമുട്ടുകയും ഒരു കൂട്ടുവ്യാപാരത്തിനു തുടക്കംകുറിക്കുകയും ചെയ്തു. 1984 ജനുവരിയിൽ ഞാൻ മറ്റൊരു ആഫ്രിക്കൻ രാജ്യത്തേക്കു പോയി. അവിടത്തെ സംസാരഭാഷയായിരുന്ന ഫ്രഞ്ച് വഴങ്ങുമായിരുന്നതിനാൽ പോലീസുകാർ, സൈനികർ, ഇമിഗ്രേഷൻ ഓഫീസർമാർ എന്നിവരുമായി സൗഹൃദം സ്ഥാപിക്കാൻ എനിക്കു വേഗം കഴിഞ്ഞു. ആയിരക്കണക്കിനു കിലോ മരിഹ്വാന അവിടേക്കു കടത്താൻ അങ്ങനെ ഞങ്ങൾക്കു സാധിച്ചു.
അറസ്റ്റും ജയിൽവാസവും
വീണ്ടും ഞാൻ കുഴപ്പത്തിൽ ചെന്നുചാടി. വിമാനത്താവളത്തിൽ ചരക്കു കടത്തിവിടാൻ ഞാൻ ഏർപ്പാടുചെയ്തിരുന്ന ഒരു സൈനികോദ്യോഗസ്ഥൻ വരാൻ വൈകുകയും അങ്ങനെ ഞാൻ അറസ്റ്റിലാകുകയും ചെയ്തു. പോലീസിന്റെ ക്രൂര മർദനമേറ്റ് ഞാൻ അബോധാവസ്ഥയിലായി. ഒടുവിൽ അവർ എന്നെ ഒരു ആശുപത്രിയിൽ എത്തിച്ചു. ഞാൻ മരിച്ചുപോകുമെന്നാണ് അവർ കരുതിയതെങ്കിലും അങ്ങനെ സംഭവിച്ചില്ല. കുറ്റം ചുമത്തലും വിചാരണയും തടവുശിക്ഷയുമെല്ലാം അതേ തുടർന്നെത്തി.
തടവുശിക്ഷ കഴിഞ്ഞു പുറത്തുവന്നപ്പോഴേക്കും, എന്റെ വീടും സ്ഥലവുമെല്ലാം നോക്കാൻ ഏൽപ്പിച്ചിരുന്ന സുഹൃത്ത് അതെല്ലാം വിറ്റുപെറുക്കി കടന്നുകളഞ്ഞിരുന്നു. ഉപജീവനമാർഗമെന്ന നിലയിൽ ഉടൻതന്നെ ഞാൻ മരിഹ്വാനയുടെ ബിസിനസ്സ് ആരംഭിച്ചു. എന്നാൽ പത്തു ദിവസത്തിനുശേഷം വീണ്ടും അറസ്റ്റിലാകുകയും തുടർന്ന് മൂന്നു മാസം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. ജയിൽമോചിതനായപ്പോഴേക്കും ഒരു ജീവച്ഛവമായി മാറിയ ഞാൻ ഒടുവിൽ എങ്ങനെയോ ലാഗോസിൽ തിരിച്ചെത്തി.
വീണ്ടും ‘ബിസിനസ്സിലേക്ക്’
ലാഗോസിലായിരിക്കെ എന്റെ ബിസിനസ് പാർട്ണർമാരിൽ ചിലരെ ഞാൻ കണ്ടുമുട്ടി. ഇന്ത്യയിലേക്കു തിരിച്ച ഞങ്ങൾ അവിടെനിന്നു 6,00,000 ഡോളർ വിലമതിക്കുന്ന ഹെറോയിൻ വാങ്ങിച്ചു. മുംബൈയിൽനിന്നു സ്വിറ്റ്സർലൻഡിലേക്കും അവിടെനിന്നു പോർച്ചുഗലിലേക്കും ഒടുവിൽ സ്പെയിനിലേക്കും പോയ ഞങ്ങൾ പിന്നീട് പല വഴിയായി ലാഗോസിൽ തിരിച്ചെത്തി. ആ ഇടപാടിൽ ഞങ്ങളോരുത്തരും വൻ ലാഭം കൊയ്തു. 1984-ന്റെ ഒടുവിൽ ഞാൻ വീണ്ടും കുറച്ച് മയക്കുമരുന്നു കയറ്റിയയച്ചു. പത്തു ലക്ഷം ഡോളർ സമ്പാദിക്കുക, എന്നിട്ട് ഐക്യനാടുകളിൽ സ്ഥിരതാമസമാക്കുക—ഇതായിരുന്നു എന്റെ സ്വപ്നം.
