ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
◼ “ദമ്പതികളിൽ പകുതിപ്പേരും, ഇണകളോട് തങ്ങളുടെ ചെലവുകളെക്കുറിച്ച് നുണപറഞ്ഞുകൊണ്ട് ‘സാമ്പത്തിക അവിശ്വസ്തത’ കാണിക്കുന്നുവെന്ന് സമ്മതിക്കുന്നു.”—ദ വാൾ സ്ട്രീറ്റ് ജേർണൽ, യു.എസ്.എ.
◼ “ഗ്രീസിന്റെ കരപ്രദേശത്തിന്റെ 84 ശതമാനവും മരുഭൂമി ആകാനുള്ള സാധ്യതയുണ്ട്, മറ്റൊരു 8 ശതമാനം ഇപ്പോൾത്തന്നെ വരണ്ട പ്രദേശങ്ങളാണ്.”—കാതിമെറിനി (ഇംഗ്ലീഷ് എഡിഷൻ), ഗ്രീസ്
◼ കാലാവസ്ഥാ വ്യതിയാനംകൊണ്ട് ഉപേക്ഷിക്കപ്പെട്ട, കുറെക്കൂടി കൃത്യമായിപ്പറഞ്ഞാൽ മാറ്റിസ്ഥാപിക്കപ്പെട്ട, ആദ്യത്തെ ഗ്രാമം ഓഷ്യാനിയയിലെ വാനവാറ്റൂവിലുള്ള ടിഗ്വാ ദ്വീപിലെ ലാറ്റേയൂ ആയിരിക്കാം. “കൊടുങ്കാറ്റ് അടിച്ചൊഴുക്കിക്കൊണ്ടു വരുന്ന കൂറ്റൻ തിരമാലകൾ” ഇവിടത്തെ വീടുകളെ പലതവണ “വിഴുങ്ങിയിട്ടുണ്ട്.”—വാനവാറ്റൂ ന്യൂസ, വാനവാറ്റൂ.
നൂറു വയസ്സുകാർ വർധിക്കുന്നു
ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നതനുസരിച്ച് 100 വയസ്സുവരെ ജീവിക്കുന്നത് ഇക്കാലത്ത് അത്ര അസാധാരണമൊന്നുമല്ല. ലോകവ്യാപകമായി, ഇപ്പോൾ നൂറുവയസ്സുകാരുടെ എണ്ണം രണ്ടു ലക്ഷത്തോളം വരും. ഈ കൂട്ടത്തിൽ, 110-ലെത്തി സൂപ്പർസെന്റിനേറിയന്മാരായ 66 പേരുണ്ടെന്നാണ് ആ മാസികയുടെ കണക്ക്. ഇത്രയും കാലമൊക്കെ ജീവിക്കുന്നവരുടെ പ്രായത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ സ്ഥിരീകരിക്കുക ചിലപ്പോൾ ബുദ്ധിമുട്ടാണെന്ന് ന്യൂ സയന്റിസ്റ്റ് സമ്മതിക്കുന്നു. അതേസമയം “വിശ്വസനീയമായ രേഖകളുടെ അഭാവം, ഇന്നു ജീവിച്ചിരിക്കുന്ന സൂപ്പർസെന്റിനേറിയന്മാരുടെ എണ്ണം 450 വരെപ്പോലും എത്തിയേക്കാമെന്നും അർഥമാക്കുന്നു.”
അജ്ഞാത കൊലയാളി പിടിയിൽ
“ഏഥൻസിലെ ഒരു ശവക്കുഴിയിൽ കണ്ടെത്തിയ പല്ലുകളിൽനിന്നു ശേഖരിച്ച ഡിഎൻഎ,” ഒരു കൊലയാളിയെ “കണ്ടെത്താൻ സഹായിച്ചു.” കാനഡയിലെ മക്ലേയൻസ് മാസികയാണ് ഇതു പറയുന്നത്. പൊതുയുഗത്തിനുമുമ്പ് ഏകദേശം 430-ൽ ഏഥൻസിൽ പടർന്നുപിടിച്ച ഒരു പകർച്ചവ്യാധിയെക്കുറിച്ച് ഹിസ്റ്ററി ഓഫ് ദ പിലോപൊനേഷ്യൻ വാർ എന്ന തന്റെ കൃതിയിൽ, ഗ്രീക്ക് എഴുത്തുകാരൻ തുസിഡിഡിസ് പരാമർശിക്കുന്നുണ്ട്. ഏഥൻസും സ്പാർട്ടയും തമ്മിലുള്ള യുദ്ധത്തിൽ ഈ പകർച്ചവ്യാധി സ്പാർട്ട നഗരത്തിന് നേട്ടമായെന്നും അദ്ദേഹം പറയുന്നു. പക്ഷേ തുസിഡിഡിസിന്റെ വിവരണം, പകർച്ചവ്യാധി ഏതാണെന്നു തിരിച്ചറിയാൻ സാധിക്കുന്നത്ര സൂക്ഷ്മമായിരുന്നില്ല. എന്നാലിപ്പോൾ, രോഗാണുക്കളെ നൂറ്റാണ്ടുകളോളം സംരക്ഷിക്കാൻ കഴിയുന്ന ദന്തമജ്ജയുടെ (dental pulp) പരിശോധന, ആ അജ്ഞാത കൊലയാളി ടൈഫോയ്ഡ് ആയിരുന്നുവെന്ന നിഗമനത്തിലെത്താൻ ഗവേഷകരെ പ്രാപ്തരാക്കിയതായി റിപ്പോർട്ടു കാണിക്കുന്നു.
