വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഇത്രയ​ധി​കം നിയമങ്ങൾ എന്തിനാണ്‌?

ഇത്രയ​ധി​കം നിയമങ്ങൾ എന്തിനാണ്‌?

“എനിക്ക്‌ നേരത്തേ വീട്ടിൽ എത്തണമാ​യി​രു​ന്നു, അതെന്നെ ഭ്രാന്തു​പി​ടി​പ്പി​ച്ചു; മറ്റുള്ള​വർക്ക്‌ ഇത്ര കർശന​മായ നിയമ​ങ്ങ​ളൊ​ന്നും ഇല്ലല്ലോ എന്നോർത്ത​പ്പോൾ എനിക്കു വല്ലാത്ത അമർഷം തോന്നി.”—അലെൻ.

“നമ്മുടെ സെൽഫോ​ണി​ന്റെ കടിഞ്ഞാൺ മറ്റൊ​രാ​ളു​ടെ കൈയി​ലാ​കു​ന്നത്‌ എന്തൊരു ഗതി​കേ​ടാ​ണെ​ന്നോ! എന്തോ, ഞാനൊ​രു കൊച്ചു​കു​ട്ടി​യാ​ണെ​ന്ന​പോ​ലെ.”—എലിസ​ബെത്ത്‌.

വീട്ടിലെ ‘അരുതു​കൾ’ അതിരു​ക​ട​ക്കു​ന്നു​വെന്ന്‌, നിങ്ങളെ ശ്വാസം​മു​ട്ടി​ക്കു​ന്നു​വെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? ആരുമ​റി​യാ​തെ വീട്ടിൽനി​ന്നു ‘മുങ്ങാൻ,’ അല്ലെങ്കിൽ നിങ്ങൾ എവി​ടെ​പ്പോ​യി, എന്തു ചെയ്‌തു എന്നതിനെ കുറി​ച്ചൊ​ക്കെ മാതാ​പി​താ​ക്ക​ളോ​ടു നുണ പറയാൻ നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ, 17 വയസ്സുള്ള ഒരു പെൺകു​ട്ടിക്ക്‌ തന്റെ മാതാ​പി​താ​ക്ക​ളെ​ക്കു​റിച്ച്‌ തോന്നു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കാം നിങ്ങൾക്കും തോന്നു​ന്നത്‌. അവർ തന്നെ അവരുടെ ചിറകിൻകീ​ഴി​ലാ​ക്കാൻ ശ്രമി​ക്കു​ന്നു​വെ​ന്നാണ്‌ അവൾ പറയു​ന്നത്‌. ‘അവരെന്നെ ഒന്നു ശ്വാസം വിടാൻ അനുവ​ദി​ച്ചി​രു​ന്നെ​ങ്കിൽ!’ അവൾ പറയുന്നു.

നിങ്ങൾ എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നതി​നെ​ക്കു​റി​ച്ചൊ​ക്കെ മാതാ​പി​താ​ക്ക​ളോ രക്ഷകർത്താ​ക്ക​ളോ നിയമങ്ങൾ വെച്ചേ​ക്കാം. ഹോം​വർക്ക്‌, വീട്ടു​ജോ​ലി​കൾ, ഫോണി​ന്റെ​യും ടിവി​യു​ടെ​യും കമ്പ്യൂ​ട്ട​റി​ന്റെ​യും ഉപയോ​ഗം, വീട്ടി​ലെ​ത്തേണ്ട സമയം എന്നിവ​യൊ​ക്കെ ഈ നിയമ​ങ്ങ​ളു​ടെ പരിധി​യിൽ വന്നേക്കാം. ഇനിയും, നിയ​ന്ത്ര​ണങ്ങൾ വീടിന്റെ നാലു ചുവരു​കൾക്കു​ള്ളിൽ ഒതുങ്ങി​നിൽക്ക​ണ​മെ​ന്നില്ല; സ്‌കൂ​ളിൽ നിങ്ങൾ എങ്ങനെ പെരു​മാ​റണം, ആരുമാ​യി കൂട്ടു​കൂ​ടണം എന്നൊക്കെ നിശ്ചയി​ച്ചു​കൊണ്ട്‌ വീടിനു പുറത്തും ഈ നിയമങ്ങൾ നിങ്ങളെ പിന്തു​ടർന്നേ​ക്കാം.