1986-ൽ ഞാൻ, ഉണ്ടായിരുന്ന പണമെല്ലാം തൂത്തുപെറുക്കി ലാഗോസിൽനിന്ന് മായം ചേർക്കാത്ത കുറച്ച് ഹെറോയിൻ വാങ്ങി മറ്റൊരു രാജ്യത്ത് എത്തിച്ചു. എന്നാൽ ഒരു ചില്ലിക്കാശുപോലും തരാതെ, അത്യാഗ്രഹിയായ ഒരു വ്യാപാരി അതു കൈക്കലാക്കി. ജീവൻ അപകടത്തിലാകുമെന്നു ഭയന്ന് ആരോടും ഒന്നും പറയാതെ ഞാൻ ലാഗോസിലേക്കു തിരിച്ചുപോന്നു. സാമ്പത്തികമായും വൈകാരികമായും ആകെ തകർന്ന ഞാൻ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ചിന്തിച്ചു. ‘എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്?’, ഞാൻ സ്വയം ചോദിച്ചു.
ദൈവത്തിങ്കലേക്കു മടങ്ങുന്നു
ഏറെക്കഴിയുംമുമ്പ് ഒരു രാത്രിയിൽ, എന്നെ സഹായിക്കണമേയെന്നു ഞാൻ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. തൊട്ടടുത്ത ദിവസം അതാ, പ്രായമുള്ള ഒരു മനുഷ്യനും ഭാര്യയും എന്റെ വീട്ടുവാതിൽക്കൽ! അവർ യഹോവയുടെ സാക്ഷികളായിരുന്നു. അവർ പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധാപൂർവം കേട്ടു, ഒരു മാസികയും സ്വീകരിച്ചു. “എന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളാണ്, ആലീസ് ഒബാരാ എനിക്കു ബൈബിളധ്യയനം എടുത്തിരുന്നു,” ഞാൻ വെളിപ്പെടുത്തി.
പി. കെ. ഒഗ്ബാനെഫെ എന്നായിരുന്നു പ്രായമുള്ള ആ വ്യക്തിയുടെ പേര്. അദ്ദേഹം പറഞ്ഞു, “ഞങ്ങൾക്ക് ഒബാരാ സഹോദരനെയും സഹോദരിയെയും നന്നായി അറിയാം.
അവർ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഇവിടെയുള്ള ബ്രാഞ്ച് ഓഫീസിൽ സേവിക്കുകയാണ്.” അവരെ ചെന്നുകാണാൻ ആ ദമ്പതികൾ എന്നെ പ്രേരിപ്പിച്ചു. അവരെ വീണ്ടും കാണാൻ കഴിഞ്ഞത് എനിക്കു വളരെയേറെ പ്രോത്സാഹനം പകർന്നു. അതിനുശേഷം ഒഗ്ബാനെഫെ സഹോദരൻ എനിക്കു ബൈബിളധ്യയനം ആരംഭിച്ചു. താമസിയാതെ ഞാൻ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. നീണ്ടകാലം മയക്കുമരുന്നിന് അടിമയായിരുന്നതിനാൽ അത് അത്ര എളുപ്പമായിരുന്നില്ല. എന്നിരുന്നാലും ധാർമിക ശുദ്ധിയുള്ള ഒരു ജീവിതം നയിക്കാൻ ഞാൻ ദൃഢചിത്തനായിരുന്നു.വളരെയധികം പ്രലോഭനങ്ങളും സമ്മർദങ്ങളും എനിക്കു നേരിടേണ്ടിവന്നു. എന്റെ ‘സുഹൃത്തുക്കൾ’ വീണ്ടുംവീണ്ടും വീട്ടിൽ വന്ന് പ്രലോഭനാത്മകമായ വാഗ്ദാനങ്ങൾ വെച്ചുനീട്ടി. പുകവലി, അധാർമികത എന്നീ കാര്യങ്ങളിലേക്കു ഞാൻ വീണ്ടും വഴുതിവീണ ഒരു സമയംപോലുമുണ്ടായി. പ്രാർഥനയിലൂടെ ഞാൻ എന്റെ ഹൃദയം ദൈവമുമ്പാകെ പകർന്നു. എന്നെ വഴിതെറ്റിച്ചത് ലൗകിക സുഹൃത്തുക്കളായതിനാൽ അവർക്ക് ഒരുതരത്തിലും എന്നെ സഹായിക്കാനാവില്ലെന്നു ഞാൻ മനസ്സിലാക്കി. ലാഗോസ് വിട്ടുപോയാൽ മാത്രമേ ആത്മീയമായി പുരോഗമിക്കാൻ സാധിക്കുകയുള്ളൂവെന്നും ഞാൻ തിരിച്ചറിഞ്ഞു. എന്നാൽ ഇലേഷായിലേക്കു പോകാൻ എനിക്കു സങ്കോചം തോന്നി. ഒടുവിൽ, വീട്ടിൽ തിരിച്ചുവന്നോട്ടേയെന്നു ചോദിച്ചുകൊണ്ട് ഞാൻ ഡാഡിക്കും ജ്യേഷ്ഠനും കത്തെഴുതി.