ഒട്ടകപ്പന്തയത്തിനു യന്ത്രമനുഷ്യൻ
ഒട്ടകപ്പന്തയത്തിൽ ജോക്കികളായി (ഒട്ടകത്തെ ഓടിക്കുന്നവർ) കുട്ടികളെ ഉപയോഗിക്കുന്നതിനെ മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചത്, പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ വളരെ പ്രചാരമുള്ള ഒട്ടകപ്പന്തയത്തിന് ഭീഷണി ഉയർത്തി. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒട്ടകം ഏറ്റവും നന്നായി ഓടണമെങ്കിൽ ജോക്കിയുടെ ഭാരം 27 കിലോഗ്രാമിൽ താഴെയായിരിക്കണം. അതിന്റെ അർഥം, കൗമാരക്കാരെപ്പോലും ഇതിനായി ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ്. അപ്പോൾ എന്താണൊരു പരിഹാരം? യന്ത്രമനുഷ്യൻ. സ്വിറ്റ്സർലൻഡിലുള്ള ഡിസൈനർമാർ ഒട്ടകത്തിന്റെ പുറത്തുവെക്കുന്ന ജീനിയിൽ (saddle) ഘടിപ്പിക്കാൻ സാധിക്കുന്ന, 27 കിലോയിൽ താഴെയുള്ള ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നു. റിമോട്ട് കൺട്രോൾകൊണ്ടു നിയന്ത്രിക്കാവുന്ന ഈ റോബോട്ടിന്, ഒട്ടകം പേടിക്കാതിരിക്കാനായി, മനുഷ്യന്റെ രൂപംമാത്രമല്ല സ്വരവും നൽകിയിട്ടുണ്ട്. അതിന് മുന്നോട്ടായാനും ബാലൻസ് ചെയ്യാനും ചാട്ട ഉപയോഗിക്കാനും ഒട്ടകത്തെ നിയന്ത്രിക്കാനും സാധിക്കും. ഒട്ടകങ്ങളുടെ ഉടമസ്ഥർ യന്ത്രമനുഷ്യനെ ഉപയോഗിക്കാനുള്ള ആകാംക്ഷയിലാണിപ്പോൾ.
2,000 വർഷത്തിനുശേഷം വിത്തു മുളയ്ക്കുന്നു
മധ്യയുഗങ്ങളിലെ കുരിശുയുദ്ധക്കാർ നശിപ്പിച്ചുകളഞ്ഞ യെഹൂദാ ഈന്തപ്പനകൾ ഭംഗിക്കും തണലിനും ഔഷധഗുണങ്ങൾക്കും വിലമതിക്കപ്പെട്ടിരുന്നു. ഇപ്പോൾ, “ഏകദേശം 2,000 വർഷം പഴക്കമുള്ള ഒരു ഈന്തപ്പനവിത്ത് മുളപ്പിക്കുന്നതിൽ ഇസ്രായേലിലെ ഡോക്ടർമാരും ശാസ്ത്രജ്ഞരും വിജയിച്ചിരിക്കുന്നു”വെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “മെഥൂശലഹ് എന്നു ചെല്ലപ്പേരിട്ടിരിക്കുന്ന ഈ വിത്ത് മസാദയിൽനിന്നു കണ്ടെടുത്തതാണ്;” പൊതുയുഗം 73-ൽ റോമാക്കാർ പിടിച്ചടക്കിയ, പർവത ശിഖരത്തിലുള്ള ഒരു കോട്ടയാണ് മസാദ. ഈ വിത്തു മുളപ്പിച്ച, വരണ്ട പ്രദേശങ്ങളിലെ കൃഷിയിൽ വിദഗ്ധയായ ഡോ. ഇലേൻ സോളവേ പറയുന്നത് ഈ ഈന്തപ്പനത്തൈ കായ്ക്കണമെങ്കിൽ വർഷങ്ങൾ വേണ്ടിവരുമെന്നാണ്, അതും ഇതൊരു പെണ്ണാണെങ്കിൽ മാത്രം. “ആണാണെങ്കിലോ,” അവർ പറയുന്നു, “അതൊരു കൗതുകം മാത്രമായി അവശേഷിക്കും.”