പല കുട്ടി​ക​ളും മാതാ​പി​താ​ക്കൾ വെക്കുന്ന നിയമങ്ങൾ തെറ്റി​ക്കാ​റുണ്ട്‌. ഒരു പഠനത്തി​ന്റെ ഭാഗമാ​യി ഇന്റർവ്യൂ ചെയ്യപ്പെട്ട ഏതാണ്ട്‌ മൂന്നിൽ രണ്ടുഭാ​ഗം കൗമാ​ര​ക്കാ​രും പറഞ്ഞത്‌, വീട്ടിലെ നിയമങ്ങൾ തെറ്റി​ച്ച​തി​ന്റെ പേരിൽ ശിക്ഷ കിട്ടി​യി​ട്ടു​ണ്ടെ​ന്നാണ്‌; അങ്ങനെ, മാതാ​പി​താ​ക്ക​ളിൽനി​ന്നു ശിക്ഷ കിട്ടു​ന്ന​തി​നുള്ള ഏറ്റവും സാധാരണ കാരണ​മാ​യി മാറി​യി​രി​ക്കു​ന്നു ഇത്‌.

കാര്യങ്ങൾ അടുക്കും ചിട്ട​യോ​ടും​കൂ​ടി നടക്കണ​മെ​ങ്കിൽ ചില നിയമങ്ങൾ ആവശ്യ​മാ​ണെന്ന്‌ മിക്ക കുട്ടി​ക​ളും സമ്മതി​ക്കു​ന്നുണ്ട്‌. നിയമങ്ങൾ ശരിക്കും ആവശ്യ​മാ​ണെ​ങ്കിൽപ്പി​ന്നെ, അവയിൽ ചിലത്‌ അസഹ്യ​മാ​യി​ത്തോ​ന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? വീട്ടിലെ നിയമങ്ങൾ നിങ്ങളെ ശ്വാസം​മു​ട്ടി​ക്കു​ന്നെ​ങ്കിൽ അൽപ്പം ആശ്വാസം കിട്ടാ​നെ​ന്താ​ണു വഴി?

‘ഞാനൊ​രു കൊച്ചു​കു​ട്ടി​യൊ​ന്നു​മല്ല!’

15 വയസ്സു​കാ​രി​യായ എമിലി ചോദി​ക്കു​ന്നു: “ഞാനൊ​രു കൊച്ചു​കു​ട്ടി​യ​ല്ലെ​ന്നും സ്വന്തം കാലിൽ നിൽക്കാ​നുള്ള പ്രാപ്‌തി നേടു​ന്ന​തിന്‌ എനിക്കൽപ്പം സ്വാത​ന്ത്ര്യം വേണ​മെ​ന്നും എങ്ങനെ എന്റെ മാതാ​പി​താ​ക്കളെ ബോധ്യ​പ്പെ​ടു​ത്തും?” നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? ഒരു കൊച്ചു​കു​ഞ്ഞി​നോട്‌ എന്നപോ​ലെ​യാണ്‌ മാതാ​പി​താ​ക്കൾ നിങ്ങ​ളോ​ടു പെരു​മാ​റു​ന്ന​തെന്ന ചിന്ത, നിയമങ്ങൾ ഒരു ശല്യമാ​യി തോന്നാൻ ഇടയാ​ക്കി​യേ​ക്കാം. എന്നാൽ മാതാ​പി​താ​ക്കൾ മറ്റൊരു തലത്തിൽ നിന്നു​കൊ​ണ്ടാ​യി​രി​ക്കാം കാര്യ​ങ്ങളെ കാണു​ന്നത്‌. മിക്കവാ​റും, നിങ്ങളു​ടെ സംരക്ഷ​ണ​ത്തി​നും ഭാവി​യിൽ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങളെ ഒരുക്കു​ന്ന​തി​നും ഇത്തരം നിയമങ്ങൾ അത്യാ​വ​ശ്യ​മാണ്‌ എന്നായി​രി​ക്കാം അവർ കരുതു​ന്നത്‌.