ഞാൻ തിരിച്ചുവരുന്നതിൽ സന്തോഷമേയുള്ളൂ എന്നായിരുന്നു ഡാഡിയുടെ മറുപടി. സാമ്പത്തിക പിന്തുണ നൽകാമെന്നു ജ്യേഷ്ഠനും ഏറ്റു. അങ്ങനെ മാതാപിതാക്കളെ ഉപേക്ഷിച്ചുപോയിട്ട് നീണ്ട പത്തു വർഷത്തിനുശേഷം വീണ്ടും ഞാൻ അവരുടെ അരികിലെത്തി. എല്ലാവരും എന്നെ സ്നേഹത്തോടെ സ്വീകരിച്ചു. മമ്മി യഹോവയ്ക്കു നന്ദി പറഞ്ഞു. വൈകുന്നേരം ഡാഡി വീട്ടിലെത്തി. എന്നെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: “യഹോവ നിന്നെ സഹായിക്കും.” കുടുംബാംഗങ്ങൾ എല്ലാവരും സംഗമിച്ച അവസരത്തിൽ നടത്തിയ പ്രാർഥനയിൽ, ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ മടങ്ങിവന്നിരിക്കുന്നതിനാൽ എന്നെ സഹായിക്കണമേയെന്ന് ഡാഡി യഹോവയോട് അപേക്ഷിച്ചു.
നഷ്ടം നികത്തുന്നു
ബൈബിൾ പഠനം തുടർന്ന ഞാൻ സത്വരം ആത്മീയ പുരോഗതി വരുത്തുകയും 1988 ഏപ്രിൽ 24-ന് സ്നാപനമേൽക്കുകയും ചെയ്തു. സമയം പാഴാക്കാതെ ശുശ്രൂഷയിൽ ഞാൻ സജീവമായി. 1989 നവംബർ 1-ന് ഞാൻ പയനിയർ സേവനം അഥവാ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. 1995-ൽ, നൈജീരിയയിൽ നടത്തപ്പെട്ട ശുശ്രൂഷാ പരിശീലന സ്കൂളിന്റെ പത്താമത്തെ ക്ലാസ്സിൽ പങ്കെടുക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. യഹോവയുടെ സാക്ഷികളുടെ സഭകൾ സന്ദർശിക്കുന്ന ഒരു സഞ്ചാര മേൽവിചാരകനായി 1998 ജൂലൈയിൽ ഞാൻ നിയമിതനായി. ഒരു വർഷത്തിനുശേഷം ഞാൻ രൂത്തിനെ കണ്ടുമുട്ടി. രൂത്ത് എന്റെ സഹധർമിണിയും സഞ്ചാരവേലയിൽ കൂട്ടാളിയുമായിത്തീർന്നു.
ഇതേ സമയം മറ്റു കുടുംബാംഗങ്ങളും ആത്മീയമായി നല്ലവണ്ണം പുരോഗമിച്ചു. യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞ എന്റെ ജ്യേഷ്ഠൻ സത്യാരാധനയിലേക്കു മടങ്ങിവരുകയും സ്നാപനമേൽക്കുകയും ചെയ്തു. ഞങ്ങൾ തിരിച്ചുവന്നതു കാണാൻ ഡാഡിക്കു കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ എനിക്കു വല്ലാത്ത സന്തോഷം തോന്നുന്നു. 1993-ൽ മരിക്കുന്നതുവരെയും സഭയിൽ ഒരു ശുശ്രൂഷാദാസനായി അദ്ദേഹം സന്തോഷപൂർവം സേവിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 75 വയസ്സായിരുന്നു. ഇലേഷായിൽത്തന്നെ താമസിക്കുന്ന മമ്മി ഇപ്പോഴും തീക്ഷ്ണതയോടെ യഹോവയെ സേവിക്കുന്നു.
പണം സമ്പാദിക്കാൻ ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമായി മൊത്തം 16 രാജ്യങ്ങളിൽ ഞാൻ അലഞ്ഞുതിരിഞ്ഞു. ഫലമോ? ബൈബിൾ പറയുന്നതുപോലെ, ഞാൻ ബഹുദുഃഖങ്ങൾക്ക് അധീനനായിത്തീർന്നു. (1 തിമൊഥെയൊസ് 6:9, 10) പിന്തിരിഞ്ഞു നോക്കുമ്പോൾ, യൗവനകാലത്തിലധികവും മയക്കുമരുന്ന്, അധാർമികത എന്നീ കാര്യങ്ങൾക്കായി ബലികഴിച്ചല്ലോ എന്നോർത്തു ദുഃഖം തോന്നുന്നു. യഹോവയെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചതിലും എനിക്കു ഖേദമുണ്ട്. എന്നിരുന്നാലും സുബോധത്തിലേക്കു തിരിച്ചുവരാൻ തക്കവണ്ണം ആയുസ്സ് നീട്ടിക്കിട്ടിയതിൽ ഞാൻ നന്ദിയുള്ളവനാണ്. യഹോവയോടു വിശ്വസ്തനായിരുന്നുകൊണ്ട് എന്നേക്കും അവനെ സേവിക്കുകയെന്നതാണ് എന്റെ ദൃഢനിശ്ചയം.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, ഇപ്പോൾ അച്ചടിക്കുന്നില്ല.
[13-ാം പേജിലെ ചിത്രം]
താളംതെറ്റിയ കൗമാരം
[15-ാം പേജിലെ ചിത്രം]
സ്നാപനത്തിന്റെ അന്ന്
[15-ാം പേജിലെ ചിത്രം]
രൂത്തുമൊത്ത്