കുറ​ച്ചൊ​ക്കെ സ്വാത​ന്ത്ര്യം ഉണ്ടെങ്കിൽപ്പോ​ലും, നിങ്ങൾ വളരു​ന്ന​തോ​ടൊ​പ്പം വീട്ടിലെ നിയമങ്ങൾ ‘വളരു​ന്നി​ല്ലെന്നു’ നിങ്ങൾക്കു തോന്നി​യേ​ക്കാം. നിങ്ങളു​ടെ കൂടപ്പി​റ​പ്പു​കൾക്ക്‌ അൽപ്പം​കൂ​ടെ പരിഗണന ലഭിക്കു​ന്ന​താ​യി തോന്നു​മ്പോ​ഴാ​യി​രി​ക്കാം ഇത്‌ നിങ്ങളെ കൂടുതൽ വേദനി​പ്പി​ക്കു​ന്നത്‌. മാർസി എന്ന പെൺകു​ട്ടി പറയു​ന്നതു ശ്രദ്ധി​ക്കുക: “എനിക്ക്‌ 17 വയസ്സുണ്ട്‌. വളരെ നേരത്തേ എനിക്ക്‌ വീട്ടി​ലെ​ത്തണം. എന്തെങ്കി​ലും തെറ്റു ചെയ്‌താൽ വീട്ടിൽനിന്ന്‌ പുറത്തു​പോ​കാൻ എന്നെ അനുവ​ദി​ക്കില്ല. പക്ഷേ എന്റെ പ്രായ​ത്തിൽ ചേട്ടന്‌ ഇത്തരം നിയമ​ങ്ങ​ളൊ​ന്നും ഇല്ലായി​രു​ന്നു. ചേട്ടനെ ഒരിക്ക​ലും വീട്ടിൽനി​ന്നു പുറത്തു​വി​ടാ​തെ​യും ഇരുന്നി​ട്ടില്ല.” തന്റെ കൗമാ​ര​ത്തെ​ക്കു​റിച്ച്‌ ഓർക്കവേ, സ്വന്തം അനുജ​ത്തി​യെ​യും കസിൻസി​നെ​യും കുറിച്ച്‌ മാത്യു പറയുന്നു: “അവർ എത്ര വലിയ തെറ്റു ചെയ്‌താ​ലും ശിക്ഷ​യൊ​ന്നു​മി​ല്ലാ​യി​രു​ന്നു!”

നിയമ​ങ്ങളേ ഇല്ലെങ്കി​ലോ?

മാതാ​പി​താ​ക്ക​ളു​ടെ അധികാര പരിധി​ക്കു പുറത്തുള്ള ഒരു ജീവിതം നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം എന്നതു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. പക്ഷേ അവരുടെ നിയ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്തത്‌ നിങ്ങൾക്കു നല്ലതു വരുത്തു​മോ? ഇഷ്ടമു​ള്ള​പ്പോൾ വീട്ടിൽ വരാനും ഇഷ്ടമുള്ള വസ്‌ത്രം ധരിക്കാ​നും ഇഷ്ടമുള്ള സമയത്ത്‌ ഇഷ്ടമു​ള്ളി​ട​ത്തൊ​ക്കെ കൂട്ടു​കാ​രോ​ടൊ​പ്പം പോകാ​നും സ്വാത​ന്ത്ര്യ​മുള്ള ചില സമപ്രാ​യ​ക്കാ​രെ നിങ്ങൾക്ക്‌ പരിച​യ​മു​ണ്ടാ​യി​രി​ക്കും. ഒരുപക്ഷേ അവരുടെ മാതാ​പി​താ​ക്കൾക്ക്‌ അവരെ​ന്താ​ണു ചെയ്യു​ന്ന​തെന്ന്‌ ശ്രദ്ധി​ക്കാൻ സമയമി​ല്ലാ​ത്തത്‌ ആയിരി​ക്കാം കാരണം. എന്തുത​ന്നെ​യാ​യാ​ലും, കുട്ടി​കളെ വളർത്തു​ന്ന​തി​ലെ ഈ സമീപനം പരാജ​യ​മാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 29:15) ലോകം സ്‌നേ​ഹ​ശൂ​ന്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ പ്രധാന കാരണം ‘സ്വന്തം കാര്യം സിന്ദാ​ബാദ്‌’ എന്ന ആളുക​ളു​ടെ മനോ​ഭാ​വ​മാണ്‌; ഇക്കൂട്ട​രിൽ പലരും, അരുതു​ക​ളോ നിയ​ന്ത്ര​ണ​ങ്ങ​ളോ ഇല്ലാത്ത വീടു​ക​ളിൽ വളർന്നു​വ​ന്ന​വ​രാണ്‌.—2 തിമൊ​ഥെ​യൊസ്‌ 3:1-5.

എന്നെങ്കി​ലും ഒരിക്കൽ, അരുതു​ക​ളി​ല്ലാത്ത ഒരു വീടി​നെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ ധാരണ​യ്‌ക്ക്‌ മാറ്റം​വ​ന്നേ​ക്കാം. വളരെ​ക്കു​റച്ചു നിയ​ന്ത്ര​ണ​ങ്ങ​ളുള്ള, അല്ലെങ്കിൽ ഒട്ടും​തന്നെ നിയ​ന്ത്ര​ണ​ങ്ങ​ളി​ല്ലാത്ത വീട്ടിൽ വളർന്നു​വന്ന യുവതി​കളെ ഉൾപ്പെ​ടു​ത്തി ഒരു പഠനം നടത്തു​ക​യു​ണ്ടാ​യി. പോയ​കാ​ല​ത്തി​ലേക്കു പിന്തി​രി​ഞ്ഞു നോക്കി​യ​പ്പോൾ ശിക്ഷണം കിട്ടാ​തി​രു​ന്നത്‌ നന്നാ​യെന്ന്‌ അവരാ​രും പറഞ്ഞില്ല. മറിച്ച്‌, മാതാ​പി​താ​ക്ക​ളു​ടെ താത്‌പ​ര്യ​ക്കു​റ​വി​ന്റെ​യും കഴിവു​കേ​ടി​ന്റെ​യും തെളി​വാ​യാണ്‌ അവർ അതിനെ കണ്ടത്‌.

ഇഷ്ടമു​ള്ള​തെ​ന്തും ചെയ്യാൻ സ്വാത​ന്ത്ര്യ​മുള്ള കുട്ടി​ക​ളോട്‌ അസൂയ​പ്പെ​ടു​ന്ന​തി​നു​പ​കരം, വീട്ടിലെ നിയമങ്ങൾ മാതാ​പി​താ​ക്ക​ളു​ടെ സ്‌നേ​ഹ​ത്തി​ന്റെ​യും താത്‌പ​ര്യ​ത്തി​ന്റെ​യും തെളി​വാ​യി കാണാൻ ശ്രമി​ക്കുക. ന്യായ​മായ അതിർവ​ര​മ്പു​കൾ വെക്കു​മ്പോൾ അവർ, തന്റെ ജനത്തോ​ടു പിൻവ​രു​ന്ന​പ്ര​കാ​രം പറയുന്ന യഹോ​വയെ അനുക​രി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌: “ഞാൻ നിന്നെ ഉപദേ​ശി​ച്ചു, നടക്കേ​ണ്ടുന്ന വഴി നിനക്കു കാണി​ച്ചു​ത​രും; ഞാൻ നിന്റെ​മേൽ ദൃഷ്ടി​വെച്ചു നിനക്കു ആലോചന പറഞ്ഞു​ത​രും.”—സങ്കീർത്തനം 32:8.

പക്ഷേ, നിയമങ്ങൾ നിങ്ങൾക്ക്‌ ഉൾക്കൊ​ള്ളാ​വു​ന്ന​തി​ലും അധിക​മാ​ണെന്നു തോന്നു​ന്നെ​ങ്കി​ലോ? വീട്ടിലെ ജീവിതം ഏറെ ആസ്വാ​ദ്യ​മാ​ക്കി​ത്തീർക്കാൻ കഴിയുന്ന ചില മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു ചിന്തി​ക്കാം.

ഫലവത്തായ ആശയവി​നി​മ​യം

ഒരൽപ്പം​കൂ​ടെ സ്വാത​ന്ത്ര്യം വേണ​മെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ, അല്ലെങ്കിൽ ഇപ്പോ​ഴുള്ള സ്വാത​ന്ത്ര്യ​ത്തി​ന്റെ അതിരു​കൾക്കു​ള്ളിൽത്തന്നെ പിരി​മു​റു​ക്കം തെല്ലൊ​ന്നു കുറഞ്ഞി​രു​ന്നെ​ങ്കി​ലെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? ഒരു മാർഗ​മുണ്ട്‌—ആശയവി​നി​മയം. “എന്റെ മാതാ​പി​താ​ക്ക​ളോ​ടു പറയാൻ ഞാൻ ശ്രമി​ച്ചു​നോ​ക്കി, പക്ഷേ, അതു​കൊ​ണ്ടു കാര്യ​മൊ​ന്നു​മില്ല!” എന്ന്‌ ചിലർ പറഞ്ഞേ​ക്കാം. നിങ്ങൾക്ക്‌ അങ്ങനെ​യാ​ണു തോന്നു​ന്ന​തെ​ങ്കിൽ, ‘എന്റെ ആശയവി​നി​മയം മെച്ച​പ്പെ​ടു​ത്താ​നാ​കു​മോ?’ എന്നു ചിന്തി​ച്ചു​നോ​ക്കുക. (1) നിങ്ങൾ ആഗ്രഹി​ക്കു​ന്നതു കിട്ടാൻ അല്ലെങ്കിൽ (2) അതു കിട്ടാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന ഒരു സുപ്ര​ധാന മാർഗ​മാണ്‌ ആശയവി​നി​മയം. മുതിർന്ന​വർക്കുള്ള സ്വാത​ന്ത്ര്യം ലഭിക്ക​ണ​മെ​ങ്കിൽ പക്വത​യോ​ടെ ആശയവി​നി​മയം നടത്താൻ പഠിക്ക​ണ​മെ​ന്നതു ന്യായ​മല്ലേ?

വികാ​രങ്ങൾ നിയ​ന്ത്രി​ക്കാൻ പഠിക്കുക. ബൈബിൾ ഇങ്ങനെ പറയുന്നു: “മൂഢൻ തന്റെ കോപത്തെ മുഴു​വ​നും വെളി​പ്പെ​ടു​ത്തു​ന്നു; ജ്ഞാനി​യോ അതിനെ അടക്കി ശമിപ്പി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 29:11) വെറുതെ പരാതി​പ​റ​യു​ന്നതല്ല, നല്ല ആശയവി​നി​മ​യ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. അങ്ങനെ ചെയ്‌താൽ വീണ്ടു​മൊ​രു ‘ലെക്‌ച്ചർ’ കേൾക്കാം എന്നല്ലാതെ പ്രയോ​ജ​ന​മൊ​ന്നു​മില്ല! അതു​കൊണ്ട്‌ ചിണു​ങ്ങു​ക​യോ മുഖം വീർപ്പി​ച്ചി​രി​ക്കു​ക​യോ കൊച്ചു​കു​ട്ടി​ക​ളെ​പ്പോ​ലെ ബഹളം​വെ​ക്കു​ക​യോ ചെയ്യാ​തി​രി​ക്കു​ന്ന​താ​ണു ബുദ്ധി. മാതാ​പി​താ​ക്കൾ നിയ​ന്ത്ര​ണങ്ങൾ വെച്ചതി​ന്റെ പേരിൽ, വാതിൽ ഉച്ചത്തിൽ വലിച്ച​ട​ച്ചു​കൊ​ണ്ടോ മറ്റോ അമർഷം പ്രകടി​പ്പി​ക്കാൻ നിങ്ങൾക്കു തോന്നി​യെ​ന്നി​രി​ക്കും; പക്ഷേ അത്‌, കൂടുതൽ സ്വാത​ന്ത്ര്യ​ത്തി​നു​പ​കരം കൂടുതൽ നിയ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കാ​യി​രി​ക്കാം നയിക്കുക.

മാതാ​പി​താ​ക്കൾക്ക്‌ നിങ്ങ​ളെ​ക്കു​റി​ച്ചുള്ള ചിന്ത മനസ്സി​ലാ​ക്കാൻ ശ്രമിക്കുക

മാതാ​പി​താ​ക്കളെ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. അമ്മയോ​ടൊ​പ്പം താമസി​ക്കുന്ന ട്രേസി എന്ന ക്രിസ്‌തീയ യുവതി ഈ മാർഗം സഹായ​ക​മാ​ണെന്നു തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. അവൾ പറയുന്നു: “‘ഈ നിയമ​ങ്ങ​ളി​ലൂ​ടെ മമ്മി എന്തിനാ​ണു ശ്രമി​ക്കു​ന്നത്‌?’ എന്നു ഞാൻ ചിന്തി​ച്ചു​നോ​ക്കും. നല്ലൊരു വ്യക്തി​യാ​യി​ത്തീ​രാൻ എന്നെ സഹായി​ക്കാ​നാ​ണു മമ്മി ശ്രമി​ക്കു​ന്നത്‌.” (സദൃശ​വാ​ക്യ​ങ്ങൾ 3:1, 2) നിങ്ങളു​ടെ വീക്ഷണം മാതാ​പി​താ​ക്ക​ളു​മാ​യി പങ്കു​വെ​ക്കാൻ അത്തരം സമാനു​ഭാ​വം സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളെ ഒരു പാർട്ടി​ക്കു വിടാൻ അവർക്ക്‌ താത്‌പ​ര്യ​മി​ല്ലെന്നു കരുതുക. അവരോ​ടു തർക്കി​ക്കു​ന്ന​തി​നു പകരം, നിങ്ങൾക്ക്‌ ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌: “വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന നല്ലൊരു സുഹൃത്ത്‌ കൂടെ​യു​ണ്ടെ​ങ്കിൽ എന്നെ വിടു​മോ?” എന്നാൽ എല്ലായ്‌പോ​ഴും നിങ്ങളു​ടെ ആവശ്യങ്ങൾ അവർ അംഗീ​ക​രി​ക്ക​ണ​മെ​ന്നില്ല; എങ്കിൽപ്പോ​ലും അവരുടെ ഉത്‌കണ്‌ഠ എന്താ​ണെന്ന്‌ അറിഞ്ഞാൽ സ്വീകാ​ര്യ​മായ ഒരു മാർഗം നിർദേ​ശി​ക്കാൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും.

മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കുക. മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കു​ന്നത്‌ ബാങ്ക്‌ അക്കൗണ്ടിൽ പണം നിക്ഷേ​പി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. നിക്ഷേ​പിച്ച പണം മാത്രമേ നിങ്ങൾക്ക്‌ പിൻവ​ലി​ക്കാ​നാ​കൂ. ഉള്ളതി​ല​ധി​കം പണം പിൻവ​ലി​ച്ചാൽ ഫൈൻ അടയ്‌ക്കേ​ണ്ടി​വ​രും; ഓവർഡ്രാ​ഫ്‌റ്റു​ക​ളു​ടെ എണ്ണം കൂടി​യാൽ അക്കൗണ്ടു​തന്നെ ക്ലോസ്‌ ചെയ്‌തെ​ന്നി​രി​ക്കും. കൂടുതൽ സ്വാത​ന്ത്ര്യം ലഭിക്കു​ന്ന​തി​നെ അക്കൗണ്ടിൽനിന്ന്‌ പണം പിൻവ​ലി​ക്കു​ന്ന​തി​നോട്‌ ഉപമി​ക്കാൻ കഴിയും; അതു കിട്ടണ​മെ​ങ്കിൽ, ഉത്തരവാ​ദി​ത്വ​ബോ​ധ​ത്തോ​ടെ കാര്യങ്ങൾ ചെയ്യുന്ന വ്യക്തി​യാ​ണു നിങ്ങ​ളെന്നു തെളി​യി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കണം.

ന്യായ​മായ പ്രതീ​ക്ഷകൾ വെച്ചു​പു​ലർത്തുക. നിങ്ങളു​ടെ മേൽ ന്യായ​മായ നിയ​ന്ത്ര​ണങ്ങൾ വെക്കാ​നുള്ള ഉത്തരവാ​ദി​ത്വം മാതാ​പി​താ​ക്കൾക്കുണ്ട്‌. അതു​കൊ​ണ്ടാണ്‌ ബൈബിൾ “അപ്പന്റെ കല്‌പന”യെയും “അമ്മയുടെ ഉപദേശ”ത്തെയും കുറിച്ചു പറയു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 6:20) എന്നിരു​ന്നാ​ലും, വീട്ടിലെ നിയമങ്ങൾ നിങ്ങളു​ടെ ജീവിതം നശിപ്പി​ക്കു​മെന്നു കരു​തേ​ണ്ട​തില്ല. മറിച്ച്‌, മാതാ​പി​താ​ക്ക​ളു​ടെ അധികാ​ര​ത്തി​നു കീഴ്‌പെ​ടു​ന്നത്‌ ‘നിങ്ങളു​ടെ നന്മ’യിൽ കലാശി​ക്കു​മെന്ന്‌ യഹോവ വാക്കു​ത​രു​ന്നു.—എഫെസ്യർ 6:1-3.

 

ചിന്തിക്കാൻ

  • അനുസ​രി​ക്കാൻ ഏറ്റവും ബുദ്ധി​മു​ട്ടു​ള്ള​താ​യി നിങ്ങൾക്കു തോന്നുന്ന നിയമങ്ങൾ ഏതൊ​ക്കെ​യാണ്‌?

  • ഈ ലേഖന​ത്തി​ലെ ഏത്‌ ആശയങ്ങൾ, മാതാ​പി​താ​ക്കൾ വെക്കുന്ന നിയമ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ നിങ്ങളെ സഹായി​ക്കും?

  • നിങ്ങൾക്ക്‌ എങ്ങനെ മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കാൻ കഴിയും?

[12-ാം പേജിലെ ചിത്രം]

മാതാപിതാക്കളുടെ ഉത്‌ക​ണ്‌ഠകൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക